അൽ അമീൻ എൻകെ
രണ്ട് വ്യക്തികൾക്ക് ദുരെയുള്ള നാട്ടിൽ കടലാസിൽ പൊതിഞ്ഞു വെച്ചതായ രത്നങ്ങൾ ഉള്ളതായി വിവരം ലഭിച്ചു. രണ്ടു പേരും അതുള്ള സ്ഥലത്ത് കഷ്ടതകൾ സഹിച്ചു യാത്ര പോവുകയും അവിടെ നിന്ന് രത്നങ്ങൾ എടുത്ത് തിരിച്ചു വന്നു. ഒരാൾ ആ കടലാസിനെ മാറ്റി രത്നത്തെ എടുത്ത് വിറ്റ് മുതൽ ഉണ്ടാക്കി മറ്റേ ആൾ അതിനെ ഒന്നും ചെയ്യാതെ അങ്ങനെ തന്നെ വെച്ചു. ഇതിൽ ലാഭം കൊയ്ത് വിജയം കൈവരിച്ച വ്യക്തി ആദ്യത്തെ ആളാണ്. അത് പോലെ തന്നെയാണ് പവിത്ര നാളിലെ സുന്ദരരാത്രി യെ അമലുകളെ കൊണ്ട് ധന്യമാക്കുന്നവന് ലഭിക്കുന്നതും.
അള്ളാഹു അവന്റ അടിമകൾക്ക് കനിഞ്ഞു നൽകിയ പുണ്യ മാസമാണ് റമളാൻ. അതിലെ ഏറ്റവും പുണ്യ മുള്ള രാവാണ് ലൈലത്തുൽ ഖദർ. എങ്ങനെ ആണ് പേര് വന്നത്…? എന്തു കൊണ്ട് ശ്രേഷ്ഠമേറിയ രാവായി….?
ഈ രാത്രിക്ക് വിധി നിര്‍ണയ രാവ് എന്ന പേരു ലഭിച്ചതിന് പണ്ഡിതന്മാര് പല കാരണങ്ങളും പറഞ്ഞിട്ടുണ്ട്. ഇബ്നു അബ്ബാസ് (റ) വിന്റെ വിശദീകരണം ഈ രാവിലാണ് മാനവരാശിക്ക് വര്‍ഷാവര്‍ഷമുള്ള വിധിയും വിഹിതവും അല്ലാഹു നിര്‍ണയിക്കുന്നതെന്നാണ്. വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനമായ തഫ്സീര്‍ ഖുര്‍തുബിയില്‍ കാണാം. ജീവജാലങ്ങളുടെ ഒരു വര്‍ഷത്തേക്കുള്ള പ്രായം, ഭക്ഷണം, തുടങ്ങിയവ ക്ലിപ്തമാക്കുന്നത് ഈ രാത്രിയിലാണ്.ഇമാം റാസി (റ) പറയുന്നു :-
ഖദ്ര്: എന്ന പദത്തിന് തിങ്ങിനിറഞ്ഞ എന്നൊരര്‍ത്ഥം കൂടിയുണ്ട്. ഈ രാവില്‍ മലക്കുകള്‍ വാനലോകത്തുനിന്നിറങ്ങിവന്ന് ഭൂഗോളത്തില്‍ നിറയുന്നു. ഇക്കാരണത്താലാണ് പ്രസ്തുതനാമകരണം.
മുഹമ്മദ് നബി (സ)യുടെ സമുദായത്തെ ആയിരം മാസങ്ങളെക്കാള്‍ പുണ്യം നിറഞ്ഞ ലൈലതുല്‍ ഖദ്ര് കൊണ്ട് അല്ലാഹു അനുഗ്രഹിച്ചു. കാരണം മുന്‍കാല സമൂഹത്തിന് ഈ സൗഭാഗ്യം ലഭിച്ചിരുന്നില്ല.
പരിശുദ്ധ ഖുർആൻ പറയുന്നു :-നിശ്ചയം, നാം ഖുര്‍ആനിനെ ലൈലത്തുല്‍ ഖദ്റില്‍ അവതരിപ്പിച്ചു. ലൈലതുല്‍ ഖദ്ര് എന്താണെന്നാണു തങ്ങള്‍ മനസിലാക്കിയത്. ലൈലതുല്‍ ഖദ്ര് ആയിരം മാസങ്ങളെക്കാള്‍ പവിത്രമാണ്. മലക്കുകളും ആത്മാവും (ജിബ്രീല്‍) അവരുടെ രക്ഷിതാവിന്റെ അജ്ഞാനുസരണം സകല വിധികളുമായി ആരാവില്‍ ഇറങ്ങും. പ്രഭാതോദയം വരെ ആ രാവ് രക്ഷയാണ്.”
മുജാഹിദ് (റ) പറയുന്നു. ബനൂ ഇസ്റാഈല്‍ സമൂഹത്തില്‍ പകല്‍ മുഴുവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിൽ പങ്കെടുക്കുകയും രാത്രിമുഴുവന്‍ ആരാധനയും നിര്‍വ്വഹിച്ച് ആയിരം മാസം ജീവിച്ച ഒരു മഹാഭക്തനുണ്ടായിരുന്നു. അദ്ദേഹത്തെ കുറിച്ചു കേട്ട നബി (സ) യും അനുയായികളും ആശ്ചര്യപ്പെടുകയും തങ്ങളുടെ സുകൃതങ്ങള്‍ എത്ര തുച്ഛമാണെന്ന് പരിഭവിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പ്രസ്തുത സൂറത്ത് അവതരിച്ചത്.
ധാരാളം ഹദീസുകളില്‍ നബി (സ) ലൈലതുല്‍ ഖദ്റിന്റെ മാഹാത്മ്യത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. പ്രസ്തുത രാവിന്റെ പ്രത്യേകതകള്‍, അതിനു വേണ്ടി അരയും തലയും മുറുക്കി പ്രവാചകന് (സ) അള്ളാഹുവിലെക്ക് ഒരുങ്ങിയതു , കുടുംബത്തെ വിളിച്ചുണര്‍ത്തി ഇത് ബോധിപ്പിച്ചത്. ഹദീസുകളിൽ വ്യക്തമാവുന്നു.
ഈ വിശുദ്ധരാവ് അവിടുത്തെ അഭിലാഷപ്രകാരം അല്ലാഹു നല്കിയ സമ്മാനമാണ്. അനസ് (റ) പറയുന്നത് കാണാം. പൂര്‍വ്വകാല സമുദായത്തിന്റെ ആയുര്‍ ദൈര്‍ഘ്യത്തെ പ്പറ്റി ചിന്തിച്ചപ്പോള്‍ അവരുടെ അടുത്തെത്താന്‍ പറ്റാത്ത അവസ്ഥയിലാണല്ലോ തന്റെ സമുദായത്തിന്റെ ആയുസ്സ് എന്ന് തിരുനബി (സ) പരിതപിച്ചു. ഇതിനു പരിഹാരമായിട്ടാണു ലൈലതുല്‍ ഖദ്ര് വിളംബരം ചെയ്യുന്ന അധ്യായം ഇറങ്ങിയത്. .
ലൈലതുല്‍ ഖദ്റിന്റെ സവിശേഷതകളിലൊന്നായി ഖുര്‍ആന്‍ സുവിശേഷമറിയിക്കുന്നത് വാനലോകവാസികളായ മാലാഖമാരുടെ ഭൂമിയിൽ ഇറങ്ങുന്നതിനെ കുറിച്ചാണ്. ആരാണ് മലക്കുകള്‍? പ്രകാശം കൊണ്ടാണ് മലക്കുകളെ അല്ലാഹു സൃഷ്ടിച്ചത്. സ്ത്രീ- പുരുഷ- ലിംഗവിശേഷണങ്ങള്‍ക്ക് അതീതരും അമാന്യമല്ലാത്ത ഏത് രൂപം സ്വീകരിക്കാനും കഴിയുന്നവരുമാണ് അവര്‍. അല്ലാഹു അജ്ഞാപിച്ചതെന്തും അവര്‍ അനുസരിക്കും. അതിനെതിരില്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുകയുമില്ല.ഇതര ജീവജാലക പ്രവർത്തനം ആയ അന്നപാനം, വികാര-വിസര്‍ജന കര്‍മങ്ങളെ തൊട്ടെല്ലാം ശുദ്ധരുമാണവര്‍.
മലക്കുകളുടെ ഇറക്കത്തെ കുറിച്ച് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നു. ശൈഖ് അഹ്മദ്ബ്നു മുഹമ്മദുസ്വാവി (റ) പറയുന്നു. ”മലക്കുകള്‍ കൂട്ടം കൂട്ടമായി ഇറങ്ങിവരും. ഒരു വിഭാഗം ഇറങ്ങിവരുമ്പോള്‍ നേരത്തെ വന്നവര്‍ വാനലോകത്തേക്കു മടങ്ങും. ഹദീസുകളില്‍ കാണാം. ലൈലതുല്‍ ഖദ്റില്‍ സിദ്റതുല്‍ മുന്‍തഹാ വാസികളായ മാലാഖമാര്‍ ഇറങ്ങിവരും. അവരുടെ കൂടെ ജിബ്രീലു(അ)മുണ്ടാവും. വിശിഷ്ടങ്ങളായ നാലു പതാകകള്‍ ജിബ്രീല്‍ വഹിക്കുന്നുണ്ടാവും. അതിലൊന്ന് നബി (സ)യുടെ റൗളയില്‍ നാട്ടും. രണ്ടാമത്തേത് ഫലസ്ഥീനിലെ ബൈതുല്‍ മുഖദ്ദസിന്റെ മുകളിലും. മൂന്നാമത്തേത് മസ്ജിദുല്‍ ഹറാമിന്റെ മുകളിലും നാലാമത്തേത് തൂരിസീനാ പര്‍വ്വതത്തിലുമാണ് നാട്ടുക. വിശ്വാസികള്‍ താമസിക്കുന്ന വീടുകള്‍ കുന്നൊഴിയാതെ ജിബ്രീല്‍ (അ) സന്ദര്‍ശിക്കുകയും അവര്‍ക്ക് സലാം പറയുകയും ചെയ്യും. മദ്യാപാനി, കുടുംബ ബന്ധം മുറിച്ചവര്‍, പന്നിമാംസംഭോജി എന്നിവര്‍ക്ക് ജിബ്രീല്‍ സലാം ചൊല്ലുകയില്ല.
ഇമാം റാസി (റ) കഅ്ബ് (റ)നെ ഉദ്ധരിച്ച് വിശദീകരിക്കുന്നതിങ്ങനെ: സിദ്റതുല്‍ മുന്‍തഹാ നിവാസികളായ മലക്കുകളെല്ലാം മുഅ്മിനീങ്ങള്‍ക്ക് സ്നേഹവും കാരുണ്യവും ചൊരിഞ്ഞു കൊണ്ട് ജിബ്രീലുമൊത്ത് ലൈലതുല്‍ ഖദ്റില്‍ ആഗതമാവും. ഭൂമിയിലെമ്പാടും അല്ലാഹുവിന് സുജൂദും റുകൂഉം ചെയ്ത് കൊണ്ട് വിശ്വാസികള്‍ക്കായി അവര്‍ പ്രാര്‍ഥിക്കും. ജിബ്രീല്‍ (അ) എല്ലാ വിശ്വാസികളുടെയും കരം ചുംബിക്കുകയും ജിബ്രീലിന്റെ ഹസ്തദാനം ലഭിച്ചവരുടെ ശരീരം സന്തോഷത്താൽ പുളകം കൊല്ലുകയും ചെയ്യും. അവരുടെ ഹൃദ്യം ആര്‍ദ്രമാവുകയും കണ്ണുകൾ ഈറനണിയുകയും ചെയ്യും.
ലൈലതുല്‍ ഖദ്റിനെ ഭൂമിയിലെ വിശ്വാസികള്‍ എങ്ങനെ ആരാധനകള്‍കൊണ്ട് ധന്യമാക്കായെന്ന് മലക്കുകള്‍ തിരിച്ച് ചെല്ലുമ്പോള്‍ സിദ്റതുല്‍ മുന്‍തഹാ അന്വേഷിക്കും. അതിനെ വരവേറ്റ ഓരോ സ്ത്രീയുടെയും പുരുഷന്റെയും നാമങ്ങളും പിതൃനാമങ്ങളും അടക്കം മലക്കുകള്‍ വ്യക്തമാക്കും. ഈ വിവരമറിയുമ്പോള്‍ സ്വര്‍ഗം പ്രാര്‍ത്ഥിക്കും. ”അല്ലാഹുവേ, അവരെ എത്രയും പെട്ടെന്ന് എന്നിലേക്ക് പ്രവേശിപ്പിക്കേണമേ യെന്ന്. അപ്പോള്‍ മലക്കുകള്‍ പറയും ആമീന്‍.”.
മലക്കുകള്‍ക്കൊപ്പം റൂഹ് ഇറങ്ങും എന്ന് സൂറത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യത്യസ്തങ്ങളായ പല അഭിപ്രായങ്ങൾ ഇതിനെ കുറിച്ച് ഉദ്ധരിച്ചിട്ടുണ്ട്. ലൈലതുല്‍ ഖദ്റില്‍ മാത്രം വരുന്ന ഒരു കൂട്ടം മലക്കുകളാണെന്നും മലക്കുകളല്ലാത്ത സ്വര്‍ഗ്ഗീയ സേവകരായ പ്രത്യേക സൃഷ്ടികളാണെന്നും ഈസാനബി (അ)യാണെന്നും ഖുര്‍ആന്‍ തന്നെയാണെന്നും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവുമാണെന്നുമെല്ലാം അഭിപ്രായമുണ്ട്. സത്യവിശ്വാസികളുടെ ആത്മാക്കളാണെന്നും ചില വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്. ജിബ്രീല്‍ (അ) ആണെന്നാണ് മറ്റൊരു അഭിപ്രായം.
അല്ലാമാ സ്വാവി (റ) ഉദ്ധരിച്ച മറ്റൊരു വിശദീകരണം: ഭീമാകാരരൂപിയായ, അര്‍ശിനു താഴെയുള്ള ഒരു മലക്കാണ് റൂഹ്. അതിന്റെ പാദങ്ങള്‍ ഏഴു ഭൂമിക്കടിവരെ നീളുന്നു. ആയിരം തലകളുണ്ടതിന്. ഓരോന്നും ഭൂഗോളത്തേക്കാള്‍ വലുതത്രെ. ഓരോ ശിരസ്സിലും ആയിരം മുഖങ്ങള്‍, ഓരോ മുഖത്തും ആയിരം വായകള്‍, ഓരോ വായയിലും ആയിരം വീതം നാവുകളും, അവയെല്ലാം അല്ലാഹുവിന് തസ്ബീഹ്, തഹ്മീദ്, തംജീദുകളില്‍ മുഴുകും. ഓരോ നാവിന്റെയും ദിക്റുകളുടെ ഭാഷ മറ്റുള്ളവയില്‍ നിന്ന് വളരെ വ്യത്യസ്തമായിരിക്കും. ആ മലക്ക് തസ്ബീഹ് ചൊല്ലാന്‍ തുടങ്ങിയാല്‍ ഏഴാകാശങ്ങളിലെ മറ്റുമലക്കുകള്‍ സുജൂദില്‍ വീഴും; ഈ മലക്കിന്റെ വായകളില്‍ നിന്നുള്ള പ്രകാശ ജ്വാലകള്‍ തങ്ങളെ നശിപ്പിക്കുമെന്ന് ഭയന്ന് . പ്രഭാത- പ്രദോഷങ്ങളിലേ ഈ മലക്ക് തസ്ബീഹ് ചൊല്ലാറുള്ളൂ. ഈ മലക്ക് ഖദ്റിന്റെ രാവില്‍ ഇറങ്ങിവരും. എന്നിട്ട് നോമ്പനുഷ്ടിച്ച മുഹമ്മദ് നബി (സ)യുടെ സമൂഹത്തിനുവേണ്ടിഅതിന്റ നാവുകൾ ഉപയോഗിച്ച് പൊറുക്കലിനെ തേടും. പ്രഭാതോദയം വരെ റൂഹ്എന്ന ഈ മലക്ക് ഇപ്രകാരം പ്രാര്‍ത്ഥന ചെയ്തു കൊണ്ടേയിരിക്കും.
ലൈലതുല്‍ ഖദ്ര് ലഭിക്കാത്തവര്‍
ലൈലത്തുൽ ഖദർ ന്റെ പുണ്യത്തെക്കുറിച്ച പണ്ഡിതന്മാർ ഉദ്ധരിക്കുന്നതിങ്ങനെ. അന്ന് അല്ലാഹുവിന്റെ കാരുണ്യത്തെ ജിബ്രീല്‍ (അ) ഓഹരി ചെയ്യും. ജീവിച്ചിരിപ്പുള്ള വിശ്വാസികള്‍ക്കെല്ലാം അവരുടെ വിഹിതം നല്കിയാലും അത് ശേഷിക്കും. അപ്പോള്‍ ജിബ്രീല്‍ അല്ലാഹുവിനോട്, അല്ലാഹുവേ ബാക്കിയുള്ള റഹ്മത് എന്തു ചെയ്യണമെന്നന്വേഷിക്കും. മുഹമ്മദ് നബി (സ)യുടെ സമുദായത്തില്‍ നിന്ന് മരണപ്പെട്ടവര്‍ക്ക് വീതിച്ചു നല്കാന് കല്പന ലഭിക്കും. അവര്‍ക്ക് വീതിച്ച ശേഷവും അത് അവശേഷിക്കും. ജിബ്രീല്‍ ചോദ്യം ആവര്‍ത്തിക്കുമ്പോള്‍ അവിശ്വാസികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അല്ലാഹു കല്പിക്കും. അങ്ങനെ ആ രാവില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ വിഹിതം ലഭിച്ച അമുസ്ലിംകളാണ് പിന്നീട് സത്യവിശ്വാസികളായി മരണപ്പെടുന്ന ഭാഗ്യവാന്മാര്.
ലൈലതുല്‍ ഖദ്ര് ലഭിക്കാത്ത നാലു വിഭാഗക്കാരാണ് ഉള്ളത് . സുദീര്‍ഘമായ ഒരു ഹദീസില്‍ നബി (സ) പറയുന്നു. ”പ്രഭാതമായാല് തിരിച്ചുപോകാന്‍ സമയമായി എന്ന് മലക്കുകളോട് ജിബ്രീല്‍ (അ) പറയും. അവര്‍ തയ്യാറായിനില്‍ക്കും. എന്നിട്ടവര്‍ ജിബ്രീലിനോട് ചോദിക്കും. ‘മുഹമ്മദ് (സ)യുടെ സമുദായത്തിന്റെ കാര്യത്തില്‍ അല്ലാഹു എന്താണു തീരുമാനിച്ചത്.?’ ജിബ്രീലിന്റെ മറുപടി ഈ രാവില്‍ അല്ലാഹു അവര്‍ക്ക് കാരുണ്യം വര്‍ഷിച്ചിരിക്കുന്നു. എല്ലാവര്ക്കും മാപ്പു നല്‍കാനും തീരുമാനിച്ചിരിക്കുന്നു. നാലു വിഭാഗങ്ങള്‍ക്കൊഴികെ ഹദീസ് ശ്രദ്ധിച്ച സ്വഹാബികള്‍ നബി (സ)യോട് ചോദിച്ചു. ഭാഗ്യഹീനരായ അവര്‍ ആരാണ് പ്രവാചകരെ ? നബി (സ) പറഞ്ഞു: സ്ഥിരമായി മദ്യപിക്കുന്നവര്‍, മാതാപിതാക്കളെ ഗുണം ചെയ്യാത്തവർ , കുടുംബ ബന്ധം മുറിക്കുന്നവർ, കാപട്യവും കുശുമ്പും ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവര്‍, എന്നിവരാണ് ആ നാലു വിഭാഗക്കാര്‍.”
ഇത്രയേറെ പ്രാധാന്യമുള്ള ആ രാവ് എന്നായിരിക്കും അതെക്കുറിച്ച് കൃത്യമായ അറിവില്ല.
ലൈലത്തുല്‍ ഖദ്റിന്റെ ദിവസം നബി (സ)ക്ക് അല്ലാഹു അറിയിച്ചു കൊടുത്തിരുന്നുവെന്നാണ് സത്യം. ഉബാദത്ബ്നു സ്വാമിതില്‍ നിന്ന് ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു. ”നബി (സ) ലൈലതുല്‍ ഖദ്ര് ഏതു ദിവസമാണെന്നറിയിക്കാന്‍ ഞങ്ങളുടെ അടുത്തേക്ക് പുറപ്പെട്ടു. അപ്പോള്‍ മുസ്ലിംകളില് പെട്ട രണ്ടു പേര് ശണ്ഠകൂടുന്നത് കണ്ടു. അപ്പോള്‍ നബി (സ) പറഞ്ഞു. ലൈലതുല്‍ ഖദ്റിന്റെ തിയ്യതി പ്രഖ്യാപിക്കാന്‍ വന്നതായിരുന്നുഞാന്‍. അപ്പോഴാണ് ഈ രണ്ടുപേര്‍ ബഹളം വെക്കുന്നത്. അതോടെ ആ ജ്ഞാനം അല്ലാഹു ഉയര്‍ത്തിക്കളഞ്ഞു.
ഇക്കാരണം കൊണ്ടു തന്നെ ലൈലതുല്‍ ഖദ്ര് ഇന്നദിവസമാണെന്ന് കൃത്യമായി പറയുക പ്രയാസമാണ് എന്നാലും പണ്ഡിതന്മാര് പല അഭിപ്രായങ്ങളിൽ എത്തിയതായി കാണാം. റമളാന്റെ അവസാന പത്തിലാണ് അതെന്നാണ് ശക്തമായ നിഗമനം. ആഇശാ ബീവി പറയട്ടെ: ”നബി (സ) പറഞ്ഞു. നിങ്ങള്‍ റമളാനിന്റെ അവസാന പത്തിലെ ഒറ്റയായ രാവുകളില്‍ ലൈലതുല്‍ ഖദ്ര് പ്രതീക്ഷിക്കുക” (ബുഖാരി) ബുഖാരി തന്നെ ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ്: ”അബ്നുഉമര്‍ (റ) വില്‍ നിന്ന് നിവേദനം. ചില സ്വഹാബികള്‍ക്ക് ലൈലതുല്‍ ഖദ്റിനെ കുറിച്ചുള്ള സ്വപ്ന ദര്‍ശനമുണ്ടായി. റമളാന്റെ അവസാന ഏഴുദിവസങ്ങളിലായിരുന്നു ഇത്. ഇതറിഞ്ഞ നബി (സ) പറഞ്ഞു. നിങ്ങളുടെ സ്വപ്ന ദര്‍ശന പ്രകാരം ലൈലതുല്‍ ഖദ്ര് കാംക്ഷിക്കുന്നവര്‍ റമളാന്റെ ഒടുവിലത്തെ ഏഴു രാവുകളില്‍ പ്രതീക്ഷിക്കട്ടെ. അബ്ദുല്ലാഹിബ്നു ഉമര്‍ (റ) പറയുന്നു. ”ലൈലതുല്‍ ഖദ്റിനെപ്പറ്റി നബി (സ) യോടു ചോദിച്ചപ്പോള്‍ അത് എല്ലാ റമളാന്‍ മാസത്തിലുമാണെന്നായിരുന്നു അവിടുന്നു മറുപടി പറഞ്ഞത്.”
അവസാനപത്തല്ലാത്ത മറ്റു രണ്ടു പത്തുകളിലാണ് ലൈലത്തുല്‍ ഖദ്ര് എന്ന് സൂചിപ്പിക്കുന്ന ഹദീസുകളും കാണാം. ഒന്നിങ്ങനെ: ഇബ്നു അബ്ബാസ് (റ) ല്‍ നിന്ന് നിവേദനം. ”ഒരാള്‍ നബി (സ) യോട് പരിഭവം പറഞ്ഞു. തിരുനബിയെ, ഞാനൊരു പടു വൃദ്ധനാണ്. എനിക്ക് കൂടുതല്‍ നിസ്കാരത്തിനൊന്നും ആവതില്ല. അതുകൊണ്ട് ലൈലതുല്‍ ഖദ്റില്‍ ഉള്‍പ്പെടാന്‍ അതെന്നാണെന്ന് നിര്‍ണയിച്ചു തന്നാലും. നബി (സ) പറഞ്ഞു. നിങ്ങള്‍ ഏഴാമത്തെ രാവ് സജീവമാക്കുക.”
സൈദ്ബ്നു അര്‍ഖമിനോട് ഈ രാവിനെ കുറിച്ചാരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് റമളാന്‍ പതിനേഴാം രാവാണെന്നാണ്. കാരണം ഖുര്‍ആന്‍ അവതരിച്ചതും ബദ്റില്‍ മുസ്ലിംകളും മുശ്രിക്കുകളും ഏറ്റുമുട്ടി സത്യം വിജയിച്ചതും അന്നാണെന്നാണ്. ആദിനത്തില്‍ സംശയിക്കേണ്ടെന്നും ഉപേക്ഷവരുത്തരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചിട്ടുണ്ട്. ഇമാം മാലിക് (റ)ന്റെ അഭിപ്രായം ലൈലതുല്‍ ഖദ്ര് വര്‍ഷത്തില്‍ എപ്പോഴുമാകാമെന്നും പ്രത്യേകിച്ച് റമളാനില്‍, അതുതന്നെ അവസാനപത്തില്‍ ആകാമെന്നാണ്.
യഥാർത്ഥത്തിലും പ്രബല അഭിപ്രായപ്രകാരവും അവസാനത്തെ പത്തിൽ ആവാൻ ആണ് സാധ്യത കൂടുതൽ. അതും ഒറ്റയിട്ടരാവുകളിൽ.
അള്ളാഹു അമലുകൾ ചെയ്തു ലൈലത്തുൽ ഖദർ ലഭിക്കുന്ന ഭാഗ്യവാന്മാരിൽ ഉൾപെടുത്തി അനുഗ്രഹിക്കട്ടെ……
ആമീൻ