ആ നാല് മതില്‍ കെട്ടിനകത്തെ നോമ്പ് കാലം

   റമളാന്‍ പുണ്യങ്ങളുടെ പൂക്കാലം, ആത്മ സമര്‍പ്പണത്തിന്‍റെ നിറ സാഫല്യവുമായി സമാഗതമായിരിക്കുകയാണ്. റമളാനിന്‍റെ വരവേല്‍പ്പോട് കൂടെ തന്നെ മുസ്ലിം സമൂഹത്തില്‍ സന്തോഷത്തിന്‍റെ ആരവങ്ങള്‍ മുഴങ്ങിത്തുടങ്ങിയിരിക്കുന്നു. ഒരു നാട് തന്നെ റമളാനിന്‍റെ വരവിനെ സ്വാഗതമോതി ഈ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നു. ഒരു ഉത്സവമായി തന്നെയാണ് നാട്ടുകാര്‍ റമളാനിനെ കാണുന്നത്. അത് കൊണ്ട് തന്നെ റമളാനിൻ്റെ ഒരുക്കപ്പാടൊക്കെ നേരത്തെ തന്നെ തുടങ്ങല്‍ ഒരു പതിവ് തന്നെയാണ്. വീടുകള്‍ വൃത്തിയാക്കലും ഇഫ്താറിന്‍റെ സാധനങ്ങള്‍ വാങ്ങിച്ചു വെക്കലും നനച്ചു കുളിയും പള്ളികള്‍ അലങ്കരിക്കലും എന്നിങ്ങനെ തുടങ്ങി ഒരു പിടി പൈതൃക പൊലിമകള്‍ തന്നെയുണ്ട്. എന്നാലും ഇതിനൊക്കെ പുറമെ കാപ്പാട് ഐനുല്‍ ഹുദയുടെ നാല് കെട്ട് മതിലുകള്‍ക്കിടയില്‍ ഞാന്‍ കണ്ട ഒരു ഇഫ്താര്‍ ലോകമുണ്ട്. എത്ര വർണിച്ചാലും തീരാത്ത ലോകം.
മാസക്കോയ എന്നറിയപ്പെടുന്ന മൂസക്കോയയുടെ കണ്ണില്‍ പതിച്ച റമളാനിന്‍ അമ്പിളി പൂക്കുന്നതും പിന്നെ ആദ്യ തറാവീഹും കഴിഞ്ഞ്  കിച്ചണിലെ കഞ്ഞിപ്പാത്രത്തിന് മുന്നിലായിരിക്കും ഞങ്ങളുടെ കണ്ണുകൾ. റമളാനിന്‍റെ മുന്നൊരുക്കങ്ങളൊക്കെ ആഴ്ചകള്‍ക്ക് മുമ്പ് തീര്‍ത്തത് കൊണ്ട് തന്നെ റമളാനിന്‍റെ പകലുകളിൽ പ്രത്യേകിച്ച്  പണികളൊന്നും ഉണ്ടാകാറില്ല.റമളാനിന്‍റെ വരവിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കാമ്പസിലെ ചേച്ചിയുടെ നേതൃത്ത്വത്തില്‍ സകല കാമ്പസ് ജീവികളും നോമ്പുകാരായി തന്നെയാണ് ഞങ്ങളില്‍ കഴിയാറ്. റമളാന്‍ ആയാല്‍ പിന്നെ കാമ്പസിന്‍റെ ചട്ടക്കൂടുകള്‍ക്കും മാറ്റങ്ങള്‍ സംഭവിക്കും.അത് കൊണ്ട് തന്നെ നോമ്പുകാലത്ത് ഉച്ചവരെ മാത്രമേ ക്ലാസുകള്‍ ഉണ്ടാവാറുള്ളൂ. ഈ അവസരങ്ങളില്‍ കാമ്പസിന്‍റെ വൈവക്കിലൂടെ ഒന്ന് നടക്കുമ്പോള്‍ പല രസികന്‍ കാഴ്ചകളും  കാണാറുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ലേബര്‍ കാമ്പില്‍ ബെന്യാമിന്‍ കണ്ട ഇരു വിഭാഗം നോമ്പുകാര്‍. തക്കം പാത്ത് വാരി അകത്താക്കി പുറമെ നോമ്പുകാരായി അഭിനയിക്കുന്നവരും രാവിലെ മുതല്‍ നോമ്പ് തുറ വരെ കിതാബും ഖുര്‍ആനുമായി നടന്ന് നോമ്പനുഷ്ഠിക്കുന്നവരും എന്നിങ്ങനെയാണ് ആ ഇരു വിഭാഗങ്ങള്‍. പക്ഷെ ഇവരില്‍ യഥാര്‍ത്ഥ നോമ്പുകാരെ കാണുമ്പോൾ എനിക്ക് വല്ലാത്ത ഒരു സന്തോഷമാണ്.
 നോമ്പുകാലമായാല്‍ പൊതുവെ കേള്‍ക്കാറുള്ള ബഹളങ്ങളും ശബ്ദകോലാഹലങ്ങളും എങ്ങോ പോയി മറഞ്ഞ മട്ടാണ്. എങ്ങും ദിക്റും ദുആയുടേയും ഖിറാഅത്തിന്‍റെയും ഈരടികള്‍ മാത്രം. ഈ ശബ്ദ തരംഗം മനസ്സിലേക്ക് കടന്ന് ചെല്ലുമ്പോള്‍ റൂമിയുടെ മസ്നവിയുടെ പേര്‍ഷ്യന്‍ പരിഭാഷ വായിക്കുമ്പോളുള്ള ഫീലിംഗാണ്. ഖുര്‍ആന്‍ പാരായണത്തില്‍ തന്നെയാണ് അതിക സമയവും ചിലവഴിക്കാറ്. ഒരു റമളാനില്‍ തന്നെ അഞ്ചും ഏഴും ഖത്തം വരെ തീര്‍ക്കുന്ന കുട്ടികള്‍ ഞങ്ങളിലുണ്ട്. ഖത്തം തീര്‍ക്കുക എന്നത് ഒരു മത്സരം മട്ടിലാണ് നടക്കാറ്. ഇതിനായി പ്രത്യേക പ്രോത്സാഹന അവാര്‍ഡുകള്‍ വരെ പ്രഖ്യാപിക്കല്‍ പതിവ് തന്നെയാണ്. നോമ്പ് ദിനങ്ങളില്‍ ആളുകളുടെ സ്വഭാവ വ്യത്യാസങ്ങള്‍ ഏറ്റവും നല്ല രീതിയില്‍ കണ്ടറിഞ്ഞിട്ടുണ്ട്. എന്നും മൂക്കിന്‍ തുമ്പിലാണ് ശുണ്ടി എന്ന ഭാവത്തില്‍ നടക്കുന്നവര്‍ റമളാനില്‍ നനഞ്ഞ പൂച്ചയുടെ മട്ടാണ്. ഇത് കാണുമ്പോള്‍ തോന്നാറുള്ളത് ഖത്താബിന്‍റെ മകന്‍ ഉമറുല്‍ ഫാറൂഖ് (റ) ആയി മാറുന്ന ആ ചരിത്ര രംഗമാണ്.
 സൗഹൃദവും സ്നേഹവും തളിരിട്ട് നില്‍ക്കുന്ന കാമ്പസിന്‍റെ മുറ്റത്ത് റമളാന്‍ എന്നും ഒരു വസന്തം തന്നെയായിരുന്നു പലർക്കെന്ന പോലെ എനിക്കും. പുതിയ അഡ്മിഷനില്‍ വരുന്ന പുതുനാമ്പുകളെ സസഹോദരന്‍മാരെ പോലെ കണ്ട് എന്നും നന്മകള്‍ മാത്രം ഉപദേശിക്കുന്ന ഇക്കാക്കമാരായി മാതൃകയാവുന്ന വിദ്യാര്‍ത്ഥികള്‍ ഈ വസന്തത്തില്‍ വിരിയുന്ന പൂക്കളാണ്. നാട്ടിലായിരിക്കുന്ന കാലത്ത് വെറും ഒരു ചട്ടക്കൂടില്‍ ഒതുങ്ങി നോമ്പ് തുറ നടത്തിയ എനിക്ക് കാമ്പസ് നോമ്പുകാലം യഥാര്‍ത്ഥത്തില്‍ ഒരു ഈദ് തന്നെയാണ്. വെറും മൂന്ന് പൊരികള്‍ കൊണ്ടാണ് നോമ്പ് തുറ എങ്കിലും അതിന്‍റെ രുചിയും സ്വാദും മറ്റൊന്ന് തന്നെയായിരുന്നു.
 ചൂട് കാലമായത് കൊണ്ട് തന്നെ തറാവീഹ് എന്നത് ഞങ്ങളെ സമ്പന്ധിച്ച് വലിയ ഒരു പ്രയാസകരമായ കാര്യം തന്നെയാണ്. ഒരു മണിക്കൂര്‍ മാത്രമാണ് നമസ്കാരമെങ്കിലും വിയര്‍പ്പില്‍ മുങ്ങിയുള്ള ഒരു യത്നമായിരുന്നു അത്. പക്ഷെ ഇതേ സമയം ‘ ഞാന്‍ നിസ്കാരത്തിൽ പ്രവേശിച്ചതിന് ശേഷം നിങ്ങള്‍ എന്‍റെ കാലില്‍ തറച്ച അമ്പ് പറിച്ചെടുത്തോളൂ, ഞാന്‍ വേദന അറിയില്ല’ എന്ന് ധീരമായി പ്രഖ്യാപിച്ച സ്വഹാബി വര്യരുടെ അതേ ആത്മ ധൈര്യത്തോട് കൂടി ചൂടൊന്നും നിസ്കാരം തുടങ്ങിക്കഴിഞ്ഞാല്‍ നാം അറിയാറില്ല എന്ന അനുഭവം പറഞ്ഞവരും ഞങ്ങളില്‍ ഉണ്ടായിരുന്നു. പിന്നെ ഇതിനൊക്കെ ആശ്വാസമായി ഞങ്ങള്‍ കണ്ടിരുന്നത് തറാവീഹിന് ശേഷമുള്ള ബിരിയാണിയാണ്. നിസ്കാരവും കഴിഞ്ഞ് വരുന്ന ഞങ്ങള്‍ ഞങ്ങളുടെ വ്യസനങ്ങളും ദുഖങ്ങളും പറഞ്ഞു തീര്‍ക്കാറുള്ളത് ഇവനോട് മാത്രമാണ്. കഴിഞ്ഞ വര്‍ഷം നിപ്പ വൈറസ് പടര്‍ന്ന് പന്തലിച്ചതിനാല്‍ പാതി കെട്ടിവെച്ച സമൂഹ നോമ്പ് തുറയുടെ പന്തല്‍ കഴിച്ച് മാറ്റിയിരുന്നു. എല്ലാവരും ഒത്തൊരുമിച്ച് ജാതി മത ഭേദമന്യേ എല്ലാവര്‍ഷവും അത് നടത്തിവരാറുണ്ട്. എല്ലാവരും ഒത്ത്  ചേര്‍ന്നുള്ള ആ  നോമ്പ്   തുറ കണ്ടാല്‍ തന്നെ മതി ഇസ്ലാം വിഭാവനം ചെയ്യുന്ന ആഗോള സാഹോദര്യം മനസ്സിലാക്കാന്‍.  അതിനുള്ള പ്രാരംഭ ഘട്ടത്തിലാണ് ഇപ്പോള്‍ കാമ്പസ്.
 ഞാന്‍ ഓര്‍ക്കുകയാണ്. എന്‍റെ ആ പഴയ നോമ്പ് കാലങ്ങള്‍.  വെറും ഉപ്പ് വെച്ച കലം മാത്രമായിരുന്നു അത്. റമളാനിന്‍റെ സത്ത അറിയുന്നതും അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതും  ഞാന്‍ ഈ മണ്ണില്‍ നിന്നാണ്. എന്‍റെ സ്നേഹിതരുടെ കൂടെ ഈ നാല് കെട്ട് മതിലുകളില്‍ ഒതുങ്ങിയ എന്‍റെ കാമ്പസില്‍ നിന്ന്.
ഇഖ്ബാല്‍ കുറ്റ്യാടി
കെ.കെ.എം ഇസ്ലാമിക് അകാദമി കാപ്പാട്