-റംസാൻ ഇളയോടത്ത്
പണ്ട് വീടിന്റെ മുകളിൽ സ്ഥിരമായി പ്രസവിക്കാറുള്ള ഒരു തള്ള പൂച്ചയുണ്ടായിരുന്നു.പ്രസവിക്കു ന്ന കുഞ്ഞുങ്ങളെ പൂച്ച സ്ഥിരമായി അങ്ങോട്ടുമിങ്ങോട്ടും മാറ്റിയിരുന്നു. ഒരു ദിവസം വിറക് പുറയിലാണെങ്കിൽ പിറ്റേ ദിവസം വീണ്ടും വീടിനു മുകളിൽ. കാടൻ പൂച്ചകളിൽ നിന്നും തൻറെ കുഞ്ഞുങ്ങളെ രക്ഷിക്കാനാണത്രെ തള്ള പൂച്ച ഇടക്കിടെ ഇങ്ങനെ സ്ഥാനം മാറ്റുന്നത്. പക്ഷെ ഒരാഴ്ചക്കുള്ളിൽ കാടൻ സ്ഥലം കണ്ടെത്തി ആ ചെറിയ കുഞ്ഞുങ്ങളെ കടിച്ചു കീറും. ചത്ത പൂച്ച കുഞ്ഞുങ്ങളെ പിന്നെ കുഴിച്ചിടുമ്പോൾ അവയോട് സഹതാപം തോന്നാറുണ്ട്. അവയെ കുറിച്ച് സങ്കടപ്പെടാറുണ്ട്. ജനിച്ചിട്ട് ഇത്ര ദിവസമായപ്പോഴേക്കും തനിക്ക് ചുറ്റുമുള്ള സുന്ദരമായ പ്രകൃതി കാണാൻ കണ്ണു പോലും കീറാത്ത ആ കുഞ്ഞു പൂച്ചക്കുട്ടിക്കൾക്ക് ഇത്ര ദാരുണമായ അന്ത്യം എന്തിനാണ് വിധിച്ചത്. കാടൻ പൂച്ച ഇത്രയും ക്രൂരത ചെയ്‌യാൻ ആ കുഞ്ഞുങ്ങൾ എന്ത് തെറ്റാണ് കാടനോട് ചെയ്തത്?. തന്നെ പോലെ ഒരു ആണായി ഒരു പൂച്ച ചുറ്റു വട്ടത്തൊന്നും ഇല്ലാതിരിക്കാനാണെത്രെ ഇങ്ങനെ ചെയ്യുന്നത്. ചരിത്രത്തിൽ ഫിറോൻ ഈജിപിത്തിലെ ജനങ്ങളോട് ചെയ്ത അതേ പോലെ.
കുട്ടിക്കാലത്തെ ഈ പൂച്ച സംഭവങ്ങളെ ഓർക്കാൻ കാരണം തുടർച്ചയായി മാധ്യമങ്ങളിൽ മനുഷ്യന്മാരുടെ വേഷം ധരിച്ച കാടൻ പൂച്ചകളുടെ വാർത്തകൾ കണ്ടത് കൊണ്ടാണ്. കാടൻ എന്നത് പൊതുവെ പുല്ലിംഗം ആണെങ്കിലും മനുഷ്യനിലെത്തുമ്പോൾ അത് സ്ത്രീയായും മാറുന്നുണ്ട്.ആഴ്ചകൾക്കു മുൻപ് ഏഴു വയസ്സുകാരനെ അവന്റെ രണ്ടാനച്ഛൻ എറിഞ്ഞു കൊന്ന വാർത്ത കേട്ടപ്പോൾ എനിക്ക് പരിചയമുള്ള ഒരേഴു വയസ്സുകാരന്റെ മുഖമാണ് ഓര്മ വന്നത് . എനിക്കങ്ങനെ അവനെ എറിഞ്ഞു കൊല്ലാനാകുമോ എന്ന് ഞാൻ ആലോചിച്ചു നോക്കി .ഒരിക്കലും സാധിക്കില്ല . ഭൂമിയിൽ കരുണയുള്ള മനുഷ്യനായ ഒരാൾക്കും ഈ പാതകം ചെയ്യാനാകില്ല . അതിനു ശേഷം ഒന്നരാഴ്‌ചയോളം പട്ടിണിക്കിട്ട രണ്ട് വയസ്സുകാരി പെണ്കുട്ടിയെ കുറിച് കേട്ടപ്പോഴും അതേ പ്രായമുള്ള എനിക്ക് പ്രിയപ്പെട്ട ഒരു കുട്ടിയെ ഞാൻ ആലോചിച്ചു നോക്കി . എനിക്കവളെ ആഴ്‌ചയും ദിവസവും പോയിട്ട് അവൾ വിശന്ന് കരയുമ്പോൾ തുള്ളി പച്ച വെള്ളം പോലും കൊടുക്കാതിരിക്കാൻ സാധിക്കുമോ ?.
ഇല്ല ,എനിക്കെന്നല്ല ഭൂമിയിലെ സഹാനുഭൂതിയുള്ള ഒരു മനുഷ്യനും ആ പാതകത്തിന് മുതിരില്ല .
അപ്പോൾ ആരാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് ?. അതിന് മുകളിൽ പറഞ്ഞ ഉത്തരമുണ്ട് .കരുണയും സഹാനുഭൂതിയും തൊട്ട് തീണ്ടാത്ത ഹൃദയമുള്ളവൻ തന്നെ . അവനെ അല്ലെങ്കിൽ അവളെ മനുഷ്യനെന്ന് വിളിക്കാനാകില്ല .അവരൊക്കെ മനുഷ്യ കോലം കെട്ടിയ ചെകുത്താന്മാരാണ് . ഭൂമിയിൽ കരുണ ചെയ്യാത്തവൻ എങ്ങനെ മനുഷ്യനാകും??.
തറവാട് വീടുകളിൽ നിന്ന് ‘ഞാൻ ‘ എന്ന അണുകുടുംബത്തിലേക്ക് നമ്മൾ ചുരുങ്ങിയപ്പോൾ , ആധുനികതയുടെ സുഖ ലോലുപതയിൽ നിന്ന് കൂടുതൽ സുഖങ്ങളിലേക്ക് നമ്മൾ മത്സരിച്ചോടിയപ്പോൾ വഴിയേ നമ്മുടെ സ്നേഹമെന്ന വികാരം കളഞ്ഞു പോയി . മത്സരത്തിൽ ഞാൻ മാത്രമായി . മറ്റുള്ളവരെല്ലാം ശത്രുക്കളായി .അടുത്തുള്ള നിർമ്മലമായ സ്നേഹത്തെ തിരിച്ചറിയാതെ അകലെ നിന്ന് സ്നേഹമെന്ന പേരിൽ ഓൺലൈൻ വഴി നമുക്ക് കിട്ടിയ കാമത്തെ നമ്മൾ സ്വീകരിക്കേണ്ടി വന്നപ്പോൾ നമുക്ക് അതുവരെ പ്രിയപ്പട്ട പലരെയും ഒഴിവാക്കേണ്ടി വന്നു . വഴി മുടക്കി വന്ന പലരെയും ഇല്ലാതാക്കേണ്ടി വന്നു . അത് തന്റെ ചോരയായ കുഞ്ഞാണെങ്കിൽ പോലും .
നമ്മൾ ഇപ്പോഴും മരുഭൂമിയിലെ മരീചികയെ കണ്ട് അങ്ങോട്ട് ഓടിക്കൊണ്ടിരിക്കുകയാണ് . മരുപ്പച്ചയെ നമുക്ക് തിരിച്ചറിയാനാവുന്നില്ല . നമുക്ക് മുൻപിലുള്ള സ്നേഹത്തെ നമുക്ക് തിരിച്ചറിയാനാകുന്നില്ല. ചിലർ കണ്ടിട്ടും ദൂരെ നിന്നാരോ വെച്ച് നീട്ടുന്ന വിഷം കലർന്ന സ്നേഹത്തിന്റെയടുത്തേക്ക് ഓടിപ്പോകുകയാണ്.അതു കൊണ്ടാണ് പിഞ്ചു കുഞ്ഞുങ്ങൾ ശ്വാസം മുട്ടി കൊല്ലപ്പെടുന്നതും തല പൊട്ടി പൊളിഞ്ഞു കൊല്ലപ്പെടുന്നതുമൊക്കെ. നമുക്ക് ചുറ്റിലുമുള്ളവർ നമുക്ക് നൽകുന്ന സ്നേഹത്തിനേക്കാൾ വലുതും കളങ്കമില്ലാത്തതുമായ ഒരു സ്നേഹവും ഒരാൾക്കും നമുക്ക് നല്കാനാകില്ല എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങളുടെ ആ നിഷ്‌കളങ്കമായ ആ പുഞ്ചിരിയേക്കാൾ മധുരമുള്ള ഒരു പ്രണയവും ഒരു കാമുകനും ഒരു കാമുകിക്കും തിരിച്ചും നൽകാനാകില്ല. ഒന്നോർത്ത് നോക്കൂ ഇന്നലെ ആ പിഞ്ചോമനയുടെ കഴുത്ത് ഞെരിച്ചപ്പോൾ ആ കുഞ്ഞിന്റ്‌റെ മുഖം. മുകളിൽ നിന്ന് താഴോട്ട് വീഴുമ്പോൾ ആ ഏഴു വയസ്സുകാരന്റെ മുഖം. അവരെത്രമാത്രം ഭയപ്പെട്ടിരിക്കും.അവർക്കെത്രമാ ത്രം വേദനിച്ചിരിക്കും. ഭൂമിയിൽ സ്നേഹം ലഭിച്ചു ജീവിക്കുക എന്ന അവകാശം അവർക്കുമില്ലേ. ബഷീർ പറഞ്ഞതു പോലെ അവരും ഈ ഭൂമിയുടെ അവകാശികളല്ലേ.
നമ്മൾ നമുക്ക് വന്ന അപചയങ്ങളെ മനസ്സിലാക്കേണ്ടതുണ്ട്. യദാർത്ഥവും മിദ്യയും നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. കുറുക്കു വഴികളിലൂടെ സ്നേഹത്തെ തേടി പോകാതെ നേർ വഴിയിലൂടെ കിട്ടുന്ന സ്നേഹവും പരിഗണനയും സംരക്ഷണവും നാം സ്വീകരിക്കണം. അത് മാത്രേമേ നില നിൽക്കുകയുള്ളൂ. അത് മാത്രമേ മധുരിക്കുകയുള്ളൂ. ആ സ്നേഹം നമ്മുടെ വീടകങ്ങളിലേ ഉള്ളൂ എന്നാദ്യം നാം തിരിച്ചറിയണം.എന്നിട്ട് അത് വാങ്ങാനും തിരിച്ചു കൊടുക്കാനും ശീലിക്കണം. ഇനിയും നിങ്ങൾക്ക് അകലങ്ങളിലെ സ്‌നേഹത്തെ തെന്നെ സ്വീകരിക്കണമെങ്കിൽ നിങ്ങൾ പിഞ്ചു കുഞ്ഞുങ്ങളെ ഇല്ലാതാകാരുത് . അവരെ ഉപേക്ഷിക്കാൻ നമ്മുടെ നാട്ടിൽ അമ്മ തൊട്ടിലുകളുണ്ട്. അവിടെ അവരെ കാത്ത് യദാർത്ഥ മതാപിതാക്കളുണ്ട്. ഇനിയും ഇത്തരം ക്രൂരതകളെ വെച്ച് പൊറുപ്പിക്കരുത്. തക്കതായ ശിക്ഷ കൊടുത്തേ മതിയാകൂ. അവരും ഇവിടെ ജീവിക്കേണ്ടവരാണ്. അവർ നമ്മുടെ ഉദരത്തിൽ പിറന്നതാണെങ്കിലും അവരുടെ ജീവനൊടുക്കാൻ നമുക്കൊരാധികാരവുമില്ല.ഇനിയും ഒരു കുഞ്ഞു ജീവൻ ഒരാളുടെയും കാടത്തം കൊണ്ട് ഇവിടെ പൊലിയാൻ പാടില്ല.