ബാപ്പു ഉസ്താദ് :കർമ കുശലതയുടെ മഹനീയ മാതൃക

 

-മുഹമ്മദ് ജലാലി ചാലിക്കണ്ടി

ചിലർ അങ്ങനെയാണ്. നന്മയാർന്ന വിശേഷണങ്ങളെല്ലാം അവർക്ക് ചേരും.നന്മയുടെ വസന്തങ്ങൾ വിരിയിച്ച ജീവിതമായിരിക്കും അവരുടേത്. അതുകൊണ്ട് തന്നെ അവരെ കുറിച്ച് പറയാൻ ശ്രമിക്കുമ്പോൾ എങ്ങനെ തുടങ്ങണമെന്നറിയാതെ നാക്കുകൾ സ്തംഭിച്ചു പോകും. അവരെ കുറിച്ച് പേനയുന്തുമ്പോൾ എങ്ങനെ ആരംഭിക്കണമെന്നാലോചിച്ച് കരങ്ങൾ നിശ്ചലമാകും.
ആ ഗണത്തിലെ പ്രമുഖനാണ് പ്രതിസന്ധികളുടെ പ്രളയത്തിൽ മുങ്ങാൻ പോയിരുന്ന, കേരളാ മുസ്ലിംകളുടെ ആദർശ പ്രസ്ഥാനം സമസ്ത കേരളാ ജംഇയ്യതുൽ ഉലമായുടെ അസൂയാവഹമായ പുരോയാനങ്ങളിൽ, തന്റെ അനിതരസാധാരണമായ നേതൃപാടവവും ആർജ്ജവത്വമുള്ള നിലപാടുകളും കൂർമബുദ്ധിയുമുപയോഗിച്ച്, നിസ്തുലമായ പങ്ക് വഹിച്ച മർഹൂം.ശൈഖുനാ കോട്ടുമല ബാപ്പു ഉസ്താദ്. നീണ്ട 65 വർഷത്തെ ജീവിതത്തിലൂടെ ഒരുപാട് സുകൃതങ്ങൾ ചെയ്തു തീർക്കാൻ സാധിച്ച മഹാനവർകളുടെ വാക്കും പ്രവൃത്തിയും ഇടപെടലുകളും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയാൽ ആരും അത്ഭുത സ്തബ്ധരായിപ്പോകും. ഇടപെടേണ്ടിടത്ത് ഇടപെടേണ്ടത്പോലെ ഇടപെടാനും പറയേണ്ടിടത്ത് പറയേണ്ടത് പറയേണ്ടത് പോലെ പറയാനും ബാപ്പു ഉസ്താദിനുണ്ടായിരുന്ന കഴിവ് സർവ്വാംഗീകൃതമാണ്.
ഒരു സംഭവം പറയാം:-
കോട്ടുമല കോംപ്ലക്സ് ഉദ്ഘാടന സുദിനത്തിൽ അസ്വർ നിസ്കാരത്തിൻറെ സമയമായപ്പോൾ സഗൗരവത്തോടെ കണ്ണിയത്ത് ഉസ്താദ് ചോദിച്ചു.”ആരാണ് ഇമാമത്ത് നിൽക്കുന്നതെന്ന്”.ആരും ഒന്നും പറയാതെ തരിച്ചു നിൽക്കുമ്പോൾ വളരെ വിനയത്തോടെ ബാപ്പു ഉസ്താദ് പറഞ്ഞു. “അത്,ഇവിടുത്തെ ഇമാം അബ്ദുറഹ്മാൻ ഫൈസിയാ” സൂക്ഷ്മതയുടെ നേരർത്ഥമായി ജീവിച്ച കണ്ണിയത്ത് ഉസ്താദിന്‍റെ അടുത്ത ചോദ്യം. “ഓന് ഫാതിഹ കിട്ടുമോ? “അപ്പോൾ കണ്ണിയത്ത് ഉസ്താദിന്‍റെ മനം കുളിർപ്പിച്ച് കൊണ്ട് ബാപ്പു ഉസ്താദ് പറഞ്ഞു.”ഉപ്പ ഉണ്ടായിരുന്നപ്പോൾ മൂപ്പരാണ് ഇമാം നിന്നിരുന്നത്”.ആ… കോട്ടുമലക്ക് ഇമാം നിന്ന ആളാണെങ്കിൽ മൂപ്പര് തന്നെ നിൽക്കട്ടെ”.എന്ന് കണ്ണിയത്ത് ഉസ്താദും.
ഇങ്ങനെ ഒരുപാട് സംഭവങ്ങൾ ദർശിക്കാൻ നമുക്ക് കഴിയും.

ഉസ്താദിന്‍റെ സംഘാടക നൈപുണ്യം (Organisation skill) ഏവർക്കും മാതൃകാപരമായിരുന്നു. അസാധാരണ ഗൃഹപാഠത്തോടെയും ഉത്തരവാദിത്തബോധത്തോടെയും ചുമതലകൾ വഹിക്കുകയും, ഏറ്റെടുത്ത ദൗത്യം വിജയകരമായി പൂർത്തീകരിക്കുകയും ചെയ്യുന്ന അസംഖ്യം വ്യക്തികളില്‍ ഒരാളായിരുന്നു ഉസ്താദ്.
മലപ്പുറം വേങ്ങരക്കടുത്ത ചെറുഗ്രാമമാണ് കോട്ടുമല. പെരിങ്ങോട്ടുപുലം ദേശത്ത് ജനിച്ച തറയില്‍ അബൂബക്കര്‍ മുസ്ലിയാരാണ് പില്‍കാലത്ത് ഈ പ്രദേശത്തെ ചരിത്രത്തോളം ഉയര്‍ത്തിയത്. സൂക്ഷ്മജ്ഞാനിയും ആത്മീയതയുടെ വിളക്കുമാടവും സമസ്തയുടെ ആദ്യകാല നേതാവും ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്ലിയാരടക്കമുള്ള പണ്ഡിത ശ്രേഷ്ഠരുടെ ഉസ്താദുമായിരുന്ന മലപ്പുറം കാളമ്പാടിയിലെ അബ്ദുൽ അലി കോമു മുസ്ലിയാരുടെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു തറയില്‍ അബൂബക്കര്‍ മുസ്ലിയാര്‍.

1943ല്‍ ഇന്ത്യയിലെ പ്രശസ്ത കലാലയമായ വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തിൽ നിന്ന് ബിരുദമെടുത്തുവന്ന അബൂബക്കര്‍ മുസ്ലിയാര്‍, കോമു മുസ്ലിയാരുടെ നിര്‍ദേശപ്രകാരം ‘കോട്ടുമല’യില്‍ മുദരിസായി സേവനം ആരംഭിച്ചു. അങ്ങനെയാണ് പെരിങ്ങോട്ടുപുലത്തെ തറയില്‍ അബൂബക്കര്‍ മുസ്ലിയാര്‍ ‘കോട്ടുമല ഉസ്താദ്’ ആയി മാറിയത്. കോമു മുസ്ലിയാര്‍ തന്‍റെ മകൾ ഫാത്തിമയെ പ്രിയ ശിഷ്യന് ഇണയാക്കിക്കൊടുത്തതോടെ താമസം കാളമ്പാടിയിലേക്ക് മാറ്റി. ഈ ദാമ്പത്യത്തില്‍ പിറന്ന മകനാണ് മുഹമ്മദ് എന്ന ബാപ്പു മുസ്ലിയാര്‍. 1952 ഫെബ്രുവരി 10 ഒരു ഞായറാഴ്ചയാണ് ബാപ്പു ഉസ്താദ് കാളമ്പാടിയിൽ ഭൂജാതനാകുന്നത്. സ്വദേശമായ കാളമ്പാടിയിലെ മദ്റസത്തുല്‍ ഫലാഹിയ്യയില്‍ മൊയ്തീന്‍ മൊല്ലക്കു കീഴിലാണ് മതപഠനത്തിനു പ്രാരംഭം കുറിച്ചത്. കൂടെ മലപ്പുറം എല്‍. പി സ്കൂളിലും പഠിച്ചു. പതിനൊന്നാം വയസ്സില്‍ പിതാവിന്‍റെ തന്നെ പ്രസിദ്ധമായ പരപ്പനങ്ങാടി പനയത്ത് പള്ളി ദര്‍സിലെത്തി. പിതാവില്‍ നിന്നു തന്നെ ‘മുതഫരിദ്’ ഓതി പഠനത്തിന് തുടക്കം കുറിച്ചു.

ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ബാഫഖി തങ്ങളുടെ ആവശ്യപ്രകാരം കോട്ടുമല ഉസ്താദ് ജാമിഅയില്‍ മുദരിസായി നിയമിതനായപ്പോൾ പിതാവിന്‍റെ കൂടെ ജാമിഅയിലെത്തി. അന്ന് ഉസ്താദിന്‍റെ വെറും പന്ത്രണ്ട് വയസ്സേ ആയിട്ടുള്ളൂ. പിതാവിന്‍റെ കൂടെ ജാമിഅയില്‍ താമസിച്ചിരുന്ന അദ്ദേഹം പിതാവില്‍ നിന്ന് കിതാബുകള്‍ ഓതി പഠിച്ചു. ഫത്ഹുല്‍ മുഈന്‍, അല്‍ഫിയ തുടങ്ങിയ കിതാബുകള്‍ ഓതിയത് അക്കാലത്താണ്. ഇശാ മഗ്രിബിനിടയിലായിരുന്നു പ്രധാന ഓത്ത്. പകല്‍സമയത്ത് പട്ടിക്കാട് സ്കൂളില്‍ ഭൗതിക പഠനവും തുടര്‍ന്നു. ജാമിഅയുടെ വാഖിഫായിരുന്ന കറാച്ചി ബാപ്പു ഹാജിയുടെ വീട്ടിലായിരുന്നു മൂന്നുനേരവും ഭക്ഷണം. കിടത്തം പിതാവിനൊപ്പവും. ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, താഴേക്കോട് കുഞ്ഞലവി മുസ്ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്ലിയാര്‍ തുടങ്ങിയ പ്രമുഖ പണ്ഡിതർ അക്കാലത്ത് ജാമിഅയിലെ മുദരിസുമായിരുന്നു. ഇവരുമായി അടുത്ത ബന്ധം സ്ഥാപിക്കാനും അതിലൂടെ അവരുടെ ബറകത്ത് നേടിയെടുക്കാനും ഉസ്താദിന് സാധിച്ചു.

പലപ്പോഴും പിതാവിനൊപ്പം നാട്ടില്‍ പോകുമ്പോള്‍ ബസില്‍ ശംസുല്‍ ഉലമായുടെ അരികെയിരുന്നായിരുന്നു യാത്രയെന്ന് അവിടുത്തെ ജീവ ചരിത്രം പറയുന്ന “ഒരാൾ ,ഒരുപാട് കാലങ്ങൾ” എന്ന കൃതിയിൽ നമുക്ക് കാണാം. ജാമിഅയിലെ രണ്ടുവര്‍ഷത്തെ പഠന ശേഷം കൂടുതല്‍ കിതാബോതാന്‍ വേണ്ടി മേല്‍മുറി ആലത്തൂര്‍പടിയിലെത്തി. സമസ്തയുടെ മുൻ പ്രസിഡന്റും പ്രശസ്ത പണ്ഡിതനുമായിരുന്ന ശൈഖുനാ കെ.കെ അബൂബക്കർ ഹസ്രത്തായിരുന്നു അന്നവിടെ മുദരിസ്. പിന്നീട് അദ്ദേഹം പൊട്ടച്ചിറ അന്‍വരിയ്യയിലേക്ക് പോയപ്പോള്‍ കൂടെ ബാപ്പു ഉസ്താദും പോയി. രണ്ടുവര്‍ഷം പൊട്ടച്ചിറയില്‍ ഓതിപഠിച്ചു. വല്ലപ്പുഴ ഉണ്ണീന്‍കുട്ടി മുസ്ലിയാര്‍, കോക്കൂര്‍ കുഞ്ഞഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയവര്‍ പൊട്ടച്ചിറയിലെ ഉസ്താദുമാരായിരുന്നു. 1971ല്‍ വീണ്ടും ജാമിഅയിലെത്തി. ജാമിഅയില്‍ ആറാം ക്ലാസിലാണ് ചേര്‍ന്നത്. നാലുവര്‍ഷത്തെ ജാമിഅ പഠനം പൂര്‍ത്തിയാക്കി 1975ല്‍ ഫൈസി ബിരുദം നേടി പുറത്തിറങ്ങി. പഠനം കഴിഞ്ഞ് അരിപ്ര വേളൂര്‍ മഹല്ലില്‍ മുദരിസും ഖാളിയുമായി സേവനം തുടങ്ങിയ ഉസ്താദ് രണ്ട് വർഷം കഴിഞ്ഞപ്പോൾ പിതാവിന്‍റെ നിര്‍ദേശപ്രകാരം നന്തി ദാറുസ്സലാം അറബി കോളേജിലേക്ക് പോയി.

ദാറുസ്സലാം അറബിക്കോളേജിന്‍റെ തുടക്കമായിരുന്നു അത്. ഒരു വർഷം അവിടെ തുടർന്ന ശേഷം, പിതാവിനോട് ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാരും എം.എം ബശീര്‍ മുസ്ലിയാരും ആവശ്യപ്പെട്ടതനുസരിച്ച് കടമേരി റഹ്മാനിയ അറബിക്കോളേജിലെത്തി. 1978-79 കാലത്തായിരുന്നു അത്. തുടര്‍ന്ന് മരണം വരെ കൃത്യമായി പറഞ്ഞാൽ 38 വർഷം റഹ്മാനിയ്യയില്‍ മുദരിസും പ്രിന്‍സിപ്പലുമായിരുന്നു ഉസ്താദ്.

ബാല്യം കാലം മുതലേ പിതാവിന്‍റെ കൂടെ പല വേദിയിലും സംബന്ധിച്ചും മറ്റും കൃത്യമായ സംഘടനാ പാടവം ആർജ്ജിച്ചെടുക്കാൻ അദ്ദേഹത്തിന് സാധിച്ചതിനാൽ, ചെറുപ്രായത്തില്‍ തന്നെ സമസ്ത മലപ്പുറം മണ്ഡലം സെക്രട്ടറിയാകാനും ഏറനാട് താലൂക്ക് പ്രസിഡന്‍റാകാനും ഉസ്താദിന് കഴിഞ്ഞു.
സംഘാടന രംഗത്തെ തന്റെ ചടുലമായ നീക്കങ്ങളും ആസൂത്രിതമായ പ്രവർത്തനങ്ങളും ഉസ്താദിനെ ഘട്ടം ഘട്ടമായി നേതൃനിരയിലെത്തിക്കുകയായിരുന്നു. കെ.ടി മാനു മുസ്ലിയാര്‍ വിദ്യാഭ്യാസ ബോര്‍ഡിന്‍റെ ചുക്കാന്‍ പിടിക്കുന്ന കാലത്ത് ബോര്‍ഡ് മെമ്പറായും പിന്നീട് സഹകാര്യദര്‍ശിയായും ബാപ്പു ഉസ്താദ് തെരെഞ്ഞെടുക്കപ്പെട്ടു. ടി.കെ.എം ബാവ മുസ്ലിയാര്‍ വഫാത്തായപ്പോള്‍ ബോര്‍ഡിന്‍റെ ജനറല്‍ സെക്രട്ടറിയായിരുന്ന പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍ പ്രസിഡന്‍റായി. ഈ ഒഴിവിലേക്കാണ് ഉസ്താദ് മുഖ്യ കാര്യദര്‍ശിയായി നിയോഗിതനാകുന്നത്. വിദ്യാഭ്യാസ ബോര്‍ഡിലെ പദവി ഉസ്താദിനെ കൂടുതല്‍ കര്‍മ നിരതനാക്കി. കെ.ടി മാനു മുസ്ലിയാര്‍, കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എന്നിവര്‍ വഫാത്തായതോടെ ഒഴിവുവന്ന സമസ്തയുടെ ജോയിന്‍റ് സെക്രട്ടറിമാരായി പ്രഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാരുടെ കൂടെ ബാപ്പു ഉസ്താദിനെയും തെരെഞ്ഞെടുത്തത് യാദൃശ്ചികമായിരുന്നില്ല.

മാനു മുസ്ലിയാരുടെ ഒഴിവിലേക്ക് പട്ടിക്കാട് എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് കണ്‍വീനറായും സമസ്ത നിയമിച്ചത് ബാപ്പുസ്താദിനെയായിരുന്നു. രണ്ടാം ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍റെ ഭരണകാലത്ത് ഹജ്ജ് കമ്മിറ്റിയുടെ ചുമതല സമസ്തയുടെ കരങ്ങളിലെത്തിയപ്പോള്‍ സമസ്തയുടെ തീരുമാനം അത് ബാപ്പു ഉസ്താദിനെ ഏല്‍പ്പിക്കാനായിരുന്നു.ഹജ്ജ് കമ്മിറ്റി ചെയര്‍മാനെന്ന നിലയിലും മറ്റും തന്നിലേൽപ്പിക്കപ്പെട്ട സർവ്വ ചുമതലകളും കൃത്യമായി നിര്‍വഹിക്കാനും എല്ലാറ്റിലും പുതിയ പരിഷ്കരണങ്ങള്‍ നടത്താനും അദ്ദേഹം നേതൃത്വം നല്‍കി. ഏറ്റെടുത്ത ദൗത്യങ്ങള്‍ വിജയത്തിലെത്തിക്കാതെ വിശ്രമിക്കുന്ന പതിവ് ഉസ്താദിനുണ്ടായിരുന്നില്ല എന്നത് മഹാനവര്‍കളുടെ ഒരു പ്രത്യേകതയായിരുന്നു .

പൗരാണികതയുടെ തനിമ ഒട്ടും ചോരാതെ,അതിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാതെ പുതുതലമുറയെ അഭിസംബോധനം ചെയ്യുന്നതില്‍ എന്നും വിജയിച്ചിരുന്നു ഉസ്താദ്. വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ പ്രീ-സ്കൂളുകളെന്ന ആശയം അദ്ദേഹം നിര്‍ദേശിക്കുകയും വിജയകരമായി നടപ്പാക്കുകയും ചെയ്തു. മുസ്ലിയാക്കന്മാര്‍ എഞ്ചിനീയറിംഗ് കോളേജ് നടത്തുകയോ എന്ന് പറഞ്ഞ് കളിയാക്കിയവർക്ക് എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് പടുത്തുയർത്തി മറുപടി കൊടുത്തു. സംസ്ഥാനത്തെ തന്നെ ഉന്നത സ്ഥാപനങ്ങളില്‍ മുന്‍നിരയിലെത്താന്‍ എം.ഇ.എ കോളേജിന് കഴിഞ്ഞത് ബാപ്പു മുസ്ലിയാരെന്ന കണ്‍വീനറുടെ സാന്നിധ്യം കൊണ്ടായിരുന്നുവെന്നതിൽ തർക്കമില്ല.

സമസ്തയെന്ന വലിയ ആദർശ പ്രസ്ഥാനത്തെ കേവലം ഒരു ആള്‍ക്കൂട്ടമായി നിലനിര്‍ത്താതെ എപ്പോഴും ജീവസുറ്റതും സക്രിയമായതും ആക്കുന്നതില്‍ അദ്ദേഹം വിജയം കണ്ടു.
സംഘത്തിന്‍റെ സഹകാര്യദര്‍ശിയായിട്ടും സമസ്തയുടെ ഏത് വിഷയത്തിലും എന്നും നിലപാടു പറയാന്‍ മുശാവറ അംഗങ്ങള്‍ ബാപ്പു മുസ്ലിയാരെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്.അത് കൊണ്ടാണ് മഹാനായ എം.ടി ഉസ്താദ് അദ്ദേഹത്തെകുറിച്ച് സമസ്തയുടെ മുസ്തശാർ(കൂടിയാലോചന കേന്ദ്രം)എന്ന് വിശേഷിപ്പിച്ചത്. അത് മീഡിയാ സെന്ററിൽ നിന്ന് വരുന്ന ദുർഭൂതങ്ങൾ അഴിച്ച് വിടുന്ന പ്രശ്നങ്ങളാണെങ്കിലും
രാഷ്ട്രീയ തമ്പുരാക്കന്മാർ ഇസ്ലാമിക ശരീഅത്തിനെതിരെ വാളോങ്ങുമ്പോൾ ഉത്ഭൂതമാകുന്ന പ്രശ്നങ്ങളാണെങ്കിലും
ബിദ്അത്തിന്റെ കരങ്ങൾ സമുദായത്തിന്റെ പാരമ്പര്യത്തിനെതിരെ വെടിയുണ്ട വെക്കുമ്പോൾ ഉടലെടുക്കുന്ന പ്രയാസങ്ങളാണെങ്കിലും കർമശാസ്ത്ര വിശാരദന്മാർ സംഗമിക്കുമ്പോൾ ഉണ്ടാകുന്ന അഭിപ്രായ ഭിന്നതകളാണെങ്കി ലും തീരുമാനം ഉണ്ടാക്കാൻ( Decision Making)എല്ലാവരും ബാപ്പുസ്താദിനെയായിരുന്നു ഏൽപിച്ചിരുന്നത്.അതുകൊണ്ടാണ് ഉസ്താദ് വഫാത്തായപ്പോൾ “മഹാനവർകളുടെ ഖബറടക്കം ഔദ്യോഗിക ബഹുമതിയോടെ നടത്തട്ടെ” എന്ന് കെ.ടി ജലീൽ ബഹു.നാസർ ഫൈസി കൂടത്തായിയെ ഫോണിൽ വിളിച്ച് ചോദിച്ചപ്പോൾ “ബാപ്പു ഉസ്താദിനോട് ചോദിക്കട്ടെ” എന്ന് പറഞ്ഞു പോയത്.

മഹാനായ എം ടി ഉസ്താദ് പറഞ്ഞത് പോലെ സമസ്തയുടെ ചരിത്രത്തിലെ രണ്ടാം ശംസുൽഉലമായും രണ്ടാം കോട്ടുമലയുമാണ് ബാപ്പു ഉസ്താദ്.
പലരും വിശേഷിപ്പിച്ചത് പോലെ അനുപമ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം.ഉസ്താദ് വഫാത്തായപ്പോൾ ചിലര്‍ “കർമ സൂര്യൻ മറഞ്ഞു”എന്നെഴുതി.രാവും പകലും ഒരുപോലെ ഈ ഉമ്മത്തിന്റെ പുരോയാനത്തിനായി പ്രവർത്തിച്ച അദ്ദേഹത്തെ പകൽ മാത്രം കർമ നിരതനാകുന്ന സൂര്യനോട് ഉപമിക്കൽ നീതിയുക്തമാകുമോ? “ഭക്ഷണത്തേക്കാൾ കൂടുതൽ ഗുളികയായിരുന്നു ഉസ്താദ് ഭക്ഷിച്ചിരുന്നത് ” എന്നറിഞ്ഞ ചിലർ “ഉരുകിയൊലിക്കുന്തോറും ചുറ്റും പ്രകാശ പൂരിതമാക്കുന്ന മെഴുകുതിരിയോട്” അവിടുത്തെ ഉപമിച്ചു. വഫാത്തായിട്ടും ലോകത്തിന് വെളിച്ചം വീശുന്ന ജീവിതം നയിച്ച ഉസ്താദിനെ ഉരുകിത്തീരുന്നതോടെ ഫലമില്ലാതായിതീരുന്ന മെഴുകുതിരിയോട് സാദൃശ്യപ്പെടുത്തൽ വ്യർത്ഥമല്ലേ?അവിടുന്ന് തൊട്ടതിനൊക്കെ പൊന്നിനേക്കാൾ മൂല്യമുണ്ടായിട്ടും “തൊട്ടതെല്ലാം പൊന്നാക്കി” എന്ന് എങ്ങനെ പറയും?.
എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറയാതെ പറഞ്ഞ ആ മഹാൻ 2017 ജനുവരി 10 ബുധനാഴ്ച 1438 റബീഉല്‍ ആഖിര്‍ 11ന് ഈ ലോകത്തോട് വിടപറയുമ്പോൾ നികത്താനാവാത്ത വിടവായിരുന്നു സംഭവിച്ചത്.ആ വിടവ് ഇന്നും നികത്തപ്പെട്ടിട്ടില്ലായെന്നാണ് സമസ്തയുടെ സമുന്നതരായ നേതാക്കൾ പോലും പറയുന്നത്. അല്ലാഹു കരുത്തനായ നേതാവിനെ തന്ന് ആ വിടവ് തീർക്കുകയും മഹാനവര്‍കളുടെ ദറജയെ അവൻ ഉയര്‍ത്തുകയും ചെയ്യട്ടെ – ആമീൻ