വിനോദം പറയുന്ന ഇസ്ലാം

അൻവർ കാളിക്കാവ്

 

 ദുനിയാവില്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക്  വിധേയമായി അവനെ സ്മരിച്ചുകൊണ്ട്  ജീവിക്കുകയാണ് ഒരു മനുഷ്യന്റെ ഇഥംപ്രദമായ ബാധ്യത. ജീവിതത്തിലെ ഓരോ നിമിഷങ്ങളും എങ്ങനെ ചിലവഴിക്കണമെന്ന് ഇസ്ലാമിക ശരീഅത്ത് വളരെ കൃത്യമായി വ്യക്തമാക്കി തരുന്നുണ്ട് .പരിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും മറ്റു പ്രമാണങ്ങളും നിര്‍ണയിച്ചു തരുന്ന വഴികളിലൂടെ  ജീവിതം മുന്നോടു നയിക്കുമ്പോള്‍ മാത്രമേ മനുഷ്യന്‍ വിജയം ലഭിക്കൂ. എങ്ങനെയെങ്കിലും ജീവിതത്തിലെ വിലയേറിയ നിമിഷങ്ങളെ ലക്ഷ്യ ബോധമില്ലാതെ നശിപ്പിച്ചു കളഞ്ഞുകൊണ്ട് ജീവിതം തീര്‍ക്കേണ്ടവനല്ല മുസ്ലിം.
    ഖുര്‍ആന്‍ പറയുന്നത് കാണുക: നിങ്ങള്‍ ഗ്രഹിക്കണം, ഐഹിക ജീവിതം കളിയും വിനോദവും അലങ്കാരവും  ധനത്തിലും സന്താനങ്ങളിലും പരസ്പരം അഭിമാനം കൊള്ളലും പെരുമ നടിക്കലും മാത്രമാകുന്നു. മഴ പോലെ, അതു വഴി തഴച്ചു വളരുന്ന സസ്യലതാദികള്‍ കര്‍ഷകരെ ആശ്ചര്യപരിതരാക്കുന്നു. പിന്നീടത് വാടുന്നു. അപ്പോഴത് മഞ്ഞ നിറമായി പോകുന്നത് കാണാം. പിന്നീടത് വൈക്കോലായി  നുറുങ്ങി പോകുന്നു . പരലോകത്ത് കഠിന ശിക്ഷയും അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയിമുണ്ട് . ഇഹലോക ജീവിതം കബളിപ്പിക്കുന്ന ചരക്കു മാത്രമാണ്.(സൂറത്തുല്‍ ഹദീദ്)
അല്ലാഹുവിന്റെ പ്രീതിയില്‍ നമ്മുടെ സമയങ്ങളെ ചിലവഴിക്കണം റബ്ബ്  ഇഷ്ടപ്പെടുന്ന രൂപത്തില്‍ ജീവച്ചെങ്കില്‍ മാത്രമേ നാളെ ആഖിറത്തില്‍ പ്രതീക്ഷയൊള്ളൂ.  കേവല സുഖങ്ങളിലും ആനന്ദങ്ങളിലും വിനോദങ്ങളിലും ഏര്‍പ്പെട്ട് ജീവിതം നയിക്കല്‍ ഇരു ജീവിതത്തിലും നഷ്ടം മാത്രമേ നല്‍കുകയൊള്ളൂ.
      ജീവിതം റബ്ബിന്  വേണ്ടിയാവുമ്പോള്‍ മാത്രമേ നാളെ കിതാബുകള്‍ കൈയില്‍ കിട്ടുന്ന നേരത്ത് നമുക്ക് പ്രതീക്ഷക്ക്  വകയുള്ളൂ.അല്ലാഹു പറയുന്നു: ‘അപ്പോള്‍ ഏതൊരാള്‍ക്ക്  തന്റെ ഗ്രന്ഥം(കര്‍മ രേഖ) തന്റെ  വലതുകൈയില്‍ നല്‍കപ്പെടുന്നുവോ അവന്‍ ലഘുവായ നിലക്ക് വിചാരണ ചെയ്യപ്പെടുകയും സന്തുഷ്ടനായികൊണ്ട്  തന്റെ  കുടുംബത്തിലേക്ക് മടങ്ങിപ്പോവുകയും ചെയ്യും. ഏതൊരാള്‍ക്ക്  തന്റെ ഗ്രന്ഥം തന്റെ മുതുകിന്റെ പുറകിലൂടെ നല്‍കപ്പെടുന്നുവോ  അവന്‍ തന്റ നാശത്തെ വിളിക്കുകയും നരകത്തില്‍ പ്രവേശിക്കുകയും ചെയ്യും.'(ഇന്‍ശിഖാഖ്: 714)
     നശ്വരമായ ദുനിയാവിനെയും അതിലെ സുഖങ്ങളെയും അറ്റമില്ലാതെ ആഗ്രഹിക്കുകയും സ്‌നേഹിക്കുകയും  ആഖിറത്തിലെ ശാശ്വതമായ ആനന്ദങ്ങളെ മറക്കുകയും  ചെയ്യുന്നവര്‍  യഥാര്‍ത്ഥില്‍ പരാജിതരാവുകയാണ് . കളിയും വിനോദവും മാത്രമായി ജീവിതത്തെ സമീപിക്കല്‍ വിഡ്ഢിത്തമാണ്.
     വിനോദങ്ങള്‍ പകരുന്ന സുഖത്തിന്‍ വര്‍ത്തമാന കാലത്ത് മാത്രമേ ആനന്ദമുണ്ടാവൂ. അതിനാല്‍ അവ പകരുന്ന ആനന്ദങ്ങള്‍ മനുഷ്യന്‍ ഒന്നും നേടിതരുന്നില്ല. പാഴാക്കിയ സമയത്തിന്റെ മേലിലുള്ള ഖേദമല്ലാതെ.  മരണ ചിന്ത നഷ്ടപ്പെടുകയും ദുനിയാവില്‍ തന്നെ എല്ലാ കാലവും ജീവിക്കാന്‍ സാധിക്കുമെന്നുള്ള ചിന്ത ആധിപത്യം ചെലുത്തുമ്പോയുമാണ് കേവലം കളിചിരികളില്‍ മാത്രം ജീവിക്കാന്‍ നമുക്ക് സാധിക്കുക. നബി(സ) പറയുന്നു: ‘സുഖ ഭോഖങ്ങള്‍ തകര്‍ത്തു കളയുന്ന മരണത്തെ നിങ്ങള്‍ ധാരാളമായി ഓര്‍ത്തുകൊണ്ടിരിക്കുക ‘(തുര്‍മുദി). ദുനിയാവിലെ  സര്‍വ സുഖങ്ങളും അറുതി വരുത്തികൊണ്ട്  മരണമെല്ലാവരിലും ആസന്നമാവും .നാഥന്‍ ഇഷ്ടപ്പെട്ട അടിമയായി അവനിലേക്ക്   അണയാന്  ഏതുനേരവും നാം  ജാഗരൂകരാവണം.
    ഭൂമിയില്‍ സുഖിക്കാന്‍ മാത്രം സമയം കണ്ടെത്തുകയും അല്ലാഹുവിനോടും റസൂലിനോടും സ്വന്തം ജീവിതത്തോടും സമീഹത്തോടുമുള്ള കടപ്പാടുകളും ബാധ്യതകളും മറക്കുകയും ചെയ്യുന്ന നാം ഓര്‍ത്തിരിക്കേണ്ട ഒരു ഹദീസ് കാണുക. അബൂ സഈദില്‍ ഖുദ്‌രി(റ); നബി (സ) പറഞ്ഞു:”എങ്ങനെയാണ് സുഖിക്കാന്‍ കഴിയുക? കാഹളൂതുകാരന്‍ (ഇസ്‌റാഫീല്‍ എന്ന മലക്ക്) കാഹളം വായില്‍ വെച്ച് കാത് കൂര്‍പ്പിച്ച് നെറ്റിത്തടം ചുളിച്ച് ഊതാനുള്ള ആജ്ഞക്ക് വേണ്ടി കാതിരിക്കുകയാണ് ‘.അനുചരന്മാര്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളോടുള്ള അങ്ങയുടെ കല്‍പ്പനയെന്താണ്? നബി (സ); നിങ്ങള്‍ ഇങ്ങനെ പറയുക ‘ഞങ്ങള്‍ക്ക്  അല്ലാഹു മതി ,അവനാണ് ഭരമേല്‍പ്പിക്കാന്‍ ഏറ്റവും നല്ലവന്‍’. (തുര്‍മുദി) വിനോദങ്ങളില്‍ മതിമറന്ന്  പിശാചിന്റെ ചതികുഴിയില്‍ മനുഷ്യന്‍ വീഴാന്‍ പാടില്ല. മനുഷ്യന്‍ ഓടിയൊള്ളിക്കാനുള്ള അഭയ കേന്ദ്രം അല്ലാഹു മാത്രമാണ് .നമ്മോട് ശത്രുത വച്ച പിശാചിനെ നാമും ശത്രുവായി കാണണം. നമ്മുടെ സംരക്ഷണം പൂര്‍ണമായും ഏറ്റെടുത്ത അല്ലാഹുവിനെ മാത്രം നാം മിത്രമായി യജമാനനായും സ്വീകരിക്കുക.
 ദൈനംദിനം വിനോദത്തിന്റെ മാര്‍ഗങ്ങളു ഉപാധികളും മാറിക്കൊണ്ടിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങള്‍ ജനഹൃദയത്തെ കീഴടക്കിയ ഇക്കാലത്ത് നമ്മുടെ സമയങ്ങള്‍ മുഴുവനും പാഴാക്കി വിനോദത്തിന്റെയും കളിയുടെയും പിന്നാലെ ചെറിയ കുട്ടികള്‍ വരെ കുതിക്കുന്ന വേദനാജനകമായ കാഴ്ചയാണ്  നമുക്ക് ചുറ്റും നിറഞ്ഞിരിക്കുന്നത് . നാം വഞ്ചിതരാവുന്ന രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് ആരോഗ്യവും ഒഴിവു സമയമെന്നത്  നബി (സ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
   തിരിച്ചറിവ് നഷ്ടപ്പെട്ട സമൂഹമായി ഇന്ന് പല മേഖലകളിലും മുസ്ലീം സമൂഹം മാറിയിട്ടുണ്ട് . യുവാക്കളും കുട്ടികളും ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന കളികളിലും വിനോദങ്ങളിലും ഹറാമിയ്യിത്ത് നിറഞ്ഞുനില്‍ക്കുകയാണ്. നിസ്‌ക്കാരം ഖളാആക്കാന്‍ പോലും മടിക്കുന്നില്ല . ഖളാഅ് വീട്ടാന്‍ ബാക്കിയുള്ളവര്‍ അത്യാവിശ്യ കാര്യങ്ങള്‍ക്ക്  വേണ്ടിയുള്ള സമയങ്ങള്‍ ഒഴിച്ച്  അവശേഷിക്കുന്ന ഓരോ സമയവും ഖളാഅ് വീട്ടാന്‍ വേണ്ടി മാറ്റി വക്കല്‍ നിര്‍ബന്ധമെന്നാണ്  ഇസ്ലാമിക കര്‍മശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത് .
     ഇസ്ലാം വിനോദങ്ങളെ പാടെ വെടിയാന്‍ കല്‍പ്പിക്കുകയോ തെറ്റാണെന്ന് പറയുകയോ ചെയ്തിട്ടില്ല. ഒരു മുസ്ലിമെന്ന നിലയില്‍ തനിലര്‍പ്പിതമായ മതപരമായ ബാധ്യതകളും ഉത്തരവാദിത്വങ്ങളും വെടിഞ്ഞുകൊണ്ട് കളികളിലും വിനോദങ്ങളിലും പങ്കു ചേരുന്നതിനെയാണ് ഇസ്ലാം വിലങ്ങയിട്ടുള്ളത് . പ്രവാചന്‍ (സ)യുടെ ജീവിതത്തില്‍ ഇസ്ലാമിക മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാത്ത രീതിയില്‍ വിനോദങ്ങളെ പ്രോത്സാഹിപ്പിച്ചതായി നമുക്ക് ദര്‍ശിക്കാവുന്നതാണ്. എല്ലാം മതത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് മാത്രമായിരുന്നു. മഹിതയായ ആയിശ ബീവി(റ)യുടെ കൂടെ നബി (സ) ഓടിയതായി ഹദീസുകളില്‍ കാണാവുന്നതാണ്.
     ഇസ്ലാമിലേക്ക് പരിപൂര്‍ണമായി പ്രവേശിക്കാനാണ് ഖുര്‍ആന്‍ നമ്മോട്  ഉണ്ണര്‍ത്തുന്നത് .അതുകൊണ്ടു തന്നെ ഒരു മുസ്ലീം കാര്യത്തലെന്ന പോലെ കളികളിലും ഇസ്ലാമിന്റെ ചട്ടകൂടില്‍ നിന്നുകൊണ്ടാണ് ജീവിതെ സമീപിക്കേണ്ടത്.
     വിനോദത്തിലേക്കും കളിയിലേക്കും ചിന്തകള്‍ പായുമ്പോള്‍ ദുനിയാവിലേക്ക് എന്തിനുവേണ്ടി സൃഷ്ടിച്ചു എന്ന യാഥാര്‍ത്ഥ്യം മറന്നു പോകരുത് . നബി(സ) പറയുന്നു:’ഞാനറിഞ്ഞത് നിങ്ങളറിയുകയാണെങ്കില്‍ നിങ്ങള്‍ കുറച്ച് ചിരിക്കുകയും ധാരാളം കരയുകയും ചെയ്യുമായിരുന്നു.’
    ഏതു കാര്യത്തിനാണ് നാം കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്ന്  ഈ ഹദീസ് വ്യക്തമാക്കുന്നുണ്ട് . ആഖിറത്തിലാണു നമ്മുടെ യഥാര്‍ത്ഥ ജീവിതമെന്ന് മനസിലാക്കി അവിടുത്ത സുഖങ്ങളും ആനന്ദങ്ങളും നേടിയെടുക്കാന്‍ ദുനിയാവിലെ ഓരോ നിമിഷവും നാം മാറ്റ വെക്കണം. നമ്മുടെ മുന്‍ഗാമികള്‍  കാണിച്ചു തന്ന മാര്‍ഗമതാണ്. നന്മ പറയുക അല്ലെങ്കില്‍ നിശബ്ദരാവുക എന്നതാണ് ഇസ്ലാമിന്റെ തത്വം.  വിനോദത്തില്‍ ആറാടുമ്പോള്‍ ആഖിറത്തെ മറക്കുന്നവര്‍ക്ക് മുന്നില്‍ വലിയ പാഠമാണ് ഈ ഉദ്ധൃത നബി വചനം നല്‍കുന്നത്.
ഖുര്‍ആന്‍ പറയുന്നത് കാണുക:’എന്നാല്‍ നിങ്ങള്‍ ഇഹലോക ജീവിതത്തിന്‍ പ്രാധാന്യം നല്‍കുന്നു . പരലോകമാണ് ഏറ്റവും ഉത്തമവും ശേഷിക്കുന്നതും’.(സൂറത്തുല്‍ അഅ്‌ല)
  ദുനിയാവിനെ കുറിച്ച് മാത്രം ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട ഹദീസ് പ്രവാചകന്‍(സ) പറയുന്നുണ്ട്:’അറിയുക, ഇഹലോകം നല്ലവനും ദുഷ്ടനും എടുത്തുപയോഗിക്കുന്ന ഒരു താല്‍ക്കാലിക ചരക്കാണ്. പരലോകം സത്യമായ ഒരു  അവധിയാണ് . അതില്‍ ശക്തനായ ഒരു രാജാവായിരിക്കും വിധിക്കുക. എല്ലാ നന്മയും സ്വര്‍ഗത്തിലും എല്ലാ തിന്മയും നരകത്തലുമായിരിക്കും. അല്ലാഹുവിനെ കുറിച്ച് ജാഗരൂകരായിക്കൊണ്ട് നിങ്ങള്‍ പ്രവര്‍ത്തനത്തിലേര്‍പ്പെടുവിന്‍ . നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ കണ്‍മുന്നില്‍ കാണിക്കപ്പെടുന്നതാണെന്ന്  മനസ്സിലാക്കിയിരിക്കുവിന്‍. ആരെങ്കിലും ഒരു അണു അളവ് നന്മ ചെയ്താല്‍ അയാളത് കാണും . ആരെങ്കിലും ഒരണ തിന്മ ചെയ്താല്‍ അയാളതും കാണും’.
      അല്ലാഹുവിന്റെ അനുഗ്രഹങ്ങളിലൂടെ നാം ജീവിക്കുമ്പോള്‍ അവന്‍ തന്ന അനുഗ്രഹത്തിന്‍ നന്ദി ചെയ്യല്‍ അനിവാര്യമാണ്. അവയെല്ലാം മറന്ന് ജീവിതം തീര്‍ത്ത് പില്‍ക്കാലത്ത് ഖേദിക്കുന്നതില്‍ അര്‍ത്ഥമില്ല. നബി(സ) പറയുന്നു:’അഞ്ചു ഘട്ടങ്ങള്‍ക്ക് മുമ്പായി അഞ്ചു ഘട്ടങ്ങള്‍ പ്രയോജനപ്പെടുത്തി ക്കൊള്ളുക: വാര്‍ദ്ധക്യത്തിന്  മുമ്പായി യുവത്വം, രോഗത്തിന് മുമ്പായി ആരോഗ്യം, ദാരിദ്രൃത്തിന് മുമ്പായി ഐശ്വര്യം, ജോലിക്ക് മുമ്പായി ഒഴിവ് സമയം ,മരണത്തിന് മുമ്പായി ജീവിതം’.(തുര്‍മുദി)
    അല്ലാഹു നമുക്ക് ചെയ്തു തന്ന ഓരോ നിഅ്മത്തിനെ കുറിച്ചു ആഖിറത്തില്‍  അവന്‍ നമ്മോട്  ചോദിക്കുന്നത് .അതിനാല്‍ ആരോഗ്യത്തെ ഉപയോഗിച്ചിലെങ്കില്‍ നാളെ ആഖിറത്തില്‍ വിരല്‍ കടിക്കേണ്ടി വരും. നബി(സ) പറയുന്നു : നാം നിന്റെ ശരീരത്തിന്‍ ആരോഗ്യം നല്‍കുകയും നിനക്ക് ദാഹം തീര്‍ക്കാന്‍ തണുത വെള്ളം തരികയും ചെയ്തില്ലേ എന്നു പറഞ്ഞുകൊണ്ടായിരിക്കും പുനരുത്ഥാന നാളില്‍  അനുഗ്രഹങ്ങളെക്കുറിച്ചുള്ള ചോദ്യം ആരംഭിക്കുക.(തുര്‍മുദി)
    ചുരുക്കത്തില്‍, അല്ലാഹുവിനെ ഒര്‍ത്തുകൊണ്ട്  യഥാര്‍ത്ഥ്യ ബോധത്തോടെ ജീവിതത്തെ സമീപിക്കുക എന്നതാണ് നമ്മുടെ ബാധ്യത . യുവത്വവും ഒഴിവ് സമയങ്ങളും  കേവലം വിനോദത്തിന്‍ വേണ്ടി  മാത്രം നീക്കിവെച്ച് ആഖിറം നഷ്ടപ്പെടുത്തുന്ന വിഡ്ഢികളായി നാം മാറരുത് .ശാശ്വത ജീവിതം പരലേകത്താണ് .അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീന്‍.