നബിയുടെ വിവാഹവും വിമര്‍ശനവും

നിഷാദ് വാവാട്

മാനവരാശിയെ ധര്‍മ്മത്തിന്‍റെ പാതയിലേക്ക് ക്ഷണിക്കാന്‍ വേണ്ടി ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തിൽ പരം പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചു.അല്ലാഹുവിന്‍റെ നിയമം നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട സമയത്ത് തന്നെ അധര്‍മ്മകാരികള്‍ വിമര്‍ശനവുമായി മുന്നോട്ട് വന്നിട്ടുണ്ട്.പ്രവാചക പരമ്പരയിലെ അവസാനത്തവരായ മുഹമ്മദ് മുസ്തഫാ (സ്വ)സാംസ്കാരിക ഉന്നമനത്തിന് വേണ്ടി അഹോരാത്രം പരിശ്രമിക്കുകയും സമ്പൂര്‍ണ്ണ വിജയം കൈവരിക്കുകയും ചെയ്തു.അന്ധകാരത്തിൽ അധപതിച്ച ഒരു സമൂഹത്തെ ലോകത്തിന്‍റെ നെറുകയിൽ പ്രതിഷ്ടിച്ച പ്രവാചകരുടെ പ്രവര്‍ത്തനം നിസ്തുല്ല്യമാണെന്നതിൽ സന്ദേഹമില്ല.എന്നാൽ വിജയ പാതയിൽ പ്രവാചകന് ഒട്ടേറെ ശത്രുക്കളെ അതിജീവിക്കേണ്ടി വന്നിട്ടുണ്ട്.മക്കയിലെ വന്‍ ശക്തികളായ ഖുറൈശികളും, റോമന്‍-പേര്‍ഷ്യന്‍ സാമ്രാജ്യ ശക്തികളും, ഏറ്റവുമൊടുവിൽ യൂറോപ്യന്‍ സാമ്രാജ്യവും ഇസ്ലാമിനെ താറടിച്ച് കാണിക്കാനും പ്രവാചകനെ ഇകഴ്ത്താനും ശ്രമിച്ചിട്ടുണ്ട്.എന്നാൽ വിമര്‍ശകരെ പോലും അസ്ത്രപ്രഞ്ജരാക്കിക്കൊണ്ടാണ് ഇസ്ലാമും പ്രവാചകനും ഉയര്‍ത്തെഴുന്നേറ്റ് കൊണ്ടിരിക്കുന്നത്.
പരിശുദ്ധ റസൂലിനെ അവഹേളിക്കാന്‍ ഇസ്‌ലാം വിമര്‍ശകര്‍ ഉയര്‍ത്തിക്കാണിക്കുന്ന പ്രധാന അപവാദമാണ് പ്രവാചകരുടെ വിവാഹം.പതിനൊന്ന് തവണ വിവാഹം കഴിച്ചത് മുഹമ്മദ് നബി(സ്വ) സ്ത്രീലമ്പടനായത് കൊണ്ടും, മദിരാശി പ്രേമിയായതിനാലും മാത്രമാണെന്ന് അവര്‍ വാദിക്കുന്നു.പതിനൊന്ന് ഭാര്യമാരിൽ പ്രവാചകര്‍ ആദ്യമായി വിവാഹം കഴിച്ച ഹസ്രത്ത് ഖദീജ(റ)കുലീനയും ദൈവഭക്തിയുള്ളവരും ആയിരുന്നു.പ്രവാചകന്‍ ദരിദ്ര കുടുംബത്തിൽ ഉള്ളവനും ആയിരുന്നു.പക്ഷെ വിമര്‍ശകര്‍ പറയുന്നത് മഹതിയുടെ സമ്പത്തിൽ ആകൃഷ്ടനായാണ് പ്രവാചകന്‍ അവരെ വിവാഹം കഴിച്ചതെന്നും ഖദീജ (റ)പ്രവാചകരുടെ യൗവ്വനത്തിൽ ആകൃഷ്ടയായിരുന്നുമെന്നുമാണ്.
പക്ഷെ നുബുവ്വത്തിന് ശേഷം പ്രിയഭര്‍ത്താവിന്‍റെ വാക്ക് കേട്ട് ഖദീജ(റ)തന്‍റെ മുഴുവന്‍ സ്വത്തും അത്താണിയില്ലാത്തര്‍ക്കും, അശരണര്‍ക്കും വീതിച്ച് നൽകിയിരുന്നു.പ്രവാചകന്‍റെ കൂടെയുള്ള മഹതിയുടെ ജീവിതം ഏറെ ക്ലേശം നിറഞ്ഞതായിരുന്നില്ല.ഖുറൈശികള്‍ മുസ്ലിമീങ്ങളെ ഷിഅ്ബ് അബൂത്വാലിബി ബന്ധനസ്ഥരാക്കിയപ്പോള്‍ മൂന്നു വര്‍ഷം കൊടിയ ദാരിദ്ര്യവും പട്ടിണിയുമായിരുന്നു.അവിടെ വെച്ച് സസ്യലദാതികളുടെ ഇലകള്‍ വരെ അവര്‍ക്ക് ഭക്ഷിക്കേണ്ടി വന്നിട്ടുണ്ട്.തന്നെക്കാള്‍ പതിനൊന്ന് വയസ്സ് കൂടിയ രണ്ട് പ്രാവശ്യം വിധവയുമായ ഒരു പെണ്ണിനെ വിവാഹം ചെയ്തു എന്നത് റസൂലൊരു സ്ത്രീ ലമ്പടനായിരുന്നില്ല എന്നതിന്‍റെ പ്രകടമായ തെളിവാണ്.
ഖദീജ ബീവിയുടെ വിയോഗത്തിന്‍റെ മനോവേദന സഹിക്ക വയ്യാതെ അവരിലുണ്ടായ ആറ് സന്താനങ്ങളെ പരിപാലിക്കാനും ഗാര്‍ഹിക വിഷയങ്ങള്‍ നോക്കാനും ഒരു ഇണയെ പ്രവാചകര്‍ക്ക് ആവശ്യമായി വന്നു.ഈ സമയത്താണ് മധ്യവയസ്കയും വിധവയുമായ സൗദ ബീവി യെ വിവാഹം കഴിക്കാനാവശ്യപ്പെട്ട് ഉസ്മാനു ബ്നു മഅ്സൂം (റ) തിരുസന്നിധിയിലെത്തിയത്.മഹതി റസൂലിന്‍റെ സമപ്രായക്കാരിയോ അധികം വയസ്സുള്ളവളോ ആയിരുന്നു. എങ്കിലും സൗദാ ബീവിയുടെ ഭര്‍ത്താവുമായി നബി(സ്വ)ക്ക് വലിയ ബന്ധമാണുണ്ടായിരുന്നത്..ഇസ്ലാമിലേക്ക് ആദ്യമായി കടന്നു വന്നവരിൽ പ്രധാനിയും ആദ്യകാലത്ത് അബസീനിയയിലേക്ക് കുടിയേറിയവരിൽ പെട്ടവരുമായിരുന്നു അദ്ദേഹം.മഹാന്‍റെ മരണ ശേഷം വളരെ പ്രയാസപ്പെട്ട് ജീവിതം തള്ളി നീക്കിയ സൗദാ ബീവിയുമായി വിവാഹം നടന്നാൽ അവര്‍ക്ക് വലിയ സഹായകമാകുമെന്ന് മനസ്സിലാക്കി റസൂൽ (സ) അവരെ ഇണയാക്കുകയും ചെയ്തു. പ്രതിയോഗികള്‍ പറയുമ്പോലെ നബി (സ)ക്ക് സ്ത്രീകളോടുണ്ടായിരുന്ന പ്രത്യേക അഭിനിവേഷം കൊണ്ടായിരുന്നില്ല മുത്തു നബി ഈ വിവാഹവും ചെയ്തതെന്ന് വ്യക്തമാണ്.
ഹസ്രത്ത് ആയിശ (റ)നെ വിവാഹം കഴിച്ചത് അപവാദങ്ങള്‍ക്ക് കൂടുതൽ വഴിതെളിച്ചിട്ടുണ്ട് .ആയിഷാ ബിവിയും മാരിയത്തുൽ ഖിബ്ത്തിയ്യയും മാത്രമാണ് മുമ്പ് വിവാഹം കഴിക്കാതെ കന്യകന്മാരായി ഉണ്ടായിരുന്നത്.സിദ്ധീഖ്(റ)വും റസൂലും അങ്ങേയറ്റം പരസ്പരം സ്നേഹിച്ചിരുന്നു. സിദ്ദീഖ് (റ)വിന്‍റെ സത്യസന്ധത മനസ്സിലാക്കി റസൂൽ (സ്വ) സിദ്ധീഖ് എന്ന സ്ഥാനപ്പേര് നൽകി.
പ്രാവചകന്‍റെ വിയോഗത്തിന് ശേഷം ഇസ്ലാമിക് റിപ്പബ്ലി്ക്കിന്‍റെ ഒന്നാം ഖലീഫ മഹാനായ അബൂബക്കര്‍ (റ)ആയിരുന്നു.ഇതൊക്കെ പ്രാവാചകനിലുള്ള സിദ്ദീഖ് (റ)വോടുള്ള അനുരാഗത്തിന്‍റെ ബഹിര്‍സ്ഫുരണങ്ങളാണ്.ഒടുവിൽ അദ്ദേഹത്തിന്‍റെ മരണ ശേഷം ഖബര്‍സ്ഥാനം പോലും റൗളാ ശരീഫിന്‍റെ ചാരത്തായിരുന്നുവെന്നത് ഒന്ന് കൂടി ആ ബന്ധത്തിന്‍റെ വലിപ്പം കൂട്ടുന്നു.ഇരുവരും കുടുംബ ബന്ധം ചേര്‍ക്കാന്‍ ആഗ്രഹിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ആഇശ ബീവിയെ റസൂൽ (സ) വിവാഹം കഴിക്കുന്നത്.ഇളം പ്രായക്കാരിയായത് കൊണ്ട് വൈവാഹിക ജീവിതം തുടങ്ങാന്‍ വര്‍ഷം കൂടുതൽ റസൂൽ (സ്വ)കാത്തിരുന്നു.റസൂൽ (സ്വ)കാമഭ്രാന്തനായിരുന്നെങ്കിൽ കാത്തിരിക്കാനുള്ള മനക്കരുത്ത് ഉണ്ടാകുമായിരുന്നില്ല.
ഹസ്രത്ത് ഹഫ്സ(സ്വ) പത്തൊമ്പതാമത്തെ വയസ്സിൽ അഥവാ യൗവ്വന പ്രായത്തിൽ വിധവയാക്കാന്‍ വിധിക്കപ്പെട്ടവളായിരുന്നു.തന്‍റെ പൊന്നോമന മകളുടെ അവസ്ഥയി മനം നൊന്ത് ഹസ്രത്ത് ഉമര്‍ ഫാറൂഖ് (റ)വിവാഹം കഴിക്കാന്‍ ആത്മമിത്രങ്ങളായ അബൂബക്കര്‍ (റ)നോടും ഉസ്മാന്‍ (റ)നോടും ആവശ്യപ്പെട്ടു.ചില കാരണങ്ങളുന്നയിച്ച് അവര്‍ വിവാഹത്തെ നിരസിച്ചു. പ്രബോധന സരണിയിൽ സര്‍വ്വതും സമര്‍പ്പിച്ച, ത്യജിച്ച തന്‍റെ പ്രിയ സ്നേഹിതന്‍ ഹസ്റത്ത് ഉമറുൽ ഫാറൂഖ് (റ) മായി കുടുംബ ബന്ധം ചേര്‍ക്കാനുള്ള ആഗ്രഹത്താലും പ്രയാസം മനസ്സിലാക്കി ബീവിയെയും റസൂ (സ്വ) ഇണയാക്കി .
പ്രവാചകന്‍റെ ഓരോ വിവാഹവും നോക്കുമ്പോഴും ഇസ്ലാമിന്ന് വേണ്ടിയും പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാന്‍ വേണ്ടിയും തുടങ്ങിയ നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയാണ്. സ്ത്രീ വിഭാഗത്തെ പ്രവാചകന്‍ വളരെയെറെ ബഹുമാനിക്കുകയും അവരെ മഹത്വവൽക്കിരക്കുകയും ചെയ്തതായിട്ട് കാണാം. പ്രവാചകന്‍ സ്വ പറഞ്ഞു : ഈ ലോകവും അതിലെ സര്‍വ്വതും മൂല്യവത്താണ്. എന്നാൽ അതിലേറ്റവും വിലപ്പെട്ടത് സൽ ഗുണ സമ്പന്നയായ സ്ത്രീ രത്നമാണ്.
ഇസ്ലാം നാല് സ്ത്രീകളെ മാത്രം വിവാഹംകഴിക്കാവൂ എന്ന് പറഞ്ഞതിനനുസരിച്ച് തിരുനബി 11 ഭാര്യമാരെ കഴിച്ചു എന്നത് ഇസ്ലാമിക വിമര്‍ശകരുടെ വാദങ്ങളിൽപ്പെടുന്നു. എന്നാ ൽ ഹിജ്റ എട്ടാം വര്‍ഷമാണ് ഈ ആയത്ത് ഇറങ്ങിയത്. അതിന് ശേഷം തിരു നബി (സ്വ) വിവാഹം കഴിച്ചിട്ടില്ല.കേരളത്തിലെ ചില മുത്തശ്ശി പത്രങ്ങള്‍ പോലും പ്രവാചകന്‍റെ വിവാഹത്തെ പൈങ്കിളി സാഹിത്യത്തിലൂടെ വിമര്‍ശിച്ചിട്ടുണ്ട്
എക്കാലത്തും പ്രവാചകന്‍റെ ധാര്‍മികമായ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാണിക്കപ്പെട്ടിട്ടുണ്ട്. വിവാഹ- ബഹു ഭാര്യത്വ വിഷയങ്ങള്‍ പറഞ്ഞ് പുണ്യ റസൂലിനെ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നവര്‍ക്കിടയിൽ നിന്ന് വിവേക പരമായ ചലനങ്ങളുമുണ്ടായിട്ടുണ്ട്.ഇസ്ലാമിന്‍റെ ഏറ്റവും വലിയ ശത്രു പക്ഷമായ യുറോപ്യര്‍ക്കിടയിൽ നിന്ന് തന്നെ യുറോപ്യന്‍ ചിന്തകനായ തോമസ് കാര്‍ലൈന്‍ പ്രവാചകനെക്കുറിച്ച് പറഞ്ഞു. മുഹമ്മദ് ഒരു ഭോഗാസക്തനായിരുന്നില്ല, അദ്ദേഹത്തെ സുഖാഢംഭരങ്ങളാസ്വാദിക്കുന്ന ഒരു വ്യക്തിയായി നാം കാണുകയാണങ്കിൽ അത് ഏറ്റവും വലിയ അബദ്ധമാണെന്ന് അദ്ദേഹം. (കാര്‍ലൈന്‍സ് വ ക്സ് വോള്യം).
ചുരുക്കത്തിൽ നബി (സ്വ) സത്യ സന്ധനും, സദ്ഗുണ സമ്പന്നനും, വിത്യസ്തനുമാണ്. ആധുനിക കാലത്ത് ഇസ്ലാമിക അതിര്‍ വരമ്പുകള്‍ ഭേദിച്ചുകൊണ്ടുള്ള കോമാളിത്തരങ്ങള്‍ കുടിയുറപ്പിച്ച വിവാഹാചാരങ്ങളിൽ അഭിരമിക്കുമ്പോള്‍ പ്രവാചകന്‍റെ വിവാഹവും തുടര്‍ജീവിതവും മാതൃകാപരമാണ്. ഏക ദൈവ വിശ്വാസത്തിലും റസൂലിന്‍റെ പ്രവര്‍ത്തനങ്ങളിലും അസൂയ പൂണ്ടവരാണ് എതിര്‍പ്പുമായി മുന്നോട്ട് വന്നിട്ടുള്ളത്. ഇലാഹി ചലനത്തിൽ ജീവിതം നയിച്ച റസൂലിന്‍റെ ജിവിതം വിമര്‍ശകര്‍ക്ക് മറുപടിയാണ്.