സിനാന് തളിപ്പറമ്പ
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ പ്രധാനമാണ് സകാത്ത്. നിഖില മേഖലകളിലും സമത്വവും സാഹോദര്യവും വിഭാവനം ചെയ്യുന്നപരിശുദ്ധ ഇസ്ലാം സാമ്പത്തിക സമത്വത്തിനും ധനിക ദരിദ്ര സാഹോദര്യത്തിനും വേണ്ടിയാണ് സകാത്ത് നിയമവിധേയമാക്കിയത്. ഇതര കര്‍മ്മങ്ങളില്‍ നിന്നും വ്യത്യസ്തമായി സകാത്തിന് പ്രായപൂര്‍ത്തിയും ബുദ്ധിയും ശര്‍തില്ല. പ്രായം തികയാത്തവര്‍ക്കും ബുദ്ധി ഇല്ലാത്തവര്‍ക്കും സമ്പത്തുണ്ടെങ്കില്‍ ആ സമ്പത്തില്‍ നിന്ന് കൈകാര്യകര്‍ത്താക്കള്‍ സകാത്ത് നല്കല് നിര്‍ബന്ധമാണ്.
ഇസ്ലാം നിഷ്കര്‍ശിക്കുന്ന രീതിയില്‍ സര്‍വ്വ സമ്പന്നരും സകാത്ത് നല്കിയാല് എല്ലാവരും സാമ്പത്തികമായി ശാക്തീകരിക്കപ്പെടുമെന്നതാണ് യാഥാര്‍ത്ഥ്യം. ഖലീഫ ഉമര്‍ ബ്നു അബ്ദുല്‍ അസീസ്(റ) വിന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ അധികാര പരിധിയില്‍ സകാത്തിന്റെ അവകാശികളായി ആരും ഉണ്ടായിരുന്നില്ലെന്ന വസ്തുത ഈ യാഥാര്‍ത്ഥ്യത്തിന് അടിവരയിടുന്നു. ഭരണാധികാരിയുടെ കൃത്യമായ സകാത്ത് ശേഖരണവും യുക്തിഭദ്രമായ വിതരണ രീതിയുമാണ് അദ്ദേഹത്തിന്റെ അനുയായികളില്‍ സകാത്തിന്റെ അവകാശികളായിരുന്നവര്‍ പോലും സകാത്ത് കൊടുക്കുന്നവരായി മാറാന്‍ ഹേതുവായത്.
സകാത്ത് നിയമവിധേയമാക്കിയതിന് പിന്നിലുള്ള ലക്ഷ്യങ്ങളില്‍ നിന്ന് ഏറെ വിദൂരത്താണ് സമകാലിക സകാത്ത് വിതരണ രീതികളും സകാത്തിനെ കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളും. സകാത്തിനെ സ്വത്തുടമയുടെ ഔദാര്യമായി സമൂഹം വിലയിരുത്തുന്നു. ഈ വിലയിരുത്തലിന്റെ സ്വാഭാവിക പരിണിതിയെന്നോണം അവകാശി ഓശാരം പറ്റുന്നവനും രണ്ടാംകിടക്കാരനുമാകുന്നു. ഇത്തരം മനോഭാവങ്ങള്‍ തീര്‍ത്തും തിരുത്തപ്പെടേണ്ടതാണ്.
ഉയര്‍ത്തിപ്പിടിച്ച കാമറ കണ്ണുകള്‍ക്ക് മുന്നില്‍ വെച്ച് സഹായം കൈപ്പറ്റേണ്ടിയിരുന്നവരുടെ മാനസികാവസ്ഥ എത്രമേല്‍ പ്രയാസകരമായിരിക്കും. നാലാളുകള്‍ നോക്കിനില്‍ക്കേ സഹായം സ്വീകരിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന അഭിമാന ക്ഷതമോര്‍ത്ത് കണ്ണീര് വാര്‍ക്കുന്നവരെ സകാത്ത് വിതരണത്തിന്റെ വാര്‍ത്ത ചിത്രസഹിതം കൊടുക്കുന്ന പത്രാധിപരോ വായനക്കാരോ കാണാറില്ല. എല്ലാം പ്രകടന പരതയില്‍ ഒതുങ്ങിപ്പോകുമ്പോള്‍ നഷ്ടപ്പെടുന്നത് സകാത്തിന്റെ സത്തയാണ്.
അവരുടെ സമ്പത്തില്‍ നിന്ന് സകാത്ത് പിടിക്കുക, അത് അവരെ ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്യുംچ(തൗബ 103). ഉപര്യുക്ത ഖുര്‍ആന്‍ സൂക്തം സൂചിപ്പിക്കുന്നത് പോലെ സകാത്ത് ധനികനെ സംബന്ധിച്ച് അവന്റെ സമ്പത്തിനെ ശുദ്ധീകരിക്കുകയും അവിചാരിതമായ രീതിയില്‍ സമ്പത്തില്‍ മിച്ചവും വിശാലതയും ഉണ്ടാകാന്‍ നിമിത്തമാവുകയും ചെയ്യുന്നു. സാമ്പത്തിക ഭ്രമത്തില്‍ നിന്ന് ആത്മീയ വിശുദ്ധിയിലേക്കുള്ള സഞ്ചാര പാതയാണ് സകാത്ത്.
സകാത്തിന്റെ അവകാശികള്‍ എന്നാണ് ഇസ്ലാം സകാത്ത് നല്കപ്പെടേണ്ടവരെ കുറിച്ച് പറഞ്ഞത്. സ്വത്തുടമയുടെ ഓശാരമല്ല സകാത്ത.് മറിച്ച് ദരിദ്രന്റെ അവകാശമാണ്. സ്വത്തുടമയില്‍ നിന്ന് ലഭിക്കുന്ന ഔദാര്യമാണെന്ന അപകര്ഷതയൊന്നും സകാത്ത് സ്വീകരിക്കുന്നവന് തോന്നാത്ത വിധമായിരിക്കണം സകാത്ത് നല്‍കേണ്ടത്. സ്വത്തുടമയെ നരകത്തിന്റെ ആഴക്കയങ്ങളില്‍ നിന്ന് കരകയറ്റുന്ന ശക്തിയായി ദരിദ്രനെ കാണാന്‍ സാധിക്കണം. ഇത്തരമൊരു വിശാല മനസ്ഥിതിയിലൂടെ മാത്രമേ സകാത്ത് നിര്‍വ്വഹണം കൊണ്ട് നല്കുന്നവനും സ്വീകരിക്കുന്നവനും ഒരുപോലെ സന്തുഷ്ടരാകാന്‍ കഴിയൂ.
അര്‍ഹരായവര്‍ക്ക് നല്കാന് അല്ലാഹു തന്നെ ചുമതലപ്പെടുത്തിയതാണ് സകാത്ത് എന്ന ചിന്തയോടെ സ്വത്തുടമ സകാത്ത് നല്‍കുകയും തനിക്ക് അവകാശപ്പെട്ടതാണെന്ന ബോധ്യത്തോടെ അവകാശി സ്വീകരിക്കുകയും ചെയ്യുമ്പോള്‍ ആരും ഉയരുകയും താഴുകയും ചെയ്യാതെ സകാത്തിന്റെ ആദാന പ്രദാനം സുഖമമായി നടക്കും. കൂടാതെ താന്‍ നല്കിയ സകാത്ത് കൊണ്ട് ഉഷാറായവന് എന്ന ഞാന്‍ ഭാവത്തില്‍ നിന്ന് മനസ്സിന വിമലീകരിക്കാനും ഇത്തരം ചിന്തകള്‍ കൊണ്ട് സാധിക്കും.
നിലവിലെ രീതിയനുസരിച്ച് സകാത്തിന്റെ തുക കണക്കാക്കി അത് നൂറ് രൂപയുടെയോ മറ്റോ നോട്ടുകളാക്കി വീട്ടില്‍ വരുന്നവര്‍ക്ക് കൊടുക്കലോ അല്ലെങ്കില്‍ പതിവായി കൊടുക്കാറുള്ളവര്ക്ക് കുറഞ്ഞ സംഖ്യ വീതം കൊടുത്തു വീട്ടലോ ആണ്. അതായത് കഴിഞ്ഞവര്‍ഷം കൊടുത്തവര്‍ക്ക് തന്നെ ഈ വര്‍ഷവും കൊടുക്കുന്നു. ഇനി അവര്‍ക്കുതന്നെ അടുത്ത വര്‍ഷവും കൊടുക്കും. ഇതൊരു അനന്ത പ്രക്രിയയായി തുടരുന്നു. ഈ രീതി കൊണ്ട് സമൂഹത്തില്‍ പ്രത്യേകിച്ച് പുരോഗമനമൊന്നും ഉണ്ടാകുന്നില്ല. പാവപ്പെട്ടവന് എക്കാലവും പാവപ്പെട്ടവനായി തുടരുന്നു. അത് കൊണ്ടെന്ത് പ്രയോജനം? അതിനാല്‍ നിലവിലെ സകാത്ത് വിതരണ രീതി വിചിന്തന വിധേയമാക്കേണ്ടിയിരിക്കുന്നു.
സകാത്തിന്റെ ലക്ഷ്യം
സാമ്പത്തിക ശാക്തീകരണമാണ് സകാത്തിന്റെ മര്‍മ്മ പ്രധാന ലക്ഷ്യം. ഒരു വര്‍ഷം സകാത്ത് നല്കപ്പെട്ടവര് അടുത്ത വര്‍ഷം സകാത്തിന്റെ അവകാശികളുടെ പട്ടികയില്‍ ഉണ്ടാകാതിരിക്കലാണ് സാമ്പത്തിക ശാക്തീകരണം. ഇങ്ങനെ ഒരു മാറ്റം പ്രകടമായാലേ സകാത്ത് ധനം കൊണ്ട് പ്രായോജനം ഉണ്ടാകൂ. കേവല കടമ നിര്‍വ്വഹണമോ കുറ്റവിമുക്തതയോ മാത്രമായി സകാത്ത് വിതരണം ചെയ്യുക എന്നതിനപ്പുറം ലക്ഷ്യാധിഷ്ടിതമായി വിതരണം ചെയ്യുകയാണെങ്കിലേ സാമ്പത്തിക ശാക്തീകരണം സാധ്യമാകൂ.
ഒരു നാട്ടില്‍ സകാത്തിന്റെ അവകാശികള്‍ അധികരിക്കുകയും സകാത്ത് മുതല്‍ അവരുടെ ആവശ്യങ്ങള്‍ക്ക് അപര്യാപ്തമാവുകയും ചെയ്താല്‍ എല്ലാവരെയും ഉള്‍പ്പെടുത്തണമെന്നില്ല. എല്ലാവര്ക്കും കൊടുക്കല്‍ സുന്നത്തുപോലുമില്ലെന്ന് ആധികാരിക കര്‍മ്മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈന്‍ വ്യക്തമാക്കുന്നു. അര്‍ഹരായ എല്ലാവരെയും ഉള്‍പ്പെടുത്തുമ്പോള്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്ന ധനം കുറയുകയും ആര്‍ക്കും പ്രയോചനമില്ലാതാവുകയും ചെയ്യുന്നു. അത് കൊണ്ടാണ് കുറേശ്ശയായി കുറേപേര്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ നല്ലത് കുറച്ച് പേര്‍ക്ക് ആവശ്യത്തിന് കൊടുത്ത് അവരെ ഉയര്‍ത്തി കൊണ്ടുവരലാണ് നല്ലതെന്ന് കര്‍മ്മ ശാസ്ത്ര വിശാരദډാര്‍ അഭിപ്രായപ്പെടുന്നത്.
സാമ്പത്തിക ശാക്തീകരണം പ്രായോഗികമാകണമെങ്കില്‍ സകാത്തിനെ കുറിച്ച് സമൂഹം വെച്ചുപുലര്‍ത്തുന്ന മനോഭാവങ്ങള്‍ ആപാദചൂഢം തിരുത്തേണ്ടതുണ്ട്. അതോടൊപ്പം കൂടുതല്‍ യുക്തിഭദ്രമായ രീതിയില്‍ സകാത്ത് വിതരണവും നടക്കണം. എങ്കിലേ നമുക്ക് ലക്ഷ്യപ്രാപ്തി കൈവരിക്കാന്‍ കഴിയൂ എന്ന് തിരുച്ചറിയാന് ഇനിയും നാം അമാന്തിച്ചുകൂടാ.
സകാത്ത് വിതരണത്തിന്റെ നിബന്ധനകള്‍
1. നിയ്യത്ത് : ഇതെന്റെ മുതലില്‍ നിന്നുള്ള സകാത്താണെന്ന് കരുതലാണ് നിയ്യത്ത്.
2. അവകാശികള്‍ക്ക് നല്കല്.
തൗബയിലെ അറുപതാം സൂക്തത്തില്‍ വ്യക്തമാക്കപ്പെട്ടത് പോലെ സകാത്തിന്റെ അവകാശികള്‍ ദരിദ്രര്‍, പാവങ്ങള്‍, സകാത്തിന്റെ ഉദ്യോഗസ്ഥര്‍, ഇസ്ലാമിലേക്ക് ഹൃദയം ഇണക്കപ്പെട്ടവര്‍, അടിമത്തത്തില്‍ നിന്ന് മോചിതര്‍, കടബാധ്യതയുള്ളവന്, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നവര്‍, യാത്രക്കാര്‍ എന്നിവരാണ്.
ഖുര്‍ആനില്‍ പറയപ്പെട്ട എട്ട് അവകാശികളില്‍ സമകാലിക പരിതസ്ഥിതിയില്‍ നിലനില്‍ക്കുന്ന അവകാശികളെ കുറിച്ച് മാത്രം ചര്‍ച്ച ചെയ്യലാണ് പ്രസക്തം. അതിനാല്‍ ഫഖീറ്, മിസ്കീന്, ഇസ്ലാമിലേക്ക് ഹൃദയം ഇണങ്ങിയവര്‍, കടം കൊണ്ട് വലയുന്നവന്, യാത്രക്കാരന് എന്നീ വിഭാഗത്തെ കുറിച്ച് മാത്രം ലഘു പരിചയമാകാം.
ഫഖീറ് : തന്റെയും താന്‍ ചെലവിന് കൊടുക്കല്‍ നിര്‍ബന്ധമായവരുടെയും ചെലവിന് മതിയായ വരുമാനമില്ലാത്തവനാണ് ഫഖീര്‍.
മിസ്കീന് : ലഭ്യമായ വരുമാനം ആവശ്യത്തിന് തികയാതെ വരുന്നവനാണ് മിസ്കീന്. ഉദാഹരണത്തിന് പത്തുരൂപ ആവശ്യമുള്ളപ്പോള്‍ എട്ട് രൂപയുള്ളവന്‍.
ഇസ്ലാമിലേക്ക് ഹൃദയം ഇണങ്ങിയവര്‍ : സമീപ കാലത്ത് ഇസ്ലാം പുല്കിയ വിശ്വാസം ദൃഢപ്പെടാത്തവരും അവന് സകാത്ത് നല്കിയാല് മറ്റുള്ളവരും ഇസ്ലാം സ്വീകരിക്കുമെന്ന സാധ്യതയുള്ളവരുമാണ് ഹൃദയം കൊണ്ട് അടുത്തവര്‍ എന്ന ഗണത്തില്‍ പെടുന്നത്.
കടം കൊണ്ട് വലഞ്ഞവന് : അനുവദിനീയമായ ഒരു ആവശ്യത്തിന് വേണ്ടി കടം വാങ്ങി വീട്ടാന്‍ വകയില്ലാത്തവനും രണ്ടുപേര്ക്കിടയിലുണ്ടായിരുന്ന തര്‍ക്കം പരിഹാന്‍ വേണ്ടി കടം വാങ്ങിയവനുമാണ് കടക്കാര്.
യാത്രക്കാരന് : അനുവദനീയ കാര്യത്തിന് വേണ്ടി യാത്രപുറപ്പെട്ട് യാത്രപൂര്ത്തീകരിക്കാന് കൈയ്യില്‍ പണമില്ലാത്തവനാണ് യാത്രക്കാരന്.
ഫഖീറും മിസ്കീനും കച്ചവടം ശീലിച്ചവരാണെങ്കില്‍ സാധാരണ ഗതിയില്‍ അവരുടെ ചെലവിന് മതിയാകുന്ന തുക ലാഭം കിട്ടുന്ന രീതിയിലുള്ള കച്ചവടം തുടങ്ങാനുള്ള മൂലധനമാണ് അവര്‍ക്കോരോരുത്തര്‍ക്കും നല്‍കേണ്ടത്. ഫഖീറും മിസ്കീനും കൈതൊഴില് ശീലിച്ചവരാണെങ്കില്‍ അതിന്റെ ഉപകരണമോ ഉപകരണത്തിന്റെ വിലയോ നല്‍കണം. ഉദാഹരണത്തിന് ഒരാളുടെ കൈയ്യില്‍ രണ്ടു കോടി രൂപയുണ്ട്. അയാള്‍ക്ക് 5 ലക്ഷം രൂപ ധനത്തിന്റെ സകാത്ത് വീടല്‍ നിര്‍ബന്ധമാണ്. ദരിദ്രന് ഡ്രൈവിംഗ് അറിയുന്നയാളാണെങ്കില്‍ സകാത്തിന്റെ ധനം ഉപയോഗിച്ച് ഓട്ടോ രിക്ഷ വാങ്ങി കൊടുത്താല്‍ അയാള്‍ക്കുള്ള വരുമാന മാര്‍ഗ്ഗമായി.
ഫഖീറും മിസ്കീനും കച്ചവടവും കൈതൊഴിലും അറിയാത്തവരാണെങ്കില്‍ അവര്‍ക്ക് ശരാശരി പ്രായത്തില്‍ നിന്ന് അവശേഷിക്കുന്ന കാലത്തേക്കാവശ്യമായത് നല്‍കണം. ശരാശരി പ്രായം കഴിഞ്ഞാല്‍ വര്‍ഷാവര്‍ഷ പരിഗണനയില്‍ സകാത്ത് കൊടുക്കണം. ഒരു സാധാരണ മനുഷ്യന്റെ ശരാശരി പ്രായം അറുപത് വയസ്സാണെന്ന് പണ്ഡിതരില്‍ പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
കടം കൊണ്ട് വലഞ്ഞവന് അവന്റെ കടം വീട്ടാന്‍ ആവശ്യമായതാണ് നല്‍കേണ്ടത്. യാത്രക്കാരന് അവന്റെ നാട്ടില്‍ തിരിച്ചെത്താനുള്ള ധനമാണ് നല്‍കേണ്ടത്. ഈ രീതിയില്‍ സകാത്ത് വിതരണം ചെയ്യപ്പെട്ടാല്‍ ഒരു തവണ സകാത്ത് നല്‍കിയവര്‍ക്ക് പിന്നീട് സകാത്ത് നല്‍കേണ്ടിവരില്ല. അതുവഴി നാട്ടില്‍ സാമ്പത്തിക ശാക്തീകരണം സാധ്യമാകുന്നു.
സകാത്ത് വിതരണ രീതികള്‍
1. സ്വത്തുടമ സകാത്തിന്റെ അവകാശികള്‍ക്ക് നേരിട്ട് നല്കല്.
2.സ്വത്തുടമ സകാത്ത് വിതരണം ചെയ്യാന്‍ ഏല്‍പ്പിക്കല്‍(വക്കാലത്ത്).
3. ഇസ്ലാമിക ഭരണാധികാരിയെ ഏല്‍പ്പിക്കല്‍
സ്വത്തുടമ തന്നെ സകാത്തിന്റെ അവകാശികള്‍ക്ക് നേരിട്ട് വിതരണം ചെയ്യലാണ് ഉത്തമം. എന്നാല്‍ നാട്ടില്‍ ആരൊക്കെയാണ് അവകാശികള്‍, ഏത് രീതിയില്‍ നല്കിയാലാണ് അവര്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുക തുടങ്ങിയ കാര്യങ്ങളില്‍ വേണ്ടത്ര അറിവില്ലാത്ത ഒരാള്‍ തന്നെക്കാള്‍ അറിവും സൂക്ഷമതയുമുള്ള വ്യക്തിയെ സകാത്ത് വിതരണം ചെയ്യാന്‍ ഏല്‍പ്പിക്കാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളില്‍ വക്കാലത്താണ് അനുഗുണം
സകാത്ത് വിതരണത്തിന് ഒരാളെയും ഒന്നിലധികം ആളുകളെയും ഏല്‍പ്പിക്കാവുന്നതാണ്. ഒരാളാണെങ്കിലും ഒരു കൂട്ടം ആളുകളാണെങ്കിലും ഏല്‍പ്പിക്കുന്നവരെ കൃത്യമായി നിര്‍ണ്ണയിക്കല്‍ നിര്‍ബന്ധമാണ്. കൂടാതെ ഏല്പ്പിക്കപ്പെട്ടവര് സകാത്ത് കൃത്യമായി വിതരണം ചെയ്തിട്ടുണ്ടെന്ന് സ്വത്തുടമ ഉറപ്പുവരുത്തുകയും വേണം. കാരണം അവര്‍ വിതരണം ചെയ്താളെ സ്വത്തുടമയുടെ ബാധ്യത ഒഴിവാകൂ.
മഹല്ല് ഖത്വീബിനെ വക്കീലാക്കി കൊണ്ടുള്ള ശാസ്ത്രീയമായ സകാത്ത് രീതികളെ കുറിച്ചും ഖാളിയെ ചുമതലപ്പെടുത്തികൊണ്ടുള്ള സകാത്ത് രീതികളും സമകാലിക സാഹചര്യത്തില്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. ഇത്തരം ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ഈ രീതികള്‍ പ്രയോഗവല്‍ക്കരിക്കാന്‍ സമൂഹം കാത്തിരിക്കുന്നുണ്ട്.
സകാത്ത് ഭരണാധികാരിയെ ഏല്‍പ്പിക്കലാണ് ഏറ്റവും സരളമായ സകാത്ത് വിതരണ രീതി. കാരണം സകാത്ത് ഭരണാധികാരിയെ ഏല്‍പ്പിക്കുന്നതോടെ സ്വത്തുടമ ഉത്തരവാദിത്വത്തില്‍ നിന്ന് മുക്തനായി. ലക്ഷ്യപ്രാപ്തി കൈവരിക്കാനും ഈ രീതി തന്നെയാണ് കരണീയം. കാരണം സ്വത്തുടമക്കില്ലാത്ത ഒരുപാട് അധികാരങ്ങളും വിതരണ രീതിയില്‍ കൂടുതല്‍ സ്വാതന്ത്രവും ഇസ്ലാമിക ഭരണാധിക്കാരിക്കുണ്ടാകും. അതോടൊപ്പം സകാത്തിന്റെ അവകാശികളെ കുറിച്ച് കൃത്യമായ അറിവും അവരുടെ ആവശ്യങ്ങളെ കുറിച്ച് കൃത്യമായ ബോധ്യവും ഭരണാധികാരിക്ക് ഉണ്ടായിരിക്കും. എന്നാല്‍ ഇസ്ലാമിക ഭരണ സംവിധാനത്തിന്റെ അഭാവത്തില്‍ ഭരണാധികാരിയെ ഏല്‍പ്പിക്കുന്ന രീതിയെ കുറച്ചുള്ള ചര്‍ച്ചകള്‍ അപ്രസക്തമാണ്.
സകാത്തിന്റെ സമയം
ഓരോ വസ്തുവിലും സകാത്ത് നിര്‍ബന്ധമാകാന്‍ ആവശ്യമായ അളവ്, കൊല്ലം, എണ്ണം എന്നിവ തികഞ്ഞാല്‍ സകാത്ത് നിര്‍ബന്ധമായി. സകാത്ത് നിര്‍ബന്ധമായ ശേഷം അവകാശികള്‍ നാട്ടിലുണ്ടാവുകയും കൊടുക്കാന്‍ സൗകര്യമുണ്ടായിരിക്കുകയും ചെയ്ത ശേഷം സകാത്ത് കൊടുക്കാന്‍ പിന്തിപ്പിച്ചാല്‍ സ്വത്തുടമ കുറ്റക്കാരനാകും.
സകാത്തില്‍ നാം കണക്കാക്കേണ്ടത് അറബി മാസമാണ്. നാട്ടുനടപ്പനുസരിച്ച് ഇംഗ്ലീഷ് മാസത്തില്‍ കണക്കെടുത്താല്‍ മതിയാവുകയില്ല. റമളാന്‍ മാസത്തിലാണ് സകാത്ത് കൊടുക്കേണ്ടത് എന്ന ഒരു തെറ്റിദ്ധാരണ പൊതുവെ നിലനില്‍ക്കുന്നുണ്ട്. റമളാന്‍ മുതലാണ് നാം കൊല്ലം കണക്കാക്കുന്നെങ്കില്‍ അല്ലെങ്കില്‍ റമളാനിലാണ് എണ്ണം, അളവ് എന്നിവ തികയുന്നതെങ്കില്‍ മാത്രമേ റമളാനില്‍ സകാത്ത് നിര്ബന്ധമാകമാകുന്നുള്ളൂ. എന്നാല്‍ കൊല്ലം, അളവ്, എണ്ണം തികയുന്നത് ഇതര മാസങ്ങളിലാണെങ്കില്‍ ആ മാസത്തില്‍ സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമാണ്.
ചുരുക്കത്തില്‍ പരിശുദ്ധ ഇസ്ലാം സകാത്ത് നിര്‍ബന്ധമാക്കിയതിലെ യുക്തിയും ലക്ഷ്യവും നേട്ടവുമൊക്കെ നാം മനസ്സിലാക്കി കഴിഞ്ഞു. ലക്ഷ്യാധിഷ്ടിതമായി സകാത്ത് വിതരണം ചെയ്ത് സാമ്പത്തിക ശാക്തീകരണം സാധ്യമാക്കാന്‍ നാം മുന്നിട്ടിറങ്ങണം. സകാത്തിനെ കുറിച്ച് സമൂഹത്തില്‍ നില നില്ക്കുന്ന തെറ്റായ മനോഭാവങ്ങള്‍ തിരുത്തപ്പെടേണ്ടാത്. സകാത്തിന്റെ യഥാര്‍ത്ഥ കാഴ്ചപ്പാടും മൂല്യവും ജനങ്ങളെ ബോധ്യപ്പെടുത്തുകയും ക്രിയാത്മകമായ വിതരണം ചെയ്യാന്‍ പ്രേരിപ്പിക്കുകയും കഴിയുമെങ്കില്‍ നിര്‍ബന്ധിപ്പിക്കുകയും ചെയ്യണം. നാഥന് തുണക്കട്ടെ ആമീന്‍.