കെ ടി അജ്മൽ പാണ്ടിക്കാട്
എത്ര കണ്ടാലുംകൊതിതീരാത്ത കറുപ്പിൽ വിരിഞ്ഞ പ്രതിഭാസം. ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും കദനകഥകൾക്ക് മൂകസാക്ഷിയാണ് വിശുദ്ധ ഗേഹവും പരിസരവും. നിർമ്മിക്കാൻ കൽപ്പിച്ചത് പ്രപഞ്ചസൃഷ്ടാവായ അള്ളാഹു. എൻജിനീയറിങ്ങ് നിർവ്വഹിച്ചത് ജിബ്‌രീലെന്ന മാലാഖ. നിർമാതാവ് ഇബ്രാഹിം നബി (അ) . അവരുടെ സഹായി ഇസ്മായിൽ നബി (അ). അതുകൊണ്ട് തന്നെ ഇതര കെട്ടിടങ്ങളിൽ നിന്ന് വ്യത്യസ്തമായി ലോകത്ത് ഏറ്റവും ആധികാരികതയുള്ള പുണ്യഗേഹമാണ് കഅബാലയം. അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി ലോകത്ത് ആദ്യമായി പണിതവിശുദ്ധ ഗേഹമാണ് പരിശുദ്ധ കഅബായം. അതു കൊണ്ട് തന്നെ കഅബയുടെ ചരിത്രത്തിന് മുസ്‌ലിംകൾക്കിടയിൽ വലിയ പ്രാധാന്യമുണ്ട് . കഅ്ബയുടെ ചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ കിസ് വത്തുൽ കഅബ:യെ (കഅബയുടെ വസ്ത്രത്തെ) കുറിച്ച് പറയാതിരിക്കാനാവില്ല.
ഏറ്റവുമാദ്യം കഅബാലയത്തെ പൂർണമായും വസ്ത്രം അണിയിച്ചത് ആരെന്ന ചോദ്യത്തിന്റെ ഉത്തരം “താബിഉൽ ഹുമൈരി”എന്നാണ്.അസ്റവീ എന്ന ചരിത്രകാരനാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹം കഅബക്ക് ഒരു വാതിൽ നിർമ്മിക്കുകയും അതിനുമുകളിൽ ഒരു വിരി തൂക്കിയിടുകയും ചെയ്തുവെന്ന് ചരിത്രം പരിശോധിച്ചാൽ നമുക്ക് കാണാനാകും .
എന്നാൽ ഇസ്മാഈൽ നബിയാണ് കഅബക്കാദ്യമായി കിസ് വ അണിയിച്ചതെന്നും ചരിത്രഗ്രന്ഥങ്ങളിൽ കാണാം. അദ്നാൻ ബിൻ ഖാലിദ് ബിൻ ജഅ്ഫർ ബിൻ കിലാബാണ് ആദ്യമായി കഅബക്ക് പട്ടുവസ്ത്രം അണിയിച്ചത് എന്ന് ചരിത്രത്തിൽ കാണാം. അദ്ദേഹംതന്നെയാണ് സുഗന്ധം അടിച്ചുവീശുന്ന കസ്തൂരി കഅബയിൽ ബന്ധിച്ചതും.
വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ കൊണ്ടാണ് കഅ്ബയുടെ കിസ് വ പണ്ടുകാലങ്ങളിൽ അണിയിക്കപ്പെട്ടിരുന്നത്.”വസ്വാ യിൽ” എന്ന പേരിലറിയപ്പെടുന്ന യമനീനിർമ്മിതമായ ചുവന്ന വസ്ത്രവും “മആഫിരിയത്ത്”എന്ന പേരിൽ അറിയപ്പെടുന്ന ഹമദാൻ ഗോത്രക്കാരി ലേക്ക് ചേർക്കപ്പെടുന്ന വസ്ത്രവും മനുസം നിറഞ്ഞ “മലാഅ” വസ്ത്രവും കട്ടിയുള്ള മുടി കൊണ്ട് നിർമ്മിതമായ നൂൽ കൊണ്ടുണ്ടാക്കിയ “മസൂഹ്”എന്ന വസ്ത്രവുമെല്ലാം അതിലുൾപ്പെടും.
ജാഹിലിയാകാലത്ത് തന്നെ വരയുള്ള പച്ചയും മഞ്ഞയും ആയ വസ്ത്രങ്ങൾ കഅബയെ അണിയിച്ചിരുന്നു .
അബാറബീഅത്തു ബ്നു അബ്ദുല്ലാഹിൽ മഹ്സൂമി എന്ന വ്യക്തി എല്ലാവർഷവും യമ നിർമ്മിതമായ ഹിബ്റ (കറുത്ത ബുർഖ ) കഅബയെ ധരിപ്പിച്ചിരുന്നുവെത്രെ!
പുരുഷന്മാർ മാത്രമല്ല സ്ത്രീകൾ പോലും വിശുദ്ധ കഅബാലയത്തിന് കിസ് വ അണിയിച്ചിട്ടുണ്ട്. അബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബ് (റ)വിന്റെ മാതാവായ നതീലത്ത് ബിൻത് ജനാബ് ബ്ൻ കുലൈബ്
എന്ന മഹതി കഅ്ബയെ പട്ട് ധരിപ്പിച്ചിട്ടുണ്ട് .അവർ കഅ്ബയെ കിസ് വയണിയിക്കാൻ പ്രത്യേക കാരണമുണ്ടായിരുന്നു. അതിന്റെ സംക്ഷിപ്തരൂപം ഇങ്ങനെ വായിക്കാം :മഹതിക്ക് തന്റെ മകനായ അബ്ബാസ്(റ) നഷ്ടപ്പെട്ടു. തന്റെ മകനെ തിരിച്ചു കിട്ടിയാൽ താൻ കഅബയെ വസ്ത്രമണിയിക്കുമെന്ന് അവർ നേർച്ച ചെയ്തു. താമസിയാതെ മകനെ തിരിച്ചു കിട്ടി. അവർ തന്റെ നേർച്ച പൂർത്തിയാകുകയും ചെയ്തു .
*കിസ് വത്തുൽ ക അബ: ഇസ്ലാമിക ഭരണകാലത്ത്*
ഒന്നാം ഖലീഫ അബൂബക്കർ (റ)തന്നെ കഅബക്ക് കിസ് വയണിയിച്ചിട്ടുണ്ട് . പക്ഷേ ആ കിസ് വ ഏതിനം വസ്ത്രമാണെന്ന് അറിയപ്പെട്ടിട്ടില്ല . ഉമർ(റ) വർഷാവർഷവും മിസ് രീ നിർമ്മിതമായ ചണത്തുണി കഅബയെ ധരിപ്പിച്ചിരുന്നു. പഴയ കിസ്‌വകൾ ഊരിമാറ്റി ഹാജിമാർക്കിടയിൽ വിതരണം ചെയ്യാനായി ഉമർ (റ)കല്പിച്ചിരുന്നു.
ഉസ്മാൻ(റ) കിസ് വയണിയിക്കാനായി നിരവധി പണം സംഭാവനയായി നൽകിയിട്ടുണ്ട്.
അമവീ ഭരണകാലത്ത് മുആവിയ(റ) വർഷത്തിൽ രണ്ടു പ്രാവശ്യം കഅബയെ ചണത്തുണി അണിയിച്ചിരുന്നു. റമദാൻ അവസാനത്തിലായിരുന്നു ഒന്നാം പ്രാവശ്യത്തെ കിസ്‌വയണിയിക്കൽ ഉണ്ടാകാറുള്ളത്.രണ്ടാം പ്രാവശ്യത്തെ കിസ്‌വയണിയിക്കുന്നത് മുഹറം പത്തിനുമായിരുന്നു. ഖൽഖശൻദി പറയുന്നു: കഅബയുടെ പരിപാലകനായിരുന്ന ശീബത്ത് ബ്ൻ ഉസ്മാൻ മുആവിയ(റ)വിനോട് കഅബയിലെ പഴയ കിസ് വകൾ നീക്കാൻ സമ്മതം ചോദിച്ചു.
മുആവിയ (റ) സമ്മതം നൽകുകയും കഅബയുടെ ചുമരിൽ “ഖുലൂഖ് ” എന്ന സുഗന്ധ പൂശാൻ കൽപ്പിക്കുകയും ചെയ്തു .പരിചാരകൻ പറഞ്ഞതുപോലെ ചെയ്യുകയും ആ കിസ് വകൾ ബർക്കത്തെടുക്കാൻ വേണ്ടി മക്കക്കാർക്കിടയിൽ വിതരണം ചെയ്യുകയും ചെയ്തു.
അബ്ബാസീ ഖലീഫമാരും കിസ് വകൾ നിർമ്മിക്കുന്നതിലും അണിയിക്കുന്നതിലും വലിയ പങ്കുവഹിച്ചിട്ടുണ്ട്. കിസ് വകൾ നിർമിക്കാനായി പ്രത്യേക സ്ഥലങ്ങൾ തന്നെ അവർ തയ്യാറാക്കിയിരുന്നു.
ഹിജ്റ 160 – ൽ അൽ മഹ്ദി ഖലീഫ ബഖ്ദാദിൽ നിന്ന് ചില കിസ് വകളുമായി മക്കയിൽ എത്തുകയും കഅ്ബയെ അത് ധരിപ്പിക്കുകയും ചെയ്തു. അന്നേരം കഅബയുടെ പരിചാരകൻ പറഞ്ഞു: ഇതുകൂടി കഅബക്കു മുകളിലിട്ടാൽ കഅബ തകരും. എത്രയെത്ര കിസ് വകളാണ് കഅബക്ക് മുകളിലുള്ളത്. അത് അതുകൊണ്ട് പഴയവ നമുക്ക് അഴിക്കാം. പകരം പുതിയത് ധരിപ്പിക്കുകയും ചെയ്യാം. അൽ മഹ്ദി അപ്രകാരം ചെയ്തുവെന്നാണ് പിന്നീടുള്ള ചരിത്രം. തന്റെ കൂടെ അദ്ദേഹം മൂന്ന് വ്യത്യസ്ത ഇനം പാട്ടുകളാണ് കൊണ്ടുവന്നിരുന്നത്.
ഹിജ്റ 206 ൽ ഖലീഫ മഅമൂൻ കഅ്ബയെ മൂന്ന് കിസ് വകൾ അണിയിച്ചു. ചുവന്ന പട്ട് യൗമുത്തർവിയയിലും ഖിബാതി (കറുത്ത വസ്ത്രം )റജബ് മാസത്തിന്റെ ആരംഭത്തിലും റമദാൻ 27 ന് വെള്ളപ്പട്ടുമായിരുന്നു അദ്ദേഹം കഅബയെ അണിയിച്ചിരുന്നത് .
ഹിജ്റ 358 ൽ കൈറോ പട്ടണം ഫാത്തിമികളുടെ കൈകളിൽ എത്തിയതോടെ അവർക്കിടയിലും അബ്ബാസികൾക്കിടയിലും പരസ്പരം കഅബയെ കിസ് വ യണിയിക്കാനായി മത്സരം തന്നെ നടന്നു.
ഹിജ്റ 381 ൽ മിസ്റിൽ നിന്നുള്ള വെള്ളവസ്ത്രം കഅബയെ ധരിപ്പിച്ചെങ്കിലും പിന്നീട് അത് മാറ്റി കറുപ്പ് തന്നെയാക്കി .പിന്നീട് ഹാകിം മൻസൂറിന്റെ കാലഘട്ടത്തിൽ കഅബയെ മിസ്രീ നിർമ്മിതമായ ഖിബാതി ധരിപ്പിച്ചു (ഹിജ്റ 397).
ഹി – 466 ൽ ഇന്ത്യയിൽ നിന്നും കഅബയെ ധരിപ്പിക്കാനുള്ള വസ്ത്രം എത്തിയിരുന്നുവെത്രെ! ഇതേവർഷം തന്നെ സുൽത്താൻ മുഹമ്മദ് കഅബയെ മഞ്ഞവസ്ത്രം അണിയിച്ചിട്ടുണ്ട്.
ഹി -644 ൽ മക്കയിൽ കൊടുങ്കാറ്റടിച്ചു വീശുകയും കഅബയുടെ കിസ്‌വകൾ കീറി പറിയുകയും ചെയ്തു. അതോടെ ദിവസങ്ങളോളം കഅബാലയം കിസ് വയില്ലാത്ത അവസ്ഥയിലായി .പിന്നീട് ശൈഖുൽ ഹറം മൻസൂർ ബിൻ മുൻഅ കറുത്ത പഞ്ഞി നിർമ്മിതമായ പട്ട് കഅബയെ അണിയിച്ചു.
സുൽത്താൻ അള്ളാഹിർ ബയ്ബറൂസും(ഹി 661) സുൽത്താൻ ഇസ്മാഇൽ ബ്ൻ നാസിർമുഹമ്മദും സുൽത്താൻ അൽ ഹസനുമടക്കമുള്ള ഈജിപ്ത്യൻ രാജാക്കന്മാർ കിസ് വയുണ്ടാക്കാനായി “ദാറുൽ കിസ് വ” എന്ന പേരിൽ ഒരു ഫാക്ടറി തന്നെ ഉണ്ടാക്കിയിരുന്നു.
*കിസ് വ : ചരിത്രകാരന്മാർ പറയുന്നത്*
ആദ്യകാലത്ത് കഅബ യുടെ കിസവക്ക് അലങ്കാരമൊന്നും. ഉണ്ടായിരുന്നില്ല . അന്ന് അത് വെറും കറുത്ത തുണി മാത്രമായിരുന്നു. പിന്നീടാണ് കഅബയുടെ കിസ്‌വക്ക് ഭംഗികൂട്ടാൻ ആരംഭിച്ചത്. കഅബയുടെ കിസ്‌വ യുടെ സവിശേഷത യെപ്പറ്റി വ്യത്യസ്ത കാലഘട്ടത്തിലുള്ള ചരിത്രകാരന്മാർ നിരവധി കാര്യങ്ങൾ രേഖപ്പെടുത്തി വെച്ചിട്ടുണ്ട് .
ഹിജ്റ 223 ൽ മരിരിച്ച അസ്റഖി പറയുന്നു :റുക്നുൽ അസ് വദ് (ഹജറുൽ അസ് വദിന്റെ മൂല) ഒഴികെ ബാക്കി എല്ലാ ഭാഗവും കിസ് വ അണിയിച്ചിരുന്നു. ഹജ്ജിന്റെ സമയമായാൽ ആയാൽ ചണത്തുണിയും ജനങ്ങളെല്ലാം ഇഹ്റാമിൽ നിന്ന് വിരമിച്ചാൽ ഖുറാസാനീ നിർമ്മിതമായ ചുവന്ന പട്ടും (ഇതിൽ ഹംദും തസ്ബീഹും തക്ബീറും എല്ലാം എഴുതിയിരിക്കും) എല്ലാം കഅബയെ ധരിപ്പിക്കും.
ഇബ്നു ജീർ പറയുന്നു: കഅ്ബയുടെ നാല് ഭാഗത്തും പച്ചപ്പട്ട് ചുറ്റപ്പെട്ടിരിക്കുന്നു. നാലുഭാഗത്തായി 32 കഷ്ടമായിരുന്നു ഉണ്ടായിരുന്നത് .അവയുടെ മുകളിൽ إن أول بيت وضع للناس
എന്നു തുടങ്ങുന്ന ഖുർആൻ സൂക്തം പച്ചപ്പട്ടു കൊണ്ട് എഴുതിയിരുന്നു .
ഇബ്നുബത്തൂത്ത തന്റെ കാലഘട്ടത്തിലെ കിസ് വയെ കുറിച്ച് രേഖപ്പെടുത്തുന്നു .കറുപ്പ് നിറഞ്ഞ പട്ടിനുള്ളിൽ ചണനാര് നിറഞ്ഞതായിരുന്നു കഅബയുടെ കിസ്‌വ. വെള്ളിനൂൽ കൊണ്ട് നിർമ്മിതമായ പട്ടിനുള്ളിൽ ഖുർആനിക സൂക്തങ്ങൾ ഉണ്ടായിരുന്നു.
“അൽ ഉംരി” എന്ന ചരിത്രകാരൻ പറയുന്നു: ഹജ്ജ് കാലഘട്ടത്തിലായിരുന്നു കഅബക്ക് കിസ് വയണിച്ചിരുന്നത് .രാജ ഖജനാവിൽ നിന്നാണ് അതിനുള്ള പണം എടുക്കുന്നത് .ഹിജ്റ 738 ൽ ഹജ്ജ് ചെയ്യുന്നതിനിടയിൽ ഞാനും മിസ്റിലെ ഉമറാക്കളും കഅബയെ കിസ് വയണിയിക്കാനായി കഅബയുടെ തട്ടിൽ കയറി. ആ തട്ട് വെളുത്ത മാർബിൾ പഠിച്ചതായിരുന്നു. ആ തട്ടിന്റെ ചുറ്റുഭാഗത്തും കിസ് വകൾ ബന്ധിക്കുന്ന വട്ടക്കണ്ണികൾ ഉണ്ടായിരുന്നു .കിസ് വയിൽ കയർകെട്ടി ആ വട്ടകണ്ണുമായി കയറിനെ ബന്ധിപ്പിച്ചാണ് കഅബയെ ധരിപ്പിക്കുന്നത് .
“അഖ്ബാറുമക്ക” എന്ന ഗ്രന്ഥത്തിൽ ഫാക്കിഹി പറയുന്നു: കഅബയുടെ പടിഞ്ഞാറുഭാഗത്തുള്ള കിസ് വയിൽ, 197ൽ സരിയ്യ് ബ്നു ഹക്കമും അബ്ദുൽ അസീസ് ബിൻ വസീറും കൽപ്പിച്ചത് പ്രകാരമാണ് ഇത് നിർമ്മിച്ചത് എന്നും കഅബയുടെ മധ്യത്തിലുള്ള മിസ് രീ തുണിയിൽ ഹിജ്റ 206 ൽ ഖലീഫ മഅമൂൻ നിർമ്മിക്കാൻ കൽപ്പിച്ചത് കൊണ്ടാണ് ഇത് നിർമ്മിച്ചത് എന്നും എഴുതപ്പെട്ടതായി ഞാൻ ദർശിച്ചു.
*കിസ് വ നിർമ്മാണ ഫാക്ടറികൾ*
കഅബയുടെ കിസ്‌വ നിർമ്മാണത്തിനായി പ്രത്യേക ഫാക്ടറികൾ തന്നെ ഉണ്ടായിരുന്നു. നെപ്പോളിയൻമാർക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ സൈന്യത്തിന്റെ നേതാവായ മുസ്തഫ ബക്കത്തഖദ് ഹിജ്റ 213 ൽ കിസ് വയുടെ നിർമ്മാണം ഏറ്റെടുക്കുന്നതുവരെ അവരെ ഖസ്റുൽ അബ് ലഖ് എന്ന ഒരു ഫാക്ടറിയിൽ കഅബയുടെ കിസ്‌വ നിർമ്മിച്ചിരുന്നുവെന്ന് ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം. മുസ്തഫ ബക്കത്തദ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ആ ഉത്തരവാദിത്വം ഇസ്മായിൽ ഖശ്ശാബിലേക്ക് നീങ്ങി. അന്നത്തെ ഫാക്ടറിയുടെ നാമം “അയ്യൂബ് ജാവീശ് ” എന്നായിരുന്നു .
പിന്നീട് ഹിജ്റ 1219 ൽ അത് “ബൈത്തു മില”യിലേക്ക് അഹ്മദുൽ മഹ്റൂഖിയുടെ നേതൃത്വത്തിൽ നിർമ്മാണം മാറ്റി. കഅ്ബയുടെ കറുത്ത തുണിയും ബാബു തൗബയുടെ വിരിപ്പും കഅബയുടെ താക്കോൽ ഉറയും മഖാമുഇബ്രാഹിമിന്റെ കിസ് വയും ഹറമിലെ മിമ്പറിന്റെ വിരിപ്പുമെല്ലാം നിർമ്മിക്കുന്നത് ഫാക്ടറികളിലാണ് .
രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിന്റെ കാലം മുതല്‍ 1926 ആലുസുഊദ് ഭരണാധിപന്‍ അബ്ദുല്‍ അസീസ് രാജാവ് സൗദിയില്‍ തന്നെ കിസ്‌വ നിര്‍മ്മാണത്തിന് സംവിധാനമുണ്ടാക്കുന്നതുവരെ ഈജിപ്തുകാര്‍ക്കായിരുന്നു കിസ്‌വ നിര്‍മ്മാണത്തിനുള്ള ഭാഗ്യം ലഭിച്ചിരുന്നത് എന്നാണ് മൊത്തത്തിലുള്ള ചരിത്രം.
മക്ക-ജിദ്ദ പഴയ റോഡിലെ ഉമ്മുല്‍ ജൂദിലുള്ള മസ്‌നഅ് ഉമ്മുല്‍ ഖുറ എന്നും “മസ്‌നഅ് കിസ്വത്തുല്‍ കഅ്ബ” എന്നും അറിയപ്പെടുന്ന ഫാക്ടറിയിലാണ ഇന്ന് കിസ്‌വ നിര്‍മ്മിക്കുന്നത്.
1972ല്‍ ഫൈസല്‍ രാജാവിന്റെ ഭരണകാലത്താണ് കിസ് വ നിർമ്മാണാവശ്യത്തിനായി മാത്രമായി ഈ ഫാക്ടറിയെ മാറ്റിയത്. തുടര്‍ന്ന് 1977ല്‍ മുന്‍ സൗദി ഭരണാധികാരി ഫഹദ് രാജാവാണ് കിസ്‌വ ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
300ല്‍ പരം തൊഴിലാളികളുടെ മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന നിര്‍മ്മാണ ജോലിയുടെ ഫലമാണ് കറുത്തപട്ടില്‍ സ്വര്‍ണ നൂലില്‍ ഖുര്‍ആന്‍ വചനങ്ങള്‍ ആലേഖനം ചെയ്ത കിസ്‌വ. പ്രത്യേക നിര്‍മ്മിത പട്ടില്‍ നെയ്ത തുന്നല്‍ വേലകള്‍, മെഷീന്‍ വര്‍ക്കുകള്‍ തുടങ്ങി പല ഘട്ടങ്ങളിലൂടെ കടന്നാണ് കിസ്‌വ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. കഅ്ബയുടെ പുറത്തെ കിസ്‌വ കറുത്ത നിറത്തിലുള്ളതും അകത്തുള്ളത് പച്ചനിറത്തിലുമാണ്. 670 കിലോഗ്രാം പ്രകൃതി ദത്ത പട്ടില്‍ കറുത്ത ചായം മുക്കിയാണ് പുടവയുടെ നൂല്‍ തയ്യാറാക്കുന്നത്. 14 മീറ്റര്‍ നീളവും 95 സെന്റീമീറ്റര്‍ വീതിയുമുള്ള 47 ടാക്ക (650 മീറ്റര്‍) തുണികള്‍ കൊണ്ടാണ് 16 സമചതുര കഷണങ്ങളിലായി കിസ്‌വ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. കിസ്‌വയുടെ പുറം ഭാഗം ആയത്തുകളും ദിക്‌റുകളും ഇസ്ലാമിക കാലിഗ്രാഫിയനുസരിച്ച് കൈവേലയിലൂടെ തുന്നിച്ചേര്‍ക്കുന്നത് സ്വര്‍ണനൂലിലാണ്.
ഖുര്‍ആന്‍ സൂക്തങ്ങളും അല്ലാഹുവിന്റെ നാമങ്ങളും സ്വര്‍ണ നൂലില്‍ തുന്നിച്ചേര്‍ത്ത ദീര്‍ഘചതുര ബെല്‍റ്റുകള്‍ ആറര മീറ്റര്‍ ഉയരത്തിലും മൂന്നരമീറ്റര്‍ വീതിയിലുമുള്ള കിസ്‌വയില്‍ തുന്നിച്ചേര്‍ക്കും. നാലുഭാഗത്തും കഅ്ബയുടെ വാതിലിന് മുന്നിലേക്കുള്ളതുമടക്കം അഞ്ച് കഷണങ്ങള്‍ കഅ്ബയില്‍ ധരിപ്പിച്ചശേഷമാണ് കിസ്‌വയുടെ മൂലകള്‍ തമ്മില്‍ കൂട്ടിച്ചേര്‍ക്കുന്നത്.
പൗരാണിക കാലത്ത് കഅ്ബാലയത്തെ ധരിപ്പിച്ചിരുന്ന കിസ്‌വകള്‍ ഒന്നിന് മുകളില്‍ മറ്റൊന്നായിട്ടാണ് ഇട്ടിരുന്നത്. എന്നാല്‍ കഅ്ബയുടെ സുരക്ഷിതത്വം പരിഗണിച്ച് ഹിജ്‌റ വര്‍ഷം 160ല്‍ അബ്ബാസി ഖലീഫ അല്‍ മഹ്ദി ഒരു കിസ്‌വ മാത്രം ബാക്കിയാക്കി മറ്റെല്ലാം നീക്കം ചെയ്യാന്‍ കല്‍പിക്കുകയായിരുന്നു. ഹജ്ജ് കാലത്ത് കഅ്ബയുടെ ഈ പുതപ്പ് കൈയെത്താത്ത ഉയരത്തില്‍ ഉയര്‍ത്തിക്കെട്ടും. 500 മില്യന്‍ റിയാലാണ് കിസ്‌വയുടെ നിര്‍മ്മാണച്ചെലവ്. പുതിയ കിസ്‌വ ധരിപ്പിക്കുമ്പോള്‍ നീക്കം ചെയ്യുന്ന പഴയ കിസ്‌വയുടെ കഷണങ്ങള്‍ സൗദി സന്ദര്‍ശിക്കുന്ന ഉന്നത വ്യക്തികള്‍ക്ക് സമ്മാനിക്കാറുണ്ട്.
ഏതായാലും കഅബയുടെ കിസ് വ മനോഹരം തന്നെ.അവ നിർമ്മിക്കാനായി എന്തും ചെയ്യുന്ന സൗഊദി ഭരണകൂടം തീർത്തും അഭിനന്ദമർഹിക്കുന്നു.
_അവലംബം: അൽ ഹജ്ജുവൽ ഉംറ_