ബശീര്‍ ഫൈസി ദേശമംഗലം
മരണം; അവസാനമല്ല; തുടക്കമാണ്
മനുഷ്യന്‍ ഒരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത,എന്നാല്‍ അനിശ്ചിതത്വം കൂര്‍ത്ത മുനകളില്‍ തുടിച്ചു നില്‍ക്കുന്ന യാഥാര്‍ത്ഥ്യം ആണ് മരണം..!!
മത രഹിതരും,സ്വന്തം ‘യുക്തി’യില്‍ കാര്യങ്ങളെ നോക്കിക്കാണുന്നവരും മരണമെന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും, അതിനപ്പുറമുള്ള ഒരു ലോകത്തെ തീര്‍ത്തും നിഷേധിക്കുന്നുണ്ട് അവര്‍.
ജനനമരണങ്ങളേയാദൃശ്ചികതയിലും,
പ്രകൃതിയിലും മാത്രം തളച്ചിടുന്ന അത്തരം സുഹൃത്തുക്കള്‍ മരണത്തെ ശാസ്ത്രത്തിന്റെ മികവില്‍ അതിജയിക്കാന്‍ ഇതുവരെ ഒന്നും കണ്ടുപിടിച്ചില്ല.
പക്ഷെ, വിശ്വാസിയായ ഒരു മനുഷ്യനെ സംബന്ധിച്ചു അവനു മരണത്തെയും, അതിനപ്പുറമള്ള ലോകത്തെയും കുറിച്ചു ബോധ്യമുണ്ട്. ആ ബോധ്യം കാഴ്ചയുടെയോ, ബുദ്ധിയുടെയോ കണ്ടെത്തലല്ല. അതു ‘അന്ധമായ’ വിശ്വാസമാണ്.
(അന്ധവിശ്വാസം അല്ല.)
ഖുര്‍ആനിലും, പ്രവചക വചനത്തിലും വിശ്വസിക്കുന്നവര്‍ അവ രണ്ടും പ്രദാനം ചെയ്യുന്ന വിവരങ്ങളെ അന്ധമായി വിശ്വസിച്ചേ പറ്റൂ.
ഖുര്‍ആന്‍ രണ്ടാം അദ്ധ്യായം മൂന്നാം വചനം പറയുന്നുണ്ട്; ‘സത്യ വിശ്വാസികള്‍ അഗോചരമായവയില്‍ വിശ്വസിക്കുന്നവരാണ്’ മരണത്തിനപ്പുറമുള്ള ലോകം ആഗോചരമാണ്.
കണ്ടു മനസ്സിലാക്കാന്‍ കഴിയുന്നവയല്ല, ബുദ്ധി കൊണ്ടോ യുക്തി കൊണ്ടോ അളക്കാന്‍ കഴിയുന്നതുമല്ല.
അവന്‍ വിശ്വസിക്കുന്ന അല്ലാഹുവും, പ്രവാചകനും പറയുന്നത് സത്യമാണ്
എന്നു ഉറപ്പിക്കുകയേ തരമുള്ളൂ. അല്ലാത്തവരെ കുറിച്ചാണല്ലോ നിഷേധികള്‍ എന്നു പറയുന്നത്. കാരണം മനുഷ്യന്റെ പഞ്ചേദ്രിയങ്ങള്‍ക്കും യുക്തിക്കും പരിമിധികള്‍ ഉണ്ട്.
മനുഷ്യ മസ്തിഷ്‌ക്കത്തിന് പദാര്‍ത്ഥ ലോകത്തെ കുറിച്ചു മാത്രമേ മനസ്സിലാകാന്‍ കഴിയൂ.
സ്ഥലകാലങ്ങളുടെ ബന്ധനത്തിലുള മനുഷ്യന് അതിനതീതമായ ലോകം യുക്തിക്കുമപ്പുറമാണ്.
ചുരുക്കത്തില്‍ മരണവും,മരണാനന്തര ലോകവും’അന്ധമായി’ വിശ്വസിക്കാനെ തരമുള്ളൂ.
മരണത്തിനു ശേഷം തിരിച്ചു വന്നവര്‍ ആരുമില്ലല്ലോ..
അത്തരമൊരു ലോകത്തേക്ക് പോയ ആളുടെ(ബശീര്‍) ആത്മാവിന്റെ സംസാരമാണ് മലയാള മനോരമ സീനിയര്‍ സബ് എഡിറ്ററും യുവ നോവലിസ്റ്റുമായ ഷംസുദീന്‍ മുബാറക് എഴുതിയ
‘മരണ പര്യന്ത്യം;റൂഹിന്റെ നാള്‍മൊഴികള്‍’
എന്ന നോവലില്‍ നിറയുന്നത്.
ഇസ്ലാമിക പ്രമാണങ്ങളുടെ നിലപാട് തറയില്‍ നിന്നാണ് നോവലിസ്റ്റ് പരലോകത്തെ വിഭ്രാത്മക ലോകത്തെ കുറിച്ചു കഥാപാത്രങ്ങളിലൂടെ സംസാരിക്കുന്നതെങ്കിലും ഭാവനയുടെ നിറങ്ങള്‍ക്കു കുറവൊന്നും വരുത്തിയിട്ടില്ല.
ജീവിച്ചു തീര്‍ത്ത കാലത്തെ കുറിച്ചുള്ള ബഷീറിന്റെ പിടക്കുന്ന നിലവിളികള്‍ നോവലില്‍ പേര്‍ത്തും, പേര്‍ത്തും കടന്നു വരുന്നുണ്ട്.
സമൂഹ ഗാത്രത്തില്‍ ദൈവ ധിക്കാരത്തിന്റെ വൈറസുകളുഴറുമ്പോള്‍ ആസുരമായ ഒരു കാലത്തിന്റെ കനവുകള്‍ കരളു നോവിക്കും കനലുകളയി തീയെറിയുന്നുണ്ട് ഈ നോവലില്‍..
ലോക പ്രശസ്ത എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സ്വിയ മാര്‍ക്കേസ് പോലും മരണമപ്പുറ ലോകത്തെ കുറിച്ചു എഴുതാന്‍ ഇരുന്നു പിന്‍വാങ്ങുകയായിരുന്നു.
കാരണം വിശ്വാസം സൃഷ്ടിച്ചു തരുന്ന ഒരു പ്രതലത്തിരുന്നല്ലാതെ അഭൗമിക ലോകത്തെ
സങ്കല്‍പ്പിച്ചെഴുതാന്‍ ഏറെയൊന്നുമാവില്ല.
‘ഉട്ടോപ്യ’എഴുതപ്പെട്ടിട്ടുണ്ടെങ്കിലും പരലോകം വിശ്വസിക്കുന്ന ഒരു ജനതയോട് നീതി പാലിച്ചു എഴുതുക ദുഷ്‌കരമാണ്.
മരണത്തോടെ സ്വാതന്ത്ര്യം നേടുന്ന ആത്മാവിന്റെ സഞ്ചാരങ്ങള്‍ ആണ് നോവലിന്റെ ഇതിവൃത്തം.
ആത്മാവ് നമ്മോട് കഥ പറയുകയാണ്.
ആത്മാവിനെക്കുറിച്ചു എന്നും ചര്‍ച്ചകള്‍ പാതിവഴിയില്‍ നിന്നു പോയിട്ടേയുള്ളൂ. അരിസ്‌റ്റോട്ടില്‍ ആത്മാവിനെ ‘സര്‍ഗാത്മക യുക്തി’ (Creative reason)എന്നാണ് വിളിച്ചത്.
ജോണ് ലാക് പറഞ്ഞതു ആത്മാവ് അഭൗതികവും,അനശ്വരവുമാണ്.
മുസ്ലിം ദാര്‍ശനികനായ അല്‍കിന്ദി ഉണ്മയുമയാണ് പരിചയപ്പെടുത്തുന്നത്. (Al-kindi:George N Attiyeh).
വിശ്രുതനായ ദാര്‍ശനികന്‍ ഇമാം ഗസ്സാലി ആത്മാവ് ശരീരത്തിന്റെ അധികാരി ആയാണ് പരിചയപ്പെടുത്തിയത്.
എന്നാല്‍ ശാഹ് വലിയുല്ലാഹിദഹ്ലവി തന്റെ ‘ഹുജ്ജത്തുല്ലാഹില്‍ ബാലിഗ’ എന്ന ലോക പ്രശസ്ത കൃതിയില്‍ ആത്മാവിന്റെ സ്ഥലകാല ബന്ധങ്ങള്‍ക്കതീതമായ കഴിവിനെ ധാരാളമായി പറഞ്ഞു വെക്കുന്നുണ്ട്.
അഭൗമികമായ ഒരു ലോകത്തു മരണാനന്തരം മനുഷ്യാസ്തിത്വത്തിനു ഒരസ്തിത്വാനുബന്ധം ഉണ്ട് എന്ന് തന്നെയാണ് ആത്മാവിന്റെ സാന്നിധ്യം പ്രകടമാകുന്നത്.
ആത്മാവിനെ കുറിച്ചുള്ള ഇത്തരം ധൈഷണിക വ്യാഖ്യനങ്ങളെ ബലപ്പെടുത്തി കൊണ്ടു തന്നെയാണ് ഈ നോവലിലെ
ബഷീറിന്റെ റൂഹി ദിനസരിക്കുറിപ്പുകള്‍ മുന്നോട്ട് പോകുന്നത്.
നാം പലപ്പോഴും സങ്കല്പിച്ചു നോക്കാറില്ലേ? നാം മരണപ്പെട്ടാല്‍ ഖബറില്‍,മഹ്ശരില്‍ പരലോകത്ത് മുഴുവന്‍ നാം ആത്മാവ് തിരിച്ചു കിട്ടി ജീവിക്കുന്നത്.
പോയ ലോകത്തെ കുറിച്ചു മടങ്ങാന്‍ ഒരവസരം ഉണ്ടായെങ്കില്‍ എന്തൊക്കെയാണ് നാം ലോകത്തോട് വിളിച്ചു പറയുക..!?
ഈ നോവലിലൂടെ നാം കടന്നു പോകുമ്പോള്‍ മരണവും, പരലോകവും നേര്‍ത്ത ഒരു തണുപ്പ് പോലെ നമ്മെ പുണരാന്‍ തുടങ്ങുന്നത് നാം അറിയും..
ഇതു പരലോക ചിന്ത ഉണ്ടാക്കാന്‍ എഴുതിയ ഒരു അദ്ധ്യാത്മക നോവല്‍ അല്ല.
പക്ഷേ, ജീവിതത്തിന്റെ നൈമിഷികതയും, വ്യര്‍ത്ഥതയും,. നീണ്ടു നീണ്ടു പോകുന്ന പരലോകത്തിന്റെ വിശാലതയും നിങ്ങളെ ഈ നോവല്‍ ദ്യോതിപ്പിക്കും.
ഇത്തിരിയുള്ള ഈ ജീവിതത്തില്‍ പകയും, വെറുപ്പും, വിദ്വേഷവും വെച്ചു നടന്നു മതത്തിന്റെയും, ജാതിയുടെയും പേരില്‍ തല കീറി ജീവിച്ചു തീര്‍ക്കുന്നവര്‍ ഓര്‍ക്കുക.!?
മരണത്തോടെ എല്ലാം അവസാനിക്കുകയല്ല.
ആരംഭിക്കുകയാണ്.
പരലോകത്തിരുന്നു ആത്മാവ് പറയുന്ന കഥകള്‍ നിങ്ങളെ അത്തരത്തില്‍ പരിവര്‍ത്തിപ്പിക്കാതിരികില്ല.
അവിടെയാണ് നോവലിസ്റ്റ് ഈ നോവലിന്റെ സര്‍ഗാത്മക വിജയത്തിനപ്പുറം. പ്രതിബദ്ധയുള്ള എഴുത്തുകാരന്‍ ആയി മാറുന്നത്.
ഭാവനയെ അതിന്റെ വഴിയേ വിടുക.. അതൊരു എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ്.
മൃത്യുവിനെ കുറിച്ചുള്ള വിഹ്വലതകള്‍ യാഥാര്‍ഥ്യവുമായി സാന്നിവേശിപ്പിച്ചു
നഷ്ട ജീവിതത്തിന്റെ വിളവെടുപ്പു നടത്തുന്നുണ്ട് നോവലിലെ കഥാപാത്രം.
ഭൗതികാഡംബരങ്ങളുടെ പശ്ചാത്തല ഭംഗികള്‍ക്കപ്പുറം അശാന്തവും, അസ്വസ്ഥത ജന്യവുമായ മനുഷ്യന്റെ അകാരണ വ്യസനങ്ങളില്‍ ജ്വലിക്കുന്നത് മര്‍ത്യതയുടെ മരണമില്ലാത്ത ഉന്മകളാണ്.
ഈ മഹാ സത്യം വിളിച്ചു പറയാന്‍ (ബോധപൂര്‍വമോ/അല്ലാതെയോ) ഈ നോവലിലുടനീളം ശംസുദ്ധീന്‍ വിന്യസിച്ചിരിക്കുന്നത് ദുര്‍ഗ്രാഹ്യങ്ങളായ പദാവലികളോ, ദൈഷണികഭ്യാസങ്ങളോ അല്ല.
മനസ്സിലേക്ക് പാസ്സില്ലാതെ കയറി വരുന്ന വാക്കുകളെയാണ്.
തീര്‍ച്ചയായും എല്ലാവരും വായിച്ചിരിക്കേണ്ട ഒരു നോവല്‍ ആണ് ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച Shamsudeen Shamsudheen Mubarak
ഷംസുദീന്‍ മുബാറക്കിന്റെ ‘മരണ പര്യന്ത്യം,റൂഹിന്റെ നാള്‍മൊഴികള്‍‘.
ഈ നോവൽ വായനയിൽ എനിക് തോന്നിയ ചിന്തകൾ പങ്കു വെച്ചു എന്നു മാത്രം..
ബാക്കി നിങ്ങൾക്ക് വിടുന്നു..!