ശഹ്റു റമദാന്‍; മാനസാന്തരീകരണത്തിന്‍റെ വഴികള്‍ തുറന്നിടുമ്പോള്‍

റാഷിദ് കെ.കെ ഒളവട്ടൂര്‍

(തൻവീർ ഇസ്‌ലാമിക് &ആർട്‌സ് കോളേജ് കുമ്മിണിപറമ്പ)

വ്രത വിശുദ്ധിയുടെ നാളുകള്‍ ആത്മ ചൈതന്യത്തിന്‍റെ നിറവസന്തമാണ് മാനസങ്ങളില്‍ സന്നിവേശിപ്പിക്കുന്നത്. ഇദംപ്രഥമമായി ചെയ്തുതീര്‍ത്ത തിന്‍മകളുടെ കൂമ്പാരങ്ങള്‍ക്കു മുമ്പില്‍ നിന്ന് ഓരോ വിശ്വാസിയും നെടുനിശ്വസം വലിക്കുമ്പോഴാണ് അടിമയുടെ ആത്മഗതമറിഞ്ഞുകൊണ്ടുതന്നെ സ്രഷ്ടാവ് അവനെ ചേര്‍ത്ത് പിടിക്കുന്നതും റമളാനിനെ നല്‍കി അവനെ വിമലീകരിക്കുന്നതും. ഐഹിക ചാപല്യങ്ങള്‍ വിടാതെ വേട്ടയാടിക്കൊണ്ടിരിക്കുന്ന നിസ്സഹായരായ പ്രവാചകര്‍ (സ)യുടെ സമുദായത്തിന് ഈ മാസം അനല്പമായ ആശ്വാസമാണ് പകരുന്നത്.

കേവലം ശുഷ്കമായ ആയുസ് മാത്രമുണ്ടായിരിക്കേ തന്നെ അതിനെ മുഖവിലക്കെടുക്കാനാവാതെ ലൗകിക ഭ്രമത്തതയില്‍ തിമിര്‍ത്തുല്ലസിക്കുന്ന നമ്മുടെ കരം പിടിച്ച് സാന്ത്വനസ്പര്‍ശത്തോടെ ദൈവീക പാതയില്‍ അനുനയിപ്പിക്കുകയാണ് സ്രഷ്ടാവ് ചെയ്യുന്നത്.
ഉപരിപ്ലവമായ ദര്‍ശനത്തില്‍ തന്നെ ധൃഷ്ടമാകുന്ന വസ്തുത ധനിക-ദരിദ്ര വിത്യാസമില്ലാതെ ഏവരും സ്രഷ്ടാവിന്‍റെ കൃപാകടാക്ഷത്തിനായി സാകൂതം അര്‍ത്ഥിക്കുന്നു വെന്നതാണ്. സുഖലോലുപതയില്‍ അഭിരമിക്കുന്ന ധനികനും ദരിദ്രനനുഭവിക്കുന്ന വിശപ്പിന്‍റെ രുചി അറിയട്ടെ എന്ന ദൈവനിശ്ചയം റമദാനിന്‍റെ മൗലികമായ പാഠനങ്ങളില്‍ പ്രഥമമാണ്.

കര്‍മ്മങ്ങളില്‍ വിശുദ്ധി കാത്തുസൂക്ഷിക്കുകയും ഇടപാടുകളില്‍ സൂക്ഷ്മത മുഖമുദ്രയാക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത റമദാനിലെന്നല്ല ജീവിതത്തിന്‍റെ ആദ്യാന്ത്യം വരെ പരമപ്രധാനമാണ്. എന്നാല്‍ റമദാനിലെ പാകപ്പിഴകള്‍ക്ക് ജീവിതത്തില്‍ വലിയ വില നഷ്ടധൂരീകരണത്തിനായി നല്‍കേണ്ടിവരുമെന്നതിനാലാണ് പ്രത്യേകം റമദാനില്‍ അതാവശ്യമാണെന്ന് തെര്യപ്പെടുത്തുന്നത്.

റമദാനിലെ കര്‍മ്മങ്ങള്‍ക്ക് എഴുപതിരട്ടിയായുളള പ്രതിഫലവും എന്നാല്‍ തിന്‍മകള്‍ക്ക് സാധാരണപോലെ ഒരു ശിക്ഷയുമെന്ന ഹദീസിന്‍റെ വിവക്ഷ നമ്മള്‍ കര്‍മോത്സുകരായിരിക്കുന്നതിലാണ് ദൈവഹിതമുളളതെന്നാണ് അര്‍ത്ഥമാക്കുന്നത്. നന്‍മയുടെ ഏതേതു വിധാനങ്ങളിലൂടെയും സഞ്ചരിക്കാന്‍ നമ്മള്‍ സന്നദ്ധമാകണം.

പരസഹായങ്ങളാല്‍ പരമകാഷ്ഠ പ്രാപിക്കേണ്ട മാസമാണിത്. ഈ മാസത്തില്‍ ആരും വിശാദചിത്തരായി കാണാന്‍ ഇടവരരുത്. ഭുവനത്തില്‍ തന്നെ സ്വര്‍ഗ്ഗരാജ്യം പണിയാന്‍ വിശ്വാസികള്‍ക്കാവണം. അങ്ങനെ സ്വര്‍ഗ്ഗരാജ്യം പണിയാനുളള ഇഷ്ടിക തഖ്വയായിരിക്കുകയും അതിനെ ചിട്ടയില്‍ വിധാനിക്കുകയും വേണം. അഹന്തയുടെ നാളുകളോട് പ്രത്യേകമായി നാം വിടചൊല്ലണം. അഹന്ത ഈ വക പ്രവര്‍ത്തനങ്ങളുടെയെല്ലാം അടിക്കല്ല് തുരക്കുന്നതും സര്‍വ്വവും മേല്‍ പതിച്ച് അകാലനാശമടയാന്‍ ഇടവരുത്തിയേക്കുമെന്നതു തന്നെ കാരണം.
ഈ മാസത്തില്‍ കര്‍മ്മത്തില്‍ മാത്സര്യബുദ്ധി കാണിക്കാന്‍ വിശ്വാസികള്‍ ബദ്ധശ്രദ്ധരാകേണ്ടതുണ്ട്.

മസ്ജിദുകള്‍ നിസ്കാരങ്ങളാലും ഇഅ്തികാഫിനാലും ഖുര്‍ആന്‍ പാരായണത്താലും മുഖരിതമാവണം. പ്രവാചകര്‍ (സ) റമാദാനുകളില്‍ അവസാനപത്തില്‍ എല്ലാ വര്‍ഷവും ഇഅ്തികാഫിരിക്കാറുണ്ടായിരുന്നു. വഫാത്തിന് തൊട്ടുമുമ്പുളള വര്‍ഷം നടുവിലെ പത്തിലും കൂടി പ്രത്യേകം താല്‍പര്യത്തോടെ ഇഅ്തികാഫിരുന്നിരുന്നുവെന്ന് മഹതിആയിശ (റ) നിവേദനം ചെയ്യുന്നുണ്ട്. ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വീടുകള്‍ വാനലോകത്ത് നിന്ന് മലക്കുകള്‍ക്ക് നക്ഷത്രത്തെപോലെ തിളക്കമുളളതായി അനുഭവപ്പെടുമെന്നതു ഹദീസില്‍ സുവിധിതമാണ്. വ്രതനാളുകളെ നാം ധാന ധര്‍മ്മങ്ങളാല്‍ സമ്പന്നമാക്കണം. മദീന നഗരിയിലെ സ്വഹാബാക്കിറാമുകളാണതില്‍ വിശ്വാസികള്‍ക്ക് മാതൃക.

പ്രവാചകരുടെ കല്പന ശിരസ്സാവഹിച്ച് സന്തതസഹചാരികളായ സ്വഹാബാക്കള്‍ ധാനധര്‍മ്മങ്ങളില്‍ തന്‍റെ സഹോദരനോട് മത്സരിക്കാറുണ്ടായിരുന്നുവെന്നത് നമുക്ക് പാഠമാകണം.
വ്യക്തി ബന്ധങ്ങള്‍ നാം സുദൃണ്ഡമായി കാത്തുസൂക്ഷിക്കേണ്ടതുണ്ട്. തന്‍റെ സഹോദരനോട് മൂന്ന് ദിനത്തിലധികം പിണങ്ങി നില്‍ക്കുന്നവനെ അല്ലാഹു പരിഗണിക്കുകയില്ലെന്ന് സുവ്യക്തമായി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ് . അടുത്ത ഗ്രാമത്തിലെ താനിഷ്ടപ്പെടുന്ന കൂട്ടുകാരനെ തേടി ഒരാള്‍ ആ ഗ്രാമത്തിലേക്ക് പോയാല്‍ അല്ലാഹു അവന്‍റെ വഴിയില്‍ ഒരു മലക്കിനെ നിയോഗിക്കും. ആ മലക്ക് അവനോട് ചോദിക്കും: നീ എങ്ങോട്ടാണ് പോകുന്നതെന്ന്. അപ്പോള്‍ അവന്‍ പറയും ഗ്രാമത്തിലുളള തന്‍റെ കൂട്ടുകാരനെ തേടി പോകുകയാണ്. വീണ്ടും മലക്ക് ചോദിക്കും : നീ എന്തെങ്കിലും കാര്യ ലാഭത്തിന് വേണ്ടിയാണോ അവനെ ഇഷ്ടപ്പെടുന്നത്?. അപ്പോള്‍ അവന്‍ പ്രതിവചിക്കും : അല്ല, ഞാന്‍ അല്ലാഹുവിന് വേണ്ടിയാണ് ഞാനവനെ ഇഷ്ടപ്പെടുന്നതെന്ന്. ഇങ്ങനെയുളളവരെ അല്ലാഹു ഇഷ്ടപ്പെടുകയും അവര്‍ക്ക് തന്‍റെ അര്‍ഷിന്‍റെ തണലേകാമെന്നവന്‍ വാഗ്ദത്തം നല്‍കുകയും ചെയ്തിരിക്കുന്നു (മുസ്ലിം).

രോഗിയായ തന്‍റെ സഹോദരനെ സന്ദര്‍ശിക്കുന്നവന്‍ സ്വര്‍ഗ്ഗത്തിലെ അലങ്കൃതമായ തോപ്പുകളില്‍പ്പെട്ട ഒരു തോപ്പിലാണ് (മുസ്ലിം). ഈ ഹദീസുകളെല്ലാം വിശ്വാസികളെ മഹിതമായ മാനുഷീക ബന്ധത്തിന്‍റെ ഇഴ പിരിയാത്ത ചരടില്‍ വിളക്കിച്ചേര്‍ക്കുന്നതിന് ദ്യോതിപ്പിക്കുന്നുണ്ട്.

വ്യക്തികളുമായുളള ബാധ്യത നിറവേറ്റാതെ ഒരാള്‍ എത്ര ആരാധന നിര്‍വ്വഹിച്ചിട്ടും അല്ലാഹു ഗൗനിക്കുകയില്ല. അതിനാല്‍ പ്രത്യേക ശ്രദ്ധയുണ്ടായിരിക്കേണ്ട ഒരു ഗൗരവമായ വിഷയമാണിത്. പ്രത്യേകിച്ചും മനുഷ്യര്‍ സാമൂഹ്യ ജീവിയായതിനാല്‍ സാമൂഹ്യമായ ബാധ്യതകളും കടപ്പാടുകളും അവനുണ്ടായിരിക്കും.

അതിനാല്‍ സ്രഷ്ടാവിന്‍റെ താല്പര്യം പോലെ അവയോട് പൊരുത്തപ്പെട്ടുപോവുകയേ നിര്‍വ്വാഹമുളളൂ. വ്യക്തികളുമായുളള ബാധ്യതകളില്‍ നിന്ന് മുക്തനാവാന്‍ പരമാവധി ഒരോ അടിമയും ശ്രമിച്ചു കൊണ്ടിരിക്കണം. അവ്വിധം ബാധ്യതകളുണ്ടായിരിക്കെ കാര്‍മ്മിക ഫലം അനുഗുണമായിരിക്കില്ലെന്നു മാത്രമല്ല അവ നിഷ്ഫലമായിത്തീരുകയും ചെയ്യും.
വ്യവഹാരങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തുന്നതിന്‍റെ ഭാഗമായി എടുത്തുപറയേണ്ടുന്ന ഒന്നാണ് സാമ്പത്തിക വ്യവഹാരം. ഇസ്ലാമിന്‍റെ താത്വികമായ മാനപ്രകാരം വളരെ ഗൗരവമായ വിഷയമാണത്.

അര്‍ഹമല്ലാത്തത് സമ്പത്തില്‍ കലരുന്നത് ഒരര്‍ത്ഥത്തിലും അനുവധിക്കാന്‍ പാടില്ല. നിഷിദ്ധമായത് ഭക്ഷിക്കുന്നവന്‍ വയറില്‍ അഗ്നി നിറക്കുകയാണെന്ന പ്രവാചകാധ്യാപനത്തെ നാം മുഖവിലക്കെടുക്കണം. കഴിവിന്‍റെ പരമാവധി നിഷിദ്ധമായ സമ്പത്തുമായി അകലണമെന്നു തന്നെയാണ് ഉള്‍സാരം.

ബാധ്യതകളില്‍ നിന്ന് വിഭിന്നമായി ആന്തരീക ചമല്‍ക്കാരത്തിന്‍റെ കൂടി മാസമാണ് ശഹ്റു റമദാന്‍. റമദാനിനു മുന്നോടിയായി ഭവനവും ഭവനോപകരണങ്ങളുമെല്ലാം ശുദ്ധിയാക്കുന്നപോലെ ഇഥപര്യന്തമായി അനുവര്‍ത്തിച്ച തിന്‍മയില്‍ നിന്ന് വിദൂരത്ത് നില്‍ക്കാന്‍ നമുക്കുകാണം. സ്രഷ്ടാവിന്‍റെ സഹായഹസ്തം സ്വീകരിക്കുന്നതിനായി ശുഭാപ്തി വിശ്വാസത്തോടെ വിനയാന്വിതനായി വിധേയത്വം കാണിക്കുന്നവരായി ഏവരും മാറുന്നത് റമദാനീക ചൈതന്യത്തിന്‍റെ ബഹിര്‍ഭാഗസ്ഥമാണ്.

ഹൃദയത്തെ ആന്തരീക രോഗങ്ങളില്‍ വിമലീകരിച്ച് നിഷ്കളങ്കരായി തീരുകവഴി ഉടമയുടെ തിരുനോട്ടം അടിമയിലേക്കുണ്ടാകുമെന്നത് പ്രസ്താവ്യമാണല്ലോ. വിശുദ്ധ റമദാനിനെക്കൊണ്ട് വിജയിക്കുന്നവരില്‍ അല്ലാഹു നാമേവരേയും ഉള്‍ക്കൊളളിക്കട്ടേ…ആമീന്‍.