വിശ്വാസപരമായി ഇസ്ലാമിന്‍റെ വഴി നിര്‍ണയിക്കപ്പെടുന്നത് രണ്ട് സത്യധാരകളിലൂടെയാണ്. അശ്അരി, മാതുരീതി വിശ്വാസ സരണികളാണവ. ഖുര്‍ആനും ഹദീസും ഇജ്മാഉം ഖിയാസും ഇസ്ലാമിന്‍റെ മാനദണ്ഡം പകര്‍ന്നു തരുമ്പോള്‍ അത് ഉള്‍കൊളളല്‍ വിശ്വാസികളുടെ മേല്‍ നിര്‍ബന്ധമാണ്.
ഇസ്ലാമിക പൊതുധാരയില്‍ നിന്നും മാറി നിന്നുകൊണ്ട് നവീന പരിഷ്കരണത്തിന്‍റെ പേരില്‍ മുസ്ലിം ഉമ്മത്തിനെ തന്നെ കാഫിറാക്കി (സത്യനിഷേധിയാക്കി) ചിത്രീകരിച്ചവരുണ്ട്. യുക്തിക്ക് യോചിച്ചത് അനുവദിനീയമാക്കിയും അല്ലാത്തത് തിരസ്കരിച്ചും നടന്ന പുത്തന്‍ ആശയക്കാരില്‍ നിന്നും മുസ്ലിം ഉമ്മത്തിനെ നേര്‍വഴിക്ക് നടത്താനാണ് അഹ്ലുസ്സുന്നത്തി വല്‍ ജമാഅ എന്ന സംജ്ഞ രൂപം കൊണ്ടത്. ഇതൊരു നവചിന്താ പ്രസ്ഥാനമോ ചിന്താ സരണിയോ അല്ല. മറിച്ച് ഇസ്ലാമിക പാതയില്‍ നിന്നും വഴിമാറി സഞ്ചരിച്ചവരെ പ്രിതരോധിക്കാന്‍ വേണ്ടി മാത്രം രൂപപ്പെട്ട മുസ്ലിംകളുടെ നേരായ പൊതുധാരയാണ്.
അഹ്ലുസ്സുന്നതി വല്‍ ജമാഅ എന്ന സംജ്ഞ പ്രചാരം നേടിയതും പരക്കെ ഉപയോഗിക്കാന്‍ തുടങ്ങിയതും അബ്ബാസി ഖലീഫ മതവക്കിലിന്‍റെ (ഹി: 237) ഭരണകാലത്ത് അബുല്‍ ഹസന്‍ അലി അല്‍ അശ്അരി (റ) യുടെ ദൈവ ശാസ്ത്ര ചിന്താ സരണിയിലൂടെയാണ്. അത്തരത്തില്‍ തന്നെ മുഅ്തസിലിയാക്കളെ ഉപരോധിക്കാന്‍ വേണ്ടി പിറവിയെടുത്ത ചിന്താസരണിയാണ് അബൂ മന്‍സൂര്‍ മാതുരീദീ (റ) യുടെ മാതുരീദി. ഈ രണ്ട് ചിന്താസരണികളാണ് അഹ്ലുസ്സുന്നതി വല്‍ ജമാഅഃയുടെ എക്കാലത്തെയും സത്യമാര്‍ഗ്ഗം.
അഹ്ലുസ്സുന്നത്തി വല്‍ജമാഅ
അഹലുസ്സുന്ന എന്നാല്‍ അബുല്‍ ഹസന്‍ അല്‍ അശ്അരി (റ)യും അബൂ മന്‍സൂര്‍ മാതുരീദിയും അവരുടെ ദൈവ ശാസ്ത്ര ചിന്താസരണി പിന്‍പറ്റുന്ന വിശ്വാസി സമൂഹമവുണ്.
അബുല്‍ ഹസ്സല്‍ അല്‍ അശ്അരി (റ) (ഹി:260 324)
അബുല്‍ ഹസ്സന്‍ അല്‍ അശ്അരി (റ)യുടെ യഥാര്‍ത്ഥ നാമം അലിയ്യുബ്നു ഇസ്മാഈല്‍ എന്നാണ്. അബുല്‍ ഹസ്സന്‍ എന്നത് വിളിപ്പേരാണ്. അബൂ മൂസല്‍ അശ്അരി (റ) യുടെ പിന്‍ഗാമിയാണ് മഹാനവറുകള്‍. അലിയ്യുബ്നു ഇസ്മാഈലുബ്നു ഇസ്ഹാഖുബ്നു സാലിമുബ്നു ഇസ്മാഈലുബ്നു അബ്ദില്ലാഹിബ്നു മൂസബ്നു ബിലാലുബ്നു അബീ ബുര്‍ദത്ബ്നു അബീ മൂസല്‍ അശ്അരി (റ) എന്നാണ് അദ്ധേഹത്തിന്‍റെ പരമ്പരയുടെ പൂര്‍ണ്ണ രൂപം.
അബൂ അലിയ്യുബ്നു ജുബാഇ എന്ന മുഅ്തസിലി പണ്ഡിതന്‍റെ ശിക്ഷണത്തിലും സംരക്ഷണത്തിലുമായിരുന്നു അബുല്‍ ഹസ്സന്‍ അശ്അരി (റ) ന്‍റെ ജീവിതം. 40 വര്‍ഷത്തോളം ജുബാഇയുടെ മുഅ്തസിലി ചിന്താസരണിയായിരുന്നു അശ്അരി (റ) ന്‍റെ പാത. യുക്തിക്കനുയോജ്യമായ രീതിയില്‍ ഖുര്‍ആനിനെയും ഹദീസിനെയും വ്യാഖ്യാനം ചെയ്തും തങ്ങളുടെ യുക്തിയിലൊതുങ്ങാത്തവ തട്ടികളയുകയും ചെയ്ത മുഅ്തസിലി വിഭാഗത്തിന്‍റെ ‘ ഖുര്‍ആന്‍ സൃഷ്ടി’ വാദം കൂടിയായപ്പോള്‍ ഇസ് ലാമിന്‍റെ അന്തഃസത്തയും ആത്മാവും ഇല്ലാതാകുന്നതായി അശ്അരി (റ)ന് അനുഭവപ്പെടാന്‍ തുടങ്ങി. ആശങ്കയും ഭയവും അദ്ധേഹത്തെ നിരന്തരം വേട്ടയാടി. ഒടുവില്‍ അബുല്‍ ഹസ്സന്‍ അല്‍ അശ്അരി (റ)ക്ക് ഇസ്ലാമിന്‍റെ സല്‍സരണി ഏതാണെന്ന് ബോധ്യപ്പെട്ടു.
നബി (സ) സ്വപ്നത്തില്‍ ദര്‍ശനം നടത്തിയതിന്‍റടിസ്ഥാനത്തിലാണ് അശ്അരി (റ) തന്‍റെ അശ്അരിയ്യ ദൈവീക ചിന്താ സരണി രൂപം കൊണ്ടിട്ടുളളത്.
ഹാഫിള് ഇബ്നു അസാകീര്‍ തന്‍റെ തബ്യീനുല്‍ കിബ്ദില്‍ മുഫ്തരീന്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ‘ഒരു റമാളാന്‍ മാസത്തിലെ ആദ്യപത്തിലെ ഒരു രാത്രിയില്‍ അശ്അരി (റ) ന് നബി (സ) ദര്‍ശനമുണ്ടായി. താന്‍ വച്ച് പുലര്‍ത്തുന്ന പാത ഉപേക്ഷിച്ച് നബി (സ) യില്‍ നിന്ന് പിന്തുടര്‍ന്ന് പോന്ന വിശ്വാസത്തെ മുറുകെ പിടിക്കാന്‍ നബി (സ) അദ്ധേഹത്തോട് ആവശ്യപ്പെട്ടു.’ ഈ സ്വപ്ന ദര്‍ശനം മറ്റു രണ്ട് പത്തുകളിലും ആവര്‍ത്തിക്കപ്പെട്ടു. മൂന്നാമത്തെ പത്തിലെ ദര്‍ശനത്തില്‍ പ്രസ്തുത വഴി പിന്‍ന്തുടര്‍ന്നാല്‍ അളളാഹുവില്‍ നിന്നുളള സഹായം ലഭിക്കുമെന്ന് നബി (സ) അശ്അരി (റ) ന് ഉറപ്പ് നല്‍കിയാതായും ഹാഫിള് ഇബ്നു അസാകീര്‍ തന്‍റെ ഗ്രന്ഥത്തില്‍ പറയുന്നു.
ഈ ദിവസങ്ങളില്‍ അശ്അരി (റ) ഏകാന്തനായി ദിവസങ്ങളോളം തന്‍റെ ഭവനത്തില്‍ കഴിഞ്ഞു കൂടി. മുഅ്തസിലഃ മൗലികമായും താത്വികമായും പ്രാമാണികമായും ഇസ്ലാമില്‍ നിന്ന് പുറത്തേക്കുളള വഴിയാണെന്ന് അദ്ധേഹത്തിന് ബോധ്യമായി. ഒരു വെളളിയാഴ്ച്ച ബസ്വറയിലെ പളളിയില്‍ നിസ്കാരാനന്തരം അദ്ധേഹം ഒരു പ്രസംഗം നടത്തുകയുണ്ടായി. ഇത്രയും നാള്‍ താന്‍ പിന്തുര്‍ന്ന മുഅ്തസിലഃ ചിന്താ സരണി താന്‍ ഉപേക്ഷിച്ചതായി അശ്അരി (റ) പ്രഖ്യാപിച്ചു. പരലോകത്ത് അളളാഹുവിന്‍റെ ദര്‍ശനം ഇല്ലെന്നും മാനുഷിക പ്രവര്‍ത്തനങ്ങളുടെ സൃഷ്ടാവ് അളളാഹുവല്ലെന്നതുമായ യുക്തി ചിന്തകളെ അദ്ധേഹം അടച്ചാക്ഷേപിച്ചു. തന്‍റെ വസ്ത്രം ഊരിയെറിഞ്ഞുകൊണ്ട് അദ്ധേഹം പറഞ്ഞു: ‘ഈ വസ്ത്രം ഊരിയെറിഞ്ഞത് പോലെ ആ പിഴച്ച വിശ്വാസവും താന്‍ ഊരിയെറിയുന്നു.’
ഒരിക്കല്‍ തന്‍റെ ഗുരുവും മുഅ്തസിലി പണ്ഡിതനുമായ ജുബാഇയുമായി ഇമാം അശ്അരി (റ) ഒരു സംവാദത്തിലേര്‍പ്പെടുകയുണ്ടായി. അശ്അരി (റ) ചോദിച്ചു. ‘ മൂന്ന് സഹോദരങ്ങള്‍ മരണപ്പെട്ടു. ഒന്നാമന്‍ ദൈവ വിശ്വാസി ( മുത്വീഅ്) , രണ്ടാമന്‍ ദൈവ നിഷേധി ( ആസ്വി), മൂന്നാമന്‍ കുട്ടിക്കാലത്ത് മരിച്ചു, ഇവരുടെ പരലോക ജീവിതം എങ്ങനെയായിരിക്കും.’ ജുബാഇ മറുപടി പറഞ്ഞു: ‘ ആദ്യത്തവന്‍ സ്വര്‍ഗാവകാശി, രണ്ടാമന്‍ നരകത്തില്‍, മൂന്നാമന്‍ രണ്ടിനുമിടക്ക്. ‘ അശ്അരി (റ) ചോദിച്ചു ‘ തനിക്ക് ദീര്‍ഘാഴുസ്സ് തന്നാല്‍ താന്‍ നډചെയ്ത് സ്വര്‍ഗ്ഗാവകാശിയാകാന്‍ കഴിയുമായിരുന്നില്ലെ എന്ന് മൂന്നാമന്‍ ചോദിച്ചാല്‍ അളളാഹു എന്ത് മറുപടി പറയും.’ ജുബാഇ തുടര്‍ന്നു. ‘ നീ വലുതായാല്‍ തിډ ചെയ്ത് നരകാവകാശിയായിത്തീരുമെന്നത് കൊണ്ടാണ് നിന്നെ കുട്ടിക്കാലത്തെ മരിപ്പിച്ച് നിനക്കുത്തമമായത് ചെയ്തതെന്ന് അളളാഹു മറുപടി പറയും.’ ഉടനെ അശ്അരി (റ) യുടെ മറുചോദ്യം: ‘ അങ്ങനെയാണെങ്കില്‍ വലുതായാല്‍ തിന്മ ചെയ്ത് നരകാവകാശിയാകുമെന്നറിഞ്ഞിട്ടും തന്നെ കുട്ടിക്കാലത്തെ എന്തുകൊണ്ട് മരിപ്പിച്ചില്ല, എന്ന് നരകാവകാശി ചോദിച്ചാല്‍ ?’
ഈ ചോദ്യത്തിന് ജുബാഇക്ക് മറുപടി ഉണ്ടായിരുന്നില്ല. അവിടെ നിന്നായിരുന്നു അശ്അരി (റ) മുഅ്തസിലഃ വാദത്തിന്‍റെ ബുദ്ധി ശൂന്യത പുറത്തുകൊണ്ടുവരുന്നത്.
ഖുര്‍ആന്‍ സൂക്തങ്ങള്‍ സന്ദര്‍ഭോചിതമായിട്ടാ് അവതരിച്ചിട്ടുളളത്. എന്നാല്‍ അവയെ ഏത് സന്ദര്‍ഭത്തിലാണ് അവതരിച്ചതെന്നോ, മുന്‍ഗാമികളുടെ വിവരണമെന്താണെന്നോ മനസ്സിലാക്കാതെ സ്വയേഷ്ട പ്രകാരം അര്‍ത്ഥ വ്യാഖ്യാനം നടത്തിയും യുക്തിക്കും ബുദ്ധിക്കും വഴങ്ങില്ലെന്ന് കണ്ടാല്‍ തളളികളയുകയുമാണ് മുഅ്തസിലികള്‍ ചെയ്തത്. നബി (സ) യുടെ ശഫാഅത്ത്, ഖബര്‍ ശിക്ഷ തുടങ്ങിയവ ഇല്ലെന്നും വന്‍പാപം ചെയ്തവന്‍ കാഫിറാണെന്നും തുടങ്ങി യുക്തി വാദങ്ങളുടെ അതേ വാദ മുഖങ്ങളാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്. ഒടുവില്‍ മുഅ്തസിലഃ എന്ന യുക്ത്യാധിഷ്ടിത ആശയ ലോകത്തില്‍ നിന്ന് ഇല്ലായ്മ ചെയ്യുകയെന്ന അശ്അരി (റ) ന്‍റെ ദൗത്യം വിജയിക്കുകയും ചെയ്തു. മുഅ്തസിലഃ, ശീഈ അടങ്ങുന്ന ഇസ്ലാമിന്‍റെ പേരില്‍ ഉദയം ചെയ്ത ചിന്താ പ്രസ്ഥാങ്ങളെ അദ്ധേഹം പ്രിതിരോധിക്കാന്‍ തുനിഞ്ഞില്ലായിരുന്നുവെങ്കില്‍ ഇസ്ലാമിക വിശ്വാസത്തിന്‍റെ ആത്മാവ് തന്നെ നിര്‍ജ്ജീവമാകുമായിരുന്നു.
ഇസ് ലാമിന്‍റെ വിശ്വാസ തീരത്തെ കുടിയൊഴിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ ഇസ് ലാമിന്‍റെ സംരക്ഷണത്തിനും ദീനിനെ ശക്തിപ്പെടുത്താനും അളളാഹു ഒരു സമൂഹത്തെ കൊണ്ടു വരുമെന്ന് വിശുദ്ധ ഖുര്‍ആനിലൂടെ പറയുന്നു.
‘സത്യ വിശ്വാസികളെ, നിങ്ങളില്‍ വല്ലവനും തന്‍റെ മതത്തെ വിട്ട് മടങ്ങിപ്പോകുന്ന പക്ഷം അളളാഹുവിനെ അങ്ങോട്ടും അവനിങ്ങോട്ടും സ്നേഹിക്കുന്നവരും സത്യ വിശ്വാസികളോട് വിനയം കാണിക്കുന്നവരും സത്യനിഷേധികളോട് അളളാഹുവിന്‍റെ മാര്‍ഗത്തില്‍ പോരാടുന്നവരും യാതൊരാക്ഷേപകന്‍റെ ആക്ഷേപത്തെയും ഭയപ്പെടാത്തവരുമായ ഒരു ജനതയെ അളളാഹു കൊണ്ട് വരുന്നാതാണ്.'(അല്‍മാഇദ:54)
ഈ ആയത് സൂചിപ്പിക്കുന്നത് അബൂമൂസല്‍ അശ്അരി (റ) ന്‍റെ പിന്‍ഗാമികളെ ആണെന്ന് നബി (സ) പറയുന്നുണ്ട്. ശുഅ്ബ (റ) വില്‍ നിന്നുളള നിവേദനം: ‘ അളളാഹുവിനെ അങ്ങോട്ടും അവനിങ്ങോട്ടും സ്നേഹിക്കുന്ന ഒരു ജനതയെ കൊണ്ടുവരും എന്ന ആയത് ഇറങ്ങിയപ്പോള്‍ അബൂമൂസല്‍ അശ്അരി (റ) ന്‍റെ ചുമലില്‍ കൈവെച്ച് നബ (സ) പറഞ്ഞു: ‘അതിവരുടെ ജനതയാണ്.’ ഇബ്നു കസീര്‍ (2/98)
ഹിജ്റ 3ാം നൂറ്റാണ്ടിലെ സമുദ്ധാരകനായിട്ടാണ് പണ്ഡിത ലോകം ഇമാം അശ്അരി (റ) വിനെ പരിചയപ്പെടുത്തുന്നത്. അബൂബക്കര്‍ ബാഖിലാനി (റ) , ഇമാമുല്‍ ഹറമൈനി (ജുവൈനി) (റ), അബൂ ഹാമിദില്‍ ഗസ്സാലി (റ), ഇമാം റാസി (റ) തുടങ്ങിയ നിരവധി പണ്ഡിത ശ്രേഷ്ടര്‍ അശ്അരി (റ) ന്‍റെ പിന്‍ഗാമികളാണ്. എക്കാലത്തെയും ബിദഈ പ്രസ്ഥാനങ്ങളെ പ്രതിരോധിക്കാനും ഇസ് ലാമിന്‍റെ ആത്മാവിനെ ജീവസുറ്റതായി സമര്‍ത്ഥിക്കാനും അതിലൂടെ ഇസ്ലാമിന്‍റെ സല്‍പാന്ഥാവ് കാണിച്ചുകൊടുക്കാനും നിയോഗിതനായ അബുല്‍ ഹസ്സന്‍ അല്‍ അശ്അരി (റ) ഹിജ്റ 324 ല്‍ ബഗ്ദാദില്‍ വെച്ച് പരലോകം പൂകി.
അല്‍ അശ്അരിയ്യ
പണ്ഡിതവര്യന്‍ അബുല്‍ ഹസ്സന്‍ അല്‍ അശ്അരി (റ) യുമായി ബന്ധപ്പെട്ട് വിളിക്കപ്പെടുന്ന അംഗീകൃത വിശ്വാസ ചിന്താസരണിയാണ് അശ്അരിയ്യഃ. ഈ പാത പിന്തുടരുന്നവര്‍ ആശാഇറ എന്ന് വിളിക്കപ്പെടുന്നു.
ഇസ്ലാമിന്‍റെ അടിസ്ഥാന പ്രമാണ സിദ്ധാന്തങ്ങളെയും മത കല്‍പനകളെയും യുക്ത്യാധിഷ്ടിതമായി വ്യാഖ്യാനിച്ച് ജനങ്ങളെ വിശ്വാസത്തില്‍ നിന്നും അകറ്റിനിര്‍ത്താന്‍ ശ്രമിച്ച മുഅ്തസിലഃ പ്രസ്ഥാനം ജډമെടുത്തത് പ്രത്യേകിച്ചും അബ്ബാസി ഭരണാധികാരികളായ മന്‍സ്വൂര്‍ മഅ്മൂന്‍ ഖലീഫമാരില്‍ നിന്നും മുഅ്തസിലികള്‍ക്ക് കൈതോരാതെ സഹായം ലഭിച്ചിരുന്നു. തല്‍ഫലമായി അരിസ്റ്റോട്ടില്‍, പ്ലാറ്റോ തുടങ്ങിയവരുടെ ചിന്താഗതികളെ അവരുടെ ദാര്‍ശനിക തത്വങ്ങളായി സ്വീകരിക്കുകയും ചെയ്ത മുഅ്തസിലികള്‍ക്കെതിരെ അശ്അരിയ്യ പ്രസ്ഥാനം ശക്തിയുക്തം നിലകൊണ്ടു.
മുഅ്തസിലക്കാരില്‍ നിന്നും ഭിന്നമായി യുക്ത്യാധിഷ്ടിതമായിതന്നെ ഇസ്ലാമിന്‍റെ അന്തഃസത്തയെ സമര്‍ത്ഥിച്ച അശ്അരികള്‍ യുക്തി ചിന്തക്ക് കൂടുതല്‍ പ്രാധാന്യം പ്രാമുഖ്യവും നല്‍കുന്നതിന്‍റെ അപാകതകളെ വിമര്‍ശിച്ച് വിശ്വാസത്തിന്‍റെ കവാടം തുറന്നു കൊടുക്കുകയാണ് ചെയ്തത്.
അശ്അരിയ്യ : മുഅ്തസില
അളളാഹു മുഖവും കൈകാലുകളും കണ്ണും തുടങ്ങി മറ്റെല്ലാ അവയവങ്ങളുമുണ്ടെന്നും, അളളാഹു അവന്‍റെ സിംഹാസനത്തില്‍ ഉപവിഷ്ടനാണെന്നും തുടങ്ങി പ്രത്യക്ഷാര്‍ത്ഥം വരുന്ന പ്രമാണ വചനങ്ങളെ അങ്ങനെത്തന്നെ വിലയിരുത്തി, അളളാഹുവിനെ രൂപകല്‍പന ചെയ്യുകയായിരുന്നു മുഅ്തസിലികള്‍.
ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ അളളാഹുവിന് അനിവാര്യ ഗുണങ്ങള്‍ ഉണ്ട്. ജ്ഞാനം, ശ്രവണം, ദൃഷ്ടി, സംസാരം, ഇത്തരം അനിവാര്യകാര്യങ്ങള്‍ അളളാഹുവിന് ഉണ്ടെന്നാണ് അശഅരിയ്യഃ വിശ്വാസം. ഇപ്രകാരം അളളാഹു കേവലമൊരു സത്തയെല്ലെന്നും അവനില്‍ സവിശേഷ ഗുണങ്ങള്‍ ഉണ്ടെന്നും അവ അനാദിയും അനശ്വരവുമാണെന്നും മനസ്സിലാക്കാന്‍ സാധിക്കും. അളളാഹു സര്‍വജ്ഞനാണെന്നാണ് പറയുമ്പോള്‍ ജ്ഞാനം അവന്‍റെ സത്തയില്‍ ഉള്‍ച്ചേര്‍ന്നതാണ്. പക്ഷെ അളളാഹു എന്നാല്‍ കേവല ജ്ഞാനത്തിന് പകരം നില്‍ക്കുന്ന ഒരു നാമമല്ല. അഥവാ ആ വിശേഷണം അവനെന്നോ അവനല്ലെന്നോ പറയാനാകില്ല. (…………)
മുഅ്തസിലഃ വിഭാഗം മെനഞ്ഞ മറ്റൊരു വാദമായിരുന്നു ‘ഖുര്‍ആന്‍ അളളാഹുവിന്‍റെ സൃഷ്ടി’ എന്നത്. അബ്ബാസിയ്യ ഖിലാഫത്ത് അധികാരത്തിന്‍റെ ഉച്ചിയില്‍ എത്തിയ സമയമായിരുന്നു ഇത്. അബ്ബാസീ ഖലീഫമാരായ മഅ്മൂന്‍ (ഭ: ഹി. 198 218) മുഅ്തസിം (ഭ:218 228), വാസിഖ് (ഭ:228 232) തുടങ്ങിയവര്‍ മുഅ്തസിലികളുടെ വാദമുഖങ്ങള്‍ക്ക് കുടപിടിക്കുകയായിരുന്നു. നിരവധി പണ്ഡിതډാര്‍ ഖുര്‍ആന്‍ സൃഷ്ടിവാദം അംഗീകരിക്കാത്തതിന്‍റെ പേരില്‍ ക്രൂശിക്കപ്പെട്ടു. മഹാ പണ്ഡിതന്‍ അഹ്മദ്ബ്നു ഹമ്പല്‍ (റ) നെ അടിസ്ഥാന രഹിതമായ ഈ വാദം തളളികളഞ്ഞതിന്‍റെ പേരില്‍ ഖലീഫ മഅ്മൂന്‍ തേജോവധം ചെയ്തു. ഹമ്പല്‍ (റ) ചാട്ടയടിക്കുകയും കാലങ്ങളോളം തുറങ്കലിലടക്കുകയും ചെയ്തതായി ചരിത്രം രേഖപ്പെടുത്തുന്നു. വാസിഖിനെ കൊടും ക്രൂരനായിട്ടാണ് ചരിത്രം രേഖപ്പെടുത്തുന്നത്. പ്രമുഖ പണ്ഡിതന്‍ അഹ്മദ്ബ്നു നസ്വ്റിനെ ഗളഛേദം നടത്തി കുന്തത്തില്‍ നാട്ടിയതും പൊരുളാണ്. ഇത്തരത്തില്‍ മത വിഷയങ്ങളെ രാഷ്ട്രീയ പരമായി മുതലെടുപ്പ് നടത്തിയ മുഅ്തസിലികളുടെ വാദത്തെ നിരാകരിക്കുകയായിരുന്നു അശ്അരികള്‍ ചെയ്തത്.
ഖുര്‍ആന്‍ സൃഷ്ടി വാദം തീര്‍ത്തും ബുദ്ധിശൂന്യമാണ്. ഖുര്‍ആന്‍ സൃഷ്ടിയാണെങ്കില്‍ അത് ജീദാദാകണം (പുതിയതാവണം). ഖുര്‍ആനിക വചനം അനാദിയും അനശ്വരവുമാണ്. അളളാഹുവിന്‍റെ വചനങ്ങള്‍ അവന്‍റെ സത്തപോലെ തന്നെ അനാദിയും അവന്‍റെ സത്തക്ക് മറ്റൊന്നിന്‍റെ ആവശ്യവുമില്ല. അഥവാ അനാദിയായ ഖുര്‍ആന് (കലാമുന്നഫ്സി) ഒരിടത്തിന്‍റെ ആവശ്യമില്ല. അവ മുസ്ഹഫുകളില്‍ ഇറങ്ങിച്ചെല്ലുകയോ നാവുകളില്‍ ഇടം പിടിക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ഇവയെല്ലാം അളളാഹുവിന്‍റെ സത്തയില്‍ അന്തര്‍ലീനമായിരിക്കുന്നു.
വന്‍പാപി കാഫിറാണെന്നാണ് മറ്റൊരു വാദം. ‘ (മുഅ്മിനായവന്‍ പാപിയെപ്പോലെയാകുമോ)'(അസ്സജദ:18) എന്ന ഖുര്‍ആനിക സൂക്തം സാക്ഷ്യപ്പെടുത്തിക്കൊണ്ട് മുഅ്തസിലുകള്‍ ‘ വിശ്വാസിയായ പാപി കാഫിറാണെന്നും നരകമാണ് അവന്‍റെ ഭവനമെന്നും വാദിക്കുന്നു. അതിനുപുറമെ ‘ വ്യഭിചാരി മുഅ്മിനായ നിലക്ക് വ്യഭിചരിക്കുകയില്ല'(മുസ്ലിം) തുടങ്ങിയ നബി വചനങ്ങളെ യുക്ത്യാധിഷ്ടിതമായി സന്ദര്‍ഭോചിതം ഉപയോഗിക്കുന്നു.
അശ്അരി വിശ്വാസമനുസരിച്ച് വന്‍പാപി കാഫിറല്ലെ എന്ന പൊളളയായ മുഅ്തസിലീ വാദത്തിനുളള മറുപടി സുവ്യക്തമാണ്. ആയത്തില്‍ പറഞ്ഞ പാപി കൊണ്ടുളള വിവക്ഷ കാഫിറാണെന്നാണ്. മാത്രമല്ല എല്ലാ വന്‍പാപവും കുഫ്റിലേക്ക് നയിക്കില്ലെന്ന് മുഅ്തസിലുകള്‍ തന്നെ സമ്മതിക്കുന്നുണ്ട്. വന്‍പാപി മുഅ്മിനാണെന്നതിന് പ്രമാണങ്ങള്‍ സാക്ഷിയാണ്. നബി തിരുമേനി അബൂദര്‍റിനോട് (റ) അരുളിഃ
‘സത്യ സാക്ഷ്യം ചൊല്ലിയ ഏതൊരാളും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും’ എന്നാണ് ഈ വചനം കൊണ്ടുളള ഉദ്ധേശ്യം പാപിയായാലും അല്ലെങ്കിലും തൗബ ചെയ്താലും ഇല്ലെങ്കിലും നബി (സ) യുടെ കാലം മുതല്‍ അയാള്‍ക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കുകയും ദുആ ചെയ്യാറുമുണ്ട്. മുഅ്മിനല്ലാത്ത ഒരാള്‍ക്ക് ഇത്തരം പരിഗണന നല്‍കല്‍ അചിന്തനീയമല്ലേ.!. എങ്കില്‍ അയാള്‍ വിശ്വാസി തന്നെയാണ് വരുന്നു. ഇതോടെ മുഅ്തസിലഃ വാദം അശ്അരി ദൈവ ചിന്താ സരണിക്കു മുമ്പില്‍ മൂക്ക് കുത്തുന്നു.
അബൂ മന്‍സ്വൂറുല്‍ മാതുരീദി (റ)
ഹിജ്റ മൂന്നാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിലാണ് ഇമാം അബൂ മന്‍സ്വൂര്‍ അല്‍ മാതുരീദി (റ)യുടെ ജനനം. അദ്ധേഹത്തിന്‍റെ ജനന വര്‍ഷം കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അഹ്ലുസ്സുന്നയിലെ മാതുരീദിയ്യ ചിന്താ സരണിയുടെ ഉപജ്ഞാതാവായ അബൂ മന്‍സ്വൂറുല്‍ (റ) ന്‍റെ യഥാര്‍ത്ഥ നാമം മുഹമ്മദ്ബ്നു മുഹമ്മദ്ബ്നു മഹ്മൂദില്‍ സമര്‍ഖന്ദി അല്‍ മാതുരൂദി എന്നാണ്. അശ്അരി (റ) സമകാലികനായ അബൂ മന്‍സ്വൂര്‍ (റ) പ്രസിദ്ധ ഹനഫി പണ്ഡിതനായ നസ്വ്റ് ബ്നു യഹ് യല്‍ ഖല്‍ബി (റ) ന്‍റെ ശിഷ്യനായിരുന്നു. നസ്വ് ര്‍ (റ) വില്‍ നിന്ന് അദ്ധേഹം ഫിഖ്ഹും ഇല്‍മുല്‍ കലാമും പഠിച്ചു.
ഇസ് ലാമിക വിശ്വാസത്തില്‍ കടത്തിക്കൂട്ടലുകള്‍ കൊണ്ടും യവന ചിന്താഗതികള്‍ കൊണ്ടും ദാര്‍ശനിക വിശകലനവും നടത്തിയ മുഅ്തസിലുകള്‍ക്കെതിരെ തന്നെയാണ് അബൂ മന്‍സ്വൂര്‍ (റ) രംഗത്ത് വന്നത്. മത ദര്‍ശനങ്ങളെയും വിശ്വാസങ്ങളെയും അതിന്‍റെ അടിസ്ഥാന ശിലയില്‍ തന്നെ വാര്‍ത്തെടുക്കുകയായിരുന്നു അശ്അരി (റ)യോടൊപ്പം മാതൂരീദി (റ)യും. അശ്അരീ മാതുരീദി ചിന്താസരണി ചരിത്രത്തിലിടം പിടിച്ചത് അശാഇറ എന്ന പേരിലാണ്. ഇതിനു കാരണം ബസ്വറയും ഇറാഖിലെ മറ്റു നഗരങ്ങളുമടങ്ങുന്നതായിരുന്നു.
മുഅ്തസിലികളുടെ വിഹാര കേന്ദ്രം. അവരുടെ വാദത്തെ സസൂക്ഷ്മം നിരീക്ഷിക്കാനും തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനും ബസ്വറയിലായിരുന്ന ഇമാം അശ്അരി (റ)ക്ക് സാധിച്ചു. ജുബാഇയുടെ തണലില്‍ വളര്‍ന്നയാളുമായതുകൊണ്ട് ഇമാമിന് മുഅ്തസിലുകളുടെ ഉന്നംവെച്ച പ്രയോഗങ്ങളെല്ലാം നല്ല വശമായിരുന്നു. എന്നാല്‍ അബൂ മന്‍സ്വൂര്‍ (റ) ന്‍റെ തട്ടകത്തില്‍ അവരുടെ വിളയാട്ടം രൂക്ഷമായിരുന്നില്ല. അവരുടെ കുതന്ത്രങ്ങളും മറ്റും അബൂ മന്‍സ്വൂര്‍ (റ) അനുഭവിച്ചറിഞ്ഞിട്ടുമില്ല. ഇക്കാരണത്താല്‍ ഇമാം അബൂ മന്‍സൂര്‍ (റ) അശാഇറ തന്നെയാണ്. പ്രാദേശിക സാഹചര്യങ്ങള്‍ക്കൊണ്ടും ചില പ്രയോഗങ്ങള്‍ക്കൊണ്ടും മാത്രമാണ് അശ്അരി മാതുരീദി സരണികള്‍ തമ്മില്‍ വേര്‍തിരിവ് ഉണ്ടായത്.
തഅ്വീലുല്‍ ഖുര്‍ആന്‍, മഅ്ഖദുശ്ശാഇഅ്, അല്‍ജദല്‍, അല്‍ ഉസൂല്‍, അല്‍ മഖാലാത്ത്, റദ്ദു അവാഇല്‍ അദില്ലാത്തി ലില്‍ ഖല്‍ബി , റദ്ദു ഉസൂലില്‍ ഖംസ തുടങ്ങിയവ ഇമാം അബൂ മന്‍സൂര്‍ (റ)ന്‍റെ പ്രസിദ്ധ ഗ്രന്ഥങ്ങളാണ്. ഗ്രന്ഥ രചനാര്‍ത്ഥം അദ്ധേഹം 22 തവണ ബസ്വറ സന്ദര്‍ശിച്ചെന്നാണ് ചരിത്രം. ഇമാമുല്‍ ഹുദ എന്ന പേരില്‍ പ്രസിദ്ധനായ അബൂ മന്‍സൂര്‍ (റ) ഹി. 333 ല്‍ വഫാത്തായി.
അശ്അരി മാതുരീദി അടിസ്ഥാനാന്തരങ്ങളില്‍ ചിലത്
* അശ്അരി മാതുരീദി വിഭാഗത്തിന്‍റെ ചില മാറ്റങ്ങളില്‍ പെട്ടതാണ് അളളാഹുവില്‍ നിന്ന് യുക്തി പരവും ഉപകാരപ്രദവുമായത് മാത്രമെ ഉണ്ടാകൂ എന്നത്. അശ്അരീ വിശ്വാസ പ്രകാരം യുക്തിയും ഉപകാരവും (ഹിക്മത്, മസ്വ്ലഹത്ത്) ഉളളത് മാത്രമെ അളളാഹു ചെയ്യൂ എന്ന വാദം അംഗീകരിക്കുന്നില്ല. കാരണം അശ്അരികളുടെ അടുക്കല്‍ അളളാഹുവില്‍ നിന്നുണ്ടാവുന്നതൊന്നും വിരോധാഭാസമാവില്ല (…………….) അവന്‍ ചെയ്യുന്നത് മുഴുവന്‍ നല്ലതാണ്. നമുക്ക് ചീത്തയായി തോന്നുന്നതും അളളാഹുവിനെ അപേക്ഷിച്ച് നന്നായിരിക്കും.
എന്നാല്‍ മാതുരീദി വിശ്വാസ പ്രകാരം യുക്തി പരവും ഉപകാരപ്രദവുമായതേ അളളാഹുവില്‍ നിന്നുണ്ടാകൂ. പക്ഷെ മുഅ്തസിലുകള്‍ പറയുന്നത് പോലെ ‘ അത് അളളാഹുവിന് നിര്‍ബന്ധമാണ് എന്ന് അതിലര്‍ത്ഥമില്ല. ഉദാ: പ്രവാചകډാരുടെ നിയോഗം നډക്ക് വേണ്ടി മാത്രമാണല്ലോ !!.
* അളളാഹുവിന്‍റെ അനാദിയായ വചനം കേള്‍ക്കാല്‍ സംഭവ്യമാണോ എന്നത് മറ്റൊരു തര്‍ക്ക വിഷയം. അളളാഹുവിന്‍റെ വചനത്തിന് അക്ഷരമോ ശബ്ദമോ ഇല്ലാതെത്തന്നെ നമുക്കത് കേള്‍ക്കല്‍ സംഭവ്യമാണെന്ന് അശ്അരി (റ) പറയുന്നു. പക്ഷെ യഥാര്‍ത്ഥ വചനത്തിന് കലാമുന്നഫ്സില്‍ അക്ഷരങ്ങളും ശബ്ദങ്ങളും ഉണ്ടെന്ന് അദ്ധേഹത്തിന് വാദമില്ല. മൂസാ നബിയ തൂരിസീനയില്‍ കേട്ടതും നാളെ പരലോകത്ത് നാം കേള്‍ക്കുന്നതും അക്ഷരങ്ങളും ശബ്ദങ്ങളും ഇല്ലാതെത്തന്നെയാണ്. സ്ഥൂലതയില്ലാതെ അളളാഹുവിനെ പരലോകത്ത് നാം കാണുന്നത് പോലെ അമൂര്‍ത്തമായ സത്തക്ക് സമാനമായ അക്ഷരങ്ങളോ ശബ്ദങ്ങളോ ഇല്ലാത്ത വചനം കേള്‍ക്കലും സംഭവ്യമാണെന്ന് അശ്അരികള്‍ പറയുന്നു.
എന്നാല്‍ മാതുരീദി (റ) യുടെ അഭിപ്രായ പ്രകാരം അക്ഷരമോ ശബ്ദമോ ഇല്ലാത്ത ദിവ്യ വചനം നമുക്ക് കേള്‍ക്കാന്‍ സാധ്യമല്ല എന്നാണ്.
ഇസ്ലാമിക ലോകത്ത് ചിന്താ കുഴപ്പങ്ങള്‍ക്ക് വിത്ത് പാകുകയും സമൂഹത്തെ വിശ്വാസ പരമായ വ്യതിയാനങ്ങള്‍ക്ക് ഇരയാകുകയും ചെയ്ത മുഅ്തസിലി ചിന്താഗതികള്‍ക്ക് കടിഞ്ഞാണിടാന്‍ സാധിച്ചു. തുടര്‍ന്നുളള നൂറ്റാണ്ടില്‍ ഇമാം ബഖില്ലാനി (റ) യും ഇമാം ഇസ്ഫറാഈനി (റ)യും നേതൃത്വം നല്‍കിയപ്പോള്‍ ശൈഖുല്‍ ഇസ്ലാം ഇമാം ഹറമൈനി (ജുവൈനി) (റ) ആണ് തുടന്നു വന്ന നൂറ്റാണ്ടില്‍ അഹ്ലുസ്സുന്നത്തി വല്‍ ജമാഅക്ക് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് ഇമാം അബൂ ഹാമിദില്‍ ഗസ്സാലി (റ) യിലൂടെ പൂര്‍വ്വ പശ്ചിമ ദിക്കുകളില്‍ അശാഇറയുടെ വേരോട്ടം സുഗമമാക്കി.
യമനില്‍ നിന്നും വന്ന മഖ്ദൂമീങ്ങളിലൂടെ കേരള മുസ്ലിമിന് വിശ്വാസ പരമായ നേതൃത്വം നല്‍കിയ അശാഇറ മറ്റെവിടെയും സ്വാധീനിച്ചതിനേക്കാള്‍ കേരള മണ്ണില്‍ വേരുറപ്പിച്ചപ്പോള്‍ യമനി പാരമ്പര്യവും നബി തിരുമേനിയുടെ അതേ ഇസ്ലാമും മുറുകെപ്പിടിക്കാന്‍ കേരള മുസ്ലിമിന് സാധിച്ചത് ദൈവീക അനുഗ്രഹമാണ്. ഇസ്ലാമിക ലോകത്ത് പുതു പുത്തന്‍ ചിന്താ രീതികളുമായി വന്ന ഇബ്നു ത്വീമിയ്യ മുതല്‍ ജാരസന്തതിയായ വഹാബിസത്തിന്‍റെ പിതാവ് അബ്ദുല്‍ വഹാബും, ചേകന്നൂരും വരാനിരിക്കുന്ന ജാമിദമാരുമുള്‍പ്പടെയുളള ഇസ്ലാമിക നവീന പരിഷ്കരണ വാദഗതികള്‍ക്ക് വായയടപ്പന്‍ മറുപടിയായി അഹ്ലുസ്സുന്നതി വല്‍ജമാഅയുടെ അശ്അരി മാതുരീതി ദൈവീക ചിന്താ സത്യധാര ഇന്നും നില്‍ക്കുന്നു.