ദൈവീക ഗ്രന്ഥങ്ങളില്‍ സവിശേഷസ്ഥാനം അലങ്കരിക്കുന്നതാണ് വിശുദ്ധ ഖുര്‍ആന്‍ എന്നതുകൊണ്ടുതന്നെ പ്രതിയോഗികളുടെ ഭാഗത്തു നിന്നുള്ള എതിര്‍പ്പുകളും വിമര്‍ശനങ്ങളും ഉയര്‍ന്നുവരിക സ്വഭാവികമാണ്. സ്വഭാവികം എന്നുപറഞ്ഞ് അതിന്റെ ഗൗരവം ചുരുക്കിക്കാട്ടുകയല്ല. മറിച്ച് മുന്‍കാല പ്രവാചകډാര്‍ നേരിട്ടതും അനുഭവിച്ചതും ചരിത്രം തിരയുമ്പോള്‍ തെളിഞ്ഞു കണുന്നതും സത്യത്തിനെതിരെയുള്ള എതിര്‍സ്വരങ്ങളാണ് എന്നതുകൊണ്ടു തന്നെ ഖുര്‍ആനെതിരെ ഉയര്‍ന്നു വന്ന വിമര്‍ശനങ്ങളില്‍ അതിശയോക്തിപ്പെടാനില്ല എന്നാണ് പറയാന്നുഗ്രഹിക്കുന്നത്.
ഖുര്അനിനെതിരായ വിമര്‍ശനങ്ങള്‍ക്ക് അതിന്റെ അവതരണ കാലത്തോളം പഴക്കമുണ്ട്. തിരു നബിക്ക് 23 വര്‍ഷങ്ങള്‍ക്കിടയിലായി ഖുര്‍ആന്‍ അവതരിക്കപ്പെടുമ്പോള്‍ തന്നെ മുഖ്യശത്രുക്ഷമായ മുശ്രിക്കുകളില്‍ നിന്നും ന്യൂനപക്ഷ വിഭാഗമായ യഹൂദ-ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.
ഖുര്‍ആന്‍ ദൈവികമല്ല എന്നും ഖുര്‍ആനിലെ കഥകള്‍ മുഴുവന്‍ മുന്‍കാലക്കാരുടെ കെട്ടുകഥകള്‍ ആണെന്നുമായിരുന്നു ആദ്യകാലത്ത് ഉന്നയിക്കപ്പെട്ടിരുന്ന പ്രധാന ആരോപണങ്ങള്‍. പിന്നീട് കാല ക്രമേണ ഇസ്ലാമിനെപ്പേലെ തന്നെ എതിര് സ്വരങ്ങളും ശക്തി പ്രാപിച്ചതോടെ മതകീയമൂല്യങ്ങള്‍ക്കപ്പുറത്ത് രാഷ്ടീയവും തത്വസംഹിതാപരവും വ്യക്തിപ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള വിമര്‍ശ സ്വരങ്ങള്‍ പതിയെപ്പതിയെ രുപപ്പെട്ടുവരികയായിരുന്നു. യുക്തിവാദികളും പുരോഗമന വാദികളും ഖുര്‍ആനിനെ യാഥാസ്ഥികമെന്നും പൗരാണികമെന്നും പറഞ്ഞും നിരന്തരം വേട്ടയാടി. ഖുര്‍ആനിനെതിരെ കാലങ്ങളിലായി ഉയര്‍ന്നുവന്നു വിമര്‍ശനങ്ങിലെ കഴമ്പുകളെ ഇഴകീറി പരിശോധിയുകയാണിവിടെ.
ജിഹാദ്:സത്യവും മിഥ്യയും
യുദ്ധപരമായ ഖുര്‍ആനികാധ്യാപനങ്ങളാണ് വിമര്‍ശകരാല്‍, പ്രത്യേകിച്ച് പാശ്ചാത്യ ഓറിയന്റലിസ്റ്റുകളാല്‍ വ്യാപകമായി തെറ്റിദ്ധാരണകള്‍ക്ക് വിധേയമായിട്ടുള്ളത്. പക്ഷെ, ഈ വിമര്‍ശനങ്ങളെല്ലാം തന്നെ യാതൊരു തെളിവുകളുടെയും പിന്‍ബലമില്ലാതെയുള്ള വെറും മൗഢ്യവാദങ്ങള്‍ മാത്രമാണ്. ജൂതഗോത്രങ്ങള്‍ കരാര്‍ വഞ്ചന നടത്തുകയും ശത്രുക്കളുമായി ഒത്തുചേര്‍ന്ന് രാഷ്ട്രത്തില്‍ അക്രമം അഴിച്ചു വിടുകയും ചെയ്തതിനെ ചെറുത്തതും അടിച്ചേല്പിച്ച യുദ്ധങ്ങളെ പ്രതിരോധിച്ചതും മാത്രം അവതരിപ്പിക്കാനാണ് (അതും ചരിത്രപശ്ചാത്തലം നല്‍കാതെ) അവര്‍ക്ക് കഴിയുക. ഇസ്ലാമിന്റെ വേരുകളില്‍ തന്നെ അസഹിഷ്ണുതയും യുദ്ധഭ്രാന്തും അടങ്ങിയിട്ടുണ്ട് എന്ന് വെറുംവായില്‍ വിളിച്ചു പറയുക മാത്രമാണവര്‍ ചെയ്യുന്നത്.
മാത്രമല്ല, ജിഹാദ് എന്ന പദം ഖുര്‍ആന്‍ അവതരണത്തിന് ശേഷം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയായിരുന്നു. ജിഹാദ് എന്ന പദത്തിന്റെ ലളിതമായ അര്‍ഥം ‘ ശ്രമിക്കുക, അധ്വാനിക്കുക, ശ്രദ്ധ ചെലുത്തുക’ എന്നൊക്കെയാണെങ്കിലും അവതീര്‍ണ പശ്ചാത്തലവും കാലഘട്ടവും അനുസരിച്ച് ഈ പദത്തിന്റെ അര്‍ഥം മാറിവരുന്നു എന്നാണ് പണ്ഡിതഭാഷ്യം. ജിഹാദ് എന്ന പദത്തിന് ‘ അവിശ്വാസികള്‍ക്കെതിരെയുള്ള യുദ്ധം’ എന്ന അര്‍ഥം ഖുര്‍ആന്‍ അവതരണത്തിനു ശേഷം മാത്രമാണുണ്ടായത്.
പാശ്ചാത്യ സംസ്കൃതിയോടുള്ള പക്ഷപാതം കൊണ്ട് ഓരം ചേര്‍ന്നു പോയ ഓറിയന്റലിസ്റ്റ് രചനകളില്‍ നിന്ന് പണ്ഡിതോചിതമായ നിഷ്പക്ഷത കൊണ്ടും ബൗദ്ധികമായ സത്യസന്ധത കൊണ്ടും വേറിട്ടു നില്ക്കുന്ന ‘ ദി പ്രീച്ചിംഗ് ഓഫ് ഇസ്ലാം’ എന്ന ഗ്രന്ഥത്തില്‍ സര് തോമസ് ആര്‍ണള്‍ഡ് എഴുതുന്നത് കാണുക: ‘മാത്രമല്ല, ഏതെങ്കിലുമൊരു തരത്തില്‍ ബലാല് മതപരിവര്‍ത്തനം നടത്തണമെന്ന് അനുശാസിക്കുന്ന ഒരു സൂക്തവും ഖുര്‍ആനിലില്ല. മറിച്ച്, എല്ലാ പ്രചാരങ്ങളും പ്രബോധനത്തിലും പ്രേരണയിലും ഒതുക്കി നിര്‍ത്തുന്ന പല സൂക്തങ്ങളുമുണ്ടുതാനും’.
ഒരു പ്രവാചകനായി തുടങ്ങിയ മുഹമ്മദ് ക്ഷണത്തില്‍ ഒരു സമ്രാജ്യ സ്ഥാപകനായി, പ്രാകൃതാവസ്ഥയിലേക്ക് മടങ്ങാനുള്ള മനുഷ്യന്റെ നിത്യമായ ആന്തരിക ത്വരക്ക് അങ്ങനെ മുന്‍തൂക്കം ലഭിച്ചു. ക്രൂരതയും പീഡനവും രാഷ്ട്രീയ താല്പര്യങ്ങള്ക്കു വേണ്ടി അനുവദിക്കപ്പെട്ടു. കൊള്ളയും കൊലയും നിയമപരമായി. സൈനികരുടെ ഉത്സാഹം നിലനിര്‍ത്താനായി അദ്ദേഹം അവര്‍ക്ക് രക്തസാക്ഷിത്വത്തിന്റെ സ്വര്‍ഗം മാത്രമല്ല, ഭൂമിയില്‍ തോല്‍പിക്കപ്പെടുന്നവരുടെ ധനത്തെയും വസ്ത്രത്തെയും നല്കി. ഇസ്ലാമിന്റെ നിരീക്ഷണങ്ങളെ നിശിത വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിധേയമാക്കിയ എഴുത്തകാരനും നോവലിസ്റ്റുമായ ആനന്ദിന്റെ ജിഹാദ് പരമായ ഇസ്ലാം വിമര്‍ശം ഇങ്ങനെ നീളുന്നു. പക്ഷെ ഈ വാദങ്ങള്‍ മുഴുവനും തീര്‍ത്തും ബാലിശവും അടിസ്ഥാന രഹിതവുമാണെന്നതാണ് വസ്തുത.
ഈ വാദങ്ങള്‍ക്ക് ഖുര്‍ആനിക വചനങ്ങളിലൂടെ എങ്ങനെ മറുപടി നല്‍കാം എന്നു നോക്കാം. ‘പീഡിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ സ്ത്രീ പുരുഷന്മാര്ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യാതിരിക്കുന്നതിന് എന്തുണ്ട് ന്യായം'(സൂറത്തുന്നിസാഅ്-75), ‘ ദൈവമാര്‍ഗത്തില്‍ ചരിക്കുമ്പോള്‍ യുദ്ധത്തിന് വരുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്യുക, എന്നാല്‍ അക്രമം പാടില്ല, അക്രമികളെ അല്ലാഹു സ്നേഹിക്കുകയില്ല'(അല്‍ ബഖറ- 190),
‘ കുഴപ്പം കൊലയേക്കാള്‍ നീചം’ (അല്‍ ബഖറ-191), ‘ ഭൂമിയുടെ സംസ്കരണം കഴിഞ്ഞു എന്നിരിക്കെ അതില്‍ നാശമുണ്ടാക്കരുത്'(അഅ്റാഫ്- 56), ‘ ഒത്തുതീര്‍പ്പ് ഏറ്റവും ഉത്തമമായ നയമാണ്'( സൂറത്തുന്നിസാഅ്-128), ‘ സമാധാന ലംഘനം ദൈവം വെറുക്കുന്നു'(അല്‍ ബഖറ-205), ‘ എല്ലാ ദേവാലയങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്’ (അല്‍ ഹജ്ജ്- 40), ‘ അനീതിയും അതിക്രമവും ശത്രുക്കളോട് പോലും പാടില്ല’ (ആലു ഇംറാന്‍-159), ‘ അന്യായമായ രക്തച്ചൊരിച്ചിലുകള്‍ ഒഴിവാക്കണം’ (മാഇദ-32), യുദ്ധ സംബന്ധമായ ഖുര്നിക വചനങ്ങള്‍ ഇങ്ങനെ നീളുന്നു.
ഈ വചനങ്ങള്‍ പ്രത്യക്ഷാര്‍ഥത്തില്‍ നോക്കുമ്പോള്‍ തന്നെ യുദ്ധത്തെയും അന്യായമായ പ്രതിക്രിയയെയും ഖുര്‍ആന്‍ ഒരു വിധത്തിലും അംഗീകരിക്കുന്നില്ല എന്ന് നമുക്ക് മനസ്സിലാക്കാം. മാത്രമല്ല, ഉദ്ധൃത ഖുര്‍ആന്‍ വചനങ്ങളെ എല്ലാ അര്‍ഥത്തിലും ജീവിതത്തില്‍ പകര്‍ത്തിയ നബി(സ) നയിച്ച യുദ്ധങ്ങളിലും പോരാട്ടങ്ങളിലും സംഭവിച്ച മനുഷ്യനാശത്തിന്റെയും കണക്കുകള്‍ വിളിച്ചോതുന്നതും അതു തന്നെയാണ്. 23 വര്‍ഷത്തെ തിരുനബിയുടെ ജീവിതത്തില്‍ നടന്ന 80 സൈനിക നീക്കങ്ങളില്‍ (അതില്‍ നബി നേരിട്ടു പങ്കെടുത്തത് 27ല്‍ മാത്രം) മുസ്ലിം പക്ഷത്തു നിന്ന് 259 പേരും ശത്രുപക്ഷത്തു നിന്ന് 759 പേരുമാണ് കൊല്ലപ്പെട്ടത്.
ഒരു മഹാ വിപ്ലവം സാധിച്ചെടുക്കുന്നതിനു വേണ്ടി ഇത്ര കുറഞ്ഞ ജീവനുകളേ വേണ്ടി വന്നിട്ടുള്ളൂ എന്നതു കൊണ്ട് തന്നെ പ്രവാചകന്റെ യുദ്ധത്തെ രക്തരഹിത വിപ്ലവം എന്നു വിളിക്കുന്നതില്‍ തെറ്റില്ല എന്ന് മൗലാനാ വഹീദുദ്ദീന്‍ ഖാന് തന്റെ ഗ്രന്ഥത്തില്‍ എഴുതുന്നു. ഇന്ന് ഇസ്ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ജിഹാദീ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ഇസ്ലാം യുദ്ധഭ്രാന്ത് വെച്ചുപുലര്‍ത്തുന്നതാണ് എന്നു വാദിക്കുന്നത് തീര്‍ത്തും വ്യര്‍ഥമാണ്.
കാരണം, അത്തരം വിഭാഗങ്ങള്‍ ഇസ്ലാമിന്റെ മേല്‍ കുതിര കയറാനുള്ള വെറും പാശ്ചാത്യ സൃഷ്ടികള്‍ മാത്രമാണ്. തന്നെയുമല്ല, ഒരു മതത്തിന്റെ ആശയം മനസ്സിലാക്കേണ്ടത് അതിന്റെ അനുചരന്മാരില് നിന്നല്ല, മറിച്ച്, പൗരാണിക ഗ്രന്ഥങ്ങളില്‍ നിന്നും അതിന്റെ ആചാര്യന്മാരില് നിന്നുമാണ്. ചുരുക്കത്തില്‍ ഖുര്‍ആനികാധ്യാപനങ്ങള്‍ക്കു മേല്‍ യുദ്ധഭ്രാന്തും ജിഹാദീ ചിന്തയും ആരോപിക്കുന്നവരുടേത് വെറും ബാലിശമായ വാദങ്ങള്‍ മാത്രമാണെന്ന് വ്യക്തം.
അടിമത്ത സമ്പ്രദായം
ഖുര്‍ആനിക മൂല്യങ്ങളില്‍ ഏറെ വിമര്‍ശനങ്ങള്‍ക്കിട വരുത്തിയ മറ്റൊരു വിഷയമാണ് അടിമ വ്യവസ്ഥ എന്നത്. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മഹത്തായ ദൈവിക ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്ന് പറയുമ്പോഴും എന്തെങ്കിലും മാനുഷിക ന്യൂനതയുടെ പേരില്‍ അടിമയായി മുദ്ര കുത്തപ്പെടുന്ന വിഭാഗത്തോടുള്ള സമീപനത്തില്‍ എന്തുകൊണ്ട് മനുഷ്യത്വപരമായ പെരുമാറ്റം പഠിപ്പിക്കുന്നില്ല എന്നതാണ് മുഖ്യമായ വാദം. ഈ വാദങ്ങള്‍ക്ക് ഖുര്‍ആനിക വചനങ്ങളിലൂടെയും ഇസ്ലാമികാധ്യാപനങ്ങളിലൂടെയും എങ്ങനെ മറുപടി പറയാം എന്നു നോക്കാം.
അടിമ വ്യവസ്ഥ അറേബ്യന്‍ സാമൂഹിക സാമ്പത്തിക ഘടനയുടെ അടിത്തറയായിരുന്ന കാലഘട്ടത്തിലായിരുന്നു ഇസ്ലാമിന്റെ ഉദയം. പണിയെടുക്കുവാന്‍ കുറെയാളുകള്‍ ആവശ്യമാണെന്ന് വരുമ്പോള്‍ തല്ലാനും കൊല്ലാനും കഴിവുള്ള കരബലശാലികളായ കുറെ പരിചാരകډാരുമായി ചന്തകളിലും മറ്റും ചെന്ന് അക്രമണമഴിച്ചു വിട്ട് ആളുകളെ പിടച്ചു കൊണ്ടുപോവുന്ന പതിവായിരുന്നു അന്ന്. ഇതില്‍ പിടിക്കപ്പെടുന്നവര്‍ അടിമകളുടെ കൂട്ടത്തിലാണ് പെടുക. ഇത്തരത്തില്‍ തലമുറകളിലൂടെ തുടര്‍ന്നു വന്ന സാമൂഹിക ദുരാചാരമാണ് അടിമ സമ്പ്രദായം എന്നുള്ളത് കൊണ്ട് അതിന്റെ നിര്‍മാര്‍ജനം നിര്‍ബന്ധത്തിലൂടെയോ നിയമനിര്‍മാണത്തിലൂടെയോ സാധിക്കുന്ന ഒന്നായിരുന്നില്ല.
അതുകൊണ്ടു തന്നെ പടിപടിയായുള്ള മാറ്റത്തിനായിരുന്നു ഇസ്ലാമിന്റെ ശ്രമം. ഈ സാമൂഹിക വൈകൃതത്തിനെതിരെ ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാട ന്മാ രായിരുന്നില്ല, മറിച്ച്, പ്രായോഗിക മനഃശാസ്ത്ര സമീപനങ്ങളാണ് പ്രയോജനമാവുക എന്നു കണ്ടറഞ്ഞായിരുന്നു ഇത്തരമൊരു നീക്കം. അടിമകള്‍ക്ക് മൃഗീയ പരിഗണന പോലും ലഭിക്കാതിരുന്ന കാലത്ത് അവര്‍ക്ക് മനുഷ്യത്വത്തിന്റെ സര്‍വ അവകാശങ്ങളും പകുത്തു നല്കി ഇസ്ലാം തന്നെയായിരുന്നു അവര്‍ക്ക് അടിമയായിരിക്കുമ്പോഴും സ്വാതന്ത്രത്തിന്റെ അനുഭൂതി നല്‍കിയത്.
‘സ്വന്തം അധീനതയിലുള്ള അടിമളോട് ദൈവസൃഷ്ടികളെന്ന നിലയില്‍ സമഭാവനയോടെ പെരുമാറുക’ (സൂറത്തുന്നിസാഅ്- 36), ‘ തടവുകാരെ പ്രതിഫലം വാങ്ങിയോ അല്ലാതെയോ വിട്ടയക്കുക'(സൂറത്തു മുഹമ്മദ്- 4), ‘അടിമകളെ വിലക്കുവാങ്ങി സ്വതന്ത്രരാക്കുന്നത് പുണ്യകര്‍മമാണ്'(സൂറത്തുല്‍ ബഖറ- 177), ഉദ്ധൃത ഖുര്‍ആനിക വചനങ്ങളിലൂടെ ഇസ്ലാം അടിമ വ്യവസ്ഥയെ എങ്ങനെ നോക്കിക്കാണുന്നു എന്നത് വ്യക്തമാണല്ലോ.
മാത്രമല്ല, പ്രവാചകന്(സ) അടിമകളോട് നടത്തിയ സമീപനം തുല്യതയില്ലാത്തതായിരുന്നു. പകല്‍ പണിയെടുത്താല്‍ രാത്രി വിശ്രമം നല്‍കണമെന്നും ഉഷ്ണകാലത്ത് ഉച്ചയുറക്കത്തിന് അവസരം നല്‍കണമെന്നും ചീത്തവിളിക്കാനോ ആക്ഷേപിക്കാനോ അധികാരമില്ലെന്നും യാത്ര ചെയ്യുമ്പോള്‍ വാഹനത്തില്‍ കയറ്റണമെന്നും അംഗഭംഗം വരുത്താനോ മുഖത്തടിക്കാനോ അധികാരമില്ലെന്നും ഇസ്ലാം പ്രഖ്യാപിച്ചു. അപ്രകാരം, ഇസ്ലാമിക നിയമ പ്രകാരമുള്ള ആരാധനകളിലെ ന്യൂനതകള്‍ക്ക് നഷ്ടപരിഹാരമായി അടിമ മോചനത്തെ ഖുര്‍ആന്‍ നിര്‍ദേശിച്ചതും അടിമ മോചനത്തെ നബി(സ) ഏറെ പ്രോത്സാഹിപ്പിച്ചതും ഇതോടു ചേര്‍ത്തു വായിക്കേണ്ടതുണ്ട്. പില്ക്കാലത്തു കടന്നു വന്ന ഇസ്ലാമിന്റെ എല്ലാ പതാകവാഹകരും ഇതേ ആശയത്തില്‍ അടിയുറച്ചു നിന്നവരായിരുന്നു.
ബഹുഭാര്യത്വവും ബഹുഭര്‍തൃത്വവും
ഖുര്‍ആന്റെ മേലുള്ള പ്രാകൃതം വിളികളില്‍ പ്രധാനമാണ് അത് ബഹുഭാര്യത്വം അംഗീകരിക്കുകയും ബഹുഭര്‍തൃത്വം നിരോധിക്കുകയും ചെയ്യുന്നു എന്നത്. ഈ വിമര്‍ശനങ്ങള്‍ക്ക് കുരിശുയുദ്ധകാലത്തോളം പഴക്കമുണ്ട്. കൈസ്തവ പുരോഹിതരായിരുന്നു ഈ വിമര്‍ശനങ്ങള്‍ അഴിച്ചു വിടുന്നതിനു പിന്നില്‍. ബഹുഭാര്യത്വത്തെ ഭോഗലോലുപതയുടെയും പഴഞ്ചന്‍ ചിന്താഗതിയുടെയും പര്യായമായി മുദ്രകുത്തി ഇസ്ലാമിനു അറുപിന്തിരിപ്പന്‍ പരിവേഷം നല്കി ബഹുഭാര്യത്വം നിര്‍ത്തലാക്കിയ നാടുകള്‍ ലൈംഗികാരാജകത്വത്തിന്റെ പിടിയില്‍ അകപ്പെട്ട് കുഴഞ്ഞുമറിയുകയായിരുന്നു.
ഇസ്ലാമിന്റെ മേല്‍ ഇവ്വിഷയകരമായി വിമര്‍ശനം ഉന്നയിക്കുന്നവര്‍ മനസ്സിലാക്കേണ്ടത് ഒരു സ്ത്രീയെ മാത്രം ഇണയായി സ്വീകരിച്ച് അവളുമായി മാത്രം ലൈംഗിക ബന്ധം നടത്തുക എന്നര്‍ഥത്തിലുള്ള ഏകഭാര്യത്വ സമ്പ്രദായം ലോകത്തെവിടെയുമില്ല എന്നതാണ്. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബഹുഭാര്യത്വത്തെ സ്വീകരിക്കുന്നവരാണ് എല്ലാ വിഭാഗക്കാരും. മാത്രമല്ല, ബഹുഭാര്യത്വം നിയമപരമായി നിരോധിക്കപ്പെട്ട രാഷ്ട്രങ്ങളില്‍ ഒരു സ്ത്രീയെ ഭാര്യയെന്ന നിലയില്‍ സ്വീകരിക്കുകയും വിവാഹത്തിനു മുമ്പും ശേഷവും യഥേഷ്ടം പരസ്ത്രീകളുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്ന സാഹചര്യമാണ്. നിലവിലുള്ളത്. അത്തരം രാഷ്ട്രങ്ങളില്‍ ലൈംഗിക അരാജകത്വം അടക്കി വാഴുകയാണ്. പൊതുവില്‍ സ്ത്രീകള്‍ പുരുഷډാരേക്കാള്‍ എണ്ണത്തില്‍ കൂടുതലുണ്ടാവുക, വിധവകള്‍ അധികരിക്കുക എന്നിവയാണ് കാലമിത്രയും ബഹുഭാര്യത്വം ആവശ്യമാവുന്നതിലേക്ക് വഴിയൊരുക്കിയത്.
ഇസ്ലാമിക വീക്ഷണപ്രകാരം ഇസ്ലാം അടിസ്ഥാനപരമായി അംഗീകാരം നല്‍കുന്നത് ഏകഭാര്യത്വത്തിനു തന്നെയാണ്. വൈയക്തികവും സാമൂഹികവുമായ അനിവാര്യതകള്‍ പരിഗണിച്ച് അതില്‍ ഇളവ് അനുവദിക്കുക മാത്രമാണ് ചെയ്തത്. ഇസ്ലാമികാഗമന കാലത്ത് എട്ടും പത്തും ഭാര്യമാരെ കൊണ്ടുനടന്നവരായിരുന്നു അറബികള്‍. ഭാര്യമാരുടെ പെരുപ്പത്തെ അവര്‍ പ്രതാപമായി കണ്ടു എന്നല്ലാതെ അവര്‍ക്കിടയില്‍ യാതൊരു വിധത്തിലുള്ള നീതിയും പുലര്‍ത്തിയിരുന്നില്ല.
ഇത്തരത്തില്‍ അനാചാരം നടന്ന കാലത്തായിരുന്നു ‘ അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ നീതി പാലിക്കുകയില്ലെന്ന് ഭയപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന സ്ത്രീകളെ രണ്ടോ മൂന്നോ നാലോ വീതം വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ അവര്‍ക്കിടയില്‍ നീതി സാധ്യമാവില്ലെന്ന് ആശങ്കപ്പെടുന്നുവെങ്കില്‍ ഒരു സ്ത്രീയില്‍ ഒതുക്കുക'(സൂറത്തുന്നിസാഅ്-2,3) എന്ന് ഖുര്‍ആന്‍ സൂക്തം അവതീര്ണമാത്. ‘ ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പുലര്‍ത്താന്‍ നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും സാധിക്കില്ല. അതിനാല്‍, നിങ്ങള്‍ ഒരു വശത്തേക്ക് പൂര്‍ണമായി ചാഞ്ഞുകൊണ്ട് മറ്റവളെ നിസ്സഹാവസ്ഥയിലേക്ക് വിട്ടേക്കരുത്'(സൂറത്തുന്നിസാഅ്- 35) എന്ന ആയത്തും ഇതിന് അടിവരയിടുന്നു. അപ്പോള്‍ ഇസ്ലാം മൗലികമായി അംഗീകരിച്ചത് ഏകഭാര്യത്വമാണെന്നും അനിവാര്യമായ അവസ്ഥയില്‍ മാത്രം കണിശമായ നീതിപാലനം സാധ്യമാവുന്നവര്‍ക്ക് മാത്രമേ ബഹുഭാര്യത്വം ഇസ്ലാം അംഗീകരിക്കുന്നുള്ളൂ എന്നുമാണ് ഉപര്യക്ത ഖുര്‍ആന്‍ വചനങ്ങള്‍ സൂചിപ്പിക്കുന്നത്.
ബഹുഭര്‍തൃ സമ്പ്രദായം പല പുരാതന സമൂഹങ്ങളിലും നിലനിന്നിരുന്നു. അറേബ്യയില്‍ ഇസ്ലാമികാഗമനത്തിനു മുമ്പുണ്ടായ ഈ സമ്പ്രദായത്തെപ്പറ്റി ആയിശ(റ) ഉദ്ധരിക്കുന്ന ഹദീസ് ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാമാന്യ ബുദ്ധിയനുസരിച്ച് തന്നെ ഇസ്ലാമില്‍ കുടുംബ പാരമ്പര്യം സ്ഥിരപ്പെടുന്നതിന് ഏറെ പ്രാധാന്യമുണ്ടെന്നതു കൊണ്ടു തന്നെ ബഹുഭര്‍തൃത്വം ഒരിക്കലും യുക്തിക്കനുസൃതമല്ല എന്ന് ഇസ്ലാം വ്യക്തമായി രേഖപ്പെടുത്തുന്നു.
മുത്തലാഖിലെ പുരുഷാധിപത്യം
ഒരു ഭര്‍ത്താവ് തന്റെ ഭാര്യയെ ഒറ്റത്തവണയായി മൂന്നു ത്വലാഖും ചൊല്ലുക എന്നതാണല്ലോ മുത്തലാഖ് എന്ന പദം അര്‍ഥമാക്കുന്നത്. ഖുര്‍ആന്‍ കൃത്യമായ ഉപാധികളോടെയും വിലക്കുകളോടെയും മാത്രം അനുവാദം നല്കിയ ഈ രീതി വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. പല രാഷ്ട്രങ്ങളും ഇതിനെ നിരോധിക്കുകയും ക്രിമിനല്‍ കുറ്റമായി കണക്കാക്കുകയും ചെയ്യുന്നുണ്ട്. മുത്തലാഖിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളിലെ കഴമ്പും ഇസ്ലാം നിരുപാധികം ഇതിന് അനുമതി നല്കുന്നുണ്ടോ എന്നും നോക്കാം.
പ്രവാചകന്(സ) ത്വലാഖിനെ പരിചയപ്പെടുത്തിയത് അനുവദിക്കപ്പെട്ട കാര്യങ്ങളില്‍ ഏറെ വെറുപ്പുള്ളത് എന്നാണ്. ത്വലാഖിനെ സംബന്ധിച്ചുള്ള ഖുര്‍ആനിക വചനം കാണുക:’ ഇനി ദമ്പതിമാര്‍ തമ്മില്‍ ഭിന്നിക്കുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നപക്ഷം ഇരു പക്ഷത്തു നിന്നും ഓരോ മധ്യസ്ഥന്മാരെ നിയമിക്കുക. ഇരു വിഭാഗവും അനുരഞ്ജനമാണുദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കും. തീര്‍ച്ചയായും അല്ലാഹു സര്‍ജ്ഞനും സൂക്ഷ്മശാലിയുമാകുന്നു'(സൂറത്തുന്നിസാഅ്- 35).
ഇത്രയും കാര്യങ്ങള്‍ പടിപടിയായി ചെയ്ത ശേഷം മാത്രമാണ് ഖുര്‍ആന്‍ ത്വലാഖിനെപ്പറ്റി സംസാരിക്കുന്നതു തന്നെ. മൊഴി ചൊല്ലിയ ശേഷം ദീക്ഷയിരിക്കുന്ന കാലത്ത് ഭാര്യക്കും മക്കള്‍ക്കുമുള്ള ചെലവ് കൊടുക്കാനും ഖുര്‍ആന്‍ അനുശാസിക്കുന്നുണ്ട്. ത്വലാഖില്‍ മുഴച്ചു കാണുന്നത് പുരുഷാധിപത്യമാണെന്നാണ് വിമര്‍ശക പക്ഷം. പക്ഷെ, ഇസ്ലാം സംസ്കാരമനുസരിച്ച് വിവാഹത്തിന് മുന്‍കയ്യെടുക്കുന്നത് പുരുഷനാണെന്നതു കൊണ്ടുതന്നെ ബന്ധവിച്ഛേദനത്തിനുള്ള അധികാരവും പുരുഷനു തന്നെയാണ്. യുക്തിപൂര്‍ണമായ വിധിയും അതു തന്നെയാണ്.
മൊഴി ചൊല്ലാനുള്ള പരിപൂര്‍ണാധികാരം പുരുഷകേന്ദ്രീകൃതമാണെന്ന് പറയുന്നതും മൗഢ്യമാണ്. ഭര്‍ത്താവോടൊത്തുള്ള ജീവിതം ദുസ്സഹമാവുമ്പോള്‍ ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ത്വലാഖ് ചൊല്ലിത്തരണമെന്നും പറഞ്ഞ് സൗഹൃദാന്തരീക്ഷത്തില്‍ പണം കൊടുത്ത് ത്വലാഖ് ആവശ്യപ്പെടാം. ഭര്‍ത്താവ് വഴങ്ങുന്നില്ലെങ്കില്‍ ഭരണാധിപന് മുമ്പിലും പരാതിപ്പെടാം എന്നാണ് ഇസ്ലാമിക പക്ഷം. മാത്രമല്ല, ഭര്‍ത്താവിന്റെ കീഴില്‍ നരക യാതന അനുഭവിച്ചു കഴിയുന്നതിനേക്കാള്‍ നല്ലത് ആ ബന്ധം വേര്‍പെടുത്തി മറ്റൊരു ജീവിതത്തെ പറ്റി ആലോചിക്കുന്നതാണ് നല്ലത് എന്നത് സംശയലേശമന്യേ വ്യക്തമാണല്ലോ.
മൃഗബലിയിലെ ക്രൂരത
ഇസ്ലാമില്‍ അനുവദനീയമായ ഒരു കാര്യം എന്നതിലുപരി പുണ്യകര്‍മമായി ഗണിക്കപ്പെടുന്ന ഒരു കാര്യമാണ് മൃഗബലി. പല സാഹചര്യങ്ങളിലും പല ഉദ്ദ്യേശങ്ങളോടെയും (ഉദ്ഹിയ്യത്ത്, അഖീഖ, നേര്‍ച്ച) ഈ അനുഷ്ഠാനം മുസ്ലിംകള് നിര്‍വഹിച്ചു പോരുന്നു. പക്ഷെ, ഒരു മൃഗത്തെ നിഷ്ഠൂരം കൊന്ന് ഭക്ഷിക്കാന്‍ ഇസ്ലാം അനുവാദം നല്‍കുന്നുവെന്നും മാംസഭോജനം ഒരാളെ ക്രൂരനും അക്രമാസക്തനും ആക്കുന്നുവെന്നുമാണ് വിമര്‍ശനം.
ആദ്യമായി വിമര്‍ശകര്‍ മനസ്സിലാക്കേണ്ടത് ഏതു വിധം ഭക്ഷണവും കഴിക്കാനുതകുന്ന തരത്തിലുള്ള പല്ലുകളാണ് ദൈവം മനുഷ്യന് സംവിധാനിച്ചിട്ടുള്ളത് എന്നതാണ്. മിശ്രഭുക്കാനയതിനാല്‍ അതിനനുയോജ്യമായ പരന്നതും(സസ്യഭുക്കുകള്‍ക്ക് അനുയോജ്യമായത്) കൂര്‍ത്തതുമായ(മാംസഭുക്കുകള്‍ക്ക് അനുയോജ്യമായത്) പല്ലുകളാണ് മനുഷ്യന്റേത്.
അപൂര്‍വം ചില മതങ്ങളും പ്രത്യയശാസ്ത്രങ്ങളും മാംസഭോജനത്തെ നിരുത്സാഹപ്പെടുത്തുന്നത് അവ ജീവനുള്ളതാണ്, അതിന് ജീവഹാനി വരുത്തുന്നത് മനുഷ്യത്വപരമല്ല എന്നു പറഞ്ഞാണ്. എങ്കില്‍ സസ്യങ്ങളും ജീവനുള്ളതാണ് എന്ന ശാസ്ത്രസത്യം മുന്‍കാലക്കാര്‍ തിരിച്ചറിയാത്തിടത്താണ് പ്രശ്നം എന്നതല്ലേ സത്യം. അപ്പോള്‍ മാംസസഭോജനത്തെ എതിര്‍ത്ത് സസ്യാഹാരത്തെ മാത്രം അംഗീകരിക്കുന്നത് ശുദ്ധവങ്കത്തരമാണെന്ന് വ്യക്തമാണ്. മാത്രമല്ല, ഹൈന്ദവവേദങ്ങളില്‍ പലതും മാംസഭോജനത്തെ അംഗീകരിച്ചതായി കാണാം. അപ്രകാരം, ലോകത്തിലെല്ലാവരും സസ്യഭുക്കുളാവുകയാണെങ്കില്‍ കന്നുകാലികല്‍ വര്‍ധിച്ച് ഈ വര്‍ഗത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയും സംജാതമാവുന്നതാണ്.
തന്നെയുമല്ല, ഇസ്ലാം പഠിപ്പിക്കുന്ന അറവുരീതി പൂര്‍ണമായും ശാസ്ത്രീയമാണ്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ഒറ്റയടിക്ക് ശ്വാസനാളവും അന്നനാളവും മുറിച്ച് കളയാനാണ് ഇസ്ലാം അനുശാസിക്കുന്നത്. ബലിമൃഗത്തിനും മാംസം കഴിക്കുന്ന മനുഷ്യനും പൂര്‍ണമായും ഉപകരിക്കുന്ന തരത്തിലുള്ളതാണ് ഈ രീതി.
ചുരുക്കത്തില്‍, ഖുര്‍ആനികാധ്യാപനങ്ങള്‍ക്കു മേല്‍ ഓറിയന്റലിസ്റ്റുകളും യുക്തിവാദികളും അഴിച്ചു വിട്ട വിമര്‍ശനങ്ങളെല്ലാം വെറും ബാലിശമായ വാദങ്ങള്‍ മാത്രമാണ്. ദൈവികവും ഏറെ വ്യംഗ്യാര്‍ഥങ്ങളുമുള്ളമായ ഖുര്‍ആന്റെ അര്‍ഥ തലങ്ങളെ മനസ്സിലാക്കുന്നതില്‍ സംഭവിച്ച പാളിച്ചകളാണ് ഇത്തരം വാദങ്ങളിലേക്ക് നയിച്ചത് എന്നതാണ് സത്യം.
അവലംബം
1) ഇസ്ലാം ചോദ്യങ്ങള്‍ക്കു മറുപടി- ഡോ.സാകിര്‍ നായിക്
സര്‍ഗതീരം പബ്ലിക്കേഷന്‍സ് -2004( വിവ.അമാനുള്ള അലനെല്ലൂര്‍)
2) ഇസ്ലാം പ്രബോധനവും പ്രചാരവും- സര് തോമസ് ആര്‍ണള്‍ഡ്
ഐ.പി.എച്ച് -2000 (വിവ. കലീം)
3) ബഹുഭാര്യത്വം- ശൈഖ് മുഹമ്മദ് കാരക്കുന്ന്
ഐ.പി.എച്ച് -2011
4) മനുഷ്യാവകാശങ്ങള്‍ ഇസ്ലാമില്‍- ജസ്റ്റിസ് പി.കെ ഷംസുദ്ദീന്
വിചാരം ബുക്സ്, തൃശൂര്‍- 2010
5) വിരുന്നുകാരനും വേട്ടക്കാരനും(ആനന്ദിന്റെ ഇസ്ലാം വിമര്‍ശം)- വി.എ മുഹമ്മദ് അശ്റഫ്
ഐ.പി.എച്ച് -2004
6) ഖുര്‍ആന്റെ മുന്നില്‍ വിനയാന്വിതം- വാണിദാസ് എളയാവൂര്
ഐ.പി.എച്ച്- 2015
7) ഖുര്‍ആന്‍ ഒരു പെണ്‍വായന- ആമിനാ വദൂദ്
അദര്‍ ബുക്സ്- 2005(വിവ. ഹഫ്സ)