പ്രകോപനം; വേണ്ടത് ധൈഷണിക ഇടപെടല്‍

നൗഫല്‍ വാഫി കിഴക്കോത്ത്‌

ഡ്രോയിങ്ങിന്‍റെ പിരീഡ് കയറിവന്ന ടീച്ചര്‍ പറഞ്ഞു ഇതുവരെ നിങ്ങള്‍ വരക്കാത്ത ഒരു ചിത്രമാണ് ഇന്ന് വരക്കേണ്ടത്. അതായത് പ്രവാചകന്‍ മുഹമ്മദിന്‍റെ ഫോട്ടോ. ശേഷം ടീച്ചര്‍ തുടര്‍ന്നു നിങ്ങള്‍ക്കറിയാമല്ലോ പ്രവാചകന്‍റെ ചിത്രം വരക്കുന്നതോടെ മുസ്ലിംകള്‍ പ്രകോപിതരായി അതിനെതിരെ രംഗത്തിറങ്ങും അതോടെ നമ്മുടെ ഈ പ്രദേശവും വിദ്യാലയവും വരക്കുന്ന നിങ്ങള്‍ വരെ അറിയപ്പെടും.

ഈയിടെ ഏറെ പ്രേക്ഷകരെ സ്വാധീനിച്ച ഒരുഷോര്‍ട്ട് ഫിലിമിന്‍റെ ഇതിവൃത്തമാണിത്. പ്രകോപനത്തിന്‍റെ രാഷ്ട്രീയ മതകീയ സാമൂഹിക താത്പര്യങ്ങള്‍ വളരെ ലളിതമായി ഇത് അവതരിപ്പിക്കുന്നു. പ്രകോപനങ്ങള്‍ ഉണ്ടാക്കി മുതലടുപ്പ് നടത്തുകയെന്നത് തത്പരകക്ഷികളുടെ എക്കാലത്തെയും രീതിയാണ്.

പ്രകോപനം എന്ന വാക്കിനര്‍ത്ഥം കോപം ഉണ്ടാക്കല്‍ എന്നാണ്. മനസ്സിന്‍റെ ആത്മ നിയനത്രണവും വിവേകപൂര്‍ണ്ണമായ സമനിലയും തകര്‍ത്ത് വൈകാരിവിക്ഷോപം സൃഷ്ടിച്ച് മാരകമായ പ്രതികരണങ്ങള്‍ക്ക് ഇടവരുത്തുകയാണ് പ്രകോപനത്തിന്‍റെ ഉദ്ദേശ്യം. വ്യക്തികളുടെ ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കിയുള്ള ചെറിയ പ്രകോപനങ്ങള്‍ പോലും അക്രമവാസനയെ ഉദ്ദീപിപ്പിക്കും. പ്രകോപനങ്ങള്‍ വഴി വിനാശകരമായ ചെയ്തികളിലേക്ക് നയിക്കുന്ന മനോഘടന മനുഷ്യര്‍ക്കുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ചില പ്രത്യേക ശബ്ദങ്ങള്‍ നിശ്ചിത രീതിയില്‍ കേള്‍പിച്ചാല്‍ മനുഷ്യേതര ജീവികള്‍ വരെ പ്രകോപിതരാകും.

പ്രകോപനം ഒരു ശത്രുസംഹാര മാര്‍ഗ്ഗമെന്ന നിലയില്‍ വ്യാപകമായി ഉപേയോഗിക്കപ്പെടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. വ്യക്തമായ രാഷ്ട്രീയമുള്ള യുദ്ധ തന്ത്രമാണത്. ചെറിയ കുട്ടികളുടെ ഇടപെടലുകളില്‍ മുതല്‍ രാഷ്ട്രാന്തരീയ ബന്ധങ്ങളില്‍ വരെ സമര്‍ത്ഥമായി ഉപയോഗിക്കപ്പെടുന്ന മൂര്‍ച്ചയുള്ള ആയുധമാണ് പ്രകാപനം. അതിന്‍റെ വരും വരായ്കകള്‍ ബോധ്യമുള്ളവര്‍ ജാഗ്രത കാണിക്കുകയും അല്ലാത്തവരെ അതിന്‍റെ ഇരകളായിമാറുകയും ചെയ്യും. വളരെ ആസൂത്രിതവും ബോധ പൂര്‍വ്വവുമായ പ്രകോപനങ്ങള്‍ക്ക് ചരിത്രത്തിലേതു പോലെ വര്‍ത്തമാന കാലത്തും ഇസ്ലാമിക സമൂഹം വിധേയമായിക്കൊണ്ടിരിക്കുകയാണ്.

നബി (സ്വ) യുടെ ഡന്‍മാര്‍ക്കിലെ ജില്ലന്‍റ് പോസ്റ്റന്‍ കാര്‍ട്ടൂണ്‍ വരച്ച് അധിക്ഷേപിച്ചതും ഇസ്ലാം വിരുദ്ധ ആശയങ്ങള്‍ ഇതുവൃത്തമായി നിര്‍മിക്കപ്പെട്ട ചിത്രങ്ങളും എഴുതപ്പെട്ട കലാസൃഷ്ടികളുമെല്ലാം മുസ്ലിംകളെ പ്രകോപിപ്പിച്ച് തെരുവിലിറക്കാന്‍ ഉദ്ദേശിച്ചു കൂടിയുള്ളതായിരുന്നു എന്നു മനസ്സിലാക്കാന്‍ അതിബുദ്ധിയുടെ ആവശ്യമില്ല. ഇസ്ലാം വിരുദ്ധത കുത്തിനിറച്ച് പേനയുന്തുന്ന പലരുടെയും ലക്ഷ്യവും പ്രകോപനം സൃഷ്ടിച്ച് പ്രശസ്തരാവുകയാണ്. കലാമൂല്യം തീരെയില്ലാത്തവ പോലും ഇങ്ങനെ ചര്‍ച്ചയായിട്ടുണ്ട്. എന്ന എഴുത്തുകാര്‍ പ്രശസ്തരായിട്ടുണ്ട് എന്നതിരിച്ചറിവിലാണ് പുതിയ പ്രകാപന എഴുത്തുകാര്‍ രംഗ പ്രവേശം ചെയ്യുന്നത്. ഇസ്ലാം വിമര്‍ശനവും അതുവഴി പ്രകോപനം സൃഷ്ടിക്കലും പ്രശസ്തരാവാനുള്ള എളുപ്പ വഴിയാണെന്നതിന് ഇന്നും കൊണ്ടാടപ്പെടുന്ന പല മലയാള ബുദ്ധി ജീവികളുടെയും ചരിത്രം അടിവരയിടുന്നു.

മതവികാരം വ്രണപ്പെടുത്തിയുള്ള നിരന്തര നിന്ദകളും പ്രകോപനപരമായ ഇടപെടലുകളും ചിലരുടെയെങ്കിലും വികാരങ്ങളെ ഇളക്കിവിടും. അപ്പോള്‍ അവരില്‍ ചിലരെങ്കിലും തെരുവിലിറങ്ങും, അക്രമാസക്തരാവും. അപ്പോള്‍ ഇസ്ലാമിനെ വക്രീകരിച്ച് അവതരിപ്പിക്കാനും പല ദുരാരോപണങ്ങളും സ്ഥാപിക്കാനും എളുപ്പമാവും. എഴുത്തുകളും പ്രസംഗങ്ങളും വരകളും ചലച്ചിത്രങ്ങളും തുറന്നുവിടുന്ന പ്രകോപനങ്ങളുടെ മനശ്ശാസ്ത്ര വശമിതാണ്. ഹിംസാത്മക പ്രതികരണങ്ങള്‍ സൃഷ്ടിക്കാനുള്ള ഈ ഒളി അജണ്ട തിരിച്ചറിയാത്തവരാണ് നൈമിഷിക വികാരത്തിന്‍റെ പുറത്ത് അക്രമോത്സുകരായി തെരുവിലിറങ്ങുന്നത്.

ഇസ്ലാമോഫോബിയയുടെ ഭാഗമായുള്ള വിമര്‍ശനങ്ങളുടെയും ദുഷ് പ്രചരണങ്ങളുടെയും പ്രവാചക നിന്ദകളുടെയും വര്‍ത്തമാനകാലത്ത് നാം മനസ്സിലാക്കേണ്ടത് അധിക്ഷേപവും അക്രമവും പുതുമയുള്ള കാര്യമല്ലെന്നാണ്. അതിന് ഇസ്ലാമിനോളം തന്നെ പഴക്കമുണ്ട്. പ്രവാചകരും അനുയായികളും അതിക്രൂരമായി അക്രമിക്കപ്പെടുകയും അപഹസിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇസ്ലാം സ്വീകരിച്ചതിന്‍റെ പേരില്‍ സിദ്ധീഖ്, ഉസ്മാന്‍,  ബിലാല്‍, അമ്മാര്‍ (റ) തുടങ്ങിയ പ്രമുഖ സ്വഹാബികളെ കൊടും ക്രൂരതക്ക് ഇരയാക്കിയവരൊന്നും മുസ്ലിംകളുടെ പ്രതിക്രിയക്കോ പ്രതികാരത്തിനോ ഇരയായില്ലെന്നതാണ് ചരിത്ര പാഠം.

ലോകത്ത് ഏറ്റവും ദ്രുത ഗതിയില്‍ വളരുന്ന മതമാണ് ഇസ്ലാം. വിവിധ മതങ്ങളില്‍ നിന്ന് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവരുടെ എണ്ണം പാശ്ചാത്യ പൗരസ്ത്യ നാടുകളില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു എന്ന വസ്തുത ഉള്‍കൊള്ളാനാവാതെ പ്രകോപിതരായവരാണ് മുസ്ലിംകളെ പ്രകോപിപ്പിച്ച് ഇസ്ലാമിക സമൂഹത്തിന്‍റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. അവര്‍ തയ്യാറാക്കി വെച്ച അക്രമോത്സുകതയുടെ തിരക്കഥക്ക് മുസ്ലിംകളെ പാകപ്പെടുത്തുകയാണ് അജണ്ട. ഇസ്ലാമിലെ സ്ത്രി, പ്രവാചക കാലത്തെ യുദ്ധങ്ങള്‍ തുടങ്ങി നൂറ്റാണ്ടുകള്‍ പഴക്കമുള്ള വ്യാജവും വക്രീകരച്ചതുമായ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ വീണ്ടും വീണ്ടും പ്രചരിക്കുന്നതും അനാവശ്യ ചര്‍ച്ചകളുടെ കോലാഹലങ്ങള്‍ ഉണ്ടാകുന്നതും തീര്‍ത്തും ആസൂത്രിതമാണ്. യുക്തിപരമായി മറുപടി പറയപ്പെടാത്ത ഒരു പുതിയ ആരോപണവും ഉന്നയിക്കപ്പെട്ടിട്ടില്ല എന്നതാണു വസ്തുത.

പുതിയ സാഹചര്യത്തില്‍ പശു ഏറ്റവും നല്ല പ്രകോപന ഹേതുവാണെന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്.

 പശുവിന്‍റെ പേരില്‍ മനുഷ്യരെ നിഷ്കരുണം തല്ലിക്കൊല്ലുകയും അത് വീഡിയോയില്‍ പകര്‍ത്തി പുറത്തു വിടുകയും ചെയ്യുന്നതിന്‍റെ ചേതോവികാരം മറ്റൊന്നല്ല. അമേരിക്കന്‍ സൃഷ്ടിയായ ഐ.എസ് നടത്തുന്ന കിരാതകൃത്യങ്ങള്‍ ഇസ്ലാമിന്‍റെ പേരില്‍ ചാര്‍ത്തി പ്രചരിപ്പിക്കുന്നതും തീവ്രവാദ പ്രവര്‍ത്തനങ്ങളെ മൊത്തം ഇസ്ലാമിന്‍റെ അക്കൗണ്ടിലെഴുതി ഇസ്ലാമിക തീവ്രവാദം ലേകത്തെ വിഴുങ്ങാന്‍ പോവുന്നു എന്നു തുടങ്ങിയ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതും ഇതേ ലക്ഷ്യത്തിലാണ്. കാസര്‍ക്കോട് പള്ളിയില്‍ കയറി കൊല നടത്തിയത് മുസ്ലിംകളെ പ്രകോപിപ്പിച്ച് കലാപാന്തരീക്ഷമുണ്ടാക്കി മുതലെടുക്കാനാണെങ്കില്‍ കഴിഞ്ഞ റമളാനില്‍ നിലമ്പൂരിനടുത്ത് പോക്കൂട്ടുംപാടം ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്തത് മുസ്ലിംകള്‍ക്കെതിരെ ഹിന്ദുക്കളെ പ്രകോപിപ്പിച്ച് കലാപം ഉണ്ടാക്കാനാണ്. രണ്ടിന്‍റെ പിന്നിലും സംഘപരിവാറാണെന്നറിയുമ്പോഴാണ് ആരെ പ്രകോപിപ്പിച്ചാലും ലാഭം ആര്‍ക്കാണെന്ന് വ്യക്തമാവുന്നത്. ഇവിടെയാണ് നാം ബുദ്ധിപൂര്‍വ്വം പ്രതികരിക്കേണ്ടത്. നൈമിഷികമായ പ്രകോപനത്തിന് വിധേയമായി പ്രതികരണങ്ങള്‍ നടത്തിയാല്‍ വലിയ വില നല്‍കേണ്ടിവരും.

ഇസ്ലാമിനെതിരെ ഉയരുന്ന ശബ്ദത്തിന്‍റെയും നീക്കങ്ങളുടെയും ഉടമകളെ ഇല്ലായ്മ ചെയ്യുകയെന്നതല്ല ഇസ്ലാമിന്‍റെ രീതി. തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കാനാണ് ഖുര്‍ആനിന്‍റെ ആഹ്വാനം. ഏറ്റവും നല്ലതുകൊണ്ട് നീ തിന്മയെതടയുക. അവര്‍ പറഞ്ഞു പരത്തുന്നതിനെ പറ്റി നന്നായറിയാവുന്നവനാണ് നാം.(അല്‍മുഅ്മിനൂന്‍ 96). തരം താണ രീതിയില്‍ ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ക്ക് ഏറ്റവും ഉന്നതവും മാന്യവുമായ രീതിയിലാണ് മറുപടി പറയേണ്ടത്.  വിമര്‍ശകരുടെയും നമ്മുടെയും ഭാഷകളും രീതികളും തമ്മില്‍ വ്യത്യാസമില്ലെങ്കില്‍ പിന്നെ ഇസ്ലാമിക സംസ്കാരത്തിന്‍റെ ഉടമകളെന്ന് പറയുന്നതിന് എന്താണര്‍ത്ഥമെന്ന് നാം ആലോചിക്കണം.

വിദ്വേശം തലക്കുപിടിച്ചവരുടെ അധിക്ഷേപത്തിന്‍റെ സത്യാവസ്ഥ പ്രകോപിതരാവാതെ തുറന്നു കാണിച്ച് ഞങ്ങളുടെ സംസ്കാരം അതല്ല ഞങ്ങളെ പഠിപ്പിക്കുന്നത്, ഞങ്ങള്‍ ഉന്നതമായ ഒരു ജീവിതവ്യവസ്ഥിതി എടുത്തണിഞ്ഞവരാണെന്ന് കര്‍മ്മത്തിലൂടെ തെളിയിക്കാനാവണം. അപ്പോള്‍ ഖുര്‍ആന്‍ പറഞ്ഞതുപോലെ ശത്രുപോലും ഏറ്റവും അടുത്ത മിത്രമായിമാറും (ഫുസ്സിലത്ത് 34).

ഈ വിശുദ്ധ വാക്യങ്ങളാവണം വിശ്വാസിയുടെ മാനിഫെസ്റ്റോ. പള്ളി മിനാരങ്ങള്‍ക്കെതിരെ കാമ്പയിന്‍ നടത്തിയിരുന്ന സ്വിറ്റ്സര്‍ലാന്‍റിലെ സൈനിക ഉദ്യോഗസ്ഥനായിരുന്നു Daniel streuch  വിമര്‍ശനങ്ങള്‍ക്ക് കൂടുതല്‍ തെളിവു തേടി ഖുര്‍ആന്‍ പരതി ഇസ്ലാമാശ്ലേഷിക്കുകയും പ്രബോധന രംഗത്ത് സജീവമാവുകയും ചെയ്ത സംഭവവും നമുക്കു പാഠമാവണം.

ടെറി ജോണ്‍സണ്‍ ഖുര്‍ആന്‍ കത്തിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍ ചെയ്തത് ഖുര്‍ആന്‍റെ 10 ലക്ഷം കോപ്പി പുറത്തിറക്കുകയായിരുന്നു. ഡെന്‍മാര്‍ക്കിലെ ജില്ലന്‍റ് പോസ്റ്റന് നബിനിന്ദാകാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഒരു വിഭാഗം പ്രകോപിതരായി തെരുവിലിറങ്ങിയെങ്കിലും വിവേക ശാലികളായ ഒരു വിഭാഗം മുസ്ലിംകള്‍ നബിയെ പരിചയപ്പെടത്തുന്ന ലഘുലേഖകളും സീഡികളും വിതരണം ചെയ്യുകയായിരുന്നു.

ചിലത് അവഗണിക്കുകയാണ് അതിനെ ശവമടക്കാനും അതിന്‍റെ വക്താവിനെ പ്രശസ്തിയിലേക്ക് ഉര്‍ത്താതിരിക്കാനും ഏറ്റവും നല്ലതെന്ന തത്വശാസ്ത്രം നമുക്കും വെളിച്ചം പകരട്ടെ.

One thought on “പ്രകോപനം; വേണ്ടത് ധൈഷണിക ഇടപെടല്‍”

Comments are closed.