ഊപ്പ

റംസാൻ ഇളയോടത്ത്

ഇന്നലെ സഖാക്കൾ ബാക്കി വെച്ചിട്ടു പോയ കട്ടൻ കാപ്പിയും പരിപ്പ് വടയും തിന്നു ലൈബ്രറിയുടെ ഒരു മൂലയിലിരുന്ന് തന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കുകയായിരുന്നു മാർക്സ് .അപ്പോഴാണ് മാവോ അത് വഴി ധൃതി പിടിച്ച് അത് വഴി ഓടുന്നത് കണ്ടത് .’സഖാവെങ്ങോട്ടാ ധൃതി പിടിച്ച് ?’ .കട്ടൻ ചായയുടെ ഗ്ലാസ്സ് കൈയിൽ വെച്ച് മാർക്സ് മാവോയോട് ചോദിച്ചു .’സഖാവ് ഒന്നും അറിഞ്ഞില്ലേ ,നാട്ടിൽ ഊപ്പായിറങ്ങി ‘-മാവോ കിതച്ചു കൊണ്ട് പറഞ്ഞു .’അതെന്നതാടാ ഉവ്വേ ,നാസിപ്പട പോലെ വല്ലതുമാണോ ?’- മാർക്സ് ആശ്ചര്യത്തോടെ ചോദിച്ചു .’അതു പോലെയൊക്കെ തന്നെ,അവരാദ്യം പിടിക്കുന്നത് എന്നെ പോലെയുള്ള മാവോകളെയാ ‘- മാവോ മറുപടി പറഞ്ഞു .അപ്പോഴാണ് ഇന്നലത്തെ യുവ സഖാക്കളുടെ പാർട്ടി സമ്മേളനം കഴിഞ്ഞ് വണ്ടി കയറിയ ചെഗുവേര അവർക്കിടയിലേക്ക് വന്നത് .
‘സഖാവെങ്ങോട്ടാ പെട്ടിയും തൂക്കി ഈ കൊച്ചു വെളുപ്പാൻ കാലത്ത് , വല്ല പാർട്ടി കോൺഗ്രസ്സിനുമാണോ ??’- ചെഗുവരെ മാവോയുടെ നിൽപ്പ് കണ്ട് ചോദിച്ചു . ‘എന്തോ ഊപ്പ വരുന്നുണ്ടെന്ന് പോലും ‘ . ചെഗുവേരയുടെ ചോദ്യത്തിന് മാർക്‌സാണ് മറുപടി പറഞ്ഞത് .’അതെന്നാ ,ബൂർഷകൾക്കെതിരെ ഉപയോഗിക്കാൻ ലെനിൻ സഖാവ് അയച്ച വല്ല ആയുധവുമാണോ ?’ – ചെഗുവേര ആശ്ച്ചര്യത്തോടെ ഇരുവരോടും ചോദിച്ചു . ‘അതൊന്നുമല്ല , നിന്നെ പോലെയുള്ള ഒളിപ്പോരാളികളെ പിടിച്ച് കൊല്ലാൻ വരുന്ന കാലനാണ് ‘- മാവോ ചെഗുവേരക്ക് മറുപടി നൽകി .ഇത് കേട്ട ചെഗുവേര ഊപ്പയെന്ന വർഗ്ഗ ശത്രുവിനെതിരെ ഒളിപ്പോര് നയിക്കാൻ ബൊളീവിയൻ കാടുകളിലേക്ക് പോകാനായി മാവോയോടൊപ്പം കൂടി . ഇരുവരും പെട്ടിയുമെടുത്ത് പുറത്തേക്കിറങ്ങി മാർക്സിന്റെ അഭിവാദ്യം ചെയ്‌തു .’ സഖാവേ ലാൽ സലാം ‘.
‘ലാൽ സലാം സഖാക്കളെ ,വിപ്ലവം ജയിക്കട്ടെ ‘. മാർക്സ് ഇരുവരെയും തിരിച്ചും അഭിവാദ്യം ചെയ്തു .

മാർക്ക്സ് വീണ്ടും കൈയിലെ പുസ്തകം തുറന്നു . സമത്വത്തിന്റെയും സോഷ്യലിസത്തിന്റെയും താനെഴുതിയ വരികൾ അഭിമാനത്തോടെ വായിച്ചു .മുതലാളിയും തൊഴിലാളിയും എന്ന വിവേചനമില്ലാത്ത സമത്വ സുന്ദരമായ ജനാധിപത്യപരമായ ഒരു ലോകത്തെ മാർക്സ് സ്വപ്നം കാണാനാരംഭിച്ചു .പെട്ടന്ന് കേട്ട ബൂട്ട്സിന്റെ ചവിട്ടടി ശബ്ദങ്ങൾ സ്വപ്നങ്ങളിൽ നിന്നും മാർക്സിനെ ഉണർത്തി .തന്റെ മുൻപിൽ വന്നു നിൽക്കുന്നത് ഊപ്പകളാണെന്ന് മാർക്സ് തിരിച്ചറിഞ്ഞു .’ഈ പുസ്തകം വായിക്കുക വഴി താങ്കൾ രാജ്യദ്രോഹ പ്രവർത്തനത്തിൽ പങ്കാളിയായിരിക്കുന്നു ‘.ഊപ്പകൾ മാർക്സിനോട് പറഞ്ഞു .മാർക്സ് വീണ്ടും തൻറെ കൈയിലെ പുസ്തകത്തിലേക്ക് നോക്കി .സ്വാതന്ത്ര്യവും സോഷ്യലിസവും രാജ്യദ്രോഹമായതിന്റെ വൈര്യുധ്യാത്മക ഭൗതിക വാദം പിടികിട്ടാതെ നിസ്സഹായനായി അയാൾ ഊപ്പകൾക്ക് നേരെ നോക്കി .ഊപ്പകൾ രാജ്യദ്രോഹത്തിന്റെ വിലങ്ങുകൾ അദ്ദേഹത്തെ അണിയിച്ചു .മാർക്സിനെയും കൊണ്ട് ഊപ്പകൾ പുറത്തേക്ക് നടന്നു . മാർക്സ് അവസാനമായി പിറകിലോട്ട് തിരഞ്ഞു നോക്കി . അവിടെ ഗാന്ധി തന്റെ ആത്മകഥ ചീന്തി കളയുന്നത് മാർക്സ് കണ്ടു .