അഖിലാണ്ഡനാഥന്റെ എക്കാലത്തേക്കുമുള്ള തിരുദൂതനായി അവതരിച്ചതാണ് പ്രവാചകന് മുഹമ്മദ് (സ). ആദ്യ പിതാവ് ആദ(അ) മിനും മുമ്പ് മുഹമ്മദ് നബിയുടെ ആത്മാവ് ദിവ്യപ്രകാശമായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഒടുവുനാളില്‍ കത്തിയെരിയുന്ന സൂര്യനു കീഴെ നിലതേടി അലയുന്ന മാനവകുലത്തിനൊന്നടങ്കം പരിശുദ്ധനാഥനോട് ശിപാര്‍ശ തേടുന്നതും പ്രവാചകപ്രഭുവാണെന്നത് ഇതരസൃഷ്ടികളില്‍ അവിടുത്തേക്കുള്ള അപ്രമാദിത്വം വ്യക്തമാക്കുന്നുണ്ട്. അന്ത്യനാള്‍ വരേക്കുമുള്ള പ്രവാചകനാകുമ്പോള്‍ നവസാഹചര്യത്തിലെ ഓരോ ചലനങ്ങള്‍ക്കും അവിടുത്തെ ജീവിതവും അതിലൂടെ ലോകത്തിന് ലഭിച്ച ആശയാദര്‍ശങ്ങളും ഒരു തലത്തിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ പരിഹാര നിര്ദേശങ്ങളാവണമല്ലോ. ‘ ലോക ജനതക്കനുഗ്രഹമായിട്ടല്ലാതെ നിങ്ങളെ നാം നിയോഗിച്ചിട്ടില്ല ‘(വി:ഖു:21:107). ഊശരമായ മക്കാമരുഭൂവില്‍ അത്ഭുതങ്ങള്‍ക്കു നടുവില്‍ പിറന്നത് മുതല്‍ അറ്റം കാണാത്ത കാലത്തേക്കുള്ള അനുഗ്രഹനായകനെന്ന് ചുരുക്കം.
ആദം നബിയും ഹവ്വയും അറഫയുടെ ഗിരിപ്രദേശത്ത് വെച്ച് ഒന്നിച്ചത് മുതല്‍ മനുഷ്യോല്പത്തിയുടെ ആദ്യ തെളിവ് ആരംഭിച്ചു. തുടര്‍ന്ന് നബിയുടെ മക്കളും അവരുടെ സന്താനങ്ങളുമൊക്കെയായി മനുഷ്യകുലം ചലനമാരംഭിച്ചപ്പോള് അവര്‍ക്കുള്ള ഉദ്ബോധനത്തിന്റെ ചുമതല ആദ്യപിതാവായ ആദം നബി (അ)യില്‍ തന്നെ നിക്ഷിപ്തമായി.രക്തം ചിന്തുകയും ഭൂമിയില്‍ അക്രമം സൃഷ്ടിക്കുകയും ചെയ്യുമെന്ന് പരിശുദ്ധ മാലാഖമാര്‍ ആശങ്കപ്പെട്ട മനുഷ്യര്‍ക്കുള്ള ആത്മസംയമനത്തിന്റെയും ധാര്മികാവബോധത്തിന്റെയും ധാരകള്‍ കൈമാറാനുള്ള ദൈവദൂതډാരുടെ തുടക്കമായിരുന്നു അത്.
ആദ(അ)മിന്നു ശേഷം വ്യത്യസ്ത ജനവിഭാഗങ്ങളിലേക്ക് പ്രവാചകത്വത്തിന്റെ സന്ദേശം വഹിച്ച് കൊണ്ട് അനേകം നബിമാര്‍ കടന്ന് വരികയുണ്ടായി.അവരുടെയൊക്കെ കര്‍മ്മങ്ങള്‍ ചില പ്രത്യേകം സമുദായങ്ങളില്‍ മാത്രം ഒതുങ്ങിയപ്പോള്‍ മുഹമ്മദ് നബി(സ) ലോകര്‍ക്കാകമാനം നډയായിട്ടവതരിച്ചു.’നിങ്ങള്‍ക്ക് അല്ലാഹുവിന്റെ പ്രവാചകനില്‍ മികച്ച മാതൃകയുണ്ട്'(ഖുര്‍ആന്‍ 33:21).ഖുര്‍ആന്‍ അന്ത്യനാള്‍ വരേക്കുമുള്ള മനുഷ്യരുടെ നിര്ദേശവചനങ്ങളായ പോലെ പ്രവാചക സമീപനങ്ങളും ആശയങ്ങളും മാനവകുലത്തിന് ഉത്തമമായ മാതൃകയും ആയിത്തീര്‍ന്നിട്ടുണ്ട്.
ലോകം ഒരു വൃക്ഷമാണെങ്കില്‍ അതിന്റെ കനി മനുഷ്യനുമായാല്‍ വിത്ത് തിരുനബി (സ)യുടെ ആത്മാവാണെന്ന് ചില ഗ്രന്ഥങ്ങളില്‍ കാണുന്നത് ഇവിടെ ചേര്‍ത്ത് വായിക്കേണ്ടതാണ്.പരിശുദ്ധമായ ആ ആത്മാവില്‍ നിന്നാണ് സകല നډകളും തളിര്‍ക്കുന്നത്.ഇന്നുള്ള എല്ലാ ചലനനിശ്ചലനങ്ങളിലും തിരുചര്യയുടെ ഒളിമങ്ങാത്ത പ്രതിഫലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും.കണ്ണും കാതും തുറന്ന് പിടിച്ച് അവിടുത്തെ ജീവിതത്തിലൂടെ മന്ദം കടന്ന് പോകാന്‍ തയ്യാറാവണമെന്ന് മാത്രം.
മുഹമ്മദ് (സ) എന്ന സാമൂഹ്യ പരിഷ്കര്‍ത്താവ്
ഏതോപ്യന്‍ അടിമയും കറുത്തവനുമായ ബിലാലു(റ)മായുണ്ടായ അഭിപ്രായവ്യത്യാസം തമ്മില്‍ ശണ്ഠയായി മാറിയപ്പോള്‍ ഗിഫാരി (റ)പ്രവാചകന്റെ (സ) സന്നിധിയില്‍ പരാതി ബോധിപ്പിച്ചു.അവടുന്ന് ഗിഫാരി(റ)യെ വിളിച്ച് ശക്തമായി താക്കീത് ചെയ്തു:താനിപ്പഴും ജാഹിലിയ്യത്തിന്റെ കെട്ടില്‍ തന്നെയാണോ……?പ്രവാചകന്റെ മുഖം ചുവന്നപ്പോള്‍ ഗിഫാരി(റ)ക്ക് തന്റെ തെറ്റിന്റെ ഗൗരവം ബോധ്യമായി.ബിലാലിന്റെ(റ) അടുക്കല്‍ വന്ന് മാപ്പിനപേക്ഷിച്ചു.
ഇത് കേവലം അറേബ്യയുടെ ചരിത്രശകലം മാത്രമാകുന്നില്ല.ഇസ്ലാമില്‍ കറുത്തവന് വെളുത്തവനെക്കാളോ കഴിവുള്ളവന് ഇല്ലാത്തവനെക്കാളോ ലവലേശം സ്രേഷ്ടതയില്ലെന്ന പ്രവാചകതിരുമേനി(സ)യുടെ പ്രഖ്യപനവുമാണ്.വര്‍ണ്ണവിവേചനവും തൊട്ടുതീണ്ടിക്കൂടായ്മയുമൊക്കെ ഇനിയും മരിച്ചിട്ടില്ലാത്ത ലോകത്ത് ഒന്നര നൂറ്റാണ്ടുകള്‍ക്ക് മുന്നെ മുഹമ്മദ്(സ) എന്ന സാമൂഹ്യപരിഷ്കര്‍ത്താവ് വ്യത്യസ്തനാവുകയാണ്.
ജോലിയിടം മുതല്‍ പണവും വ്യക്തിപ്രഭാവവും സമ്മിശ്ര വികാരങ്ങളൊരുക്കുന്ന കളിക്കളങ്ങളില്‍ വരെ വര്‍ണ്ണ വൈചാത്യത്തിന്റെ പേരില്‍ അനാരോഗ്യപരമായ ഉരസലുകളുണ്ടാവാറുണ്ട്.കറുപ്പ് എന്നത് നിന്ദ്യതയുടെ പ്രതീകമായത് അടുത്തകാലത്തൊന്നുമല്ല.ഇരുണ്ടയുഗത്തിന്റെ അപഹാസ്യവികാരങ്ങളെ പ്രവാചകന് പുഞ്ചിരിച്ച് തട്ടിയകറ്റേണ്ടി വന്നതും അത്കൊണ്ടാണ്.ഉടമഅടിമയെന്നത് അല്ലെങ്കില്‍ ഉള്ളവന് ഇല്ലാത്തവന് എന്നത് ആജ്ഞയുടെയും ആജ്ഞാനുവര്ത്തിയുടെയും ജډത്തിന് കാരണമായിട്ടുണ്ട്.ചൂഷണമെന്ന പദപ്രയോഗത്തിന് ശരിയായ അര്‍ത്ഥവ്യാപ്തി നല്കുന്നതില് ഈകീഴാളമേലാള വേര്‍തിരിവ് വല്ലാണ്ട് സംഭാവന ചെയ്തിട്ടുമുണ്ട്.
ഖൈബര്‍ യുദ്ധവേളയില്‍ തങ്ങളുടെ കോട്ടകളെയൊന്നടങ്കം പിടിച്ചടക്കിയ മുസ്ലിങ്ങള്‍ക്കു കീഴില്‍ യാതൊന്നും ചെയ്യാനാവാതെ നില്ക്കുന്ന ജൂതډാരോട് പ്രവാചകന്(സ) പറഞ്ഞു;പാതിവിളകള് നല്‍കണമെന്ന വ്യവസ്ഥയോടെ നിങ്ങള്‍ക്കീ മണ്ണില്‍തന്നെ സ്വതന്ത്ര്യരായി ജീവിക്കാമെന്ന്.ഇത്രെയൊക്കെ ചെയ്തിട്ടും പ്രതികാരലാഞ്ചനയേതുമില്ലാതെ നിരുപാധികം മാപ്പ് തന്ന പ്രവാചകരെ നോക്കി തലമുതിര്‍ന്ന ജൂതശിരോമണികള് വരെ അത്യധികം വിസ്മയിച്ചു നിന്നു.കീഴടക്കിയ എതിരാളിയെ എന്തും ചെയ്യാമെന്ന ലോകനിയമത്തിന്റെ സാധുതകളെ ഇല്ലാതാക്കുന്നതാണ് ഈ പ്രവാചകാധ്യാപനം.ഒരു സാമ്രാജ്യത്തിന്റെ അധിപനാവുക എന്നത് ഹൃദയം പറയുന്നതിനെ പ്രവര്‍ത്തിക്കാനുള്ള അധികാരം നല്‍കുന്നുണ്ട് എന്നാണല്ലോ.
ഹിറ്റ്ലറുടെ ഗ്യാസ്ചേമ്പറും തിരൂരിലെ വാഗണ്‍ ട്രാജഡിയും അവസാനം റോഹിങ്ക്യയിലെ പച്ചമാംസം വേവുന്ന ഗന്ധവുമെല്ലാം ആ അധികാരം നല്കുന്ന സ്വാതന്ത്യത്തിന്റെ പുറത്താണ്.’നിങ്ങള്‍ പോകുക ഇന്ന് നിങ്ങള്‍ പൂര്‍ണ്ണ സ്വതന്ത്ര്യരാണ് ‘ രണ്ട് പതിറ്റാണ്ടിലേറെ കൈമെയ് മറന്ന് തങ്ങളെ ദ്രോഹിക്കുന്നതില്‍ മത്സരിച്ച മക്കാമുശ്രിക്കുകളെ ഭയം സ്ഫുരിക്കുന്ന കണ്ണുകളോടെ മക്കാവിജയദിനം മുസ് ലിങ്ങളുടെ കാല്ക്കീഴലെത്തിയിട്ടും പ്രവാചകന് പറഞ്ഞു;നിങ്ങള്‍ പൂര്‍ണ്ണ സ്വതന്ത്യരാണ്.ആര്‍ദ്രതയുടെയോ കരുണയുടെയോ സാമാന്യവികാരവും പ്രകടിപ്പിക്കാതെ സര്‍വ്വതിലും ഫാഷിസം നിറക്കുന്ന നവീനാശയങ്ങളുടെ ഒഴുക്കില്‍ നബിതിരുമേനി(സ)യുടെ എല്ലാം മറന്ന് പൊറുക്കാനുള്ള മനസിന് നഷ്ടമൊന്നും സംഭവിക്കുന്നില്ല.
‘സ്നേഹിക്കയുണ്ണീ നീ നിന്റെ ദ്രോഹിക്കുന്ന ജനത്തെയും’ എന്നും
‘സ്നേഹമാണഖിലസാരമൂഴിയിലെ ‘ ന്നും കവികള്‍ പാടിയത് ശത്രുസ്നേഹത്തിന്റെ മുഴുശാസ്ത്രവും വരച്ച് കാട്ടുന്നു.സ്നേഹിക്കപ്പെടല്‍ മറ്റൊരാള്‍ക്കുള്ള കീഴ്പ്പെടലാണെന്നുള്ള സാമൂഹികതത്വവും ഇവിടെ സംയോജിപ്പിച്ച് വായിക്കേണ്ടതാണ്.
മുഖം നോക്കാതെ സ്നേഹിക്കാനും പരസ്പരം മനുഷ്യത്വപരമായ സമീപനം പുലര്‍ത്താനും നബി(സ)യുടെ തിരുചര്യകള്‍ ഉദ്ഘോഷിക്കുന്നുണ്ട്. ശാസ്ത്രീയവും അതിലേറെ ധാര്‍മ്മികവുമായ നടപടിക്രമങ്ങളിലൂടെ വിജയത്തിലെത്താനുള്ള വഴി പ്രവാചകന്റെ പരിശുദ്ധ ജീവിതം തന്നെയാണ് നല്‍കുന്നത്.’ഞങ്ങള്‍ നിന്നെ അവിശ്വസിക്കുന്നില്ല,നീ കൊണ്ട് വന്നതിനെയാണ് അവിശ്വസിക്കുന്നത്’ എന്ന് അധര്‍മ്മിയും പരുഷപ്രകൃതിയുമായ അബൂജഹല്‍ ഒരിക്കല്‍ പ്രവാചകനോട് പറയുന്നുണ്ട്.”ഈ മലയുടെ പിറകിലൂടെ ശത്രുക്കള്‍ വരുന്നുണ്ടെന്ന് നീ പറഞ്ഞാല്‍ ഞങ്ങള്‍ വിശ്വസിക്കും, കാരണം നീ അല്അമീനാണല്ലോ……”ചരിത്രം പറയുന്നത് അവിടുത്തെ ജീവിതത്തിന്റെ ഒളിമങ്ങാത്ത സുന്ദരനിമിഷങ്ങളെക്കുറിച്ചാണ്.
ശത്രുക്കള്‍ക്ക് പോലും സുസമ്മതനാവുക എന്ന കഠിന യത്നം തന്റെ
കര്‍മ്മപഥങ്ങളിലൂടെ പുലര്‍ത്താന്‍ നബിതിരുമേനി(സ)ക്കായിട്ടുണ്ട്.റോമന്‍ ചക്രവര്‍ത്തിയായിരുന്ന ഹിരാക്ലിയസ് നബി(സ)യെക്കുറിച്ചന്വേഷിക്കുമ്പോള് ഇസ്ലാം സംസ്കൃതിയെ മുസ്ലിം സമീപനങ്ങളെ നഖശിഖാന്തം എതിര്ക്കുന്നയാളായിട്ടും അബൂസുഫ്യാന് (പിന്നീട് മുസ്ലിമായിട്ടുണ്ട്) നബി(സ)യെക്കുറിച്ച് ഹിരാക്ലിയസിനോട് മോശമായ എന്തെങ്കിലും പറയാന്‍ ഭാവിച്ചിട്ടില്ല.അബൂസുഫ്യാന്റെ മനസിന്റെ ആദര്‍ശം അദ്ധേഹത്തെ അതിനനുവദിച്ചില്ല എന്ന് വേണം കരുതാന്‍.
വ്യക്തിയുടെ ഒരു ദിവസത്തെ എല്ലാം,എണീക്കുന്നിടം തൊട്ട് വീണ്ടും കിടപ്പറ പുല്കും വരെയുള്ള എല്ലാ ചലനനിശ്ചലനങ്ങളെയും നബി(സ) നൈതികമായ രീതിയില്‍ വിവക്ഷിച്ചിട്ടുണ്ട്.’ രണ്ടാളുടെ ഭക്ഷണത്തിന് മൂന്നാമതൊരാളെ കൂട്ടുക,നാലാളുടെ ഭക്ഷണത്തിന് അഞ്ചാമതൊരാളെയും’ (ബുഖാരി,മുസ്ലിം). വിശ്വാസിയുടെ സമൃദ്ധിയും അയല്ക്കാരന്റെ പഷ്ണിയും ഇസ്ലാമികമല്ലെന്ന വചനത്തിലൂടെ പ്രവാചകന് (സ) സമുന്നതമായ സാമൂഹ്യ വിവര്‍ത്തനമാണ് നല്‍കിയത്. തന്റെ സഹോദരന് ഒരു പ്രയാസം നേരിടേണ്ടി വന്നാല്‍ അവിശ്വാസിയെങ്കില്‍ പോലും അവനെ സഹായിക്കുക എന്നത് ഇസ്ലാമിന്റെ ആദര്‍ശമായി മാറിയതിവിടെയാണ്.
സമൂഹം ഒരു ശരീരം പോലെയാണ്, ഒരവസരത്തില്‍ വല്ലതും പിണഞ്ഞാല്‍ ശരീസമാസകലം പനിപിടിച്ചും ഉറങ്ങാതെയും ആ വേദനയില്‍ പങ്ക്ചേരും (ബുഖാരി,മുസ്ലിം). എല്ലാം ത്യജിച്ച് ജډനാട് വിട്ട് മദീനയിലേക്ക് ചേക്കേറിയവരെ സ്വന്തം സഹോദരനായി ഗണിച്ച് മദീനയിലെ ഓരോ സ്വഹാബിയും സഹായഹസ്തവുമായി അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു. കര്‍മ്മമാണ് ധര്‍മ്മമെന്ന സാര്‍വത്രിക സത്യം വീണ്ടും വീണ്ടും പ്രഖ്യാപിച്ച് സമൂഹത്തില്‍ ഒരിടം കണ്ടെത്തുകയായിരുന്നു പ്രവാചകന് (സ്വ), അവരിലൂടെ പരിശുദ്ധ ഇസ്ലാമും.
പ്രവാചകപ്രഭുവിലെ നേതാവ്
സത്യാസത്യ വിവേചനത്തിന് പുതിയ മാനവുമായി പ്രവാചകന് അവതരിച്ചപ്പോള്‍ നിര്മലഹൃദയരായിരുന്ന മദീനാനിവാസികള്‍ വളരെ ആവേശത്തോടെ വന്ന് പ്രവാചകരെ അംഗീകരിച്ചു.പിന്നീട് അക്രമം സഹിക്കവയ്യാതെ മക്കയില്‍ നിന്ന് പലായനം ചെയ്ത വിശ്വാസികളെ അവര്‍ അത്യധികം സന്തോഷത്തോടെ തങ്ങളുടെ നാട്ടിലേക്ക് ക്ഷണിച്ചു.അംഗബലം കുറവാണെങ്കില്‍ പോലും നബി(സ)യുടെ ഹൃദ്യാഹാരിയായ വ്യക്തിപ്രഭാവത്തെ അവര്‍ മദീനയിലെ തങ്ങളുടെ നേതൃസ്ഥാനം പോലുമാക്കി.പരിപാവനമായ ഇസ്ലാമിനും നാഥനായ അല്ലാഹുവിനും വേണ്ടി അഖിലം തയ്യാറായി നില്ക്കുന്ന മദീനക്കാരില്‍ പ്രവാചകന് (സ) ആദ്യമായി ചെയ്തത് വ്യവസ്ഥാപിതമായ സാമൂഹിക ക്രമം ചിട്ടപ്പെടുത്താന്‍ പോരുന്ന ഒരു സൗഹൃദ ഉടമ്പടി തയ്യാറാക്കുകയായിരുന്നു.
നാല്പത്തിയേഴ് ഖണ്ഡികകളുള്ള ഒരു ബൃഹത്തായ രേഖയായിരുന്നു അത്.അതനുസരിച്ച :
മുസിലിങ്ങളും മദീനയിലുള്ള ക്രിസ്ത്യാനികള്‍ യഹൂദര്‍ തുടങ്ങിയ ഇതരമതസ്ഥരും ഒരൊറ്റ ജനതയായി അരുരജ്ഞനത്തോടെ കഴിയും.
ഓരോ വിഭാഗവും തങ്ങളുടെ വിശ്വാസാദര്‍ശങ്ങള്‍ പരിരക്ഷിക്കുകയും മറ്റുള്ളവരേതില് ഇടപെടാതിരിക്കുകയും ചെയ്യും.
ശത്രുവന്റെ അക്രമണത്തിനെതിരെ എതു വിഭാഗത്തെയും മറ്റു വിഭാഗങ്ങള്‍ കൂട്ടായി സഹായിക്കും.
യുദ്ധസന്ദര്‍ഭങ്ങളിലും സമാധാനകാലങ്ങളിലും പരസ്പരം കൂടിയാലോചിക്കും.
മദീനയുടെ സംരക്ഷണം എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്വമായി കണക്കാക്കും.
മദീനയുടെ മണ്ണില്‍ ആരും രക്തമൊഴുക്കില്ല.
അനീതിയും അക്രമവും ആര് നടത്തിയാലും മുസ്ലിങ്ങള്‍ അതിനെ എതിര്‍ക്കും, പ്രതിയോഗികള്‍ സത്യവിശ്വാസികള്‍ ആയാല്പോലും.
വല്ല തര്‍ക്കവുമുണ്ടായാല്‍ അത് പ്രവാചകന്റെ (സ) തീരുമാനത്തിനായി സമര്‍പ്പിക്കും.
തുടക്കത്തില്‍ മദീനയിലെ വിവിധ മതവിഭാഗങ്ങളും ഇരു കൈ നീട്ടി സ്വീകരിച്ച ഈ ഉടമ്പടിക്രമങ്ങള് പിന്നീട് ഇസ്ലാമിന്റെ ശ്രേഷ്ഠമായ നിയമരീതികളായി മാറുകയായിരുന്നു. ‘ഇതുപോലെ സഹിഷ്ണുതയും സൗമനസ്സ്യവും വര്‍ണ്ണം കൊടുത്ത ഒരു ഭരണഘടനാ ശില്പം ലോക ചരിത്രത്തിന്റെ ഒരു അപൂര്‍വ്വതയാണ്’ എന്ന് ചരിത്രകാരനായ വില്യം മൂര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമെന്ന പരിപാവനമായ ലക്ഷ്യത്തില്‍ രാഷ്ട്രീയ താല്പര്യങ്ങള്ക്ക് പ്രവാചകന് (സ) പരിഗണന കല്പിച്ചിട്ടില്ല. ഇരുള്‍മുറ്റിയ മനസ്സുകള്‍ മാത്രമുളള ഇടങ്ങളിലേക്കാണ് നബി (സ) ക്ക് കടന്നുചെല്ലേണ്ടിയിരുന്നത്.
മുന്‍ഗാമികളുടെ പാതയെ അപ്പാടെ തളളിപ്പറഞ്ഞുകൊണ്ട് ഒരു നവീനാശയം തങ്ങള്‍ക്കുമുമ്പില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ അവരിലുയിരെടുക്കുന്ന എതിര്‍വാദങ്ങളെയും ആശങ്കകളെയും നിര്ദോശകരമായ സമീപനങ്ങളിലൂടെ മാറ്റിയെടുക്കാന്‍ നബി (സ) ക്ക് സാധിച്ചു. തുടര്‍ന്ന് എല്ലാ വിധത്തിലും ഭദ്രമായ ഒരു രാഷ്ട്ര നിര്‍മാണത്തിന്റെ സന്ദര്‍ഭത്തില്‍, ഇസ്ലാമികാശയങ്ങളിലേക്കും അതിന്റെ സുതാര്യമായ അവതരണങ്ങളിലേക്കും വിരല്‍ചൂണ്ടുന്ന പഴുതകളില്ലാത്ത സമ്പൂര്‍ണ്ണമായ രാഷ്ട്ര മാതൃക അവിടുന്ന് സൃഷ്ടിച്ചെടുത്തു.ആ രാഷ്ട്രത്തിലെ നിയമങ്ങളും ശാസനകളും അല്ലാഹുവിന്റെ നിര്‍ദേശാനുസൃതം തിരുചര്യകളും മൊഴികളുമായി അവിടുത്തെ അനുചര വൃന്ദങ്ങളിലേക്ക് പകര്‍ന്ന് നല്കപ്പെട്ടു.
പൂര്‍ണ്ണമായും ഇസ്ലാമിലധിഷ്ടിതമായ ആ രാഷ്ട്ര മാതൃകയുടെ എക്കാലത്തേക്കുമുളള അധിപന് പ്രവാചകന്(സ) തന്നെയായിരുന്നു. നാഥന്റെ കല്പന ശാസനകളെ അപ്പാടെ തന്റെ ജീവിതംകൊണ്ട് മുസ്ലിം സമൂഹത്തിന് അവിടുന്ന് വിവരിച്ചു നല്കി. ഒപ്പമുളളവരുടെയും നേരിടേണ്ടുന്നവരുടെയും മനസ്സിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്ന് ക്രിയാത്മക സ്വാധീനത്തിന്റെ ലാഞ്ചന സൃഷ്ടിക്കുക എന്നതാണ് നബി(സ) യുടെ രീതി. തനിക്ക് വ്യഭിചരിക്കാന്‍ അടങ്ങാത്ത താല്പര്യമുണ്ടെന്ന് പറഞ്ഞുവന്ന അനുചരനെ നബി(സ) കൈകാര്യം ചെയ്തത് അത്തരമൊരു നീക്കത്തിലൂടെയായിരുന്നു.’ താങ്കളെ പിന്തുടര്‍ന്ന സത്യവിശ്വാസികള്‍ക്ക് നിങ്ങള്‍ ചിറക് താഴ്ത്തിക്കൊടുക്കുക (വി.ഖു:26:216).
ചിറക് താഴ്ത്തുക എന്നത് ക്ഷമയോടെ അനുസരിക്കുന്ന ഒരു സമൂഹത്തെ നിര്‍മിച്ചെടുക്കുക എന്നതിലേക്കുളള വ്യംഗ്യമായ സൂചനയാണ്. വികാരപ്രകടനം വളരെ പെട്ടന്ന് സംഭവിക്കുന്നവരാണ് പൊതുവെ അറബികള്‍. അന്തസിനും അഭിമാന ബോധത്തിനും ജീവന് വരെ നല്കുന്ന ആ സമൂഹ സഞ്ചയത്തെ നേരിന്റെ ഭാഗത്തേക്കടുപ്പിക്കല് അല്പം ശ്രമകരം തന്നെയാണ്.
ഇസ്ലാമിന്റെ ആദ്യ കാലത്ത് മക്കയില്‍ ശത്രുക്കളുടെ സഹിക്കാനാകാത്ത ക്രൂരതകള്‍ക്കൊടുവില്‍ പ്രവാചകാനുവാദത്തോടെ നിശയുടെ അര്‍ദ്ധയാമങ്ങളില്‍ അബിസീനിയയിലേക്ക് പലായനം ചെയ്യുന്ന സംഘത്തെ യാത്രയാക്കിയ ശേഷം കടിച്ചിറക്കാനാകാത്ത ദുഃഖ ഭാരത്താല്‍ തേങ്ങിക്കൊണ്ട് ഖബ്ബാബ് (റ) നബി (സ) യുടെ അടുക്കല്‍ വന്ന് ചോദിക്കുന്നുണ്ട്,
‘ അല്ലയോ തിരുദൂതരെ..! ഇവറ്റകളുടെ നാശത്തിനായി അല്ലാഹുവിനോട് അവടുന്നൊന്ന് പ്രാര്‍ത്ഥിച്ചുകൂടെ?.’ അരുതാത്തതെന്തോ കേട്ടപോലെ നബി (സ) അല്പനേരം തരിച്ചിരുന്നു. ഒരു സമൂഹത്തിന്റെ ഉډൂലനത്തിന് പ്രാര്‍ത്ഥിക്കുക എന്നത് നബിയെ സംബന്ധിച്ചിടത്തോളം അചിന്ത്യമായിരുന്നു.
‘ നോക്കൂ.. ഖബ്ബാബെ..! അല്ലാഹു ക്ഷമാശീലډരുടെ കൂടെയാണെന്ന് താങ്കള്‍ക്കറിയില്ലെ?. നിങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന വിശ്വാസികളുടെ നേര്‍ക്ക് ഇതിനേക്കാള്‍ കഠിനമായ അക്രമണങ്ങളും മര്‍ദ്ദനങ്ങളും ഉണ്ടായിട്ടുണ്ട്. വലിയ കുഴികള്‍ കുഴിച്ച് അവരെ അതിനകത്ത് നിര്‍ത്തി ഈര്‍ച്ചവാള്‍കൊണ്ട് രണ്ട് പിളര്പ്പാക്കപ്പെട്ടിരുന്നു. ഇരുമ്പുകൊണ്ടുളള ചീര്‍പ്പുകള്‍കൊണ്ട് അവരുടെ രക്തവും മാംസവും വാര്ന്നെടുക്കപ്പെട്ടിരുന്നു. ഇത്തരം ആക്രമണങ്ങളൊന്നും ദീനില്‍ നിന്ന് അവരെ പിന്തിരിപ്പിച്ചിരുന്നില്ല. അല്ലാഹു ഈ ദൗത്യം പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും. അങ്ങനെയൊരു കാലം സമാഗതമാകും. അന്ന് അല്ലാഹുവിനെയല്ലാതെ മറ്റാരെയും പേടിക്കേണ്ടിവരില്ല, നിങ്ങള്‍ ബദ്ധപ്പാട് കാണിക്കുകയാണ് ‘.
തീര്‍ത്തും ഗൗരവതരമായ ഒരു വിപത്തിനെയാണ് പ്രവാചകന്(സ) വളരെ ലളിതമായി ഇല്ലാതാക്കിയത്. തെറ്റായി നിര്‍വ്വചിക്കപ്പെടാന്‍ സാധ്യതയുളളവയെ മുന്നില്‍ക്കണ്ട് അതിനെ തടയുക മാത്രമല്ല, നിരാശരായ അനുചരര്‍ക്ക് തൃപ്തികരമായി ഊര്‍ജ്ജം നല്കലുമുണ്ടിവിടെ. ഒപ്പം ഇസ്ലാമിന്റെ അധ്യാപനങ്ങളെക്കുറിച്ചുളള ശരിയായ അവബോധം പകര്‍ന്നു നല്‍കലും.സ്ഥാപിത താല്പര്യങ്ങള്ക്കായി കുത്സിത ശ്രമങ്ങള്‍ നടത്തുന്ന നേതൃത്വവും അഴിച്ചുവെക്കാത്ത കലാപക്കൊടിയുമാണ് സംസ്കാരം പറയുന്ന പുതുതലമുറയുടെ മുഖമുദ്ര.
അധികാര നിര്‍വ്വഹണത്തെ ശരിയായി നിര്വ്വചിക്കപ്പെടാതിരിക്കുമ്പോള് മാറിമാറിവരുന്ന (ചിലയിടങ്ങളില്‍ ഭീകരമാംവിധം സ്ഥിരമാവുന്ന) ഭരണവര്ഗ്ഗലോബികള്ക്ക് അതിബുദ്ധിയിലും അമിതാവേശത്തിലുമാണ് ഔത്സുക്യം.ഏല്‍പ്പിക്കപ്പെട്ട കര്‍മ്മം നിര്‍വ്വഹിക്കുക എന്ന കേവല ധര്‍മ്മം ഇവിടെ പാലിക്കപ്പെടുന്നില്ല എന്നല്ല, ക്രമരാഹിത്യമായ നൈതികതയും കാരണമില്ലാത്ത ക്രമക്കേടുകളുമെല്ലാം നേതൃത്വത്തിന്റെ ഭാഗമാവുകയും ചെയ്യുന്നു. അധികാര വികേന്ദ്രീകരണം പലമടങ്ങായി ഇല്ലാതെയാവുമ്പോള്‍ ഇസ്ലാം വിഭാവനം ചെയ്ത രാഷ്ട്ര മാതൃക എത്രത്തോളം കൂടിയാലോചനകള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും സാധുത കാല്പിച്ചു എന്നത് ചര്‍ച്ചയാണ്.
‘ നിങ്ങളിലാരുടെയെങ്കിലും വീടിനരികിലൂടെ ഒരു നദി ഒഴുകിക്കൊണ്ടിരിക്കുകയും ദിവസം അഞ്ചുനേരം അതില്‍ കുളിക്കുകയുമാണെങ്കില് അദ്ധേഹത്തില്‍ വല്ല അഴുക്കും അവശേഷിക്കുമോ?. ഇത് മുഹമ്മദ് നബി (സ) യുടെ ചോദ്യമാണ്. ഇല്ല, ഒട്ടും അവശേഷിക്കില്ല എന്ന അനുചരډാരുടെ ഉത്തരത്തിനെ’ അതുപോലെത്തന്നെയാണ് അഞ്ചുനേരത്തെ നിസ്കാരവും, അവവഴി അല്ലാഹു മഹാപാപങ്ങളൊഴികെ മറ്റല്ലാത്തിനെയും മായ്ച്ചുകളയുന്നു’ എന്ന് മറുപടി പറയുന്നു. മിഅ്റാജിന്റെ രാവില്‍ ആകാശാരോഹണത്തില്വെച്ച് നാഥനായ അല്ലാഹു മുഅ്മിനീങ്ങള്‍ക്ക് നല്കിയ സമ്മാനം നിസ്കാരത്തെ സ്വഹാബാക്കള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന സന്ദര്‍ഭമാണിത്.
അമ്പതിനെ അഞ്ചിലേക്കെത്തിച്ചതിന്റെ ശാസ്ത്രം ശരിക്കും ഉള്‍ക്കൊണ്ട പ്രവാചകന് (സ) അവയുടെ യുക്തിയും നൈര്‍മല്യവും ജനങ്ങള്‍ക്കു മുന്നില്‍ വളരെ സൗമ്യഭദ്രനായി പ്രകടിപ്പിക്കുന്നുണ്ട്. തങ്ങള്‍ പരിഗണിക്കപ്പെട്ടു എന്ന് അണികളെ തോന്നിപ്പിക്കലാണിത്. അങ്ങനെ വരുമ്പോള്‍ മാനസികമായ മനഃപ്പൊരുത്തത്തിനും നിര്‍ദ്ധേശങ്ങളെ അനുസരിക്കുന്നതിനും ചെറുതല്ലാത്ത ബലം നല്‍കുന്നുണ്ട്. ശത്രുക്കള്‍ പടിവാതിലെത്തിയപ്പോള്‍ കിടങ്ങ് നിര്‍മിക്കാമെന്ന തന്ത്രപരമായ നീക്കത്തിലും നമസ്കാരത്തിന്റെ സമയമറിയിക്കാന്‍ ബാങ്ക് വിളി നടപ്പിലാക്കിയതിലുമെല്ലാം ഈ കൂടിയാലോചനയുടെയും അഭിപ്രായമാരായലിന്റെയും അനിഷേധ്യമായ സ്വാധീനമുണ്ട്.
ബദര്‍ യുദ്ധത്തിന് മുമ്പ് നബി തിരുമേനി (സ) നഖ്ല എന്ന പ്രദേശത്തുപോയി ഖുറൈശികളുടെ നീക്കം അറിയാന്‍ നിയോഗിച്ച സംഘം, ഒരു തെറ്റിദ്ധാരണയുടെ പുറത്ത് യുദ്ധം ചെയ്ത് പിടിച്ചടക്കിയ സ്വത്തുക്കളും തടവുകാരുമായി തിരുസന്നിധിയില്‍ ഹാജറായപ്പോള്‍ യുദ്ധം ചെയ്യാന്‍ ഞാന്‍ നിങ്ങള്‍ക്ക് അനുവാദം തന്നിരുന്നില്ലല്ലോ എന്ന് പറഞ്ഞ് അവിടുന്ന് ദുഃഖിതനായി. നിരപരാധികളായ കച്ചവടക്കാരെ ആക്രമിച്ചത് ഇസ്ലാമിക സംസ്കാരത്തിന് നിരക്കാത്ത പ്രവര്‍ത്തനമാണെന്നതിനാല്‍ ഈ സ്വത്തില്‍ നിന്നും ബൈത്തുല്‍മാലിന്റെ ഓഹരി ഞാനെടുക്കില്ല എന്ന് പറഞ്ഞ പ്രവാചകന്, പ്രവാചകന് തൊടാത്ത സ്വത്തില്‍ നിന്നും ഒരു ചില്ലിക്കാശുപോലും ഞങ്ങള്‍ക്കുവേണ്ടാ എന്നു പറഞ്ഞ് ആ സമ്പത്തിനെ പാടെ ഉപേക്ഷിച്ച അനുചരരും നേതൃഗുണത്തിന്റെയും കലര്‍പ്പില്ലാത്ത ആദര്‍ശശുദ്ധിയുടെയും അടയാളമാവുകയാണ്.
പൊതുസമ്പത്തില്‍ നിന്ന് പൂജ്യമെണ്ണാതെ സ്വതാല്പര്യങ്ങള്ക്കായി പണം പറ്റുന്ന നവമേലാളډാരും അവരുടെ കുഴലൂത്തുകാരുമൊക്കെ ഇവിടെയും പരിതിക്ക് പുറത്താകുന്നു. പരിമിതമായ ലോകത്ത് എത്രയോ നിസാരനാണെന്ന് സ്വയം മനസ്സിലാക്കിയിട്ടും നേട്ടങ്ങളോട് യാത്രപറഞ്ഞ് കര്‍മ്മങ്ങളില്‍ ശ്രദ്ധിക്കാന്‍ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും സാധിക്കുന്നില്ല. തോളത്തുളള നക്ഷത്രങ്ങളും എണ്ണം പറയുന്ന സമ്പത്തും അധികാര പദവികളുടെ അടയാളമാവുന്ന നവസമീപനം , അറ്റം കാണാത്ത സാമ്രാജ്യത്തിന്റെ മഹത്തായ അധിപനായപ്പോഴും സാധാരണക്കാരനില്‍ ഒരുവനായി അദ്ധ്വാനത്തിന്റെ നിഴലില്‍ ജീവിത പാതകണ്ടെത്തി പരിശുദ്ധമായൊരു സംസ്കൃതി ലോകത്തിനു സമ്മാനിച്ച തിരുനബി (സ) യുടെ വ്യക്തി പ്രഭാവത്തില്‍ മങ്ങിപ്പോവുന്നുണ്ട്.
‘സമൂഹത്തിന്റെ നേതാവ് അവരുടെ സേവകനുമാണെന്ന പ്രവാചക വചനം വെറുംപറച്ചിലായി അവസാനിച്ചിട്ടില്ല. ലോകത്തിന്റെ നായകനായപ്പോഴും സവിശേഷമായൊരു സംസ്കൃതിയുടെ പ്രയോക്താവായിട്ടും പ്രവാചക പ്രഭു(സ) വിശ്വാസികളുടെ സേവകന് തന്നെയായിരുന്നു. ഒരിക്കല്‍ അര്‍ദ്ധ രാത്രിയില്‍ അത്ജ്ഞാതമായ ഒരു ഘോര ധ്വനികേട്ട് മദീനാ നിവാസികളെല്ലാം പേടിച്ചരണ്ടുപോയി. അവര്‍ കൂട്ടമായേ ധ്വനിയുടെ സ്രോതസ്സന്വേഷിച്ചു പോകാന്‍ ധൈര്യപ്പട്ടുളളൂ. പക്ഷെ അവര്‍ക്കും മുമ്പെ ശബ്ദം കേട്ടിടത്ത് ഒറ്റക്ക് പോയി നോക്കി തിരിച്ചുവരുന്ന നബി(സ)യെയാണ് വഴിക്ക് വെച്ചു അവര്‍ക്കു കാണാനായത്.
മറ്റൊരിക്കല്‍ എല്ലാവരും ഓരോ പണിയിലേര്പ്പെട്ടപ്പോള് വിറക് ശേഖരിക്കാന്‍ തുനിഞ്ഞ നബി (സ) യെ തടഞ്ഞ് അത് ഞങ്ങള്‍ ചെയ്യാമെന്ന് പറഞ്ഞ അനുചരരോട് വേണ്ട, വെറുമൊരു മുതലാളിയായി നോക്കിനില്ക്കാന് എനിക്കാവില്ല എന്നുപറഞ്ഞ പ്രവാചകനെയും ചരിത്രത്തില്‍ കാണാനാവുന്നുണ്ട്. നബി (സ) യിലും പിന്നീട് അവിടുത്തെ അനുചരരിലും കാണപ്പെട്ടപോലെ നേതൃത്വമെന്നത് സേവന സന്നദ്ധതയുടെ മറ്റൊരു രൂപമായിരിക്കണം. ഇലക്ഷന് സമയങ്ങളില്‍ മാത്രം നമ്മുടെ നാടുകളില്‍ നടക്കുന്ന പ്രഹസനങ്ങള്‍ ഒരു തരത്തില്‍ നമ്മെത്തന്നെ പരിഹാസ്യരാക്കലാണെന്നര്ത്ഥം. യുദ്ധവേളയില്‍ നിരയൊപ്പിക്കുന്നതിനിടെ അല്പം തെറ്റിനിന്ന ഒരു സ്വഹാബിയെ നബി (സ) കയ്യിലുളള കുറുവടികൊണ്ട് ചെറുതായി മുട്ടിയപ്പോള്‍, എനിക്ക് വേദനിച്ചു ഇതിന് പകരം വേണമെന്ന് പറഞ്ഞ് അവസരം ഉപയോഗപ്പെടുത്തി നബി (സ)യെ ആലിംഗനം ചെയ്ത കുഞ്ഞു സംഭവവും പ്രവാചക ചരിത്രത്തിലുണ്ട്. ഒരു നേതാവിനോട് പകരം ചോദിക്കുകയോ എന്ന് പറഞ്ഞ് ആരും സ്വഹാബിയെ അപായപ്പെടുത്തുകയോ നിന്ദിക്കുകയോ ചെയ്തിട്ടില്ല. മറിച്ച് അയാള്‍ക്കതിന് അവസരം നല്കപ്പെട്ടു.
പ്രോട്ടോക്കൊളുകളുടെയും എസ്കോട്ടുകളുടെയും നൂലാമാലാകള്ക്കിടയില് നിന്ന് നമ്മുടെ നേതാക്കളെ ശരിയാവണ്ണം കാണാനെ നമുക്കാകുന്നില്ല. നിയമങ്ങളും നിയന്ത്രണങ്ങളും വ്യവസ്ഥാപിതമായൊരു സാമൂഹ്യ സംവിധാനത്തിന്റെ പരിരക്ഷക്ക് വേണ്ടിയുളളതായിരിക്കണം. കാരണം ബലഹീനമായ മനസ്സുകളെ അടിച്ചമര്‍ത്തുക വഴി ലഭിക്കുന്ന സൗകര്യം നിലനില്ക്കാവതല്ലല്ലോ.
തിരുനബി (സ) കുടുംബ തലത്തിലേക്കെത്തുമ്പോള്‍
പുറം ലോകവുമായി ബന്ധമില്ലാതെ ദിവസം മുഴുവന്‍ ആരാധനാ കര്‍മ്മങ്ങളില്‍ മുഴുകുന്ന ഒരു സ്വഹാബിയെ കുറിച്ച് നബി(സ)യുടെ അടുക്കല്‍ പരാതി പറയപ്പെട്ടു. പ്രവാചകന് (സ) ആ സ്വഹാബിയെ അരികില്‍ വിളിച്ച് പറഞ്ഞു: നിനക്ക് നിന്റെ കുടുംബത്തോടുളള ധര്‍മ്മം നീ നിര്‍വ്വഹിക്കുക. പ്രവാചകന് വിവക്ഷിച്ച കുടുംബ ധര്‍മ്മം ഓരോ വ്യക്തിയില്‍ നിന്നും തുടങ്ങുന്നുണ്ട്. ഓരോരുത്തര്‍ക്കും താന്താങ്ങളുടെ കുടുംബത്തോടു ചെയ്യേണ്ട കേവല ധര്‍മ്മവും അനിവാര്യതകളുമെല്ലാം ഇസ്ലാമിക നിയമാനുസൃതം തിരുനബി (സ) തന്നെ തന്റെ ജീവിതത്തിലൂടെ സമൂഹത്തെ തെര്യപ്പെടുത്തിയിട്ടുണ്ട്. പരസ്പരം സ്നേഹിക്കുകയും അന്യോന്യം പരിഗണിക്കുകയും ചെയ്യുന്ന ഒരു മാതൃകാ കുടുംബമാണത്.
ഒരാള്‍ തനിക്ക് മറ്റൊരാളോടുളള ബാധ്യത നിറവേറ്റാതിരിക്കുന്ന പക്ഷം അവന് മതത്തിന്റെ ആദര്ശമൂല്യങ്ങളോട് എതിര് പ്രവര്ത്തിച്ചവനാകുന്നു. ആണും പെണ്ണും ചേര്‍ന്നാണ് മൂല്യാധിഷ്ടിതമായൊരു കുടുംബമൊരുങ്ങുന്നത് എന്ന് ഉദ്ഘോഷിച്ചതും പ്രവാചകന് (സ) തന്നെയാണ്. ഓരോരുത്തരും (ഭാര്യഭര്‍ത്താക്കډാര്‍) സന്ദര്‍ഭോചിതം പരസ്പരം തിരിച്ചറിഞ്ഞ് നډയില്‍ സ്ഥായിയാവലാണ് നല്ലൊരു കുടുംബത്തിന്റെ മാതൃക. നബി തിരുമേനി (സ) അവിടുത്തെ പത്നിമാരോടൊത്ത് ചെലവഴിച്ച നിമിഷങ്ങളെല്ലാം വിശ്വാസിക്ക് പാഠമാണ്. ഭാര്യഭര്‍ത്തൃബന്ധം ഏതു വിധമാകണമെന്ന് വരച്ചുകാട്ടുകയായിരുന്നു അവിടുന്ന്. അതിനുവേണ്ടി പ്രവാചക പത്നിമാരോടൊത്തുളള നബി (സ)യുടെ ഓരോ ചലനങ്ങളും റിപ്പോര്‍ട്ടുചെയ്യാന്‍ അവരോട് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
നബി (സ) ആയിശ (റ) യോടൊപ്പമിരിക്കെ മറ്റൊരു പത്നിയില്‍ ചില വിഭവങ്ങള്‍ കൊണ്ടുവരപ്പെട്ടു. വളരെ താല്പര്യത്തോടെ അതു ഭക്ഷിക്കാന്‍ തുനിഞ്ഞ നബിയുടെ കരവലയത്തില്‍ നിന്ന് ആയിശ (റ) അത് തട്ടിമറിച്ചു. വിഭവങ്ങള്‍ തറയിലാകെ പരന്നെന്ന് മാത്രമല്ല പ്രസ്തുത പാത്രം പൊട്ടുകയും ചെയ്തു. നബി (സ) അക്ഷോപ്യനായി തറയില്‍ പരന്ന വിഭവങ്ങളെ മണ്ണ് പുരളാതെ ഓരോന്നായി മറ്റൊരു പാത്രത്തില്‍ ശേഖരിക്കാന്‍ തുടങ്ങി. ചെയ്തതിലെ തെറ്റ് ബൊധ്യപ്പെട്ട ആയിശ (റ) നബി (സ) യെ സഹായിക്കാനൊരുങ്ങി, തെറ്റ് പൊറുത്തു നല്കാന് മാപ്പിനപേക്ഷിക്കുകയും ചെയ്തു. ഭാര്യഭര്‍തൃ സമീപനത്തിന്റെ വളരെ ഭംഗിയായ മാനത്തിനൊരു ഉത്തമ മാതൃകയാണ് ഈ ചരിത്ര ചീന്ത്. ഭര്‍ത്താവിനെന്നപോലെ ഭാര്യക്ക് ഭര്‍ത്താവിനോടും ചില ബാധ്യതകളുണ്ടെന്നും അവര്‍ തമ്മിലുളള പരസ്പര ധാരണ വെച്ചുപുലര്‍ത്തണമെന്നും ഇതു സൂചിപ്പിക്കുന്നുണ്ട്.
കുടുംബ സംവിധാനത്തിലും സന്താന പരിപാലനത്തിലും മാതാവിന്റെ സ്ഥാനം അദ്വിതീയമാണ്. ഇസ്ലാമും പ്രവാചകാധ്യാപനങ്ങളും മാതാവിന് നല്കിയ പദവി ഒരു മതവും പ്രത്യയശാസ്ത്രവും ഇന്നോളം നല്‍കിയിട്ടില്ല. ഒരു മനുഷ്യന്റെ വൈയക്തിക ജീവിതത്തില്‍ ഏറെ സ്വാധീനിക്കപ്പെടേണ്ട ജീവിത പാഠമാണ് ഉമ്മയെന്നത്. മിക്കവരുടെയും വിജയപരാജയങ്ങളില്‍ ഉമ്മാക്ക് വ്യക്തമായ ഭാഗദേയം നിര്ണ്ണയിക്കാനാവുമെന്നര്ത്ഥം. എങ്കിലും, ഞാന്‍ ഇനിയും വായിച്ചു തീരാത്ത പുസ്തകമാണെന്റെ ഉമ്മ എന്ന അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ വാക്കിനേക്കാള്‍ മാതാവിന്റെ പാദത്തിനുകീഴിലാണ് സ്വര്ഗഗേഹമെന്ന പ്രവാചക വചനമാണ് നാം കൂടുതല്‍ ഉള്‍ക്കൊണ്ടത്. വിശ്വാസിയുടെ ജീവിത വഴിയില്‍ പിതാവിന്റെ സ്ഥാനവും വ്യത്യസ്തമല്ല. നാലാമതായി നീ നിന്റെ പിതാവിനോട് ഗുണം ചെയ്യ് എന്ന പ്രവാചക വചനത്തിന്റെ പൊരുളും അതുതന്നെയാണ് കുറിക്കുന്നത്. എവിടെയും മാതൃത്വത്തിന്റെ വിലയെക്കുറിച്ച് വാതോരാതെ പറയുന്നതിനിടെ സൗകര്യപൂര്‍വ്വം നാം മറക്കുന്ന ചിത്രമാണ് പിതാവിന്റേത്. പേറ്റുനോവ് മാതാവിനു മാത്രമാണെങ്കില്‍ പോലും പരിപാലനത്തിന്റെ എല്ലാ വൈതരണിയും ഒടുങ്ങുന്നത് പിതാവിലായിരിക്കും.
കഷ്ടമെന്തെന്നുവച്ചാല് മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും പരിശുദ്ധബന്ധം ഉള്‍ക്കൊളളാത്ത അല്ലെങ്കില്‍ നവീന ചിന്താധാരയില്‍ അഭിരമിക്കുന്നതിനിടെ മാതൃപിതൃ വികാരത്തെ മറന്നുപോയവരുടെ എണ്ണം വര്‍ധിക്കുന്നു എന്നതാണ്. ബന്ധങ്ങളുടെ വിലയറിയാത്തവര്‍ക്ക് മനുഷ്യത്വത്തിന്റെ കേവല ധാരണ പലപ്പോഴും തെറ്റിപ്പോവുന്നു. പ്രവാചക പ്രഭു (സ) ആയിശ (റ)യെയും ഹഫ്സ്വ (റ)യെയും വിവാഹം കഴിച്ചതിലെ മറ്റൊരു ഉദ്ധേശ്യം അബൂബക്കര്‍ ഉമര്‍ (റ) എന്നിവരുമായുളള സുഹൃദ്വലയം കുടുംബ ബന്ധത്തിലൂടെ ഊട്ടിയുറപ്പിക്കാമെന്നതാണ്. ഇസ്ലാമില്‍ കുടുംബ ബന്ധം ചേര്‍ക്കുന്നതിന് സ്വപ്ന തുല്യമായ പരിഗണനയുണ്ട്.
കുടുംബ ബന്ധം മുറിക്കലാവട്ടെ ഇസ്ലാമിന്റെ അനേകം ശാസനകളുടെയും തിരുചര്യകളുടെയും പരസ്യമായ ലംഘനവുമാണ്. അയല്ക്കാര്ക്കിടയിലും കുടുംബക്കാര്‍ക്കിടയിലും കൂറ്റന്‍ മതിലുകളും പരസ്പരം കാണുമ്പോഴുളള പുഞ്ചിരിയുടെ മായലും പുതിയ സാഹചര്യത്തിലെ മാറ്റങ്ങള്‍ തന്നെയാണ്. ഭാര്യഭര്‍തൃ ബന്ധങ്ങള്‍ക്കിടയിലെ വിളളലുകളും അകല്‍ച്ചയും അനിതരസാധാരണമായ സംഭവമായി മാറിയതും ഇന്നെലകളിലാണ്. ചെറിയ ചെറിയ പടല പിണക്കങ്ങളും കുശുമ്പുമൊക്കെയാണ് പലപ്പോഴും ഇത്തരം സാമൂഹ്യ വിപത്തുകളിലേക്ക് എത്തിച്ചേരുന്നത്.
മാതൃകാ പ്രവാചകന് (സ)
നിങ്ങള്‍ക്ക് അല്ലാഹുവിന്റെ പ്രവാചകനില്‍ മികച്ച മാതൃകയുണ്ട് (വി.ഖു: 33:21).
വിശുദ്ധ ഖുര്‍ആന്റെ കര്‍മ്മ രൂപം പൂണ്ട പതിപ്പായിരുന്നു പ്രവാചകന്റെ ജീവിതം. മുസ്ലീംകള്‍ക്കത് ഉദാത്തമാതൃകയാണെന്ന് അല്ലാഹുത്തആല പ്രഖ്യാപിച്ചിട്ടുണ്ട്. ആ ജീവിതത്തിന്റെ ഒരു വശവും വിശ്വാസിക്ക് തെറ്റിദ്ധാരണകള്‍ക്കോ ആശയ സങ്കുചിത്വത്തിനോ ഇടം നല്‍കുന്നില്ല. എല്ലാം തുറന്ന പുസ്തകം പോലെ അന്ത്യനാള്‍ വരെ നിലനില്ക്കും.
യഥാര്‍ത്ഥ വിശ്വാസി എല്ലാ കാലങ്ങളിലും നബി (സ)യുടെ കാല്പാടുകള് അതേപടി പിന്തുടരുന്നു. അസുലഭമായ ഈ സൗഭാഗ്യം ലോകത്ത് മറ്റേതൊരു നേതാവിനാണ് ലഭിച്ചിട്ടുളളത്. സ്വയം ചെയ്യാത്ത ഒരു കാര്യവും മറ്റുളളവരോട് നബി (സ) കല്പിച്ചിരുന്നില്ല. എല്ലാം വളരെ മനോഹരമായി ആദ്യം സ്വജീവിതത്തില്‍ പകര്ത്തികാട്ടുക. അതിനുശേഷം മാത്രം മറ്റുളളവരെ പ്രേരിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുക, അതായിരുന്നു അവിടുത്തെ രീതി.
അതിനാല്‍തന്നെയും അവിടുത്തെ സ്വകാര്യവും സാമൂഹികവുമായ ജീവിതത്തിന്റെ എല്ലാവശങ്ങളെക്കുറിച്ചും മുസ്ലിം സമൂഹത്തിന് വിവരമേകണമെന്ന നിര്‍ദ്ധേശം ഭാര്യമാര്‍ക്കുപോലും നല്കപ്പെട്ടിരുന്നു. ആ ജീവിതം പില്ക്കാലത്തേക്കായി കൂടുതല്‍ പറഞ്ഞു തന്നത് പ്രവാചക പത്നി ആയിശ (റ) തന്നെയായിരുന്നു. പിന്നീട് നക്ഷത്ര സമാനമായ അവിടുത്തെ അനുചരരും. ഒടുവുനാള്‍ വരേക്കുമുളള അന്ത്യപ്രവാചകന്, അതിനാലാണ് അവിടുത്തെ ആശയാദര്‍ശങ്ങളും ജീവിത പാതയും ലോക മുസ്ലിംകളുടെ മനസ്സില്‍ മരിക്കാതെ എന്നത്തേക്കും പ്രോജ്ജ്വലിച്ചു നില്‍ക്കുന്നത്.
റഫറന്‍സ്
തഫ്സീര്‍ ജലാലൈനി
അല്ലഫല്‍ അലിഫ് മലയാള പരാവര്‍ത്തനം സി.ഹംസ?ഇസ്ലാമിക ചരിത്ര സംഗ്രഹം സര്‍വത് സൗലത്
ഇസ്ലാം സംസ്കൃതി ചില സൗമ്യ വിചാരങ്ങള്‍ വാണിദാസ് എളയാവൂര്
എന്റെ പ്രവാചകന് കെ.ജെ റസാഖ്