-മുഹമ്മദ് ജലാലി ചാലിക്കണ്ടി
അതിര് വെക്കപ്പെടാൻ കഴിയാത്ത ഒന്നാണ് സ്നേഹം. ഒരാള്‍ക്ക് മറ്റൊരാളോട് സ്നേഹമുണ്ടെങ്കിൽ ഇസ്ലാം നിശ്ചയിച്ച പരിധിക്കുള്ളിൽ നിന്ന് കൊണ്ട് എങ്ങനെയും അത് പ്രകടിപ്പിക്കാവുന്നതാണ്.വിശ്വാസിയെ സംബന്ധിച്ചിടത്തോളം നിർബന്ധമായ ഒരു കാര്യമാണ് പ്രവാചക സ്നേഹം എന്നുള്ളത്. അതിന് വേണ്ടി കൽപിച്ച ഇസ്ലാം അത് എങ്ങനെയായിരിക്കണമെന്ന് പ്രത്യേകമായി പറഞ്ഞതായി ഒരിടത്തും നമുക്ക് കാണാൻ കഴിയില്ല. മാത്രവുമല്ല പുണ്യ നബിﷺയുടെ കാലത്ത് തന്നെ പല സ്വഹാബികളും പല രീതിയിലാണ് അവിടത്തോട് സ്നേഹം പ്രകടിപ്പിച്ചിരുന്നത്. പ്രവാചകൻറെ കാല ശേഷവും സ്വഹാബത്തും താബിഉകളും അവിടത്തോടുള്ള പ്രണയം പ്രകടിപ്പിച്ചത് എങ്ങനെയാണ് എന്ന് പരിശോധിച്ചാൽ ഓരോരുത്തരുടെ പ്രണയ പ്രകടനങ്ങളിലും വ്യത്യസ്തതകൾ ദർശിക്കാനേ നമുക്ക് സാധിക്കുകയുള്ളു. അത് കൊണ്ട് തന്നെ മുത്തുനബിﷺയോട് മനസ്സില്‍ ഇരമ്പിയുയരുന്ന ഇഷ്ടങ്ങള്‍ ഏതെങ്കിലും പ്രത്യേക രീതിയില്‍ ഒതുക്കി വെട്ടിയും ചെത്തിയും ഒപ്പിച്ചെടുക്കണമെന്ന് ആവശ്യപ്പെടുന്നത് വ്യർത്ഥമാണ്. വിശ്വാസപരമായ ആവിഷ്കാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുക എന്നതിലുപരി ഒരു പ്രവാചക സ്നേഹിക്ക് കഴിയാത്ത ഒരു കാര്യത്തിനായി നിർബന്ധിക്കലാണത്. മനസ്സില്‍ വിശ്വാസത്തിന്റെ വെളിച്ചവും നടപ്പില്‍ നബിസ്നേഹത്തിന്റെ തിളക്കവും നിറച്ചുവച്ചവരില്‍നിന്നുണ്ടാവുന്ന ഇഷ്ഖിന്റെ പ്രകടനങ്ങള്‍ക്ക് അതിരും അതിര്‍ത്തിയും വെച്ച് കൊണ്ട് അങ്ങനെയൊരു വിഭാഗം കാലങ്ങളായി നമുക്കിടയിൽ ഭിന്നിപ്പും ചേരിതിരിവും സൃഷ്ടിച്ച് കഴിഞ്ഞ് കൂടുകയാണ്. അവരോട് സഹതിപ്പിക്കാനേ നമുക്ക് കഴിയുകയുള്ളൂ. തെളിവുകളുടെ ഒരുപാട് ഭാണ്ഡക്കെട്ടുകൾ അഴിച്ച് കൊടുത്തിട്ടും ഞാൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന വ്യർത്ഥ നിലപാടിൽ ഉറച്ച് നിൽക്കുകയാണവർ.അവരുടെ കെണിവലയിലകപ്പെട്ട് ഒരുപാട് പേർ ആ വിശ്വാസം സ്വീകരിച്ച് പോകുന്നു എന്നത് ഖേദകരമായ ഒരു വസ്തുതയാണ്.പ്രവാചകന്റെ കാലത്ത് ഇല്ലാത്തതാണിത്,അത് നരകത്തിലേക്കുള്ള വഴിയാണ് എന്നൊക്കെ പറഞ്ഞ് അജ്ഞരായ ആളുകളെ പിഴപ്പിച്ചു കൊണ്ടിരിക്കുകയാണ് അവർ.
നബിദിനാഘോഷികളെ മുശ്രിക്കുകളും മുബ്തദിഈങ്ങളുമായി ചിത്രീകരിച്ച് ശിര്‍ക്കിന്റെ ഹോള്‍സെയില്‍ കച്ചവടക്കാരായി കവലകളില്‍ പ്രഭാഷണം നടത്തിയും “ഇങ്ങനെ പോയാൽ ജനങ്ങൾ പരലോകത്ത് പരാജിതരാകുമല്ലോ” എന്ന വ്യാജ സഹതാപം പ്രകടിപ്പിച്ച് കപട സൗഹൃദങ്ങൾ നിർമ്മിച്ചുമാണ് ഇവര്‍ സാധാരണക്കാരുടെ മനസ്സിൽ സംശയത്തിന്റെ വിഷബീജങ്ങള്‍ക്ക് ജന്മം നല്‍കുന്നത്. പ്രവാചക സ്നേഹത്തിൻറെ ഭാഗമായി നടത്തുന്ന മൗലിദും മറ്റും ബിദ്അത്താണെന്നു നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറഞ്ഞുനടക്കുന്ന ഇക്കൂട്ടരുടെ വാദഗതികളുടെ യാഥാര്‍ത്ഥ്യങ്ങള്‍ പരിശോധിച്ചാല്‍ ഇവരുടെ കള്ളത്തരങ്ങളും കാപട്യങ്ങളും മറനീക്കി പുറത്തു വരുന്നതാണ്.
ഭാഷാപരമായി മൗലിദിനെ ജന്മദിനം, ജന്മസമയം എന്നീ അര്‍ത്ഥങ്ങളാണുള്ളതെങ്കിലും മുസ്ലിം ലോകത്തിന്റെ സാങ്കേതിക പ്രയോഗത്തില്‍ അല്ലാഹുﷻവിന്റെ അനുഗ്രഹവും സാമീപ്യവും നേടിയവരുടെ സംഭവബഹുലവും സദാചാരസമ്പുഷ്ടവുമായ പരിശുദ്ധ ജീവിതത്തിന്റെ അമാനുഷികവും അസാധാരണവുമായ സംഭവങ്ങള്‍ പദ്യമോ ഗദ്യമോ പദ്യഗദ്യ സമ്മിശ്രേമാ ആയി അവതരിപ്പിക്കുന്നതിനാണ് മൗലിദെന്ന് പറയുന്നത്. ഇന്നലെകളില്‍ വഴിവെളിച്ചം നല്കി വിടപറഞ്ഞവരുടെ അപദാനങ്ങള്‍ വാഴ്ത്തിപ്പറയുന്നതില്‍ മതത്തിന്റെ താത്വികമായ അംഗീകാരമുണ്ട്…
നബി ﷺ പറയുന്നു,
“അമ്പിയാക്കളെക്കുറിച്ചുള്ള സ്മരണ ഇബാദത്തും സ്വാലിഹീങ്ങളെ സംബന്ധിച്ച സ്മരണ നാം ചെയ്തു കൂട്ടിയ പാപങ്ങളെ പൊറുപ്പിക്കുകയും ചെയ്യുന്നു”. നാം നിസ്കരിക്കുമ്പോഴും നോമ്പെടുക്കുമ്പോഴും മറ്റു ഇസ്ലാമികാരാധനകള്‍ ചെയ്യുമ്പോഴും പ്രതിഫലം ലഭിക്കുന്നതു പോല്‍ മൗലിദ് ഓതിയാലും പ്രതിഫലം ലഭിക്കുമെന്ന് ഹദീസിലൂടെ നമുക്ക് വ്യക്തമാക്കിത്തരുന്നു.
സ്വപിതാവിനെക്കാളും മക്കളെക്കാളും മുഴുവന്‍ ജനങ്ങളെക്കാളും എന്നെ സ്നേഹിക്കുന്നതുവരെ ഒരുവനും പൂര്‍ണ വിശ്വാസിയാവുകയില്ലെന്ന് പറയുന്നതിലൂടെ ഒരു യഥാര്‍ത്ഥ വിശ്വാസിയുടെ മാനദണ്ഡമായി പ്രവാചക പ്രേമം പരിണമിക്കുകയാണ്…
“മൂന്നു കാര്യങ്ങള്‍ ആര്‍ക്കെങ്കിലും സ്വായത്തമാവുകയാണെങ്കില്‍ അവര്‍ ഈമാനിന്റെ മാധുര്യം എത്തിച്ചു”വെന്ന് പറഞ്ഞതില്‍ പ്രഥമ സ്ഥാനം അല്ലാഹുﷻനെയും അവന്റെ റസൂൽ ﷺ യെയും സ്നേഹിക്കലാണെന്ന വചനത്തിലൂടെ ഒരു വിശ്വാസിയുടെ ജീവിതത്തില്‍ അനിവാര്യവും അത്യന്താപേക്ഷിതവുമാണ് പ്രവാചകസ്നേഹമെന്ന് നബിﷺതങ്ങള്‍ തന്നെ നമ്മെ ബോധ്യപ്പെടുത്തുകയാണ്…
ചുരുക്കത്തില്‍, കുറ്റമറ്റ മുസ്ലിമാവണമെങ്കില്‍ അവന് പ്രവാചകനെ അത്യധികമായി സ്നേഹിക്കണം. ഒരാളുടെ പ്രേമഭാജനം മുഹമ്മദ് നബിﷺയാവുമ്പോഴേ അവന് പൂര്‍ണ വിശ്വാസിയാവുന്നുള്ളൂ.
നക്ഷത്ര തുല്യരായ സ്വഹാബാക്കള്‍ പ്രവാചകസ്നേഹം വിശ്വാസത്തിന്റെ പരമ പ്രധാനമാണെന്നു മനസ്സിലാക്കി പ്രവാചകരെ പ്രാണനുതുല്യം പ്രേമിച്ചിരുന്നു. തിരുമുമ്പിൽ വെച്ചും അല്ലാതെയും അവിടുത്തെ മദ്ഹുകൾ പാടുകയും പറയുകയും ചെയ്തു. ചിലർ മൗലിദ് കൃതികൾ രചിച്ചു.
ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകന് (സ) വധിക്കപ്പെട്ടെന്ന കിംവദന്തി പരന്ന ഘട്ടത്തിൽ, വിവരമറിയാൻ ഓടിക്കിതച്ച് വരികയാണ് കബ്ശ ബിൻത് റാഫിഅ (റ) എന്ന സ്വഹാബി വനിത. അപ്പോഴാണ് ആരോ അവരോട് അവരുടെ ഭര്‍ത്താവും മകനും പിതാവും സഹോദരനും വധിക്കപ്പെട്ട വിവരം പറയുന്നത്. പക്ഷേ, അവര്‍ക്കറിയേണ്ടിയിരുന്നത് അല്ലാഹുവിന്റെ റസൂല്‍(സ) ജീവിച്ചിരിപ്പുണ്ടോ , വല്ല അപകടവും സംഭവിച്ചോ എന്നതിനെ കുറിച്ചായിരുന്നു. അവസാനം പ്രവാചകന്(സ) സുരക്ഷിതനാണെന്ന് സ്വന്തം കണ്ണു കൊണ്ട് കണ്ട് ഉറപ്പു വരുത്തിയ ശേഷം അവര്‍ പ്രഖ്യാപിച്ചു: ”പ്രവാചകരേ, അങ്ങ് സുരക്ഷിതനാണെങ്കില്‍ മറ്റെല്ലാ ദുരന്തങ്ങളും എനിക്ക് നിസ്സാരമാണ്.” താന്‍ നൊന്തുപ്രസവിച്ച സന്താനങ്ങളേക്കാളും തന്റെ എല്ലാമെല്ലാമായ ഭര്‍ത്താവിനേക്കാളും അല്ലാഹുവിന്റെ റസൂലിനെ സ്നേഹിച്ച ഒരു മഹതിയുടെ മങ്ങാത്ത ചരിത്രമാണിത്.
റസൂൽ ﷺ ക്ക് വേണ്ടി എന്തും സഹിക്കാനും ക്ഷമിക്കാനുമുള്ള അത്യപൂര്‍വ സ്നേഹം.
ഇങ്ങനെ നബിയിമ്പത്തിൻറെ സ്നേഹദര്‍പണത്തില്‍ മായ്ക്കാനാവാത്ത പ്രതിബിംബങ്ങളായി ഇന്നും ജീവിക്കുന്ന എത്ര സ്വഹാബികൾ …
പ്രവാചക കാലത്ത് പ്രവാചകന്റെ (ﷺ) സാമീപ്യത്തില്‍ അവര്‍ കാണിച്ച സ്നേഹപ്രകടനങ്ങളാണ് നാമിവിടെ വായിച്ചത്. പക്ഷേ, ഇഹലോകവാസം വെടിഞ്ഞ പ്രവാചകരെ നമുക്കെങ്ങനെ സ്നേഹിക്കാന്‍ കഴിയും..?
ഇനി അവരുടെ പ്രധാന വാദങ്ങൾ നമുക്കൊന്ന് പരിശോധിച്ച് നോക്കാം.
അവരുടെ നേതാവായിരുന്ന കുഞ്ഞീതു മദനി പറയുന്നത് നോക്കൂ.
“തിരുദൂതരുടെ ജന്മദിനത്തില് മൗലിദ് പാരായണം ചെയ്യല്‍ ആപേക്ഷികമായി കൂടുതല്‍ പ്രായമേറിയ ബിദ്അത്താണ്..!”
(അഹ്ലുസ്സുന്നത്തി വല്‍ ജമാഅഃ, പേജ്- 60 )
2004 മെയില്‍ പ്രസിദ്ധീകരിക്കപ്പെട്ട (ലക്കം1 പുസ്തകം 2) ഇസ്വ്ലാഹ് മാസികയില്‍ പറയുന്നു:
”പ്രമുഖ പണ്ഡിതനും സുന്നി മതപ്രഭാഷകനുമായ തഴവാ മുഹമ്മദ് കുഞ്ഞി മുസ്ലിയാര് എഴുതുന്നു:
മൗലിദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാ
അത് ഹിജ്റ മുന്നൂറിന്ന് ശേഷം വന്നതാ.” (അല്‍ മവാഹിബുല്‍ ജലിയ്യ)
അപ്പോള്‍ മൗലിദും മൗലിദാഘോഷവും ഇാസ്ലാമില്‍ പില്ക്കാലത്ത് വന്ന അനാചാരവുമാണ്. ഇസ്ലാമുമായി ഇതിനു യാതൊരു ബന്ധവുമില്ലാ.” (ഇസ്വ്ലാഹ്)
വസ്തുതാപരമായ തെളിവുകള്‍ക്ക് മുന്നില്‍ കണ്ണടച്ച് അണമുറിയാത്ത നബിയിമ്പം വാക്കുകളിലൂടെയും പ്രവാചകൻറെ(സ) കാലടിപ്പാതകൾ പിൻപറ്റിയും പ്രകടിപ്പിച്ച പൂർവസൂരികളെ മുബ്തദിഉകളാക്കുകയും പ്രണയാതിരേകത്താൽ അവർ രചിച്ച മൗലിദ് കൃതികളെ ബിദ്അത്തിന്റെ ആലയില്‍ കൊണ്ടു പോയി കെട്ടുകയും ചെയ്യുകയാണിവർ.
മൗലിദിനെതിരേ നിരന്തരം സ്റ്റേജും പേജും ഉപയോഗപ്പെടുത്തിയിട്ടും റബീഇന്റെ ചന്ദ്രന് വിരിയുന്നതോടെ ഉയരുന്ന പ്രവാചകാപദാനങ്ങള്‍ ചെറിയതോതിലൊന്നുമല്ല നവയാഥാസ്ഥിതികരെ ചൊടിപ്പിക്കുന്നത്. മുസ്ലിം മനസ്സുകളിലെ മൗലിദിനോടുള്ള അഭിനിവേശവും ആഗ്രഹവും പാടേ പിഴുതെറിയാനുള്ള അവസാന അസ്ത്രമായാണ് അത് മുളഫ്ഫര്‍ രാജന് കൊണ്ടുവന്ന ബിദ്അത്താണന്ന് പറയുന്നത്.
മൗലിദ് എന്നത് മുളഫ്ഫര്‍ രാജാവ് ആരംഭംകുറിച്ചതും ഹിജ്റ മുന്നൂറിനുശേഷം വന്നതാണെന്നും വാദിക്കുമ്പോള്‍ ഒറ്റവായനയില്‍ നമുക്കും അത് ബിദ്അത്താണെന്നു തോന്നാം. ഹിജ്റ 300നു ശേഷമാണ് മൗലിദിന്റെ ഉത്ഭവമെന്നും അതിന്റെ സ്ഥാപകന്‍ മുളഫ്ഫര്‍ രാജാവാണെന്നും അതിനുമുമ്പ് മൗലിദ് സമ്പ്രദായം ഇസ്ലാമിക ചരിത്രത്തില്‍ തന്നെയില്ലെന്നും പറയുന്നവര്‍ക്ക് ചരിത്രം വ്യക്തമായ മറുപടി നല്‍കുന്നുണ്ട്.
മൗസില്‍ എന്ന പ്രദേശത്ത് പണ്ഡിതനായ ശൈഖ് ഉമര്‍ മുല്ല നടത്തിയിരുന്ന മൗലിദാഘോഷം അനുകരിച്ചുകൊണ്ടാണ് മുളഫ്ഫര്‍ രാജാവ് അപ്രകാരം ചെയ്തിട്ടുള്ളതെന്ന് അല്‍ബാഇസ എന്ന ഗ്രന്ഥത്തില്‍ 1268ല്‍ ജീവിച്ച ഡമസ്കസിലെ സുപ്രസിദ്ധ പണ്ഡിതനും ഇമാം നവവി(റ) വിന്റെ ഗുരുവര്യരുമായ ഇമാം അബൂ ശാമ വ്യക്തമാക്കിയിട്ടുണ്ട്.
മാത്രവുമല്ല, മുളഫ്ഫര്‍ രാജാവ് പണ്ഡിതനും പ്രപഞ്ചപരിത്യാഗിയും തഖ്വയിലധിഷ്ഠിതമായി ജീവിതം നയിച്ച മഹാനുഭാവനുമാെണന്ന് മൗലിദ് വിരോധികള്‍ക്കുപോലും സര്‍വാംഗീകൃതനായ ഹാഫിള് ഇബ്നു കബീര്‍ അല്‍ ബിദായ വന്നിഹായയിലും ഇബ്നു ഖല്ലിഖാന് തന്റെ വഫയാത്തുല് അഹ്യൈറിലും ഹാഫിള് സ്വുയൂഥി തന്റെ അല്‍ഹാവീലില്‍ ഫതാവയിലും വ്യക്തമാക്കുന്നു…
കേവലമൊരു രാജാവിന്റെ നാട്ടാചാരമെന്ന് പറഞ്ഞ് മൗലിദിനെ തള്ളുമ്പോള്‍ അതിലുപരി ഭൗതികവിരക്തനാണെന്നും സ്വാഭിപ്രായമനുസരിച്ച് മൗലിദാഘോഷം തുടങ്ങിയതല്ലെന്നുമുള്ള സത്യം മനഃപൂര്‍വം മറച്ചു വയ്ക്കുകയാണ്. അനുവര്‍ത്തിച്ചുവരുന്ന ആചാരത്തിന് നൂതന ഭാവവും രൂപവും നല്‍കുക മാത്രമാണദ്ദേഹം ചെയ്തത്.
മുഹിയുദ്ദീന് സുല്ലമി തെളിവെടുത്ത അല്‍ മവാഹിബുല്‍ ജലിയ്യയില്‍ തുടര്‍ന്നുള്ള വരികള്‍തന്നെ മൗലിദ് ഓതാമെന്നതിനു തെളിവാണ്. തഴവാ മൗലവി പറയുന്നു:
”നബിക്കുള്ള മൗലിദ് വീട്ടിലും ഓതേണ്ടതാ
അതിനാല്‍ മുസ്വീബത്തൊക്കെയും നീങ്ങുന്നതാ.”
എന്നാല്‍, താനനുധാവനം ചെയ്യുന്ന ആദര്‍ശം പൊള്ളത്തരമാണെങ്കിലും കളവ് പലതവണയാവര്‍ത്തിച്ച് സത്യത്തിന്റെ മുഖഭാവം നല്‍കുന്നത് പോലെ വിശ്വാസം സംരക്ഷിക്കാന്‍ തനിക്കനുകൂലമായ വരികള്‍ മാത്രം അടര്‍ത്തിയെടുത്ത് ജനസമക്ഷം പര്‍വതീകരിച്ചവതരിപ്പിക്കുന്നതിന്റെ തൊലിക്കട്ടി വിശ്വാസിക്ക് ഭൂഷണമല്ല.
നിരവധി പണ്ഡിതന്മാരും സൂഫികളും മൗലിദാഘോഷത്തില്‍ സമ്മേളിച്ചിരുന്നുവെന്നും പ്രസ്തുത കിതാബില്‍തന്നെ തഴവാ മൗലവി പറയുന്നുണ്ട്:
“ഉലമാക്കളനവധി ഹാജറുണ്ടേതിലന്ന്
അത് പോലെ സൂഫികള്‍ കൂടുമെഅതില്‍ വന്ന് “
മൗലിദിന്ന് മുളഫ്ഫര്‍ രാജാവ് പ്രാരംഭം കുറിച്ചപ്പോള്‍ ആവേശപൂര്‍വം നിരവധി ഉലമാക്കളും സ്വൂഫികളും അതില്‍ സമ്മേളിച്ചുവെന്നതുതന്നെ ഈയൊരാചാരത്തിന്റെ സാധുതയ്ക്ക് വ്യക്തമായ തെളിവ് തന്നെ. ചരിത്രം വിശദമായി അനേഷിച്ചാല്‍ മൗലിദെന്ന പേരിലുള്ള രചനയും അനുസ്മരണവും സ്വഹാബിമാരുടെ കാലത്തു തന്നെ ഉണ്ടായിട്ടുണ്ട്. അതിന്റെ ഏറ്റവുംവലിയ ഉദാഹരണമാണ് മിസ്വിറിലെ കിങ് ഫഹദ് യൂനിവേഴ്സിറ്റിയിലെ ഇബ്നു അബ്ബാസ്(റ)വിന്റെ മൗലിദിന് നബി എന്ന പേരിലറിയപ്പെടുന്ന കിതാബ്…
(ബുക്ക് നമ്പര്‍ 2014)
ഇബ്നു അബ്ബാസ്(റ) വഫാത്താവുന്നത് ഹിജ്റ 68ലാണ്. മൗലിദ് കിതാബ് കേരളത്തിലെ മുസ്ലിയാക്കന്മാര് കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്ന ബിദഇകളുടെ വാദത്തിനു ശക്തമായ താക്കീതാണ് മിസ്വിറില്‍ ഇന്നും നിലനില്‍ക്കുന്ന ഈ കിതാബ്.
പുണ്യനബിﷺയുടെ അപദാനങ്ങള്‍ തിരുസമീപത്തുതന്നെ പറഞ്ഞപ്പോഴും നബിﷺഅംഗീകരിക്കുകയും പ്രേത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നതാണു ചരിത്രം…
മക്ക വിജയ കാലമായപ്പോഴേക്കും മക്ക യിലെയും മദീനയിലെയും ഒട്ടു മിക്ക ആളുകളും ഇസ്ലാമിലേക്ക് കടന്നു വന്നെങ്കിലും ചിലർ മാറി നിന്നു.അവരിൽ പ്രമുഖൻ ആയിരുന്നു പ്രശസ്ത കവിയായിരുന്ന കഅബ് ബിൻ സുഹൈർ (റ).സഹോദരൻ ബുജൈർ ബിൻ സുഹൈർ(റ) ഇസ്ലാം സ്വീകരിച്ചപ്പോൾ അദ്ദേഹത്തെയും തിരുമേനിﷺയെയും പരിഹസിച്ച് അദ്ദേഹം കവിതകൾ ആലപിച്ചു.തന്റെ മൂർച്ചയേറിയ കവിതകൾ ഇസ്ലാമിനെതിരെ ഉപയോഗിച്ചും തുടങ്ങിയപ്പോൾ കഅബിനെ വധിക്കാൻ തിരുമേനിﷺ നിർദ്ദേശം നൽകി.
ഈ വിവരം അറിഞ്ഞ സഹോദരൻ ബുജൈർ കഅബിന് കത്തെഴുതി:ഇസ്ലാമിന്റെ വിമർശകർ പലരും ഇസ്ലാമിലേക്ക് കടന്നു വരുകയും അല്ലാത്ത ചിലർ നാട് വിടുകയും ചെയ്തു.നിനക്ക് ഇനി രക്ഷ വേണമെങ്കിൽ പ്രവാചകരു(സ)ടെ മുന്നിൽ വന്ന് മാപ്പിരക്കുക.
പക്ഷെ കഅബ് (റ)അതിനു കൂട്ടാക്കിയില്ല.നാട് വിടാൻ തീരുമാനിച്ച് പലരോടും അഭയം തേടിയെങ്കിലും ആരും അഭയം നൽകിയില്ല.
അവസാനം പ്രവാചകരു(സ)ടെ മുന്നിൽ ചെല്ലാൻ തന്നെ തീരുമാനിച്ചു. അങ്ങനെ തിരു സന്നിധിയിലെത്തി നബിﷺയുടെ കൈ പിടിച്ച് കൊണ്ട് ഇങ്ങനെ ചോദിച്ചു:”താങ്കൾ വധിച്ചു കളയാൻ കൽപന നൽകിയ കഅബ് പശ്ചാതാപിച്ച് വന്നാൽ താങ്കൾ സ്വീകരിക്കുമോ?”
പ്രവാചകർ പറഞ്ഞു: “സ്വീകരിക്കും”.അപ്പോൾ കഅബ് പറഞ്ഞു: “ഞാനാണ് ആ കഅബ്”.
ശേഷം കഅബ് ഒരു കവിത ആലപിക്കാൻ സമ്മതം തേടി ബാനത് സുആദ് എന്ന ചരിത്രത്തിൽ സ്ഥാനം നേടിയ ആ കവിത ആലപിച്ചു. അത് കേട്ട പ്രവാചകർ(സ) തന്റെ പുതപ്പെടുത്ത് അദ്ദേഹത്തിനു സമ്മാനിച്ചു.
“പ്രവാചക പ്രകീർത്തനത്തിന് പ്രവാചക(സ)ന്റെ പുരസ്കാരം” അതല്ലേ ഇവിടെ നമുക്ക് കാണാൻ കഴിയുന്നത്
ഹസ്സാനുബ്നു സാബിത്(റ)വിന് നബിﷺയെ പുകഴ്ത്തിപ്പാടാന്‍ നബിﷺതന്നെ പ്രത്യേകമായി സ്റ്റേജ് ഒരുക്കിക്കൊടുത്തതിനെക്കുറിച്ചുംബിദ്അത്തുകാര്ക്ക് എന്തുണ്ട് പറയാന്‍..?
ഒരിക്കല്‍ ആമിറുല്‍ അന്‍സാരിയുടെ വീടിന്റെയരികിലൂടെ നബിﷺയുടെ കൂടെ അബൂദര്‍റ്(റ) നടന്നുപോകവെ ആമിറുല്‍ അന്‍സാരി തന്റെ മക്കള്‍ക്കും കുടുംബത്തിനും നബിﷺയുടെ അമാനുഷികവും അസാധാരണവുമായ സംഭവങ്ങള്‍ വിവരിച്ചു കൊടുക്കുകയായിരുന്നു. ഇതു കണ്ട് പ്രവാചകര്‍ ആമിറുല്‍ അന്‍സാരി(റ)വിനോട് പറഞ്ഞു: ”സര്‍വൈശ്വര്യങ്ങളും നിനക്കല്ലാഹു പ്രദാനംചെയ്യട്ടെ. ഈസമയം വാനത്തിലെ ഓരോ മലക്കുകളും നിന്റെ പ്രവൃത്തിമൂലം നിനയ്ക്കുവേണ്ടി പൊറുക്കലിനെ ചോദിച്ചുകൊണ്ടിരിക്കുകയാണ്. നീ ചെയ്തതുപോലെ ആരെങ്കിലും ചെയ്താല്‍ അവന് രക്ഷയുടെ മാര്‍ഗ്ഗത്തിലാണ്…
(സലകുല്‍ മുഅള്ളം)
മറ്റൊരിക്കല്‍ ഇബ്നു അബ്ബാസ്(റ) സ്വസന്തതികള്‍ക്ക് നബിﷺയുടെ ജന്മസമയത്തിലെ അനിതരസാധാരണമായ സംഭവങ്ങള്‍ വിവരിച്ചു കൊടുക്കുകയായിരുന്നു. അപ്പോഴാണ് പ്രവാചകര്‍ ﷺ അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നത്. തിരുനബിﷺ ഇപ്രകാരം പറഞ്ഞു: ”ഇബ്നു അബ്ബാസ്, നാളെ മഹ്ശറാ വന്‍സഭയില്‍ ഒരുചാണ്‍ വ്യത്യാസത്തില്‍ സൂര്യന് കത്തിജ്വലിക്കുമ്പോള്‍ നിനയ്ക്കുവേണ്ടി ശഫാഅത്ത് ചെയ്യാന്‍ ഞാന്‍ ബാധ്യസ്ഥനായി”
ഇത് പോലെ പ്രാമാണികവും ആധികാരികവുമായ അനവധി തെളിവുകൾ ഇവ്വിഷയകമായി നമുക്ക് കാണാം.
പ്രവാചകനോടുള്ള അവിരാമവും അദമ്യവുമായ സ്നേഹം കൊണ്ട് റബീഇന്റെ ദിനരാത്രികള്‍ വിശ്വാസികള്‍ മൗലിദിനാലും മറ്റ് സ്നേഹ പ്രകടനങ്ങളാലും ധന്യമാക്കുമ്പോള്‍ ബുദ്ധിശൂന്യമായ നിരർത്ഥകങ്ങൾ വിളിച്ചു കൂവുന്നവര്‍ നാളെ മഹ്ശറാ വന്‍സഭയില്‍ ഇണയോ തുണയോ ഇല്ലാത്ത വിപത്ഘട്ടത്തില്‍ മുഹമ്മദ് നബിﷺയുടെ അടുത്തേക്ക് തന്നെയാണ് പോവേണ്ടത് എന്ന കാര്യം മറക്കരുത്.