-റംസാൻ ഇളയോടത്ത്
മലയാള സാഹിത്യത്തിൽ കഥകൾ പലതരമുണ്ട് .നോവൽ ,കഥ ,ചെറു കഥ ,മിനിക്കഥ തുടങ്ങിയവ .ഇങ്ങനെയുള്ള നാമകരണങ്ങൾ കഥയുടെ നീളത്തെയും രൂപത്തെയുമാണ് അടയാളപ്പെടുത്തുന്നത് .ആയിരവും പതിനായിരവും വരികൾ കടന്നു മുന്നേറുന്ന നോവലുകൾക്കിടയിലേക്കാണ് മിനിക്കഥകൾ കടന്നു വരുന്നത് .
മിനിക്കഥകൾ ഇപ്പോഴും അപ്രസക്തമായൊരു മേഖലയായിട്ടാണ് വിലയിരുത്തപ്പെടുന്നത് . രണ്ടു വരികളിലൊതുങ്ങുന്ന മിനിക്കഥകളെയും അതിന്റെ രചയിതാവിനെയും നോവലുകൾക്കും കഥാസമാഹാരങ്ങൾക്കുമിടയിൽ പെട്ട് ആരും തിരിച്ചറിയാറില്ല . ഇങ്ങനെയുള്ള സാമൂഹ്യ വ്യവസ്ഥയെ അട്ടിമറിക്കാനും ആയിരം വരികളേക്കാൾ മൂർച്ച മിനിക്കഥകളിലെ രണ്ട് വരികൾക്കാണെന്ന് തെളിയിക്കുകയും അതു വഴി മിനിക്കഥകളെ സ്വാതന്ത്ര്യ സാഹിത്യമാക്കുകയുമാണ് എഴുത്തുകാരനായ പികെ പാറക്കടവ് തന്റെ ‘മിന്നൽ കഥകൾ ‘ എന്ന മിനിക്കഥ സമാഹാരത്തിലൂടെ ശ്രമിക്കുന്നത് .
മിനിക്കഥ ചുരുങ്ങിയ വാക്കുകളിലൊതുങ്ങുന്നവയാണ് . അവയിൽ ചിലപ്പോൾ ഒരു കഥാപാത്രത്തിനെ മാത്രമേ കാണാൻ സാധിക്കുകയുളൂ.കഥാപാത്രങ്ങൾക്ക് പേരുണ്ടായിക്കൊള്ളണമെന്നില്ല . ഒരുപക്ഷേ ,കഥാപാത്രം തന്നെ ഉണ്ടായിരിക്കില്ല .സ്ഥലങ്ങൾക്ക് നാമമുണ്ടായിരിക്കല്ല . കാലങ്ങളെ കുറിച്ച് സൂചന ലഭിക്കില്ല . തുടക്കവും ഒടുക്കവുമുണ്ടാവില്ല .
വളരെ ധൃതി പിടിച്ച കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത് .മണിക്കൂറുകൾ മിനിറ്റുകളായും ദിവസങ്ങൾ മണിക്കൂറുകളായും ആഴ്ചകൾ ദിവസങ്ങളായും വർഷങ്ങൾ മാസങ്ങളായും ഓടിപ്പോകുന്നു . പുരോഗതിയിലെത്തിയ ശാസ്ത്ര സാങ്കേതിക വിദ്യകൾ മനുഷ്യന് വേണ്ടതെല്ലാം ഞൊടിയിടയിൽ അവന്റെ മുന്പിലെത്തിക്കുന്നു . കാതങ്ങൾക്കപ്പുറത്തുള്ളവനുമായി സംസാരിക്കാനാകുന്നു .ഒരൊറ്റ നോട്ടത്തിൽ അവന് ലോകത്തെ മൊത്തം കാണാനാകുന്നു .എങ്കിലും ഇപ്പോഴും മനുഷ്യന് മതിയായ സമയം അവന്റെ ദിന കാര്യങ്ങളിൽ അവന് ലഭിക്കുന്നില്ല .അവൻ എല്ലായ്പ്പോഴും തിരക്കുകളുടെ കാരാഗ്രഹങ്ങളിലാണ് .അത് കൊണ്ട് തന്നെ കാത്തിരിപ്പുകളില്ലാതെ എല്ലാം ഞൊടിയിടയിൽ ലഭിക്കാൻ അവൻ ആഗ്രഹിക്കുന്നു .ഗുണപാഠ കഥകൾ വായിക്കാതെ അവസാനമെഴുതിയ ഗുണപാഠം മാത്രം വായിക്കുന്നു .
ഇങ്ങനെ തിരക്കുകൾ കൊണ്ട് മനുഷ്യൻ അസ്വസ്ഥനാകുന്ന കാലത്താണ് മിനിക്കഥകളും പിറവിയെടുക്കുന്നത് .മിനിക്കഥകൾ ഒരേ സമയം രണ്ടു വാക്കുകളിലൂടെ കഥയും അതിന്റെ അർത്ഥ തലങ്ങളും വായനക്കാരന് മുൻപിൽ തുറന്നിട്ട് കൊടുക്കുകയാണ് .വരികളിലെ കാലവും കഥാപാത്രവും സമയവുമെല്ലാം വായനക്കാരന് തീരുമാനിക്കാം .അതവന്റെ സ്വാതന്ത്ര്യമാണ് .
മിനിക്കഥകൾ ഒരിക്കലും ‘കഥയില്ലാത്ത ‘ കഥകളല്ല .അവ ശക്തമായൊരു ആശയത്തെ ഗർഭം ധരിച്ച വരികളാകുന്നു .അത് മർദ്ധിതന്റെ കണ്ണീരിന്റെ ഉപ്പു രസമാകാം .ഒട്ടിയ വയറിന്റെ വിശപ്പിനോടുള്ള പോരാട്ടമാകാം .സാമൂഹ്യ വ്യവസ്ഥിതികൾക്കെതിരെയുള്ള അട്ടിമറികളാകാം .അധികാര ബിംബങ്ങൾക്ക് നേരെ തൊടുത്തു വിട്ട വില്ലുകളാകാം .പറയാൻ മറന്നു പോയ പ്രണയങ്ങളുമാകാം .ഇവയിലേതെങ്കിലുമൊന്നിനെ ഉള്ളിൽ വെച്ചു കൊണ്ടല്ലാതെ മിനിക്കഥകൾ ജനിച്ചിട്ടില്ലെന്നത് തീർച്ചയാണ് .
കഥയാണോ കവിതയാണോ തൻറെ മുന്പിലുള്ളതെന്ന് പിടി കൊടുക്കാത്ത ചില മിനിക്കഥകളുമുണ്ട് .ഒരുപക്ഷെ ,അത് വായനക്കാരന് മിനിക്കഥ നൽകുന്ന സ്വാതന്ദ്ര്യവുമാകാം .വായനക്കാരന് കഥയായും കവിതയായും മിനിക്കഥയെ സമീപിക്കാം . അതൊരിക്കലും ആ മിനിക്കഥ ഉള്ളിലൊതുക്കിയ ആശയത്തെ കോട്ടം തട്ടിക്കുന്നില്ല .
എഴുത്തുകാർ സാമൂഹ്യ പ്രതിബദ്ധരാണ് .സമൂഹത്തിലെ നിലവിലെ അവസ്ഥയെ കുറിച്ച് ജനങ്ങളോട് പറയാൻ ഓരോ എഴുത്തുകാരനും നിര്ബന്ധിതനാണ് .അത് കൊണ്ട് തന്നെ അവർ തങ്ങളുടെ രാഷ്ട്രീയാഭിപ്രായങ്ങളും സാമൂഹ്യ വിമർശനങ്ങളും തങ്ങളുടെ സൃഷ്ടികളിലൂടെ വായനക്കാരനുമായി പങ്കു വെക്കുന്നു .പികെ പാറക്കടവും അത്തരമൊരു ശക്തമായ സാമൂഹിക രാഷ്ട്രീയ വിമർശനം തന്റെ ചെറുകഥകളിലൂടെ ഉന്നയിക്കുന്നുണ്ട് .ഉന്മാദ ദേശീയതയെ കുറിച്ചും അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന പരിക്കുകളെ കുറിച്ചുമുള്ള തന്റെ വേവലാതികൾ ‘പശു ‘ എന്ന ചെറുകഥയയിലൂടെ അദ്ദേഹം പങ്കു വെക്കുന്നുണ്ട് .ലോകത്ത് മർദ്ധിതനു നേരെ ഇപ്പോഴും ശത്രുക്കൾ അക്രമങ്ങൾ അഴിച്ചു വിടുകയാണ് . മാനവികതയും നീതിയുമെല്ലാം മർദ്ധിത പക്ഷത്താണ് .അത് കൊണ്ട് തന്നെ എഴുത്തുകാരും തങ്ങളുടെ കൃതികളിലൂടെ മർദ്ധിതന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു .’ഗസ്സ ‘ എന്ന തന്റെ കഥയിലൂടെ പികെ പാറക്കടവും മർദ്ധിത ജനതയോട് ഓരം ചാരി നിൽക്കുകയാണ് .അശാന്തിയുടെ പുക പടലങ്ങൾ കെട്ടടങ്ങാത്തൊരിടമാണ് ഗസ്സ .പലസ്തീൻ ജനതയുടെ സ്വാതന്ദ്ര്യങ്ങളും അവകാശങ്ങളും ദിനംപ്രതി ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്നു .ചെറിയ കുട്ടികൾ പോലും രക്ത സാക്ഷികളാവുകയാണ് .ഓരോ ദിവസവും വന്നു വീഴുന്ന ബോംബുകൾക്കും പെല്ലറ്റുകൾക്കും ഇപ്പോഴും അവരെ തോൽപ്പിക്കാനായിട്ടില്ല .നീതി ഒരു ദിനം പുലരുമെന്ന് അവരിപ്പോഴും വിശ്വസിച്ചു കൊണ്ടിരിക്കുന്നു . ആ വിശ്വാസം കൊണ്ടാണ് കഥയിൽ ശ്മശാനത്തിലൂടെ തോക്കുമായി റോന്തു ചുറ്റുന്ന പട്ടാളക്കാരനു നേരെ ഒരു കല്ലറയിൽ നിന്നും രക്തസാക്ഷി കല്ലെറിഞ്ഞത്.
തീവ്രവാദവും വർഗ്ഗീയ വാദവും ഇന്ന് ലോകത്തിന്റെ തെരുവുകളിൽ പാവങ്ങളുടെ ചോരപുഴകൾ തീർത്തുകൊണ്ടിരിക്കുന്നു .ഒരു മത തത്വവും അതിന്റെ വിശ്വാസികളോട് അപര മത വിദ്വേഷത്തിന് കൽപ്പിക്കുന്നില്ല .എങ്കിലും ആളുകൾ ദൈവത്തിന്റെ പേരിൽ ഭൂമിയിൽ സാത്താന്മാരാകുന്നു .സിറിയയിലേക്ക് പോകുന്ന മുഹമ്മദിന് യദാർത്ഥ മുഹമ്മദിനേയും മനുഷ്യനെ തൃശൂലത്തിൽ കോർക്കുന്ന രാമന് യാഥാർത്ഥ രാമനേയൂം അറിയില്ലെന്ന് ‘മുഹമ്മദും രാമനും ‘ എന്ന കഥയിലൂടെ കഥാകൃത്ത് അഭിപ്രായപ്പെടുന്നുണ്ട് . ഇവിടെ മുഹമ്മദും രാമനും മതങ്ങളെയാണ് സൂചിപ്പിക്കുന്നത് .
ദാരിദ്ര്യത്തിന്റെയും വിശപ്പിന്റെയും തീ നാളങ്ങളിൽ വെന്തുരുകി ജീവിക്കുന്ന ഒരുപാടാളുകൾ നമുക്കിടയിലുണ്ട് . വിശപ്പ് കാരണം ഭക്ഷണം മോഷ്ടിച്ചതും അയാളെ ആളുകൾ തല്ലിക്കൊന്നതും നമ്മുടെ നാട്ടിലാണ് .ഓരോ ധാന്യ മണിയിലും അത് ഭക്ഷിക്കുന്നവന്റെ പേര് ദൈവം എഴുതി വെച്ചിട്ടുണ്ടെന്ന് പറയുമ്പോഴും പാവപ്പെട്ടവൻ കുപ്പത്തൊട്ടിയിൽ ഒഴിവാക്കപ്പെട്ട ഭക്ഷണ വേസ്റ്റുകളിൽ തന്റെ പേരെഴുതി വെക്കപ്പെട്ട ധാന്യം തിരയാൻ വിധിക്കപ്പെട്ടവനാണ് .’ധാന്യം ‘ എന്ന മിനി കഥയിലൂടെ കഥാകാരനും പറഞ്ഞു വെക്കുന്നത് ഇത് തന്നെയാണ് .വിശക്കുന്നവൻ ഭക്ഷണത്തെ മോഷ്ടിക്കുകയല്ല , തനിക്ക് വിധിക്കപ്പെട്ട ധാന്യ മണികളെ തേടി അലയുകയാണ് .
എണ്ണി തിട്ടപ്പെടുത്താവുന്ന വാക്കുകൾ കൊണ്ട് ഒരുപാട് ചിന്തകളിലൂടെ വായനക്കാരനെ കൈ പിടിച്ചു നടത്തുന്നവയാണ് പികെ പാറക്കടവിന്റെ മിന്നൽക്കഥകളിലെ ഓരോ കൃതിയും . കഥകളിലെ ഓരോ വാക്കും ഓരോ ജീവിത തലങ്ങളെയും കൊളുത്തിയിടുന്നു .ഓരോ കഥകളും നമ്മുടെ ഇന്നും ഇന്നലെയെയും വിചാരണ ചെയ്യുന്നു .അങ്ങനെ ഓരോ കഥകളും സാമൂഹിക വിമർശനത്തിന്റെ വലിയൊരു മതിൽ കെട്ട് തീർക്കുന്നു . അതിനുള്ളിൽ വായനക്കാരൻ ഒറ്റപ്പെടുന്നു ….