പൊതുവെ കേരളോല്‍പത്തിയെ കുറിച്ച് രണ്ട് ഇതിവൃത്തങ്ങളാണ് ചരിത്രത്തില്‍ പറയപ്പെടാറുള്ളത്. ഒന്ന്, മഹാവിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമായ വാമനന്‍ തന്‍റെ കാലത്തെ ഭരണാധികാരിയായ മഹാബലിയെ തോല്‍പിച്ച് നേടിയതാണ് കേരളം. അങ്ങനെ മഹാബലിയെ വാമനന്‍ പാതാലത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും എല്ലാ വര്‍ഷവും ചിങ്ങമാസത്തില്‍ തന്‍റെ പ്രജകളെ കാണാന്‍ അദ്ദേഹത്തിന് അനുമതി കൊടുക്കുകയും ചെയ്തു. (1)
രണ്ട്, മഹാവിഷ്ണുവിന്‍റെ ആറാമത്തെ അവതാരമായ പരശുരാമ മഹര്‍ശി നര്‍മദാ നദീതീരത്തു ജനിച്ചു. പരശുരാമന്‍റെ പിതാവായ ജമദഗ്നിയെ കൃതവീരന്‍ എന്ന പ്രതാപശാലി വെട്ടിക്കൊന്നു. ഇതില്‍ കുപിതനായ മഹര്‍ഷി കൃതവീര വംശജരെ മുഴുവന്‍ വധിക്കുകയും കുലം നശിപ്പിക്കുകയും ടെയ്തു ശേഷം തനിച്ച് ധ്യാനിക്കാന്‍ ഒരു സ്ഥലം വേണമെന്ന് വരുണനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തു. മഹര്‍ഷിയുടെ കൈയിലുള്ള വെണ്‍മഴു തെക്കോെട്ടെക്കെറിഞ്ഞാല്‍ ആവശ്യമായ സ്ഥലം സമുദ്രത്തില്‍ നിന്ന് ഉയര്‍ന്നു വരുമെന്നും അവിടിരുന്ന് താങ്കള്‍ക്ക് തപസ്സുചെയ്യാമെന്നും നിര്‍ദ്ദേശം ലഭിച്ചു. അങ്ങനെ കന്യാകുമാരിക്കടുത്തുള്ള ശുര്‍പ്പാരകതീര്‍ത്ഥത്തില്‍ നിന്നും ഉയര്‍ന്നു വന്നതാണ് ഇന്ന് കാണുന്ന കേരളം. (2)
പൊതിവെ വിശ്വാസയോഗ്യമല്ലെങ്കിലും പുരാണങ്ങളിലൂടെ തുടരെ വിശ്വസിച്ച് പോരുന്ന രണ്ട് കഥകളാണിത്. ഇത്തരത്തിലാണ് ഇന്നത്തെ കേരളം രൂപപ്പെട്ടുവന്നതെന്നാണ് ഇപ്പോഴും പല പൗരാണികരും വിശ്വസിച്ച് പോരുന്നത. എന്നാല്‍ ഇത് തീര്‍ത്തും അശാസ്ത്രീയവും അസംബന്ധവുമാണെന്ന് വില്യം ലോഗന്‍ തന്നെ തന്‍റെ ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നു. തങ്ങളുടെ മികച്ച അധികാരവും പദവിയും നിലനിര്‍ത്താന്‍ വേണ്ടി ബ്രാഹ്മണസമുദായം പടച്ചുവിട്ട അസംബന്ധമായ ഐതിഹ്യമാണിതെന്നും , ഇതൊരൈതുഹ്യമായി നാട്ടുകാര്‍ക്കിടയില്‍ ധാരാളമായി പ്രചരിച്ചിരുന്നു എന്നും കേരളത്തിലെ ഭൂവുടമ സമ്പ്രദായം നിലനിര്‍ത്തുന്നതിനുള്ള ഒരു ഇതിനെ ജന്മികള്‍ വളരെക്കാലം തുടര്‍ന്നുപോന്നു എന്നും ലോഗന്‍ രേഖപ്പെടുത്തുന്നു. (3)
പ്രാചീന കാലത്ത് കേരളം എന്നറിയപ്പെട്ടിരുന്ന നാട് ഇന്ത്യയുടെ പടിഞ്ഞാറേ തീരത്ത് , വടക്ക് കാസര്‍ഗോഡ് ചന്ദ്രഗിരിപ്പുഴ മുതല്‍ തെക്ക് കന്യാകുമാരി വരെയുള്ള എല്ലാ പ്രദേശങ്ങളും ഉള്‍പ്പെട്ട ഒന്നായിരുന്നു. ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പുനര്‍സംഘടനയുലൂടെ 1956 നവംമ്പര്‍ 1 ന് സ്ഥാപിതമായ ആധുനിക കേരള സംസ്ഥാനം , പഴയ തിരുവിതാംകൂര്‍ കൊച്ചി നാട്ടുരാജ്യങ്ങളുടെ ഏറിയ ഭാഗവും മദ്രാസ് സംസ്ഥാനത്തിലെ മലബാര്‍ ജില്ലയും ദക്ഷിണകര്‍ണ്ണാടകത്തിന്‍റെ ഒരു ഭാഗവും സംയോജിപ്പിച്ചാണ് രൂപവല്‍ക്കരിക്കപ്പെട്ടത്. തെക്ക് പാറശ്ശാല മുതല്‍ വടക്ക് കാസര്‍ഗോഡ് വരെയും കിഴക്ക് പശ്ചിമഘട്ട പര്‍വ്വത നിരകള്‍ക്കും പടിഞ്ഞാറ് അറബിക്കടലിനും ഇടയില്‍ നീണ്ട് കിടക്കുന്ന പ്രദേശം. എണ്ണമറ്റ അരുവികളും തോടുകളും കായലുകളും ജലാശയങ്ങളുമെല്ലാം ഊര്‍വ്വരമാക്കിയ മണ്ണ്.
പൂര്‍വ്വിക കാലം മുകല്‍ക്കുതന്നെ ഈ ഭൂമിക കേരളമെന്നും മലബാര്‍ എന്നുമൊക്കെ മാറിമാറി അഭിസംബോധനം ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്കൃത സാഹിത്യത്തില്‍ ആദ്യകാലം മുതല്‍ക്കുതന്നെ കേരളമെന്ന പേരാണ് നാടിനുപയോഗിച്ച് കാണുന്നതെന്നും ആ പേര് കൊണ്ടാണ് മലയാളികള്‍ തങ്ങളുടെ മാതൃഭൂമിയെ വിളിക്കാന്‍ ഇഷ്ടപ്പെടുന്നത് എന്നും പ്രശസ്ത ചരിത്രകരന്‍ കെപി പത്മനാഭമേനോന്‍ തന്‍റെ കേരളചരിത്രത്തില്‍ രേഖപ്പെടുത്തുന്നു .(4)
ക്രിസ്തുവിന് മുമ്പ് നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കാത്യായനനും ക്രിസ്തുവിന് മുമ്പ് 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന പതഞ്ജലിയും കേരളത്തെക്കുറിച്ച് പ്രസ്താവിക്കുന്നുണ്ട് . കൂടാതെ മഹാഭാരതം , രാമായണം ,വായുപുരാണം , മത്സ്യപുരാണം , മാര്‍ക്കണ്ഡേയ പുരാണം, എന്നിവയിലെല്ലാം കേരളത്തെയും ഗോകര്‍ണ്ണത്തെയും കുറിച്ച് പ്രസ്താവിക്കുന്നുണ്ട് . അഥവാ കേരളം എന്ന കൊച്ചു രാജ്യം പ്രാചീനകാലം മുതല്‍ക്കേ അതിന്‍റെ ധാതുസമ്പന്നത കൊണ്ടും മറ്റും ചിരപ്രസിദ്ധമായിരുന്നു. (5)
അതുകൊണ്ട് തന്നെ ലോകത്തിന്‍റെ നാനാഭാഗത്തുണ്ടാകുന്ന രാഷ്ട്രീയ സാംസ്കാരിക മാറ്റങ്ങള്‍ മറ്റേത് ഇടങ്ങളിലേക്കും ചേക്കേറുന്നത് പോലെ വളരെ വേഗം ഈ പ്രദേശങ്ങളിലേക്കും എത്തിച്ചേര്‍ന്നിരുന്നു. അങ്ങനെയാണ് മധ്യ പൗരസ്ത്യ ദേശത്ത് ഉടലെടുത്ത ജൂതക്രൈസ്തവ ഇസ്ലാം മത സന്ദേശങ്ങള്‍ വളരെ നേരത്തെ തന്നെ കേരളതീരത്തണഞ്ഞത്, കേരളത്തിന്‍റെ തീരപ്രദേശങ്ങളുമായി അറബികളും മറ്റും തുടര്‍ന്നു പോന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വാണിജ്യബന്ധങ്ങള്‍ ഇത്തരം ആദാനപ്രദാനങ്ങള്‍ക്ക് ആക്കം കൂട്ടി എന്ന് മാത്രം.
കേരളവും ഇസ്ലാമും
പരിശുദ്ധ ഇസ്ലാം അറേബ്യന്‍ ഉപദ്വീപിലാണ് ഉദയം ചെയ്തത് എങ്കിലും ഏറെ കഴിയുന്നതിന് മുമ്പ് തന്നെ അതിന്‍റെ ദിവ്യപ്രകാശം ലോകത്തിന്‍റെ വിദൂരദിക്കുകളില്‍ പോലും ചെന്നെത്തിയിരുന്നു. സമുദ്രങ്ങളും സമതലങ്ങളും പീഢഭൂമികളും താണ്ടി കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ദിക്കുകളില്‍ അതിന്‍റെ ദിവ്യപ്രഭ പരന്നു, ഇതെല്ലാം സംഭവിച്ചത് ഒരു നൂറ്റാണ്ടില്‍ കുറഞ്ഞ കാലയളവ് കൊണ്ടാണ് എന്നത് സ്മരീണയമാണ്. ലോകത്തൊരു മതത്തിനോ പ്രത്യേയശാസ്ത്രത്തിനോ എത്തിപ്പിടിക്കാന്‍ സാധിക്കാത്ത അത്ര വ്യാപ്തിയിലേക്ക് പടര്‍ന്നുപന്തലിച്ച ഇസ്ലാം ചരിത്രകാരന്മാരെ എക്കാലവും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പ്രവാചകര്‍ തിരുമേനിയുടെ കാലത്ത് തന്നെ ലോകത്താകമാനം ഖ്യാതി നേടിയ ഇസ്ലാം ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മലബാര്‍ പ്രദേശത്തും എത്തിച്ചേര്‍ന്നു എന്നാണ് ചരിത്രകാരന്മാരുടെ അനുമാനം.
ബൈബിളില്‍ പ്രതിപാതിക്കും പ്രകാരം സോളമന്‍ രാജാവിന്‍റെ കാലത്ത് തുടങ്ങിയ മലബാര്‍ അറേബ്യന്‍ സമുദ്രവാണിജ്യബന്ധം തന്നെയാണ് (6) എ ഡി ഒന്നാം നൂറ്റാണ്ടില്‍ സോളമന്‍ ചക്രവര്‍ത്തിയുടെ കാലത്ത് തന്നെ ജൂതമതവും (7)എഡി 52 ല്‍ തോമാശ്ലീഹയുടെ വരവോടെ ക്രൈസതവ മതവും (8) കേരളകരയില്‍ കപ്പലിറങ്ങിയ പോലെ ഇസ്ലമിനേയും മലബാര്‍ തീരത്തെത്തിച്ചത്.
സിലോണിലേക്ക് ആദം മല കാണാന്‍ പോകുന്ന ഒരു സംഘം കേരളതീരത്ത് വിശ്രമിക്കാനിറങ്ങുകയും അന്നവിടത്തെ രാജാവായ ചേരമാന്‍ പെരുമാളുമായി സൗഹൃദത്തിലാകുകയും അതുവഴി ഇസ്ലാമിനെക്കുറിച്ചറിയാനും പ്രവാചകരെ കാണാനും വേണ്ടി മക്കത്ത് പോയതും മക്കയില്‍ വെച്ച് മുസ്ലിമായി താജുദ്ധീന്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു എന്നതാണ് പരമ്പരാഗതമായി കേരളത്തിലേക്കുള്ള ഇസ്ലാമിന്‍റെ ആകമനത്തേക്കുറിച്ചുള്ള ചരിത്രമായി രേഖപ്പെടുത്തപ്പെട്ടത്.(9)
കേരളത്തിന്‍റ പ്രാചീന ചരിത്ര ഗ്രന്ഥമായ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം രചിച്ച തുഹ്ജത്തുല്‍ മുജാഹിദീനിലും വില്യം ലോഗണിന്‍റെ മലബാര്‍ മാന്വലിലും (10) ഈ കഥ ഇപ്രകാരം തന്നെ രേഖപ്പെടുത്തുന്നു. ഈ വിശ്വാസത്തിന് ശക്തിപകരുന്ന തെളിവുകള്‍ ഇന്ത്യയുലും ഇസ്ലാമിക ലോകത്തും നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നൊരു രാജാവ് ഇഞ്ചി നിറച്ച ഒരു ഭരണി നബി തിരുമേനിക്ക് സമ്മാനിച്ചെന്നും അത് നബി അനുചരന്മാര്‍ക്ക് ഓരോ കഷ്ണങ്ങളായി തിന്നാന്‍ കൊടുത്തെന്നും അതില്‍ നിന്നൊരു കഷ്ണം തനിക്കും ലഭിച്ചെന്നും പ്രവാചകാനുയായികളില്‍ പ്രമുഖനായ അബൂസഊദ് ഉദ്ധരിക്കുന്ന സംഭവം പ്രമുഖ ഹദീസ് പണ്ഡിതന്‍ ഇമാം ഹാക്കിം തന്‍റെ മുസ്തദ്റകില്‍ ഉദ്ധരിക്കുന്നുണ്ട് .(11)
ഇഞ്ചിയുടെ ഈറ്റില്ലം അന്നും ഇന്നും കേരളമാണെന്നും കേരളീയനല്ലാത്ത മറ്റൊരു രാജാവും ഇന്ത്യയില്‍ നിന്ന് ഇഞ്ചിയുമായി പ്രവാചക സദസ്സിലെത്താനിടയില്ലെന്നും സുവ്യക്തമാണ് . അതുകൊണ്ട് തന്നെ ആ കേരളീയന് പ്രവാചക സദസ്സിലെത്തി ഇസ്ലാം ആശ്ലേഷിക്കാന്‍ സൗഭാഗ്യമുണ്ടായുട്ടുണ്ടെന്ന പരമ്പരാഗത വിശ്വാസത്തിന് കൂടുതല്‍ ശക്തിപകരുന്നുണ്ട്.
എഡി 7 ാം നൂറ്റാണ്ടില്‍ ഇസ്ലാം കേരളത്തില്‍ എത്തിയതിനും പിന്നീ് മുസ്ലീങ്ങള്‍ ഒരു സമൂഹമായി നിലകൊണ്ടതിനും തെളിവുകളുണ്ടെങ്കിലും പത്തുമുതല്‍ പതിനഞ്ചുവരെയുള്ള നൂറ്റാണ്ടുകളിലെ കേരളമുസ്ലീം ചരിത്രം ഏറെക്കുറെ അവ്യക്തതകള്‍ നിറഞ്ഞതാണ് . എങ്കിലും അക്കാലഘട്ടത്തിലെ വിവിധ സഞ്ചാരികളുടെ യത്രാകുറിപ്പുകള്‍ കേരള മുസ്ലീങ്ങളെ കുറിച്ച് കാര്യമായ വിശദീകരണങ്ങള്‍ നല്‍കുന്നുണ്ട്.
ശൈഖ് സുലൈമാന്‍ ,ഇബ്നു ഫഖീഹ് , ഇബ്വു റുസ്ത ,അബൂ സൈദ്, മസ്ഊദി ,അല്‍ബിറൂനി ,അല്‍ ഇദിരീസി ,യാഖൂത്ത് ,മാര്‍ക്കോപോളോ തുടങ്ങിയവരുടെ വിവരണങ്ങള്‍ അക്കാലത്തെ കേരളീയ മുസ്ലീങ്ങളുടെ അവസ്ഥകളെ ക്കുറിച്ചറിയാനുള്ള വ്യക്തമായ രേഖകളാണ്. (12) എന്നാല്‍ കേരളത്തിലെ അവസാനത്തെ പെരുമാള്‍ മക്കത്ത്പോയി ഇസ്ലാംമതം സ്വീകരിച്ചു എന്നത് കേവല ഐതിഹ്യമാണെന്നും അടിസ്ഥാന രഹിതമാണെന്നും പത്മനാഭന്‍ അടക്കമുള്ള പല ചരിത്രകാരന്മാരും
അഭിപ്രായപ്പെടുന്നുമുണ്ട്.
മുഹമ്മദീയരും ക്രീസ്തീയരും ജൂതന്മാരുമായ എത്രയോ സഞ്ചാരികള്‍ ഇവിടെ വരികയും ഈ നാടിനെ കുറിച്ച് എഴുതുകയും ചെയ്തിട്ടുണ്ടെങ്കിലും , സുലൈമാന്‍, അല്‍ബിറൂനി, അല്‍ ഇദ്രീസി, ബഞ്ചമിന്‍, റഷീദുദ്ധീന്‍, അല്‍കാവസ്നി , മാര്‍ക്കോപോളോ , അബുല്‍ ഫെദ, ഫ്രയര്‍ ഒഡോറിക്, ഫ്രയര്‍ ജോര്‍ഡനിസ്. ഇബ്നിബത്തൂത്ത, അബ്ദുല്‍ റസാക് , നിക്കോളോ കോണ്ടി തുടങ്ങിയവരാരും തന്നെ അങ്ങനെയൊരു പെരുമാള്‍ മുസ്ലീമായ കഥയെപറ്റി ഒന്നും പറയുന്നില്ലെന്നും ഇ എം എസ് നമ്പൂതിരിപ്പാട് തന്‍റെ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നുണ്ട്.(13)
ചുരുക്കത്തില്‍ കാലഗണന പ്രകാരവും ചരിത്രതെളിവുകളിലെ ഭിന്നാഭപ്രായങ്ങളുമെല്ലാം പരിഗണിച്ചാലും പ്രവാചകര്‍ തിരുമേനിയുടെ നൂറ്റാണ്ടില്‍ തന്നെ കേരളക്കരയില്‍ ഇസ്ലാം എത്തിച്ചേര്‍ന്നു എന്ന നിഗമനം തന്നെയാണ് പ്രബലമെന്ന് മനസിലാക്കാം.
ഇത്തരത്തില്‍ പ്രവാചകര്‍ തിരമേനിയുടെ കാലത്ത് തന്നെ മലബാറിന്‍റെ തീരമണഞ്ഞ ഇസ്ാലാമിന് അത്ഭുതകരമായ വളര്‍ച്ചയാണ് മാലബാറിലുണ്ടായത്. മലബാറില്‍ അക്കാലത്ത് നിലനിന്നിരുന്ന സാമൂഹ്യദുരാചാരങ്ങളും ജാതീയ ഉച്ഛനീചത്വങ്ങളും ബ്രാഹ്മണമേധാവിത്വവുമെല്ലാം വലിയൊരളവോളം മലബാറിലെ ഇസ്ലാമിക പ്രചരണത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ദളിതരും അഥസ്ഥിതരുമായ ജനവിഭാഗങ്ങള്‍ക്ക് തങ്ങള്‍ക്ക് ഹിന്ദുമതവും ക്രിസ്തുമതവും ഉപേക്ഷിച്ച് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോള്‍ അവര്‍ക്ക് ലഭിച്ചിരുന്ന സ്വാതന്ത്ര്യവും പരിഗണനയും അവരെ കൂടുതലായി മുഹമ്മദീയ മതത്തിലേക്ക് ആകര്‍ഷിപ്പിച്ചു. (14)
അതിലുപരി അക്കാലഘട്ടത്തിലെ ഇസ്ലാമിക പണ്ഡിതന്മാരും മുസ്ലീം നേതൃത്വവും സ്വീകരിച്ച സൗഹാര്‍ദ്ദപരമായ സമീപനങ്ങളും നിലപാടുകളും മുഹമ്മദീയ മതത്തിന് വലിയ സ്വാധീനം നേടിത്തന്നു. കേരളീയ ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന പണ്ഡിതന്മാരായിരുന്ന സൈനുദ്ദീന്‍ മഖ്ദൂമുമാരും മമ്പുറംതങ്ങളും ഉമര്‍ഖാളിയും ശാലിയാത്തിയും സയ്യിദന്മാരുമടക്കമുള്ള സമുദായത്ത് വേണ്ടതെല്ലാം വേണ്ട അളവില്‍ നല്‍കാന്‍ പ്രാപ്തരായ വലിയൊരു പണ്ഡിത നിരയെകൊണ്ടും സമ്പന്നമായിരുന്നു ആ കാലം.
പള്ളി ദര്‍സുകള്‍ കേന്ദ്രീകരിച്ച് അവര്‍ നടത്തിയ മതപഠന സംവിധാനങ്ങളാണ് പിന്നീട് ലോകശ്രദ്ധ ആകര്‍ഷിക്കുമാറ് വളര്‍ന്നു പന്തലിച്ചത് .
പരമ്പരാഗത വിളക്കത്തിരിക്കല്‍ ബിരുദത്തിനായി ശ്രീലങ്ക, സിലോണ്‍, മാലിദ്വീപ്, സുമാത്ര, ജാവ തുടങ്ങിയ വിദേശ ദേശങ്ങളില്‍ നിന്ന് പോലും വിദ്യാര്‍ത്ഥികള്‍ പൊന്നാനിനിയിലേക്ക് എത്തിയിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. മതവും ഭൗതികവും തത്വശാസ്ത്രവും എന്നുവേണ്ട എല്ലാ ശാസ്ത്ര ശാഖകളും ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും വെളിച്ചത്തില്‍ അവിടെ പഠിപ്പിക്കപ്പെട്ടു. തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടന്നിരുന്ന വാണിജ്യത്തിന്‍റെ മൊത്തവ്യാപാരക്കാര്‍ അറബികളും മുസ്ലീങ്ങളുമായിരുന്നതിനാല്‍ എല്ലാം കൊണ്ടും ഉയര്‍ന്ന നിലവാരത്തിലുള്ള ജീവതിമാണ് മുസ്ലീങ്ങള്‍ നയിച്ചിരുന്നത്. ഒരു ഇസ്ലാമിക രാജ്യത്ത് മുസ്ലീം ഭരണാധികാരിക്ക് കീഴില്‍ അനുഭവിക്കാനാകാത്ത സൗകര്യങ്ങളും സംവിധാനങ്ങളും കേരളത്തിലെ മുസ്ലീങ്ങള്‍ ഇവിടെ അനുഭവിച്ചിരുന്നു. ആ
ശോഭന കാലത്ത കുറിച്ച് സൈനുദ്ധീന്‍ മഖ്ദൂം തന്‍റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു. (15)
അവിടന്നിങ്ങോട്ട് ഏഴ് നൂറ്റാണ്ടുകാലത്തെ മുസ്ലീം ചരിത്രം ഉയര്‍ച്ചയുടെയും സായുധ പോരാട്ടങ്ങളുടെയും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെയും നീണ്ട ചരിത്രമാണ്. ആലിമുസ്ലിയാരും ,സാമൂതിരി രാജാവും , കുഞ്ഞാലി മരക്കാര്‍മാരും മുന്‍നിരയില്‍ നിന്ന് സാമ്രാജ്വത്വ ശക്തികളോട് സന്ധിയില്ലാ സമരം നടത്തിയത് ചരിത്രത്തിലെ വിസ്മരിക്കാനാകാത്ത ഏടുകളാണ്.
ആധുനിക കേരളവും മുസ്ലിം കൈരളിയും
എഡി 19-20 നൂറ്റാണ്ടുകള്‍ കേരള മുസ്ലിംകളുടെ സമരപോരാട്ടങ്ങളുടെ മാത്രം ചരിത്രമല്ല.സമുദായത്തിന് വേണ്ടതെല്ലാം വേണ്ടയളവില്‍ നല്‍കാന്‍ മാത്രം സമ്പമായ ഒരു നേതൃനിരയുടെ നിറഞ്ഞ സാന്നിധ്യം കൊണ്ടും എല്ലാത്തിന്‍റെയും ആധാരശിലയായി മതവീക്ഷണത്തെ പ്രതിഷ്ടിച്ച ഒരു ജനസഞ്ചയത്തിന്‍റെ ആത്മ വിശ്വാസം കൊണ്ടും അനുഗ്രഹീതമായിരുന്നു മുസ്ലിം കൈരളിയുടെ അക്കാലം.അധ്യാത്മികയുടെ പാന്ഥാവില്‍ ദൈവിക ചിന്തകള്‍ കൊണ്ട് പ്രഭാവലയം തീര്‍ത്ത ധാരാളം മഹാമനീഷികളാണ് ഈ കാലഘട്ടത്തില്‍ കേരളീയ ഇസ്ലാമിനെ ശക്തിപ്പെടുത്തിയത്. ഇവിടെ സൂഫിധാരകളുടെയും ആത്മീയ സരണികളുടെയും സംഭാവനകളെ വിസ്മരിക്കുകവയ്യ.
അതേസമയം 14 നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന മഹിതമായ ഇസ്ലാമിക വിശ്വാസ പാരമ്പര്യത്തില്‍ യുക്തിയുടെ പ്രകടനപരതയും മതനവീകരണത്തിന്‍റെ ന്യായാന്യായങ്ങളുമായി സല്‍സരണിയില്‍ സംശയങ്ങളുടെ പൊടിപടലങ്ങള്‍ സൃഷ്ടിച്ച് വിശ്വാസികളെ വഴിതെറ്റിക്കുന്ന വഹാബിസം ഉടലെടുത്തത് ഈ കാലഘട്ടത്തിലാണ്.യഥാര്‍ത്ഥ വിശ്വാസത്തില്‍ തശ്ബീഹും തഅ്തീലും കര്‍മാനുഷ്ടാനത്തില്‍ തബ്ദീലും തഗ്ഗീറും കലര്‍ത്തി ഇക്കാലം വരെയുള്ള ലക്ഷക്കണക്കിന് വരുന്ന പാരമ്പര്യ മുസ്ലിം സമൂഹത്തെ ശിര്‍ക്കും കുഫ്റും ആരോപിച്ച് മതത്തില്‍ നിന്നും ഭൃഷ്ട് കല്‍പ്പിച്ച് തങ്ങളുടേത് മാത്രമായ ഒരു മത നവീകരണത്തിനാണവര്‍ ശ്രമിച്ചത്.
ഈ അവസരത്തിലാണ് കേരളീയ മുസ്ലിം കൈരളിയുടെ ഈമാനും പ്രതാപവും കോട്ടം തട്ടാതെ സംരക്ഷിക്കാന്‍ കേവലം വൈയക്തികമായ സമരപോരാട്ടങ്ങള്‍ക്കപ്പുറം ബിദ്അത്തിനെതിരെ പോരടിക്കാന്‍ സഘടിതമായി മുന്നോട്ട് വരണമെന്ന് ദീര്‍ഘദര്‍ശികളായ സുന്നത്ത് ജമാഅത്തിന്‍റെ പണ്ഡിതന്മാര്‍ മനസ്സിലാക്കിയതും, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന മഹിത പ്രസ്ഥാനത്തിന് രൂപം കൊടുത്തത്.പിന്നീടങ്ങോട്ടുള്ള ഒരു നൂറ്റാണ്ടടുത്ത കാലം വരെ ബഹുഭൂരിപക്ഷം വരുന്ന കേരളീയ മുസ്ലിം കൈരളിയുടെ ആശ്രയവും അത്താണിയുമായി സമസ്ത മാറി.ഇന്നും ആ അജയ്യ സംഘശംക്തി മുസ്ലിം ഉമ്മത്തിന്‍റെ ഈമാനിന്ന് കാവല്‍ നില്‍ക്കുന്നു.ബിദ്അത്തിന്‍റെ മലീമസമായ മേച്ചില്‍പുറങ്ങളില്‍ നിന്നും മുസ്ലിം ഉമ്മത്തിനെ പുനരുദ്ധീകരിച്ചതിന്‍റെ ഒരു നൂറ്റാണ്ട് തികക്കുകയാണ് സമസ്ത.പക്ഷേ അപ്പോഴും നവോഥാനത്തിന്‍റെ ഒരു നൂറ്റാണ്ട് ആഘോഷിക്കുന്ന തിരക്കിലാണ് പല കൂപമണ്ഡൂകങ്ങളും.
യഥാര്‍ത്തില്‍ കേരളീയ മുസ്ലിം നവോഥാനത്തിന്‍റെ പിതൃത്വം അവകാശപ്പെടുന്നവര്‍ അറിയാതെ പോയ മറ്റൊരു തലം കൂടെയുണ്ട്.യഥാര്‍ത്തില്‍ നവോഥാനത്തിന്‍റെ അവകാശികള്‍ ഒരു നൂറ്റാണ്ട് തികച്ചെന്ന് വാദിക്കുന്നര്‍തന്നെയാണ്.കാരണം നവം നവങ്ങളായ ആശയങ്ങളെ ദീനില്‍ കടത്തിക്കൂട്ടി ഉദ്ധാനങ്ങള്‍ സൃഷ്ടിക്കുന്നവരാണ് നവോഥാന വാദികള്‍.അവര്‍ക്ക് തന്നെയാണ് കേരളീയ മുസ്ലിം നവോഥാനത്തിന്‍റെ പിതൃത്വം അവകാഷപ്പെട്ടതും. എന്നാല്‍ സമസ്ത ഇവിടെ നടപ്പിലാക്കിയത് യഥാര്‍ത്തില്‍ പുനരുദ്ധാരണമാണ്.ബിദ്അത്തിന്‍റെ കുതന്ത്രശാലികള്‍ മലീമസമാക്കിയ യഥാര്‍ത്ത പാരമ്പര്യ ദീനിനെ ബിദ്അത്തും തശ്ബീഹും തബ്ദീലും തഗ്ഗീറും തഅ്തീലും ഇല്ലാതെ പുനരുദ്ദീകരിച്ചത് സമസ്തയാണ്.അര്‍ത്ഥമറിയാതെ നവോഥാനത്തിന് വേണ്ടി മുറവിളി കൂട്ടുന്നവര്‍ ഒരു ആര്‍ത്തികൂടെ ചിന്തിക്കുന്നത് നന്ന്.
റഫറന്‍സ്
1-കേരളോല്‍പത്തി,കേരള മഹാത്മ്യം
2-ബ്രഹ്മാണ്ഡ പുരാണം
3-മലബാര്‍ മാന്വല്‍,വില്യം ലോഗണ്‍
4-കേരള ചരിത്രം,കെ.പി പത്മനാഭ മേനോന്‍
5-കേരളം മലയാളികളുടെ മാതൃഭൂമി,ഇ.എം.എസ് നമ്പൂതിരിപ്പാട്
6-പ്രാചീന കേരളവും മുസ്ലിം ആവിര്‍ഭാവവും(പേജ് 46)
7-Tk joseph(1935) st Thomas of south india,University of California 927
8þWell,shalva,symmetry between Christians and jews in idia (page 175,196)
9-തുഹ്ഫത്തുല്‍ മുജാഹിദീന്‍,ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(പേജ് 26,28)
10-മലബാര്‍ മാന്വല്‍,വില്യം ലോഗണ്‍(പേജ് 209)
11-ഇമാം ഹാക്കിം,അല്‍ മുസ്തദ്റക്..17:23
12-സമസ്ത,ചരിത്രത്തിന്‍റെ നാള്‍ഡ വഴികള്‍,സ്വാദിഖ് ഫൈസി താനൂര്‍(പേജ് 45)
13-കേരളം മലയാളികളുടെ മാതൃഭൂമി,ഇ.എം.എസ് നമ്പൂതിരിപ്പാട്(പേജ് 86)
14-കേരളീയ മുസ്ലിം ചരിത്രം,പി സൈദ് മുഹമ്മദ്
15-തുഹ്ഫത്തുല്‍ മുജാഹിദീന്‍(പേജ് 55)