-മുഹമ്മദ് അജ്മൽ കെ.ടി പാണ്ടിക്കാട്
ഒരു സമൂഹത്തിൽ അന്തർലീനമായി കിടക്കുന്ന അനാചാരങ്ങളെയും അപരിഷ്കൃതങ്ങളെയും പരിഷ്കൃതമാക്കി ആ സമൂഹത്തെ ഒന്നടങ്കം പുതിയ ജീവിതത്തിലേക്ക് നയിക്കുന്നതിനാണ് നവോത്ഥാനം എന്ന് പറയുന്നത്.വിത്യസ്ത രാജ്യങ്ങളിൽ വ്യത്യസ്ത രൂപങ്ങളിൽ പല കാലങ്ങളിലായി നവോത്ഥാനപ്രസ്ഥാനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. കേരളത്തിൽ, പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി മുതൽ 1940 വരെയുള്ള കാലഘട്ടത്തിൽ മേൽ-കീഴ് എന്ന വ്യത്യാസമില്ലാതെ അധിക ജാതികളിലും നടന്ന നവീകരണമാണ് നവോത്ഥാനപ്രസ്ഥാനം എന്നറിയപ്പെടുന്നത്. കേരള ജനതയെ അനാചാരങ്ങളിൽനിന്നും അസമത്വങ്ങളിൽ നിന്നും കരകയറ്റാൻ കേരളീയനവോത്ഥാന പ്രസ്താനങ്ങൾക്ക് സാധിച്ചിട്ടുണ്ട് .
എന്നാൽ, നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് വനിതാ മതിൽ പണിതുകൊണ്ടിരിക്കുയാണ് കേരള സർക്കാർ. കേരളപുലയർ മഹാസഭയുടെ നേതാവ് പുന്നല ശ്രീകുമാറാണ് വനിതാമതിൽ എന്ന ആശയം മുന്നോട്ടുവച്ചത്. ആ ആശയത്തെ ഇടംവലം നോക്കാതെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു കേരളസർക്കാർ. ജാതികൾക്കിടയിൽ ഐക്യവും സാഹോദര്യവും അതിനുപുറമേ സ്ത്രീ സുരക്ഷയും മുന്നിൽ കണ്ടാണെത്രെ സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
യഥാർത്ഥത്തിൽ, ഐക്യവും സാഹോദര്യവും ഉണ്ടാക്കാൻ മതിൽക്കെട്ടുകൾ പൊളിച്ച് കളയുകയാണ് ചെയ്യേണ്ടത് .കാരണം മതിൽക്കെട്ടുകൾ വിഭാഗീയതയുടെയും തൻപോരിമയുടെയും അടയാളങ്ങളാണ്. പലപ്പോഴും മനുഷ്യൻ തീർക്കുന്ന മതിൽക്കെട്ടുകളാണ് അവർക്കിടയിലെ പരസ്പര ഐക്യവും സ്നേഹവും തകർത്തുകളഞ്ഞിട്ടുള്ളത്. മതിൽക്കെട്ടുകൾ മനസ്സുകൾക്കിടയിൽ ഭിന്നിപ്പേ പ്രധാനം ചെയ്യൂ.
സ്ത്രീ സുരക്ഷക്കായി സ്ത്രീകളെ മുഴുവൻ പൊതുനിരത്തിൽ ഇറക്കുന്നത് എത്ര വിരോധാഭാസമാണ്. മാത്രമല്ല ,ഈ വനിതാ മതിൽ കണ്ടിരിക്കാൻ നിരവധി പുരുഷന്മാരും എത്തുമെന്നാണ് സർക്കാർ വാദം. സ്ത്രീ സുരക്ഷയാണ് ലക്ഷ്യമെങ്കിൽ സ്ത്രീകളെ നിരത്തിലിറക്കി ബലിയാടാക്കുകയല്ല ചെയ്യേണ്ടത് .മറിച്ച്, തങ്ങളുടെ സ്വന്തം വീട്ടിലും നാട്ടിലും അവൾക്ക് വ്യവസ്ഥാപിതവും സുന്ദരവുമായ സുരക്ഷഒരുക്കി നൽകുകയാണ് ചെയ്യേണ്ടത് .അമ്പത് കോടിയോളം രൂപ ഉപയോഗിച്ചാണ് സർക്കാർ ഈ വർഗീയ മതിൽ പണിയുന്നത് .സ്ത്രീ സുരക്ഷക്ക് വേണ്ടി ഒരുക്കി വെച്ച പണത്തിൽ ബാക്കിയുള്ളതാണ് മതിൽ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത് എന്നാണ് സർക്കാർ പറയുന്നത് .പ്രളയപുനർ നിർമാണത്തിന് പണംകണ്ടെത്താൻ സാലറി ചലഞ്ച് ഉൾപ്പെടെയുള്ള പിടിച്ചുപറികൾ നടത്തിയ സർക്കാർ കേവലമൊരു മതിലിന് കോടികൾ ചെലവഴിക്കുന്നത് തീർത്തും അപഹാസ്യമാണ് .പ്രളയം ഉണ്ടായെന്നു കരുതി മറ്റു പരിപാടികൾ ഉപേക്ഷിക്കാൻ കഴിയില്ല എന്നായിരുന്നു വനിതാമതിൽ നിർമാണത്തിന് ന്യായമായി സർക്കാർ കോടതിയിൽ പറഞ്ഞത്. എങ്കിൽപിന്നെ എന്തിനായിരുന്നു പ്രളയമുണ്ടായപ്പോൾ ഈ കണ്ട ജനങ്ങളോട് മുഴുവൻ ചെലവുചുരുക്കാൻ സർക്കാർ പറഞ്ഞത്? യുവജനോത്സവത്തിന്റെ തുക മൂന്നിലൊന്നായി വെട്ടിച്ചുരുക്കിയത് എന്തിനായിരുന്നു? തങ്ങളുടെ കഠിനാധ്വാനം കൊണ്ടും മറ്റും നേടിയെടുത്ത വിജയങ്ങൾക്ക് അർഹമായ സമ്മാനങ്ങൾ പോലും ലഭിക്കാതെയാണ് മത്സരാർത്ഥികൾ മടങ്ങിയത് .വനിതാ മതിൽ വരുമ്പോൾ പ്രളയം സർക്കാറിന് പ്രശ്നമാകുന്നില്ല എന്നത് വലിയ പ്രശ്നമാണ്. തീർത്തും ഇരട്ടത്താപ്പ് നയമാണിത്. ആവശ്യങ്ങൾക്കായി പണം ചെലവഴിക്കാതെ അനാവശ്യങ്ങളിൽ സർക്കാർ ഖജനാവ് ധൂർത്തടിക്കുകയാണ്. കേരളത്തിൽ കനത്ത നാശനഷ്ടങ്ങൾ വിതച്ച പ്രളയത്തിലെ ഇരകൾക്ക് സർക്കാർ സഹായം ഉറപ്പാക്കാനും സർക്കാരിന്റെ പദ്ധതികളും സഹായങ്ങളും പൊതുജനങ്ങളെ അറിയിക്കാൻ പത്രങ്ങളിൽ പരസ്യം ചെയ്യാനും പ്രളയവുമായി ബന്ധപ്പെട്ട പൊതു ഹരജികളിൽ ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു .എന്നാൽ അത്തരത്തിൽ പരസ്യം ചെയ്യാൻ പണമില്ലെന്ന് വിശദീകരിച്ച സർക്കാർ അന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു .പരസ്യം നൽകാൻ പണമില്ലാതിരുന്ന സർക്കാറിന് കേരള ജനതക്കിടയിൽ വർഗ്ഗീയ മതിൽ പണിയാൻ പണമുണ്ടാക്കുന്നത് വിചിത്രംതന്നെ. അതുകൊണ്ടാണ് പ്രളയത്തിനില്ലാത്ത എന്ത് പ്രത്യേകതയാണ് വനിതാ മതിലിന് ഉള്ളതെന്നും വനിതാ മതിലാണോ പ്രളയമാണോ സർക്കാറിന് വലുതെന്നും ഹൈക്കോടതിക്ക് ചോദിക്കേണ്ടി വന്നത്.
സ്ത്രീ സുരക്ഷയാണ് വനിതാമതിലിലൂടെ സർക്കാർ ലക്ഷ്യമെങ്കിൽ അതൊരിക്കലും ആ മതിലിലൂടെ സാധ്യമാകുന്നില്ല. സ്ത്രീകൾക്ക് സുരക്ഷ നൽകാൻ വനിത മതിൽ പണിയുകയല്ല ചെയ്യേണ്ടത് .മറിച്ച്, സ്ത്രീകൾക്ക് ചുറ്റും മതിൽ കെട്ടുകയാണ് ചെയ്യേണ്ടത് .കാരണം അവരെ നോക്കിയിരിക്കാൻ കാമ കണ്ണുകളോടെ കാമഭ്രാന്തന്മാർ നമ്മുടെ ഓരോ തെരുവുകളിലും തക്കംപാർത്തിരിക്കുന്നുണ്ട്. സ്ത്രീയുടെ സുരക്ഷയാണ് സർക്കാർ ലക്ഷ്യം എങ്കിൽ ഈ സർക്കാർ അധികാരത്തിലേറിയട്ട് നൂറുകണക്കിന് സ്ത്രീപീഡനങ്ങളും മറ്റും ഇവിടെ നടന്നു. അതിനെതിരെ ഒരക്ഷരം ഉരിയാടാനും സ്ത്രീകൾക്ക് അർഹമായ സുരക്ഷ ഒരുക്കാനും അക്രമികളെ അർഹമായ രീതിയിൽ ശിക്ഷിക്കാനും സർക്കാരിന് സാധിച്ചിട്ടില്ല എന്നത് നഗ്നസത്യമാണ്. അല്ലെങ്കിലും സ്വന്തം പാർട്ടി ഓഫീസിലിരുന്ന് സ്ത്രീകളെ പീഡിപ്പിക്കുന്ന സ്വന്തം അനുയായികൾക്ക് എങ്ങനെയാണ് സ്ത്രീസുരക്ഷക്കായി മതിൽ പണിയാൻ കഴിയുക ?
മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് തന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത് സ്ത്രീയോടുള്ള അശ്ലീലമായ സംസാരം കൊണ്ട് ആയിരുന്നുവെന്ന് മറക്കാനായിട്ടില്ല. അങ്ങനെയുള്ളവരാണ് സ്ത്രീ സുരക്ഷയുടെ പേരും പറഞ്ഞ് കോടികൾ മുടക്കി വനിതാ മതിലെന്നും നവോത്ഥാന മതിലെന്നും പറഞ്ഞു നടക്കുന്നത്.
“കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത്” എന്നാണ് വനിതാ മതിലിന്റെ പ്രമേയങ്ങളിൽ പ്രമുഖമായി രേഖപ്പെടുത്തപെട്ടിരിക്കുന്നത് .
“വീണ്ടും” എന്ന പ്രയോഗത്തിന് ഇവിടെയെന്താണ് പ്രസക്തിയുള്ളത്? സർക്കാർ ഈ പ്രമേയത്തിലൂടെ ഉദ്ദേശിക്കുന്നത് കേരളം മുമ്പ് ഒരിക്കൽ ഭ്രാന്താലയം ആയിട്ടുണ്ടെന്നാണ്. കാരണം “വീണ്ടും” എന്ന പദം ആവർത്തനത്തെയാണ് സൂചിപ്പിക്കുന്നത്. കേരളത്തെ വീണ്ടും ഭ്രാന്താലയം ആക്കരുത് എന്ന് വരുമ്പോൾ കേരളം മുമ്പെന്നോ ഭ്രാന്താലയം ആയിട്ടുണ്ട് എന്ന് വ്യക്തമാകും. എന്നാൽ ഇത് ചരിത്രത്തോടുള്ള അനീതിയാണ് .കാരണം കേരളം ഒരിക്കലും ഭ്രാന്താലയം ആയിട്ടില്ല. ബാബരി മസ്ജിദ് പ്രശ്നത്തിൽ പോലും കേരളം സമാധാനത്തിന്റെ വെള്ള കുപ്പായം അണിഞ്ഞത് ആർക്കും മറക്കാനായിട്ടില്ല. കേരളത്തെ വീണ്ടും ഭ്രാന്താലയം ആക്കരുത് എന്ന് പ്രമേയം ഉയർത്തിപ്പിടിക്കുന്ന സർക്കാരിനോട് നിങ്ങൾ വനിതാ മതിൽ നടത്തി കേരളത്തെ ഭ്രാന്താലയം ആക്കരുത് എന്നാണ് ജനങ്ങൾക്ക് പറയാനുള്ളത് .വനിതമതിലിന്റെ മറ്റൊരു പ്രമേയം സ്ത്രീപുരുഷസമത്വമാണ്. തീർത്തും തെറ്റായ നയമാണ് സ്ത്രീ പുരുഷ സമത്വം. സ്ത്രീക്കും പുരുഷനും ഒരിക്കലും ഒരു പോലെയാകാൻ കഴിയില്ല. കാരണം രണ്ടുപേരുടെയും സത്വം വ്യത്യസ്തമാണ്. പുലി ഒരിക്കലും പൂച്ചയാവില്ല .പൂച്ച ഒരിക്കലും പുലിയുമാവില്ല .സ്ത്രീക്ക് സ്ത്രീയുടെ ശാരീരിക രീതികളുണ്ട് .പുരുഷനു പുരുഷന്റെതും.രണ്ടും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ രണ്ടിനും ഒരുപോലെ സമത്വം നൽകാൻ കഴിയില്ല.
ഈ നവോത്ഥാനമതിൽ ചരിത്രസത്യങ്ങളെ വിസ്മരിക്കുന്നത് അതിന്റെ ഉദ്ദേശ ശുദ്ധിയെ തന്നെ സംശയങ്ങളുടെ നിഴലിക്കുന്നുണ്ട് .ചില പ്രത്യേക സംഘടനകളെ മാത്രം പൊക്കിപ്പിടിച്ച് നവോത്ഥാനം ഒരു പ്രത്യേക വിഭാഗത്തിന് മാത്രമാക്കി ചിത്രീകരിക്കുകയാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത് .
കേരള നവോത്ഥാനത്തിൽ നിന്ന് ചിലരെ മാത്രം കാണുകയും മറ്റുചിലരെ നവോത്ഥാന പട്ടികയിൽനിന്ന് തമസ്കരിക്കുന്നതും അനീതിയാണ്. സ്ത്രീവിരുദ്ധത ,അയിത്തം, അടിമത്വം, ജാതിമേധാവിത്വം എന്നീ ജീർണതകൾക്കെതിരെ മുസ്ലിം പണ്ഡിതന്മാർ നടത്തിയ പോരാട്ടങ്ങൾ സർക്കാർ എന്തുകൊണ്ടാണ് നവോത്ഥാനമായി കാണാത്തത് ?
മമ്പുറം തങ്ങളും ഉമർ ഖാദിയും ടിപ്പുസുൽത്താനുമെല്ലാം ഇവിടെ നവോത്ഥാനനായകരായി വിലയിരുത്തപ്പെടാത്തതെന്താണ്? അതിനുകാരണം വലിയ മതിൽകെട്ടുകൾ മനസ്സിലുണ്ടെന്ന് തന്നെയാണ് മനസ്സിലാകുന്നത്. സ്ത്രീകളെ ചൂഷണത്തിനു ഉപയോഗിക്കുന്നതിനെതിരെ ശക്തമായി ശബ്ദിച്ച ടിപ്പുസുൽത്താനെ ചരിത്രത്തിലെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയാൻ ഏതു മതിൽകെട്ടിനുമാകില്ല. മലബാറിലെ ചില പ്രത്യേക വിഭാഗം സ്ത്രീകൾക്ക് മാറു മറക്കാൻ അവകാശം നിഷേധിക്കപ്പെട്ടപ്പോൾ അവകാശ നിഷേധത്തിനെതിരെ ടിപ്പുസുൽത്താൻ നടത്തിയ പ്രതികരണങ്ങൾ ചരിത്രത്തിലെ സുവർണ്ണ ലിപികളിൽ ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട് .
വനിതാ മതിലിനെതിരെ മതനിയമം പറഞ്ഞ ജിഫ്രി മുത്തുകോയതങ്ങളെ സോഷ്യൽമീഡിയയിൽ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ചിലരുണ്ട് .ജിഫ്രി തങ്ങൾ പറഞ്ഞത് മതനിയമമാണ് .
വനിതാ മതിലെതിരെ പ്രതികരിക്കാൻ പ്രത്യേക പത്രസമ്മേളനമൊന്നും തങ്ങൾ വിളിച്ചിട്ടല്ല. മറിച്ച്, ഒരു പരിപാടിക്കിടയിൽ സർക്കാറിന്റെ മതിൽക്കെട്ടിനെകുറിച്ച് ചോദിച്ചപ്പോൾ സ്വാഭാവികമായും മതത്തിന്റെ നിയമം പറഞ്ഞതാണ് .മത പണ്ഡിതന്മാർക്കെതിരെ സോഷ്യൽമീഡിയയിൽ പൊങ്കാലയിടുന്ന സഈദ് റൂമിമാരും മറ്റും ഈ പണ്ഡിതന്മാരുടെ മുൻഗാമികളാണ് കേരളത്തിന് നവോത്ഥാനത്തിന്റെ പാത തുറന്നുകൊടുത്തത് എന്ന ചരിത്ര സത്യം പഠിക്കണം .മമ്പുറം തങ്ങളും ടിപ്പുസുൽത്താനും നടത്തിയ നവോത്ഥാന ചരിത്രങ്ങളിൽ നിന്ന് പാഠവും കാര്യവും ഉൾക്കൊണ്ടുകൊണ്ടാണ് മറ്റുള്ളവർ ഇവിടെ നവോത്ഥാനങ്ങൾക്ക് തുടക്കംകുറിക്കുന്നത്. നവോത്ഥാനം ഏതെങ്കിലും ജാതികളുടെയും മതങ്ങളുടെയും അവകാശ സ്വത്തല്ല. അതിൽ എല്ലാമതവിഭാഗങ്ങളുമുണ്ടായിട്ടു