സ്വര്‍ഗ്ഗം ഇവിടെയാണ്

സിനാന്‍ തളിപ്പറമ്പ

തനിക്കേറ്റവും കടപ്പാട് ആരോടാണ് പ്രവാചകരെ? ആജ്ഞാനുവര്‍ത്തിയായ ഒരനുചരന്‍ ചോദിക്കുകയുണ്ടായി. നിന്‍റെ ഉമ്മയോട് കൂടുതല്‍ ആലോചിക്കേണ്ടതില്ലാത്ത വിധം പ്രവാചകന്‍ പ്രതിവിദിച്ചു രണ്ടാമതരാണെന്നറിയാനുള്ള ജിജ്ഞാസ കാരണം ചോദ്യകര്‍ത്താവ് ചോദിച്ചു പിന്നെ ആരോടാണ്?  അവിടുന്ന് പറഞ്ഞു നിന്‍റെ ഉമ്മയോട് ചോദ്യകര്‍ത്താവ് മൂന്നാമതും ചോദ്യം ആവര്‍ത്തിച്ചപ്പോഴും  പ്രവാചകര്‍(സ്വ) പറഞ്ഞ ഉത്തരത്തില്‍ മാറ്റമുണ്ടായില്ല. കാരണം ആ കടപ്പാട് ഒരു മനുഷ്യായുസ്സ് കൊണ്ട് ചെയ്ത് തീര്‍ക്കാന്‍ കഴിയുന്നതല്ല.

അനുപമ വ്യക്തിത്വമാണ് മാതാവ്. ഒന്ന് കൊണ്ടും പകരം വെക്കാന്‍ കഴിയാത്ത അപാരമായ പ്രതിഭാസമാണ് മാതൃത്വം. മക്കളെ ലാളിക്കാനും ഓമനിക്കാനുള്ള വികാരം പെണ്‍മയില്‍ അന്തര്‍ലീനമാണ്. അസഹ്യമായ പ്രയാസം സഹിച്ച് ഗര്‍ഭം ചുമക്കുന്നതും അത്യധികം വേദന സഹിച്ച് പ്രസവിക്കുന്നതും മൂത്രവും കാഷ്ടവും വൃത്തിയാക്കി തരുന്നതും പാലൂട്ടിയുറക്കുന്നതുമൊക്കെ ഈ വികാരത്തിന്‍റെ  നേര്‍ പ്രകടനങ്ങളാണ്.

മാതാപിതാക്കളോടുള്ള കടമകളും ബാധ്യതകളും പലവുരു പരിശുദ്ധ ഖുര്‍ആന്‍ ഊന്നി പറയുന്നുണ്ട്. മാതാവ് അവനെ ഗര്‍ഭത്തില്‍ ചുമന്ന് മേല്‍ക്കുമേല്‍ ബലഹീനതയോടെയാണ്, രണ്ട് വര്‍ഷത്തോളം അവനെ മുലയൂട്ടുകയും ചെയ്തു. മാതാവ് നമുക്ക് ചെയ്തു തന്ന കാര്യങ്ങള്‍ എടുത്ത് പറഞ്ഞ ശേഷമാണ് അല്ലാഹുവിനും മാതാപിതാക്കള്‍ക്കും നന്ദി ചെയ്യാന്‍ പരിശുദ്ധ ഖുര്‍ആന്‍ നമ്മോട് ആഹ്വാനം ചെയ്തത്. കാരണം അത്ര വലിയ ത്യാഗമാണ് ഓരോ മാതാവും മക്കള്‍ക്ക് വേണ്ടി അനുഭവിക്കുന്നത്.

മാതൃത്വത്തോട് തുലനം ചെയ്യാവുന്ന വികാരങ്ങളില്ല. സന്താനങ്ങള്‍ക്ക് വേണ്ടി സഹിക്കുന്ന ഓരോ ബുദ്ധിമുട്ടുകളും മധുരോതരമായ ആനന്ദമാക്കി മാറ്റാന്‍ കഴിവുള്ള തീവ്രമായ വികാരമാണ് മാതൃത്വം. അതുകൊണ്ടാണ് സ്നേഹത്തോടെ ആ മുഖകമലത്തിലേക്ക് നോക്കല്‍ പുണ്യമാണെന്ന് പരിശുദ്ധ ഇസ്ലാം പഠിപ്പിച്ചത്.

മക്കളുടെ കാര്യത്തില്‍ സ്വന്തം ബലഹീനതകള്‍ പോലും മറക്കുന്നവരാണ് മാതാപിതാക്കള്‍. മക്കള്‍ക്ക് പനി വന്നാല്‍ ഉറക്കമിളച്ചിരിക്കുന്നത് ഉമ്മയാണ്. രോഗം സഹിക്കവെയ്യാതെ കണ്ണടച്ചിരിക്കുമ്പോഴും ഒരുപോള കണ്ണടക്കാതെ കാവലിരിക്കാന്‍ കെട്ടിക്കൊണ്ടുവന്ന ഭാര്യമാര്‍ പോലും അപര്യാപ്തരാകുന്നിടത്താണ് ഉമ്മയുടെ പ്രസക്തി നാം തിരിച്ചറിയുന്നത്.
ആത്മീയ ആനന്ദം തേടി അന്യ നാട്ടിലേക്ക് പാലായനം ചെയ്യുന്നവരും പ്രബോധനമെന്ന പേരില്‍ നാടുനീളെ നടക്കുന്ന താടിക്കാരും ആത്മീയതയുടെ അര്‍ത്ഥം തേടി വ്യാജ ത്വരീഖത്തില്‍ പെടുന്നവരൊക്കെ മനസ്സിലാക്കാതെ പോയ അടിസ്ഥാനപരമായ യാഥാര്‍ഥ്യമുണ്ട്. സ്വര്‍ഗം സ്വന്തം വീട്ടിലുണ്ടെന്ന സത്യം, ഉമ്മാന്‍റെ കാല്‍ ചുവട്ടിലാണ് സ്വര്‍ഗമെന്ന തിരുമൊഴി. അഥവാ ഉമ്മയുടെ തൃപ്തിയാണ് സ്വര്‍ഗത്തിലേക്കുള്ള വാതായനം.

സുന്നത്ത് നിസ്കരിക്കുകയാണെങ്കില്‍ പോലും ഉമ്മ വിളിച്ചാല്‍ ഉത്തരം ചെയ്യണമെന്നാണ് മതഹിതം. കാരണം ഉമ്മയുടെ തൃപ്തി ആരാധനകളുടെ സ്വീകാര്യത്തിന് അനിവാര്യതയാണ്. തന്‍റെ മഠത്തിലിരുന്ന് ആരാധന ചെയ്യുന്ന ജുറൈജ്(റ)വിനെ വിളിക്കാന്‍ വന്നപ്പോള്‍ അദ്ദേഹം ആരാധനയില്‍ വ്യാപൃതനായിരുന്നു. ഉമ്മയേക്കാള്‍ അദ്ദേഹം സുന്നത്തായ ആരാധനകള്‍ക്ക് പ്രാധാന്യം കൊടുത്തു. ഒന്ന് രണ്ട് ദിവസം സംഭവം ആവര്‍ത്തിച്ചപ്പോള്‍  ദുഖാദ്രയായ ആ മാതാവ് മകനെതിരില്‍ പ്രാര്‍ത്ഥിച്ചു പോയി. പ്രാര്‍ത്ഥനയുടെ ഫലമെന്നോണം അദ്ദേഹത്തിനെതിരെ വ്യഭിജാരക്കുറ്റം ആരോപിക്കപ്പെടുകയുണ്ടായി. സമാന കാരണത്താല്‍ കലിമ ചൊല്ലാന്‍ പ്രയാസപ്പെട്ട സംഭവം അല്‍ഖമ(റ)വിന്‍റെ ചരിത്രത്തിലും കാണാം. ആരാധനകളില്‍ വ്യാപൃതരായ സദ്വൃത്തരായിട്ട് കൂടി ഇതൊക്കെ അനുഭവിക്കേണ്ടി വന്നത് ഉമ്മാനെ തൃപ്തിപ്പെടുത്താന്‍ കഴിയാത്തതിന്‍റെ ദുരന്തഫലമാണ്.

ഒരു വീട്ടില്‍ കള്ളന്‍ കയറി. വീട്ടുകാര്‍ ഉറക്കെ ശബ്ദമുണ്ടാക്കി, നാട്ടുകാരൊക്കെ ഓടി കൂടി, എല്ലാവരും ആ ഗ്രാമം മുഴുവന്‍ അന്വേഷിച്ചു. പക്ഷെ കള്ളനെ കണ്ടില്ല. അവസാനം ആരോ വിളിച്ച് പറയുന്നത് കേട്ടു കള്ളന്‍ പള്ളിയിലുണ്ട്. നാട്ടുകാര്‍ ഓടി കൂടി കള്ളനെ പിടിച്ചു കൈകാലുകള്‍ വെട്ടി, ഈ ഗ്രാമത്തിലെ മോഷ്ടാക്കളുടെ ഗതി ഇതായിരിക്കുമെന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് കൊണ്ട്  നാട് മുഴുവന്‍ പ്രദര്‍ശിപ്പിച്ചു. ഇത് കേട്ട അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു ഒരു മോഷ്ടാവിന്‍റെ ഗതിയല്ലയിത്, ഉമ്മയുടെ സമ്മതമില്ലാതെ കഅ്ബ കാണാന്‍ പോയവന്‍റെ ഗതിയാണ്. ഇത് കേട്ട് അമ്പരന്ന നാട്ടുകാര്‍ ചോദിച്ചു താങ്കള്‍ എന്താണ് പറയുന്നത്? അയാള്‍ പറഞ്ഞു എനിക്ക് കഅ്ബ കാണാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നു.

 ഒരു ദിവസം ഞാന്‍ ഉമ്മയോട് യാത്രസമ്മതം ചോദിച്ചു. ദീര്‍ഘമായ യാത്രക്ക് ഒരുപാട് ദിവസം തനിച്ച് താമസിക്കേണ്ടി വരുന്നതോര്‍ത്ത് ഉമ്മ വിസമ്മതിച്ചു. എന്നാല്‍ കഅ്ബ കാണാനുള്ള അതിയായ ആഗ്രഹം കാരണം ഞാന്‍ മാതാവിന്‍റെ സമ്മതത്തിന് കാത്ത് നില്‍ക്കാതെ മക്കയിലേക്ക് യാത്രയായി. യാത്രാമധ്യേ നമസ്കാരത്തിനും വിശ്രമത്തിനുമായി നിങ്ങളുടെ നാട്ടിലിറങ്ങിയതാണ്. ഉമ്മയുടെ പൊരുത്തക്കേട് കാരണം കള്ളനായി മുദ്രകുത്തപ്പെട്ടു. കൈകാലുകള്‍ ഛേദിക്കപ്പെട്ടു. യാത്ര ഒരു പുണ്യകര്‍മ്മത്തിനായിട്ട് പോലും ഉമ്മയുടെ സമ്മതമില്ലാത്തതിനാല്‍ സംഭവിച്ചതാണ് ഈ ദാരുമായ ഗതി.

തൗറാത്ത് വാങ്ങാന്‍ സീനാ പര്‍വ്വതത്തിലേക്ക് കയറുമ്പോള്‍ കാലിടറിയ മൂസ(അ)നോട് അല്ലാഹു സൂക്ഷിക്കാന്‍ പറയുന്നുണ്ട്. കാരണം മകനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന കരങ്ങളില്ല. ഉമ്മയുടെ പ്രാര്‍ത്ഥന കൊണ്ട് അത്യുന്നതങ്ങളിലെത്തിയ കഥയും അന്ത്യം ദയനീയമായ സംഭവങ്ങളും ചരിത്രത്തില്‍ കാണാം അത്രമേല്‍ സ്വാധീന ശേഷിയുള്ളതാണ് മാതാവിന്‍റെ പ്രാര്‍ത്ഥന.

ഒരിക്കല്‍ പ്രവാചകര്‍(സ്വ) പറഞ്ഞു ‘ഉമ്മയുടെ തൃപ്തിയിലാണ് അല്ലാഹുവിന്‍റെ പൊരുത്തം. ഉമ്മയുടെ കോപത്തിലാണ് അല്ലാഹുവിന്‍റെ കോപം’. ഉമ്മയുടെ തൃപ്തിയില്ലാതെ അല്ലാഹുവിന്‍റെ തൃപ്തിയില്ല. അല്ലാഹുവിന്‍റെ തൃപ്തി നേടാന്‍ ഉമ്മയെ തൃപ്തിപ്പെടുത്തണം. അവരോടുള്ള ബാധ്യതകള്‍ നിറവേറ്റണം.
ഒരിക്കലും ചെയ്ത് തീര്‍ക്കാന്‍ കഴിയുന്നതല്ല. ഉമ്മയോടുള്ള കടമകള്‍. അത് പരമാവധി ചെയ്യാന്‍ ശ്രമിക്കുക എന്നല്ലാതെ ഒരിക്കലും പൂര്‍ത്തീകരിക്കാന്‍ കഴിയില്ല.  ഉമ്മയെ ചുമലിലേറ്റി  ത്വവാഫ് ചെയ്യുന്ന അനുചരന്‍ പ്രവാചകര്‍(സ്വ)യോട് ചോദിച്ചു എന്‍റെ ഉമ്മയോടുള്ള ബാധ്യത ഞാന്‍ നിറവേറ്റിയോ പ്രവാചകരേ. അവിടുന്നു പറഞ്ഞു ഇത് വെറും നെടുവീര്‍പ്പ് മാത്രമാണ്. അഥവാ ഉമ്മ നമുക്ക് വേണ്ടി സഹിച്ച വേദനകളോട് ഏഴകലത്ത് പോലും നമ്മുടെ സേവനങ്ങള്‍ എത്തുകയില്ല.

ഉമ്മ ഒറ്റക്കാകുന്നതിനാല്‍ യുദ്ധത്തിന് പങ്കെടുക്കാന്‍ കഴിയുന്നില്ലെന്ന് പരാതി പറയാനെത്തിയ അനുചരനോട് പ്രവാചകര്‍(സ്വ) പറഞ്ഞു ‘നിന്‍റെ ഉമ്മാക്ക് നീ നډ ചെയ്യുക, അവര്‍ നിന്നെ തൃപ്തിപ്പെട്ടാല്‍ അതാണ് നിന്‍റെ ഹജ്ജും അറഫയും ജിഹാദും’. രോഗിണിയായ ഉമ്മയെ പരിചരിക്കാന്‍ വേണ്ടി സ്വഹാബി പട്ടം പോലും വേണ്ടെന്നു വെച്ചവരാണ് നമ്മുടെ പൂര്‍വികര്‍. പെറ്റ ഉമ്മയേക്കാള്‍ സ്നേഹിക്കുന്ന പരിശുദ്ധ പ്രവാചകര്‍(സ്വ)യെ കാണാന്‍ അതിരറ്റ ആഗ്രഹമായിട്ടും ഉമ്മക്ക് വേണ്ടി ആഗ്രഹങ്ങള്‍ മാറ്റി വെച്ച ഉവൈസുല്‍ ഖര്‍നി തങ്ങളുടെ ചരിത്രം ഏറെ സുപരിചിതമാണ്. അദ്ദേഹത്തെ കണ്ടുമുട്ടിയാല്‍ ദുആ ചെയ്യാന്‍ പറയണേ എന്ന് പ്രവാചകര്‍(സ്വ) വസ്വിയ്യത്ത് ചെയ്യാന്‍ മാത്രം ഉന്നതമായ സ്ഥാനത്തേക്ക് ഉവൈസുല്‍ ഖര്‍നി തങ്ങള്‍ ഉയര്‍ന്നുവെന്നാണ് ചരിത്രം.

ഒരിക്കല്‍ അസ്മ ബീവി(റ) പറഞ്ഞു പ്രവാചകരേ, എന്‍റെ മാതാവ് ഇസ്ലാം സ്വീകരിച്ചിട്ടില്ല. പക്ഷെ അവരോട് ബന്ധം പുലര്‍ത്താനാണ് പ്രവാചകര്‍(സ)  മഹതിയോട് നിര്‍ദേശിച്ചത്. കാരണം മതത്തിന്‍റെ വേലിക്കെട്ടുകള്‍ക്കപ്പുറവും കാത്ത് സൂക്ഷിക്കപ്പെടേണ്ടതാണ് മാതൃത്വം. അവരുടെ വിശ്വാസം വികലമാണെങ്കിലും നമ്മുടെ വിശ്വാസത്തെ ബാധിക്കാത്ത വിധം അവരോട് ബന്ധം പുലര്‍ത്തുകയും കടമകള്‍ നിര്‍വഹിക്കുകയും വേണം.

മാതാപിതാക്കള്‍ ഈ ലോകത്തോട് വിട പറഞ്ഞാല്‍ പോലും അവരോടുുള്ള ബാധ്യതകള്‍ തീരുന്നില്ല. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും അവരുടെ കൂട്ടുകാരെയും ഇഷ്ടക്കാരെയും ആദരിക്കുകയും ചെയ്യണം. പ്രവാചകര്‍(സ) ഉമ്മ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം സന്ദര്‍ശിക്കാറുണ്ടായിരുന്നു. അവിടുന്ന് ഉമ്മയെ ഓര്‍ത്ത് കരയാറുണ്ടായിരുന്നു. പ്രവാതകര്‍(സ) കരയുന്നത് കണ്ട് ഞങ്ങളും കണ്ടിരുന്നുവെന്ന് അനുചരډാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രവാചകര്‍ക്ക് ഉമ്മയെ അത്രമേല്‍ ഇഷ്ടമായിരുന്നു. അളക്കാനാകാത്ത ആഴവും പരപ്പുമുള്ള ഇഷ്ടം. പണ്ടാരോ പറഞ്ഞമാതിരി പൂരിപ്പിക്കാനാത്ത പദപ്രശ്നമാണ് ഉമ്മ. ആ ഉമ്മയുടെ കൂടെ സ്വര്‍ഗ്ഗഗ്രസ്ഥരാകാന്‍ നാഥന്‍ തുണക്കട്ടെ ആമീന്‍.