ഇനി പാപ മോചനത്തിന്റെ പത്ത് ദിനങ്ങൾ

മഹ്ഷൂഖ് തൃക്കരിപ്പൂർ
നമ്മോടു അതിക്രമം ചെയ്തവരോടു നമ്മൾ തിരിച്ചെന്ത് ചെയ്യും?
 അവരർഹിക്കുന്നത് നമ്മൾ തിരിച്ചു ചെയ്യും. അതായതു;  ഒന്നുകിൽ വിട്ടുവീഴ്‌ചയിൽ മാപ്പു നൽകും, അല്ലെങ്കിൽ പ്രതികാരം ചെയ്യും.
 അല്ലാഹുവിന്റെ വചനങ്ങളാൽ ലോകത്തിനു സന്മാർഗം കാണിക്കാൻ നാലാം വേദമായ ഖുർആൻ ഹിറാഗുഹയിൽ അവതരിച്ചു തുടങ്ങിയ മാസമാണ് റമളാൻ.അതിൽ സൃഷ്ടികൾ സൃഷ്ടാവിനോടു ശുക്ർ ചെയ്യുന്നു. വിശപ്പ് സഹിച്ചും നന്മകൾ അധികരിപ്പിച്ചും കൊണ്ടു റഹ്മാനായ റബ്ബിന്റെ തൃപ്തി തേടുകയാണ്.
 30 ദിവസത്തെ റമളാനായി എണ്ണുമ്പോൾ ദിവസങ്ങളെ 3 പത്തുകളായി തിരിക്കുകയാണ്. ആദ്യ പത്തു ദിനങ്ങളെ കാരുണ്യത്തിന്റേതെന്നും, രണ്ടാമത്തേതിനെ പാപമോചനത്തിന്റേതെന്നും, മൂന്നാമത്തേതിനെ നരകമോചനത്തിന്റേതെന്നും എണ്ണുന്നു.
 പാപമോചനത്തിന്റേതായ രണ്ടാമത്തെ പത്തിൽ നിങ്ങൾ ഓർക്കേണ്ടതായ ഒന്നുണ്ട്;
” പാവമല്ല പാപം “
തെറ്റുകുറ്റങ്ങൾ ശൈത്ത്വാനിക പ്രേരണ, അല്ലെങ്കിൽ ചങ്ങാതിയുടെ, സാഹചര്യങ്ങളുടെ,  ഇതിന്റെയൊക്കെ പുറമേ നമ്മുടെ തന്നെ ദേഹത്തിന്റെ പ്രേരണ മൂലവും നമ്മിൽ നിന്ന് ഉണ്ടാവുന്നു.
 “പുറത്തിറങ്ങിയാൽ തന്നെ, ഹറാമാണു കാണുന്നത് ” എന്ന് പറയാൻ മാത്രം ഇന്നത്തെ ചുറ്റുപാടുകൾ തിന്മ ചെയ്യാൻ സൗകര്യം ചെയ്യുകയാണു. എന്നാൽ അതിനേക്കാൾ ഭയക്കേണ്ട വിധത്തിൽ സ്മാർട്ട്ഫോൺ മുതലായ ഡിവൈസുകൾ തെറ്റുകൾ വലിച്ചു കുടിക്കാൻ കണ്ണുകൾക്കും കാതുകൾക്കും അവസരം നൽകുകയാണ്. അല്ലാഹു കാക്കട്ടേ.നന്മ ചെയ്യാനുറച്ചവന് എല്ലാം നന്മയുടെ മാർഗത്തിൽ ഒതുക്കി നിർത്താൻ കഴിയുമെന്നത് നിസ്സംശയം തന്നെ, അല്ലാഹു കരുത്ത് നൽകട്ടേ ആമീൻ.
 ഓഫറുകളുടെ വല്ലാത്ത സമയമാണു റമളാൻ.സൃഷ്ടാവിന്റെ പ്രീതി ഉദ്ദേശ്യം വെച്ച് നോമ്പിൽ ആനന്ദം കണ്ടെത്തിയവന് നാളെ റയ്യാനെന്ന സ്വർഗീയ വാതിൽ കാത്തു നില്പുണ്ട്. അതു കരഗതമാവാൻ ഈ റമളാനിൽ പരിശ്രമിക്കണം.
ചിന്തിച്ച് നോക്കിയേ… ഈ സ്വർഗീയ ഫലങ്ങളാസ്വദിക്കേണ്ടതായ നാം , അതിൽ നിന്ന് തള്ളപ്പെടുന്നത് !!!! അതും സംഭവിച്ചേക്കാം. നമ്മൾ ചെയ്ത ദോഷങ്ങൾ കുന്നു കൂടി തിന്മയുടെ തുലാസ് പാത്രത്തിൽ ഭാരം നൽകുന്നത്. ആ ദൃശ്യം ഓർത്തു നോക്കണം. ഇനിയൊന്നും ചെയ്യാനില്ലാതെ കൈ മലർത്തേണ്ടി വരും. കാരണം ഖിയാമത്ത് നാളിലാണു ഈ തൂക്കം നോക്കൽ. അന്ന് നമുക്ക് തിരിച്ച് വന്ന് നന്മ അധികരിപ്പിക്കാൻ കഴിയില്ല.അല്ലാഹു തന്നെ നേരിട്ട് വിചാരണ ചെയ്യുന്ന അന്തിമ വിധിയുടെ ദിനം.ഭീകര ദിനം. അന്ന് അത് തിരുത്താൻ അവസരമില്ല.
  എന്നാൽ,
ഇപ്പോഴതിന് അവസരമുണ്ട്, ചെയ്തു പോയ പാപങ്ങളോടൊക്കെ പശ്ചാതാപം കൊണ്ട് പ്രതിക്രിയ ചെയ്യാം, പ്രതികാരം ചെയ്യാം.അങ്ങനെ ഉന്നത വിജയം നേടാം.
പരിശുദ്ധ ഖുർആനിലെ സൂറത്തു നൂറിൽ കാണാം :
” സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിലേക്ക് പശ്ചാതപിച്ചു മടങ്ങുക, നിങ്ങൾ വിജയം വരിക്കാൻ വേണ്ടി. “
 അബ്ദുള്ളാഹിബ്‌നു അബ്ബാസ് (റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ നബി (സ) പറയുന്നതായി കാണാം: ” നിങ്ങളിൽ നിന്ന് ആരെങ്കിലും ചെയ്തു പോയ തെറ്റുകൾക്ക് നിരന്തരമായി ഇസ്‌തിഗ്‌ഫാർ ചെയ്യുകയാണെങ്കിൽ ; അല്ലാഹു തആലാ നിങ്ങൾക്ക് പ്രയാസങ്ങളിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും പുറത്തു കടക്കാനുള്ള ഒരു വഴി കാണിച്ചു തരികയും,എല്ലാ ദുഃഖങ്ങളും ആവലാതികളും മായിച്ചു ആ സ്ഥാനത്ത് അല്ലാഹു ഐശ്വര്യവും അനുഗ്രഹവും പകരമായി നൽകുകയും ചെയ്യും,അവനിക്ക് അവൻ കരുതാത്ത നിലയിൽ രിസ്‌ഖ് ലഭിക്കുകയും ചെയ്യും. “
മുകളിൽ പറഞ്ഞ ഖുർആൻ ആയത്തിൽ നിന്നും ഹദീസിൽ നിന്നും നമുക്ക് മനസിലാക്കാം ഇസ്തിഗ്ഫാർ അഥവാ പാപമോചനം തേടൽ വളരെ പ്രാധാന്യമുള്ള കാര്യമാണെന്നും ഭൗതിക നേട്ടങ്ങളും വാരിക്കൂട്ടാമെന്നും.
പശ്ചാതാപം ചെയ്യേണ്ടുന്നതിനെ ഇമാം നവവി (റ) രിയാളു സ്വാലിഹീനിൽ പറയുന്നത് നോക്കൂ.
 സകല ദോശങ്ങളിൽ നിന്നും പശ്ചാതപിക്കൽ നിർബന്ധമാണ്. മനുഷ്യനുമായി യാതൊരു ബന്ധമില്ലാത്തതും അല്ലാഹുവിനും വ്യക്തിക്കുമിടയിൽ മാത്രമുള്ളതാണെങ്കിൽ അതിനു മൂന്ന് നിബന്ധനകളുണ്ട്.
 1. പാപത്തിൽ നിന്ന് നിശ്ശേഷം വിട്ടു നിൽക്കുക.
 2. അതു അനുവർത്തിച്ചു പോയതിന്റെ പേരിൽ ഖേദമുണ്ടാവുക.
 3. ഇനിയൊരിക്കലും ആ ദോഷം പ്രവർത്തിക്കുകയില്ലെന്ന് ദൃഢ നിശ്ചയം ചെയ്യുക.
ഈ മൂന്നിൽ ഏതെങ്കിലും ഒരു കാര്യം ഇല്ലാതെ പോയാൽ പശ്ചാതാപം ശരിയാവുകയില്ല. ഇനി ചെയ്തു പോയ ദോഷം മറ്റൊരു മനുഷ്യനുമായി ബന്ധപ്പെട്ടതാണെങ്കിൽ നാലാമത് ഒരു നിബന്ധന കൂടിയുണ്ട്.
 4. ആ വ്യക്തിയുമായുള്ള കടപ്പാടിൽ നിന്ന് മുക്തനാവുക.
സാമ്പത്തികമോ മറ്റോ ആണെങ്കിൽ കൊടുത്തു വീട്ടണം, ദൂഷണം പറഞ്ഞതാണെങ്കിൽ അയാളെ സംതൃപ്തനാക്കണം.ചുരുക്കത്തിൽ സകലദോഷങ്ങളിൽ നിന്നും പശ്ചാതപിക്കൽ നിർബന്ധമാണ്.
 തെറ്റിനു പ്രേരകരായ കൂട്ടുകെട്ടിൽ നിന്ന് ഒഴിഞ്ഞു നിൽക്കൽ നിർബന്ധമാണെന്ന് മനസിലാക്കാം. അവർ നമുക്ക് തെറ്റ് ചെയ്യുന്നത് നല്ലതാക്കി കാണിച്ചു തരികയും ആരാധാന കർമ്മങ്ങളെ തൊട്ട് വെറുപ്പ് ജനിപ്പിക്കുകയും ചെയ്യും. അല്ലാഹു നമുക്ക് ബോധം തരട്ടേ.
എല്ലാ തെറ്റുകളിൽ നിന്നും മുക്തനായ നബി തങ്ങൾ പോലും നിത്യവും 100 തവണ ഇസ്‌തിഗ്‌ഫാർ ചെയ്തു മാതൃകയായിട്ടുണ്ട്. അതിൽ നിന്ന് തന്നെ ഇതിന്റെ ആരാധനാകർമ്മങ്ങളിലുള്ള പ്രാമുഖ്യം കാണാൻ സാധിക്കും. റമളാനിൽ ഒരു നന്മയെ എത്രയോ ഇരട്ടിയായാണ് രേഖപ്പെടുത്തുന്നത്. ഇനിയൊരു റമളാൻ ജീവിതത്തിൽ ലഭിക്കുമോയെന്ന് ഉറപ്പില്ലാത്ത നമ്മൾ ; ഈ കിട്ടിയ ഭാഗ്യത്തെ ഉപയോഗപ്പെടുത്തുക‌. രണ്ടാമത്തെ പത്തിൽ നമുക്ക് പാപങ്ങളോടു പ്രതികാരം ചെയ്യാം ഇസ്തിഗ്‌ഫാറിലൂടെ. “റബ്ബേ ചെയ്തു പോയ ദോഷങ്ങൾ പൊറുത്തു തരണേ ” എന്ന് യാചിച്ചു കൊണ്ടു ഹൃദയമാലിന്യങ്ങളെ കഴുകിക്കളയാം. അതിലൂടെ മൂന്നാമത്തെ പത്തിൽ നരകമോചനം തേടി വിജയികളിൽ ഉൾപ്പെടാം. അർഹമു റാഹിമായ റബ്ബ് തൗഫീഖ് നൽകട്ടേ.