അമിത ഭോജനം ആരാധനയല്ല

ഉസാമ റഹ്മാനി മൂന്നിയൂര്
ഇന്നലെ ഞാന്‍ ഒരു നിര്‍ധനനെ കാണാനിടയായി. വയറുവേദന ശമിപ്പിക്കാനായി വയറ്റത്ത് കൈ വെക്കുന്ന അദ്ദേഹത്തോട് എനിക്ക് അലിവ് തോന്നുകയും സ്ഥിതിഗതികള്‍ ചോദിച്ചറിയുകയും അയാളുടെ പശിയടക്കാന്‍ ആവുന്നത് ചെയ്യുകയും ചെയ്തു. ആഡംഭരത്തിന്‍റെ പറുദീസയില്‍ ജീവക്കുന്ന മറ്റൊരു സുഹൃത്തിനെയും ഞാന്‍ സന്ദര്‍ശിച്ചു. അയാളും വയറ്റത്ത് കൈ വെച്ച് വേദന ശമിപ്പിക്കുകയാണ്. ഈ ദൃശ്യം കണ്ടതോടെ കോരിത്തരിച്ചു നിന്ന ഞാന്‍ കാരണം തിരക്കിയപ്പോള്‍ കിട്ടിയ മറുപടി അതിലേറെ ആശ്ചര്യമായിരുന്നു. നിറവയറാണ് തന്നെ വേദനിപ്പിച്ചതെന്നായിരുന്നു അയാള്‍ പ്രതിവചിച്ചത്چ. (അറബ് സാഹിത്യകാരന്‍ മുസ്ത്വഫ ലുത്ഫി മന്‍ഫലൂത്വിയുടെ ധനികനം ദരിദ്രനും എന്ന നോവലില്‍ നിന്ന്).
ഒിശുദ്ധിയുടേയും നിയന്ത്രണത്തിന്‍റെയും മാസമാണ് റമളാന്‍. നിഷിദ്ധവും അനഭിലഷണീയവുമായ കര്‍മ്മങ്ങളും വിചാരങ്ങളും മാറ്റി നിറുത്തി നാഥനിലേക്ക് അടുക്കുവാനുള്ള വഴികളാണ് ഈ മാസത്തില്‍ ഓരോ വിശ്വാസിയും അന്വേഷിക്കുന്നത്. അതിനിടക്ക് വ്രതത്തിന്‍റെ മര്‍മ്മമെന്തന്നറിയാതെ പലപ്പോഴും നാം അതിര്‍ ലംഘിക്കുന്നു. ഇത് കൂടുതല്‍ പ്രകടമായി കാണുന്നത് ഭോജനത്തിന്‍റെ കാര്യത്തിലാണ്. പകല്‍ മുഴുവന്‍ അന്ന-പാനീയങ്ങള്‍ ഉപേക്ഷിക്കുന്ന നോമ്പുകാരന്‍റെ നോമ്പുതുറ അഹിതകരവും ആഭാസകരവുമായി മാറിപ്പോവുകയാണ്. നോമ്പിനോട് പക തീര്‍ക്കുന്നതു പോലെയാണ് പലരുടേയും ഭക്ഷണരീതി.
മനുഷ്യന്‍റെ ജീവസന്ധാരണത്തിന്‍റെ സുപ്രധാന ഘടകമാണ് ഭക്ഷണം. മാത്രമല്ല, ജീവന്‍റെ നിലനില്‍പ്പ് തന്നെ ഭക്ഷണത്തിലാണ്. ഭോജന-പാന മാര്‍ഗ്ഗങ്ങള്‍ സ്തംഭിച്ച ശതകോടീശ്വരന്‍ പൂജ്യമാണ്. അത് കൊണ്ട് തന്നയാണ് രാഷ്ട്രീയ നായകന്മാര്‍ പോലും പ്രതിഷേധ പ്രകടനങ്ങളുടെയും സമരങ്ങളുടേയും ഭാഗമായി നിരാഹാരസമരത്തെ ഗണിക്കുന്നത്. ലക്ഷ്യ പ്രാപ്തിക്കായുള്ള ഈ സമര രീതി കൂടുതല്‍ സ്വീകാര്യത നേടുന്നത് ജീവല്‍ ഘടകത്തെ ത്യജിച്ചുകൊണ്ടുള്ള സമരമായതിനാലാണ്.
ഒക്ടോബര്‍ പതിനാറിന് ലോകം ഭക്ഷ്യദിനമാചരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ വകുപ്പ് സ്ഥാപിതമായ ദിവസത്തെ സ്മരിച്ചുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ട ഈ ദിനം ആഹാര സംബന്ധിയായ ചര്‍ച്ചകള്‍ക്കു വേണ്ടിയാണെങ്കിലും ഭക്ഷ്യ ക്ഷാമമകറ്റുന്നതടക്കം ധാരാളം കാര്യങ്ങളില്‍ ക്രിയാത്മക പരിഹാരം നിര്‍ദ്ദേശിക്കാന്‍ സമിതിക്കു സാധിക്കുന്നില്ല.  ഇത്തരുണത്തില്‍ല്‍ ഭക്ഷ്യ ക്ഷാമമകറ്റാന്‍ ഇസ്ലാം മുന്നോട്ടുവെക്കുന്ന മാനദണ്ഠങ്ങളും ഭോജനത്തിന്‍റെ രീതിശാസ്ത്രവും മനസ്സിലാക്കാന്‍ മുസ്ലിം പ്രത്യേകിച്ചും ബന്ദശ്രദ്ധ കാണിക്കേണ്ടതുണ്ട്.
വ്യക്തമായ കാഴ്ചപ്പാടുകളോടെയാണ് ഇസ്ലാം ഭക്ഷണത്തേയും സമീപിക്കുന്നത്. കൃത്യമായ ലക്ഷ്മണ രേഖ വരച്ചുകൊണ്ട് ഹിതവും മിതവുമായ ഭക്ഷണരീതി മുന്നോട്ടുവെക്കുന്ന ഇസ്ലാം മാതൃകയാണ്. څആദം സന്തതികളേ, എല്ലാ ആരാധനകളിലും നിങ്ങള്‍ അലങ്കാരമണിയുക. തിന്നുകയും കുടിക്കുകയും ചെയ്യുക. എന്നാല്‍ അമിതമാവരുത്. ധൂര്‍ത്തടിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.چ(സൂറതുല്‍ അഅ്റാഫ്-31) എന്ന ദൈവീക വചനം തന്നെ ഭക്ഷണരീതിയുടെ സമഗ്രമായ അനാവരണമാണ്.
ആഢ്യത്വത്തിന്‍റെയും ധാരാളിത്തത്തിന്‍റെയും പൊങ്ങച്ചത്തിന്‍റെയും യുഗമാണ് ആധുനാതന യുഗം. മൂല്യങ്ങള്‍ വിലകല്‍പ്പിക്കപ്പെടാതെ ശോഷിച്ചുപോകുന്നു. സമ്പത്ത് തല്‍സ്ഥാനത്ത് അവരോധിക്കപ്പെടുന്നു. മറ്റു കാര്യങ്ങളിലെന്ന പോലെ ഭക്ഷ്യ സംസ്കാരവും ധാര്‍മികാതപതനത്തിന്‍റെ ഇരയായിത്തീരുന്നു. ആധുനിക വിവാഹസല്‍ക്കാരങ്ങള്‍ ഈ തിന്മയുടെ വ്യക്തമായ നിദര്‍ശനമാണ്. അനാവിശ്യവും അമിതവുമായി ഭക്ഷണങ്ങളുടെ വകഭേദങ്ങള്‍ രുചിഭേദങ്ങളോടെ തീന്‍ മേശയിലൊരുക്കുന്നവന്‍ ആതിഥ്യ മര്യാദയുടെ ഇസ്ലാമികാധ്യാപനങ്ങളിലെ ഉദാരവല്‍ക്കരണം ചൂഷണോപാധിയാക്കി തന്‍റെ ധനസ്ഥിതി ഇതരരെ തെര്യപ്പെടുത്തുകയാണ് ഫലത്തില്‍.
ആഢംഭര ഭ്രമം ബാധിച്ചവരുടെ തീന്‍ മേശയിലെ മിക്ക ആഹാരങ്ങളും വൃഥാ വലിച്ചെറിയപ്പെടുകയാണെന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചുകൂടാ. ഒരു നേരത്തെ അഷ്ടിക്കു വകയില്ലാതെ ഉലകം ചുറ്റുന്ന നിര്‍ധന യാചക വിഭാഗങ്ങള്‍ അധിവസിക്കുന്ന നാട്ടിലെ ഇത്തരം ക്രൂരവിനോദങ്ങള്‍ നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട്. ഇത്തരുണത്തിലാണ് തദ്വിഷയകമായിട്ടുള്ള പ്രവാചക പ്രോക്തങ്ങള്‍ക്ക് പ്രസക്തിയേറുന്നത്. അവിടുന്ന് അരുളി. څരണ്ടു പേര്‍ക്ക് ഒരാളുടെ ഭക്ഷണം മതി. നാലു പേര്‍ക്ക രണ്ടാളുടേയും എട്ടുപേര്‍ക്ക് നാലാളുടേയും ഭക്ഷണം മതിچ(ഹദീസ് മുസ്ലിം). څഒരുപിടി ഭക്ഷണം നിലത്ത് വീണാല്‍ കഴിക്കുന്നവന്‍ അതെടുത്ത് അതില്‍ പറ്റപ്പിടിച്ച മാലിന്യങ്ങളെ നീക്കം ചെയ്യണം. എന്നിട്ട് അത് ഭക്ഷിക്കുക. അല്ലാതെ അത് പിശാചിനുപേക്ഷിക്കരുത്چ(ഹദീസ് മുസ്ലിം). ജീവിക്കാന്‍ വേണ്ടി തിന്നുന്നതിനു പകരം തിന്നാനായി ജീവിതം ഹോമിക്കുന്നതുപോലെ മൃഷ്ടാന്നം ഭുജിക്കുകയും ഭക്ഷണ പാത്രത്തിനു പുറത്ത് വീണ ഭക്ഷണക്കീറുകള്‍ എടുത്ത് ഭക്ഷിക്കുന്നത് അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന കാര്യമായി കരുതപ്പെടുകയും ചെയ്യുന്ന ലോകത്ത് മേലുദ്ദൃത അധ്യാപനങ്ങളില്‍ ധാര്‍മ്മികയുടെ പാരമ്യത നമുക്ക് കണ്ടെത്താനുവും.
ആധുനിക മനുഷ്യന്‍ ഫാസ്റ്റ് ഫുഡിന്‍റെ പിന്നാലെ പോകുന്ന ദുരന്ത കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. മായം ചേര്‍ത്ത അന്ന പാനീയങ്ങള്‍ അകത്താക്കുന്ന മനുഷ്യന്‍ സ്വന്തത്തെ കുരുതി ക്കൊടുക്കുകയാണെന്ന നഗ്ന യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിക്കുകയാണ്. പ്രവാചകന്‍ അരുള്‍ ചെയ്തു. څഎന്‍റെ സമുദായത്തില്‍ വകഭേദങ്ങളിലുള്ള അന്നപാനീയങ്ങള്‍ കഴിക്കുന്നവരും വര്‍ണ ശബളമായ ഉടയാട ധരിക്കന്നവരും പരുഷ വാക്കുകള്‍ ഉപയോഗിക്കുന്നവരും പില്‍കാലത്ത് വരും. അവര്‍ എന്‍റെ സമുദായത്തിന്‍റെ അന്ധകരാണ്چ(നുസ്ഹതുല്‍ മജാലിസ്). പ്രവാചകീയ മുന്നറിയിപ്പികള്‍ അവഗണിക്കാതെ മുന്നേറാന്‍ നാം പ്രതിജ്ഞാബദ്ധരാണ്.
ഒരു മതത്തിനും പ്രത്യയശാസ്ത്രത്തിനും അവകാശപ്പെടാനാവാത്ത സമുല്‍കൃഷ്ടമായ ഭോജന മര്യാദകള്‍ പരിശുദ്ധ ഇസ്ലാം മുന്നോട്ട് വെക്കന്നു. കേവലം ഉപ്പ് കുറഞ്ഞതിന്‍റെ കാരണം പറഞ്ഞ് ഭക്ഷണത്തെ അക്ഷേപിക്കുന്നവര്‍ പെരുകുമ്പോള്‍ څനാളിതു വരെ ഭക്ഷണത്തെ പഴിക്കാതെ, ആഗ്രഹമുണ്ടെങ്കില്‍ ഭക്ഷിക്കുകയും താല്‍പര്യമില്ലെങ്കില്‍ ഉപേക്ഷിക്കുകയും ചെയ്യുന്നچ പ്രവാചകീയ മാതൃക ഉദാത്തമാണ്. നമുക്ക് ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട ഒരു പാട് ഭോജന മര്യാദകള്‍ പ്രവാചകനില്‍ ദര്‍ശിക്കാനാവും.
ഉമറുബ്നു അബീസലമ(റ) പറയുന്നു. څറസൂലിന്‍റെ പരിചരണത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന കാലത്ത് ഭക്ഷണ തളികയുടെ എല്ലാ ഭാഗത്തു നിന്നും വാരി തിന്നിരുന്ന എന്നോട് പ്രവാചകന്‍(സ്വ) പറഞ്ഞു. ڇമകനേ, നീ ബിസ്മി ചൊല്ലുക, വലതു കൈ കൊണ്ട് ഭക്ഷിക്കുക, നിന്നോട് അടുത്ത ഭാഗത്തു നിന്നും നീ കഴിക്കുകڈ.چ(ബുഖാരി, മുസ്ലിം). ജാബിര്‍ (റ) പറയുന്നു. څറസൂല്‍(സ്വ) വിരലുകള്‍ ഊമ്പാനും പാത്രം വടിച്ച് തിന്നാനും കല്‍പ്പിച്ച് കൊണ്ട് പറഞ്ഞു ڇഭക്ഷണത്തിന്‍റെ ഏത് കണികയിലാണ് ബറകത് കുടികൊള്ളുന്നതെന്ന് നിങ്ങള്‍ക്ക് അറിയുകയില്ലڈ. ഇവ്വിഷയകമായി അസംഖ്യം ഹദീസുകള്‍ ഇതുപോലെ നാം നിത്രേനെ ശ്രവിക്കുന്നവരാണ്.
അമിത ഭോജനം പല പ്രത്യാഘാതങ്ങളും സൃഷ്ടിക്കുന്നുണ്ട്. നിത്യ രോഗികളും അവരെ വലവീശിപ്പിടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ആതുരായലങ്ങളുമാണ് ഇതിന്‍റെ പ്രധാന ഉല്‍പന്നം. രോഗികള്‍ നന്നേ കുറഞ്ഞ സംസ്കൃതികളെയാണ് ചരിത്രത്തിന്‍റെ പിന്നാമ്പുറങ്ങളിലൂടെയുള്ള വായനയില്‍ തെളിയുന്നത്. അന്ന് പട്ടിണിയെന്ന രോഗത്തെ ചികിത്സിക്കാനുള്ള ഭഗീരഥ പ്രയത്നങ്ങളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് പട്ടിണി ഭിഷഗ്വരന്‍റെ പരിവേഷമണിഞ്ഞു.
ഔഷധ പ്രയോഗം ഫലപ്രദമാകാത്ത രോഗം ഏതാണെന്ന് കിസ്രാ ചക്രവര്‍ത്തി ഒരു വൈദികനോട് ചോദിച്ചപ്പോള്‍ ഇടവേളകളില്ലാത്ത ഭോജനം തന്നെ എന്നായിരുന്നു മറുപടി (ദലീലുല്‍ ഫാലിഹീന്‍ 2:484). ഈജിപ്തിലെ മുഖൗഖിസ് രാജാവ് മദീനയിലേക്കയച്ച ഡോക്ടര്‍ എട്ടുമാസക്കാലം രോഗികളെ കാത്തിരുന്നു. അവസാനം രോഗികളെ കിട്ടാത്തതിനാല്‍ ആശുപത്രി പൂട്ടി തിരിച്ചുപോകാനുള്ള സമ്മതം വാങ്ങാനായി റസൂലിനെ സമീപിച്ചപ്പോള്‍ അവിടുന്ന് പ്രതിവചിച്ചത് ڇഞങ്ങള്‍ വിശക്കുമ്പോള്‍ മാത്രം ആഹരിക്കുന്നവരും വയറു നിറയും മുമ്പേ മതിയാക്കുന്നവരുമാണ്. അതുകൊണ്ട് രോഗികള്‍ നന്നേ കുറയുംڈ എന്നായിരുന്നു. മൃഷ്ടാന്ന ഭോജനത്തിലൂടെ മനുഷ്യന്‍ അനുഭവിക്കുന്ന സ്വയംകൃതാനര്‍ത്ഥങ്ങള്‍ വിവരിക്കാനാണിത്രയും പറഞ്ഞത്.
വരള്‍ച്ചയും വറുതിയും സൗമ്യ-രൗദ്ര ഭാവങ്ങളോടെ ചരിത്രത്തിന്‍റെ ഇടനാഴികകളില്‍ പലപ്പോഴായി ഇടിത്തീ വീഴ്ത്തിയിട്ടുണ്ട്. പ്രവാചകന്‍ യൂസുഫ് (അ)ന്‍റെ കാലത്തും അന്ത്യ പ്രവാചകരുടെ കാലത്തും ജനങ്ങള്‍ ക്ഷാമം നേരിട്ടിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം പാഠം ഉള്‍കൊണ്ട് ഒരു നവജീവിതക്രമം രൂപപ്പെടുത്തിയെടുക്കാന്‍ സര്‍വ്വാത്മനാ തുനിയണം.
ഉദരത്തിന്‍റെ മൂന്നിലൊന്ന് അന്നത്തിനും മൂന്നിലൊന്ന് പാനീയത്തിനും മൂന്നിലൊന്ന് ശ്വാസോഛ്വോസത്തിനും വകയിരുത്തിയ പ്രവാചകന്‍ (സ്വ) യുടെ ജീവിതം മതഭേദമന്യേ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലോക ഭക്ഷ്യ ദിനത്തിലെ ചര്‍ച്ചകളിലും ചര്‍വ്വിത ചര്‍വ്വണങ്ങളിലും ആടിയുലയുന്ന ഭക്ഷ്യസംസ്കാരത്തിനുള്ള പരിഹാരം കാണുന്നത് പ്രവാചക വചനങ്ങളിലാണ്. ഇവയോട് നീതി പുലര്‍ത്താന്‍ നാഥന്‍ തുണക്കട്ടെ. ആമീന്‍.