തമീം സലാം കാക്കാഴം
കൗമാരക്കാരന്റെ കൈയൊപ്പ് പതിഞ്ഞ കുഞ്ഞു കഥകളും അനുഭവങ്ങളും ജീവിത പ്രസരിപ്പുമൊക്കെയാണ് ആദിൽ ആറാട്ടുപുഴയുടെ എഴുത്തിൽ നിറയെ.
എഴുത്ത് ഭൂമികയിൽ പ്രായത്തെക്കാൾ ചുറ്റുപാടുകളെ എങ്ങനെ നോക്കി കാണുന്നുവെന്നതാണ് ഒരാളുടെ അനുഭവപക്വത നിർണയിക്കുന്നത്. സ്വാനുഭവങ്ങളെ സ്വന്തം കൗതുകങ്ങളിൽ ഇഴചേർത്ത് നെയ്തെടുക്കാനുള്ള പാകത ആദിലിനുണ്ട്.
ഇരുപത്തി നാലിലേക്ക് നീങ്ങുന്ന ഒരു യൗവനക്കാരനെ വായിക്കുമ്പോൾ ഒറ്റപ്പെട്ട് നിൽക്കുന്ന ഒരിളം റോസാച്ചെടിയും അതിലെ കുഞ്ഞു പനിനീർ പൂക്കളും ഓർമ്മ വരും.അനുഭവങ്ങളുടെ ഹേമന്തങ്ങളും മഴപ്പെയ്ത്തുകളും കടലും കായലോരവും നിലാവും നിഴൽപ്പാടുകളും ആസ്വദിച്ചാസ്വദിച്ച് ഭാവിയിൽ കൂടുതൽ കരുത്തോടെ റോസാച്ചെടികൾ പടർന്ന് നിറയെ പൂവിടും.കൂടുതൽ ചോപ്പണിയും.പരിമളം പരന്നുപരന്നങ്ങനെ കഥകളെ തഴുകും. ഒരു പൂവിൽ നിന്നൊരു പൂക്കാലത്തേക്ക് കാലം ആ കഥകളെയും തൂലികയെയും കൂട്ടായി ചേർക്കും.ആദിലിൻറെ ആദ്യ പുസ്തകത്തിൽ അങ്ങനെയൊരു പൂക്കാലത്തിൻറെ ശുഭ സൂചനകളുണ്ട്.പ്രതിഭയുടെ മിന്നലാട്ടവും ഒരിടിയുടെ പെരുക്കവും മാരുതൻറെ താളവുമുണ്ട്. ഒരു ചാറ്റൽ ഒരു പെരുമഴയുടെ വരവിനെ അടയാളപ്പെടുത്തുന്നുണ്ട്. ഭാഷാ വഴക്കവും നല്ല അവതരണ മികവുമുണ്ട്. അത് മതി ആദിലിന് എഴുത്തു തുടരാനും കഥകളിൽ പടരാനും…..
ഒരു തുടക്കകാരൻറെ പരിഭ്രമം തെല്ലുമില്ലാതെ ‘സീവാൾ ‘ എന്ന കഥാ സാമാഹാരം കഥയുടെ ചെറിയ ചെറിയ ജാലകങ്ങളാണ് തുറന്നിടുന്നത്. അതിലൂടെ ആദിലിൻറെ കടലും കായലും കിന്നരിക്കുന്ന ഗ്രാമം കാണാം,തൊട്ടു തൊട്ടേ പോയ പ്രണയ നിലാസ്പർശം,യാത്രകളിലെ അനുഭവ ഭംഗികൾ,പൊള്ളുന്ന ചുറ്റുപാടുകളിലെ അരുണോദയങ്ങൾ,അസ്തമയങ്ങൾ, മനുഷ്യരുടെ വിഹ്വലതകളും വേദനകളും പ്രതീക്ഷകളും മോഹഭംഗങ്ങളും ഒക്കെ ആദിൽകഥകളിൽ നിഴലിക്കുന്നു.ചില വരികൾ പൊള്ളുന്ന നർമവും ഇരുത്തി ചിന്തിപ്പിക്കുന്ന പാഠങ്ങളുമാണ്.പഞ്ച തന്ത്രം കഥകളിലെ പോലെ കടന്നു വരുന്ന ചില അനുഭവമുഹൂർത്തങ്ങൾ ജീവിത വീക്ഷണങ്ങളുടെ പങ്കുവെക്കലാവുന്നു.ചിലതൊക്കെ വരികൾക്കിടയിൽ വായിക്കേണ്ടവയാകുന്നു.വലിച്ച് നീട്ടാതെ ,കുറഞ്ഞ വരികളിൽ ആക്ഷേപഹാസ്യത്തിൻറെ രസച്ചരടിൽ കോർത്ത കഥകളാണ് കൂടുതലും.
സാമൂഹിക മാധ്യമങ്ങൾ ജീവിതഭാഗമായ പുതിയ കാലത്തെ കൂടി സീവാളിൽ അടയാളപ്പെടുത്താൻ ആദിൽ ശ്രമിച്ചിട്ടുണ്ട്.മുഖപുസ്തകത് തിലെ സൗഹൃദവും ചവർപ്പും മധുരവും കലർപ്പും ധാർമ്മികതയും ബന്ധനങ്ങളുമൊക്കെ കുഞ്ഞുകഥകളാക്കി മാറ്റിയിട്ടുണ്ട്.
സീവാളിൽ ചിലനേരത്ത് തിരകൾ ആർത്തിരമ്പി വന്നിടിക്കുകയും ചിലപ്പോൾ ശാന്തമായി പിൻവലിഞ്ഞ് പോവുകയും ചെയ്യുന്നു.ആ ശാന്തതകളിലും ചില കഥകൾ ഒളിച്ചിരിപ്പുണ്ടെന്നതാണ് സീവാളിൻറെ പ്രത്യേകത.
‘ പൂമുഖത്തെ ചാരുകസേരയിലിരുന്ന് വെറ്റിലയിൽ ചുണ്ണാമ്പ് തേക്കുകയാണ് മുത്തച്ഛൻ.കൊച്ചുമകൻ തൊട്ടടുത്തിരുന്ന് ഐ പാഡിൽ തേക്കുന്നുണ്ട്.അവൻറെ അച്ഛൻ മൊബൈലിലും….,
ജനറേഷൻ എന്ന കഥയിൽ ആദിൽ പറയുന്നത് തലമുറമാറ്റത്തെ കുറിച്ചാണ്. തന്നെ എഴുത്തുകാരനാക്കിയ ഭിക്ഷക്കാരിയുടെ പാട്ടുമുതൽ പ്രണയിനിയെ വരെ ആദിൽ സീവാളിൽ കുറിച്ചിടുകയാണ്.നർമത്തിൽ പൊതിഞ്ഞും അനുഭവചുറ്റുപാടുകളെ അടയാളപ്പെടുത്തിയുമാണ് സീവാളിൽ കഥകൾ തിരയടിക്കുന്നത്. പ്രതിഭ സ്പർശത്തിനൊപ്പം തന്നെ ഞാൻ ആദ്യം സൂചിപ്പിച്ച കഥയെഴുത്തിൽ ഒരു തുടക്കക്കാരനുള്ള പരിഗണന ആദിലിൻറെ പുസ്തകത്തിന് ലഭിക്കേണ്ടിയിരിക്കുന്നു.