-നൗഫൽ
ചരിത്രവും സംസ്കാരവും പാരമ്പര്യവും മനസ്സാക്ഷിയും ഒരേ പോലെ എതിർക്കുന്ന രതി വൈകൃതം വീണ്ടും ചർച്ചയായിരിക്കുന്നു. സഹസ്രാബ്ദങ്ങളുടെ നാൾവഴികളിലൂടെ രൂപപ്പെട്ട് ബോധ്യങ്ങളായിമാറിയതു മാത്രമല്ലിത്. മതങ്ങളകിലവും പാപമായികരുതുന്ന തിൻമ കൂടിയാണിത്. ഇത്തരം മൂല്യവിചാരങ്ങളിൽ പൊളിച്ചെഴുത്ത് നടത്തുന്നതിൻറെ ഭവിഷ്യത്ത് ദൂരവ്യാപകമായിരിക്കും. സാമൂഹിക മൂല്യങ്ങളിൽ മായം ചേർത്തും വെള്ളം ചേർത്തു മാറ്റം വരുത്തുന്നതിൻറെ അപകടം പ്രവചനാതീതമായിരിക്കും. സ്വവർഗരതിയെ പ്രകൃതി വിരുദ്ധമെന്ന് കാലമിത്രയും സമൂഹം വിശേഷിപ്പിച്ചത് അബദ്ധമായിരുന്നുവെന്നും പരസ്പര സമ്മതത്തോടെയുള്ള സ്വവർഗരതി ക്രിമിനൽ കുറ്റമല്ലെന്നുമുള്ള പരമോന്നത നീതിപീഠത്തിൻറെ വിധി ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന് നിരക്കാത്തതാണ് എന്നതിൽ തർക്കമില്ല.
സ്വാഭാവിക പ്രകൃതി നിയമങ്ങൾക്ക് വിരുദ്ധമാണിത്.പ്രപഞ്ചത്തിൻറെ നിയതമായ രീതികൾക്ക് വിഘാതമാകുന്ന ഇത്തരം പ്രകൃതിവിരുദ്ധ ലൈംഗിക വൈകൃതങ്ങളെ പരിശുദ്ധ ഇസ്ലാമോ ലോകത്തെ ഇതര മതങ്ങളോ പ്രത്യയശാസ്ത്രങ്ങളോ ഒരിക്കലും അംഗീകരിക്കുന്നില്ല. മനുഷ്യ മനസാക്ഷിക്കു പോലും ഇത് അംഗീകരിക്കാനാവില്ല. സ്വവർഗ്ഗ രതി വ്യക്തിസ്വാതന്ത്ര്യത്തിൻറെ ഭാഗമാണെന്ന വിചിത്ര വാദമുയർത്തി ഐപിസി 377 വകുപ്പിലെ വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമാണെന്ന് പറഞ്ഞാണ് പരമോന്നത നീതിപീഠം പ്രസ്തുത വകുപ്പ് ഭാഗികമായി റദ്ദ് ചെയ്ത് സ്വവർഗരതി ക്രിമിനൽ കുറ്റമല്ലെന്ന പ്രഖ്യാച്ചത്. വ്യക്തികളുടെ അന്തസ്സിനും അഭിമാനത്തിനും സ്വകാര്യതക്കും സംരക്ഷണം നൽകുകയാണ് ഉത്തരവാദപ്പെട്ടവർ ചെയ്യേണ്ടത്. അതിനുതകുന്ന സദാചാര രീതികളെ പ്രോത്സാഹിപ്പിക്കുന്നതിനുപകരം വിരുദ്ധമായതിനാൽ കളമൊരുക്കികൊടുക്കുന്ന കോടതിയുടെ നിലപാട് ഇന്ത്യയുടെ മഹാഭൂരിപക്ഷത്തിന് നൽകുന്ന സന്ദേശം അതിഭീകരമായതാണ്.
നടപ്പുരീതികളെയെല്ലാം യാതൊരു യുക്തി ദീക്ഷയുമില്ലാതെ ചോദ്യം ചെയ്യുന്ന രീതി വർദ്ധിച്ചുവരികയാണ്. സ്ഥാപിത രീതികളും ധാരണകളും ചോദ്യം ചെയ്യുന്നത് നവോത്ഥാനവും ധിഷണാ പാഠവവും വിപ്ലവവുമായി കരുതുന്നത് തികച്ചും ബാലിശമല്ലേ? സൂര്യന് പകലും ചന്ദ്രൻ രാത്രിയും പ്രകാശം ചൊരിയുന്ന പ്രകൃതിയുടെ നിയതമായ രീതിയെ ചോദ്യം ചെയ്ത് സൂര്യനെന്തുകൊണ്ട് രാത്രിയിൽ ഉദിച്ചുയർന്നു കൂടാ എന്നതിനു സമാനമായ ഇത്തരം ബാലിശ വാദങ്ങൾ ഉയർത്തുന്നത് പോലും വലി യുക്തി ചിന്തയായി വിലയിരുത്തപ്പെടുകയാണ്!
സ്വവർഗരതി ആരോഗ്യകരമായ പ്രവണതയല്ല. പ്രകൃതിയുടെ രീതിയുമല്ല. പക്ഷിമൃഗാദികൾ ഉൾപ്പെടെയുള്ള ജീവജാലങ്ങളിൽ ഇത്തരം വൈകൃതങ്ങൾ കാണുന്നില്ലെന്ന് ശാസ്ത്രം തെളിയിച്ചതാണ്. യഥാർത്ഥത്തിൽ ഇത് ഒരുതരം മാനസിക വൈകൃതവും സാമൂഹിക തിൻമയുമാണ്. അതുകൊണ്ടുതന്നെയാണ് സമൂഹം ഇതിനെ മോശമായി കാണുന്നത്. കോടതി ഇത് ക്രിമിനൽ കുറ്റമല്ലതാക്കി മാറ്റിയത് കൊണ്ട് ജനങ്ങളുടെ ഇതിനോടുള്ള കാഴ്ചപ്പാട് മാറാൻ പോകുന്നില്ല.
സ്വവർഗ്ഗ രതിക്കാർ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ മാനസിക പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുവെന്ന് ഈയിടെ പുറത്തു വന്ന നിരവധി പഠനങ്ങൾ തെളിയിക്കുന്നു. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകനായിരുന്ന ഡോക്ടർ അപ്പു ചക്രബോർത്തി (Appu Chakraborty) യും സംഘവും കുറച്ചു വർഷങ്ങൾക്കു മുമ്പ് യു.കെ.യിലെ 7403 യുവാക്കളിൽ നടത്തിയ പഠനം തെളിയിക്കുന്നത് സ്വവർഗരതിക്കാരിൽ വിഷാദം, ഉൽക്കണ്ഠ, ഭീതി, സ്വയം പീഡ, ആത്മഹത്യാപ്രവണത, മദ്യ മയക്കുമരുന്ന് ഉപയോഗം എന്നിവയുടെ തോത് വളരെ കൂടുതലാണെന്നാണ്. മറ്റുള്ളവർ 40 ശതമാനത്തോളം സന്തുഷ്ടരാണെന്ന് സ്വയം സമ്മതിക്കുമ്പോൾ സ്വവർഗരതിക്കാർ 30 ശതമാനം മാത്രമാണ് സന്തുഷ്ടരാണെന്ന് സമ്മതിക്കുന്നത്. മുമ്പ് അമേരിക്ക, ബ്രിട്ടൻ, ഹോളണ്ട് എന്നീ രാജ്യങ്ങളിൽ നടന്ന പഠനങ്ങളുടെ റിസൾട്ടിനെ ശരിവെക്കുന്നതാണ് തങ്ങളുടെ ഗവേഷണഫലവുമെന്ന് ഡോക്ടർ ചക്രബോർട്ടി അവകാശപ്പെടുന്നു.
ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ പ്രഫസർ മിക്കായേൽ കിങ്ങും(Michael King) ടീമും 1966 നും 2005നും ഇടയിൽ ഈ വിഷയത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട 28 പേപ്പറുകളെ കുറിച്ച് പഠനം നടത്തി പ്രസിദ്ധീകരിച്ച റിവ്യുവും ഇതിനെ ശരിവെക്കുന്നു. അതിൽ വ്യത്യസ്ത കാലത്തും സ്ഥലത്തും ജീവിച്ച 214344 സാധാരണക്കാരെയും 11971 സ്വവർഗരതിക്കാരെ യും പഠനവിധേയമാക്കിയിട്ടുണ്ട്. സ്വവർഗരതിക്കാരിൽ ആത്മഹത്യാപ്രവണത നൂറുശതമാനവും വിഷാദരോഗം, ഉൽക്കണ്ഠ, മദ്യമയക്കു മരുന്നുപയോഗം എന്നിവ 50 ശതമാനവും കൂടുതലാണെന്ന് കണ്ടെത്തുകയുണ്ടായി. സ്ത്രീകളിലും പുരുഷന്മാരിലും ഈ നിരക്കിൽ വ്യത്യാസമില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
സ്വവർഗരതിയോടുള്ള ഇസ്ലാമിൻറെ നിലപാട് സുവ്യക്തമാണ്. സ്വവർഗ്ഗരതിക്കാരായ സദൂം നിവാസികളെ കുറിച്ച് ‘അതിക്രമകാരികളായ ജനത( 26: 165) അവിവേകം കാണിക്കുന്ന ജനത (27: 85), അതിരുവിട്ടു പ്രവർത്തിക്കുന്ന ജനത (7: 81) കുഴപ്പക്കാരായ ജനത (29: 30)’ തുടങ്ങിയ അതിരൂക്ഷമായ പദ പ്രയോഗങ്ങളാണ് ഖുർആൻ നടത്തിയത്. ഇത് അവിവേകവും അതിക്രമവും അതിരുവിട്ട ചെയ്തിയും കുഴപ്പവും ആണെന്നാണ് ഖുർആൻ പ്രസ്തുത സന്ദർഭം വിവരിച്ചുകൊണ്ട് താക്കീത് ചെയ്യുന്നത്. സ്വവർഗ്ഗരതിക്കാരായ സദൂം ഗോത്രത്തിലേക്ക് നിയോഗിതനായ പ്രവാചകൻ ലൂത്ത് നബി ആ സമൂഹത്തെ ഇതിൻറെ ഭവിഷ്യത്ത് പറഞ്ഞ് ബോധ്യപ്പെടുത്തുന്നതും വിശുദ്ധ ഖുർആൻ തുടർന്ന് വിവരിക്കുന്നുണ്ട്. ” ലൂത്വിനെ നാം നിയോഗിച്ചു. അദ്ദേഹം തൻറെ ജനതയോട് പറഞ്ഞതോർക്കുക: ലോകത്ത് നേരത്തെ ആരും ചെയ്തിട്ടില്ലാത്ത നീചകൃത്യമാണല്ലോ നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്”( 29: 28)
സ്വവർഗരതി ശീലമാക്കിയ സദൂം ഗോത്രത്തിന് ചരിത്രത്തിൽ തുല്യതയില്ലാത്തത്ര ഭീകരമായ ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നതായി ഖുർആൻ ഉണർത്തുന്നു. പ്രസ്തുത പ്രദേശത്തെ അല്ലാഹുവും കീഴ്മേൽ മറിച്ച് (11:82) ചാവുകടലിൽ താഴ്ത്തിക്കളഞ്ഞു. അതോടൊപ്പം അവരുടെ മേൽ കല്ലു മഴ വർഷിച്ചതായും ഖുർആൻ പ്രസ്താവിക്കുന്നുണ്ട്. ജൂത ക്രൈസ്തവ ഗ്രന്ഥങ്ങളും ഈ ചരിത്രം അല്പം വ്യത്യാസത്തോടെ യാണെങ്കിലും പ്രതിപാദിക്കുന്നുണ്ട്.
വിശുദ്ധ ഹദീസും ഇവ്വിഷയകമായി വളരെ വ്യക്തമായി സംസാരിക്കുന്നുണ്ട്. “ലൂത്തിൻറെ സമുദായം ചെയ്ത തിന്മയാണ് ഞാൻ എൻറെ ജനതയിൽ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് എന്ന് നബി (സ) പറഞ്ഞതായി പറഞ്ഞതായി ജാബിർ (റ) നിവേദനം ചെയ്യുന്നു.
മറ്റൊരു ഹദീസിൽ കാണാം. “ലൂത്തിൻറെ സമുദായം ചെയ്ത തിന്മ ചെയ്യുന്നവരെ അല്ലാഹു ശപിക്കട്ടെ. മൃഗത്തെ കാമ വൃത്തിക്ക് വേണ്ടി ഉപയോഗിക്കുന്നവരെ അല്ലാഹു ശപിക്കട്ടെ” ( നബി(സ) ഇത് മൂന്നുപ്രാവശ്യം ആവർത്തിച്ചു). ചുരുക്കത്തിൽ വളരെ നികൃഷ്ടമായ പാപവും അതി കഠിനമായ ശിക്ഷ നൽകേണ്ട കുറ്റകൃത്യവു മായാണ് ഇസ്ലാം ഇതിനെ കാണുന്നത്.
വ്യക്തി സ്വാതന്ത്ര്യത്തിൻറെ പേരിൽ ഏത് ആഭാസവും അനുവദിക്കാനുള്ള ശ്രമം വിചിത്രവും പരിഷ്കൃത സമൂഹത്തിന് അനുചിതവുമാണ്.