പ്രവാചക ദര്‍ശനങ്ങളിലെ വ്യാപാരവും വ്യവസായവും

♦മുഹമ്മദ് മിദ്‌ലാജ്‌

വികസനമാണ് ലോകത്തെ ഉന്നതിയിൽ നിന്നും ഉന്നതിയിലേക്ക് എത്തിക്കുന്നത്. വികസനം സാധ്യമാവുന്നത് ജനങ്ങളുടെ പെരുമാറ്റങ്ങളിലൂടെയും ചിന്തകളിലൂടെയുമാണ്. മനുഷ്യർ സ്വതന്ത്രമായി ചിന്തിക്കുന്നതിലൂടെയാണ് വികസന തന്ത്രങ്ങൾ രൂപപ്പെടുന്നത് , പിന്നീട് വികസനങ്ങൾ സാങ്കേതികപരമായി ഉന്നതി പ്രാപിക്കുന്നു. സാങ്കേതികപരമായി ഉന്നതി പ്രാപിക്കുമ്പോഴാണ് ലോകത്ത് സാങ്കേതികവൽക്കരണം സാധ്യമാവുന്നത്. സാങ്കേതികവൽക്കരണം സമൂഹത്തിന്റെ ഗതി നിർണയിക്കുന്ന സമയത്ത് അത് അനിവാര്യമാണെന്നർഥം. സാങ്കേതികവൽക്കരണത്തിന്റെ പ്രധാന സ്രോതസ്സ് വ്യാപാര സ്ഥാപനങ്ങളാണ്. ലോകത്ത് കഴിഞ്ഞു പോയ സംസ്കാരങ്ങളെ സാംസ്കാരികമായി വളർത്തിയെടുത്തത് വ്യാപാര സ്ഥാപനങ്ങളായിരുന്നു. ലിപികൾ രൂപപ്പെട്ടതും ഗണിത ശാസ്ത്രം വികസിച്ചതും വ്യാപാര വികസനത്തിലൂടെയാണെന്ന് ചരിത്രകാരന്മാർ വ്യക്തമാക്കുന്നു (ദ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമൺ ഡവലപ് ) അഥവാ മനുഷ്യ ജീവിതത്തിന്റെ തുടക്കം മുതൽ വ്യാപാര മേഖലക്ക് പ്രധാന്യമുണ്ട്. ഏതൊരു രാഷ്ട്രത്തിന്റെയും പ്രധാന സമ്പത്ത് കച്ചവട സ്ഥാപനങ്ങളാണ്. പൊതുവെ ഭൗതിക ശാസ്ത്രം ത്രിതീയ മേഖലയുടെ ഭാഗമായിട്ടാണ് വ്യാപാര സ്ഥാപനങ്ങളെ കണക്കാക്കാറുള്ളത്.

ഒരു മുസ്‌ലിം തന്റെ സർവ്വ കാര്യങ്ങളിലും മാതൃകയായി സ്വീകരിക്കേണ്ടത് മുഹമ്മദ് നബി (സ) യെയാണ് . അതിനാൽ പ്രവാചകന്റെ സമ്പാദ്യവും പിനിയോഗവും പഠന വിധേയമാക്കേണ്ടതാണ് . ഒരാൾ മനപൂർവ്വം അധ്വാനം ഉപേക്ഷിക്കുകയും തന്റെ ആവശ്യ പൂർത്തീകരണത്തിനായി മറ്റൊരാളോട് സഹായം ചോദിക്കുകയും ചെയ്യുന്നത് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല . പ്രവാചകന്റെ സമ്പാദ്യത്തിന് ധാരാളം പ്രത്യേകതകളുണ്ട്. പ്രത്യേകിച്ച് മുഹമ്മദ് നബി സമ്പാദ്യം കൈക്കൊണ്ടവരായിരുന്നു. കാരണം പ്രവാചകന്റെ ഭാര്യമാരെ മരണാനന്തരം മറ്റാർക്കും വിവാഹം ചെയ്യാൻ പാടില്ല. ഹറാമാണെന്നാണ് ശറഇന്റെ കൽപ്പന. ഉള്ഹിയ്യത്ത് നബി തങ്ങൾക്ക് നിർബന്ധമായിരുന്നു. കടബാധ്യതനായി മരിക്കുന്ന പാവങ്ങളുടെ വീട്ടണമായിരുന്നു. ഇത്തരം ചില പ്രത്യേകതകൾ നബി തങ്ങളിൽ ഉണ്ടായ തിനാൽ സമ്പാദ്യം നബി (സ) യുടെ ജീവിതത്തിലും അനിവാര്യമായിരുന്നു. സകാത്തും സ്വദഖയും കഫാറത്തും സ്വീകരിക്കൽ വിലക്കപ്പെട്ടിരുന്നു. സുന്നത്തായ സ്വദഖകൾ സ്വീകരക്കൽ പോലും നിഷിദ്ധമായിരുന്നുവെന്ന് ജവാഹിറിൽ രേഖപ്പെടുത്തിയിട്ടുണ്ട് (പ്രവാചകന്റെ സമ്പാദ്യവും വിനിയോഗ രീതിയും / ഡോ: മുഹമ്മദ് അസ്സുഹൈലി ). മറ്റു അമ്പിയാക്കളുടെ അധ്വാനശീലവും മനസ്സിലാക്കപ്പെടേണ്ടതാണ്. തന്റെ സമുദായത്തിന്റെ ധനം ഉപയോഗിക്കുന്നതിൽ നിന്നും പ്രവാചകന്മാർ വിലക്കപ്പെട്ടിരുന്നു എന്നറിയിക്കുന്ന ഒട്ടനവധി ഖുർആൻ സൂക്തങ്ങൾ അവതരിക്കപ്പെട്ടിട്ടുണ്ട് (സൂറത്തുൽ ഹൂദ് : 29, 51 / സൂറത്തുൽ മുഅ്മിനൂൽ : 72 , സൂറത്തു സബഅ് : 47). അതായത് അധ്വാന ശീലം അമ്പിയാക്കൾക്ക് വേണമെന്ന ധ്വനി ഇതിൽ നിന്നും രൂപപ്പെടുന്നുണ്ട്. അമ്പിയാക്കൾ സ്വദഖ സ്വീകരിക്കാറില്ല. പ്രബോധനം അവരുടെ സമ്പാദ്യമായിട്ട് കണക്കാക്കപ്പെടാറില്ല. ” സമൂഹമേ നിങ്ങളോട് ഞാൻ പണം ആവശ്യപ്പെടുന്നില്ല. എനിക്ക് അള്ളാഹു തന്നതൊന്നുമല്ലാതെ ” (ഹൂദ്: 29) .
അതായത് എല്ലാ പ്രവാചകന്മാരും ധന സമ്പാദനത്തിൽ ഏർപ്പെട്ടിരുന്നുവത്രേ. അതിൽ തന്നെ അവർ പ്രധാനമായും കച്ചവടത്തിന് മുൻഗണന നൽകിയിരുന്നു. അതായത് പ്രവാചക തിരുമേനി(സ) യും കച്ചവടത്തിന് മുൻ ഗണനന നൽകിയിരുന്നുവെന്ന് .
പ്രവാചകലബ്ധിക്ക് മുമ്പും ശേഷവും കച്ചവടം പ്രവാചകന് (സ) പ്രധാനമായിരുന്നു. നബി തങ്ങളുടെ പ്രധാന വൃത്തി കച്ചവടമായിരുന്നു. അള്ളാഹു തന്നെ പല അനുഗ്രഹങ്ങളെക്കൊണ്ട് അനുഗ്രഹിച്ചപ്പോഴും പ്രവാചകൻ (സ) കച്ചവടം കെവിട്ടിരുന്നില്ലത്രേ. യുദ്ധത്തിലെ അവശേഷിക്കുന്ന മുതലുകൾ അള്ളാഹു തനിക്കായി കനിഞ്ഞേകിയപ്പോഴും നബി തങ്ങൾ കച്ചവടം ഉപേക്ഷിച്ചില്ല. പ്രബോധനത്തോട് കൂടെത്തന്നെ ഇതും നില നിർത്തിക്കൊണ്ടു വന്നത് ലോക ജനതക്ക് മാതൃകയാണ്. സമൂഹത്തിലെ ഉന്നതസ്ഥാനിയായി നിലനിന്നപ്പോൾ പോലും സമൂഹ സ്വത്തിൽ കൈയിടാതെ തന്റെ ഉമ്മത്തിന് മാതൃകയായി പരിശുദ്ധ റസൂൽ .

“നബിയേ അങ്ങേക്ക് മുമ്പ് നാമൊരു ദൂദനെയും അധ്വാനശീലരായില്ലാതെ എ അയക്കപ്പെട്ടിട്ടില്ല” (സൂറത്തുൽ ഫുർഖാൻ / 20 )
“നിങ്ങൾക്ക് ഞാൻ ഖുർആനിൽ പറയപ്പെട്ട പ്രവാചകന്മാരെ കുറിച്ച് പറഞ്ഞു തരട്ടെയോ .. ആദം നബി അള്ളാഹുവിന്റെ അടിമയും അതോടൊപ്പം തന്നെ ഒരു കർഷകനുമായിരുന്നു , നൂഹ് നബി ഒരു ആശാരിയായിരുന്നു , ഇദ്രീസ് നബി തുന്നൽക്കാരനായിരുന്നു , മൂസാ നബി ആട്ടിടയനായിരുന്നു , ഇബ്റാഹീം നബി ഒരു കർഷകനായിരുന്നു, സ്വാലിഹ് നബി കച്ചവടക്കാനായിരുന്നു , സുലൈമാൻ നബി ഭരണാധികാരിയായിരുന്നു “(കിതാബ് ദിക്റുൽ അമ്പിയാ, ബാബു ദിക്റുന്നബി വറൂഹിഹി ഈസാ ഇബ്ന് മർയം, 4165) എന്ന ഹദീസും ഇതിനോട് കൂടെ ചേർത്ത് വായിക്കേണ്ടതുണ്ട് . പ്രവാചകത്വ ലബ്ദിക്ക് മുമ്പും അതോടൊപ്പം തന്നെ ശേഷവും കച്ചവടം പ്രവാചകൻ ജീവിത മാർഗമാക്കിയിരുന്നുവത്രേ.
” അള്ളാഹു നിങ്ങൾക്ക് കച്ചവടം ഹലാലാക്കുയും പലിശ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്

നു ” (സൂറത്തുൽ ബഖറ : 275) .
അപ്പോൾ കച്ചവടം അനുവദിക്കപ്പെട്ടതും അത് അള്ളാഹുവിന്തൃപ്തകരമായ രീതിയിൽ മുന്നോട്ട് കൊണ്ട് പോവണമത്രേ. ഇതിനായി പ്രവാചക ജീവിതവും അവിടത്തെ അധ്യാപനങ്ങളും നാം കടമെടുക്കേണ്ടി വരും.
ജനങ്ങൾ ഏറ്റവും കൂടുതൽ ശ്രദ്ധ നൽകേണ്ട ഭാഗമായതിനാൽ തന്നെ കർമശാസ്ത്ര ഗ്രന്ഥങ്ങളും വളരെ ബൃഹത്തായ ചർച്ചക്ക് ഇതിനെ വിധേയമാക്കാറുണ്ട്. ഫിഖ്ഹിന്റെ പണ്ഡിതന്മാർ കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടുകളെ പ്രത്യേകം ചർച്ചാ വിഷയമാക്കാറുള്ളതും ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട്. ഓൺലൈൻ ബിസിനസുകളും മറ്റും സ്ഥിരം കാഴ്ചകളായ ലോകത്ത് പ്രവാചക ദർശനങ്ങളിലൂടെ വ്യാപാര മേഖലയെ നോക്കിക്കാണേണ്ടത് വളരെ അത്യാവശ്യമാണ് .
ഹദീസ് ഗ്രന്ഥങ്ങളിലും മറ്റും പ്രവാചകന്റെ ദർശനങ്ങളും ആഖ്യാനങ്ങളും വിശദീകരിക്കുന്നുണ്ട്. നബി തങ്ങൾ കച്ചവടക്കാർക്കായി നൽകിയ ഉപദേശങ്ങളെക്കുറിച്ചുള്ള ഹദീസുകളിൽ നിന്നും നമുക്ക് തെളിവുകൾ കണ്ടെത്താം. ” റിഫാഅത്ത് ബ്നു റാഫിഅ് (റ) റിപ്പോർട്ട് ചെയ്യുന്നു. : ഞാൻ നബി തിരുമേനിയുടെ കൂടെ പുറപ്പെട്ടതായിരുന്നു. അപ്പോൾ ചിലയാളുകൾ പരസ്പരം വിൽപന നടത്തുന്നതായി നബി തിരുമേനിയുടെ ശ്രദ്ധയിൽപെട്ടു. ഉടനെ നബി തങ്ങൾ അവരെ അഭിസംബോധനം ചെയ്തു. അവർ തങ്ങളുടെ പിരടികൾ നബിയിലേക്ക് ഉയർത്തി ശ്രദ്ധാലുക്കളായി നില കൊണ്ടു .എന്നിട്ട് പ്രവാചകൻ (സ) അവരോടായി പറഞ്ഞു. : തീർചയായും കച്ചവടക്കാർ അള്ളാഹുവിനെ ഭയപ്പെടാതെ കച്ചവടത്തിൽ വ്യാപൃതരായാൽ നാളെ ആഖിറത്തിൽ തെമ്മാടികളായിട്ട് വിചാരണയെ നേരിടേണ്ടി വരും” (കിതാബുൽ ബുയൂഹ്, ഇമാം തുർമുദി (റ) / 1210). അതായത് കച്ചവടത്തിൽ കളവും വഞ്ചനയും നടത്താൻ പാടില്ലെന്ന് മാതൃയാകായോഗ്യനായ വ്യാപാരി മുഹമ്മദ് നബി (സ) ലോകത്തെ പഠിപ്പിക്കുകയാണ്.
അറബിയിൽ താജിർ എന്ന പദത്തിലാണ് കച്ചവടക്കാരൻ അറിയപ്പെടുന്നത്. ഈ മനോഹരമായ നാമം അവർക്ക് നൽകിയതും റസൂൽ (സ ) ആയിരുന്നു.
ഖൈസുബ്നു അബീ അർസ (റ) തൊട്ട് നിവേദനം: അദ്ദേഹം പറയുന്നു: ഹിജ്റ പോകുന്നതിന് മുമ്പ് ഞങ്ങളുടെ വിളിപ്പേര് സമാസിറ എന്നായിരുന്നു. പിന്നീട് ഞങ്ങൾ മദീനയിലെത്തിയപ്പോൾ സുന്ദരമായ ഒരു നാമത്തിൽ നബി ഞങ്ങളെ അഭിസംബോധനം ചെയ്തു: യാ മഅ്ശറത്തുജ്ജാർ (യേ .. കച്ചവടക്കാരേ ), എന്നിട്ട് ഞങ്ങൾക്ക് കച്ചവടത്തിൽ ശ്രദ്ധിക്കേണ്ട ചില ഉപദേശങ്ങളും നൽകി. ( ഈ സംഭവം അഹ്മദ് (റ) തന്റെ മുസ്നദിൽ രേഖപ്പെടുത്തിയിട്ടുണ്ട് )
അതായത് അറബി ഭാഷയിലെ താജിർ എന്ന പദം വ്യാപാരികൾക്ക് ഉപയോഗിച്ചതിൽ പ്രവാചകന്റെ കയ്യൊപ്പ് ഉണ്ടത്രേ.
പ്രവാചക പത്നി മഹതിയായ ഉമ്മു സലമ (റ) പറയുന്നു: അബൂബക്കർ (റ) കച്ചവടത്തിന് പോകുമായിരുന്നു. എന്നാൽ പ്രവാചകൻ അത് നിരസിച്ചിരുന്നില്ല മറിച്ച് സദുപദേശങ്ങൾ നൽകുകയാണ് ചെയ്തത്. ഈ സംഭവം ഇബ്നു അസാകിർ (റ) തന്റെ താരീഖിലും ത്വബ്റാനി ( റ ) തന്റെ കബീറിലും ഉദ്ധരിക്കുന്നതായി നമുക്ക് കാണാം.
നഗരാസൂത്രണ പ്രവർത്തനങ്ങളിലൂടെ രഷ്ട്രങ്ങൾ പരസ്പരം മത്സരിക്കുന്ന കാലത്ത് , അതിനും പ്രവാചകൻ പ്രധാന്യം നൽകിയത് ചേർത്ത് വായിക്കേണ്ട വസ്തുതയാണ്.
മദീനയിൽ അങ്ങാടികൾ സ്ഥാപിക്കുന്നതിലും മുന്നിലായിരുന്നു പരിശുദ്ധ റസൂൽ (സ) . ഹദീസിൽ നിന്ന് അത് വ്യക്തവുമാണ്.
“ഒരാൾ നബി തങ്ങളുടെ സന്നിധിയിൽ വന്ന് പറഞ്ഞു: നബിയെ ഞാൻ കടകൾ സ്ഥാപിക്കാനായി ഒരു സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അങ് അത് ശ്രദ്ധിച്ചുവോ ?. നബി തങ്ങൾ അതെ എന്ന് മറുപടി നൽകിയിട്ട് ആ സ്ഥലം വരെ അദ്ദേഹത്തോട് കൂടെ പോയി :എന്നിട്ട് പറഞ്ഞു വളരെ നല്ലതാണ് നിങ്ങൾ ഉദ്ദേശിച്ചത് ചെയ്ത് കൊള്ളുക” (കബീർ, ത്വബ്റാനി (റ) 19/264). അതായത് പട്ടണങ്ങൾ രൂപപ്പെടുത്തുന്നതിൽ അവിടത്തെ പ്രോത്സാഹനങ്ങൾ ഉണ്ടായിരുന്നു. നബി തങ്ങൾ ഇപ്രകാരമാണ് രാഷ്ട്ര നിർമിതിയിൽ സമ്പത്തിനും സമാധാനത്തിന്നും സ്ഥാനം നൽകിയത്.
ഒരു പാട് സ്ഥാനപ്പേരുകൾ നൽകപ്പെട്ട പ്രവാചകന് “അൽ അമീൻ ” എന്ന് വിളിക്ക പ്പെട്ടത് കച്ചവടത്തിലെയും മറ്റും തന്റെ വിശ്വസ്തതയുടെ അംഗീകാരമായിട്ടായിരുന്നു. പ്രവാചകർ (സ) അള്ളാഹുവിന്റെ കൽപ്പനകളെ ജനങ്ങളോട് കൽപിക്കുന്നതിലും അവന്റെ നിരോധനകളെത്തൊട്ട് ജനങ്ങളെ തടയുന്നതിലും അഥവാ തന്റെ പ്രബോധന മേഖലകളിലും , സമ്പത്തിന്റെ ക്രയവിക്രയങ്ങളിലും സത്യസന്ധതയും വിശ്വസ്തതയും പുലർത്തിയിരുന്നു . ഖദീജ ബീവി (റ)യുമയിട്ട് ബന്ധം സ്ഥാപിക്കുന്നത് തന്നെ വ്യാപാരത്തിലൂടെയായിരുന്നുവെന്നാണ് ചരിത്രം. അമീൻ എന്ന നാമം പ്രവാചകന് കിട്ടിയത് തന്റെ വിശ്വസ്തതയിലൂടെയാണെന്നാണ് ചരിത്രകാരന്മാർ വിശേഷിപ്പിച്ചത് (പ്രവാചകന്റെ സമ്പാദ്യവും വിനിയോഗ രീതിയും / ഡോ: മുഹമ്മ് അസ്സുഹൈലി ). എന്നാൽ തന്റെ മാതവിന്റെ നാമമായ ആമിനാ ബീവിയിലേക്ക് ചേർത്തിക്കൊണ്ടാണ് “അൽ അമീൻ ” എന്ന് പ്രാവാചകനെ വിളിക്കപ്പെട്ടത് എന്നാണ് ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയത് . ചില പാശ്ചാത്യൻ ചരിത്രകാരന്മാരാണ് അത്തരത്തിൽ രേഖപ്പെടുത്തിയത് .

അതായത് പ്രവാചക ജീവിതത്തിൽ കച്ചവടത്തിന് ഏറെ പ്രാധാന്യം കൽപ്പിച്ചിരുന്നുവെന്നും തനത് മാതൃക ആധുനിക ലോകവും പിന്തുടരണമെന്നാണ് പറഞ്ഞു കൊണ്ട് വരുന്നത്. വ്യാപാര മേഖല ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്ക് വികാസം പ്രാപിക്കുമ്പോഴും പ്രവാചക ദർശനങ്ങളെ മുറുകെ പിടിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.ഇന്ന് ഈ ആഭാസമയമായ കാലഘട്ടത്തിൽ തിരുസുന്നത്തിന് വില കൽപ്പിച്ച് അതിനുസരിച്ച്ജീവിതം ചിട്ടപ്പെടുത്തിയെടുക്കൽ ഓരോ മുസ്ലിമിന്റെ ബാധ്യതയാണ്. എന്ത് ചെയ്യുമ്പോഴും അത് അള്ളാഹുവിന് വേണ്ടിയാണെന്ന് കണക്കാക്കുമ്പോൾ അത് കുറ്റമറ്റതാവുമെന്ന് തീർച്ച. എന്നാൽ ഇന്ന് അത് നഷ്ടമായിട്ടുണ്ടെന്ന് നാം മനസ്സിലാക്കാണം. വ്യാപാരമാണ് സർവ്വതിന്റെയും ആണിക്കല്ല് . അത് മുഖേനയാണ് എല്ലാം ഉന്നതിയിലെത്തുന്നത് . അപ്പോൾ വ്യാപാര മേഖല വളരെ ശ്രദ്ധയോടെ മാത്രമേ കൈകാര്യം ചെയ്യാൻ പാടുള്ളൂ എന്നർഥം.
അവസാനമായി ഈയൊരു എഴുത്തിനെ സ്വാധീനിച്ച ഘടകം പറയാം. വ്യാപാര സ്ഥാപനങ്ങൾ നമ്മുടെ നാടുകളിൽ അധികരിച്ച് വരുന്ന കാലഘട്ടമാണിത് . പലരും ലാഭമുണ്ടാക്കാൻ വേണ്ടി കളവും വഞ്ചനയും കൂട്ടുപിടിക്കുന്നത് പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. പലപ്പോഴും അത്തരക്കാരുടെ ചിന്ത ലാഭം മാത്രമാണ്. അതിനുള്ള വഴി എങനെ കണ്ടെത്തുമെന്നതിലാണ് ചെറിയ പിശക് വന്നത്. നമുക്ക് എന്ത് വന്നാലും, ലാഭം ലക്ഷ്യം വെക്കുമ്പോഴും സത്യസന്ധത കൈവിടാതിരുന്നാൽ മതി. പക്ഷേ സത്യസന്ധത പുലർത്തുമ്പോൾ എങ്ങനെ ലാഭമുണ്ടാവും എന്നുള്ളത്. അതിന് പരിഹാരം ഒന്ന് മാത്രമാണ്. നാം പ്രവാചകാധ്യാപനങ്ങളോട് നീതി പുലർത്തുക എന്നുള്ളതാണ് . “കച്ചവടത്തിൽ വിശ്വസ്തത പുലർത്താത്തയാളുകൾ നാളെ പരലോകത്ത് തെമ്മാടികളായിട്ട് കൊണ്ട് വരപ്പെടും” (കിതാബുൽ ബുയൂഹ്, ഇമാം തുർമുദി (റ) / 1210 ) എന്ന തിരുവചനം ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട് .
വ്യാപാരമേഖലയിലെന്നല്ല ഒരു വ്യക്തിക്ക് തന്റെ ജീവിതത്തിലുടനീളം മാതൃകയായി സ്വീകരിക്കേണ്ടവരാണ് പരിശദ്ധ റസൂൽ. നിങ്ങൾക്ക് പ്രവാചക്കിൽ വളരെ മഹത്വരമായ മാതൃകയുണ്ടെന്ന് അവതരിപ്പിച്ച് കൊണ്ടാണ് ഖുർആൻ പ്രവാചകനെ പരിചയപ്പെടുത്തുന്നത്. കളവും വഞ്ചനയും വ്യാപാര തന്ത്രമാക്കിയ ആധുനിക യുഗം പ്രവാചകജീവിതത്തിലെ വ്യാപാരതന്ത്രം കടമെടുക്കേണ്ടതുണ്ട്. അത് മാത്രമായിരിക്കണം നമ്മുടെ വ്യാപാര തന്ത്രവും .
നാഥൻ തുണക്കട്ടെ – ആമീൻ.