ഹിദായത്തിന്‍റെ വഴിയിലെ ഖുര്‍ആനിക സാക്ഷ്യങ്ങള്‍

മുഹമ്മദ് എസ്.കെ കുണിയ

അലിഫ്,ലാം,റാ.ജനങ്ങളേ: താങ്കളുടെ റബ്ബിന്‍റെ അനുമതിയോടെ ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് -അജയ്യനും സ ്തുത്യര്‍ഹനുമായ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലേക്ക് നയിക്കുന്നതിനു വേണ്ടി നാം താങ്കള്‍ക്കിറക്കിയ ഗ്രന്ഥമാണിത്(ഇബ്രാഹീം-1).
മനുഷ്യകുലത്തിന്‍റെ ഇഹപര വിജയത്തിന് വേണ്ടി അന്ത്യദൂതര്‍ മുഹമ്മദ്(സ്വ)ക്ക് അല്ലാഹു ഇറക്കിയ വിശുദ്ധ ഗ്രന്ഥമാണ് ഖുര്‍ആന്‍.ഇരുട്ടില്‍ നിന്നും ശാശ്വതമായ വെളിച്ചത്തിലേക്ക് മനുഷ്യരെ നയിക്കുക എന്നതാണ് ഖുര്‍ആനിന്‍റെ ആത്യന്തിക ലക്ഷ്യം.

ഭൗതികവും ആത്മീയ പരവുമായ സകല വ്യവഹാരങ്ങളിലും ഖുര്‍ആന്‍ പ്രത്യക്ഷമായും പരോക്ഷമായും ഇടപെടുന്നുണ്ട്. അല്ലാഹു പറയുന്നത് കാണുക: ഈ ഖുര്‍ആനിനെ നാം ഒരു പര്‍വ്വതത്തിന് മുകളില്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ അത് വിനയം കാണിക്കുന്നതായും, അല്ലാഹുവിനെ ഭയപ്പെട്ടതിനാല്‍ പൊട്ടി പിളരുന്നതായും, അതിനെ നീ കാണുമായിരുന്നു. ആ ഉപമകള്‍ നാം മനുഷ്യര്‍ക്ക് വേണ്ടി വിവരിക്കുന്നു. അവര്‍ ചിന്തിക്കുവാന്‍ വേണ്ടി(ഹശര്‍-21).

മഹാത്ഭുങ്ങളുടെ കലവറയാണ് ഈ ദിവ്യഗ്രന്ഥം. സൃഷ്ടികളിലൊന്നിനോടും തുലനപ്പെടുത്താനാകാത്ത അല്ലാഹുവിന്‍റെ കലാം വിശദീകരിക്കുവാന്‍ അവന്‍ തിരുനബി(സ്വ)യെ നിയോഗിച്ചതില്‍ നിന്നു(അന്നഹ്ല്-49)തന്നെ സാധാരണക്കാര്‍ക്കിത് അപ്രാപ്യമാണെന്നു മനസ്സിലാക്കമല്ലോ. ഗവേഷണ യോഗ്യമായ മുജ്തഹിദുകള്‍ക്ക് മാത്രമേ ഖുര്‍ആനില്‍ നിന്നു നിയമങ്ങള്‍ നിര്‍ദ്ധാരണം ചെയ്യാനാവുകയുള്ളുവെന്ന് ഖുര്‍ആന്‍ തന്നെ സൂറത്തുന്നിസാഇലൂടെ വ്യക്തമാക്കുന്നുണ്ട്(ആയത്- 83). വിശ്വാസി ഹൃദയങ്ങള്‍ക്കതില്‍ അനുഗ്രഹവും ഉത്ബോധനവുമുണ്ടെന്ന് ഖുര്‍ആന്‍ തീര്‍ച്ചപ്പെടുത്തുന്നു(29: 51). സൂറത്തുല്‍ ഖദ്റിലൂടെ നാം അതിനെ ലൈലതുല്‍ ഖദ്റിന്‍റെ രാവില്‍ ഇറക്കിയെന്നും അല്ലാഹു ഉണര്‍ത്തുന്നു. ജനങ്ങള്‍ക്ക് സന്മാര്‍ഗ്ഗമായി റമളാനില്‍ അതിനെ ഇറക്കപ്പെട്ടുവെന്നും നമുക്ക് ഖുര്‍ആനില്‍ കാണാന്‍ സാധിക്കും.

ആത്മ ശാന്തിയുടെയും ശമനത്തിന്‍റെയും നിത്യഹരിത വസന്തമായാണ് ഖുര്‍ആന്‍ കടന്നു വരുന്നത്. രോഗമേറ്റ ഹൃദയങ്ങള്‍ക്ക് അത് ശമനത്തിന്‍റെ തെളിനീര്‍ പാനം ചെയ്യന്നു. അവരുടെ ഹൃദയങ്ങളില്‍ രോഗമുണ്ട്(അല്‍ബഖറ-10). ആ രോഗം ഉന്മൂലനം ചെയ്യാന്‍ ഖുര്‍ആന്‍ തന്നെ ധാരാളം, ഖുര്‍ആനില്‍ നെഞ്ചിലുള്ള രോഗങ്ങള്‍ക്ക് ശമനമുണ്ട്(യൂനുസ്-10). നാം സത്യവിശ്വാസികള്‍ക്ക് കാരുണ്യവും ശമനവും ആയിട്ടുള്ള ഖുര്‍ആന്‍ ഇറക്കിത്തന്നു(ഇസ്റാഅ്-82).തുടങ്ങി പല സ്ഥലങ്ങളില്‍ ഖുര്‍ആന്‍റെ മഹത്വം അല്ലാഹു വിളിച്ചോതുന്നുണ്ട്.

തഖ്വയുള്ളവര്‍ക്ക് സന്മാര്‍ഗദര്‍ശകനായിട്ടാണ് ദിവ്യവചനം അവതീര്‍ണ്ണമാവുന്നത്.(അല്‍ബഖറ-2).അല്ലാഹുവിന്‍റെ കലാമാണ് ഖുര്‍ആന്‍. അല്ലാഹുവില്‍ നിന്നല്ലാത്തതാണ് ഖുര്‍ആനെങ്കില്‍ നിങ്ങള്‍ അതില്‍ ധാരാളം വൈരുധ്യങ്ങള്‍ കണ്ടെത്തുമായിരുന്നുവെന്ന് (നിസാഅ്-82) അല്ലാഹു വ്യക്തമാക്കുന്നു. അതില്‍ ഒരു സംശയവുമില്ല(അല്‍ബഖറ-2)എന്നും ദിവ്യവചനങ്ങള്‍ നിര്‍ദ്ധാരണം ചെയ്യുന്നു. ഊഷര ഭൂമിയെ ഊര്‍വ്വരമാക്കാനും, പാപപങ്കില അവസ്ഥകളില്‍ നിന്ന് ഹിദായത്തിന്‍റെ ശാദ്വല തീരത്തേക്ക് മനുഷ്യമനസ്സുകളെ അടുപ്പിക്കാനും ഖുര്‍ആനിക വചനങ്ങള്‍ സഹായിക്കുന്നു. വിശുദ്ധ വചനങ്ങളുടെ പ്രഭാകിരണങ്ങള്‍ പുല്‍കിയതിലൂടെയാണ് ഖൈറു ഉമ്മ എന്ന തലത്തിലേക്ക് ഉമ്മത്തു മുഹമ്മദ് പരിവര്‍ത്തനപ്പെട്ടതും മറ്റു ഉമ്മത്തുകളെക്കാള്‍ ലബ്ധ പ്രശസ്തമയതും .

അറബ് സാഹിത്യം അതിന്‍റെ ഉത്തുംഗത പ്രാപിച്ച സമയത്താണ് ഉമ്മിയായ പ്രവാചകന്‍ ഖുര്‍ആനിക വചനങ്ങളുമായി കടന്നുവരുന്നത്. ലബീദ്,വലീദ് ബ്നു മുഗീറ തുടങ്ങിയ സാഹിത്യ സാമ്പ്രാട്ടുകളുടെ മുന്നിലേക്കാണ് സാഹിത്യത്തിന്‍റെ മൂര്‍ത്തീമദ്ഭാവമായ ഖുര്‍ആന്‍ അവതീര്‍ണ്ണമാകുന്നത്. അതിന്‍റെ അമാനുഷികത ശത്രുക്കള്‍ പോലും അംഗീകരച്ചിരുന്നു.

അല്ലാഹു പല സ്ഥലങ്ങളിലായി ശത്രുക്കളെ വെല്ലുവിളിക്കുന്നുണ്ട്. നമ്മുടെ ദാസന് നാം അവതരിപ്പിച്ച് നല്‍കിയ വിശുദ്ധ ഖുര്‍ആനിനെ പറ്റി അത് അമാനുഷിക ഗ്രന്ഥമാണെന്നതില്‍ നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന് തുല്യമായ ഒരു ഗ്രന്ഥമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക(അല്‍ബഖറ-23). അതല്ല നബി തങ്ങള്‍ കെട്ടിച്ചമച്ചതാണീ ഖുര്‍ആന്‍ എന്നാണോ അവര്‍ പറയുന്നത്?നബിയേ അവരോട് പറയുക, എന്നാല്‍ അതിനു തുല്യമായ ഒരു അദ്ധ്യായം നിങ്ങള്‍ കൊണ്ടു വരൂ(യൂനുസ്-38).തുടങ്ങിയ പല സ്ഥലങ്ങളിലും ഖുര്‍ആന്‍ അതിന്‍റെ അമാനുഷികത ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

സൂറതുല്‍ ഇസ്റാഇലില്‍ അല്ലാഹു പറയുന്നു നബിയേ പറയുക, ഈ ഖുര്‍ആന്‍ പോലൊന്നു കൊണ്ടുവരുന്നതിനായി മനുഷ്യരും ജിന്നുകളും ഒന്നിച്ച് ചേര്‍ന്നാലും ഇതു പോലൊന്നു അവര്‍ കൊണ്ടുവരികയില്ല. അവര്‍ അന്യോനം സഹായിച്ചാല്‍ പോലുംڈ(ആയത്ത്‌-88)
അറബിയില്‍ അവതീര്‍ണ്ണമായ ഖുര്‍ആന് മുന്നില്‍ ആധുനിക ശാസ്ത്രം പോലും മുട്ടുകുത്തുകയാണ്.

ഖുര്‍ആനാണ് ലോകത്ത് ഏറ്റവുമേറെ വായിക്കപ്പെടുന്ന ഗ്രന്ഥമെന്ന് ഉറപ്പിച്ചും തറപ്പിച്ചും പറയാം. മനഃപാഠമാക്കാനും അത് എളുപ്പമാണെന്ന് ആധുനിക പണ്ഡിതനായ ജെയിംസ് മിസ്റ്റ്സ്നര്‍ വ്യക്തമാക്കുന്നു.ജോനേഭ, വാഷിംഗ്ടണ്‍ ഇര്‍വ്വിംഗ് തുടങ്ങിയ ഒരുപാട് ശാസ്ത്രജ്ഞര്‍ അതിന്‍റെ മഹത്വം അംഗീകരിക്കുന്നുണ്ട്.(അലാ ഹാമിശിത്തഫാസീര്‍ 1/189).

അല്ലാഹു പറയുന്നത് കാണുക: നാം അതിനെ അറബിയില്‍ ഇറക്കിയിരിക്കുന്നു, നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി(യൂസുഫ്-2). നിങ്ങള്‍ ചിന്തിക്കുന്നവരാകാന്‍ വേണ്ടി നാം അതിനെ അറബിയില്‍ ആക്കിയിരിക്കുന്നു(സുഹ്റുഫ്-3). അപ്രകാരം നാം താങ്കളിലേക്ക് ഖുര്‍ആന്‍ അറബിയില്‍ വഹ്യ് നല്‍കിയിരിക്കുന്നു(ശൂറാ-7).തുടങ്ങിയ ഒരുപാട് ഇടങ്ങളില്‍ അല്ലാഹു ഖുര്‍ആനിന്‍റെ മഹത്വം അറിയിക്കുന്നുണ്ട്.

ദിവ്യവചനങ്ങള്‍ കേള്‍ക്കുന്നത് പോലും കാരുണ്യ നേട്ടത്തിന് നിദാനമാവുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു(അഅ്റാഫ്-204). ഇരുവീട്ടിലും കരുണ ലഭിക്കാന്‍ ഖുര്‍ആന്‍ പാരായണവും, അത് കേള്‍ക്കലും നിദാനമാവുമെന്ന് പാനൂര്‍ തങ്ങള്‍ (ഖഃസി)അലാഹാമിശത്തഫാസീറില്‍ ഈ ആയത്ത് വ്യാഖ്യാനിച്ച് കൊണ്ട് പറയുന്നുണ്ട്. മാത്രമല്ല, ഖുര്‍ആന്‍ കേള്‍ക്കുന്നതിനും പാരായണം ചെയ്യുന്നത് പോലെ തന്നെ പ്രതിഫലം ലഭിക്കുമെന്നും തങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു.(അലാഹാമിശിത്തഫാസീര്‍3/187).

ഈ ഖുര്‍ആനിനെ ശുദ്ധിയുള്ളവരല്ലാതെ സ്പര്‍ശിക്കുകയില്ലെന്ന്റ ബ്ബ് വ്യക്തമാക്കുന്നു. ദൈവസ്നേഹമുള്ളവര്‍ രോമകഞ്ചുകമണിയുന്ന ദിവ്യവചനങ്ങളാണവ.  മേല്‍ അതിലെ ആയത്തുകള്‍ ഓതപ്പെട്ടാല്‍ അവരുടെ ഈമാന്‍ വര്‍ധിക്കുന്നതാണ് .ലോക നാഥനില്‍ നിന്ന് ഇറക്കപ്പെട്ട ഗ്രന്ഥമാണിത്. അതില്‍ യൊതൊരു സംശയവും ഇല്ല. മുഹമ്മദ് നബി(സ്വ) കെട്ടിച്ചമച്ചതാണ് ഇതെന്ന് സത്യനിഷേധികള്‍ പറയന്നുവോ? അല്ല എന്നാല്‍ ഇതു താങ്കളുടെ നാഥനിങ്കല്‍ നിന്നുള്ള സത്യമാണ്.

താങ്കള്‍ക്ക് മുമ്പ് ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയെ താങ്കള്‍ താക്കീത് ചെയ്യാന്‍ വേണ്ടിയാണ് (ഇത് ഇറക്കപ്പെട്ടിട്ടുള്ളത്) അവര്‍ നേര്‍മാര്‍ഗ്ഗം പ്രാപിച്ചേക്കാം (അസ്സജദ-2,3). നമ്മുടെ വചനങ്ങള്‍ കൊണ്ട് ഉദ്ബോധനം ചെയ്യപ്പെട്ടാല്‍ സുജൂദ് ചെയ്യുന്നവരായികൊണ്ട് നിലത്ത് വീഴുകയും താങ്കളുടെ നാഥനെ സ്തുതിക്കുകയും അവന്‍റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവര്‍ മാത്രമേ അവയില്‍ വിശ്വസിക്കുകയുള്ളൂ. അവര്‍ അഹങ്കരിക്കുകയുമില്ല(അസ്സജദ-15).

തുടങ്ങിയ ഒരുപാട് സ്ഥലങ്ങളില്‍ അല്ലാഹു ഖുര്‍ആനിക പൊരുള്‍ വരച്ചുകാട്ടുന്നുണ്ട്. സ്വാദ്. ഉദ്ബോധനം നല്‍കുന്ന ഖുര്‍ആന്‍ തന്നെ സത്യം (സ്വാദ്-1). കാര്യം സത്യനിഷേധികള്‍ പറയുന്നത് പോലെയല്ല എന്ന് അല്ലാഹു സത്യം ചെയ്യുന്നു. ഈ ഗ്രന്ഥത്തിന്‍റെ അവതരണം അജയ്യനും സര്‍വ്വജ്ഞനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു(ഗ്വാഫിര്‍-2). കാരുണ്യവാനായ അല്ലാഹുവിന്‍റെ വചനങ്ങള്‍ അവര്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍ അവര്‍ സാഷ്ടാംഗം ചെയ്യുന്നവരും കരയുന്നവരുമായി വീഴുമെന്ന് ഖുര്‍ആനിന്‍റെ മഹത്വം സൂചിപ്പിച്ച് കൊണ്ട് അല്ലാഹു പറയുന്നു(മര്‍യം-58). ത്വാഹാ, താങ്കള്‍ വിഷമിക്കാന്‍ വേണ്ടി താങ്കള്‍ക്ക് നാം ഖുര്‍ആനിനെ ഇറക്കിതന്നിട്ടില്ല. ഭയപ്പെടുന്നവര്‍ക്ക് ഒരു ഉത്ബോധനമായിട്ടല്ലാതെ(ത്വാഹാ 1-3).

അല്ലാഹുവിന്‍റെ വചനങ്ങള്‍ നിഷേധിക്കുന്നവര്‍ക്ക് ഖുര്‍ആന്‍ ശക്തമായ താക്കീത് നല്‍കുന്നുണ്ട്: അവര്‍ ഈ ഗ്രന്ഥത്തെ സത്യസന്ധമായും അതിന്‍റെ മുമ്പുള്ളവയെ ശരിവെക്കുന്നതായും (വേദഗ്രന്ഥങ്ങളെ) താങ്കള്‍ക്ക് ഇറക്കിത്തന്നിരിക്കുന്നു. ഇതിന് മുമ്പ് ജനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനത്തിനായി തൗറാത്തും ഇഞ്ചീലും അവന്‍ ഇറക്കിത്തന്നു.(ഇതുപോലെ)സത്യവിവേചകമായ ഗ്രന്ഥത്തെയും അവന്‍ ഇറക്കി. അല്ലാഹുവിന്‍റെ വചനങ്ങള്‍ നിഷേധിക്കുന്നവര്‍ക്ക് തീര്‍ച്ചയായും കഠിനമായ ശിക്ഷയുണ്ട്. അല്ലാഹു അജയ്യനും ശിക്ഷാനടപടികളെടുക്കുന്നവനുമാണ്(ആലു ഇംറാന്‍-2,3).

ഖുര്‍ആന്‍ എന്നത് അള്ളാഹുവിന്‍റെ കലാമിന് മാത്രം പ്രത്യേകമായ ഒരു നാമമാണെന്നും അത് ഖിറാഅത്തില്‍ നിന്നും എടുക്കപ്പട്ടതല്ലെന്നും പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നു.തൗറാത്ത്,ഇഞ്ചീല്‍ പോലുള്ള ഒരു നാമമാകുന്നു അത്.അബൂബക്കര്‍ സിദ്ധീഖ്(റ)ആണ് ഖുര്‍ആനിനെ ആദ്യമായി ജംഅ് ചെയ്തതും അതിന് മുസ്ഹഫ് എന്ന നാമകരണം ചെയ്തതും ഖുര്‍ആനില്‍ തന്നെ അതിനെ വിശേഷിപ്പിക്കുന്ന ഒരുപാട് നാമങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.

ബുഷ്റ, ഇല്‍മ്, ഉര്‍വതുല്‍ വുസ്ഖാ, ഹഖ്, ഹബ്ലുല്ലാഹ്, ബയാനുന്‍ലിന്നാസ്, നൂറുന്‍ മുബീന്‍, മുഹയ്മിന്‍, അദ്ല്,സിറാതുന്‍ മുസ്തഖീം, ബസായിര്‍, കലാമുല്ലാഹ്, ഹകീം, മൗഇളത്, ഹുദന്‍വറഹ്മത്, അറബിയ്യ് , ഖസസ്, ബലാഅ്, ഹുദാ, ശിഫാഉന്‍ ഖയ്യിം, വഹ്യ്, ദിക്ര്‍, മുബാറക്, സബൂര്‍, ഫുര്‍ഖാന്‍, തന്‍സീല്‍, അഹ്സനുല്‍ ഹദീസ്, മസാനി, മുതശാബിഹ്, സിദ്ഖ്, ബശീറുന്‍ വനദീര്‍, അസീസ്, റൂഹ്, അലിയ്യുന്‍ ഹഖീം, കിതാബുന്‍ മുബീന്‍, ഹിക്മത്,ഖുര്‍ആനുന്‍ കരീം, അംറുല്ലാഹ്, തദ്കിറത്, അജബ്, നബഉന്‍ അളീം, സുഹുഫുന്‍ മുകര്‍റമ്, മര്‍ഫൂഅതുന്‍ മുതഹറ,മജീദ്,ഖൗലുന്‍ ഫസ്ല്‍ തുടങ്ങിയ നാമങ്ങള്‍ ഖുര്‍ആനിനെ സൂചിപ്പിക്കുന്നവയാണ്.(അല്‍ ഇത്ഖാന്‍)