ടിപ്പു സുൽത്താൻ (റ): മതസഹിഷ്ണുതയുടെ കാവലാൾ

 

-മുഹമ്മദ് ജലാലി അൽ അസ്ഹരി തിരുവള്ളൂർ

ഇന്ത്യയുടെയും സ്വാതന്ത്യസമരത്തിന്റെയും ചരിത്രത്തിൽ അദ്വിതീയമായ സ്ഥാനത്തിനർഹനായ മഹാനായിരുന്നു ടിപ്പു സുൽത്താൻ (ഖ:സി). അന്തർദേശീയതയെയും കൊളോണിയൽ വിരുദ്ധതയെയും ഒരേ പ്ലാറ്റ്ഫോമിൽ നിർത്താനും ഒരേ സമയം തന്നെ മതസഹിഷ്ണുതയുടെയും മതനിഷ്ഠയുടെയും കാവലാളായ ഭരണാധികാരിയായും സൂഫിചക്രവാളത്തിലെ ഇതിഹാസമായും ജീവിക്കാനും മഹാനവർകൾക്ക് സാധിച്ചിരുന്നു. മഹാനവർകളുടെ ഐതിഹാസിക ചരിത്രത്തെ നിഷ്പക്ഷമായി വിലയിരുത്തിയവർ അത്ഭുതത്തോടെയാണ് ഈ സമന്വയങ്ങളെ വീക്ഷിച്ചത്.
മറ്റുമതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങളിൽ കൈകടത്താതെ പൂർണ മതസ്വാതന്ത്ര്യം വകവെച്ചു കൊടുക്കുകയായിരുന്നു മഹാൻ ചെയ്തത്. പക്ഷേ, സത്യം തിരിച്ചറിയാൻ ശ്രമിക്കാതെയോ വസ്തുതകൾ നല്ലത് പോലെ അറിഞ്ഞിട്ടും മഹാനോടുള്ള അന്ധമായ വിദ്വേഷം കാരണത്താൽ അറിയാത്ത പോലെ നടിച്ചു കൊണ്ടോ ചിലർ ഇന്നും മതഭ്രാന്തനായി മഹാനവർകളെ ചിത്രീകരിച്ചു കൊണ്ടിരിക്കുകയാണ്.
അത്കൊണ്ട് തന്നെ മഹാനവർകൾ വെച്ചുപുലർത്തിയിരുന്ന മതസഹിഷ്ണുതയെയും അതിന്റെ വിശാലതയെയും കുറിച്ച് നാം മനസ്സിലാക്കേണ്ടതുണ്ട്.

സുൽത്താന്റെ മതസഹിഷ്ണുതയെ കുറിച്ച് പ്രതിപാദിക്കുന്നിടത്ത് പലരും ആദ്യമായി ചർച്ച ചെയ്യുന്നത് ക്ഷേത്രങ്ങളോടും ചർച്ചുകളോടും മഹാൻ കാണിച്ച സമീപനരീതികളാണ്. ഹിന്ദുക്ഷേത്രങ്ങളോടും അവയിലെ പൂജാരിമാരോടും വല്ലാത്ത ബഹുമാനം പ്രകടിപ്പിച്ചിരുന്നു മഹാൻ. അവയുടെ നിർമ്മാണത്തിനും പുനരുദ്ധാരണത്തിനും മറ്റുമൊക്കെയായി നിസ്സീമമായ സംഭാവനകളും ദാനങ്ങളും ചെയ്തു. അവയെ നശിപ്പിക്കാനും മറ്റും ശ്രമിക്കുന്നവരോട് ശക്തമായ നിലപാടുകൾ സ്വീകരിക്കാനും അവിടുന്ന് മടികാണിച്ചില്ല.
1791 ൽ മറാഠകൾ രഘുനാഥ് റാവുവിന്റെ നേതൃത്വത്തിൽ ഖുദാദാദ് സൽത്തനത്ത് ആക്രമിച്ച് കൊള്ള നടത്തിയ കൂട്ടത്തിൽ ക്ഷേത്രവും കവർച്ച ചെയ്യുകയും വിലപിടിപ്പുള്ള വിഗ്രഹങ്ങളെല്ലാം എടുത്തു കൊണ്ടു പോകുകയും ചെയ്തു. സരസ്വതീ ദേവിയുടെ പ്രതിഷ്ഠ ഇളക്കി നീക്കം ചെയ്ത് വലിച്ചെറിയുകയും ക്ഷേത്രം വക കന്നുകാലികളെയും വിലയേറിയ ഒരു പല്ലക്കും മോഷ്ടിക്കുകയും അനേകം ബ്രാഹ്മണരെ പിടിച്ചു കെട്ടി ശിരച്ഛേദം നടത്തുകയും ചെയ്തു. ഈ സമയം ശങ്കരാചാര്യ ആത്മരക്ഷാർത്ഥം സമീപനഗരമായ കൂർഗിലേക്ക് പാലായനം ചെയ്ത് അവിടെ വെച്ച് സംഭവങ്ങൾ വിവരിച്ച് ടിപ്പു സുൽത്താന് ഒരു പരാതി അയച്ചു. അതിന് മറുപടിയെന്നോണം മഹാനവർകൾ എഴുതിയ കത്തും അതിലെ ഉള്ളടക്കവും പരിശോധിച്ചാൽ ക്ഷേത്രങ്ങളോടും സ്വാമിമാരോടും മഹാനുണ്ടായിരുന്ന ബഹുമാനവും അവക്കെതിരെ തിരിയുന്നവരോടുള്ള ഈർഷ്യതയും എത്രത്തോളമായിരുന്നുവെന്ന് ബോധ്യമാവും. കത്തിൽ പതിവിന് വിപരീതമായി സ്വാമിയുടെ പേരിന് ശേഷമാണ് മഹാൻ തന്റെ പേരെഴുതിയത്. അതിലെ സംബോധനരീതിയും അത്യന്തം ബഹുമാനാദരവോടെയായിരുന്നു.
കത്തിലെ ഉള്ളടക്കം :-
“പുണ്യവും പരിശുദ്ധവുമായ സ്ഥലങ്ങളെ കളങ്കപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്നവർ അവരുടെ ദുഷ്ചെയ്തികൾക്ക് ഈ ലോകത്ത് വെച്ച് തന്നെ തക്കതായ ശിക്ഷക്ക് പാത്രീഭൂതരാകുന്നതാണ്.’ആളുകൾ സന്തോഷത്തോടെ പാപം ചെയ്യുന്നു; ദുഃഖത്തോടെ അതിന്റെ ഫലം നേരിടുന്നുവെന്നാണല്ലോ’ കവിവാക്യം. ക്ഷേത്രത്തിലെ പൂജാരിമാരോട് മോശമായി സമീപിച്ചവർ തങ്ങളുടെ വംശത്തിന്റെ നാശത്തെയാണ് വിളിച്ചുവരുത്തിയിരിക്കുന്നത്. നമ്മുടെ സൽത്തനത്തിൽ നുഴഞ്ഞുകയറി അതിക്രമം കാണിച്ചവരെ നാം ശക്തമായി തന്നെ നേരിടും. അങ്ങയുടെ വ്യക്തിത്വം ശ്രേയസ്സുറ്റതും ആരിലും ഭയഭക്തി ബഹുമാനങ്ങൾ ഉളവാക്കുന്നതുമാണ്. നമ്മുടെ സൽത്തനത്തിന്റെ ഐശ്വര്യത്തിനുവേണ്ടിയും അതിലെ ജനങ്ങൾക്ക് വേണ്ടിയും അതിലെ ശത്രുക്കളുടെ നാശത്തിനുവേണ്ടിയും പ്രാർത്ഥിക്കുക. താങ്കൾക്ക് ആവശ്യമുള്ളതെല്ലാം നമ്മുടെ രാജ്യത്തു നിന്ന് അങ്ങയ്ക്ക് അവകാശപ്പെട്ടതാണ്. ”
1916 ൽ മൈസൂർ പുരാവസ്തു വകുപ്പ് ഡയറക്ടർ റാവു ബഹാദൂർ നരസിംഹാചാര്യ ശൃംഗേരിമഠത്തിൽ നിന്ന് ഈ മറുപടികത്ത് കണ്ടെടുക്കുകയുണ്ടായി.
ഈ കത്തിനോടൊപ്പം ശങ്കരാചാര്യക്ക് 200 സ്വർണനാണയം നൽകാനും ഗവണ്മെന്റ് ചെലവിൽ പ്രതിഷ്ഠ പുനഃസ്ഥാപിക്കാനും ഗവർണർക്ക് മഹാൻ ഉത്തരവ് നല്‍കി. ക്ഷേത്രത്തിലേക്ക് നിത്യദാനത്തിനുള്ള റേഷനും അനുവദിച്ചു. പുനഃപ്രതിഷ്ഠ വേളയിൽ ആയിരം പേർക്ക് അന്നദാനത്തിനുള്ള ചെലവും നൽകി. മഹാൻറെ അനുകമ്പാപൂർണമായ നടപടികളിൽ സന്തുഷ്ടനായ ശങ്കരാചാര്യ നന്ദിസൂചകമായി ഒരു ഷാൾ മഹാന് കൊടുത്തയച്ചു. അതിന് പകരമായി വിഗ്രഹം മൂടാൻ വിലപിടിപ്പുള്ള ഒരു തുണിയും ശങ്കരാചാര്യയുടെ ഉപയോഗത്തിനായി മനോഹരമായ രണ്ടു തുണികളും അയച്ചു കൊടുക്കുകയും ഗവർണർ സയ്യിദ് മുഹമ്മദ് മുഖേന ക്ഷേത്രത്തിന് ഒരു പല്ലക്ക് നൽകുകയും ചെയ്തുവെന്ന് മാത്രമല്ല; ഭാവിയിൽ ക്ഷേത്രം കൊള്ളയടിക്കപ്പെടാതിരിക്കാനുള്ള മുൻകരുതലെടുക്കാനും മഹാൻ ഗവർണറോടാവശ്യപ്പെടുകയും ചെയ്തു. അതിനായി ക്ഷേത്ര സുരക്ഷക്ക് ആവശ്യമുള്ളത്ര സൈനികരെ പാറാവുകാരായി നിയമിക്കുകയും ചെയ്തു.
മറ്റൊരിക്കൽ സ്വാമിക്ക് കത്തെഴുതിയപ്പോൾ അതിൽ മഹാൻ ഇങ്ങനെ കുറിച്ചു :-
” അങ്ങ് ജഗദ്ഗുരുവാണ്. അങ്ങയുടെ സാന്നിധ്യം കൊണ്ട് മാത്രം നമ്മുടെ രാജ്യത്ത് ശ്രേയസ്സും അഭിവൃദ്ധിയും സമൃദ്ധമായി വിളകളും ലഭിക്കുന്നു.”

ശ്രിംഗേരി മഠത്തിന് മാത്രമല്ല ടിപ്പു സുൽത്താൻ (റ) സംഭാവനകൾ ചെയ്തത്.ദക്ഷിണ കേരളത്തിലെ 60 ക്ഷേത്രങ്ങൾക്ക് പണം നല്കിയതായി ‘കേരളം ടിപ്പുവിനു കീഴിൽ’ എന്ന പുസ്തകത്തിൽ പ്രമുഖ ചരിത്രകാരൻ ഡോ .സി.കെ. കരീം വെളിപ്പെടുത്തിയിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിന് മാത്രമായി 625 ഏക്കർ സ്ഥലം മഹാൻ ദാനം ചെയ്തു.
മുഹിബുൽ ഹസൻ തന്റെ ‘താരീഖെ ടിപ്പു സുൽത്താൻ ‘ എന്ന ഗ്രന്ഥത്തിൽ മലബാറിലെ ക്ഷേത്രങ്ങൾക്കും ബ്രാഹ്മണർക്കും കരമൊഴിവായി ഭൂമി നൽകിയതിൻറെ വിശദവിവരങ്ങൾ നൽകുന്നുണ്ട്. കോഴിക്കോട് തൃക്കണ്ഠേശ്വര ക്ഷേത്രത്തിന് 195 ഏക്ര ഭൂമി , പൊന്നാനി ഗുരുവായൂർ ക്ഷേത്രത്തിന് 504 ഏക്ര ഭൂമി , ചേലും പട്ടണത്തിലെ മൻവാർ ക്ഷേത്രത്തിന് 73 ഏക്ര ഭൂമി, പൊന്നാനി തൃവഞ്ചുകുസുലം ക്ഷേത്രത്തിന് 212 ഏക്ര ഭൂമി,പൊന്നാനി നമ്പൂതിരിപ്പാട് അമ്പലത്തിന് 135 ഏക്ര ഭൂമി എന്നിങ്ങനെ ദാനം ചെയ്തതായി അതിൽ പ്രതിപാദിക്കുന്നു.
ക്ഷേത്രങ്ങൾക്ക് വാർഷിക ഗ്രാന്റായി 193959 പഗോഡ നൽകിയിരുന്നതായി സൽത്തനത്തിൻറെ ധനകാര്യ മന്ത്രി പൂർണയ്യ വെളിപ്പെടുത്തിയിട്ടുണ്ട്.

മേല്‍ക്കോട്ട് ക്ഷേത്രത്തിലെ ഇരു വിഭാഗം പാതിരിമാര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിന്റെ ഭാഗമായി കാഞ്ചിയിലെ ക്ഷേത്രത്തിന്റെ നിര്‍മാണപ്പണികള്‍ പൂര്‍ത്തീകരിക്കുന്നതിലേക്ക് 10,000 സ്വര്‍ണനാണയമാണ് അദ്ദേഹം നല്‍കിയിരുന്നത്. കലാലെയിലെ ലക്ഷ്മികാന്ത ക്ഷേത്രത്തിന് നാലു വെള്ളിപാത്രങ്ങളും മറ്റു സമ്മാനങ്ങളും നൽകി. മേൽക്കോട്ടിലെ നരയൻസ്വാമി ക്ഷേത്രത്തിനും രത്നംപതിച്ച പാത്രങ്ങളും ഒരു ജോഡി ചെണ്ടയും ഒരു ഡസൻ ആനകളെയും സംഭാവന ചെയ്തു. ഇങ്ങനെ നിരവധി ക്ഷേത്രങ്ങൾക്ക് അനവധി സംഭാവനകളും ദാനങ്ങളും ചെയ്തതായി ചരിത്രത്തിൽ കാണാം.
മലബാറിലെ ആക്രമണവേളയിൽ അമ്പലങ്ങൾ അഗ്നിക്കിരയാക്കിയ സൈനികരെ ശിക്ഷിച്ചതും ഉടൻ തന്നെ അവ പുതുക്കിപ്പണിയുകയും ചെയ്തു.
മസ്ജിദെ അഅ്ലയുടെ നിർമാണത്തിന് മുമ്പ് നേരത്തെ അവിടെയുണ്ടായിരുന്ന ക്ഷേത്രത്തിലെ പൂജാരിയോട് അനുവാദം ചോദിച്ചിരുന്നു. ഭരണാധികാരി എന്ന നിലക്ക് അങ്ങനെ ചോദിക്കേണ്ട ആവശ്യം ഒന്നും ഉണ്ടായിരുന്നില്ല. അനുവാദം കിട്ടിയതിന് ശേഷമേ പള്ളിനിർമാണം ആരംഭിച്ചിട്ടുള്ളൂ എന്നും ചരിത്രം പറയുന്നു.

ക്രിസ്തീയ ആരാധനാലയമായ ചർച്ചുകളെയും മഹാൻ സഹായിച്ചിരുന്നു.
മൈസൂരിലെ ആദ്യ ചര്‍ച്ച് നിര്‍മിക്കുന്നതിനു പിന്നില്‍ പ്രധാന കണ്ണിയായി വര്‍ത്തിച്ചത് മഹാൻ തന്നെയായിരുന്നു. യുദ്ധങ്ങളിൽ കേട്പാടുകൾ പറ്റിയ ചർച്ചുകൾ സർക്കാർ ചെലവിൽ നന്നാക്കിയിരുന്നു. ക്രൈസ്തവ തടവുകാർക്ക് അവരുടെ മതാചാരങ്ങൾ നടത്താൻ സ്വാതന്ത്ര്യം നൽകി. അവർക്ക് മതകാര്യങ്ങൾക്ക് നേതൃത്വം നല്‍കാൻ പുരോഹിതന്മാരെ അയക്കാൻ ഗോവ ഗവർണർക്ക് കത്തെഴുതുകയും ചെയ്തു.
തങ്ങളോടുള്ള സുൽത്താന്റെ ഉദാരസമീപനം കണ്ട് ചില ക്രൈസ്തവർ ഇസ്ലാം സ്വീകരിക്കുക വരെ ചെയ്തതായി ചരിത്രം പറയുന്നുണ്ട്.
മഹാനവർകളുടെ മതസഹിഷ്ണുത വെളിവാക്കുന്ന മറ്റൊരു കാര്യമാണ് അത്യുന്നത പദവികളിൽ ഇതരമതസ്ഥരെയും ഇരുത്തിയത്. സുൽത്താന്റെ മരണം വരെ സൽത്തനത്തിൻറെ ധനകാര്യ വകുപ്പ് മന്ത്രി ഹിന്ദു ബ്രാഹ്മണനായ പൂർണയ്യയായിരുന്നു. പ്രധാന മന്ത്രി കഴിഞ്ഞാൽ ഏറ്റവും അധികാരമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. സുൽത്താന്റെ പ്രൈവറ്റ് സെക്രട്ടറിയും ഒരു ബ്രാഹ്മണനായിരുന്നു. ലാലാ മഹസ്താബ് റായി സബഖത് എന്ന് പേരുള്ള അദ്ദേഹം വിശ്വസ്തനും ഉർദു, പേർഷ്യൻ ഭാഷകളിലെ വിശ്രുത കവിയും കൂടിയായിരുന്നു. സുൽത്താൻ ഭരണാധികാരികൾക്ക് അയച്ച പല കത്തുകളും ഇദ്ദേഹമായിരുന്നു എഴുതിയത്.
ചരിത്ര പ്രസിദ്ധമായ മലബാറിലെ നായർകലാപം അടിച്ചമർത്താൻ ശ്രീപദ്റാവുവിനെയാണ് മഹാൻ നിയോഗിച്ചത്.അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ഒരുക്കി നിർത്തിയ 3000 ഭടന്മാരുള്ള സൈന്യത്തിൻറെ കമാന്റർ മഹാൻ നിയമിച്ചത് സെവാജി എന്ന മറാഠ മുഖ്യനെയാണ്. മൈസൂർ കുതിരപ്പടയിലെ ഉന്നത ഉദ്യോഗസ്ഥൻ ഹരിസിംഗ് എന്ന ഇതര മതസ്ഥനായിരുന്നു. ശ്രീനിവാസ റാവു , അപ്പാജി എന്നിവരാണ് നയതന്ത്ര സംഭാഷണങ്ങൾക്ക് പലപ്പോഴും നിയോഗിക്കപ്പെട്ടിരുന്നത്. ഇങ്ങനെ മതമോ ജാതിയോ നോക്കാതെ പലർക്കും മഹാൻ അത്യുന്നത പദവികൾ കൊടുത്തതായി കാണാം.
ഇനി ഇതരമതസ്ഥരോടുള്ള മഹാൻറെ സമീപനം എങ്ങനെയായിരുന്നുവെന്ന് നമുക്ക് പരിശോധിക്കാം.
സൽത്തനത്തിൻറെ ധനകാര്യ മന്ത്രിയായിരുന്ന പൂർണയ്യയുടെ ഭാഗത്ത് നിന്നുണ്ടായ പൈശാചിക പ്രവണതകളെ കുറിച്ച് പരാതി പറഞ്ഞ ഒരാള്‍ ‘ബ്രാഹ്മണരെല്ലാം ചതിയന്മാരാണ്’ എന്ന് പറഞ്ഞ സമയത്ത് മഹാൻ പറഞ്ഞ വാക്ക് തന്നെ മതി ഇതരമതസ്ഥരോടുള്ള മഹാൻറെ സമീപനം മനസ്സിലാക്കാൻ.
‘അക്രമികളോടല്ലാതെ ശത്രുതയില്ല’ എന്ന വചനം ഓതിക്കേൾപ്പിക്കുകയായിരുന്നു മഹാൻ ചെയ്തത്. പൂർണയ്യ എന്ന ഒരു വ്യക്തി ചെയ്ത തെറ്റിന് അയാളുടെ ജാതിയായ ബ്രാഹ്മണരെ മൊത്തമായി ആക്ഷേപിക്കരുത് എന്ന് സാരം. തന്റെ സൽത്തനത്തിൽ പുതുതായി വ്യാപാരം തുടങ്ങാൻ അർമീനിയിൽ നിന്ന് വന്ന ക്രൈസ്തവർക്ക് മാത്രമായിരുന്നു മഹാൻ അനുവാദം കൊടുത്തിരുന്നത്. അതിനായി സാമ്പത്തികമായി അവരെ സഹായിക്കാനും മഹാൻ സന്നദ്ധത കാണിച്ചിരുന്നു. 1792 ൽ തന്റെ അധികാരം പകുതി നഷ്ടപ്പെട്ട സന്ദർഭത്തിൽ പോലും തന്നോട് അഭയം ചോദിച്ചു ഗോവയിൽ നിന്നും വന്ന ക്രൈസ്തവരെ ഇരുകയ്യും നീട്ടി മഹാൻ സ്വീകരിച്ചു.

ഇതരമതസ്ഥർ സുൽത്താനോട് സമീപിച്ചതും നല്ല സ്നേഹത്തോടെയും ബഹുമാനത്തോടെയുമായിരുന്നു. പ്രത്യേകിച്ചും ഹിന്ദു വിഭാഗം. ടിപ്പു സുൽത്താനെ ഹിന്ദുഭൂരിപക്ഷം സനേഹിച്ചതിനേക്കാൾ നന്നായി മറ്റൊരു മുസ്ലിം ഭരണാധികാരിയെയും ഹിന്ദു പ്രജകൾ സ്നേഹിച്ചതിന് ചരിത്രത്തിൽ ഉദാഹരണങ്ങളില്ല എന്ന് വരെ ചരിത്രകാരന്മാർ പ്രസ്താവിച്ചു. 1799 മെയ് 4 ന് സുൽത്താൻ രക്തസാക്ഷിത്വം വരിക്കുമ്പോൾ മഹാൻറെ മയ്യിത്തിന് ചുറ്റുമായി സ്ത്രീകളും ചെറിയപെൺകുട്ടികളും ഉൾപ്പെടെ ധാരാളം ഹിന്ദുക്കളുടെ മൃതദേഹങ്ങളും ഉണ്ടായിരുന്നു. ഒരു മുസ്ലിം ഭരണാധികാരിയോട് ഹിന്ദു ജനത കാണിച്ച അർപ്പണബോധവും സ്നേഹ ബഹുമാനങ്ങളും കണ്ടു ബ്രിട്ടീഷുകാർ ആശ്ചര്യഭരിതരായി. മയ്യിത്ത് കൊണ്ടു പോകുമ്പോൾ വിലാപയാത്രയിൽ അണിനിരന്ന ഹിന്ദു സ്ത്രീകൾ മുടിയഴിച്ചിട്ട് , തലയിൽ മണ്ണുപൂശി നിലവിളിച്ചു. തലസ്ഥാനം ഉപരോധിക്കപ്പെട്ടപ്പോൾ നിരവധി ബ്രാഹ്മണർ സുൽത്താന്റെ വിജയത്തിനായി ഉപവാസവും അവരുടെ മതാചാരപ്രകാരം പ്രാർത്ഥനയും നടത്തി.
ഇങ്ങനെ ഒരുപാട് സംഭവങ്ങൾ ചരിത്രത്താളുകളിൽ നിന്നും വായിച്ചെടുക്കാൻ നമുക്ക് കഴിയും.

വസ്തുതകൾ ഇങ്ങനെയൊക്കെയാണെങ്കിലും ചിലര്‍ അന്നും ഇന്നും മഹാനെ മതഭ്രാന്തനായും ക്ഷേത്രധ്വംസകനായും ഒക്കെ പരിചയപ്പെടുത്തുകയാണ്. അതിൻറെ കാരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോൾ
മഹാൻറെ ചരിത്രത്തെ വികലമാക്കുന്നവർ പ്രധാനമായും 3 വിഭാഗം ആളുകളാണെന്ന് കാണാം.

1. പാശ്ചാത്യ എഴുത്തുകാർ.

സുൽത്താനെ കുറിച്ചെഴുതിയ പാശ്ചാത്യ എഴുത്തുകാരിൽ നിഷ്പക്ഷമായി വിലയിരുത്തിയവരും ഉണ്ടെങ്കിലും മിക്ക എഴുത്തുകാരും പക്ഷപാതിത്വം കാട്ടുകയാണ് ചെയ്തത്. നുണക്കഥകൾ പറഞ്ഞും യാഥാർത്ഥ്യങ്ങളിൽ വെള്ളം ചേര്‍ത്തും കൊണ്ടാണ് ഇവർ മഹാനെ അവഹേളിക്കാൻ പാട്പെട്ടത്. ഇതിന് അവരെ പ്രേരിപ്പിച്ച പ്രധാനഘടകം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻറെ ആസൂത്രിത നീക്കമായിരുന്നു എന്നതാണ് സത്യം.
ഇന്ത്യയെ പൂർണമായും തങ്ങളുടെ വരുതിയിലാക്കണമെന്ന അവരുടെ ആഗ്രഹത്തിന് അവര്‍ക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ തടസ്സം ടിപ്പുവായിരുന്നുവല്ലോ. അതിനാൽ ജീവിത കാലത്ത് മഹാനോട് അടങ്ങാത്ത പകയായിരുന്നു അവർക്ക്. ആ തടസ്സം നീക്കാൻ അവർ പല കുതന്ത്രങ്ങളും നടത്തി. നാട്ടുരാജാക്കൻമാരെ ഭീഷണിപ്പെടുത്തിയും പണം കൊടുത്ത് വശപ്പെടുത്തിയും അവർക്കിടയിൽ ഛിദ്രതയുടെ വിത്തുകൾ പാകിയും മറ്റും ഇന്ത്യയെ അധീനതയിലാക്കാൻ അവർ ശ്രമിച്ചു. എന്നാൽ സുൽത്താന്റെ ശക്തമായ രാജ്യസ്നേഹത്തോടും കൃത്യമായ കരുനീക്കങ്ങളോടും സുശക്തമായ ആദർശ ബോധത്തോടും ഏറ്റുമുട്ടിയപ്പോൾ ബ്രിട്ടീഷുകാർക്ക് തോറ്റോടേണ്ടി വന്നു. അതിനുപകരമായി ജീവിത കാലത്തുടനീളം മഹാനെ ഉപദ്രവിക്കുകയായിരുന്നു ബ്രിട്ടീഷുകാർ. അതിനായി പണവും സ്ഥാനമാനങ്ങളും കാട്ടി മഹാൻറെ കൂടെയുള്ളവരെ വശത്താക്കാൻ വരെ അവർ മടികാണിച്ചില്ല. മഹാനെ പിടികൂടാൻ പാട്പെടേണ്ടി വന്ന അവർ മരണാനന്തരം മഹാൻറെ ചരിത്രത്തെ പിടികൂടി പകവീട്ടുകയായിരുന്നു.
ഇല്ലാക്കഥകൾ മെനഞ്ഞുണ്ടാക്കി ‘ഞങ്ങളല്ല; ടിപ്പുവാണ് കുറ്റവാളി’ എന്ന് ഭാവിതലമുറയെ തെറ്റിദ്ധരിപ്പിക്കുക എന്നതായിരുന്നു അവരുടെ ദുഷ്ടലാക്ക്.
ആ ശ്രമത്തിൽ കുറച്ചുകാലത്തേക്കാ ണെങ്കിലും ഒരു പരിധി വരെ അവർ വിജയിച്ചു. പിന്നീട് ചില ചരിത്രകാരന്മാരുടെയും ഗവേഷകരുടെയും ശ്രമഫലമായി അസത്യങ്ങളുടെ മുഖം മൂടി നീങ്ങുകയായിരുന്നു. എല്ലാ കാലത്തും എല്ലാവരെയും പറ്റിക്കാം എന്ന ബ്രിട്ടീഷ് ലക്ഷ്യം പരാജയപ്പെട്ടിട്ടുണ്ടെങ്കിലും ചിലരെ എല്ലാകാലത്തും പറ്റിക്കാം എന്നതിൽ അവർ വിജയിച്ചുവെന്നതാണ് നേര്.
ഇതോടൊപ്പം തന്നെ മറ്റൊരു ലക്ഷ്യവും കൂടി ഈ വികല ചരിത്രരചനയ്ക്ക് പിന്നിൽ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ഗൂഢലക്ഷ്യവും അവർക്കുണ്ടായിരുന്നു. ‘നാനാത്വത്തിൽ ഏകത്വം’ എന്ന ഇന്ത്യൻ മനസ്സിനെ തകർത്ത് ഭാരതീയരുടെ ഐക്യവും സാഹോദര്യ ബോധവും തകർത്താലേ ഇന്ത്യയെ പൂർണമായും തങ്ങൾക്ക് കീഴിലാക്കാൻ കഴിയുകയുള്ളൂ എന്ന് അവര്‍ മനസ്സിലാക്കി. ‘മതഭ്രാന്തനായ ഒരു മുസ്ലിം ഭരണാധികാരി ക്ഷേത്രങ്ങൾ തകർത്തിരുന്നു, ഹിന്ദുക്കളെ കൂട്ടക്കശാപ്പ് നടത്തിയിരുന്നു ‘ എന്നൊക്കെ പറഞ്ഞ് ഹിന്ദുക്കളെ വിശ്വസിപ്പിച്ചാൽ സ്വാഭാവികമായും അവർ മുസ്ലിംകൾക്കെതിരെ തിരിയുമെന്ന് അവർ കണക്കുകൂട്ടിയിരുന്നു. ഇതിൻറെ ഫലമെന്നോണം ഇന്ത്യൻ ജനതയ്ക്കിടയിൽ ഉണ്ടായ അസ്വാരസ്യങ്ങൾ നമുക്കറിയാമല്ലോ.

2. വർഗീയ മനസ്സോടെ മഹാൻറെ ചരിത്രത്തെ സമീപിച്ച ഹിന്ദുക്കൾ.

ഈ വിഭാഗം മഹാനോട് അനീതി കാണിക്കുന്നതിൻറെ കാരണം സുതരാം വ്യക്തമാണ്. ടിപ്പു സുൽത്താൻ മുസ്ലിമായി എന്നതല്ലാതെ വേറൊരു കാരണവും ഇവർക്ക് പറയാനില്ല. മഹാനെ എന്നല്ല, എല്ലാ മുസ്ലിം ഭരണാധികാരികളേയും മുസ്ലിംകളോട് അനുകമ്പ കാണിച്ച മറ്റു ഭരണാധികാരികളെയും ഇകഴ്ത്തിക്കെട്ടാനാണ് ഇവർ ശ്രമിക്കാറുള്ളത്. അതിനുവേണ്ടി അധിനിവേശ ശക്തികളെ പുകഴ്ത്താൻ പോലും ചിലർ തയ്യാറായതായും നമുക്ക് കാണാം. ടിപ്പു സുൽത്താൻ,മഹാത്മാ ഗാന്ധി എന്നിവരെ പോലുള്ള ദേശസ്നേഹികളെ ദേശദ്രോഹികളായും ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ സവർക്കറും ഗാന്ധിജിയെ വെടിവെച്ചു കൊന്ന ഗോഡ്സെയെപ്പോലുള്ളവർ ദേശസ്നേഹത്തിന്റെ വക്താക്കളായും ഇന്ന് സമൂഹമധ്യേ ചിത്രീകരിക്കപ്പെടുന്നത് അതിനൊരുദാഹരണമാണ്.

3. സത്യം മനസ്സിലാക്കാൻ ശ്രമിക്കാതെ/ കഴിയാതെ ഈ രണ്ട് വിഭാഗവും വികലമായി അവതരിപ്പിച്ച ചരിത്രത്തെ പിന്തുടർന്നവർ.

ഒരു കളവ് ആയിരം വട്ടം ആവർത്തിക്കപ്പെട്ടാൽ സത്യമായി മാറുമെന്നാണല്ലോ ഗീബൽസിയൻ സിദ്ധാന്തം. ഈ രീതിയിൽ മഹാൻറെ ചരിത്രത്തെ കണ്ടതാണ് ഈ വിഭാഗത്തിന് ടിപ്പുവിനെ അധിക്ഷേപിക്കേണ്ടി വന്നത്. നേരത്തെ പറഞ്ഞത് പോലെ ചിലർ എല്ലാ കാലത്തും പറ്റിക്കപ്പെട്ടേക്കാം എന്ന വിഭാഗത്തിൽ പെട്ട് ബ്രീട്ടീഷുകാരുടെയോ വർഗീയ മനസ്സോടെ മഹാൻറെ ചരിത്രത്തെ സമീപിച്ചവരുടെയോ കെണിവലയിൽ അകപ്പെട്ടിരിക്കുകയാണിവർ. പിഞ്ചു പ്രായത്തിലേ സ്കൂളിൽ വെച്ച് ക്രൂരനും കിരാതനും മതഭ്രാന്തനുമായി ടിപ്പുവിനെ പരിചയപ്പെട്ടവർ വരെ അക്കൂട്ടരിലുണ്ട്.

ഇനി മഹാൻ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ആരോപണങ്ങളുടെ നിജസ്ഥിതി നമുക്ക് പഠന വിധേയമാക്കാം.
ഒരേ സമയം ഇന്ത്യൻ ഭരണാധികാരിയായും ഇസ്ലാം മത പ്രബോധകനായും ജീവിച്ച മഹാനവർകൾ നേരിട്ടു കൊണ്ടിരിക്കുന്ന ആരോപണങ്ങൾ എന്തൊക്കെയാണെന്നറിഞ്ഞ് അതിന്റെ മറുപടികൾ കണ്ടെത്തൽ ഏതൊരു മുസ്ലിമായ ഇന്ത്യക്കാരൻറെയും ബാധ്യതയാണല്ലോ.
ഹിന്ദുക്കളെയും ക്രിസ്താനികളെയും അടിച്ചമർത്തിയ ഭരണാധികാരി, ക്ഷേത്രധ്വംസകൻ, അമുസ്ലിംകളെ കൂട്ടത്തോടെ ലിംഗാഗ്രഛേദനം നടത്തിയ മതഭ്രാന്തൻ, നിർബന്ധ മതപരിവർത്തനം നടത്തിയ ക്രൂരൻ എന്നിങ്ങനെ പോകുന്നു മഹാനെതിരെയുള്ള ആരോപണങ്ങൾ. പ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരൻ ലിയോൺ ബി ബോറിങ് മതഭ്രാന്തിൽ ടിപ്പു നാദിർഷാ, മഹ്മൂദ് ഗസ്നി, അലാവുദ്ദീൻ ഖിൽജി എന്നിവർക്കൊപ്പമാണെന്നാണ് എഴുതിയത്. കിർക് പാട്രിക് അസഹിഷ്ണുവായാണ് മഹാനെ കാണുന്നത്. ദ ഹിസ്റ്ററി ഓഫ് മൈസൂർ എന്ന തന്റെ ഗ്രന്ഥത്തിൽ വിൽക്സ് കടുംപിടുത്തക്കാരനായ മതഭ്രാന്തൻ എന്നാണ് മഹാനെ വിളിക്കുന്നത് .
ഈ ആരോപണങ്ങളൊക്കെ അടിസ്ഥാന രഹിതമാണെന്ന് ഒരു ഉദാഹരണത്തിലൂടെ നമുക്ക് ബോധ്യപ്പെടും.
ഒരു ഇംഗ്ലീഷ് എഴുത്തുകാരൻ ആരോപിക്കുന്നു ‘ കൂർഗ് പട്ടണത്തിൽ മാത്രം സുൽത്താൻ 70,000 പേരെ ഇസ്ലാം സ്വീകരിക്കാൻ നിർബന്ധിച്ചു’ വെന്ന്.
തീർത്തും പൊള്ളയായ ആരോപണമാണിത്. സുൽത്താന്റെ ഭരണകാലത്ത് കൂർഗിലെ ജനസംഖ്യ അതിൻറെ പകുതി പോലുമില്ല എന്നത് ഏതൊരു ശരാശരി ചരിത്രവിദ്യാർത്ഥികൾക്കും അറിയാവുന്ന കാര്യമാണ്. രാംചന്ദ്രറാവു പാൻഗ് നൂരി എന്ന ഹിന്ദു ചരിത്രകാരൻ പറഞ്ഞത് ടിപ്പു കൂർഗ് കീഴടക്കിയതിന് ശേഷം 500 പേർ ഇസ്ലാം ആശ്ലേഷിച്ചുവെന്നാണ്. ഹിന്ദു മതത്തിലെ ജാതിവ്യവസ്ഥയിൽ മനംനൊന്ത് ഹിന്ദുക്കളൊന്നടങ്കം ക്രിസ്തുമതത്തിൽ ചേരാനിരുന്ന നേരത്താണിതെന്നും അദ്ദേഹം പറയുന്നു. മഹാൻ അവരോട് സ്വമതത്തിൽ തന്നെ തുടരാൻ അവരോട് ആവശ്യപ്പെട്ടു. അഥവാ നിവൃത്തിയില്ലെങ്കിൽ ഇസ്ലാം മതത്തിൽ ചേരുന്നതിനെ കുറിച്ച് ആലോചിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഒരു ഭരണാധികാരിയിൽ നിന്നും ഇങ്ങനെ ഉദാര സമീപനം നേരിട്ടാൽ ആ ഭരണാധികാരിയുടെ മതത്തിലേക്ക് ആകർഷിക്കപ്പെടുക എന്നത് സ്വാഭാവികമല്ലേ?
ചില ഹിന്ദുക്കളോട് സുൽത്താൻ കണിശമായി പെരുമാറി എന്നത് സത്യമാണ്. കൃഷ്ണറാവുവിനെയും സഹോദരങ്ങളെയും ശിക്ഷിച്ചത് ഒരു ഉദാഹരണം. പക്ഷേ അത് അവർ മറ്റുമതസ്ഥരായത് കൊണ്ടൊന്നുമല്ല, ചതിയും വഞ്ചനയും കാണിച്ചതിനാലാണ്.
ചില മുസ്ലിംകളോടും കണിശമായി പെരുമാറിയിരുന്നു. മുഹമ്മദ് ഖാസിം, ഉസ്മാൻ ഖാൻ കശ്മീരി എന്നിവർ വഞ്ചനാകുറ്റത്തിന് വധിക്കപ്പെട്ടു. ബ്രിട്ടീഷ് പട്ടാളക്കാരുമായി അവിഹിത വേഴ്ചയിൽ ഏർപ്പെട്ട മുസ്ലിം സ്ത്രീകളെ ശിക്ഷിച്ചു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മഹാൻ മുസ്ലിം വിരുദ്ധനാണെന്ന് ആരെങ്കിലും പറയുമോ? മുസ്ലിം കുറ്റവാളികൾക്ക് മാപ്പു കൊടുക്കുകയും ഇതരമതസ്ഥരായ കുറ്റവാളികൾക്ക് മാത്രം ശിക്ഷ കൊടുക്കുകയും ചെയ്തിരുന്നെങ്കിൽ അദ്ദേഹത്തിനെതിരെയുള്ള ആരോപണം ശരിയാകുമായിരുന്നു.
മദ്യനിരോധനം, ബഹുഭർതൃ സമ്പ്രദായം, നരബലി, ലിംഗാരാധന,ആർഭാട വിവാഹം തുടങ്ങിയ മതപരവും അല്ലാത്തതുമായ കാര്യങ്ങൾ മഹാൻ നിരോധിച്ചിരുന്നുവെന്നതും നേരാണ്. പക്ഷേ, ഏതെങ്കിലും ഒരു മതത്തിന്റെ പ്രതലത്തില്‍നിന്നുകൊണ്ടായിരുന്നില്ല ഈ നിരോധനങ്ങളൊന്നും ഉണ്ടായത്. പ്രത്യുത, ധാര്‍മികതയുടെയും സാമൂഹികാരോഗ്യ സുരക്ഷയുടെയും പ്ലാറ്റ്‌ഫോമില്‍നിന്നായിരുന്നു. മതത്തിന്റെ പ്രതലത്തിൽ നിന്നായിരുന്നുവെങ്കിൽ ഇതര മതത്തിന്റെ ആരാധനാലയ നിർമാണങ്ങളിലും അനുബന്ധകാര്യങ്ങളിലും മഹാൻ ഇടപെട്ടത് എന്തിനായിരുന്നു? ഇങ്ങനെ പലതും നിരോധിക്കപ്പെട്ടിട്ടും മരണം വരെ മഹാൻറെ കൂടെ തന്നെ നിൽക്കാനല്ലേ ഭൂരിപക്ഷ ഹിന്ദുക്കളും തയ്യാറായത്?
മഹാൻറെ മയ്യിത്ത് കൊണ്ടു പോകുമ്പോൾ വിലാപയാത്രയിൽ അണിനിരന്ന ഹിന്ദു സ്ത്രീകൾ മുടിയഴിച്ചിട്ട് , തലയിൽ മണ്ണുപൂശി നിലവിളിച്ചത് ആർക്കാണറിയാത്തത്?

മഹാൻറെ ചരിത്രം എത്ര സൂക്ഷ്മമായി വീക്ഷിച്ചാലും മതഭ്രാന്തിൻറെ ഒരു അംശം പോലും കാണാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. ഭരണം മുതൽ മരണം വരെ മതസഹിഷ്ണുതയുടെ കാവലാളായിരുന്ന മഹാനെ ഇനിയും കുത്തിനോവിക്കാതെ മരണാനന്തരവും ചരിത്രത്തിൽ അങ്ങനെ തന്നെ ചിത്രീകരിക്കപ്പെടാൻ നാം ശ്രമിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം നാം മഹാനോട് അനീതി കാണിച്ചവരായി മാറും.

അവലംബം :-

*ടിപ്പു സുൽത്താൻ (മുഹമ്മദ് ഇൽയാസ് നദ് വി )
*Islam on Web
(മുഖ്യധാരാചരിത്രം ടിപ്പുവിനോട് അനീതി കാണിച്ചിട്ടുണ്ട്)