ജബ്ബാർ ഉസ്താദ് ജാഡകളില്ലാത്ത ജീവിതം

അറിവിന്റെ നിറസുഗന്ധവും സുകൃതങ്ങളുടെ നിറ വസന്തവുമായി നമ്മെ  വിസ്മയിപ്പിക്കുന്ന ചില ജീവിതങ്ങളുണ്ട് .എളിമയും തനിമയും സ്വീകരിച്ച് പദവിയും സ്ഥാനമാനങ്ങളും തമസ്കരിച്ച് ആത്മീയതയുടെ ഉന്നതങ്ങളിൽ നടന്നു കയറി സ്വർഗം ലക്ഷ്യമാക്കിയ  ചിലജീവിതങ്ങൾ. അത്തരത്തിലുള്ള ഒരു ജീവിതമായിരുന്നു ഉസ്താദ് അബ്ദുൽ ജബ്ബാർ മുസ്ലിയാരുടെത്. ഉന്നതസ്ഥാനങ്ങളിൽ വിരാചിക്കുമ്പോഴും വിനയം മുഖമുദ്രയാക്കി അത്യപൂർവമായ ജീവിതം നയിച്ചവരായിരുന്നു ശൈഖുന .
1947 ലക്ഷദ്വീപിലെ കിൽത്താനിൽ അൽഹാജ് സിറാജ് കോയ മുസ്ലിയാരുടെയും ബീഫാത്തിമ കട്ടിപ്പാറ എന്ന മഹതിയുടെയും മകനായാണ് ഉസ്താദ് ജനിക്കുന്നത് .ലക്ഷദ്വീപിൽ പ്രസിദ്ധമായ വലിയും ആരിഫുമായിരുന്ന ശൈഖ് അഹമ്മദ് നഖ്ശബന്തി (റ) യുടെ പരമ്പരയിൽ നാലാമത്തെ തലമുറയിലാണ് ഉസ്താദ് ജനിക്കുന്നത്. അതുകൊണ്ടുതന്നെ ജനനം വലിയൊരു പണ്ഡിത പാരമ്പര്യമുള്ള തറവാട്ടിലായിരുന്നു. ചെറുപ്പംമുതലേ ദീനീ വിദ്യാഭ്യാസവുമായി ബന്ധപ്പെടാൻ ഉസ്താദിന് സാധിച്ചു .
ഭൗതിക വിദ്യാഭ്യാസം വെറും നാലാം ക്ലാസ് വരെയാണ് ഉസ്താദ് നേടിയത്. അക്കാലയളവിൽ തന്നെ പിതാവിൽ നിന്ന് പല ഗ്രന്ഥങ്ങളും പഠിച്ചിരുന്നു. പിന്നീട് കേരളത്തിലെ മക്ക എന്നറിയപ്പെടുന്ന, ഒരുകാലത്ത് വൈജ്ഞാനിക വിപ്ലവത്തിന്റെ സിരാകേന്ദ്രമായിരുന്ന പൊന്നാനിയിലേക്ക് ഉസ്താദ് എത്തി .അവിടെ നിന്നാണ് ഉസ്താദ് തന്റെ മതവിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങൾ നടത്തുന്നത്. അന്ന് കെ കെ അബ്ദുള്ള മുസ്ലിയാരും തിരുവേപ്പറ്റ കോയകുട്ടി മുസ്ലിയാരു മായിരുന്നു ശൈഖുനയുടെ ഗുരുനാഥർ. പൊന്നാനിയിലെ പഠനത്തിനുശേഷം ഉന്നത പഠനത്തിനായി വെല്ലൂർ ബാഖിയാത്തിലേക്ക് പോയി .അവിടെവച്ച് അബ്ദുറഹ്മാൻ ഫള്ഫരിയുടെ ശിഷ്യത്വം സ്വീകരിക്കാൻ ഉസ്താദിനെ സൗഭാഗ്യം ഉണ്ടായി .നാട്ടിക വി മൂസ മുസ്‌ലിയാർ ,യു എം അബ്ദുറഹ്മാൻ മുസ്ലിയാർ, മഹമൂദ് മുസ്‌ല്യാർ എന്നിവർ ഉസ്താദിന്റെ ബാഖിയാത്തിലെ സഹപാഠികളായിരുന്നു. അറിവിനോടുള്ള അടങ്ങാത്ത ദാഹം മൂലം ഉസ്താദ് ബാഖിയാത്തിൽ നിന്നും ദയൂബന്ദിലേക്ക് യാത്രതിരിച്ചു .അവിടെവച്ച് വഹീദുസമാൻ എന്ന മഹാപണ്ഡിതനിൽനിന്ന് ശിഷ്യത്വം സ്വീകരിച്ചു. അന്നവടെ പഠന മാധ്യമമായി ഉപയോഗിച്ചിരുന്ന ഭാഷ അറബിയും ഉറുദുവും ആയിരുന്നു. അതുകൊണ്ടുതന്നെ പിൽക്കാലത്ത് ഈ രണ്ട് ഭാഷകളിലും ആഴത്തിലുള്ള അറിവ് നേടാൻ ഉസ്താദിന് സാധിച്ചു .വിജ്ഞാനം ആർജ്ജിച്ചെടുത്ത ഉസ്താദ് തന്റെ ശിഷ്ടജീവിതം അത് പകർന്നുകൊടുക്കാനായി നീക്കി വെക്കുകയായിരുന്നു. പഠനകാലത്തിനു ശേഷം അധ്യാപന രംഗത്തേക്ക് തിരിഞ്ഞ ഉസ്താദ് കർണാടകയിലെ അടിയാർ കണ്ണൂർ, ലക്ഷദ്വീപ് ,അഗത്തി, സ്വദേശമായ കിൽത്താൻ, മിത്തബൈൽ എന്നിവിടങ്ങളിൽ  ദർസ് നടത്തിയിട്ടുണ്ട്.
ലക്ഷദ്വീപിൽ നിന്നും കടൽ കടന്നെത്തി കർണാടകയുടെ ദക്ഷിണഭാഗത്ത് വിജ്ഞാനത്തിന്റെ പറുദീസ ഒരുക്കുകയായിരുന്നു ഉസ്താദ്. ചുറ്റും വളർന്നു പന്തലിക്കുന്ന പുതിയകാലത്തിന്റെ ആഡംബരങ്ങളുടെ മായാലോകം അവരെ  ഒട്ടും ആകർഷിച്ചില്ല. പളപ്പളപ്പിന്റെ മേച്ചിൽപ്പുറങ്ങളിലേക്ക് അവരുടെ ദൃഷ്ടി പാഞ്ഞതുമില്ല. ഭൗതികതയുടെ ബഹളമയങ്ങളിലേക്ക് അവർ ഇറങ്ങി നടന്നതുമില്ല .
എല്ലാം നാഥനു വേണ്ടി സമർപ്പിച്ച ജീവിതം .
വിജ്ഞാനം വർദ്ധിക്കുന്തോറും വിനയം കൂടുമെന്ന് പണ്ഡിതമൊഴിയുടെ പ്രതീകമായിരുന്നു ഉസ്താദിന്റെ ജീവിതം. പഴമയുടെ പാരമ്പര്യത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു ഉസ്താദ് .ശൈഖുനയുടെവസ്ത്രങ്ങളിൽ നിന്ന് നമുക്കത് വായിച്ചെടുക്കാം .തണ്ടൻ കാൽ വരെ എടുത്ത ഒരു തുണിയും സൂപ്പർവൈറ്റ് മുക്കിയ ജുബ്ബയും കയ്യിലൊരു വടിയും ഗാംഭീര്യത്തിന്റെ ബഹിർസ്ഫുരണങ്ങൾ പെയ്തിറങ്ങുന്ന മുഖവും ഉസ്താദിന്റെ പാരമ്പര്യ മഹിമയെയും പാണ്ഡിത്യത്തെയും സൂചിപ്പിക്കുന്നു .
നിർമ്മല ഹൃദയത്തോടെ എല്ലാവരോടും ഒരുപോലെ പെരുമാറി സൃഷ്ടാവിന്റെ പ്രീതിയും തൃപ്തിയും ഏറെ സംഭവിച്ച അവർ തന്റെ ജീവിതം മാതൃകയുടെ പ്രകാശഗോപുരമാക്കി മാറ്റി .പുഞ്ചിരിച്ചുകൊണ്ടല്ലാതെ ഒരാളോടും സംസാരിച്ചിരുന്നില്ല. ജാഡകളുടെ ലോകത്ത് ജാടകളില്ലാതെ ഒരു സൂഫിയെ പോലെ ഉസ്താദ് ജീവിച്ചു. സമസ്തയെയും സമുദായത്തെയും ഉസ്താദ് എന്നും നെഞ്ചിലേറ്റിയിരുന്നു. വിനയത്തിന്റെമാർഗ്ഗം  സ്വീകരിച്ചപ്പോൾ ഉസ്താദിന് കൈവന്ന സൗഭാഗ്യങ്ങൾ നിരവധിയാണ് . സമസ്തവൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ശൈഖുനപറഞ്ഞ വാക്കുകൾ ഇങ്ങനെ കുറിക്കാം: ഞാൻ ഇതിനൊന്നും അർഹനല്ല. സമസ്തയുടെ വൈസ് പ്രസിഡണ്ട് സ്ഥാനത്തിരിക്കാൻ ഞാൻ യോഗ്യനല്ല .എന്നെക്കാൾ യോഗ്യരായവരാണ് സമസ്തയിലെ മറ്റു മുശാവറ മെമ്പർമാർ. പിന്നെ ഞാനത് ഏറ്റെടുത്തത് പാണക്കാട് തങ്ങന്മാർ എന്നോട് ആവശ്യപ്പെട്ടത് കൊണ്ടുമാത്രമാണ്. വിനയത്തിൽ ചാലിച്ച ആ വാക്കുകൾ കണ്ണീരല്ലാതെ ഓർക്കാനാവില്ല. സ്ഥാനമാനങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ ഉസ്താദ് എപ്പോഴും ശ്രമിച്ചുകൊണ്ടേയിരുന്നു. പക്ഷേ സ്ഥാനമാനങ്ങൾ അവരെ തേടികൊണ്ടേയിരുന്നു.  മംഗലാപുരം ഖാളിയാകാൻ  ഉസ്താദിനോട് ആവശ്യപ്പെട്ടപ്പോൾ ഉസ്താദ് പറഞ്ഞു :നിങ്ങൾ എന്നെ ഖാസി ആക്കരുത്. എനിക്ക് ഖാസിയാകാൻ യോഗ്യതയില്ല .ചന്തയിൽ പോയി മീൻപിടിക്കുന്ന എനിക്ക് “മുറുവ്വത്ത് ” ഇല്ല.”മുറുവ്വത്ത്” ഇല്ലാത്തവനെ നിങ്ങൾ ഖാളിയാക്കരുത് .അതെ, അതായിരുന്നു ഉസ്താദ്. തഖ് വ കൈമുതലാക്കി വിനയം കാത്തു സൂക്ഷിച്ച ഉസ്താദിനെ ജീവിതകാലത്ത് പലരും മനസ്സിലാക്കിയിട്ടില്ല എന്നത് നഗ്നമായ സത്യമാണ് .കനലുകൾ താണ്ടികടന്നു പ്രയാസങ്ങൾ സഹിച്ചു സത്യദീനിന്റെ കേരളീയ മുഖമായ സമസ്തയെ വളർത്താൻ ഉസ്താദ് രാപ്പകൽ ഭേദമന്യേ മുന്നിട്ടിറങ്ങി.
രോഗിയായപ്പോൾ പോലും ആശുപത്രിയിൽ പോകാൻ വിസമ്മതിക്കുകയായിരുന്നു ഉസ്താദ് ചെയ്തത്. രോഗിയായി ഉസ്താദിനെ സന്ദർശിക്കാൻ ചെന്നവർ ആശുപത്രിയിൽ പോകുകയല്ലേ എന്ന് ചോദിച്ചപ്പോൾ ഉസ്താദ് തിരിച്ചു ചോദിച്ചത് നിങ്ങൾ രോഗിയെ സന്ദർശിക്കാൻ വന്നവരോ അതോ രോഗിയെ ആശുപത്രിയിൽ കൊണ്ടാക്കാൻ വന്നവരോ എന്നായിരുന്നു .
എല്ലാം അല്ലാഹുവിൽ ഭരമേൽപിച്ച ആ മഹാപണ്ഡിതൻ തന്നെ ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞവരോട് പറഞ്ഞത് “ഞാൻ രോഗിയായാൽ അല്ലാഹു എനിക്ക് ശമനം നൽകും” എന്ന ഖുർആനിക വചസ്സുകളായിരുന്നു. ആത്മാവിലേക്കുള്ള യാത്രയായിരുന്നു ജബ്ബാർ ഉസ്താദിന്റെ ജീവിത പുസ്തകത്തിലെ ഓരോ താളുകളും .വിവാദം കൊണ്ടല്ല .മൗനത്തിന്റെ കല കൊണ്ടായിരുന്നു ഉസ്താദ് നമ്മെ അമ്പരിപ്പിച്ചത്. പാണ്ഡിത്യത്തിന്റെ കലയിൽ ലാളിത്യത്തിന്റെ കവിതയെഴുതിയ വിനയത്തിന്റെ ജീവൽസ്പർശമായിരുന്നു ആ തിങ്കൾക്കല. ജനമനസ്സുകളിൽ വിശിഷ്യാ ദക്ഷിണ കന്നഡയിൽ  പെയ്തിറങ്ങിയ മഴയായിരുന്നു ഉസ്താദ്. ജനമനസ്സുകൾക്ക് ദിക്റിന്റെ പേമാരികൊണ്ട് ഉസ്താദ് ആത്മശാന്തി നൽകി .കർണാടകയുടെ ആത്മീയ നായകനായിരുന്നു ശൈഖുന .
ഒരു ജനത ഓതി തീർത്ത കിതാബായിരുന്നു ഉസ്താദ് .ആത്മീയ ലോകത്ത് അനൽപമായ പദവികൾ ഉസ്താദ് അലങ്കരിച്ചിരുന്നു. മംഗലാപുരം ദക്ഷിണ കന്നടക്കാർക്കും ആത്മീയത ചൊരിഞ്ഞ് നൽകിയ ഉസ്താദ് നഖ്ശബന്ധി ത്വരീഖത്തിന്റെ ശൈഖ് കൂടിയായിരുന്നു. ജനമനസ്സുകളിൽ പെയ്തിറങ്ങിയ സൂഫിസത്തിന്റെ മഴയായിരുന്നു ഉസ്താദ് . ഉസ്താദിന്റെ മുഖത്ത് നോക്കിയാൽ തന്നെ അല്ലാഹുവിനെ ഓർമ്മ വരുമായിരുന്നു. ആമുഖം വല്ലാതെ തേജോമനോഹരമായിരുന്നു. അവസാനം മരണംപോലും ഉസ്താദ് തന്റെ ജീവിതം പോലെ വിശുദ്ധമാക്കി. മരിക്കുന്നതിന് തൊട്ടുമുമ്പ് ശുദ്ധിയായി കുളിച്ചുവന്ന് വുളൂ എടുത്ത് ഉസ്താദ് നാഥനിലേക്ക് യാത്രയായി. നമ്മെ ബാക്കിയാക്കി അറിവിന്റെ ഓരോ വിളക്കുമാടങ്ങൾ അണഞ്ഞു പോവുകയാണ് .അറിവും വിനയവും അലങ്കാരം പകർന്ന വിശുദ്ധിയുടെ ഒറ്റയടിപ്പാതകളിലെ വഴിവെളിച്ചം നമുക്ക് ഇനിയും ബാക്കിയുണ്ട്. അവർ നൽകിയ ആത്മീ വെളിച്ചം ആവാഹിച്ചെടുത്ത് നമുക്ക് മുന്നേറാം .നാഥൻ തുണക്കട്ടെ .ആമീൻ

മുഹമ്മദ് അജ്മൽ  കെ.ടി പാണ്ടിക്കാട്