ഒരു അമുസ്ലിമിന്റെ പ്രിയപ്പെട്ട ഇസ്‌ലാം; പുസ്തക പരിചയം.

-റംസാൻ ഇളയോടത്ത്

പ്രശസ്ത എഴുത്തുകാരനും നിരീക്ഷകനും സുപ്രഭാതം ദിന പത്രം എക്സിക്യൂട്ടീവ് എഡിറ്ററുമായ എ. സജീവൻ ബുക്ക് പ്ലസ് പബ്ലിക്കഷനു കീഴിൽ പ്രസിദ്ധികരിച്ച പുസ്തകമാണ് ‘ഒരു അമുസ്ലിമിന്റെ പ്രിയപ്പെട്ട ഇസ്‌ലാം’.ഒരു അമുസ്ലിമായ എഴുത്തുകാരൻ താൻ ഏറ്റവും കൂടുതൽ ഇടപെഴുകുന്ന വ്യക്തികളുടെ മതത്തെ പഠിക്കാൻ ശ്രമിക്കുകയാണിവിടെ.
കറകളഞ്ഞ സ്നേഹത്തിലൂടെ തന്റെ മനസ്സിൽ കയറിപ്പറ്റിയവരിൽ മിക്കവരും മുസ്ലിംകളായിരുന്നുവെന്ന് അദ്ദേഹം ആമുഖത്തിലൂടെ പറയുന്നുണ്ട്. കോളേജ് കാലഘട്ടം മുതൽ പത്ര പ്രവർത്തന ജീവിതത്തിൽ ,തന്നെ സ്വാധീനിച്ച ചില മുസ്ലിം നാമധാരികളുടെ പേരുകൾ അദ്ദേഹം എടുത്തു പറയുക തന്നെ ചെയ്യുന്നുണ്ട്.
ബാബരി മസ്ജിദ്,വേൾഡ് ട്രേഡ് സെന്റർ അക്രമണങ്ങളിലൂടെ ഇസ്‌ലാമിന്റെ പ്രതിഛായ തന്നെ മാറ്റി മറിച്ച് ഇസ്‌ലാമിനെ ഒരു ഭീകര മതമായി ചിത്രീകരിക്കുകയും ചെയ്തപ്പോൾ സ്നേഹിക്കാൻ മാത്രമറിയാവുന്ന സെയ്തലവിയുടെയും സർദാർകുട്ടി മാഷിന്റെയും തെക്കോത്ത് മമ്മുക്കയുടെയും (ഇവരെല്ലാം അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പരിചയക്കാരുമാണ്) മതത്തിന് എങ്ങനെയാണ് ഒരു ഭീകര മതമാകാൻ കഴിയുക എന്ന ഉത്തരം കിട്ടാത്ത ചോദ്യതത്തിനുത്തരം തേടിയാണ് എഴുത്തുകാരൻ ഇസ്‌ലാമിനെ തേടിയിറങ്ങിയത്.അതിനു ശേഷം അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് നൽകിയ ഖുർ ആൻ പരിഭാഷ വായിക്കുന്നതിലൂടെയാണ് അദ്ദേഹം ഈ അന്വേഷണത്തിന് ആരംഭം കുറിച്ചത്.വിശ്വാസത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല ,മറിച്ച് ചരിത്ര വസ്തുതകളുടെയും യുക്തിയുടെയും ബലത്തിലാണ് ഈ പഠനം തയ്യാറാക്കിയിട്ടുള്ളതെന്ന് മാത്രമല്ല ഈ പുസ്തകത്തിൽ അടങ്ങിയിട്ടുള്ള ഖുർആനിക വചനങ്ങളും ഹദീസുകളും അദ്ദേഹം അതിൽ ഗ്രാഹ്യമുള്ളവരെക്കൊണ്ട് പരിശോധിപ്പിച്ചിട്ടുമുണ്ട് എന്ന് ആമുഖത്തിൽ സമർത്ഥിക്കുന്നു.
എന്താണ് ഇസ്‌ലാം?,എന്തുകൊണ്ട് ഇസ്‌ലാം?,എന്ന ചോദ്യങ്ങൾകുത്തരം തേടി ഇസ്‌ലാം സ്ത്രീ വിരുദ്ധമോ?,ഇസ്‌ലാമിനെ ഭീകരമതമാക്കിയതാര്? എന്നീ കാലിക പ്രസക്തമായ ചോദ്യങ്ങൾകുത്തരം നൽകുകയാണ് സജീവൻ ഈ കൃതിയിലൂടെ ചെയ്തിട്ടുള്ളത്.അതിനിടയിൽ അദ്ദേഹം മറ്റു പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തുന്നുമുണ്ട്.
പ്രവാചകന്റെ ജനനം മുതലുള്ള മക്കയുടെയും ഗോത്ര വർഗ്ഗങ്ങളിലൂടെയുമാണ് എഴുത്തുകാരൻ തന്റെ അന്വേഷണം ആരംഭിക്കുന്നത്.ബഹു ദൈവാരാധന നടത്തുന്ന ഗോത്ര വർഗ്ഗങ്ങൾക്കിടയിൽ ഏക ദൈവാരധനയുമായി വന്നതാണ് പ്രവാചകനെന്നും ഏക ദൈവരാധനയും സദ്‌കാര്യങ്ങളിലും വിശ്വാസിക്കലും അവ നടപ്പാക്കലുമാണ് ഇസ്ലാമെന്നും അദ്ദേഹം തുടക്കത്തിൽ തന്നെ പറയുന്നു.
അടുത്തതായി മുഹമ്മദ് എന്ന മാതൃക പുരുഷനെ തേടുകയാണ് അദ്ദേഹം.ബഹു ദൈവാരാധനയും അരാജകത്വവും നിറഞ്ഞ മക്കയിൽ എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം എന്നു പറയാതെ അങ്ങനെ മറ്റുള്ളവർക്ക് മുന്നിൽ ജീവിച്ച് കാണിക്കുകയായിരുന്നു മുഹമ്മദ് നബി.എല്ലാ അനാചാരങ്ങളിൽ നിന്നും വിട്ട് നിന്ന് മറ്റുള്ളവർക്ക് മാതൃകയാവുകയായിരുന്നു പ്രവാചകൻ എന്ന് അദ്ദേഹം പരാമർശിക്കുന്നു.
അടുത്തതായി അദ്ദേഹം തേടിയിറങ്ങുന്നത് എന്തുകൊണ്ട് ഇസ്‌ലാം എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ്. നിരക്ഷരരായ അറബികൾക്കിടയിൽ ‘വായിക്കുക’ എന്ന ദൈവിക സന്ദേശം തന്നെയാണ് ഇസ്‌ലാമിന്റെ പ്രസക്തി എന്ന് അദ്ദേഹം പറയുന്നു. അറിവാണ് ഇസ്‌ലാമിന്റെ ആയുധമെന്നും അറിവില്ലായ്മയായിരുന്നു അറബികളെ നിലവിലെ സാഹചര്യങ്ങളിൽ ജീവിക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. പ്രവാചകത്വം ഒരിക്കലും മുഹമദ് നബി തേടിപ്പിടിച്ചതായിരുന്നില്ല എന്നും മറിച്ച് അത് അദ്ദേഹത്തിന് വന്ന് ചെറുകയായിരുന്നുവെന്നും എഴുത്ത്കാരൻ മനസ്സിലാക്കുന്നു.നയതന്ത്രം ,വിദ്യാഭ്യാസം,സമർപ്പണം എന്നിവയാണ് ഇസ്‌ലാമിന്റെ വിജയ രഹസ്യമെന്ന് എഴുത്തുകാരൻ സമർത്ഥിക്കുന്നു.അതിനുദാഹരണമായി ഹജറുൽ അസ്വദ്‌ ശിലാസ്ഥാപന ചരിത്രം അദ്ദേഹം വിവരിക്കുന്നുമുണ്ട്.
അടുത്തതായി അദ്ദേഹം ഇസ്‌ലാം സ്ത്രീ വിരുദ്ധമാണോ എന്നാണ് അന്വേഷിക്കുന്നത്. ഇസ്‌ലാം സ്ത്രീ വിരുദ്ധമാണോ എന്നത് ഇന്നത്തെ കാലഘട്ടത്തെ മാനദണ്ഡപ്പെടുത്തിയല്ല ഉത്തരം കണ്ടെത്തേണ്ടതെന്നും അത് ഇസ്‌ലാമിന്റെ ആവിർഭവ കാലത്തെ മാനദണ്ഡപ്പെടുത്തിയാണ് വിശകലനം ചെയ്യേണ്ടതെന്ന് തന്റെ അന്വേഷങ്ങൾക്ക് മുൻപ് തന്നെ വായനക്കാരന് മുന്നറിയിപ്പ് നൽകുന്നുണ്ട്. നമുക്കിടയിലുള്ള ആക്ടിവിസ്റ്റുകൾക്കും ഫെമിനിസ്റ്റുകൾക്കും പറ്റിയ തെറ്റും ഇത് തന്നെയാണ്.തുടക്കത്തിൽ തന്നെ ഇസ്‌ലാം ആവിർഭാവ കാലത്തെ മക്കയിലുള്ള പെണ്ണിന്റെ അവസ്ഥയിലേക്കാണ് വായനക്കാരനെ ക്ഷണിക്കുന്നത്.പെണ്കുട്ടികളെ ജീവനോടെ കുഴിച്ച് മൂടിയിരുന്ന, അതിൽ തെറ്റൊന്നും കാണാത്ത ഒരു സമൂഹമായിരുന്നു മക്കയിലേത്.ഇനി അതിനെയെല്ലാം അതിജീവിച്ച് അവൾ വളർന്നാൽ മക്കയിലൂടെയുള്ള അവളുടെ ജീവിതം ദുസഹമായിരുന്നുവെന്ന് എഴുത്തുകാരൻ രേഖപ്പെടുത്തുന്നു.അവൾ വെറും ഭോഗ വസ്തുവായിരുന്നു. ഭർത്താവ് അവളെ പലർക്കും കാഴ്‌ച വെക്കുമായിരുന്നു.മാതാപിതാക്കളുടെ ,ഭർത്താവിന്റെ സ്വത്തിലൊന്നും അവൾക്ക് അവകാസമില്ലായിരുന്നു.ഈയൊരു പശ്ചാത്തലത്തിൽ വെച്ച് ഇസ്‌ലാമിലെ ബഹുഭാര്യത്വം എങ്ങനെ സ്ത്രീ വിരുദ്ധതയാകും എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്.കുത്തഴിഞ്ഞ ലൈംഗിക വേഴ്ചയിൽ നിന്ന് ഒരു സ്ത്രീയുടെ മുഴുവൻ ഉത്തരവാദിത്വവും അവളുടെ സംരക്ഷണവും പുരുഷനു മേൽ ഏല്പിക്കുകയായിരുന്നു ഇസ്‌ലാം ചെയ്തതെന്ന് അദ്ദേഹം സമർത്ഥിക്കുന്നു.പ്രവാചകൻ കഴിഞ്ഞാൽ ആദ്യമായി ഇസ്‌ലാം സ്വീകരിച്ചതും മത പ്രചാരണത്തിനായി പ്രവാചകനെ പ്രചോദനം ചെയ്തതും അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു എന്നുള്ള കാര്യവും അദ്ദേഹം വായനക്കാരെ ഓർമ്മപ്പെടുത്തുന്നു.
തന്റെ പുസ്തകത്തിന്റെ അവസാനമായി അറേബ്യയിൽ പ്രവാചകനും സംഘവും നടത്തിയ യുദ്ധങ്ങളെ കുറിച്ചും വർത്തമാന കാലത്ത് ഇസ്‌ലാമിനെ ഭീകരമതമാക്കിയതാരാണെന്നും യാതൊരു മുൻ വിധികളും കൂടാതെ അന്വേഷണം നടത്തുന്നുണ്ട്.മക്ക എന്നും പോരാട്ട ഭൂമിയായിരുന്നുവെന്നും നിസ്സാര കാര്യങ്ങൾക്ക് വരെ വിവിധ ഗോത്ര വിഭാഗങ്ങൾ പരസ്പരം യുദ്ധം നടത്തിയിരുന്നുവെന്നും എഴുത്തുകാരൻ പറയുന്നു.മാത്രമല്ല മക്കയിൽ നിന്ന് മദീനയിലേക്ക് പാലയാനം ചെയ്ത പ്രവാചകനെയും സംഘത്തെയും ശത്രുക്കൾ അവിടെ വന്നും ദ്രോഹിക്കുകയും ചെയ്തു .അങ്ങനെ മുസ്ലിംകളും ചെറുത്തു നിൽക്കാൻ തുടങ്ങി. അത് അക്രമമായിരുന്നില്ലെന്നും പ്രതിരോധമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ആവിർഭവ കാലം മുതൽ തന്നെ ഇസ്‌ലാം വിമർശനങ്ങൾക്ക് അതീതമായാണ് വന്നതെന്നും ഇസ്‌ലാം പ്രത്യേക മതമെന്ന നിലയിൽ വ്യക്തിത്വം സ്ഥാപിക്കാൻ തുടങ്ങിയതോടെ ജൂതന്മാരുടെ പ്രതികരണത്തിലും മാറ്റം വന്നുവെന്ന് എഴുത്തുകാരൻ കണ്ടെത്തുന്നു.
മുന്നൂറ് പേജുകളിൽ ഇസ്‌ലാമിന്റെ ആവിർഭവം മുതൽ വർത്തമാന ഇസ്‌ലാമിക ലോകത്തെ വരെ വളരെ ലളിതമായി വരച്ചിട്ടിരിക്കുന്ന എഴുത്തുകാരൻ ഒരേ സമയം മത വിരുദ്ധരുടെയും പഠിതാക്കളുടെയും സംശയങ്ങൾക്ക് ഉത്തരം നൽകുന്നു.