ബദ് രീങ്ങള്‍; ധര്‍മസംസ്ഥാപനത്തിന്‍റെ കാവലാളുകള്‍

ഉനൈസ്  റഹ്മാനി വളാഞ്ചേരി

വിശ്വാസി ഹൃദയങ്ങള്‍ക്ക് ആവേശവും അതിജീവനത്തിന്‍റെ ഉര്‍ജ്ജവും നല്‍കുന്ന ഇസ്ലാമിക ചരിത്രത്തിലെ ജാജ്വല്യമാനമായ അദ്ധ്യായമാണ് ബദര്‍. ഭൂമിശാസ്ത്രപരമായി മദീനയില്‍ നിന്ന് അല്‍പമകലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. ഹി. രണ്ടാം വര്‍ഷം റമളാനില്‍ അത്യുഷ്ണമുളള വെളളിയാഴ്ചയാണ് ഇസ്ലാമിക ചരിത്രത്തിലെ പ്രഥമവും അഭൂതപൂര്‍വ്വവുമായ ബദ്ര്‍ യുദ്ധം അരങ്ങേറുന്നത്. പ്രസ്തുത യുദ്ധത്തില്‍ പങ്കെടുത്തവരാണ് ഇസ്ലാമില്‍ തുല്യതയില്ലാത്ത മഹത്വങ്ങള്‍ക്ക് ഉടമയായ ബദ്രീങ്ങള്‍.

ബദ്രീങ്ങളുടെ എണ്ണത്തില്‍ അഭിപ്രായാനൈക്യങ്ങളുണ്ടെങ്കിലും പ്രബലാഭിപ്രായ പ്രകാരം പുണ്യനബി(സ്വ) ഉള്‍പ്പെടെ 314 പേരാണ്. ഇവരില്‍ ബദര്‍ രണാംങ്കളത്തില്‍ പങ്കെടുത്തിട്ടില്ലെങ്കിലും ബദ്റില്‍ പങ്കെടുത്ത പുണ്യം നല്‍കിയ ഉസ്മാന്‍ (റ) അടക്കമുളളവരും ഉള്‍പ്പെടും. ചരിത്ര പണ്ഡിനായ ഇബ്നു ഇസ്ഹാഖി(റ)ന്‍റെ അഭിപ്രായത്തില്‍ മുഹാജിറുകളില്‍ നിന്ന് 83 പോരാളികളും അന്‍സാറുകളില്‍ നിന്ന് 231 (ഔസ് 61, ഖസ്റജ് 170) പേരുമാണ് ബദറില്‍ പങ്കെടുത്തത്.

ബദ്രീങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ അസ്ത്വിത്വം തന്നെ സംശയാസ്പതമാണ്, മാത്രവുമല്ല, പരിശുദ്ധ ദീന്‍ ഭൂമിലോകത്ത് വ്യപരിച്ചതു തന്നെ അവരുടെ അത്യദ്ധ്വാനം കൊണ്ട് മാത്രമാണ്. ബദ്രീങ്ങള്‍ അഞ്ച് വിഭാഗമായാണ് ഇസ്ലാം കണക്കാക്കുന്നത്. പ്രഥമമായി ബദര്‍ യുദ്ധത്തില്‍ സന്നിഹിതരാവുകയും യുദ്ധഭൂമികയില്‍ പടപൊരുതുകയും ചെയ്തവരാണ്. മഹാനായ ഹംസ (റ), അലി(റ), ഉബൈദ(റ) എന്നിവര്‍ ഉദാഹരണം.

രണ്ടാമതായി, ബദറില്‍ ഹാജറാവുകയും യുദ്ധത്തില്‍ പങ്കെടുക്കാത്തവരുമാണ്. മഹാനായ അബൂബക്കര്‍(റ), സഅദ്‌ ബ്നു മുആദ്(റ), തുടങ്ങിയവര്‍ രണഭൂവില്‍ സജീവമായിരുന്നില്ല. അവര്‍ മുത്ത് നബി(സ്വ)ക്ക് കാവല്‍ നില്‍ക്കുകയായിരുന്നു. മുന്നാമതായി മഹാനായ ഉസ്മാന്‍(റ), ത്വല്‍ഹത്ത്(റ), സഅദ് ബ്നു സൈദ്(റ), ആസിമുബ്നു അദിയ്യ്(റ), ഉമ്മു മക്തൂം(റ) തുടങ്ങിയവരെ പ്പോലെ പ്രതിബന്ധങ്ങളുണ്ടായതിനാല്‍ ബദ്റില്‍ പങ്കെടുക്കാത്തവരാണ്. എങ്കിലും യുദ്ധാര്‍ജിത സമ്പത്തില്‍ നിന്നുളള വിഹിതവും ബദ് രീങ്ങള്‍ക്കുളള പ്രതിഫലവും പുണ്യ നബി(സ്വ) അവര്‍ക്കു നല്‍കി.

ബദ്റില്‍ സന്നിഹിതരായെങ്കിലും ഇളം പ്രായം പരിഗണിച്ച് റസൂല്‍(സ്വ) യില്‍ നിന്നും അനുമതി ലഭിക്കാത്തതിനാല്‍ യുദ്ധത്തല്‍ പങ്കെടുക്കാന്‍ സാധിക്കാത്തവരാണ് നാലാമത്തെ വിഭാഗം. ഇബനു ളഹീറ, ഉസാമത്തു ബ്നു സൈദ്, ബറാഉബ്നു ആസിബ്, സൈദുബ്നു സാബിത്ത്, അനസ്ബ്നു മാലിക് തുടങ്ങിയവര്‍ക്കായിരുന്നു യുദ്ധാനുമതി നല്‍കാതിരുന്നത്. അവസാനമായി ഉയര്‍ന്ന പ്രദേശത്തു നിന്ന് യുദ്ധഗതി നിരീക്ഷിച്ചിരുന്നവരാണ് ബദ് രീങ്ങളില്‍ അഞ്ചാമത്തെ വിഭാഗത്തില്‍ പെടുന്നത്. ഹാരിസത്തുബ്നു റുബയ്യഅ് ഇവരില്‍ പെടുന്നു.

വിശ്വാസികളില്‍ മറ്റാര്‍ക്കുമില്ലാത്ത ശ്രഷ്ടതകളും മഹത്വങ്ങളുമാണ് ബദ് രീങ്ങള്‍ക്കുളളത്. ലോകത്തിന്‍റെ അഷ്ടദിക്കുകളിലേക്കും ഇസ്ലാമിന്‍റെ സുന്ദര വാതായനങ്ങള്‍ തുറന്ന് കൊടുത്തവരായിരുന്നു അവര്‍. ഇസ്ലാമിക ചരിത്ര പാതയില്‍ തങ്ക ലിപികളാല്‍ ഉല്ലേഖനം ചെയ്യപ്പെട്ട ബദ്റിന്‍റെയും ബദ്രീങ്ങളുടെയും ശ്രേഷ്ടതയും മഹത്വവും വിശുദ്ധ ഖുര്‍ആനിലൂടെയും തിരുഹദീസിലൂടെയും നമുക്ക് വായിച്ചെടുക്കാനാകും.

നിങ്ങള്‍ ഇഷ്ടമുളളത് പ്രവര്‍ത്തിച്ചോളൂ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കെല്ലാം പൊറുത്തു തന്നിരിക്കുന്നുവെന്ന് സ്രഷ്ടാവ് തന്‍റെ അടിമകളില്‍ നിന്ന് നേരിട്ട് പറഞ്ഞ വിഭാഗമായ ബദ്രീങ്ങളെ കുറിച്ച് പരിശുദ്ധ ഖുര്‍ആനില്‍ കാണാം: വേദനാജനകമായ ശിക്ഷയില്‍ നിന്ന് രക്ഷ നല്‍കുന്ന കച്ചവടത്തില്‍ ഏര്‍പ്പെട്ടവരായിരുന്നു അവര്‍, അഥവാ സ്വന്തം സ്വത്തുകള്‍ കൊണ്ടും ദേഹങ്ങള്‍ കൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തവര്‍(സ്സ്വഫ്:11)
സൂറത്തു തൗബയിലെ 20ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു: സത്യവിശ്വാസം അവലംബിക്കുകയും സ്വദേശം കൈവെടിയുകയും തങ്ങളുടെ ധനവും ദേഹവും കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ പോരാടുകയും ചെയ്തവര്‍ അല്ലാഹുവിന്‍റെ അതിമഹത്തായ പദവിയുളളവരാകുന്നു.

മുത്ത് നബി(സ്വ)യുടെ അദ്ധ്യാപനങ്ങളിലും മഹത്വത്തിന്‍റെ ബദ്രീങ്ങള്‍ നിറഞ്ഞ് നില്‍കുന്നുണ്ട്. മഹാനായ ഇമാം ബുഖാരി (റ) ബദ്റില്‍ പങ്കെടുത്തവരുടെ മഹത്വം എന്ന ശീര്‍ഷകത്തില്‍ ഒരു അദ്ധ്യായം തന്നെ അദ്ദേഹത്തിന്‍റെ സ്വഹീഹില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അനസ് (റ) നിന്ന് നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. കുട്ടിയായ ഹാരിസത്തി(റ)ന് ബദ്റ് യുദ്ധത്തില്‍ അമ്പേറ്റു അപ്പോള്‍ ഹാരിസത്തിന്‍റെ മാതാവ് വേവലാതിപ്പെട്ടപ്പോള്‍ നബി(സ്വ) ഇപ്രകാരം പറഞ്ഞു: നിശ്ചയം ഹാരിസത്ത് (റ) ജന്നാത്തുല്‍ ഫിര്‍ദൗസിലാകുന്നു. (ബുഖാരി)

നബി(സ്വ) പറഞ്ഞു: ബദ്റില്‍ പങ്കെടുത്ത ഒരാളും നരകത്തില്‍ പ്രവേശിക്കുകയില്ല.(അഹ്മദ്) മറ്റൊരു ഹദീസില്‍ കാണാം, ഒരു സ്വഹാബി തിരുദൂതര്‍ (സ്വ) പറഞ്ഞു: റസൂലെ എന്‍റെ പിതൃവ്യ പുത്രന്‍ തീര്‍ച്ചയായും കപടവിശ്വാസിയായിരിക്കുന്നു. അവനെ ഗളച്ഛേദം ചെയ്യാന്‍ എന്നെ അനുവദിച്ചാലും. നബി(സ്വ) പറഞ്ഞു : തീര്‍ച്ചയായും അവന്‍ ബദ്റില്‍ പങ്കെടുത്തിരിക്കുന്നു. അല്ലാഹു അവന് പൊറുത്തു കൊടുത്തേക്കാം.(സീറത്തുല്‍ ഹലബിയ്യ 2/25)

ബദീരീങ്ങള്‍ക്കുളള മഹത്വം പോലെ അവരുടെ നാമങ്ങള്‍ ഉച്ചരിക്കലും പാരായണം ചെയ്യലും നമുക്ക് ഏറെ പുണ്യമുളള കാര്യമാണ്. ബദ്രീങ്ങളെ കുറിച്ച് പാടിയും പറഞ്ഞും മനസ്സിനും ശരീരത്തിനും മരുന്ന് കണ്ടെത്തിയ പൂര്‍വ്വീകരുടെ  പാരമ്പര്യവും പൈതൃകവും നെഞ്ചേറ്റി നമുക്കും നമ്മുടെ ജീവിതം സമ്പന്നമാക്കാം. നാഥന്‍ തുണക്കട്ടെ.ആമീന്‍