മുഹ്സിന് ഷംനാദ് പാലാഴി
അല്ലാഹു തആല വിശ്വാസികള്‍ക്ക് ആര്‍ദ്രതയുടെയും ആത്മീയതയുടെയും വിളക്ക് മാടങ്ങളാല് കനിഞ്ഞേകിയ മാസമാണ് പരിശുദ്ധ റമളാന്‍. മറ്റു പതിനൊന്ന് മാസങ്ങളെ അപേക്ഷിച്ച് റമളാനിന് അല്ലാഹു തആല വളരെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഖുര്‍ആന്‍ അവതരിച്ച മാസം ലൈലതുല്‍ ഖദര്‍ തുടങ്ങി. ഒട്ടനവധി സുകൃത സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാസമാണ് വിശുദ്ധ റമളാന്‍. അല്ലാഹുവിന്റെ ദാസന്മാര് റമളാനിന്റെ ശരിയായ മഹത്വം അറിഞ്ഞിരുന്നെങ്കില്‍ കൊല്ലം മുഴുക്കെ റമളാന്‍ ആയിരുന്നുവെങ്കില്‍ എന്നവര്‍ പ്രകടിപ്പിക്കുമായി രുന്നുവെന്ന് പ്രവചകന് നബി(സ)യുടെ തിരുമൊഴി തന്നെ നമുക്ക് റമളാനിന്റെ ശ്രേഷ്ഠതയെ വ്യക്തമാക്കി തരുന്നു. കാരുണ്യത്തിന്റെ സാഗര കടലായും ആത്മമീയ ലോകത്തിലേക്കുള്ള നേര്പാതയും അവന് റമളാനില്‍ നമുക്ക് നീട്ടുന്നുവെന്ന് വ്യക്തം. അത് കൊണ്ട് തന്നെ ഒരു തരം ആത്മീയതയുടെ വിവിധ മാനങ്ങള്‍ ഒത്തുചേര്‍ന്ന് വിശ്വാസിയുടെ ഏക ദൈവത്തിലുള്ള വിശ്വാസതക്ക് കരുത്തും ഊര്‍ജ്ജവും നല്കി മറ്റ് മാസങ്ങളിലൊന്നും ഇല്ലാത്തൊരു ആനന്ദവും ആവേശവും ഈ മാസത്തില്‍ നമുക്ക് ദര്‍ശിക്കാന്‍ സാധ്യമാണ്.
റജബ് അല്ലാഹുവിന്റെ മാസവും ശഅബാന്‍ എന്റെ മാസവും എന്നാല്‍ റമളാന്‍ ഉമ്മത്തിന്റെ മാസവുമാണെന്ന് പ്രവാചകന് (സ) തങ്ങള്‍ പറഞ്ഞ് വെക്കുന്നു. അഥവാ ഉമ്മത്തിന് വേണ്ടി അള്ളാഹു കനിഞ്ഞേകിയ മാസം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഉമ്മത്തിന് വേണ്ടതെന്തും ഉള്‍ക്കൊള്ളിക്കപ്പെട്ട മാസം.ഒരു വിശ്വാസിക്ക് അത്യന്താപേക്ഷിതമായും നാഥനില്‍ നിന്ന് ലഭിക്കേണ്ടവയും അല്ലാഹു സൃഷ്ടികള്‍ക്ക് നല്കാന് ആഗ്രഹിക്കുന്നവയുമാണ്. കാരുണ്യവും പാപമോചനവും നരകമോചനവും ഈ മൂന്ന് രത്നങ്ങള്‍ അല്ലാഹുവില്‍ നിന്ന് ലഭിച്ചാലെ ഏതൊരു വിശ്വാസിയും യഥാര്‍ത്ഥ ആത്മീയ ലോകത്തേക്ക് എത്തിപ്പെടുകയുള്ളൂ. ഖുര്‍ആനിലും ചരിത്രത്തിലും അമ്പിയാക്കന്മാരും ഔലിയാക്കന്മാരുമെല്ലാം അല്ലാഹുവിന്റെ കാരുണ്യവും പൊറുക്കലും നരകമോചനവും കൊണ്ടല്ലാം നിരന്തരം പ്രാര്‍ത്ഥിക്കുന്നവരായി നമുക്ക് കാണാം. മാത്രമല്ല. അല്ലാഹുവിലേക്ക് അടുക്കാനുള്ള വഴികളില്‍ പ്രധാനമായും ഇമാം ഗസ്സാലി (റ) ഇഹയാ ഉലൂമിദ്ദീനില്‍ എണ്ണുന്നത് ഈ മൂന്ന് കാര്യങ്ങളാണ്. അള്ളാഹുവേ നിന്റെ റഹ്മത്ത് ചൊരിയേണമേ എന്ന് എപ്പോഴും അധരങ്ങളില്‍ മന്ത്രിച്ച സ്വഹാബിമാരും എല്ലാ ദിവസവും നൂറ് വട്ടം പൊറുക്കല്‍ തേടിയിരുന്ന പ്രവാചകന് (സ) തങ്ങളും എപ്പോഴും നരകത്തെ കുറിച്ച് ഓര്‍ത്ത് പൊട്ടിക്കരഞ്ഞിരുന്ന ഉസ്മാന് (റ) മെല്ലാം പിന്നിട്ട ചരിത്രത്തിലെ നമുക്ക് മുന്നിലുള്ള ഉദാഹരണമാണ്. ചുരുക്കിപറഞ്ഞാല്‍ കാരുണ്യവും പാപമോചനവും നരകമോചനവും എന്ത് കൊണ്ടും ഒരു മുസ്ലം കൈവരിക്കേണ്ടവയാണ്. അത് കൊണ്ട് തന്നെയാണ് ഉമ്മത്തിന് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള കാര്യങ്ങളെ ഉമ്മത്തിന് അളളാഹു ചൊരിഞ്ഞ് കൊടുക്കുന്നത്. ഉമ്മത്തിന്റെ മാസമാണ് റമളാന്‍ എന്ന പ്രവാചകാദ്ധ്യാപനത്തെ അക്ഷരാര്‍ത്ഥത്തില്‍ സാക്ഷാത്കരിക്കാനുളള തെളിവാണ്. അത് കൊണ്ട് തന്നെയാണ് കാരുണ്യത്തിനും പാപമോചനത്തിനും നരകമോചനത്തിനും മൂന്ന് പത്തുകളായി റമളാന്‍ മാസത്തെ ഭാഗിക്കപ്പെട്ടത്. ഏറ്റവും വലിയ കാരുണ്യവാന് അള്ളാഹുവാണെന്ന പ്രാവാചകദ്ധ്യാപനം വ്യക്തമാക്കിയ നാഥന്റെ കാരുണ്യ സാഗരം ചൊരിയുന്ന റമളാനിന്റെ ആദ്യപത്തില്‍ നിന്ന് തുടങ്ങി പാപക്കറകള്‍ കൊണ്ട് കറുത്ത ഹൃദയത്തില്‍ നിന്നും ലോകത്തില്‍ നിന്നും പാപമോചനത്തിലൂടെ ആത്മീയതയുടെ പാലാഴിയിലണയുന്ന രണ്ടാം പത്തിലൂടെ സഞ്ചരിച്ച് ഒടുവില്‍ വിശ്വാസിയുടെ മനസാന്തരങ്ങളില്‍ പൂജിക്കുന്ന ദൈവദര്‍ശനത്തിന് വേണ്ടുന്ന പവിത്രസ്ഥലമാകുന്ന സ്വര്‍ഗത്തെ പുല്‍കുന്നതിനും പൈശാചിക സംഗമവേദിയായ നരകത്തില്‍നിന്ന് മോചനം കൈവരിക്കുന്നതിനും സാക്ഷാത്കാരത്തിന്റെ പൂര്ണ്ണതയൊരുക്കുന്ന അവസാനത്തെ പത്തോടെ വിശ്വാസിയെ അള്ളാഹുവിന്റെ ചാരത്തടുപ്പിക്കുന്ന വിശുദ്ധമായ റമളാന്‍ മാസത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ആരുടെ മനസ്സും കുളിര്‍മകൊണ്ട് ഹര്‍ഷപുളകമണിയും. ഇത്തരത്തില്‍ അനുഗ്രഹങ്ങളുടെ കലവറയായ റമളാനിനെ അള്ളാഹു നമുക്ക് കനിഞ്ഞേകിയിട്ടും നാം എത്രത്തോളം റമളാനിനെ ഉപയോഗപ്പെടുത്താറുണ്ട്. ഗൗനിക്കാറുണ്ട്. എന്ന ചോദ്യങ്ങള്‍ എന്ത് കൊണ്ടും ഈ കാലത്ത് പ്രസക്തിയാഗ്രഹിക്കുന്നതാണ്.
നരകമോചനം വിശ്വാസിയുടെ അന്ത്യാഭിലാഷം
ഏതൊരു വിശ്വാസിയുടെയും അന്ത്യാഭിലാഷവും ലക്ഷ്യവും നരകത്തില്‍ നിന്ന് മോചനം നേടുക എന്നുള്ളാതാണ്. അഥവാ സ്വര്‍ഗ്ഗം പുല്കുക. ആ അഭിലാഷം എളുപ്പത്തില്‍ പൂവണയാനുള്ള ഒരു കുറുക്ക് വഴിയായിട്ടാണ് അള്ളാഹു റമളാനിനെ നമുക്ക് പരിചയപ്പെടുത്തി തരുന്നത്. അഥവാ റമളാന്‍ മാസത്തിലൂടെ വിശ്വാസി കൈവരിക്കേണ്ടത് സ്വര്‍ഗ്ഗമാണ്. സ്വര്‍ഗ്ഗം ലഭിക്കാന്‍ നരകത്തില്‍ നിന്ന് മോചനം നേടണം. അത് കൊണ്ട് തന്നെയാണ് അവസാന പത്തായി നരകമോചനത്തെ വിശേഷിപ്പിച്ചത്. ആദ്യ പത്തിലെ നാഥന്റെ കാരുണ്യത്തിലലിഞ്ഞ ശേഷം ഭൂതകാലത്തെ കറുത്ത കറകള്‍ കഴുകി പാപമോചനത്തെ കൈവരിച്ച് ഒടുവില്‍ നരക മോചനവും നേടി സ്വര്‍ഗ്ഗം പുല്കുന്ന ഒരു വിശ്വാസിയെയാണ് റമളാന്‍ വാര്‍ത്തെടുക്കുന്നത്. അബൂഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ പറയുന്നു നബി (സ)തങ്ങള്‍ പറയുകയുണ്ടായി. റമളാന്‍ ആഗതമായാല്‍ പിശാചുക്കള്‍ ബന്ധസ്ഥരാക്കപ്പെടുംനരക വാതിലുകള്‍ അടക്കപ്പെടും. അതിന്റെ ഒരു വാതിലും തുറക്കപ്പെടുകയില്ല. നരകമോചനം വിശ്വാസികള്‍ക്ക് കൈവരിക്കാനുള്ള ഏറ്റവും വലിയ അവസരമാണ് റമളാനെന്ന് ഈ ഹദീസ് വ്യക്തമാക്കി തരുന്നുണ്ട്. ഖുര്‍ആനില്‍ മോശമായ പിഴച്ച സമൂഹത്തെ കുറിച്ച് പറയുന്ന ഇടങ്ങളിലെല്ലാം അവസാനം അവര്‍ക്ക് കത്തിയാളുന്ന നരകമാണ് ഫലം. എന്ന് അല്ലാഹുതആല നിരന്തരം ചേര്‍ത്തി പറയുന്നതായി കാണാം. നരകത്തെ കുറിച്ചും മരണത്തെക്കുറിച്ചുമുള്ള തെറ്റില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള ഏക വഴിയെന്ന് ഇമാം ഗസ്സാലി(റ) അടക്കം പണ്ഡിതന്മാര് കുറിക്കുന്നു. നരകത്തിലെ വിറകുകള്‍ മനുഷ്യരും കല്ലുകളുമാണെന്ന് ചുരുക്കത്തില്‍ പ്രാധാന്യവും ഭയാനകതയും നിറഞ്ഞ നരകത്തില്‍ നിന്നുള്ള മോചനം അഥവാ വിശ്വാസിയുടെ വിജയമാണ് റമളാന്‍ കനിയുന്നതെന്ന സത്യം മറന്ന് പോകരുത്.
എന്നാല്‍ ഇന്ന് ഇത് എത്രത്തോളം മുസ്ലിം സമൂഹം ഉള്‍ക്കൊളളുന്നുണ്ട് എന്ന വസ്ഥുതയും നാം ചിന്തിക്കേണ്ടതുണ്ട്. പണ്ട് കാലങ്ങളില്‍ സ്വര്‍ഗ്ഗത്തേക്കാളും നരകത്തേയായിരുന്നു സ്വാലിഹീങ്ങളായവരും മുഅ്മിനീങ്ങളും ഓര്‍ത്ത് അള്ളാഹുവിലണഞ്ഞത്. എങ്കില്‍ ഇന്നത്തെ സമൂഹം നരകത്തെ സ്മരിക്കല്‍ പോയി സ്വര്ഗത്തെപോലും ഓര്‍ക്കാന്‍ മറക്കുന്ന ഒരു യുഗത്തിലേക്ക് കൂപ് കുത്തിയോ എന്ന് നാം സംശയിക്കേണ്ടതുണ്ട്. നരകം എന്ന് കേട്ടാല്‍ അശ്രുകണങ്ങള്‍ ചാലിട്ടൊഴുകുന്ന കണ്ണുകളുമായി മുസ്ലിം സമൂഹം ജീവിച്ചിരുന്ന ഒരു കാലത്തിനോട് വിപരീതമായി നരകം ഒരു തമാശ രൂപത്തില്‍ കാണുന്ന കണ്ണുകളുമായി ജീവിക്കുന്ന മനുഷ്യരാണ് ഇന്നുള്ളത്. സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ലെങ്കിലും എന്നെ നരകത്തില്‍ നിന്ന് രക്ഷിക്കണേ എന്ന് പ്രാര്‍ത്ഥിച്ചിരുന്ന സ്വഹാബികളും ഔലിയാക്കരുടേയെല്ലാം ചരിത്രം സമൂഹത്തിന് മറന്ന് പോയി. ഒരിക്കല്‍ ഒരു സ്വാലിഹായ വ്യക്തി കടല്‍ നദിക്കരിയിലൂടെ നടന്നു വരുമ്പോള്‍ പൊട്ടിക്കരയുന്ന ഒരു ബാലനെ കണ്ടു. കാര്യമെന്തെന്ന് ആ ബാലനോട് ആവ്യക്തി അന്വേഷിച്ചപ്പോള്‍ നരകത്തില്‍ പ്രവേശിക്കുന്നതിനെ കുറിച്ചോര്‍ത്തപ്പോള്‍ കരഞ്ഞ് പോയതാണെന്ന ആ ബാലന് പ്രതിവചിച്ചു. നീ വിഷമിക്കണ്ട ചെറിയ കുട്ടികള്‍ നരകത്തില്‍ പ്രവേശിക്കുകയില്ല എന്ന് പറഞ്ഞ് ആ സ്വാലിഹായ വ്യക്തി കുട്ടിയെ സമാധാനിപ്പിച്ചപ്പോള്‍ എന്റെ ഉമ്മ തീകത്താന്‍ ആദ്യം അടുപ്പില്‍ ഇടുക ചെറിയ കൊള്ളികളേയാണല്ലോ. അത് പോലെയല്ലെ നരകവുമെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ ആ ബാലനാണ് പിന്നീട് ജോതിര്‍ ഗോളത്തെ നക്ഷത്രമായി മാറിയത്. ദുനിയാവിന്റെ സുഖാഢംബരങ്ങളില്‍ കണ്ണ് മയങ്ങിപ്പോയ ഇന്നത്തെ യുവ സമൂഹം മാതൃകയാക്കേണ്ട ഒരു പാഠമാണ് അദ്ധ്യായമാണ് ശിബലി നുഅമാന്‍(റ).
ചുരുക്കി പറഞ്ഞാല്‍ റമളാനിലെ അവസാന പത്തില്‍ അല്ലാഹു നല്കുന്ന നരകമോചത്തിന്റെ പ്രാധാന്യവും പ്രസക്തിയും നാം ഇനിയും ഉള്‍ക്കൊണ്ടിട്ടില്ല എന്നതാണ് സത്യം.
ഓരോ വിശ്വാസിയും ആഗ്രഹിക്കുന്നതും നരകത്തില്‍ നിന്നുള്ള മോചനവും സ്വര്‍ഗ്ഗത്തിലേക്കുള്ള പ്രവേശനവുമാണല്ലോ. അത് കൊണ്ട് അവസാന പത്തില്‍ നാം നരക മോചനനത്തിനായി നിരന്തരം പ്രാര്‍ത്ഥിക്കുകയും കര്‍മ്മങ്ങള്‍കൊണ്ട് പൂവണിയിക്കുകയും വേണം. അല്ലാഹു തആല അവസാനത്തെ പത്തു ദിനങ്ങളിലും 70000 ആളുകള്‍ക്ക് നരകമോചനം നല്‍കുമെന്ന കാര്യം ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്. റമളാന്‍ നമ്മിലേക്ക് നാഥനില്‍ നിന്നുള്ള ധാരാളം സമ്മാനങ്ങളുമായി ഒരതിഥിയായി കടന്നു വരുമ്പോള്‍ സാധാരണ അതിഥി എന്നതിലപ്പുറം അതിനെ നാം ആദരിക്കുകയും സത്കരിക്കുകയും വേണം. റമളാനിനെ വേണ്ട വിധത്തില്‍ ഉള്‍ക്കൊള്ളാതെയും ആദരിക്കാതെയും കഴിച്ച് കൂട്ടിയാല്‍ നാളെ പരലോകത്ത് റമളാന്‍ എതിരായി സാക്ഷി പറയുന്നവരുടെ കൂട്ടത്തില്‍ നാം അകപ്പെടും. ആ കൂട്ടരെ കുറിച്ച് പറയുന്നു. നാളെ പരലോകത്ത് വെച്ച് ചില ആളുകളെ നരകത്തിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോകും. അവര്‍ നബിയോട് ശഫാഅത്ത് ചോദിക്കുന്ന സമയത്ത് റമളാന്‍ ഉറക്കെ വിളിച്ച് പറയുമത്രെ. അവര്‍ എന്നെ വേണ്ട വിധത്തില്‍ ആദരിക്കാത്തവരും അങ്ങേയറ്റം അവഗണിച്ചവരുമാണ്.