നുബ്‌ല ഖരീർ ആയഞ്ചേരി
(റഹ്മാനിയ്യ വനിതാ കോളേജ് കടമേരി )
തന്റെ ഭർത്താവിന്റെ കൂടെ സ്വന്തം വിശ്വാസം അനുസരിച്ച് ജീവിക്കണമെന്ന ഹാദിയ എന്ന പെൺകുട്ടിയുടെ ജനാധിപത്യപരമായ ആഗ്രഹത്തെ മതേതര സമൂഹം എങ്ങനെയാണ് സ്വീകരിച്ചതെന്ന് നാം കണ്ടതാണ്. എന്നത്തെയുമെന്ന പോലെ മതത്തിന്റെ വിശയത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല എന്ന മുടന്തൻ ന്യായവാദങ്ങളിൽ പിടിച്ചാണ് ഇടത് ലിബറൽ ബോധം അത്തരം വിഷയങ്ങളിൽ പ്രതികരിച്ചത്. സ്കൂൾ കലോത്സവ വേദികളിൽ വിളക്കുകാൽ നാട്ടിയും ഉദ്ഘാടന വേളയിൽ നിലവിളക്ക് കൊളുത്തിയും തങ്ങൾ സ്വീകരിക്കുന്ന ‘മതേതര’ നിലപാടുകൾ പക്ഷേ യാഥാർത്ഥ്യ ബോധമുള്ളവർക്ക് ഉൾകൊള്ളാൻ കഴിയുന്ന ഒന്നല്ല എന്നതായിരുന്നു വാസ്തവം. ഈയിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വിവാഹ വീഡിയോ അത്തരത്തിൽ ഒന്നായിരുന്നു. തട്ടമിട്ട മുസ്ലിം പെൺകുട്ടിയും ഇതര സമുദായത്തിൽ പെട്ട ഒരു യുവാവും തമ്മിലുള്ള വിവാഹം. അവർ നിൽക്കുന്നത് മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ബോർഡിനു താഴെ. പക്ഷേ ഇത്തരം വിവാഹങ്ങളിൽ പുലർത്തി പോരുന്ന ആചാരങ്ങളിലെ നടപടി ക്രമങ്ങളാണ് അതിന്റെ ദിശ ക്യത്യമായ് നിർണയിക്കുന്നത്. വധുവിന്റെ കരം പിടിച്ച് ഏഴു പ്രാവിശ്യം പ്രദിക്ഷണം വെക്കുമ്പോൾ മാത്രം തീരുന്ന ആചാരങ്ങൾ മതത്തിന്റെ പട്ടികയിലല്ലാതെ വേറെ ഏതിലാണ് ചേർക്കാനാവുക.
നിലപാടിലെ വൈരുധ്യം
ഒരു മത വിശ്വാസിയുടെ പൗരാവകാശത്തിന് വേണ്ടി അതിൽ ഞങ്ങൾ ഭാഗമാകില്ല എന്നു പറയുന്നവർ മതത്തിനെതിരെയുള്ള സമരങ്ങളിൽ മുൻപന്തിയിലുള്ളതായ് കാണാം. മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദിച്ച മലാല യൂസുഫ് സായിയെ ക്യാമ്പസുകളിലും തെരുവുകളിലും ആഘോഷിച്ചവർ എന്തു കൊണ്ടാണ് കേരളത്തിലെ മുപ്പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശിരോവസ്ത്ര നിരോധനത്തെക്കുറിച്ച് മൗനം പാലിച്ചത് എന്ന് ചർച്ച ചെയ്യേണ്ടതാണ്. ഉന്നത ബിരുദ കലാലയങ്ങളിലെ മഫ്ത ധരിച്ച മുസ്ലിം പെൺകുട്ടികളുടെ സമകാലിക സാനിധ്യത്തേക്കാൾ ഇടത് പൊതു ബോധത്തെ ആകർഷിച്ചതും ഇവർ ചർച്ചയാക്കിയതും വിലാപത്തിലെ ഷാഹിനെയെയാണ് എന്നത് രസകരമായ മറ്റൊരു വസ്തുതയാണ്. രണ്ടു വർഷം മുമ്പ് മടപ്പള്ളി കോളേജിലെ സൽവ അബ്ദുൽ ഖാദർ എന്ന പെൺകുട്ടി ഇലക്ഷനിൽ മത്സരിച്ചതിന്റെ പേരിൽ അസഭ്യ വർഷങ്ങൾ നടത്തിയതിന് പുറമെ അവൾക്കെതിരെ പ്രയോഗിക്കാനുള്ള ഏറ്റവും നല്ല ആയുധം തട്ടമിട്ട തീവ്രവാദി എന്ന പദം തന്നെയായിരുന്നു.
മുസ്ലിം സ്ത്രീയുടെ വസ്ത്രധാരണയുമായ് ബന്ധപ്പെട്ട് മതപാഠ ശാലാ ക്ലാസിൽ അധ്യാപകൻ നടത്തിയ പരാമർശം വത്തക്ക സമരത്തിൽ കൊണ്ടെത്തിച്ചത് ഇത്തരം വാദങ്ങളുടെ തുടർച്ചയായിരുന്നു. പൊതു ഇടങ്ങളിൽ ആൺ ശരീരം അനുഭവിക്കുന്ന സ്വാതന്ത്ര്യം അതേ അളവിൽ തങ്ങൾക്കും അനുവദിക്കുക അല്ലെങ്കിൽ ആൺ ശരീരം തുറന്ന് കാട്ടാനുള്ള അതേ സ്വാതന്ത്ര്യം തങ്ങൾക്കും ലഭ്യമാക്കുക തുടങ്ങിയ ആഹ്വാനങ്ങളായിരുന്നു സമരത്തിൽ ഉയർത്തപ്പെട്ടത്. പക്ഷേ സമരത്തെ അനുകൂലിച്ച് മാറ് തുറന്ന് മുഖം മൂടി ഫോട്ടോക്ക് പോസ് ചെയ്തത് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചകളെ വീണ്ടും ആശയക്കുഴപ്പത്തിലാക്കി.
ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ രാജ്യത്ത് നടക്കുന്ന വിവാഹ മോചനങ്ങളിൽ ചെറിയൊരു ശതമാനം മാത്രമാണ് മുസ്ലിം സമൂഹത്തിന്റേത്. മുത്തലാഖ് ക്രിമിനൽ നിയമമാക്കുന്നതും ത്വലാഖ് ചൊല്ലിയ പുരുഷനെ മൂന്നു വർഷം ശിക്ഷിക്കുന്നതും സ്ത്രീകൾ അകപ്പെട്ട പ്രയാസത്തിൽ നിന്നും അവരെ കരകയറ്റുന്നതിനും അവരുടെ കണ്ണീർ തുടയ്ക്കുന്നതിനും വേണ്ടിയാണെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്. മദ്യവും മയക്ക് മരുന്നും സാമൂഹിക അസ്മത്വങ്ങളും അടിച്ചമർത്തലുകളും ഇതിനേക്കാൾ വലിയ പ്രയാസങ്ങളും കണ്ണീർ കടലും സ്ത്രീക്ക് സമ്മാനിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്.
ഇവിടെ സ്ത്രീ സ്വാതന്ത്യത്തിന്റെ മാനദണ്ഡം എന്താണ്. സ്ത്രീകൾ മാറിടം മറച്ച് ക്ലാസ് റൂമുകളിലും പൊതു ഇടങ്ങളിലും വരുന്നതല്ലേ നല്ലത് എന്ന് ഒരു അധ്യാപകൻ തന്റെ പഠിതാക്കളോട് സ്റ്റേഹത്തോടെ ഉപദേശിച്ചപ്പോൾ ഞങ്ങൾ മാറിടം തുറന്നിടുക മാത്രമല്ല ചെയ്യുകഅതിൽ വത്തക്ക കെട്ടിവെച്ച് നടക്കയും ചെയ്യുമെന്ന് നടു റോട്ടിൽ വെല്ലു വിളിക്കുന്നതാണ് സ്ത്രീത്വത്തിന്റെ മാനദണ്ഡമെങ്കിൽ അത്തരം സ്ത്രീ സ്വാതന്ത്ര്യം ഞങ്ങൾക്കാവശ്യമില്ല. മാത്രമല്ല അത്തരം മഹിളാ രത്നങ്ങൾ ഇത്തരം പുരോഗമനവാദക്കാരുടെ കൂടാര പരിസരങ്ങളിൽ സ്വതന്ത്ര്യരായ് മേഞ്ഞു നടക്കുന്നത് നീരസത്തോടെ പൊതു സമൂഹം കാണുന്നുമുണ്ട്. ഇനി മുറിവസ്ത്രം ധരിച്ചു കൊണ്ടും അർദ്ധ നഗ്നകളായും പൊതു ഇടങ്ങളിൽ പ്രദർശന വസ്തുക്കളാക്കുന്നത് മഹത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മാനദണ്ഡമാക്കുന്നുവെങ്കിൽ അത്തരം സ്ത്രീ സ്വാതന്ത്യം ഒരു മഹത്വമോ ആദരവോ ആയി മുസ്ലിം കാണുന്നില്ല. ഭർത്താവ് മരിച്ചു പോയ സ്ത്രീ എത്ര ചെറിയ പ്രായമാണെങ്കിലും അടുക്കളയിലെ കരിം ചുമരുകൾക്കുള്ളിൽ നാല് പതും അൻപതും കൊല്ലം നരകിപ്പിച്ച് ആർക്കും വേണ്ടാത്തവളാക്കി നിർത്തുന്ന ചിലരുടെ സംസ്കാരമാണ് നന്മയായ് തോന്നുന്നതെങ്കിൽ അത്തരം നന്മയും ഞങ്ങൾക്കാവശ്യമില്ലെന്നും വിനയപൂർവ്വം ഉണർത്തട്ടെ.
മുസ്ലിം സ്ത്രീ മുന്നേറ്റം
ഭൗതിക ജീവിത സൗകര്യങ്ങളും താൽപര്യങ്ങളും ആദർശത്തിനും വിശ്വാസത്തിനും എതിരായ് വരുമ്പോൾ ദുനിയാവിന്റെ സുഖ സൗകര്യങ്ങളെ കുറിച്ച് ചിന്തിക്കാതെ മുന്നേറുന്ന ധാരാളം മഹത് വനിതകളെ പ്രവാചകന്റെ കാലഘട്ടം സംഭാവന ചെയ്തിട്ടുണ്ട് . പുരുഷൻ മാരോടൊപ്പം യുദ്ധത്തിന് പോകാൻ അവർ തയ്യാറായിരുന്നു. രക്തസാക്ഷിത്വം അഭിലാഷമാക്കി മാറ്റിയിരുന്നു അവർ. മുറിവേറ്റർക്ക് ഭക്ഷണവും മരുന്നും നൽകാൻ പ്രവാചക ഘട്ടത്തിലെ സ്ത്രീകൾ യുദ്ധക്കളത്തിൽ സേവന നിരതരായിരുന്നു. കച്ചവടം ചെയ്യാനും വിവാഹ മൂല്യം ധാനം ചെയ്യാനും ഇണയെ തീരുമാനിക്കാനും വിവാഹ ജീവിതത്തിൽ നിന്ന് സ്വയം പിന്മാറാനും അവൾക്ക് അനുവാദമുണ്ടായിരുന്നു. പള്ളിക്കൂടം അവരുടെ മുമ്പിൽ ആരും തടഞ്ഞിരുന്നില്ല. സാമ്പത്തിക രംഗത്ത് അവൾ ഉടമയും സ്വതന്ത്ര്യയുമായിരുന്നു. രാഷ്ട്രത്തിന്റെ ഭാവി ഭാവിധേയം നിർണയിക്കുന്നതിൽ അവരുടെ കൂടി അഭിപ്രായവും ആരാഞ്ഞിരുന്നു. വിവാഹാലോചനയുമായ് വരുന്ന പുരുഷന്റെ മുമ്പിൽ ഇസ്ലാം നിബന്ധനയായ് സമർപ്പിക്കാൻ മാത്രം ആദർശ നിഷ്ഠയും ഉൽക്കർഷ ബോധവും അവർ ആർജിച്ചിരുന്നു. കുടുംബ ജീവിതത്തിലാവട്ടെ സുരക്ഷിതത്വവും അഭിമാനകരമായ പദവിയും സ്ത്രീകൾക്ക് ലഭ്യമാവുകയും ചെയ്തു.
സ്ത്രീയെ അടിമയാക്കുന്ന ജാഹിലിയ്യ കാലഘട്ടത്തിലെ എല്ലാ സമ്പ്രദായങ്ങളും പൊട്ടിച്ചെറിഞ്ഞ് 23 വർഷത്തെ പ്രയത്നത്തിലൂടെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വിദ്യാഭ്യാസ മേഖലകളിൽ സ്ത്രീയുടെ പദവി ഉയർത്താൻ പ്രവാചകൻ പരിശ്രമിച്ചു. നബി (സ്വ) യുടെ പ്രിയ പത്നി ഖദീജ(റ). ഇസ്ലാമിക ചരിത്രത്തിലെ ആദ്യ രക്തസാക്ഷി സുമയ്യ (റ). സ്വർഗത്തിൽ സ്ത്രീകളുടെ നേതാവ് നബി (സ്വ)യുടെ പ്രിയ പുത്രി ഫാത്വിമ (റ). നബി (സ്വ)യുടെയും അബൂബക്കർ (റ)ന്റെയും പാലായനത്തിലെ ആസൂത്രകയായ അസ്മ (റ). ചരിത്രത്തിൽ എന്നുമെന്നും പ്രകാശിക്കുന്ന ഉമറുൽ ഫാറൂഖിനെ പോലെ മഹോന്നതനായ ഒരു വ്യക്തിയെ ഖുർആൻ പഠനത്തിന് പ്രേരിപ്പിച്ച സഹോദരി ഫാത്വിമ (റ). ഇസ്ലാമിക രാഷ്ട്രത്തിന്റെ പിറവിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കരുനീക്കങ്ങളുടെ ഭാഗമായ് അഖബയിൽ ഒരുമിച്ച് കൂടി കരാറിൽ ഒപ്പുവെച്ച കഅബിന്റെ മകൾ നസീബ. ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ വനിത നഴ്സായി അറിയപ്പെടുന്ന റുഫൈദ . തുടങ്ങി ഖുർആനിന്റെ തണലിലിൽ പ്രവാചകൻ വളർത്തിയെടുത്ത നബി പത്നിമാരും ദീനി വിജ്ഞാനീയങ്ങളുടെ പാo ശാലകൾ ആയിരുന്ന അനേകം മഹിതകളുമുണ്ട് ഇസ്ലാമിക സ്ത്രീ ചരി ത്രത്തിൽ.
ഖുർആനിന്റെ തണലിൽ നബി (സ്വ) വളർത്തിയെടുത്ത നബി (സ്വ)യുടെ പത്നിമാർ ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ പാo ശാലകൾ ആയിരുന്നു. വിജ്ഞാന സമ്പാദനം അവർക്ക് നിർബദ്ധ ബാധ്യതയുമായിരുന്നു. ഉമ്മഹാതുൽ മുഅമീനങ്ങളായ പ്രവാചക പത്നിമാരുടെ അടുക്കൽ വിജ്ഞാന സമ്പാദനത്തിനായ് ധാരാളം ആളുകൾ എത്താറുണ്ടായിരുന്നു. നബി (സ്വ) സത്യദീൻ പ്രബോധനം ചെയ്തപ്പോൾ ആദ്യം അത് സ്വീകരിച്ച വനിത ഖദീജ(റ) യായിരുന്നു. പ്രവാചകന് ആദ്യമായ് വഹ് യ് ലഭിക്കുമ്പോൾ പ്രയാസപ്പെടുന്ന പ്രവാചകനെ ആശ്വസിപ്പിക്കുകയും ഇത് ദൈവിക ദീനാണെന്ന് കൊടുക്കുകയും ചെയ്തു. മുഹമ്മദ് നബി (സ്വ) നാട്ടിൽ നിന്ന് പുറത്താക്കപ്പെടുമെന്ന വറഖതുബ്നു നൗഫലിന്റെ മുന്നറിയിപ്പൊന്നും വക വയ്ക്കാതെ ഖദീജ(റ) ഇസ്ലാം സ്വീകരിക്കുകയാണ് ഉണ്ടായത്.തന്റെ സമ്പത്ത് മുഴുവൻ ദീനിനെ കെട്ടിപ്പടുക്കുന്നതിന് വേണ്ടി ചെലവഴിക്കുകയും മരണം വരെ പ്രവാചകന്റെ താങ്ങും തണലുമായ് നിൽക്കുകയും ചെയ്തു ഖദീജ ബീവി (റ). ബീവിയെക്കുറിച്ച് നബി(സ്വ) പറഞ്ഞു ” ജനങ്ങൾ എന്നെ നിഷേധിച്ചപ്പോൾ ഖദീജ എന്നിൽ വിശ്വസിച്ചു .ജനങ്ങൾ എന്നെ കളവാക്കിയപ്പോൾ ഞാൻ പറഞ്ഞത് സത്യമാണെന്ന് ഖദീജ പറഞ്ഞു. ജനങ്ങൾ എന്നെ കൈവിട്ടപ്പോൾ അവർ തന്റെ ധനം കൊണ്ട് തന്നെ ആശ്വസിപ്പിച്ചു ” .
ഹസ്രത്ത് ആഇശയെ വായിച്ചാൽ അവർ വിശ്വാസികൾക്ക് മാതൃക വനിതയായിരുന്നു എന്ന് മനസ്സിലാക്കാം. നൈസർഗ്ഗികമായ് ഒട്ടേറെ കഴിവുകളുണ്ടായിരുന്നു ആഇശ(റ)ക്ക് . പoനവും മനനവും ജീവിത തപസ്യയാക്കി അവർ. സരീദിന് മറ്റു ഭക്ഷ്യ പദാർത്ഥങ്ങളേക്കാൾ എന്ന പോലെ ആഇശക്ക് മറ്റു സ്ത്രീകളേക്കാൾ ശ്രേഷ്ഠതയുണ്ടെന്ന് പ്രവാചകൻ ഉണർത്തി. ഇസ്ലാമിന്റെ ആദ്യ കാല വിശുദ്ധിയിലും നൈർമല്യത്തിലും വളർന്നു വന്ന മാതൃക വനിതയാണവർ. പ്രവാചകന്റെ ശിക്ഷണമാണ് അവരുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്. നബി (സ്വ) യുടെ ജീവിതവും സന്ദേശവും നേർക്കു നേരെ ഒപ്പിയെടുക്കാനും ഒരു സമൂഹത്തിന് പകർന്നു കൊടുക്കാനും ആഇശ(റ)ക്ക് കഴിഞ്ഞു. മത നിയമങ്ങളിൽ നിന്ന് ഏകദേശം നാലിൽ ഒന്ന് ആഇശ(റ) യിൽ നിന്നാണ് നാം പഠിച്ചിട്ടുള്ളത്. പ്രവാചക വിയോഗത്തിന് ശേഷം ഇസ്ലാമിന്റെ സന്ദേശം അവർ തലമുറകൾക്ക് പകർന്നു കൊടുത്തു. ബഹുമുഖ പ്രതിഭയായിരുന്നു അവർ. പൊതു ജീവിതത്തിലും സ്വകാര്യ ജീവിതത്തിലും വീടകങ്ങളിലും വൈജ്ഞാനിക അന്വേഷണങ്ങളിലും ആ വ്യക്തിത്വത്തിന്റെ തിളക്കം കാണാം. അന്വേഷണ തൃഷ്ണയും നിരൂപണ വൈഭവവുമുള്ള ഒരു യുവതി, മികച്ച അദ്ധ്യാപികയും പണ്ഡിതയുമായ് പടർന്ന് പന്തലിക്കുന്ന പരിണാമമാണ് നാം ആഇശയിൽ കാണുന്നത്. ആഇശ(റ) നെ പറ്റിയുള്ള അപവാദ പ്രചരണത്തെ വിമർശിച്ചുകൊണ്ട് ആഇശ(റ)ക്ക് അനുകൂലമായ് ഖുർആൻ സൂക്തങ്ങൾ അവതരിച്ചു. ആഇശ (റ) യുടെ നേതൃത്വം ലോകജനതയ്ക്ക് മാതൃകയാവണം എന്നത് അല്ലാഹുവിന്റെ തീരുമാനമായിരുന്നു. പ്രവാചക വിയോഗത്തിന് ശേഷം അര നൂറ്റാണ്ട് കാലത്തോളം ഇസ്ലാമിക സമൂഹത്തിന് സർവ്വ വിജ്ഞാന കോശമായ് ആഇശ(റ) നിലകൊണ്ടു. മുസ്ലിം സ്ത്രീ മുന്നേറ്റത്തെ ചരിത്രത്തിലെന്ന പോലെ വർത്തമാനത്തിലും ചിന്തിക്കുന്ന ലോകത്തെ ആകർഷിച്ചിട്ടുണ്ട്.
അരാജക ജീവിതം കൊണ്ടാടപ്പെടുന്ന പടിഞ്ഞാറൻ നാഗരികതയിൽ സ്ത്രീകൾ വലിയ തോതിൽ ഇസ്ലാം ആശ്ലേഷിക്കുന്നതിന് കാരണം സ്വസ്ഥവും സമാധാനപൂർണ്ണവുമായ കുടുംബ ജീവിതം ഇസ്ലാമിൽ സാധ്യമാകും എന്നതിനാലാണ്. ബോംബെയിലെ തെരുവുകളിൽ നിർഭയമായ് നടക്കാൻ കരുത്ത് നൽകിയത് ‘പർദ്ദ ‘ എന്ന വസ്ത്രമായിരുന്നുവെന്ന് പ്രശസ്ത സാഹിത്യകാരി കമല സുരയ്യ പറഞ്ഞിട്ടുണ്ട്. ഇസ്ലാം ലോകത്തെ ആകർഷിക്കുന്നുവെന്നാണ് ഇതിനെല്ലാം അർത്ഥം. ഇസ്ലാമിനെ ഉൾകൊണ്ടു ജീവിക്കുന്ന സ്ത്രീത്വം സമൂഹത്തിന് മുമ്പിൽ വൈകല്യങ്ങളില്ലാതെ തങ്ങളുടെ ആദർശത്തെ പ്രതിനിധീകരിക്കാൻ ശ്രമിച്ചാൽ ഇതിന്റെ ഫലം വലുതായിരിക്കും.