അല്ലാഹുവില്‍ നമുക്ക് പ്രതീക്ഷയര്‍പ്പിക്കാം

ഉനൈസ് റഹ്മാനി വളാഞ്ചേരി

ജീവിതത്തിന്‍റെ വ്യത്യസ്ത മേഖലയില്‍ ഇടപെടുന്ന മനുഷ്യന്‍റെ എല്ലാ കാര്യങ്ങളിലും അവന്‍റെ കര്‍മങ്ങളുടെ സാന്നിധ്യം മുന്‍നിറുത്തി സ്രഷ്ടാവായ അല്ലാഹുവിന്‍റ മഹോന്നതമായ ഔദാര്യം പ്രതീക്ഷിച്ച് സമാധാനിച്ചിരിക്കലാണ് റജാഅ് അഥവാ സുപ്രതീക്ഷ. വിശ്വാസിയുടെ ജീവിതത്തിന്‍റെ നിഖില മേഖലകളിലും സര്‍വ്വ പ്രവര്‍ത്തനങ്ങളിലും അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച് ചെയ്യുന്നതില്‍ മാത്രമാണ് അവന്‍റെ അനുഗ്രഹമുണ്ടാകുകയുളളൂ.

നമ്മുടെ ആരാധനകളാകട്ടെ പ്രാര്‍ത്ഥനകളിലാകട്ടെ മറ്റു സല്‍കര്‍മ്മങ്ങളാകട്ടെ മുഴുവനിലും റബ്ബില്‍ സുപ്രതീക്ഷയുണ്ടാകണം. ഒരിക്കലും അല്ലാഹുവിന്‍ ആശമുറിയരുത്. എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ നിന്നാണ്. അടിമകളോട് അവനിക്ക് ഏറെ പ്രിയമാണ്. അവന്‍ എല്ലാം പൊറുക്കുന്നവനും കാരുണ്യവാനുമാണ്.

സൂറത്തു സുമറിലൂടെ അല്ലാഹു പറയുന്നത് കാണുക: നബിയേ താങ്കള്‍ വിളംബരം ചെയ്യുക സ്വന്തത്തോടു തന്നെ അതക്രമം കാണിക്കുന്ന അടിമകളെ അല്ലാഹുവിന്‍റെ അനുഗ്രത്തില്‍ നിന്ന് ആശമുറിയരുത്. നിശ്ചയം അല്ലാഹു സര്‍വ്വ പാപങ്ങളും പൊറുക്കുന്നതാണ്. ഏറെ പാപം പൊറുക്കുന്നവനും കാരുണ്യവാനുമാണവന്‍. (സുമര്‍ 53)

അല്ലാഹുവിന്‍റെ അനുഗ്രഹം ഏറെ വിശാലമാണ്. വിശുദ്ധ ഗ്രന്ഥത്തില്‍ കാണാം. എന്‍റെ അനുഗ്രഹം സകല വസ്തുക്കള്‍ക്കും പ്രവിശാലമത്രെ.(അഅ്റാഫ് 155)
അതുകൊണ്ട് തന്നെ ഓരോ വിശ്വാസികളും അല്ലാഹുവിന്‍റെ അനുഗ്രഹം കാംക്ഷിക്കുകയും പ്രതീക്ഷിക്കുകയും വേണം. സത്യവിശ്വാസി നാഥന്‍റെ അനുഗ്രഹം തേടുന്നവരാണെന്ന് ഖുര്‍ആനിക സാക്ഷ്യം ഇങ്ങനെ വായിക്കാം.

നിശ്ചയമായും സത്യവിശ്വാസം കൈകൊള്ളുകയും റബ്ബിന്‍റെ അനുസരണക്കായി ത്യാഗങ്ങള്‍ സഹിക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ധര്‍മസമരമനുഷ്ടിക്കുകയും ചെയ്തവര്‍ നാഥന്‍റെ അനുഗ്രഹം തേടുന്നവരാകുന്നു. (ബഖറ-210)

വിശ്വാസിയുടെ മനസ്സാന്തരങ്ങളില്‍ എപ്പോഴും ഇലാഹി ചിന്ത സ്ഫുരിക്കേണ്ടതുണ്. അവനെ കുറിച്ചുളള അലോചനകള്‍ സന്തോഷവും ആനന്ദവും നിറഞ്ഞുകവിയണം. അല്ലാഹു വിശ്വാസികളോട് കരുണയും കാരുണ്യവുമുളളവനാകുന്നു. അതിനാല്‍ അവന്‍റെ കരുണാകടാക്ഷവും അനുഗ്രഹാശിസുകളും എപ്പോഴും പ്രതീക്ഷ ഉണ്ടാവണം.

ചില തിരുവരുളുകള്‍ കാണുക
തിരുനബി(സ്വ) പറഞ്ഞതായി അബൂമൂസല്‍ അശ്അരി (റ) ഉദ്ധരിക്കുന്നു. പര്‍വ്വത സമാനമായ ദോഷങ്ങളുമായി അന്ത്യനാളില്‍ മുസ്ലിംകളായ ചിലര്‍ വരുന്നതാണ്. അവരുടെ പാപങ്ങള്‍ അല്ലാഹു ജൂത ക്രൈസ്തവരുടെ മേല്‍ വെച്ച് കൊടുക്കുന്നതും അവര്‍ക്ക് പൊറുത്തു കൊടുക്കുന്നതുമാകുന്നു. (മുസ്ലിം, കിതാബു തൗബ)

മറ്റൊരു ഹദീസ് ഇപ്രകാരം കാണാം, ഇബ്നു ഉമര്‍ (റ) വില്‍ നിന്ന് നബി(സ്വ) പറഞ്ഞതായി ഞാന്‍ കേട്ടു. സത്യവിശ്വാസി അന്ത്യനാളില്‍ അല്ലാഹുവിലേല്‍പ്പിക്കപ്പെടും , എന്നിട്ട് തന്‍റെ ആനുഗ്രഹവും ആവരണവും കൊണ്ട് അവനെ അല്ലാഹു മൂടുകയും അവന്‍ ചെയ്ത് പോയ പാപകൃത്യങ്ങളെല്ലാം സമ്മതിപ്പിക്കുകയും ചെയ്യും. ഇന്ന ദോഷം ചെയ്തത് നിനക്കോര്‍മയുണ്ടോ ഇന്നയിന്ന കുറ്റങ്ങള്‍ അനുവര്‍ത്തിച്ചത് നിനക്കറിയുമോ എന്നൊക്കെ റബ്ബിനോട് ചോദിക്കും അപ്പോള്‍ അവന്‍ പ്രതികരിക്കും അതെ നാഥാ എല്ലാം എനിക്കറിയാം. അല്ലാഹു അരുളും ദുനിയാവില്‍ വെച്ച് അവ നിന്നില്‍ നിന്ന് ഞാന്‍ മറച്ചുവെച്ചിരിക്കുകയായിരുന്നു. ഇന്നാകട്ടെ അവയെത്രയും നിനക്ക് ഞാന്‍ പൊറുത്തു തന്നിരിക്കുന്നു. എന്നിട്ട് അവന്‍റെ സല്‍കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ ഗ്രന്ഥം അവന് നല്‍കപ്പെടും. (ബുഖാരി,മുസ്ലിം)

ഉദൃത തിരുവരുളുകളില്‍ നിന്ന് അടിമയോട് ഉടമയുടെ ഇഷ്ടവും സനേഹവും എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാനാകും. എന്നാല്‍ അല്ലാഹുവില്‍ നിരാശനായി മടങ്ങുന്നവര്‍ പരാജിതരാണ്. അവര്‍ സ്വന്തം ഇച്ഛയും അനാവശ്യമായ വ്യാമോഹങ്ങളും മനസ്സിലിട്ടു നടക്കുന്നവരാണ്. സ്വന്തം ഇച്ഛകളുടെ പിന്നാലെ മനസ്സിനെ നടത്തുകയും അല്ലാഹുവിന്‍റെ മേല്‍ വ്യാമോഹം വെച്ചുപുലര്‍ത്തുകയും ചെയ്യുന്നവരെ സംബന്ധിച്ച് മുത്ത് നബി(സ്വ) പരിചയപ്പെടുത്തുന്നത് അവര്‍ ദുര്‍ബലരാണെന്നാണ്.

മാത്രമല്ല, നമ്മുടെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നത് നമ്മുടെ ചിന്തയാണ്. ഏതൊരു കാര്യവും നല്ലതായി ചിന്തിച്ചാല്‍ എല്ലാം നന്മയാകും. അതുപോലെ നാം അല്ലാഹുവിനെ കുറിച്ച് എങ്ങിനെയാണോ ചിന്തിക്കുന്നത് അങ്ങിനെ തന്നെ യായിരിക്കും നിങ്ങളില്‍ ഒരാളും അല്ലാഹുവിനെ കുറിച്ച് നല്ല ധാരണ വെച്ചു കൊണ്ടല്ലാതെ മരിച്ചു പോകരുത് എന്ന തിരുവചനം നമുക്കിതിനോട് ചേര്‍ത്തുവായിക്കാം.