മുഹ്യദ്ദീൻമാലയും ഖുതുബിയത്തും: കേരള ജനതക്ക് ആത്മീയത പകർന്ന കാവ്യരൂപങ്ങൾ

ആത്മീയ ലോകത്തെ അനശ്വര നക്ഷത്രവും ഔലിയാക്കളുടെ സുൽത്താനും ഔലിയാക്കളിൽ തന്നെയുള്ള ഖുതുബുക (അച്ചുതണ്ട് )ളുടെ ഖുതുബുമാണ് മഹാനായ ഖുതുബുൽ അഖ്താബ് മുഹിയുദ്ദീൻ അബ്ദുൽ ഖാദർ ജീലാനി(റ). ആത്മീയതയെ ആത്മാഭിലാഷമാക്കിയ മഹാനവർകളെ സംബന്ധിച്ച് ലോകചരിത്രത്തിൽ അതിവിശിഷ്ടവും ഗഹനവുമായ ചർച്ചകളും പഠനങ്ങളും നടന്നിട്ടുണ്ട്. വിവിധ ഭാഷകളിലായി മഹാനവർകളെ സംബന്ധിച്ചുള്ള മാലകളും ബൈത്തുകളും പുറത്തിറങ്ങിയിട്ടുണ്ട്. അത്തരം ചില രചനകളിലെ പ്രമുഖ ഗ്രന്ഥങ്ങളാണ് ഖുത്തുബിയത്തും  മുഹിയുദ്ദീൻ മാലയും. നമ്മുടെ നാടുകളിൽ സാധാരണയായി ചൊല്ലി വരാറുള്ള ഈ രണ്ടുകാവ്യ രൂപങ്ങൾ മുഹിയുദ്ദീൻ തങ്ങളുടെ ജീവചരിത്രത്തെക്കുറിച്ച് വ്യക്തമായ തിരിച്ചറിവും ആ മഹത് ജീവിതത്തിന്റെ സന്ദേശങ്ങളും നമുക്ക് നൽകുന്നുണ്ട്. അതിനുപുറമെ, ആത്മീയതയെ മനുഷ്യമനസ്സുകളിൽ വളർത്തിയെടുക്കുന്നതിൽ ഈ രണ്ട് കാവ്യരൂപങ്ങൾ വഹിക്കുന്നപങ്ക് നിസ്സീമമാണ്.ഈ രണ്ട് കാവ്യ രൂപങ്ങളെക്കുറിച്ചുള്ള ഒരല്പവിവരങ്ങളിലേക്ക് നമുക്ക് കണ്ണോടിക്കാം.

മുഹിയുദ്ദീൻ മാല

ഒരുകാലത്ത് മാപ്പിള മുസൽമാനെ അഭിമാനമായിരുന്ന അറബി മലയാള ഭാഷയിൽ രചിക്കപ്പെട്ട ആദ്യ കാവ്യരൂപമാണ് മുഹിയുദ്ദീൻ മാല. കൊല്ലവർഷം 782 ൽ ഖാസി മുഹമ്മദ് ബിൻ അബ്ദുൽഅസീസ് (ന:മ) എന്നവരാണ് ഈ കാവ്യം രചിച്ചത് .മാലിക് ഇബ്നു ഹബീബ് മാലികുൽ  അൻസാരി എന്നിവരിലേക്കാണ് ഖാസി മുഹമ്മദ് (ന:മ)പരമ്പര ചെന്നെത്തുന്നത്. മുഹിയുദ്ദീൻമാല അടക്കം അഞ്ഞൂറോളം ഗ്രന്ഥങ്ങൾ മഹാനവർകൾ രചിച്ചിട്ടുണ്ട് .ഹിജ്റ 1025ലാണ് മഹാനവർകളുടെ വഫാത്ത് .കോഴിക്കോട് കുറ്റിച്ചിറ വലിയ ജുമാഅത്ത് പള്ളിയുടെ ഹൗളിന്റെ പടിഞ്ഞാറുഭാഗത്താണ് ഖബർ സ്ഥിതി ചെയ്യുന്നത്. 156 ഓളം അറബി മലയാള പദ്യങ്ങളാണ് മുഹിയുദ്ദീൻ മാലയിൽ അടങ്ങിയിരിക്കുന്നത്. പ്രശസ്തമായ പല ഗ്രന്ഥങ്ങളിൽ നിന്നും ലഭിച്ച ശൈഖ് ജീലാനിയുടെ ചരിത്രങ്ങളെ ഏകോപിപ്പിച്ചാണ് മഹാനായ ഖാളിമുഹമ്മദ് മാല എഴുതിത്തയ്യാറാക്കിയത്. ജവാഹിറുൽ ഖലാഇദ്, ഖലാഇദുൽ ജവാഹിർ, അസ്നൽ മഫാഖീർ ,അൽ ഫുയൂളാത്തുറബ്ബാനിയ്യ, തഫ് രീഹുൽഖവാതിർ, ബഹ്ജത്തുൽ അസ്റാർ തുടങ്ങിയ പല ഗ്രന്ഥങ്ങളും മുഹിയുദീൻ ശൈഖ്തങ്ങളെ പറ്റി മാത്രം രചിക്കപ്പെട്ട ഗ്രന്ഥങ്ങളാണ്. മുഹിയദ്ദീൻ മാലയുടെ പ്രധാന അവലംബങ്ങളെ പറ്റി ഖാളിയവറുകൾ തന്റെ മുഹിയുദ്ദീൻ മാലയിൽ രേഖപ്പെടുത്തിയിട്ടുണ്ട് .ആ വരികൾ ഇങ്ങനെ :
“അവർ ചൊന്ന ബൈത്തിന്നും ബഹ്ജ കിതാബിന്നും
അങ്ങിനെ തക്മില
തന്നിന്നും കണ്ടോവർ” അഥവാ ഖാളി മുഹമ്മദ്(റ ) തന്റെ മുഹിയുദ്ദീൻമാല ഉണ്ടാക്കിയെടുത്തത് മഹാനായ ശൈഖ് ജീലാനി (റ) വിന്റെസ്വന്തം പദ്യങ്ങളിൽ നിന്നും ബഹ്ജ, തക്മിലഎന്നീ രണ്ടു ഗ്രന്ഥങ്ങളിൽ നിന്നുമാണ്.
മുഹിയുദീൻ ശൈഖിന് നിരവധി പദ്യ ഗ്രന്ഥങ്ങളുണ്ട്. ഖസീദ അയ്നിയ്യ, ഖസീദനൂനിയ്യ, ഖസീദ ബാഇയ്യ, ഖസീദ ഗൗസിയ്യ, ഖസീദ ലാമിയ്യ എന്നിവ അവയിൽ പ്രസിദ്ധമാണ്

മാലയിലെ ബഹ്ജ കിതാബ് ഏത് ബഹ്ജ

മാലയുടെ ആശയങ്ങൾക്ക് ഖാസി മുഹമ്മദ് (റ) അടിസ്ഥാനമാക്കിയ ഗ്രന്ഥങ്ങളിൽ ഒന്ന് ബഹ്ജയാണെന്ന്നാം കണ്ടുവല്ലോ.
ബഹ്ജ എന്ന് പേരുള്ള നിരവധി ഗ്രന്ഥങ്ങൾ നിലവിലുണ്ട് .എന്നാൽ ഔലിയാക്കളുടെ ചരിത്രം പറയുന്നത് പ്രധാനമായത് മൂന്ന് ബഹ്ജകളാണ് .ഒന്ന്- ബഹ്ജത്തുൽ അബ്റാർ:- ഇമാം ശിഹാബുദ്ദീൻ സുഹ്റവർദി(റ)വാണ് ഇതിന്റെ രചയിതാവ്.ശൈഖ് ജീലാനി തങ്ങളുടെ കീർത്തനങ്ങളും ചരിത്രങ്ങളുമാണ് ഈ ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നത് .രണ്ട് -ബഹ്ജത്തുൽ അസ്റാർ ഫീമഖാമാത്തി വ അവാലിത്വാഇഫ:- ഇബ്നു ജഹ്ളമുൽഹമദാനി എന്നവരാണ് ഈ ഗ്രന്ഥം രചിച്ചത് .പൊതുവേ ഔലിയാക്കളുടെ സ്ഥാനങ്ങളും അവസ്ഥകളും വിവരിക്കുന്നതാണ് ഈ ഗ്രന്ഥം. 3-ബഹ്ജത്തുൽ അസ്റാർ മഅദനുൽ അഗ്ബാർ ഫീ മനാഖി ബിസ്സാദാതിൽ അഖ് യാർ മിനൽ മശാഇഖിൽ അബ്റാർ :-ഇമാം ശത് നൂഫി എന്ന പേരിലറിയപ്പെടുന്ന ശൈഖ് നൂറുദ്ദീൻ അബുൽഹസൻ അലി ഇബ്നു യുസുഫ് ബ്നു ജുറൈറുലിഗമിയ്യുശ്ശത്നൂഫി (ഹി – 644- 713) എന്നവരാണ് ഈ ഗ്രന്ഥത്തിന്റെരചയിതാവ്.
ഈ ബഹ്ജകളിൽൽവെച്ച് ഒന്നും മൂന്നും ജീലാനി തങ്ങളുടെ ചരിത്രവും കീർത്തനവും പറയാൻവേണ്ടി മാത്രം രചിക്കപ്പെട്ടതാണ്.രണ്ടാമത്തേത് ഔലിയാക്കളെ മൊത്തത്തിൽ പരിചയപ്പെടുത്താൻ വേണ്ടി മാത്രം രചിക്കപ്പെട്ടതാണ്. മാത്രമല്ല ,രണ്ടാമത് പരാമർശിച്ച ബഹ്ജയുടെ ഗ്രന്ഥകർത്താവ് ഹി-441 ൽ തന്നെ വഫാത്തായിട്ടുണ്ട്. മുഹിയുദ്ദീൻ ശൈഖ് ജനിച്ചതാകട്ടെ ഹിജ്റ 470ലും. അപ്പോൾ ജീലാനി തങ്ങൾക്കുവേണ്ടി മാത്രം രചിച്ചത് ഒന്നും മൂന്നും ബഹ്ജകളാണ്.അപ്പോൾ മുഹിയുദ്ദീൻ മാലയിൽ പരാമർശിച്ച കിത്താബ് ഒന്നുകിൽ നാം ഒന്നാമത് പരാമർശിച്ച ബഹ്ജത്തുൽ അസ്റാറോ നാം മൂന്നാമതായി പരാമർശിച്ച ബഹ്ജത്തുൽഅസ്റാറോ ആണ്.  അപ്പോൾ ഖാളി മുഹമ്മദ് (റ)ബഹ്ജ കിതാബ് എന്നതുകൊണ്ട് ഈ രണ്ട് ബഹ്ജകളും  കരുതിയിരിക്കാം എന്ന് നമുക്ക് അനുമാനിക്കാം. ഇനി ഒരു ബഹ്ജ മാത്രമാണ് കരുതിയിട്ടുള്ളത് എങ്കിൽ അത് നാം മൂന്നാമത് പരാമർശിച്ച ബഹ്ജയായിരിക്കും.  കാരണം സൂക്ഷ്മശാലിയായ ഒരു ചരിത്രകാരന് ആവശ്യമായ വിധത്തിൽ ഓരോ ചരിത്രസംഭവങ്ങളും രേഖപ്പെടുത്തപ്പെട്ടതും ശൈഖ് ജീലാനി തങ്ങളുടെ ജീവിതം മുഴുവൻ രേഖപ്പെടുത്തപ്പെട്ടതും ഈ ഗ്രന്ഥത്തിലാണ് .എങ്കിലും ഖാളി മുഹമ്മദ് (റ) ബഹ്ജ എന്നത്കൊണ്ട് ബഹ്ജത്തുൽ അസ്റാർ ആണ് കരുതിയിരിക്കുന്നത് എന്ന് ഉറപ്പിക്കാനാവില്ല.

തക്മില

മുഹിയുദീൻ മാലയുടെ മറ്റൊരു അവലംബമാണ് ഗ്രന്ഥമാണ് തക്മില. മഹാനായ ശൈഖ് ജീലാനി (റ) നിന്ന് സ്വപുത്രനെ ഉദ്ധരിച്ച ഗ്രന്ഥമാണ് ഫുതൂഹുൽ ഗൈബ് .ഈ ഗ്രന്ഥത്തിന്റെ അവസാന ഭാഗങ്ങളിലായാണ് തക്മില നിലകൊള്ളുന്നത്. രണ്ട് തകിമലകളാണ് നമുക്കവടെ കാണാൻ കഴിയുക. ഒരു ഒരു തക്മിലയുടെ പേര് തക് മിലത്തുൻ ഫീ ദിക് രി വസായാഹുലി ഔലാദിഹി (ശൈഖ് ജീലാനി (റ) സന്താനങ്ങൾക്ക് നൽകിയ ഉപദേശങ്ങൾ പറഞ്ഞുകൊണ്ടുള്ള സമാപനം )എന്നാണ്. ഇതിൽ ശൈഖവർകളുടെ ഉപദേശങ്ങൾക്ക് പുറമേ ജനന-മരണതീയതികൾ കൂടി പരാമർശിക്കുന്നുണ്ട്. മറ്റൊരുതക്മിലയുടെ പേര് തക് മിലത്തുൻ ഫീ ബയാനി നസബി ഹസ്റത്തിൽ ഗൗസ് ( ഹസ്റത്ത് ഗൗസി(റ)ന്റെപരമ്പര വിശദീകരിച്ചുകൊണ്ടുള്ള സമാപനം) എന്നുമാണ്. ഇതിൽ ശൈഖവറുകളുടെ പരമ്പര വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ശൈഖവർകളുടെ ത്വരീഖത്തിന്റെപരമ്പരയും ഈ ഗ്രന്ഥത്തിലുണ്ട് .ഈ രണ്ട് തക്മിലകളിൽ നിന്നും ഖാളി മുഹമ്മദ് രണ്ടും ഉദ്ദേശിച്ചു എന്നാണ് മനസ്സിലാകുന്നത്. കാരണം രണ്ടിലേയും ആശയങ്ങൾ വ്യത്യസ്തമാണ്. അതിനുപുറമെആ ആശയങ്ങൾ മുഴുവനും ഖാളി മുഹമ്മദ് (റ)മാലയുടെ വിവിധ ഭാഗങ്ങളിൽ ഭാഗങ്ങളിൽ സൂചിപ്പിച്ചിട്ടുമുണ്ട്.ഈ രണ്ടു തക്മിലകൾ പരസ്പരം കൂട്ടിച്ചേർത്താൽ പോലും ഒരു ചെറുഗ്രന്ഥത്തിന്റെ വലുപ്പം വരില്ല. അതുമാത്രമല്ല ഈ രണ്ടുതക്മിലകളും ഫുതൂഹുൽ ഗൈബ് എന്ന ഗ്രന്ഥത്തിൽ കൂട്ടിച്ചേർത്താണ് പുറത്തിറങ്ങാറുള്ളത്. അതുകൊണ്ടുതന്നെ മഹാനായ ഖാസി മുഹമ്മദ് തക്മിലയെ ഒരു ഗ്രന്ഥമായി കണ്ടില്ല എന്നാണ് മനസ്സിലാകുന്നത് .കാരണം, ഖാളിയവറുകൾ ബഹ്ജയെ ബഹ്ജ കിതാബ് എന്നും തക്മിലയെ വെറും തക്മില എന്നുമാണ് പരിചയപ്പെടുത്തുന്നത്. ചുരുക്കത്തിൽ മഹാനായ ഖാളി മുഹമ്മദ് (റ) മുഹിയുദീൻ മാല രചിച്ചത് കൃത്യവും വ്യക്തവുമായ അവലംബങ്ങൾ മുഖേനയാണ്. അതുകൊണ്ടുതന്നെ മുഹിയുദീൻ മാലക്കെതിരിൽ ആര് ആരോപണങ്ങൾ അഴിച്ചു വിട്ടാലും അവരുടെ ആരോപണങ്ങൾ മുഴുവനും അസത്യങ്ങളാണ്. മുഹിയുദീൻ മാലയുടെ ശൈലിയും രീതിയുമെല്ലാം മറ്റുള്ള മാലകളെക്കാൾ ആകർഷണീയമാണ് എന്നതുകൊണ്ടുതന്നെയാണ് പാരമ്പര്യ മുസ്ലിങ്ങൾ മറ്റു മാലകളെക്കാൾ  മുഹിയുദീൻ മാലയെ നെഞ്ചേറ്റിയത്.

ഖുത്തുബിയ്യത്ത് ബൈത്ത്

മഹാനായ ഖുതുബുൽ അഖ്താബ് മുഹിയുദീൻ അബ്ദുൽ ഖാദർ ജീലാനി തങ്ങളുടെ മഹത്വങ്ങൾ അക്ഷരങ്ങളായി  രൂപാന്തരപ്പെട്ടപ്പോൾ ഉണ്ടായി തീർന്നതാണ് ഖുതുബിയ്യത്ത് ബൈത്ത്. മുഹിയുദ്ദീൻ മാല പോലെ തന്നെ നമ്മുടെ നാടുകളിലും പള്ളികളിലും വ്യാപകമായി ചൊല്ലപ്പെടുന്ന ഒന്നാണ് ഖുത്തുബിയ്യത്ത് .അറബി ഭാഷയിൽ രചിക്കപ്പെട്ട ഖുത്ബിയത്ത്മഹാനായ സ്വദഖത്തുള്ള ഖാഹിരി യാണ് രചിച്ചത് .തന്റെ പിതാവായ അശൈഖ് സുലൈമാൻ ഖാഹിരി (റ)വിന്റെ സ്വദേശമായ തമിഴ്നാട്ടിലെ കായൽ പട്ടണത്തിലേക്ക്  ചേർത്താണ് ഖാഹിരി എന്ന് പറഞ്ഞുവരുന്നത്.
ഹിജ്റ 1040 ജനിച്ച മഹാനവർകളുടെ പ്രധാന ഗുരു ഹസ്റത്ത് ചിന്ന നൈനാ ലബ്ബൈആലിം സാഹിബ് (റ) അവർകളാണ് .മഹാനായ സ്വദഖത്തുള്ള ഖാഹിരി നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് .തഖ്സീസുൻ അലാ ഖസീദത്തിൽ ബുർദ, തവ്ളീഉദ്ദലാലത്തി നീ വസ്ഫിൽ ജലാലത്ത്, ഹാശിയത്തു തഫ്സീറിൽ ബൈളാവി എന്നിവ അവയിൽ ചിലത് മാത്രം.നബി തങ്ങളെ പറ്റി അനേകം  മദ്ഹ് ഗീതങ്ങൾ രചിച്ച സ്വദഖത്തുള്ള ഖാഹിരി തങ്ങൾക്ക് തങ്ങൾക്ക് മാദിഹുറസൂൽ എന്ന പേര് വിളിക്കപ്പെട്ടിരുന്നു. അറബിക് കോളേജുകളിലും ദർസുകളിലുള്ള  ബൈത്ത് കിത്താബിലെ “സ്വലാഹുദ്ദീൻ” എന്ന ഗ്രന്ഥം രചിച്ച അശൈഖ് സ്വലാഹുദ്ദീൻ ഖാഹിരി (റ) മഹാനവറുകളുടെ സഹോദരനാണ്.  അപ്രകാരംതന്നെ മീസാൻ, അജ്നാസുസ്സുഗ്റ, അജ്നാസുൽകുബ്റ എന്നിവ രചിച്ച ഹസ്രത്ത്  എന്നിവര് മുഹമ്മദ് ലബ്ബൈ അപ്പാ(റ) സ്വദഖത്തുള്ള തങ്ങളുടെ ഇളയ പുത്രനുമാണ്.ഹിജ്റ 1105 നാണ് സ്വദഖത്തുള്ള ഖാഹിരി വഫാത്തായത്. കീഴക്കര ജുമാഅത്ത് പള്ളിയുടെ വടക്കുഭാഗത്താണ് ഖബർ സ്ഥിതി ചെയ്യുന്നത്.

രചനാസാഹചര്യം

മഹാനായ സ്വദഖത്തുള്ള ഖാഹിരി ഖുത്തുബിയ്യത്ത് രചിക്കാൻ പ്രത്യേക കാരണമുണ്ട് .മഹാനവറുകൾക്ക് മുഹിയുദീൻ ശൈഖ്തങ്ങളുടെ ഖബർ സിയാറത്ത് ചെയ്യാൻ വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, ആ ആഗ്രഹം പൂവണിഞ്ഞില്ല. അക്കാരണത്താൽ മഹാനവറുകൾ വളരെയധികം ദുഃഖിതനായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ സ്വപ്നത്തിൻ മുഹിയുദീൻ ശൈഖ്വന്ന് ഇങ്ങനെ പറഞ്ഞു: “എന്റെപിതാമഹനായ റസൂൽ തങ്ങളുടെ പേരിൽ നിരവധി മദ്ഹഗീതങ്ങൾ എഴുതിയ താങ്കൾ എന്നെ മറന്നു പോയോ ?”
അഥവാ എന്റെ പേരിലും ഒരു മദ്ഹ്ഗീതം രചിക്കണം എന്നായിരുന്നു മുഹിയുദീൻ ശൈഖ് തങ്ങൾ പറഞ്ഞതിനർത്ഥം. ഈ സംഭവത്തോടെയാ ഖാഹിരി തങ്ങൾ ഖുത്തുബിയ്യത്ത് രചിക്കുന്നത് .ഇന്ന് നാം കാണുന്ന കുത്തുബിയ്യത്ത് ഗ്രന്ഥത്തിലെ ബൈത്ത് മാത്രമാണ് സ്വദഖത്തുള്ള ഖാഹിരി (റ)രചിച്ചിട്ടുള്ളത്. തുടക്കത്തിലും ഒടുക്കത്തിലും കാണപ്പെടുന്ന ഫാത്തിഹ ഓതുന്ന രീതിയും മറ്റുമെല്ലാം ക്രോഡീകരിച്ചത് പൊന്നാനി കൊങ്ങണം വീട്ടിൽ ഇബ്രാഹിംകുട്ടി മുസ്‌ലിയാരാണ് .ഫത്ഹുൽൽ മുഈനിന്റെ രചയിതാവായ ചെറിയ സൈനുദ്ദീൻ മഖ്ദൂം (റ) ഏഴാം പൗത്രനായ ആഖിർ സൈനുദ്ദീൻ മഖ്ദൂം തങ്ങളുടെ മൂത്ത പുത്രനാണ് ഇബ്രാഹിം കുട്ടി മുസ്ലിയാർ .
ജീലാനി തങ്ങളുടെ ചരിത്രങ്ങളും കറാമത്തുകളും മഹാനവുകളോടുള്ള സഹായ അഭ്യർത്ഥനകളുമാണ് ഖുത്തുബിയ്യത്ത് ബൈത്തിന്റെ ഉള്ളടക്കം.
കേരള ജനതയിൽ ആഴ്ന്നിറങ്ങിയ രണ്ടുകാവ്യങ്ങളാണ് കുത്തുബിയ്യത്ത് മുഹിയിദ്ദീൻ മാലയും. ഒന്നിന്റെ രചന അറബിയിൽ ആണെങ്കിൽ മറ്റൊന്ന് രചിക്കപ്പെട്ടത് അറബിമലയാളത്തിലാണ്.

വിമർശകരോട്

മാലകളെയും മൗലിദുകളെയും കണ്ണെടുത്താൽ കണ്ടുകൂടാത്ത ഒരു വിഭാഗം നമ്മുടെ നാട്ടിലുണ്ട് .അവർ പറയുന്നത് മാലക്കും മൗലൂദിനുമൊന്നും തെളിവില്ല എന്നാണ്. യഥാർത്ഥത്തിൽ അവ രണ്ടിനുമുള്ള തെളിവുകൾ എണ്ണമറ്റതാണ്. ബാനത് സുആദിലെ ഇന്ന റസൂല ലസൈഫുൻ ….. എന്ന വരി എത്തിയപ്പോൾ നബിതങ്ങൾ കഅബ് ഇബ്നു സുഹൈർ (റ)വിനെ തന്റെ  തട്ടം ധരിപ്പിച്ചതും തങ്ങളുടെ കീർത്തനങ്ങൾ പാടാനായി ഹസ്സാനുബ്നു സാബിത് (റ) ന് നബിതങ്ങൾ മദീന പള്ളിയിൽ പ്രത്യേക മിമ്പർ സ്ഥാപിച്ചതും ഇതിന്റെ വ്യക്തമായ തെളിവുകളാണ്.
ഏതായാലും വളരെ പുണ്യകരമായ മാലകളും മൗലിദുകളുമെല്ലാം നമ്മുടെ നാട്ടിൽ നിന്ന് എടുത്തു മാറ്റപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് മാല മൗലൂദുകൾ കൊണ്ട് നിത്യവസന്തം പെയ്തിറങ്ങിയിരുന്ന നമ്മുടെ വീട്ടകങ്ങൾ ഇന്ന് ടെലിവിഷനും മൊബൈൽഫോണും കയ്യേറിയോ?
നമ്മുടെ മുൻഗാമികളുടെ പാതയിലേക്ക് നമുക്കൊരു തിരിച്ചുനടത്തം വേണം. അത് അനിവാര്യമാണ്. ആത്മീയതയെ സംരക്ഷിക്കാനും , മാരകവും വ്യാപകവുമായ രോഗങ്ങൾക്ക് തടയിടാനും, ഐഹികവും പാരത്രികവുമായ വിജയങ്ങൾ കൈവരിക്കാനുമെല്ലാം അതുതന്നെ മാർഗ്ഗവും. നാഥൻ തുണക്കട്ടെ ആമീൻ.

കെ.ടി അജ്മൽ പാണ്ടിക്കാട്