ഇസ്ലാമിക പ്രബോധന-പ്രചരണരംഗങ്ങളില്‍ നിസ്തുലമായ സംഭാവനകളര്‍പ്പിച്ച തുല്യതയില്ലാത്ത മഹിളാ രത്നങ്ങളാണ് വിശ്വാസിയുടെ മാതാക്കള്‍ എന്നറിയപ്പെടുന്ന നബിപത്നിമാര്‍. ലോകസമൂഹത്തിന് സത്യദീന്‍ പഠിപ്പിക്കാന്‍ നിയോഗിതനായ ആദരവായ പ്രവാചകന്‍റെ(സ) ജീവിതം അടുത്തറിഞ്ഞവര്‍. നബി തങ്ങളുടെ പ്രബോധന വീഥിയില്‍ താങ്ങും തണലുമായി നില്‍ക്കുകയും പില്‍ക്കാലത്ത് പ്രവാചകരില്‍ നിന്നും പഠിച്ചു മനസ്സിലാക്കിയ ദീനീ വിജ്ഞാനങ്ങള്‍ സമൂഹത്തിന് പകര്‍ന്ന് നല്‍കുകയും ചെയ്തവര്‍. വിശ്വാസികളുടെ മാതാക്കള്‍ എന്നാണ് മഹതികളെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ‘നിശ്ചയം നബി(സ)യെ തങ്ങളുടെ ശരീരത്തിനേക്കാള്‍ വിശ്വാസികള്‍ക്ക് പ്രധാനമാണ്. നബി(സ)യുടെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാണ്’ (സൂറത്തുല്‍ അഹ്സാബ്-6)
അള്ളാഹുവില്‍ നിന്നുള്ള ദിവ്യസന്ദേശം ലോകജനതക്ക് പറഞ്ഞു കൊടുക്കാന്‍ നിയോഗിതനായ പ്രവാചകര്‍ മുന്‍കാല പ്രവാചകരെപ്പോലെ ഒരു മനുഷ്യന്‍ തന്നെയായിരുന്നു . ഊണും ഉറക്കവും മറ്റു മനുഷ്യവികാരങ്ങളുമൊക്കെയുള്ളയാള്‍. അല്‍ ഇന്‍സാനുല്‍ കാമില്‍. അള്ളാഹു നിയോഗിച്ചതായ പ്രവാചകന്‍മാര്‍ക്ക് അവന്‍ ഇണകളെയും നല്‍കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘നബിയെ തീര്‍ച്ചയായും നിങ്ങള്‍ക്ക് മുമ്പ് പ്രവാചകന്‍മാരെ ഞാന്‍ അയച്ചിട്ടുണ്ട് അവര്‍ക്ക് ഭാര്യമാരെയും സന്താനങ്ങളെയും നല്‍കിയിട്ടുണ്ട്'(സൂറത്തു റഅ്ദ്-38)-ആ പ്രവാചകചര്യ തിരുനബിയും തുടര്‍ന്നു. അല്ലാഹുവിന്‍റെ നിര്‍ദേശ പ്രകാരമായിരുന്നു അവിടുത്തെ ഓരോ വിവാഹവും അള്ളാഹുവില്‍ നിന്നുള്ള ദിവ്യ സന്ദേശം ലഭിച്ചിട്ടില്ലാതെ ഞാന്‍ വിവാഹം ചെയ്യുകയുണ്ടായിട്ടില്ലെന്ന് റസൂല്‍ (സ)പറയുകയുണ്ടായി.
പ്രവാചകന്‍(സ) വിത്യസ്ത സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലുമായി പതിമൂന്ന് വിവാഹം ചെയ്തിട്ടുണ്ട്. അതില്‍ രണ്ട് പേരോട് വീടുകൂടിയിട്ടില്ല. പതിനൊന്ന് പേരോടാണ് നബി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളത്. കിന്ദ് ഗോത്രക്കാരി നുഅ്മാനിന്‍റെ മകള്‍ അസ്മാഉം കിലാബ് ഗോത്രക്കാരി യസീദിന്‍റെ മകള്‍ അംറുമായിരുന്നു ആ രണ്ടുപേര്‍. യഥാക്രമം വെള്ളപ്പാണ്ട് രോഗവും സ്വാഭാവ ദൂഷ്യവുമായിരുന്നു കാരണം.
ബാക്കിയുള്ള പതിനൊന്ന് പത്നിമാരില്‍ രണ്ടുപേര്‍ നബിയുടെ കാലത്തു തന്നെ വഫാത്തായി. ഖുവൈലിദിന്‍റെ മകള്‍ ഖദീജയും ഖുസൈമിന്‍റെ മകള്‍ സൈനബുമായിരുന്നു അവര്‍. ബാക്കിയുള്ള ഒന്‍പതുപേരും നബിയുടെ വഫാത്തിന്‍റെ സമയത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നു . ആയിശാ(റ), ഹഫ്സാ(റ), സൗദാ(റ), സഫിയ്യ(റ), മൈമൂന(റ), റംല(റ), ഹിന്ദ്(റ), സൈനബ്(റ), ജുവൈരിയ്യ(റ), എന്നിവരാണവര്‍.
സ്വര്‍ഗ്ഗാവശികളാണ് അവിചടുത്തെ ഭാര്യമാര്‍. ‘ഞാന്‍ സ്വര്‍ഗ്ഗാവകാശികളെയല്ലാതെ വിവാഹം ചെയ്തിട്ടില്ലെ’ന്ന് ആദരവായ റസൂല്‍(സ) പറഞ്ഞിട്ടുണ്ട്. സ്നേഹം, ത്യാഗം, സഹനം, തുടങ്ങിയ സ്വഭാവമഹിമകള്‍ക്കുടകളായ ഈ തരുണീ രത്നങ്ങള്‍ വിശ്വാസീ സമൂഹത്തിന് മാതൃകയാണ്. ഒരു ഭര്‍ത്താവിനോട് എങ്ങനെ വര്‍ത്തിക്കണമെന്ന് മഹതികള്‍ തങ്ങളുടെ ജീവിതത്തിലൂടെ വിശ്വാസീസമൂഹത്തിന് പഠിപ്പിക്കുന്നു.
തിരുനബി (സ)യുടെ ദാരിദ്ര്യത്തിലും കഷ്ടതകളിലും നബി(സ) യേയും അല്ലാഹുവിനേയും തിരഞ്ഞെടുത്തവരാണീ മഹിളാരക്നങ്ങള്‍. അതു കൊണ്ട് അല്ലാഹുതന്നെ അവരെ ബഹുമാനിച്ചു. ‘ഇവരെ മാറ്റം വരുത്തുന്നതും…..'(അല്‍അഹ്സാബ്-52). ഇവര്‍ നബിയെ തിരഞ്ഞെടുത്തതിനുള്ള പ്രതിഫലവും നന്ദിയുമായിരുന്നു അത്.
മറ്റുളളവര്‍ നബി പത്നിമാരെ വിവാഹം ചെയ്യുന്നതും ഖുര്‍ആന്‍ വിലക്കുകയുണ്ടായി. അവരെ വിശ്വവാസികളുടെ മാതാക്കളായി പ്രഖ്യാപിക്കുകയും ചെയ്തു. ‘നിശ്ചയം നബിയെ തങ്ങളുടെ ശരീരത്തേക്കാള്‍ വിശ്വാസികള്‍ക്ക് പ്രധാനമാണ്.നബിയുടെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാണ്'(അല്‍ അഹ്സാബ്-6). ‘നബിയെ കഷ്ടപ്പെടുത്താനോ അവിടുത്തെ കാലശേഷം ഭാര്യമാരെ വിവാഹം ചെയ്യാനോ നിങ്ങള്‍ക്ക് അവകാശമില്ല.തീര്‍ച്ചയായും അത് അല്ലാഹുവിന്‍റെ സമക്ഷത്തില്‍ ഗൗരവമേറിയ കാര്യമാണ്'(അല്‍ അഹ്സാബ് 53).
ലോകത്തെ മറ്റേത് സ്ത്രീകളെക്കാളും നബിപത്നിമാര്‍ക്ക് പ്രത്യേകതയും ശ്രേഷ്ടതയുണ്ട്. അവര്‍ ഒരു നډചെയ്താല്‍ മറ്റു സ്ത്രീകള്‍ക്ക് ലഭിക്കുന്നതിന്‍റെ ഇരട്ടി പ്രതിഫലവും; അതേ സമയം തിډ ചെയ്താല്‍ ഇരട്ടി ശിക്ഷയും ലഭിക്കും. അല്ലാഹു തആല പറയുന്നു: ‘ഓ നബിപത്നിമാരെ നിങ്ങള്‍ ലോകത്തെ മറ്റേത് സ്ത്രീകളെയും പോലെയല്ല….’
വിശ്വാസികളുടെ മാതാക്കളെന്ന് അവരെ വിശേഷിപ്പിക്കുന്നത് ആദരവിന്‍റെയും ബഹുമാനത്തിന്‍റെയും കോണിയിലൂടെയാണ്. അല്ലാതെ കാണാനോ സ്പര്‍ശിക്കാനോ അനുവാദമില്ല. ‘ഏതെങ്കിലും സാധനങ്ങള്‍ നിങ്ങള്‍ ഇവരോട് ആവശ്യപ്പെടുന്നുണ്ടങ്കില്‍ മറക്ക് പിന്നില്‍ നിന്നും ആവശ്യപ്പെടുക.'(അല്‍ അഹ്സാബ് 53).
നബി(സ) തങ്ങളുടെ യൗവന കാലഘട്ടത്തില്‍ ഏകപത്നീവ്രതം ആചരിക്കുകയായിരുന്നു. അന്‍പത്തിമൂന്ന് വയസ്സിന് ശേഷമാണ് പ്രവാചകരുടെ(സ) മറ്റുളള എല്ലാ വിവാഹങ്ങളും നടന്നത്. ഇസ്ലാമിക പ്രബോധനം ലക്ഷ്യമാക്കിയിരുന്നു ഓരോ വിവാഹവും.
ഹിജ്റ 8-ാം ആണ്ടില്‍ നാലിലധികം കഴിക്കുന്നത് നിരോധിച്ചുകൊണ്ടുളള ഖുര്‍ആനിക സൂക്തം ഇറങ്ങി. അതിനു മുമ്പായിരുന്നു തിരുനബിയുടെ എല്ലാ വിവാഹങ്ങളും. മാത്രമല്ല നാലില്‍ കൂടുതല്‍ ഭാര്യമാര്‍ എന്നത് നബി(സ)യുടെ മാത്രം പ്രത്യേകതയുമാണ്.
അവിടുത്തെ വിവാഹങ്ങള്‍ക്ക് പിന്നില്‍ മാനുഷീകവും സാമൂഹികവും ധാര്‍മ്മികവുമായ പശ്ചാത്തലങ്ങളുണ്ട്. കൂടാതെ ഭാര്യഭര്‍ത്താക്കډാര്‍ അനുവര്‍ത്തിക്കേണ്ട മര്യാദകളും ദമ്പതിമാര്‍ക്കിടയിലുണ്ടായിരിക്കേണ്ട മനപ്പൊരുത്തവും തിരുനബി(സ)യില്‍ നിന്നാണ് ലോകം പഠിക്കേണ്ടത്. യുദ്ധം പോലുളള സാഹചര്യങ്ങളാല്‍ വിധവകളാകുന്ന സന്ദര്‍ഭങ്ങള്‍ വളരെ വ്യാപകവും, അവരുടെ പുനരുധിവാസം വളരെ സമസ്യയുമായ കാലട്ടമാണിത്. നിലവില്‍ പുരുഷډാരേക്കാളധികം സ്ത്രീകള്‍ ലോകസമൂഹത്തില്‍ ഉള്ള സാഹചര്യത്തില്‍, ഭര്‍ത്താക്കډാര്‍ നഷ്ടപ്പെടുമ്പോള്‍ അവരെ അരാചകത്വത്തിലേക്ക് തളളിവിടാന്‍,അതിലൂടെ സാമൂഹാന്തരീക്ഷം തകര്‍ക്കാന്‍ പരിശുദ്ധ ഇസ്ലാം അനുവധിക്കുന്നില്ല. സമാന സന്ദര്‍ഭം ഉഹ്ദ് യുദ്ധത്തില്‍ ഉണ്ടായപ്പോള്‍ എഴുപത് ശഹീദുകളുടെ ഭാര്യമാരെ വിവാഹം ചെയ്യാന്‍ തിരുനബി(സ) തന്‍റെ സ്വഹാബാക്കളോട് നിര്‍ദേശിക്കുകയായിരുന്നു.
നബി(സ) തങ്ങളുടെ പ്രിയ പത്നിമാരെക്കുറിച്ച്, വിശ്വാസികളുടെ മാതാക്കളെക്കുറിച്ച് ലഘുവിവരണത്തിലേക്ക് കടക്കാം..
ഖദീജ ബീവി
ഖറൈശി പ്രമുഖനായ ഖുവൈലിദിന്‍റെയും ഫാത്വിമ ബിന്‍ത് സായിദയുടെയും മകളായി ജനനം. ജീവിത വിശുദ്ധിയും ശാലീനതയും പവിത്രതയും കുലിനതയും കാരണം മഹതി ത്വാഹിറ എന്ന് വിളിക്കപ്പെട്ടു. അതീഖ് ബിന്‍ ആബിദ്, അബൂഹാല എന്നിവര്‍ ആദ്യ ഭര്‍ത്താക്കന്‍മാരായിരുന്നു. അബൂഹലയില്‍ നിന്നും രണ്ട് സന്താനങ്ങള്‍ അവര്‍ക്കുണ്ടായി ഹാല,ഹിന്ദ് എന്നിവരാണവര്‍. മഹതിയുടെ 40-ാം വയസ്സിലായിരുന്നു 25 കാരനായ പ്രവാചകനുമായുളള വിവാഹം. നബിയുടെ 6 സന്താനങ്ങള്‍ക്ക് മഹതി ജډം നല്‍കി. നബിപത്നിമാരില്‍ ഖദീജ ബീവി മാത്രമാണ് നബി(സ)ക്ക് സന്താനങ്ങളെ നല്‍കിയത്. ഏഴാമതൊരു പുത്രന്‍ മാരിയത്തുല്‍ ഖിബ്തിയ്യ എന്ന അടിമസ്ത്രീയിലായിരുന്നു നബിക്കുണ്ടായത.് ഇബ്റാഹീം എന്നായിരുന്നു ആ കുട്ടിയുടെ പേര്. മറ്റു സന്താനങ്ങള്‍: സൈനബ്(റ), റുഖിയ്യ(റ), ഉമ്മു കുല്‍സൂം(റ), ഫാത്വിമ(റ), ഖാസിം(റ), അബ്ദുല്ല(റ) എന്നിവരാണ്. നുബുവ്വത്തിന്‍റെ 10-ാം വര്‍ഷം റമളാന്‍ 10-ന് 65-ാം വയസ്സിലാണ് മഹതി ഇഹലോകവാസം വെടിഞ്ഞത്.
മികച്ച കച്ചവട നൈപുണ്യമുളളവരായിരുന്നു മഹതി. കച്ചവടത്തിലൂടെ ധാരാളം സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്. പ്രവാചകശ്രേഷ്ഠരുടെ സൂചനകള്‍ അറിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് പ്രവാചകശ്രേഷ്ഠരുമായുളള വിവാഹം. അത് കൊണ്ട്തന്നെയാണ് അതിസമ്പന്നയായ ഖദീജ ബീവിക്ക്, നബിക്ക് പ്രയാസങ്ങള്‍ ഏല്‍ക്കേണ്ടിവന്ന സന്ദര്‍ഭങ്ങളിലൊക്കയും തന്‍റെ സുഖവും സ്വാസ്ഥവും നോക്കി പോകാതെ നബി തങ്ങളുടെ കൂടെ താങ്ങും തണലമായി വര്‍ത്തിക്കാന്‍ പ്രേരകമായത്.
പ്രബോധന ദൗത്യം കരഗതമാകുന്ന ഭയാനകവും തീവ്രവുമായ സന്ദര്‍ഭത്തില്‍ അതിനോടെല്ലാം സമസപ്പെടാന്‍ നബിക്ക് സഹായകമായത് ഖദീജ ബീവിയുടെ ഇടപെടലുകളാണ്. പ്രബോധന വീഥിയില്‍ വരുന്ന പ്രശ്നങ്ങള്‍, പ്രയാസങ്ങള്‍ ഉറ്റവരില്‍ നിന്നും ഉടയവരില്‍ നിന്നുപോലുമേല്‍ക്കുന്ന ആക്ഷേപങ്ങളും ദുരാരോപണങ്ങളും മഹിതിയുടെ സാമീപ്യം കൊണ്ട് ഇല്ലാതായിത്തീരും. അത് കൊണ്ട് തന്നെ ഒരിക്കല്‍ ജിബ്രീല്‍(അ) പറയുന്നു: ‘ഓ പ്രവാചകരെ ഇതാ ഖദീജാ അങ്ങയുടെ സവിധത്തിലേക്ക് വരാനിരിക്കുന്നു. അവരെത്തിയാല്‍ അവരുടെ നാഥന്‍റെയും എന്‍റെയും സലാം അറിയിക്കുക. സ്വര്‍ഗ്ഗത്തിലെ മണിമാളികളെ കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുക.’
ഇസ്ലാമിക പ്രബോധനം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുമ്പോള്‍ അതിനെതിരെ നബി കുടുംബത്തെ ഭ്രഷ്ട്കല്‍പ്പിച്ച് ശിഅ്ബു അബീ ത്വാലിബില്‍ ഒറ്റപ്പെടുത്തിയപ്പേള്‍ നബി തങ്ങള്‍ക്ക് കരുത്ത് പകര്‍ന്നത് ഖദീജ ബീവിയായിരുന്നു. ഉപരോധം തീരുന്നത് വരെ ഭര്‍ത്താവിനും മക്കള്‍ക്കും സേവനം ചെയ്യാന്‍ ഇസ്ലാമിന് വേണ്ടി തന്‍റെ സമ്പത്ത് മുഴുവന്‍ വാരിക്കോരി നല്‍കിയ ആ മഹതി മുന്നിലിണ്ടായിരിന്നു.
ഹിറാഗുഹയിലെ സംഭവവികാസങ്ങളില്‍ ഭയവിഹ്വലനായ നബി തങ്ങളോട് മഹതി പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘പ്രിയനേ സന്താഷിക്കുക. അല്ലാഹു അങ്ങയെകൊണ്ട് നډയല്ലാതെ പ്രവര്‍ത്തിക്കില്ല.” നബി തങ്ങള്‍ മഹതി മനസ്സിലാക്കിയ, പ്രതീക്ഷിച്ച പ്രവാചകത്വം ലഭ്യമാകുന്ന സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകുമ്പോള്‍ എല്ലാം ഉള്‍ക്കൊള്ളുകയും സഹിക്കുകയും തന്‍റെ ഭര്‍ത്താവിനാവശ്യമായ മാനസീകാരോഗ്യം ഉറപ്പു വരുത്തുകയായിരുന്നു. നബി തങ്ങള്‍ മലമുകളില്‍ ഏകാന്തവാസമനുഷ്ഠിക്കുമ്പാള്‍ തന്‍റെ ഭര്‍ത്താവിന് സ്നേഹം കുഴച്ച് ഭക്ഷണം നല്‍കി കണ്‍കുളിര്‍ക്കെ തിരിച്ചിപോരുന്ന മഹതി ഉത്തമഭാര്യക്കുളള ഏറ്റവും വലിയ മാതൃകയാണ്.
പണ്ഡിതډാര്‍ പഠിപ്പിക്കുന്നു ആദ്യമായി ഇസ്ലാം മതം ആശ്ലേഷിച്ചത് മഹതിയായിരുന്നു. ആയതിനാല്‍ തന്നെ പില്‍ക്കാലത്ത് മുസ്ലിമാകുന്ന എല്ലാവരുടെയും ഒരു കൂലി മഹതിക്കും ലഭിച്ചുകൊണ്ടിരിക്കും.
സൗദ ബിന്‍ത് സംഅ
സംഅ:യുടെയും ശുമൂസിന്‍റെയും മകളാണ് സൗദ(റ).അക്കാലത്ത് നിലന്നിരുന്ന വിഗ്രഹാരാധനയും ആരാധന രീതികളും മാനസികമായി എതിര്‍ക്കുകയും മാറ്റം വരാന്‍ ആഗ്രഹിക്കുകയും ചെയ്തവരായിരുന്നു മഹതി. ആദ്യ ഭര്‍ത്താവ് പിതൃവ്യപുത്രന്‍ സക്റാന്‍ എന്നവരായിയുന്നു. ഭര്‍ത്താവും സമാനചിന്താഗതിക്കാരനായതില്‍ മഹതി അത്യധികം സന്തോഷിച്ചു. സക്റാനിന്‍റെ മരണശേഷം നുബുവ്വത്തിന്‍റെ 10-ാം വര്‍ഷമാണ് മഹതിയും പ്രവാചകരുമായുളള വിവാഹം നടന്നത്. നബിയോടൊപ്പം 14 വര്‍ഷം താമസിച്ചു. ഉമര്‍(റ)ന്‍റെ ഖിലാഫത്ത് കാലത്ത് കാലത്ത് ശവ്വാല്‍ മാസത്തില്‍ മദീനയില്‍ വെച്ച് വഫാത്തായി.
ഇസ്ലാമുമായി നബിതങ്ങള്‍ കടന്നുവന്നപ്പോള്‍, ആ സത്യമതത്തില്‍ ആദ്യകാലത്ത് തന്നെ വിശ്വസിച്ചവരായിരുന്നു സൗദ ബീവിയും ഭര്‍ത്താവ് സക്റാനും. ഇരുവരും ഹബ്ശയിലേക്ക് ഹിജിറ പോയിട്ടുണ്ട്.അത് രണ്ടാം എത്യോപ്യന്‍ പാലായനമായിരുന്നു. വളരെ ത്യാഗസന്നദ്ധതയുള്ളവരായിരുന്നു മഹതി. മക്കയില്‍ പ്രതികൂല കാലാവസ്ഥയുണ്ടായിട്ടും ഭൗതിക സുഖങ്ങള്‍ക്ക് മുന്നില്‍ വിശ്വാസം പണയം വെക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. പിന്നീട് മക്കയിലേക്ക് തിരിച്ചുപോന്നു. ആയിടക്കാണ് തന്‍റെ പ്രിയതമനും ഏക അത്താണിയുമായ സക്റാന്‍ എന്നവരുടെ മരണം. മഹതി അതീവ ദുഖിതയായി. ഏകദൈവവിശ്വാസത്തെ എതിര്‍ക്കുന്ന തന്‍റെ കുടുംബത്തിലേക്ക് തന്നെ തിരിച്ചു പോകാന്‍ മഹതി തയാറായില്ല. തന്‍റെ കുഞ്ഞു പൈതല്‍ അബ്ദുറഹ്മാന്‍റെ സംരക്ഷണം സ്വയം ഏറ്റെടുത്ത് അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് മഹതി ജീവിച്ചു.
നുബുവ്വത്തിന്‍റെ പത്താം ആണ്ട് മുസ്ലികള്‍ക്ക് ദുഖം നിറഞ്ഞതായിരുന്നു. നബിയെ സംരക്ഷിച്ചിരുന്ന അബൂത്വാലിബിന്‍റെയും നബിയുടെ ഇഷ്ടഭാജനം ഖദീജാ ബീവിയുടെയും വിയോകഗമായിരുന്നു അതിന് നിദാനം. അപ്പോള്‍ നബി തങ്ങള്‍ക്ക് നേരെയുള്ള ശത്രുക്കളുടെ പീഢനങ്ങളും അക്രമങ്ങളും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നു. നബിയുടെ സന്താനശുശ്രൂഷക്കും പരിപാലനത്തിനും ഗാര്‍ഹികവൃത്തികളേറ്റെടുക്കാനും പക്വമതിയായ സ്ത്രീയെ ആവശ്യമായി വന്നു. നബി (സ)തങ്ങള്‍ ഖൗല ബിന്‍ത് ഹക്കീമിന്‍റെ അഭിപ്രായം സ്വീകരിച്ച് സൗദാ ബീവിയെ വിവാഹമന്വേഷിച്ചു. മഹതി അത് സമ്മതിച്ചു. അങ്ങനെ ഇരുവരുടെയും വിവാഹം നടന്നു.തിരുനബിയുടെ കുടുംബവിളക്കായി സൗദാബീവി(റ) ജീവിച്ചു- നബിയുടെ മകളെ തന്‍റെ കുട്ടികളെ പേലെയവര്‍ പരിപാലിച്ചു.
തന്‍റെ മകന്‍ അബ്ദുറഹ്മാന് നല്‍കിയതിലേറെ ലാളനയും വാത്സല്യവും അഹ്ലുബൈത്തിലെ സന്ധതികള്‍ക്കവര്‍ നല്‍കി. അങ്ങനെ തന്‍റെ പ്രാണനാഥനായ ഖദീജ ബീവി(റ)യുടെ വിയോഗത്തിനും ഉമ്മയില്ലാത്ത തന്‍റെ സന്താനങ്ങളുടെ പരിപാലന സമസ്യക്കും പരിഹാരം കാണാന്‍ സൗദാബീവിക്കായി- നബി (സ്വ)യുടെ ഇംഗിതമനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഭാര്യയാവാന്‍ മഹതിക്ക് സാധിച്ചു. പ്രബോധന പ്രവര്‍ത്തിനങ്ങളില്‍ മുഴുകിയ പ്രവാചകന് കുടുംബഭാരം കൂടി നല്‍കി മുഷിപ്പിക്കാതിരിക്കാന്‍ കുടുംബ ചുമതല പൂര്‍ണമായി സൗദാ ബീവി ഏറ്റെടുത്തു.
ഭാര്യമാരില്‍ പ്രായമേറിയവളാകയാല്‍ മാനസിക ക്ഷീണം വരാതിരിക്കാന്‍ ത്വലാഖ് ആവശ്യപ്പെട്ടാല്‍ നല്‍കാമെന്ന് തിരുനബി (സ്വ)പറഞ്ഞപ്പോള്‍ ‘ഒരിക്കലും അങ്ങെന്നെ വിവാഹമോചനം ചെയ്യരുതേ. അന്ത്യനാളില്‍ വിശ്വാസികളുടെ മാതാവായി പുനര്‍ജനിക്കാനാണെനിക്കിഷ്ടം’ എന്നായിരുന്നു മഹതിയുടെ മറുപടി. ഉയര്‍ന്ന സ്വഭാവമഹിമയുള്ളവരായരുന്നു മഹതി. ഒരിക്കല്‍ ആയിശാ ബീവി (റ) പറഞ്ഞു.:’ ഞാന്‍ കണ്ടതില്‍ വെച്ച് തീരെ അസുയ തൊട്ടുതീണ്ടാത്ത ഒരേയൊരു സ്ത്രീ സൗദ (റ) മാത്രമാണ്.’ തന്‍റെ പ്രായക്കൂടുതന്‍ കണക്കിലെടുത്ത് തന്‍റെ ഊഴം നബിക്കിഷ്ടപ്പെട്ട മറ്റൊരു പത്നിക്ക് (ആയിശ(റ) ) നല്‍കുകയും ചെയ്തു.
ക്രോഡീകരിക്കപ്പെട്ട ഹദീസുകളില്‍ അഞ്ച് എണ്ണം സൗദാ ബീവിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പട്ടതാണെന്ന് ഇമാം ബുഖാരി (റ) രേഖപ്പെടുത്തിയിട്ടുണ്ട്.
ആയിശാ ബീവി (റ)
പ്രവാചകന്‍റെ ഇഷ്ടതോഴന്‍ അബൂബകര്‍ സിദ്ധീഖ് (റ)ന്‍റെയും ഉമ്മു റുമ്മാന്‍ എന്ന സൈനബിന്‍റെയും മകളാണ് ആയിശ (റ). നുബുവ്വത്തിന്‍റെ നാലാം വര്‍ഷമാണ് മഹതിയുടെ ജനനം. നുബുവ്വത്തിന്‍റെ പത്താം വര്‍ഷം മക്കയില്‍ വെച്ച് മഹതിയുടെ വിവാഹം നടന്നുവെങ്കിലും വീടുകൂടിയത് ഹിജ്റ രണ്ടാം വര്‍ഷം ശവ്വാലില്‍ മദീനയില്‍ വെച്ചാണ്. ഹിജ്റാബ്ദം അന്‍പത്തേഴില്‍ റമളാന്‍ പതിനേഴിന് ചൊവ്വാഴ്ച അറുപത്തിയാറു വയസ്സുള്ള ആയിശാ ബീവി വഫാത്തായി. ജന്നത്തുല്‍ ബഖീഇലാണ് മറവ് ചെയ്തത്.
നബിയുടെ സന്തതസഹചാരി അബൂബകര്‍ (റ) ന്‍റെ മകളാണെന്നതാണ് മഹതിയുടെ ഏറ്റവും വലിയ പ്രത്യേകത.റസൂല്‍ (സ) വിവാഹം ചെയ്ത ഏക കന്യകയും ആയിശാ ബീവി (റ) യാണ്. അപാരമായ ഗ്രാഹ്യ ശക്തിയും ബുദ്ധിശക്തിയും ചെറുപ്പം മുതല്‍ക്കേ ഉണ്ടായിരുന്നു. പ്രവാചക തിരുമേനിക്ക് തന്‍റെ ഭാര്യമാരില്‍ ഏറ്റവും ഇഷ്ടം മഹതിയോടായിരുന്നു. അവരിരുവരും ലോകത്തിനു തന്നെ മാതൃകാ ദമ്പതിമാരായിരുന്നു. സൗദ(റ) തന്‍റെ ഊഴം (ഭാര്യക്ക് നിശ്ചയിക്കപ്പെട്ട ദിവസം) ആയിശാ ബീവിക്കാണ് നല്‍കിയത്.
തിരുനബിയോട് അളവറ്റ സ്നേഹമായിരുന്നു ആയിശാ ബീവി(റ)ക്ക്. അതുകാരണമാണ് തനിക്കെതിരെ അപവാദം പറഞ്ഞവരോട് പോലും, അവര്‍ നബിയുടെ മദ്ഹ് പാടിയവരല്ലേ എന്ന കാരണം പറഞ്ഞ് പൊറുത്തു കൊടുത്തത്. അന്ന് നേരിട്ട അപവാദത്തില്‍ മഹതിയുടെ നിരപരാധിത്വം തെളിയിച്ചത് അല്ലാഹുവായിരുന്നു, അതും ഖുര്‍ആനിക വചനങ്ങള്‍ ആകാശത്ത് നിന്നും അവതരിപ്പിച്ചുകൊണ്ട്.
ആയശാ ബീവിയുടെ വിരിപ്പില്‍ വെച്ച് ആയിശാ ബീവിയുള്ളപ്പോള്‍ തന്നെ റസൂലിന് അല്ലാഹുവിന്‍റെ വഹ്യ് ലഭിച്ചു എന്നത് മഹതി ആയിശാ (റ) ന്‍റെ വലിയൊരു പ്രത്യേകതയാണ്. നബിയുടെ വഫാത്ത് കണക്കുപ്രകാരം ആയിശാ ബീവി(റ)യുടെ ദിവസമായിരുന്നു. മഹതിയുടെ വീട്ടില്‍ തന്നെയാണ് നബി(സ) തങ്ങളെ മറവ് ചെയ്തതും.
ഒമ്പതാം വയസ്സില്‍ വിവാഹിതയായ മഹതിക്ക് നബി വഫാത്താവുമ്പോള്‍ പ്രായം പതിനെട്ട്. ഇക്കാലയളവില്‍ ഭര്‍ത്താവില്‍ നിന്നും സ്വായത്തമാക്കിയ അറിവ് സ്വജീവിതത്തില്‍ പകര്‍ത്തുകയും പില്‍ക്കാലത്തെ ജനങ്ങള്‍ക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. ഇസ്ലാമികാധ്യാപനങ്ങളുടെ പ്രധാന പങ്കും പില്‍ക്കാല സമൂഹം പഠിച്ചത് ആയിശാ ബീവിയിലൂടെയാണ്. നബി(സ) മഹതിയുമായി സഞ്ചരിക്കുമ്പോള്‍ മത്സരിക്കുകയും ആദ്യ തവണ ആയിശ ബീവിയും പിന്നീടൊരിക്കല്‍ നടന്ന മത്സരത്തില്‍ നബി(സ) തങ്ങള്‍ വിജയിക്കുകയും ചെയ്തു. ഒരിക്കല്‍ റസൂല്‍ (സ) ശുദ്ധജലത്തില്‍ നോക്കി താടിയും മുടിയും ശരിയാക്കുന്നത് കണ്ടപ്പോള്‍ ആയിശാ ബീവി ചോദിച്ചു:ഈ പ്രായത്തിലാണോ സൗന്ദര്യ ശ്രദ്ധ? ആ സമയം നബി തങ്ങളുടെ മറുപടി ഇങ്ങനെയായിരുന്നു. ‘ഒരു പുരുഷന്‍ അവന്‍റെ സുഹൃത്തുക്കളുടെ അടുത്തേക്ക് പുറപ്പെടുമ്പോള്‍ അവര്‍ക്ക് വേണ്ടി അവന്‍ തയ്യാറാവട്ടെ. നിശ്ചയം അല്ലാഹു സുന്ദരനാണ്. സൗന്ദര്യത്തെ ഇഷഅടപ്പടുന്നവനും.’-എന്നിങ്ങനെയുള്ള ധാരാളം അധ്യാപനങ്ങള്‍ ജനങ്ങളിലേക്ക് എത്തിയത് ആയിശാ ബീവിയിലൂടെയാണ് .
അന്വേഷണ ത്വര മഹതിയുടെ പ്രത്യേകതയായിരുന്ന എന്തു കാര്യവും ചോദിച്ച് മനസ്സിലാക്കിയെടുക്കും . നബി (സ) തങ്ങളെ കണ്ടും കേട്ടും അറിഞ്ഞും മനസ്സിലാക്കിയവരാണ് ബീവി ആയിശാ (റ) . ഇമാം സുഹരി (റ) പറയുന്നു: ‘തിരുനബി പത്നിമാരുടെയും ലോകത്തെ മുഴുവന്‍ സ്ത്രീകളുടെയും വിജ്ഞാനം ഒരു തട്ടിലും ആയിശാ(റ)വിന്‍റേത് മറ്റെ തട്ടിലും വെച്ചാല്‍ ആയിശാബീവിയുടെ വിജ്ഞാനമാണ് ശ്രേഷ്ഠം.’
2210ഹദീസുകള്‍ മഹതിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് 174 എണ്ണം ബുഖാരി -മുസ്ലിം ഒരുമിച്ചും 54 എണ്ണം ബുഖാരി ഇമാമും 68 എണ്ണം മുസ്ലിം ഇമാമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
വലിയ ഉദാരമതിയായിരുന്നു മഹതി ഉര്‍വ (റ) പറയുന്നു: ‘സമ്പത്തില്‍ നിന്നും ഒന്നും സൂക്ഷിച്ചുവെക്കുന്ന പതിവ് ആയിശാബീവിക്കുണ്ടായിരുന്നില്ല. എല്ലാം അള്ളാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിക്കും.’ആയിശാബീവിയുടെ 18000ദീനാര്‍ കടം മുആവിയാ (റ) വീട്ടി ഇതു മുഴുവനും പാവങ്ങള്‍ക്ക് അവര്‍ നല്‍കിയതായിരുന്നു.
ഹഫ്സ്വ (റ)
ഇസ്ലാമിലെ രണ്ടാം ഖലീഫ ഉമര്‍ബിന്‍ഖത്താബ് (റ)ന്‍റെയും സൈനബ് ബിന്‍ത് മള്ഊന്‍ (റ)ന്‍റെയും മകളായി നുബുവ്വത്തിന്‍റെ 5 വര്‍ഷം മുമ്പ് ഖുറൈശികള്‍ കഅ്ബപുതുക്കിപ്പണിയുന്ന സമയത്ത് ജനിച്ചു . ഖുനൈസ് ബിന്‍ ഹുദാഫയുമായി ആദ്യവിവാഹം. അദ്ദേഹം ഉഹ്ദില്‍ വഫാത്തായി . ഇരുവരും ഹബ്ശയിലേക്ക് പാലായനം ചെയ്തിട്ടുണ്ട് . ഹിജ്റ 3 ല്‍ നബിയുമായി വിവാഹം ഹിജ്റ 45 ല്‍ ശഅ്ബാനില്‍ മുആവിയ (റ)വിന്‍റെ ഭരണകാലത്ത് 60ാം വയസ്സില്‍ മരണം. ജന്നത്തുല്‍ ബഖീഇലാണ് മഖ്ബറ.
നബിപത്നിമാരില്‍ ആയിശാബീവിയുടെ തൊട്ടടുത്തസ്ഥാനമാണ് ഹഫ്സാബീവിക്ക് . ധൈര്യവും നീതിബോധവുമുള്ളവരായിരുന്നു അവര്‍ .മഹതിക്ക് 11 വയസ്സ് പ്രായമുള്ളപ്പോഴാണ് പിതാവ് ഇസ്ലാമിലേക്ക് കടന്നുവന്നത്.
ഒരിക്കല്‍ ഹഫ്സാബീവിയുടെ ദിവസത്തില്‍ മഹതി പുറത്ത് പോയപ്പോള്‍ അവിടെ കയറി വന്ന മാരിത്തുല്‍ ഖിബ്ത്തിയ്യ എന്ന സ്ത്രീയുമായി നബിതങ്ങള്‍ സംസര്‍ഗത്തിലേര്‍പ്പെട്ടു . ഹഫ്സാബീവി തിരിച്ചുവന്നപ്പോള്‍ നബിയുടെ കൂടെ മാരിയയെ കണ്ടു . അവര്‍ ദ്യേഷ്യത്തോടെ ചോദിച്ചു നബിയെ എന്‍റെ വീട്ടില്‍ വെച്ച് എന്‍റെ വിരിപ്പില്‍ ഇത് വേണ്ടായിരുന്നു. അവര്‍ വിതുമ്പി … ഹഫ്സയെ സമാധാനിപ്പിക്കാന്‍ നബി ചോദിച്ചു ഇനി മുതല്‍ ഞാന്‍ മാര്യയുമായി ബന്ധപ്പെടുകയില്ലെന്ന് ശപഥം ചെയ്താല്‍ നീ സന്തോഷിക്കുമോ അതെ എന്ന് ഹഫ്സാബീവി. എന്നാല്‍ നീ ഇത് രഹസ്യമാക്കണം എന്ന് തിരുനബി. മഹതിക്കതിന് കഴിഞ്ഞില്ല ആയിശാബീവിയോട് കാര്യം പറഞ്ഞു. ഇരുവരെയും ആക്ഷേപിച്ച് ഖുര്‍ആന്‍ അവതരിച്ചു. സൂറത്തുത്തഹ്രീമിലെ ആദ്യ സൂക്തങ്ങള്‍.
ഹഫ്സാബീവിയുമായി ബന്ധപ്പെട്ട ഈ സംഭവം കുടുംബ ജീവിതത്തിലെ മര്യാദയുടെയും അച്ചടക്കത്തന്‍റെയും പാഠം വിശ്വാസി സമൂഹത്തിന് നല്‍കി . ഭാര്യഭര്‍ത്താക്കന്‍മാരുടെ പെരുമാറ്റവും സമീപനവും സൂക്ഷമവും സ്വകാര്യവുമാകണമന്ന് ഈ സംഭവം പഠിപ്പിച്ചു.ഖുര്‍ആനിന്‍റെ സൂക്ഷിപ്പുകാരിയായിരുന്നു മഹതി . അബൂബക്കര്‍ (റ) ന്‍റെ കാലത്തത് ക്രോഡീകരിക്കപ്പെട്ട മുസ്ഹഫ് പിന്നീട് ഉമര്‍ (റ) ശേഷം ഹഫ്സാ ബീവിയുമാണ് സൂക്ഷിച്ചത്. ഉസ്മാന്‍ (റ) ന്‍റെ കാലത്ത് മഹതിയില്‍ നിന്ന പകര്‍ത്തി എഴുതാന്‍ മുസ്ഹഫ് വാങ്ങുകയും പകര്‍പ്പ് തയ്യാറാക്കി മുസ്ലിം പ്രദേശങ്ങളിലേക്ക് അയച്ചുകൊടുത്ത ശേഷം മഹതിയെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. മരണം വരെ മഹതി അത് സൂക്ഷിച്ചു.
എഴുത്തും വായനയുമായിരുന്നു മഹതിയുടെ പ്രധാന വിനോദം. പകല്‍ സമയം ഇതിനായും രാത്രി സമയം ആരാധനാകര്‍മങ്ങള്‍ക്കും വിനിയോഗിച്ചു. മിക്കദിവസങ്ങളിലും നോമ്പനുഷ്ട്ടിക്കും. ചുരുങ്ങിയകാലം കൊണ്ട് ഖുര്‍ആന്‍ മനപ്പാടമാക്കി. 60 ഹദീസുകള്‍ തിരുനബിയില്‍ നിന്നും ഉദ്ദരിച്ചു.പണ്ഡിതരായ അബ്ദുള്ളാഹിബ്നു ഉമര്‍ , ഹംസ ബിന്‍ അബ്ദില്ലാ, ഫിയ്യാ ബിന്‍ത്ത് അബീ ഉബൈദ് , ഹാരിസത്ത്ബിനു വഹബ് തുടങ്ങിയവര്‍ ബീവിയില്‍ നിന്നും വിദ്യ നുകര്‍ന്നവരാണ്.
സൈനബ് ബിന്‍ത് ഖുസൈമ
ഖുസൈമത്ത് ബിന്‍ ഹാരിസ ബിന്‍ അബ്ദുള്ളാഹിബിനു ഉമറിന്‍റെയും ഔഫിന്‍റ പുത്രി ഹിന്ദിന്‍റെയും മകളായി നുബൂവത്തിന്‍റെ 14 വര്‍ഷം മുമ്പ് ജനനം. ഹിജ്റ മൂന്നില്‍ നബിയുമായി വിവാഹം നടന്നു. ആദ്യ ഭര്‍ത്താവ് തുഫൈലുബ്നു ഹാരിസ. അദ്ദേഹം നിനാഹമോചനം ചെയ്തപ്പോള്‍ സഹോദരന്‍ ഉബൈദുബ്ന്‍ ഹാരിസ അവരെ വിവാഹം ചെയ്തു. അദ്ദേഹം ബദ്ര്‍ യുദ്ധത്തില്‍ ശഹീദായി. ശേഷം അബ്ദുളളാഹിബ്ന്‍ ജഹ്ശ് മഹതിയെ വിവാഹം ചെയ്തു. അദ്ദേഹം ഉഹ്ദില്‍ ശഹീദായി.
ഹിജ്റ മൂന്നില്‍ റബീഉല്‍ ആഖിറില്‍ 30-ാം വയസ്സില്‍ മഹതി വഫാത്തായി. ജന്നത്തുല്‍ ബഖീഇലാണ് മഖ്ബറ.
ചെറുപ്പത്തിലേ ത്യാഗമനസ്ഥിതിയും ഔദാര്യശീലവും സൈനബ്(റ)ന്‍റെ മുഖമുദ്രയായിരുന്നു. ഇല്ലാത്തവരെ തേടിപ്പിടിച്ച് നല്‍കാനും ദരിദ്രരെ സല്‍ക്കരിക്കാനും അവര്‍ക്ക് വല്ലാത്ത ആവേശമായിരുന്നു. പാവപ്പെട്ടവന്‍റെ വിശപ്പടക്കാന്‍ കുഴച്ചമാവ് പോലും ദാനം ചെയ്യുന്ന ചര്യയാണ് സൈനബ്(റ) ലോകത്തിന് പഠിപ്പച്ചത്. ആലംബഹീനരോടും പാവങ്ങളോടുമുള്ള ദയാവയ്പും കാരുണ്യവും നബി പത്നിമാരില്‍ സൈനബിന്‍റെ സ്ഥാനം ഉല്‍കൃഷ്ടമാക്കുന്നു. ഖുറൈശികളല്ലാത്തവരില്‍ നിന്നും നബി വിവാഹം ചെയ്യുന്ന ആദ്യ വനിതയാണിവര്‍.
ഉഹ്ദ് യുദ്ധത്തില്‍ 70 ഓളം മുസ്ലിംകള്‍ ശഹീദായപ്പോള്‍ അവരുടെ ഭാര്യമാരെ പുനരുദ്ധരിക്കേണ്ടതിന്‍റെ ആവശ്യകത മനസ്സിലാക്കി ഏറ്റവും പ്രയാസമനുഭവിക്കുന്ന ഒരാളെ വേള്‍ക്കുകയായിരുന്നു പ്രവാചകര്‍ (സ). മഹതി സൈനബ്(റ)യെ ആയിരുന്നു നബി (സ) തങ്ങള്‍ വിവാഹം ചെയ്തത്. ഇതു കണ്ട സ്വഹാബിമാരും മറ്റുള്ള സ്ത്രീകള്‍ക്ക് അഭയം നല്‍കി.
ഉമ്മുല്‍ മസാകീന്‍ എന്ന പേരിലാണ് മഹതി അറിയപ്പെട്ടിരുന്നത്. അഥവാ ദരിദ്രരുടെ മാതാവ്. ഇമാം സുഹ്റി(റ)പറയുന്നു: ‘ജാഹിലിയ്യാ കാലത്ത് തന്നെ സൈനബ്(റ)ഉമ്മുല്‍ മസാക്കീന്‍ എന്ന് വിളിക്കപ്പെട്ടിരുന്നു.’
നബിയുടെ കൂടെ ഏതാനും മാസങ്ങള്‍ മാത്രമാണ് മഹതി ജീവിച്ചത്. റസൂല്‍ ജനാസ നിസ്കരിച്ച ഏക ഭാര്യയും മഹതി തന്നെ. ഖദീജ ബീവിയുടെ വഫാത്തിന്‍റെ സമയത്ത് ജനാസ നിസ്കാരം പ്രാബല്യത്തിലില്ലായിരുന്നു.
ഉമ്മു സലമാ (ഹിന്ദ്)
മഖ്സൂം ഗോത്രക്കാരനായ മുഗീറയുടെ പുത്രന്‍ അബൂഉമയ്യയുടെയും ആമിറിന്‍റെ മകള്‍ ആത്തിക്കയുടെയും മകളായി ഹിജറയുടെ 24 വര്‍ഷം മുമ്പ് ജനനം. ആദ്യഭര്‍ത്താവ് അബൂസലമ എന്ന അബ്ദുള്ള (റ) ആണ്. ഹിജ്റ 4ലാണ് നബിയുമായുളള വിവാഹം നടന്നത്. 84 ാം വയസ്സില്‍ ഹിജ്റ 61ല്‍ വഫാത്തായി. ജന്നത്തുല്‍ ബക്കീഇലാണ് മഖ്ബറ .
ഹിജ്റ നിര്‍വഹിച്ച പ്രഥമ വനിതയെന്ന പേരിലാണ് മഹതി അറിയപ്പെടുന്നത്. തിരുനബിയുടെ ഭാര്യമാരില്‍ വിജ്ഞാനകുതകിയും സമര്‍ഥയുമായിരുന്നു അവര്‍. ഭര്‍ത്താവ് അബൂസലമയുമൊത്ത് ഹബ്ശിയിലേക്കും മദീനയിലേക്കും പാലായനം ചെയ്തു. അബൂസലമയില്‍ മഹതിക്ക് നാലു മക്കളുണ്ടായിരുന്നു സലമ ,സൈനബ് , ദുര്‍റ, ഉമര്‍ എന്നവരാണവര്‍
=റസൂല് (സ) മഹതിക്ക് പ്രഥമ പരിഗണന നല്‍കിയിരുന്നു. തിരുനബി (സ) അസര്‍ നിസ്കരശേഷം ഭാര്യമാര്‍ക്കിടയില്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു. ‘അവിടുന്ന് ആദ്യം പോകുന്നത് ഉമ്മുസലമയുടെ അടുത്തേക്കായിരുന്നു എന്നേക്കൊണ്ടാണ് സന്ദര്‍ശനം അവസാനിപ്പിക്കുക’ എന്ന് ആയിശ (റ) പറഞ്ഞു.
ഹുദൈബിയ്യാ സന്ധിയുമായി ബന്ധപ്പെട്ട് തന്ത്രപരമായ ബുദ്ധി മഹതി നബിക്ക് ഉപദേശിക്കുകയുണ്ടായി. ഹുദൈബിയ്യാ സന്ധിയുടെ കരാര്‍ പ്രത്യക്ഷത്തില്‍ മുസ്ലിംകള്‍ക്ക് പ്രതാപത്തിന് ക്ഷതമേല്ക്കുന്ന രീതിയായിരുന്നു. കരാറടിസ്ഥാനത്തില്‍ എല്ലാവരോടും ബലിയറുത്ത് മുടികളയാനാവശ്യപെട്ടപ്പോള്‍ കരാര്‍ ഇഷ്ടപ്പെടാതിരുന്ന മുസ്ലിം സമൂഹം അനങ്ങിയില്ല.നബി തങ്ങള്‍ വിഷയം തന്‍റെ കൂടെ ഹുദൈബയിലേക്ക് വന്ന ഉമ്മുസലമ ബീവിയോട് പറഞ്ഞപ്പോള്‍ അങ്ങ് ആദ്യം ബലിയറുക്കുകയും മുടിമുറിക്കുകയും ചെയ്യും എന്ന് നിര്‍ദ്ദേശിച്ചു. അത് സ്വീകരിച്ച് നബി പ്രവര്‍ത്തിച്ചപ്പോള്‍ സ്വഹാബത്തും അദ്ദേഹത്തെ പിന്തുടര്‍ന്നു ബലിയറുക്കുകയും മുടി ടുറിക്കുകയും ചെയ്തു.
നബിയോടൊപ്പം ഫത്ഹ് മക്ക,ഖൈബര്‍,ഹവാസിന്‍,ഹജ്ജത്തുല്‍ വിദാഅ് എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്.നബി പത്നിമാരില്‍ ആയിശാബീവിക്ക് ശേഷം ഏറ്റബും കൂടുതല്‍ ഹദീസ് റിപ്പോര്‍ട്ട് ചെയ്തത് മഹതിയാണ്.378 ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.നബി പത്നിമാരില്‍ ഏറ്റവും അവസാനം വഫാത്തായതും മഹതി തന്നെ.
സൈനബ് ബിന്‍ത് ജഹ്ശ്(റ)
രിഅബിന്‍റെ മകന്‍ ജഹ്ഷിന്‍റെയും നബിയുടെ പൃതൃവ്യപുത്രി (അബ്ദുള്‍ മുത്തലിബിന്‍റെ പുത്രി)ഉമൈമയുടെയും മകളായി ഹിജ്റയുടെ 30 വര്‍ഷം മുമ്പ് ജനിച്ചു. നബിയുടെ വളര്‍ത്തുപുത്രന്‍ സൈദ് ബിന്‍ ഹാരിസയാണ് ആദ്യ ഭര്‍ത്താവ്. അള്ളാഹുവാണ് മഹതിയെ നബിക്ക് ഹിജ്റ അഞ്ചാം ആണ്ടില്‍ മദീനയില്‍ വെച്ച് ഇണയായി കൊടുത്തത്. ഹിജ്റ 20-ല്‍ ഉമര്‍(റ)-ന്‍റെ ഭരണകാലത്ത് 53 ാം വയസ്സില്‍ വഫാത്തായി.
സൗന്ദര്യവും സല്‍സ്വഭാവവും ഒത്തിണങ്ങിയ സ്ത്രീയാണ് സൈനബ്(റ). ബര്‍റ എന്നായിരുന്നു യഥാര്‍ത്ത പേര്. 30 ാം വയസ്സില്‍ മദീനയിലേക്ക് ഹിജ്റ പോയി.അവിവാഹിതയായ മഹതിയെ റസൂല്‍(സ) സൈദ് ബിന്‍ ഹാരിസക്ക് വിവാഹം ചെയ്തു കൊടുത്തു.ആദ്യം അത് എതിര്‍ത്ത മഹതി അള്ളാഹുവിന്‍റെ കല്‍പ്പന പ്രകാരം അത് അംഗീകരിച്ചു.എന്നാല്‍ അസ്വാരസ്യങ്ങളാല്‍ ദാമ്പത്യ ജീവിതം മുന്നോട്ട് പോയില്ല.അപ്പോള്‍ അള്ളാഹുവിന്‍റെ കല്‍പ്പന ഇറങ്ങി സൈനബിനെ റസൂല്‍ വിവാഹം ചെയ്യുക.റസൂല്‍ ഇക്കാര്യം മറച്ചുവെച്ചു. കാരണം അവിടെ നിലനിന്നിരുന്ന വിശ്വാസം ദത്തുപുത്രന്‍ സ്വന്തം പുത്രനും അവന്‍ ത്വലാക്ക് ചൊല്ലിയവളെ വിവാഹം ചെയ്യല്‍ നിഷിദ്ദവുമാണ് എന്നതാണ്.
ഈ തെറ്റായ വിശ്വാസം പൊളിച്ചെഴുതി ഖുര്‍ആനിക വചനമിറങ്ങുകയും നബി തങ്ങള്‍ സൈനബ്(റ) ബീവിയെ നിക്കാഹോ ഉടമ്പടിയോ ഇല്ലാതെ അള്ളാഹുവിന്‍റെ കാര്‍മികത്വത്തില്‍ വിവാഹം ചെയ്തു.
ഈ സംഭവത്തോടെയാണ് ദത്തുപുത്രന്‍മാരില്‍ അവരുടെ പിതാക്കളിലേക്ക് ചേര്‍ത്തി വിളിക്കണമെന്നും ദത്തുപുത്രന്‍ സ്വന്തം പുത്രനല്ലെന്നുമുള്ള ഖുര്‍ആനിക അധ്യാപനം ഇറങ്ങിയത്.ഈ വിവാഹവുമായി ബന്ധപ്പെട്ട് നബി തങ്ങല്‍ വലിയൊരു സദ്യയൊരുക്കുകയും ധാരാളം ആളുകളെ അതിലേക്ക് ക്ഷണിക്കുകയും ചെയ്തു. അനസ് (റ) പറയുന്നു ‘സൈബ് ബിന്‍ത് ജഹ്ശിനെ നബി തങ്ങള്‍ വിവാഹം ചെയ്തപ്പോള്‍ പത്തിരിയും ഇറച്ചിയും ഞങ്ങള്‍ക്ക് സദ്യയായി ലഭിച്ചു.(ബുഖാരി)
ഈ ദിവസം സന്ധ്യകഴിഞ്ഞ് ആളുകള്‍ സംസാരത്തില്‍ മുഴുകി ദീര്‍ഘനേരം നിന്നപ്പോള്‍ നബിക്കത് മനപ്രയാസമായി. ഇതു കണ്ട ഉമര്‍(റ) ചോദിച്ചു നബിയേ നല്ലവരും ചീത്തവരും അങ്ങെയുടെ വീട്ടില്‍ വരുന്നുണ്ട് . അങ്ങെയുടെ ഭാര്യമാരോട് ഹിജാബ് കൊണ്ട് കല്പ്പിക്കുകയാണെങ്കില്‍ അത് നന്നാവും .അപ്പോള്‍ ഹിജാബിന്‍റെ ആയത്തിറങ്ങി
വളരെ അധ്വാന ശീലമുള്ളവരായിരുന്നു മഹതി . സ്വന്തം കൈകൊണ്ട് അധ്വാനിച്ചുണ്ടാക്കി പാവങ്ങള്‍ക്ക് സ്വദഖ ചെയ്യുന്നത് മഹതിയുടെ പതിവായിരുന്നു . സുന്നത്ത് നോമ്പും തഹജ്ജുദും പതിവാക്കിയിരുന്നു . ആയിശാ ബീവി പറയുന്നു: “മതകാര്യങ്ങളിലും അള്ളാഹുമായുള്ള തഖ്വയിലും സത്യസന്തതയിലും കുടുംബബന്ധം ചേര്‍ക്കുന്നതിലും വിശ്വസ്തതയിലും ദാനധര്‍മ്മങ്ങളിലും സൈനബിനേക്കാള്‍ മികച്ച ഒരാളെയും ഞാന്‍ കണ്ടിട്ടില്ല.”
ജുവൈദിയ്യ ബിന്‍ത്ത് ഹാരിസ് (റ)
ബനുല്‍ മുസ്ഥലക്ക് ഗോത്രത്തലവന്‍ ഹാരിസ്ബ്നു അബീളിറാറിന്‍റെ മകളാണ് ബര്‍റ എന്ന ജുവൈരിയ്യ .ആദ്യ ഭര്‍ത്താവ് മുസാഫിഹ്ബ്നു സ്വഫ്വാന്‍ . തന്‍റെ ഇരുപതാം വയസ്സില്‍ നബിയുടെ പത്നിയായി. വിയോഗം ഹിജ്റ 50 ല്‍,65ാം വയസ്സില്‍. ജന്നത്തുല്‍ ബഖീഇലാണ് മഖ്ബറ .
ബനുല്‍ മുസ്ഥലക്ക് ഗോത്രത്തലവനായ ഹാരിസ് മുസ്ലിങ്ങള്‍ക്ക് എതിരെ സൈന്യ സജ്ജീകരണം നടത്തി. ഇതറിഞ്ഞ മുസ്ലിം സൈന്യവും നബിയുടെ നേതൃത്വത്തില്‍ പുറപ്പെട്ടു ഇരുസൈന്യവും മുറൈസിഅ് തടാകത്തിനരികില്‍ കണ്ടുമുട്ടി. നബി തങ്ങള്‍ അവര്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തി എന്നാല്‍ അവര്‍ വിസി്വസിച്ചില്ല ഇരുവിഭാദവും തമ്മില്‍ യുദ്ധം നടന്നു. ശത്രുസൈന്യം പിന്തിരിഞ്ഞോടി . 200ഓളം കുടുംബങ്ങളെ മുസ്ലിംകളെ ബന്ദിയാക്കി പിടിച്ചു. അതില്‍ ബര്‍റ (റ)യുമുണ്ടായിരുന്നു. അവരുടെ ഭര്‍ത്താവ് യുദ്ധത്തില്‍ കൊല്ലപ്പെട്ടു.
മഹതിയെ അടിമയായി ലഭിച്ചത് സാബിത്ത്ബ്നു ഖൈസ് (റ) നായിരുന്നു . അടിമത്വം ഇഷ്ടമില്ലാത്ത മഹതി മോചനം ആവശ്യപ്പെട്ടു. 9 ഊക്കിയ സ്വര്‍ണ്ണം മോചനദ്രവ്യമായി നിശ്ചയിച്ചു. മഹതി നബി സവിധത്തിലേക്ക് പോയി വിവരം പറഞ്ഞു. “ഞാന്‍ മുസ്ലിമാണ്. എന്‍റെ മോചനപ്പത്രം എഴുതപ്പെട്ടിട്ടുണ്ട്. അതിനായി എന്നെ സഹായിക്കണം.’ നബി (സ) തങ്ങള്‍ പറഞ്ഞു: ‘നിന്‍റെ മോചനദ്രവ്യം നല്‍കുകയും നിന്നെ വിവാഹം ചെയ്യുകയും ചെയ്യാം’ അത് മഹതി സമ്മതിച്ചു.സാബിത് (റ) ന് മോചനദ്രവ്യം നല്‍കി. മഹതിയെ നബി(സ) തങ്ങള്‍ വിവാഹം ചെയ്യുകയും ചെയ്തു.
നബി (സ) ബനുല്‍ മുസ്ഥലക്കിലെ ജുവൈരിയ്യയെ വിവാഹം ചെയ്തതറിഞ്ഞപ്പോള്‍ മുസ്ലിംകളെല്ലാവരും ആ ഗോത്രത്തില്‍ നിന്ന് പിടിച്ചെടുത്ത അടിമകളെയെല്ലാം മോചിപ്പിച്ചു. അവര്‍ പരസ്പരം ചോദിച്ചു: നബിയുമായി വിവാഹബന്ധനമുള്ള ഗോത്രക്കാരെ ഞങ്ങള്‍ ബന്ദിയാക്കുന്നതെങ്ങനെ..? അവര്‍ എഴുന്നൂറോളം ആളുകളുകളുണ്ടായിരുന്നു. അവരെല്ലാവരും ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു. ആയിശാ ബീവി (റ) പറയന്നു: തന്‍റെ സമുദായത്തിന് ഇത്രമാത്രം അനുഗ്രഹം ചൊരിഞ്ഞ മറ്റൊരു പെണ്ണിനെയും എനിക്കറിയില്ല.’
രാജകീയ സുഖാഡബരങ്ങളില്‍ ജീവിച്ചവരായിരുന്നു ജുവൈരിയ്യ (റ).ഗോത്രത്തലവന്‍റെ സീമന്തപുത്രിയും ധീരപോരാളിയുടെ ഭാര്യയായും ജീവിച്ച അവര്‍ക്ക് ദാരിദ്ര്യത്തിന്‍റെയും കഷ്ടപ്പാടിന്‍റെയും അദ്ധ്യായങ്ങള്‍ രുചിക്കേണ്ടി വന്നു. കഷ്ടപ്പാടും ദാരിദ്രവും സ്വീകരിക്കാനവര്‍ മുന്നോട്ട് വന്നത് തീര്‍ത്തും ആശ്ചര്യജനകമാണ്. നിരവധി ഹദീസുകള്‍ മഹതിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സ്വഫിയ്യ ബിന്‍ത് ഹുയയ്യ്
മദീനയിലെ പ്രമുഖ ജൂത ഗോത്രമായ ബനൂ നളീറിന്‍റെ നേതാവ് ഹുയയ്യു ബിന്‍ അഖ്താസിന്‍റെയും ളര്‍റ ബിന്‍ത് സമൗഅലിന്‍റെയും മകളായി ജനനം. സലാമു ബ്നു മുശ്കം, കിനാന എന്നിവരാണ് ആദ്യ ഭര്‍ത്താക്കډാര്‍. തന്‍റെ പതിനേഴാം വയസ്സില്‍ ഖൈബര്‍ യുദ്ധാനന്തരം നബിയുമായി വിവാഹം നടന്നു. ഹിജ്റ അമ്പതാം വര്‍ഷം റമളാനില്‍ തന്‍റെ അറുപതാം വയസ്സില്‍ വഫാത്തായി. ജന്നത്തുല്‍ ബഖീഇലാണ് മഖ്ബറ.
നബി പത്നിമാരില്‍ ജൂത പാരമ്പര്യമുള്ള ഏക ഭാര്യ മഹതിയായിരുന്നു. നബി (സ) പറഞ്ഞു: ‘സ്വഫിയ്യാ… നിനക്കറിഞ്ഞുകൂടേ.. നിന്‍റെ ഭര്‍ത്താവ് മുഹമ്മദ് നബിയും പിതാവ് ഹാറൂന്‍ നബിയും അമ്മാവന്‍ മൂസാ നബിയുമാണ്.’
ഹിജ്റ ഏഴാം വര്‍ഷം മുസ്ലിംകളെ നിരന്തരം അക്രമിക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന ജൂതരെ ഒരു പാഠം പഠിപ്പിക്കാന്‍ ഖൈബറിലേക്ക് നബി തങ്ങള്‍ സൈന്യവുമായി പുറപ്പെട്ടു. അവരുടെ കോട്ടക്കുള്ളില്‍ അവരെ ഉപരോധിക്കുകയും അവസാനം മുസ്ലിംകള്‍ അകത്തു കയറി അവരെ ബന്ധിക്കുകയും ചെയ്തു. ബന്ദികളുടെ കൂട്ടത്തില്‍ സ്വഫിയ്യ ബീവിയുമുണ്ടായിരുന്നു. അവരെ ബിലാല്‍ (റ) തിരുസന്നിധിയില്‍ ഹാജരാക്കി.
ബന്ദികളെ വീതിക്കുന്ന സമയത്ത് തനിക്കൊരടിമയെ വേണമെന്ന് ദിഹ്യത്തുല്‍ കല്‍ബി (റ) പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമുള്ള അടിമയെ തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കി. അതനുസരിച്ച് അദ്ദേഹം സ്വഫിയ്യാ ബിവിയെ തിരഞ്ഞെടുത്തപ്പോള്‍ മറ്റൊരു സ്വഹബി പറഞ്ഞു ‘സ്വഫിയ്യാ ബീവി ബനൂ നളീര്‍ ഗോത്രത്തലവന്‍റെ മകളാണ്. അവരങ്ങേക്കേണ് കൂടുതന്‍ യോജിച്ചത്. റസൂല്‍ അതംഗീകരിച്ചു. ദിഹ്യത്ത് (റ) ന് മറ്റൊരാളെ നല്‍കി. നബി (സ) അവരെ മോചിപ്പിക്കുകയും ചെയ്തു. തനിക്ക് ഏറ്റവും വെറുപ്പുണ്ടായിരുന്ന നബി(സ) തങ്ങളോട് അല്‍പം ഇടപെഴകിയപ്പോള്‍ മഹതിക്ക് വല്ലാത്ത ഇഷ്ടം തോന്നുകയും പിന്നീട് മഹതി മുസ്ലിമാവുകയും ചെയ്തു. അങ്ങനെ നബി (സ) തങ്ങള്‍ അവരെ വിവാഹം ചെയ്തു.
അസാമാന്യ മനക്കരുത്തും വിവേകവുമുള്ളമരായിരുന്നു മഹതി. തന്‍റെ ബന്ധുക്കളടെ കബന്ധങ്ങള്‍ക്കരികിലൂടെ ബിലാല്‍(റ) തന്നെയും പിതൃപുത്രിയെയും കൊണ്ട് വന്നപ്പോള്‍ കടുത്ത സംയമനം പാലിച്ചു. ബിലാല്‍(റ)നെ ആ ചെയ്തിയില്‍ റസൂല്‍(സ) ഗുണദോശിക്കുകയും ചെയ്തു. ഉസ്മാന്‍(റ) ഉപരോദിക്കപ്പെട്ടപ്പോള്‍ ഭക്ഷണവും വെളളവും നല്‍കാന്‍ മഹതി തയ്യാറായി.
ഉമ്മു ഹബീബ ബിന്‍ത് അബീ സുഫ്യാന്‍
ഖുറൈശികളിലെ നേതാവ് അബൂസുഫ്യാന്‍ ബ്നു ഹര്‍ബിന്‍റെയും സഫിയ ബിന്‍ത് അബ്ദില്‍ ആസിന്‍റെയും പുത്രിയായി നുബുവ്വത്തിന്‍റെ 17-ാം വര്‍ഷം മുമ്പ് ജനിച്ചു.ആദ്യ ഭര്‍ത്താവ് ഉബൈദില്ലാഹി ബിന്‍ ജഹ്ശ്. ഹിജ്റ 7 ല്‍ നബിയുമായുള്ള വിവാഹം നടന്നു. 73-ാം വയസ്സില്‍ ഹിജ്റ 44 ല്‍ വഫാത്തായി. ജന്നത്തുബഖീഇല്‍ മറവ് ചെയ്തു.
അതീവ ബുദ്ധിമതിയായിരുന്നു റംല എന്ന ഉമ്മു ഹബീബ (റ). തന്‍റെ പതിനേഴാം വയസ്സില്‍ നബി തങ്ങളുടെ പ്രബോധനം പരിചെപ്പെട്ടപ്പോള്‍ അതിനെക്കുറിച്ച് പഠിച്ച് മനസ്സിലാക്കുകയും ഇസ്ലാം പുല്‍കുകയും ചെയ്തു. അതിനവര്‍ക്ക് പിതാവിന്‍റെ ഖുറൈശികള്‍ക്കിടയിലുള്ള സ്ഥാനമൊന്നും തടസ്സമായില്ല. മഹതിയോടൊപ്പം ഭര്‍ത്താവ് സൈദു ബ്നു അബ്ദുല്ലയും മുസ്ലിമായി. ഇരുവരും ചേര്‍ന്ന് ഹബ്ശയിലേക്ക് ഹിജ്റ പോയിട്ടുണ്ട്. ഹബ്ശയിലെത്തിയ ഭര്‍ത്താവ് ക്രിസ്ത്യന്‍ മതം സ്വീകരിച്ചു. അദ്ദേഹം ആദ്യം ക്രിസ്ത്യാനിയായിരുന്നു.
അതിനിടെ മഹതി ഹബീബ എന്ന കുഞ്ഞിന് ജډം നല്‍കി. തന്‍റെ ഭാര്യയായി തുടരണമെങ്കില്‍ ക്രിസ്ത്യന്‍ മതം സ്വീകരിക്കണമെന്ന് മഹതിയോട് പറഞ്ഞപ്പോള്‍ അല്ലാഹുലിനോടുള്ള അചഞ്ചലമായ വിശ്വാസം തന്‍റെ ആദര്‍ശത്തില്‍ ഉറച്ചു നില്‍ക്കാന്‍ മഹതിയെ പ്രേരിപ്പിച്ചു. ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചപ്പോള്‍ മഹതി പതറിയില്ല, മറിച്ച് ഇസ്ലാമിനു വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ അവര്‍ തയാറായി.
ഉമ്മു ഹബീബയുടെ സ്ഥിതിവിശേഷം നബി(സ) തങ്ങളെ വല്ലാതെ വിഷമിപ്പിച്ചു. നബി (സ) തങ്ങള്‍ മഹതിയെ വിവാഹമന്വേഷിച്ച് നജ്ജാശിയിലേക്ക് ദൂതയച്ചു. നജ്ജാശി മഹതിയെ വിവരമറിയിച്ചപ്പോള്‍ മഹതി അതിന് സമ്മതിക്കുകയും തന്നെ വിവാഹം കഴിപ്പിക്കാന്‍ ഖാലിദ് ബ്നു സഈദ് (റ) നെ ഏല്‍പ്പിക്കുകയും ചെയ്തു.നജ്ജാശിയുടെ സവിധത്തില്‍ സഈദ് (റ) മഹതിയെ നബി(സ) തങ്ങള്‍ക്ക് നിക്കാഹ് ചെയ്ത് കൊടുത്തു. മഹ്ര്‍ നജ്ജാശി തന്നെ കൊടുക്കുകയും ഒപ്പം വിവാഹസദ്യ ഒരുക്കുകയും ചെയ്തു. പിന്നീട് മഹതി മദീനയിലേക്ക് പോയി.
ധാരാളം ആരാധനകളില്‍ മുഴുകിയിരുന്നു മഹതി ഉമ്മു ഹബീബ. മഹതി പറയുന്നു: നബി(സ) പറഞ്ഞതായി ഞാന്‍ കേട്ടു : ‘ആരെങ്കിലും രാവും പകലുമായി ഇരുപത് റകഅത്ത് സുന്നത്ത് നിസ്കരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ അവര്‍ക്കൊരു വീട് നിര്‍മ്മിക്കപ്പെടും.’ഇതുകേട്ടതു മുതല്‍ ഈ സുന്നത്ത നിസ്കാരം ഞാന്‍ മുടക്കിയിട്ടില്ല.
മൈമൂന ബിന്‍ത് ഹാരിസ്
ബനൂ ഹിലാല്‍ ഗോത്രക്കാരന്‍ ഹാരിസുബ്നുല്‍ ഹസന്‍ (റ) ന്‍റെയും ഹിന്ദ് ബിന്‍ത് ഔഫിന്‍റെയും മകളാണ് ബര്‍റ എന്ന മൈമൂന ബീവി (റ). മസ്ഊദു ബ്നു അംറ്, അബൂറുഹ്മ് എന്നനിവരായിരുന്നു മഹതിയുടെ ആദ്യ ഭര്‍ത്താക്കډാര്‍. ഹിജ്റ ഏഴിലായിരുന്നു നബിയുമായുള്ള വിവാഹം. സരിഫ് എന്ന പ്രദേശത്താണ് മഖ്ബറ.
സല്‍സ്വഭാവിയും കുലീനയുമായിരുന്നു മൈമൂന (റ).തന്‍റെ സഹോദരമാര്‍ ഉന്നതശീര്‍ഷരായ സ്വഹാബിമാരുടെ പത്നീപദം അലങ്കരിക്കുന്നവരായിരുന്നു. ഉമ്മുല്‍ ഫള്ല്‍ (റ) അബ്ബാസ് (റ) ന്‍റെയും അസ്മാഅ് (റ) ജ
അ്ഫര്‍ (റ) ന്‍റെയും സല്‍മ (റ) ഹംസ (റ) ന്‍റെയും ഭാര്യമാരായിരുന്നു. തന്‍റെ ഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ അവരും ആ കുടുംബവും തിരുനബിയെ മഹതിയുടെ ഭര്‍ത്താവായി ലഭക്കാന്‍ അതിയായി ആഗ്രഹിച്ചു. അങ്ങനെ മഹതിയുമായുള്ള നബ(സ) തങ്ങളുടെ വിവാഹം നടന്നു.
ബര്‍റ എന്നായിരുന്നു മഹതിയുടെ പേര്. അനുഗ്രഹീത വര്‍ഷത്തില്‍ (ഫത്ഹ് മക്ക) വിവാഹം നടന്നത് കൊണ്ട് ആപേര് മാറ്റി മൈമൂന (അനുഗ്രഹീത) എന്ന് നബി (സ) അവരെ പുനര്‍നാവകരണം ചെയ്തു. ഒരു ഒട്ടകപ്പുറത്ത് യാത്ര ചെയ്യുമ്പോഴാണ് റസുല്‍ (സ) തന്നെ വിവാഹം അന്വേഷിക്കുന്ന വിവരം മഹതി അറിഞ്ഞത്. അപ്പേള്‍ മൈമൂന (റ) പറഞ്ഞു: ‘ഒട്ടകവും അതിന്‍റെ പുറത്തുള്ളതും നബി(സ) തങ്ങള്‍ക്കുള്ളതാണ്.’
ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് സത്യവിശ്വാസിനിയായ ഒരു സ്ത്രീ തിരുനബി(സ)ക്ക് അവര്‍ സ്വയം ഹിബത്ത് നല്‍കുകയാണങ്കില്‍ നബി ഉദ്ദേശിക്കുന്ന പക്ഷം അവരെ വ്വാഹം ചെയ്യാവുന്നതാണ്. ഈ നിയമം നബി(സ)ക്ക് മാത്രമുള്ളതാണ്…എന്ന ആശയത്തില്‍ ഖുര്‍ആന്‍ അവവതരിച്ചത്.
തിരുനബിയുടെ മരണരോഗം ആരംഭിച്ചത് മൈമൂന ബീവിയുടെ വീട്ടില്‍ വെച്ചായിരുന്നു. നബി തങ്ങള്‍ ആയിശാ ബീവിയുടെ പേര് പറഞ്ഞപ്പോള്‍ അവിടുത്തെ ഇംഗിതം മനസ്സിലാക്കിയ മൈമൂന (റ) റസൂലിന് (സ) ആയിശ (റ) ന്‍റെ വീട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കുകയും ചെയ്തു. നിരവധി അടിമസ്ത്രീകളെ മോചിപ്പിച്ചിട്ടുണ്ട്.സുന്നത്തുകള്‍ മുറുകെപിടിക്കുന്ന വിഷയത്തില്‍ അതീവ ഗൗരവം പുലര്‍ത്തിയിരുന്നു മഹതി. തിരുനബി (സ)യില്‍ നിന്നും നാല്‍പ്പത്തിയാറു ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്.