ചരിത്രങ്ങളിലേക്ക് പറക്കുന്ന പക്ഷികൾ

-റംസാൻ ഇളയോടത്ത്

മലയാളത്തിലെ അറിയപ്പെടുന്ന ജേര്ണലിസ്റ്റും ഇപ്പോൾ മനോരമ ന്യൂസിന്റെ സീനിയർ കോ -ഓർഡിനേറ്റർ എഡിറ്ററുമായ പ്രമോദ് രാമന്റെ എട്ട് കഥകളടങ്ങുന്ന പുസ്തകമാണ് ‘ബാബരി മസ്ജിദിൽ പക്ഷികൾ അണയുന്നു ‘ എന്നത് . കഥാകാരൻ ഈ പുസ്തകത്തിന്റെ പേരായി എടുത്തിട്ടുള്ളത് ഈ കഥാ സമാഹാരത്തിലെ അവസാന കഥയുടെ തലക്കെട്ടാണ് .മറ്റു കഥകളെക്കാളേറെ പ്രസക്തിയും ചരിത്ര ദൗത്യവും അവസാന കഥ പേറുന്നത് കൊണ്ടാവാം പ്രമോദ് രാമൻ തന്റെ ഈ പുസ്തകം ആ ഒരൊറ്റ കൃതിയുടെ പേരിലറിയാൻ ആഗ്രഹിച്ചത് .
ബാബരി മസ്ജിദ് എന്ന ചരിത്ര സത്യത്തിൽ ഐതീഹ്യങ്ങളുടെയും ഭാവനയുടെയും നുണകൾ പേറുന്നത് പോലെ ഭാവനയും ചരിത്ര സത്യങ്ങളും കൂട്ടിയോജിപ്പിച്ചു കൊണ്ടാണ് ‘ബാബരി മസ്ജിദിൽ പക്ഷികൾ അണയുന്നു ‘ എന്ന കഥ കഥാകാരൻ തയ്യാറാക്കിയിട്ടുള്ളത് .പക്ഷെ അതൊരിക്കലും ചരിത്ര സത്യങ്ങളെ വളച്ചൊടിക്കാനോ സത്യത്തിനു മുകളിൽ അസത്യത്തെ സ്ഥാപിക്കാനോ ചെയ്ത ഒരു പ്രവർത്തിയല്ല .മറിച്ച് ഒരു ചരിത്ര സത്യത്തെ കഥയാക്കി മാറ്റുമ്പോഴുള്ള കൂട്ടി ചേർക്കലുകളായേ അതിനെ കാണാൻ പറ്റുകയുള്ളൂ .
ചരിത്രകാരിയായ പ്രഫസർ റൊമീളാ ഥാപ്പറും കേരളത്തിലെ കാഞ്ഞങ്ങാട്ടെ ചരിത്രകുതുകിയായ ആതിരയും ബാബരി മസ്ജിദ് കാണാൻ അയോധ്യയിലേക്ക് പോകുന്നതാണ് കഥയുടെ രത്നച്ചുരുക്കം .റൊമീളാ ഥാപ്പർ എന്നത് ഇന്ത്യയിലെ ഒരു പ്രശസ്ത ചരിത്രകാരിയാണെങ്കിലും ആതിര ഒരു സാങ്കൽപ്പിക കഥാപാത്രമാണ് .
2019 മെയ് 30 എന്ന ഒരു തിയ്യതിയെ ആദ്യം പറഞ്ഞു കൊണ്ടാണ് കഥ ആരംഭിക്കുന്നത് .ചരിത്രത്തിൽ തിയ്യതികൾക്ക് വളരെയധികം പ്രാധാന്യമുണ്ട് . കഥ മുന്നോട്ട് പോകുന്നത് ചരിത്രത്തിന്റെ കൃത്യമായ തെളിവുകളോടെയാണ് വായനക്കാരനെ ബോധ്യപ്പെടുത്താനാവും തിയ്യതിയിൽ നിന്ന് തന്നെ കഥാകാരൻ കഥയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ടാവുക .
ആതിരയും ഥാപ്പറും തമ്മിലുള്ള ഫോൺ സംഭാഷണത്തിനിടെ ‘ബാബരി മസ്ജിദ് പൊളിയാതെ ഇപ്പോഴും അവിടെ തന്നെയുണ്ടോ ‘ എന്ന ആതിരയുടെ ചോദ്യമാണ് കഥയെ മുന്നോട്ട് നയിക്കുന്നത് .ഈ ചോദ്യം കേട്ട് ഉത്തരമില്ലാതെ ഒരുവേള നിൽക്കുകയാണ് ഥാപ്പർ .ഒരു ലേഖനത്തിന്റെ ‘തകരാത്ത ബാബരി മസ്ജിദ് ‘ എന്ന തലക്കെട്ട് കണ്ടാണ് ആതിര ആ ചോദ്യത്തിന് മുതിരുന്നത് . ബാബരി മസ്ജിദ് ഒരു ചരിത്ര സത്യമാണെന്നും ഭൗതിക പരമായി അത് തകർക്കപ്പെട്ടുവെങ്കിലും അത് ചരിത്രത്തിൽ തലയെടുപ്പോടെ നിലനില്കുന്നുണ്ടെന്ന സത്യത്തെ കുറിച്ച് പറയുന്നതാകും ആ ലേഖനം . ഇങ്ങനെയൊരു തലക്കെട്ട് കണ്ട് അത്തരത്തിലുള്ള ഒരു ചോദ്യം ഉന്നയിക്കാൻ ആതിരയെ പ്രേരിപ്പിച്ചതും ബാബരി മസ്ജിദ് ചരിത്ര സത്യമായി നിലനിൽക്കുന്നുണ്ടെന്ന തന്റെ മതേതര ബോധം കൊണ്ടു തന്നെയാണ് . ഈയൊരു ചോദ്യത്തിന് കൃത്യമായ ഒരുത്തരം നൽകാനാകാതെ റൊമീളാ ഥാപ്പർ ഒരു നിമിഷം നിശ്ശബയായതും ഇതേ ബോധ്യം കൊണ്ടു തന്നെയാകും .ഒരു പക്ഷെ തകർക്കപ്പെട്ടിട്ടില്ലെങ്കിൽ അത് കാണാൻ പോവണമെന്ന ആതിരയുടെ അഭിപ്രായത്തിൽ നിന്നുമാണ് കാഞ്ഞങ്ങാട്ട് നിന്നും ആതിര ട്രെയിൻ കയറുന്നതും ഡൽഹിയിൽ നിന്ന് റൊമീളാ ഥാപ്പർ ആതിരയുടെ അടുത്തേക്ക് ഫ്ളൈറ് കയറുന്നതും .
ട്രെയിനിൽ വെച്ച് ആതിരയ്ക്ക് കോട്ടയംകാരിയായ ഒരു നേഴ്‌സിനെ സഹയാത്രികയായി ലഭിക്കുന്നുണ്ട് . ഉഡുപ്പിയിൽ ജോലി ചെയ്യുകയാണ് അവർ .അവരുടെ കുശലാന്വേഷണങ്ങൾക്കിടെ ലഖ്‌നൗ വരെ എന്തിനാണ് പോകുന്നതെന്ന നഴ്‌സിന്റെ ചോദ്യത്തിന് അയോധ്യയിലേക്കാണെന്ന് ആതിര മറുപടി നൽകുന്നു .അയോദ്ധ്യ ഹിന്ദുക്കൾക്ക് സ്‌പെഷ്യൽ സ്ഥലമാണല്ലോ എന്ന നേഴ്‌സിന്റെ മറുപടി കേട്ട് ആതിര അവളെ സൂക്ഷിച്ചു നോക്കുന്നു . ഒരു സ്ഥലനാമത്തെ രാജ്യത്തെ ഫാഷിസ്റ്റുകൾ എത്രമാത്രം മിത്തുവൽക്കരിക്കുകയും രാഷ്ട്രീയവൽക്കരിക്കുകയും അത് പുതു തലമുറയുടെ ഹൃദയത്തിലേക്ക് എത്രത്തോളം ആഴത്തിലിറങ്ങിട്ടുമുണ്ടെന്നുള്ള ഒരു ശരാശരി മതേതരവാദിയുടെ ഞെട്ടൽ നമുക്ക് ആതിരയുടെ ആ നോട്ടത്തിൽ നിന്ന് കാണാനാകും . ബാബരി മസ്ജിദ് കാണുക എന്നതാണ് തന്റെ യാത്ര ഉദ്ദേശം എന്ന് ആതിര മറുപടി പറയുമ്പോൾ അതിലെ ബാബ്‌രി മസ്ജിദിനെ മുൻപ് എവിടെയും കേൾക്കാത്ത വിധം അതെന്താണെന്ന് നേഴ്സ് ചോദിക്കുന്നു .നമ്മുടെ രാജ്യത്ത് ഇപ്പോഴും പ്രൗഢിയോടെ ഉയർന്ന് നിൽക്കേണ്ടിയിരുന്ന ഒരു ചരിത്ര സ്മാരകത്തെ നമ്മുടെ ജനത മറന്നുപോയതിനെ കുറിച്ചും ഇന്ത്യൻ ഫാസിസം അതിനെ ജനങ്ങളുടെ ബോധ തലങ്ങളിൽ നിന്ന് എടുത്തു കളഞ്ഞതിനെ കുറിച്ചും നമ്മെ ബോധ്യപ്പെടുത്തുന്നതാണ് ആ കഥാപത്രത്തിന്റെ ചോദ്യം
ആതിര സഞ്ചരിച്ചു മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സിൽ വഴിയിൽ വെച്ച് രാമൻ,ശിവൻ ,ഗണപതി,ദേവി എന്നിങ്ങനെയുള്ള ദൈവങ്ങൾ വന്നു കയറുന്നു . ആതിര അവർക്കെല്ലാം കൈ കൊടുത്തു കുശലം പറയുന്നു .സൗഹൃദത്തിന്റെ രൂപങ്ങളായിട്ടാണ് ആതിര അവരെയെല്ലാം തിരിച്ചറിയുന്നത് . വർഗ്ഗീയ ഫാസിസ്റ്റുകൾ ദൈവങ്ങളെ തങ്ങളുടെ പാർട്ടി മെമ്പര്മാരാക്കുകയും ആരാധനാലയങ്ങളെ പാർട്ടി ആപ്പീസാക്കുകയും അവരുടെ പേരിൽ ജനങ്ങൾക്കിടയിൽ ചേരി തിരിവ് സൃഷ്ടിച്ച് രാഷ്ട്രീയപരമായി മുതലെടുക്കുന്നവരാണ് .
ആതിരയും റൊമീല ഥാപ്പറും അയോധ്യയിലേക്ക് വണ്ടി കയറുമ്പോൾ അവരെ വഴികാട്ടുന്നത് റൊമീല ഥാപ്പറും കെഎൻ പണിക്കരും എഴുതിയ ചരിത്ര പുസ്തകങ്ങളാണ് .രാമായണത്തിലെ അയോദ്ധ്യ ഇപ്പോൾ കാണാൻ പോകുന്നതാണെന്നതിന് ഒരു ഉറപ്പുമില്ലെന്ന് കെഎൻ പണിക്കർ തന്റെ ബുക്കിൽ നിന്നും ഇടയ്ക്ക് വിളിച്ചു പറയുന്നു .അതിനെ സാധൂകരിക്കുവാനുള്ള തെളിവുകളും കെഎൻ പണിക്കർ തന്റെ പുസ്തകത്തിൽ കോറിയിട്ടിട്ടുണ്ട് .യാത്ര മദ്ധ്യേ പരിസരത്തെ ഒരു കച്ചവടക്കാരനോട് ആതിര ബാബരി മസ്ജിദിലേക്കുള്ള വഴി ചോദിച്ചറിയുന്നു.അതു വരെ ശാന്തനായ ആ കച്ചവടക്കാരൻ പിന്നീട് രോക്ഷാകുലനാകുന്നു .ബാബരി മസ്ജിദിനെ ഉപയോഗിച്ച് സമൂഹത്തിൽ വർഗീയ വാദികൾക്ക് എത്രത്തോളം വെറുപ്പ് പടർത്താൻ കഴിഞ്ഞിട്ടുണ്ടെന്നും ബാബരി എന്ന ചരിത്രത്തിനു മുകളിൽ രാമ ജന്മഭൂമി എന്ന മിഥ്യയെ അവർക്കെത്രമാത്രം സ്ഥാപിച്ചെടുക്കാൻ കഴിന്നുവെന്നും നമുക്ക് ഇതിലൂടെ മനസ്സിലാക്കാം .കച്ചവടക്കാരന്റെ ദേഷ്യം കണ്ട് മോദി വീണ്ടും അധികാരത്തിലേറിയോ എന്ന് ആതിര റൊമീല ഥാപ്പറോട് ചോദിക്കുന്നു .ഇന്ത്യൻ ഫാസിസം ജനാധിപത്യ വ്യവസ്ഥയിലൂടെ തന്നെ വീണ്ടും അധികാരത്തിലേറിയിരിക്കുന്നു .കാർ ഡ്രൈവർ വഴിമദ്ധ്യേ ഒരാളോട് രാമ ജന്മ ഭൂമി എവിടെ എന്ന് ചോദിച്ചാണ് വഴി മനസ്സിലാക്കുന്നത് .കൃത്യമായി നുണകളിലൂടെ സത്യത്തെ ഒരു ജനതയിൽ നിന്നും മായ്ച്ചു കളഞ്ഞതിനെ നമുക്കിവിടെയും കാണാനാകും .
സെക്യൂരിറ്റി പോസ്റ്റിനിടെ കാർ നിർത്തി ഇരുവരും നടന്നു പോകുന്നു . അതിനിടെ ഇരുവരുടെയുമുള്ളിൽ പല ചോദ്യങ്ങളുമുയരുന്നണ്ട് .നടത്തിനിടെ ആതിര റൊമീളാ ഥാപ്പറോട് തിരിച്ചു നടക്കാൻ ആവശ്യപ്പെടുന്നു .അവൾ കാണാനാഗ്രഹിക്കുന്ന ബാബരി മസ്ജിദ് ആ വഴിയിലല്ല .പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് കൈ ചൂണ്ടി റൊമീളാ ഥാപ്പർ ആതിരയ്ക്ക് ബാബരി മസ്ജിദിന്റെ താഴിക കുടങ്ങൽ നിന്നിരുന്ന സ്ഥാനം കാണിച്ചു കൊടുക്കുന്നു .ഓരോ ദിവസവും ആകാശത്തിന്റെ ആ ഇടത്തിൽ സൂര്യൻ അനുഭവിക്കുന്ന നഷ്ടം എന്താകുമെന്ന് റൊമീളാ ഥാപ്പർ ആ സമയം ഓർക്കുന്നു .
സ്വാതന്ത്ര്യ ഇന്ത്യ സ്വയം നിർമ്മിക്കുവാൻ തടവറയിലാക്കിയ ഏത് പ്രത്യയ ശാസ്ത്രത്തേയാണോ അത് തടവറകൾ ബേധിച്ചു ഇന്ത്യയുടെ അധികാരത്തിന്റെ കിരീടവും ചെങ്കോലും അധീനതപ്പെടുത്തിയിരിക്കുന്നു .
കഥയുടെ അവസാനം ആതിര റൊമീളാ ഥാപ്പറോട് പറയുന്നത് പോലെ ബാബരി മസ്ജിദിനെ ആർക്കും പൊളിച്ചു മാറ്റാൻ കഴിയില്ല.അതൊരു ചരിത്ര സത്യമാണ് .അത് ചരിത്രത്തിൽ പ്രൗഢിയോടെ ഉയർന്നു നിൽക്കും .ആ ചരിത്ര സ്മാരകത്തിന്റെ താഴിക കുടങ്ങളിലേക്ക് ചരിത്രത്തിന്റെ പക്ഷികൾ പറന്നണയുകയും ചെയ്യും …