ശോഭ നിറഞ്ഞ ശഅബാൻ

മുഹമ്മദ് അജ്മൽ കെ.ടി പാണ്ടിക്കാട്

 

ഹിജ്റ കലണ്ടറിലെ എട്ടാമത്തെ മാസമാണ് വിശുദ്ധ ശഅബാൻ. അനുഗ്രഹങ്ങളുടെയും  പുണ്യങ്ങളുടെയും നന്മകളുടെയും പുണ്യ വസന്തങ്ങൾ പെയ്തിറങ്ങുന്ന രാപ്പകലുകൾ നമുക്ക് നൽകുന്ന വിശുദ്ധ മാസമാണത്. ബറാഅത്ത് രാവിന്റെ പുണ്യംപൂക്കുന്ന രാത്രി ശഅബാൻ മാസത്തിന്റെ പ്രത്യേകതയാണ്. പരിശുദ്ധമായ റമളാന്റെയും വിശുദ്ധമായ റജബിന്റെയും  ഇടയിൽ പുണ്യങ്ങളുടെ വസന്തം തീർക്കുകയാണ് വിശുദ്ധ ശഅബാൻ.
നന്മകളുടെ ലോകത്തേക്ക് മനുഷ്യമനസ്സിനെ കൂട്ടിക്കൊണ്ടുപോകാൻ പടച്ച റബ്ബ് കനിഞ്ഞേകിയ വിശുദ്ധ റമളാനുമുന്നോടിയായി ഹൃദയം ശുദ്ധീകരിക്കാനും ആത്മാവിനെ പരിപോഷിപ്പിക്കാനും വിശുദ്ധ ശഅബാനിലൂടെ നാഥൻ നമുക്ക് അവസരമൊരുക്കി തന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെയായിരിക്കാം”റജബ് പാപമോചനത്തിന്റെയും ശഅ്ബാൻ ന്യൂനതകളിൽനിന്ന്
ഹൃദയം ശുദ്ധീകരിക്കുന്നതിന്റെയും റമളാൻ ഹൃദയം പ്രകാശിപ്പിക്കുന്നതിന്റെയും മാസങ്ങളാണെന്നും
ലൈലത്തുൽ ഖദ്ർ   അല്ലാഹുവിലേക്ക് അടുക്കാൻ ഉള്ളതാണെന്നും” മഹാൻമാരായ പണ്ഡിതൻമാർ രേഖപ്പെടുത്തിത്.

ശഅബാനിലെ പദങ്ങൾ വിവരിക്കുന്ന അത്ഭുതം

ശഅബാൻ എന്ന അറബി പദത്തിലെ ഓരോ അക്ഷരങ്ങളും ആ മാസത്തിന്റെ പവിത്രതയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. മുആദ് ബ്നു യഹ് യാ എന്നവർ പറയുന്നു:” ശഅബാൻ എന്നതിൽ അഞ്ച് അക്ഷരങ്ങ( ഹറഫുകൾ)ളുണ്ട്.ശീൻ ശറഫും (ബഹുമാനം, മഹത്വം) ഗൈൻ ഇസ്സത്തും (പ്രതാപം) ബാഅ് ബിർറും (ഗുണം) അലിഫ് ഉൽഫത്തും(ഇണക്കം, ഒരുമ ) നൂൻ നൂറും (പ്രകാശം)മാണ്.
വിശുദ്ധമായ ശഅബാനിൽ അല്ലാഹു അടിമകൾക്ക് ഇതെല്ലാം നൽകുന്നതാണ്.”  ശഅബാനിന് ആ പേര് വരാൻ നിരവധി കാരണങ്ങളുണ്ട്.തശഉബ് (تشعب) എന്ന പദത്തിൽ നിന്നാണ് ശഅബാൻ എന്ന പദത്തിന്റെ ഉത്ഭവം. “തശഅബ” വിട്ടു പിരിഞ്ഞുവെന്നാണർത്ഥം. വെള്ളത്തെ അന്വേഷിച്ചു കൊണ്ട് അറബികൾ പരസ്പരം വട്ട് പിരിയുന്നത് ഈ മാസത്തിലാണെന്നും അതല്ല, യുദ്ധം ഹറാമായ മാസമായ റജബ് കഴിഞ്ഞ് യുദ്ധത്തിനായി അറബികൾ വിട്ട് പിരിയുന്നതിനാലാണെന്നും അഭിപ്രായങ്ങളുണ്ട്. ശഅബാൻ മാസം പരിശുദ്ധമായ റമളാന്റെയും വിശുദ്ധമായ റജബിന്റെയും ഇടയിൽ വരികയും ആ രണ്ട് മാസങ്ങളെ പരസ്പരം വിട്ട് പിരിക്കുകയും ചെയ്തതിനാലാണ് ആ പേര് വന്നതെന്നും അഭിപ്രായമുണ്ട്.
എന്നാൽ, മഹാനായ ഇബ്നു ഹജർ തങ്ങൾشعب ( ശഅബ) എന്നപദത്തിന്  ഒരുമിച്ച് കൂടുക എന്നാണ് അർത്ഥം നൽകിയിരിക്കുന്നത്. അതിനു കാരണം നന്മകൾ ആ മാസത്തിൽ ഒരുമിച്ച് കൂടിയിരിക്കുന്നു എന്നതാണ്.ഈ അർത്ഥത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒരു ഹദീസും നമുക്ക് കാണം. നബി തങ്ങൾ ഒരിക്കൽ സ്വഹാബാക്കളോട് ചോദിച്ചു: ശഅബാൻ മാസത്തിന് ആ പേര് വരാനുള്ള കാരണമെന്താണെന്ന് നിങ്ങൾക്കറിയാമോ? അവർ പറഞ്ഞു: അല്ലാഹുവും റസൂലുമാണ് ഏറ്റവും അറിയുന്നവർ. നബി തങ്ങൾ പറഞ്ഞു: ആ മാസത്തിൽ ധാരാളം ഖൈറുകൾ ഒരുമിച്ച് കൂടും എന്നതിനാലണത്.

ശഅബാനിന്റെ മഹത്വങ്ങൾ: ഹദീസുകളിലൂടെ

ശഅബാൻ മാസത്തിന് നിരവധി മഹത്വങ്ങളുണ്ട്.ശഅബാന്റെ മഹത്വത്തിലേക്ക് വിരൽചൂണ്ടുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം: നബിതങ്ങൾ പറയുന്നു: മറ്റു മാസങ്ങളെക്കാൾ ശഅബാനിനുള്ള ശ്രേഷ്ഠത എനിക്ക് മറ്റു അമ്പിയാക്കളെക്കാൾ ഉള്ള ശ്രേഷ്ഠതപോലെയാണ്.
വിശുദ്ധമായ ശഅബാൻ ആകാശ ലോകത്തേക്ക് നന്മകൾ ഉയർത്തപ്പെടുന്ന മാസമാണ് . നബി തങ്ങൾ പറയുന്നു: റജബിന്റെയും
റമളാനിന്റെയും ഇടയിലുള്ള മാസമാണ് ശഅ്ബാൻ. ജനങ്ങൾ അതിൽ അശ്രദ്ധരാകുന്നു. ശഅബാനിലാണ് അടിമകളുടെ അമലുകൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്നത്. എന്റെ അമലുകൾ നോമ്പുകാരനായിരിക്കെ ഉയർത്തപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
വിശുദ്ധമായ ശഅബാനിന്റെ
മഹത്വങ്ങൾ കുറിക്കുന്ന ധാരാളം ഹദീസുകളുണ്ട്. അനസ് ബിന് മാലിക് നിവേദനം :നബി തങ്ങൾ പറഞ്ഞു അല്ലാഹു അർശിനു ചുവട്ടിൽ ഒരു കടൽ സൃഷ്ടിച്ചു .പിന്നെ ഒരു മലക്കിനെയും സൃഷ്ടിച്ചു .ആ മലക്കിന്റെ ചിറകുകളിൽ ഒന്ന് കിഴക്കും മറ്റൊരു ചിറക് പടിഞ്ഞാറുമാണ്.(മലക്കിന്റെ തല,കാൽ എന്നിവയെക്കുറിച്ചും ഈ ഹദീസിൽ പരാമർശിക്കുന്നുണ്ട്.)ശഅ്ബാൻ മാസത്തിൽ ആരെങ്കിലും എന്റെ  സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു ആ മലക്കിനോട് മാഉൽഹയാത്തി (ജീവന്റെവെള്ളം ) ൽ മുങ്ങാൻ കൽപിക്കും. അപ്പോൾ ആ മലക്ക് അതിൽ മുങ്ങുകയും പിന്നെ അതിൽനിന്നു പുറത്തു വരികയും ചെയ്യും. പിന്നെ ആ മലക്ക് തന്റെ ചിറകു കുടയുകയും അപ്പോൾ ഓരോ തൂവലിൽ നിന്നും വെള്ളത്തുള്ളികൾ ഉറ്റി വീഴും. അപ്പോൾ ഓരോ തുള്ളിയിൽ  നിന്നും അല്ലാഹു ഓരോ മലക്കിനെ സൃഷ്ടിക്കും. ആ മലക്ക് അവന് വേണ്ടി അന്ത്യനാൾ വരെ പൊറുക്കലിനെ ചോദിക്കും. (ദുർറത്തു സ്വാലിഹീൻ)
യമനിലെ ആരിഫീങ്ങളിൽ പെട്ട ഒരു മഹാൻ പറയുന്നു :ശഅബാൻ ആദ്യരാത്രിയിൽ ഒരാൾ സൂറത്ത്ദ്ദുഖാനിലെ ആദ്യത്തെ എട്ട് ആയത്തുകൾ പതിനഞ്ച്തവണ പാരായണം ചെയ്യുകയും ശേഷം അല്ലാഹുവിന് ദിക്റും സനാഉം (പുകഴ്ത്തൽ) നിരവധി തവണ സ്വലാത്തുകളും ചൊല്ലി ഇഷ്ടമുള്ളത് പ്രാർത്ഥിച്ചാൽ അവന് പെട്ടെന്ന് ഉത്തരം ലഭിക്കുന്നതാണ്. (നിഹായത്തുൽഅമൽ)
നബി തങ്ങൾ പറയുന്നു: ആരെങ്കിലും ശഅബാൻ മാസത്തെ ആദരിക്കുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും അല്ലാഹുവിനു വഴിപ്പെടുക തെറ്റുകളെ തൊട്ട് പിടിച്ചു നിൽക്കുകയും ചെയ്താൽ അല്ലാഹു അവന്റെ പാപങ്ങൾ പൊറുത്തുകൊടുക്കുകയും ആ വർഷം ഉണ്ടാകുന്ന  രോഗങ്ങളും പരീക്ഷണങ്ങളിൽനിന്നും അവനെ നിർഭയനാക്കുകയും ചെയ്യും . തൗറാത്തിൽ ഇങ്ങനെ
രേഖപ്പെടുത്തിയിട്ടുണ്ട്. ശഅബാനിൽ ഒരാൾ
لاإله إلا الله ولانعبده إلا إياه مخلصين له الدين ولو كره الكافرون
എന്ന് ചൊല്ലിയാൽ അവന് ആയിരം വർഷത്തെ ഇബാദത്തിന്റെ പ്രതിഫലം രേഖപ്പെടുത്തപ്പെടും. ആയിരം കൊല്ലത്തെ പാപങ്ങൾ അവന് പൊറുത്തുകൊടുക്കും. ഖബറിനിന്ന് എഴുന്നേൽക്കുമ്പോൾ പതിനാലാം രാവിലെ ചന്ദ്രനെപോലെ ആയിരിക്കും അയാളുടെ മുഖം. അല്ലാഹുവിന്റെ അടുക്കൽ സിദ്ദീഖീങ്ങളുടെ കൂട്ടത്തിൽ അവനെ രേഖപ്പെടുത്തപ്പെടും. (നുസ്ഹത്തുൽ മജാലിസ് )
മഹാന്മാരായ നമ്മുടെ മുൻഗാമികൾ വിശുദ്ധമായ ശഅബാൻ കടന്നുവന്നാൽ ഇബാദത്തുകളും മറ്റു നന്മകൾക്കും വേണ്ടി ഒഴിഞ്ഞിരിക്കാറുണ്ടായിരുന്നു. മഹാനായ അംറ് ബ്നു ഖൈസ് (റ) ശഅബാനായാൽ തന്റെ പീടിക അടക്കുകയും ശഅബാനിലും റമളാനിലും ഖുർആൻ ഓതാൻ വേണ്ടി ഒഴിഞ്ഞിരിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് ചരിത്രം പരിശോധിച്ചാൽ നമുക്ക് കാണാം.
അനസ് ബ്നു മാലിക് (റ) പറയുന്നു :ശഅ്ബാൻ മാസം കണ്ടാൽ സ്വഹാബികൾ മുസ്ഹഫ് പാരായണത്തിൽ വ്യാപൃതരാവുകയും റമളാനിനുആവശ്യമുള്ള വസ്തുക്കൾ ശേഖരിക്കാൻ വേണ്ടി മുസ്ലിങ്ങൾ അവരുടെ സക്കാത്ത് പാവങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്യുമായിരുന്നു. ഭരണാധികാരികൾ തടവിലാക്കപ്പെട്ട വിളിക്കുകയും പ്രതിക്രിയ ചെയ്യാനുള്ളവരെ അങ്ങനെ ചെയ്യുകയും അല്ലാത്തവരെ വിട്ടയക്കുകയും കച്ചവടക്കാർ അവരുടെ കടങ്ങൾ വീട്ടുകയും കിട്ടാനുള്ളവ വാങ്ങുകയും ചെയ്യുമായിരുന്നു. അങ്ങനെ റമദാൻ മാസം കണ്ടാൽ അവർ കുളിച്ച് വൃത്തിയായി ഇഅതികാഫ് ഇരിക്കുകയും ചെയ്യുമായിരുന്നു. (ഗുൻയത്ത് )

ശഅബാനിലെ നോമ്പിന്റെ പവിത്രത

  ശഅ്ബാൻ മാസം നോമ്പ് നോൽക്കുന്നതിന് നിരവധി മഹത്വങ്ങളുണ്ട്. ഒരുപാട് പവിത്രതകളും ശഅബാനിലെ നോമ്പിനു ണ്ട് .ഹദീസുകൾ പരിശോധിച്ചാൽ ഇക്കാര്യം നമുക്ക് വ്യക്തമാകും. നബി തങ്ങൾ പറയുന്നു: ശഅബാന്റെ ആദ്യത്തിൽ നിന്ന് മൂന്ന് ദിവസവും മദ്ധ്യത്തിൽ നിന്ന് മൂന്ന് ദിവസവും അവസാനത്തിൽ നിന്ന് മൂന്നു ദിവസവും ഒരാൾ നോമ്പനുഷ്ഠിച്ചാൽ അവന് എഴുപത് പ്രവാചകന്മാരുടെ പ്രതിഫലം എഴുതപ്പെടും. എഴുപത് വർഷം അല്ലാഹുവിന് ആരാധിച്ച പോലെയായി അവൻ മാറുകയും ചെയ്യും. മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം. ആഇഷാബീവി (റ) പറയുന്നു നബിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാസമായിരുന്നു ശഅബാൻ.ശഅബാൻ നരകത്തിൽനിന്നുള്ള പരിചയാണ് .ആരെങ്കിലും എന്നെ കണ്ടുമുട്ടാൻ ഉദ്ദേശിച്ചാൽ ശഅബാനിൽ നോമ്പനുഷ്ഠിക്കട്ടെ .അത് മൂന്ന് ദിവസം ആണെങ്കിലും ശരി എന്ന് നബി തങ്ങൾ പറയുകയും ചെയ്യുമായിരുന്നു .നബി തങ്ങൾ പറയുന്നു: റമദാനിലെ നോമ്പിന് വേണ്ടി ശഅബാനിലെനോമ്പ് കൊണ്ട് നിങ്ങൾ നിങ്ങളുടെ ശരീരങ്ങളെ ശുദ്ധീകരിക്കുക. ശഅബാനിൽ നിന്നും മൂന്ന് ദിവസം നോമ്പ് നോൽക്കുകയും നോമ്പ് തുറക്കുന്നതിനു മുമ്പ് എന്റെ മേൽ പലപ്രാവശ്യങ്ങളിലായി സ്വലാത്ത് ചൊല്ലുകയും ചെയ്താൽ അല്ലാഹു അവന്റെ പാപങ്ങൾ പൊറുത്തു കൊടുത്തിട്ടല്ലാതെയില്ല. വിശുദ്ധമായ ശഅ്ബാനിലെ നോമ്പുകളുടെ മഹത്വമാണ് ഈ ഹദീസുകളിൽ നിന്നെല്ലാം നമുക്ക് മനസ്സിലാകുന്നത്. അപ്രകാരം തന്നെ, ഖബർ ശിക്ഷയിൽ നിന്നും നരകശിക്ഷയിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു മാർഗം കൂടിയാണ് ശഅബാനിലെ നോമ്പ് . മുഹമ്മദ് മുഹമ്മദ് ബിനു അസ്സാഹിദ്  എന്നവർ പറയുന്നു :എന്റെ കൂട്ടുകാരനായ അബൂ ഹഫ്സ്എന്നവർ മരണപ്പെട്ടു .ഞാൻ അദ്ദേഹത്തിന് മേൽ മയ്യത്ത് നമസ്കരിച്ചു. പക്ഷേ എട്ടുമാസത്തോളം ഞാൻ അദ്ദേഹത്തിന്റെ ഖബർ സിയാറത്ത് ചെയ്തില്ല .പിന്നെ ഞാൻ സിയാറത്ത് ചെയ്യാനുദ്ദേശിച്ചു. അന്ന് രാത്രിയിൽ ഞാൻ കിടന്നുറങ്ങവേ നിറം മാറിയ  നിലയിലായിഎന്റെ സുഹൃത്തിനെ ഞാൻ സ്വപ്നം കണ്ടു .ഞാൻ അദ്ദേഹത്തോട് സലാം പറഞ്ഞു .അദ്ദേഹം സലാം മടക്കിയില്ല .അപ്പോൾ ഞാൻ ചോദിച്ചു :നീ എന്താ സലാം മടക്കാത്തത് ? അദ്ദേഹം പറഞ്ഞു :സലാം മടക്കൽ സലാം മടക്കൽ ഇബാദത്താണ് .ഞങ്ങൾ (മരിച്ചവർ) ഇബാദത്തിനെ തൊട്ട് മുറിഞ്ഞവരാണ്.
നിന്നെ നിറം മാറിയതായി ഞാൻ കാണുന്നുവല്ലോ ?നീ ഭൂമുഖത്ത് നല്ല ഭംഗിയുള്ളവനായിരുന്നുവല്ലോ ?എന്താണ് കാരണം? ഞാൻ ചോദിച്ചു .അദ്ദേഹം പറഞ്ഞു :എന്നെ ഖബറിലേക്ക് വച്ചപ്പോൾ എന്റെഅരികിലേക്ക് മലക്ക് വന്നു :എന്നിട്ട് ഇങ്ങനെ വിളിച്ചു. ഓ…. തെറ്റുകാരാ…. പിന്നീട് ആ മലക്ക് എന്റെ തെറ്റുകൾ ഓരോന്നായി എണ്ണാൻ തുടങ്ങി .ആ മലക്ക് കയ്യിലുള്ള ദണ്ഡ് കൊണ്ട് എന്നെ അടിച്ചു .ഉടനെ എന്റെ  ശരീരം തീ കൊണ്ട് തിളക്കാൻ തുടങ്ങി. പിന്നെ എന്റെ ഖബർ എന്നോട് സംസാരിച്ചു :നിനക്ക് നിന്റെ രക്ഷിതാവിനോട് ലജ്ജയില്ലേ ? പിന്നെ ഖബർ എന്നെ കൂട്ടിപിടിച്ചു. എന്റെവാരിയെല്ലുകൾ കൂട്ടിയിണങ്ങി. എന്റെ കെണിപ്പുകൾ പൊട്ടി. ശഅ്ബാൻ മാസം ഉദിക്കുന്നത് വരെ ഞാൻ ഈ അവസ്ഥയിൽ തന്നെ തുടർന്നു .ശഅബാൻ മാസം ആയപ്പോൾ എന്റെ മുകളിൽ നിന്ന് ഒരാൾ ഇങ്ങനെ വിളിച്ചു പറഞ്ഞു: ഓ …മലക്കേ… അദ്ദേഹത്തെ തൊട്ടു മാറിനിൽക്കൂ. നിശ്ചയമായും അവൻ അവന്റെ ജീവിതത്തിൽ ശഅബാനിലെ ഒരു രാത്രി ഹയാത്താക്കുക (ഇബാദത്തുകൾ കൊണ്ട് സജീവമാക്കുക) യും ശഅബാനിലെ ഒരു പകൽ നോമ്പനുഷ്ഠിക്കുകയും ചെയ്തിരുന്നു .അങ്ങനെ അല്ലാഹു ശഅബാനിലെ ഒരു രാത്രിയിലെ ഹയാത്താക്കൽ കൊണ്ടും ഒരു പകലിലെ നോമ്പ് കൊണ്ടും അള്ളാഹു എന്നെ തൊട്ട് ശിക്ഷ ഉയർത്തുകയും സ്വർഗ്ഗം കൊണ്ട് എന്നെ സന്തോഷവാർത്ത അറിയിക്കുകയും ചെയ്തു. (ദുർറത്തുസ്വാലിഹീൻ സ്വാലിഹീൻ)
വിശുദ്ധമായ ശഅബാനിലെ ഒരു ദിവസത്തെ നോമ്പിന്റെയും ഹയാത്തക്കലിന്റെയും പ്രതിഫലം ഇത്ര വലുതാണെങ്കിൽ ആ മാസം മുഴുവനുള്ള നോമ്പിന്റെയും മറ്റും പ്രതിഫലം എത്രയായിരിക്കും.

ലൈലത്തുൽ ബറാഅ: അനുഗ്രഹങ്ങളുടെ പുണ്യരാവ്

വിശുദ്ധമായ ശഅബാന്റെ പതിനഞ്ചാംരാവാണ് ലൈലത്തുൽ ബറാഅത്ത് എന്നപേരിലറിയപ്പെടുന്നത്. നിരവധി മഹത്വങ്ങളും ശ്രേഷ്ഠതകളും ഉള്ള ഈ രാത്രിക്ക് നിരവധി പേരുകൾ ഉണ്ട്. ലൈലത്തുൽ ബറാഅത്ത്, ലൈലത്തുൽ മുബാറകത്ത്, ലൈലത്തുൽ ഖിസ്മത്തി വതഖ്ദീർ, ലൈലത്തുൽ ഇജാബ, ലൈലത്തുൽ ഹയാത്ത് എന്നിങ്ങനെ നിരവധി പേരുകൾ വിശുദ്ധമായ റജബ് പതിനഞ്ചിനുണ്ട്. അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം .നബി തങ്ങൾ പറയുന്നു: പകുതിയുടെ രാത്രിയിൽ എന്റെയടുത്തേക്ക് ജിബിരീൽ വരികയും  നബിയേ ഈ രാത്രി  ആകാശ വാതിലുകളും റഹ്മത്തിന്റെ കവാടങ്ങളും തുറക്കപ്പെടും .അതിനാൽ അങ്ങ്  എഴുന്നേൽക്കുക. നിസ്കരിക്കുക, ആകാശത്തേക്ക് മുഖവും കൈകളും ഉയർത്തുക എന്നു പറയുകയും ചെയ്തു .ഞാൻ ചോദിച്ചു ജിബിരീലേ ഇത് ഏത് രാത്രിയാണ്. ജിബിരീൽ (അ ) പറഞ്ഞു: ഈ രാത്രി മുന്നൂറ്കാരുണ്യത്തിന്റെ വാതിൽ തുറക്കപ്പെടും. ശിർക്ക് ചെയ്തവൻ, പക വെക്കുന്നവൻ, സിഹ്ർ ചെയ്യുന്നവൻ ,ജ്യോത്സ്യൻ, കള്ളിന് കീഴ്പ്പെട്ടവൻ, വ്യഭിചാരി ,പലിശ തിന്നുന്നവൻ, മാതാപിതാക്കളെ ആക്ഷേപിക്കുന്നവൻ , കുടുംബ ബന്ധം വിച്ഛേദിക്കുന്നവൻ, നീമമത്തുകാരൻ എന്നിവർ അല്ലാത്ത എല്ലാവർക്കും അല്ലാഹു പൊറുത്തുകൊടുക്കും.ഉടനെ നബിതങ്ങൾ പുറത്തേക്ക് വരികയും നിസ്കരിക്കുകയും കരയുകയും ചെയ്തു. അത്വാഉ ബ്നു യാസിർ (റ) തൊട്ടു നിവേദനം: നബിതങ്ങൾ പറഞ്ഞു: ലൈലത്തുൽ ഖദ്റിനുശേഷം ഏറ്റവും ശ്രേഷ്ഠമായ രാത്രി ശഅബാൻ പകുതിയുടെ രാവാണ് .
വിശുദ്ധമായ ഈ രാവിനെ മലക്കുകൾ പെരുന്നാൾ ദിവസമായിട്ടാണ് കാണുന്നത് .മഹാന്മാർ പറയുന്നു മുസ്ലിങ്ങൾക്ക് ഭൂമിയിൽ രണ്ടു പെരുന്നാൾ ദിവസങ്ങൾ ഉള്ളതുപോലെ ആകാശത്ത് മലക്കുകൾക്കും രണ്ടു പെരുന്നാൾ രാവുകൾ ഉണ്ട് ഒന്ന്, ലൈലതുൽ ബറാഅ രണ്ട് ലൈലത്തുൽ, ഖദ്ർ.
നിരവധി നന്മകളും സുകൃതങ്ങളും ചെയ്യാനുള്ള രാത്രിയാണ് ബറാഅത്ത് രാവ്.  അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ
ആമീൻ

ശഅബാനിൽ വിട പറഞ്ഞ മഹത്തുക്കൾ

1-സൈനുദീൻ മഖ്ദൂം ഒന്നാമൻ(റ):  കേരളത്തിലെ വിശ്വവിഖ്യാത പണ്ഡിതനായിരുന്ന സൈനുദീൻ മഖ്ദൂം (റ) ഹി – 928 ശഅബാൻ  16 (ക്രി 1521)നാണ് വഫാത്തായത്. ഹി – 871 ശഅബാൻ 12ന് ജനിച്ച സൈനുദ്ദീൻ മഖ്ദൂം(റ) കേരള ഇസ്ലാമിക മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചവരായിരുന്നു. നിരവധി ഗ്രന്ഥങ്ങൾ രചിച്ച മഖ്ദൂം തങ്ങളുടെ സുപ്രധാന ഗ്രന്ഥങ്ങൾ മുർശിദുത്തുല്ലാബ്, സിറാജുൽ ഖുലൂബ്, ശംസുൽ ഹുദാ, അദ്കിയ എന്നിവയാണ്.

2-വരക്കൽ തങ്ങൾ: സമസ്ത സ്ഥാപക പ്രസിഡന്റും പണ്ഡിതരുമായിരുന്ന വരക്കൽ തങ്ങൾ 1840 ലാണ് ജനിച്ചത്.രണ്ട് വിവാഹം കഴിച്ചിരുന്നെങ്കിലും മക്കൾ ഉണ്ടായിരന്നില്ല. 1932 (1352 ശഅബാൻ 17 ) ന് വഫാത്തായി.

3-പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ (ന:മ): സമുധായ സ്നേഹിയും മതമൈത്രിയുടെ വാഹകരും കേരള മുസ്ലിംങ്ങളുടെ ആത്മീയ നായകരുമായിരുന്ന മുഹമ്മദലി തങ്ങൾ 1936 മെയ് 14നാണ് ജനിച്ചത്.നബി തങ്ങളുടെ നാൽപ്പതാം പേരക്കുട്ടിയായി ജനിച്ച തങ്ങൾ നിരവധി രചനകൾ നടത്തിയിട്ടുണ്ട്.2009 ഓഗസ്റ്റ് ഒന്നിന് (ശഅബാൻ 10) വൈകീട്ട് 8:45 ന് മലപ്പുറം ഹോസ്പ്പിറ്റലിൽ വെച്ച് വഫാത്തായി

4-ടി.കെ.എം ബാവ മുസ്ലിയാർ (ന:മ) :- സമസ്ത വിദ്യഭ്യാസ ബോർഡ് പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായിരുന്നു ശൈഖുനാ ടി.കെ.എം ബാവ മുസ്ലിയാർ.29 വർഷം കാസർഗോഡ് ഖാളിയായിരുന്നു. തഖ്വയും സൂക്ഷ്മതയും കൈമുതലാക്കിയ മഹാനവറുകൾ 1930 ജൂലൈ 21 നാണ് ജനിച്ചത്.2013 ജൂൺ 16 ( ശഅബാൻ 7 ) ന് വഫാത്തായി.

5- കെ.കെ അബ്ദുല്ല മുസ്ലിയാർ : കിഴക്കനേറനാട്ടിലെ അനുഗ്രഹീതനായ പണ്ഡിതനായിരുന്നു  മഹാനായ കെ കെ അബ്ദുല്ല മുസ്‌ലിയാർ. 1931 ജനിച്ച ഉസ്താദ് സമസ്ത കേന്ദ്ര മുശാവറ അംഗം ഫത്‌വകമ്മിറ്റി തുടങ്ങിയവകളിൽ അംഗമായിരുന്നു .ബാഖിയാത്തിൽ നിന്നും ഫസ്റ്റ് റാങ്കോടെയാണ് ബിരുദം നേടിയത്.1985 മുതൽ ജാമിഅയിൽ മുദരിസായിരുന്നു.2008ലാണ് മഹാനവറുകൾ വഫാത്തായത്.ശഅബാൻ 7 നായിരുന്നുവത്.മാമ്പുഴ ജുമുഅത്ത് പള്ളിയിലാണ് അന്ത്യവിശ്യമം.

6-കെ.കെ സ്വദഖത്തുള്ള മുസ്ലിയാർ (ന:മ) :സമസ്ത പ്രസിണ്ടന്റായിരുന്ന സ്വദഖത്തുള്ള ഉസ്താദ് 1906 ലാണ് ജനിച്ചത്. മസ്അല സംബന്ധമായ അഭിപ്രായവിത്യാസം കാരണം സമസ്തയിൽ നിന്ന് രാജിവെച്ച് സംസ്ഥാന രൂപീകരിച്ചു. പത്തൊമ്പതാം വയസ്സിൽ സമസ്തയുടെ മുശാവറ മെംബറായിരുന്നു.ശഅബാൻ 8 -നായിരുന്നു വഫാത്ത്.
അല്ലാഹു ഈ മഹാന്മാരൊടൊത്ത് സ്വർഗ്ഗത്തിൽ നമ്മെ ഒരുമിച്ച് കൂട്ടട്ടെ. ആമീൻ