നബിദിനാഘോഷം: വിവാദങ്ങള്‍ നിരര്‍ത്ഥകമാണ്.

എന്‍ ഷംസുദ്ധീന്‍ തെയ്യാല
7592916162

തിരു പിറവിയുടെ ഹര്‍ഷാരവങ്ങള്‍ക്ക് മകുടം ചാര്‍ത്താന്‍ ഒരു റബീഅ് കൂടി സമാഗതമായിരിക്കുകയാണ്. ഭൂലോകമാകെ മദീനാ മണ്ണീലേക്ക് മനസ്സ് തിരിക്കുന്ന അനുഗ്രഹീത റബീഇന്‍റെ വസന്ത വേളകള്‍ നമ്മിലേക്ക് ആഗതമാകുമ്പോള്‍ ചരാചര ഭേദമന്യേ സര്‍വ്വ സൃഷ്ടികളും വിശിഷ്യ മാനവ സമൂഹം ആനന്ദത്തിന്‍റെയും ആത്മീയാവേശത്തിന്‍റെയും നിറശോഭയിലാകുന്നു.
പ്രവാചക പ്രകീര്‍ത്തനത്തിന്‍റെ താളലയനങ്ങള്‍ അനുരാഗികളുടെ ഹൃദയാന്തരങ്ങളിൽ അലയൊലികള്‍ തീര്‍ക്കുമ്പോഴും വിദ്വേശത്തിന്‍റെ ഭാണ്ഡം പേറുന്ന ഒരു കൂട്ടരെ ഇവിടെ സ്മരിക്കാതെ വയ്യ. സ്വന്തം പ്രസ്ഥാനം കെട്ടടങ്ങാനടുത്ത തീ നാളമെന്ന് തിരിച്ചറിഞ്ഞിട്ടും വ്യര്‍ത്ഥമായ വാദങ്ങളെ കൂട്ടുപിടിച്ച് നബിദിനാഘോഷങ്ങളെ എതിര്‍ക്കുന്നത് പരിഹാസ്യം തന്നെയാണ്.
നബി (സ്വ) യുടെ ജനനത്തിൽ സന്തോഷത്തോടെ അപദാനങ്ങള്‍ വാഴ്ത്തൽ , മൗലിദ് പാരായണം, നബി (സ്വ) യുമായി ബന്ധപ്പെട്ട ചരിത്ര സ്മരണകള്‍ അയവിറക്കൽ തുടങ്ങിയവ പുണ്യകരമാണ്. റബിഉൽ അവ്വലിനോട് അനുബന്ധമായി സംഘടിപ്പിക്കപ്പെടുന്ന ഇത്തരം സൽക്കര്‍മങ്ങള്‍ക്കെതിരെ അപശബ്ദങ്ങള്‍ ഉയര്‍ത്തുന്നത് വേദനാജനകമാണ്. പരമ്പരാഗത മൂല്യങ്ങളോട് പുറം തിരി ഞ്ഞു നിൽക്കുകയും മതപ്രമാണങ്ങളെ സ്വന്തമായി ഇജ്തിഹാദ് നടത്തി പുതിയ പ്രസ്ഥാനം നിര്‍മിക്കുകയും അനേകം ഗ്രൂപ്പുകളായി വിഘടിക്കുകയും ചെയ്ത വഹാബികളാണ് പ്രതിഷേധക്കാരിൽ മുന്‍പന്തിയിലുള്ളത്.
പ്രവാചകാനുരാഗം ഒരു വിശ്വാസിയുടെ മേൽ നിര്‍ബന്ധമാക്കപ്പെട്ടതാണ്. അത് സ്വശരീരത്തേക്കാള്‍ മികച്ചതാവണമെന്നാണ് ഖുര്‍ആനിന്‍റെ കൽപ്പന. ‘നബി (സ്വ) തങ്ങള്‍ സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളേക്കാള്‍ ബന്ധപ്പെട്ട ആളാകുന്നു’. (അസ്ഹാബ് : 6).
പരമയാഥാര്‍ത്യത്തെ തിരസ്കരിക്കാനാവുന്നതല്ല. മാത്രമല്ല. തിരുനബി (സ്വ) യുടെ അനുഗ്രഹിത്തിൽ സന്തോഷപ്രകടനം നടത്തണമെന്ന് പരിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം നടത്തിയ കാര്യം കൂടിയാണ്. ‘നബിയെ താങ്കള്‍ പറയുക. അല്ലാഹുവിന്‍റെ ഫള്ല് (ഔദാര്യം) കൊണ്ടും റഹ്മത്ത് (കാരുണ്യം) കൊണ്ടും അവര്‍ സന്തോഷിച്ചുകൊള്ളട്ടെ’. (യൂനുസ് : 58). നബി (സ്വ) യേക്കാള്‍ ഉത്തമമായ മറ്റൊരു കാര്യം ഇല്ലെന്ന വസ്തുത ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയതാണ്. പ്രസ്തുത ഖുര്‍ആനിക വചനത്തെ വിശദീകരിച്ചുകൊണ്ട് പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്നു അബ്ബാസ് (റ) പറയുന്നു : ‘ഫള്ല് (ഔദാര്യം) എന്നത് കൊണ്ടുള്ള ഉദ്ദേശം വിജ്ഞാനവും റഹ്മത്ത് കൊണ്ട് മുഹമ്മദ് നബിയുമാകുന്നു. (റൂഹുൽ മആന്‍) മറ്റൊരു ആയത്തിലൂടെ അല്ലാഹു പറയുന്നു ‘നബിയെ സര്‍വ്വ ലോകത്തിനും റഹ്മത്തായിട്ടാണ് താങ്കളെ നാം നിയോഗിച്ചത്’.(അമ്പിയാഅ് :107). അല്ലാഹുവിന്‍റെ കാരുണ്യത്താൽ സന്തോഷിക്കാന്‍ കൽപ്പിച്ച ഖുര്‍ആന്‍ നബി (സ്വ) യെ ഏറ്റവും വലിയ അനുഗ്രഹമായി പരിചയപ്പെടുത്തുകയും ചെയ്യുന്നു. പിന്നെ എന്തിനു വേണ്ടി നബിദിനാഘോഷം എതിര്‍ക്കപ്പെടുന്നു ? എന്ന ചോദ്യം പ്രസക്തമാണ്. അവാന്തര വിഭാഗങ്ങള്‍ ഉന്നയിക്കുന്നത് ഉത്തമ നൂറ്റാണ്ടിൽ നബിദിനാഘോഷം ഉണ്ടായിരുന്നില്ല എന്നാണ്. മഹാന്മാരായ ഇമാമുമാര്‍ അത് കേള്‍ക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല. (മൗലിദ് : വിമര്‍ശനവും വിശകലനവും; മാഹിന്‍ കുട്ടി സുല്ലമി). മക്കയിലും മദീനയിലും ഒരുകാലത്തും നബിദിനാഘോഷം ഉണ്ടായിരുന്നില്ല. (അബ്ദുറഹ്മാന്‍ ഇരുവേറ്റ). ഇത്തരം ചോദ്യങ്ങളാണ് അവര്‍ ഉന്നയിക്കുന്നത്.
റബീഉൽ അവ്വലിൽ നബി (സ്വ) യുടെ ജന്മദിനാഘോഷം കൊണ്ടാടുന്ന രീതി സ്വഹാബാക്കളുടെ കാലത്തോ ഉത്തമ നൂറ്റാണ്ടിലോ ഉണ്ടായിരുന്നില്ലന്നെത് ശരിയാണ്. എന്നാൽ നബി (സ്വ)യുടെ വിയോഗ ശേഷം ഇസ്ലാമിക ലോകത്ത് നിരവദി പരിഷ്കാരങ്ങൾ ഉണ്ടായിട്ടുണ്ട്. സിദ്ദീഖ് (റ) വിന്‍റെ കാലത്തെ ഖുര്‍ആന്‍ ക്രോഡീകരണം, ഉമര്‍ (റ) വിന്‍റെ കാലത്തെ സംഘടിത തറാവീഹ്, ഉസ്മാന്‍ (റ) വിന്‍റെ കാലത്തെ ജുമഅയുടെ രണ്ടാം ബാങ്ക്, അലീ (റ) വിന്‍റെ കാലത്തെ അറബി വ്യാകരണത്തിന്‍റെ ആവിര്‍ഭാഗം, ഉമര്‍ ബ്നു അബ്ദുൽ അസീസ് (റ) വിന്‍റെ കാലത്തെ ഹദീസ് ക്രോഡീകരണം തുടങ്ങിയ നിരവധി കാര്യങ്ങള്‍ നിലവിൽ വന്നു. ഇവയെല്ലാം സൂക്ഷമജ്ഞാനികളായ പണ്ഡിതന്മാര്‍ ബിദ്അത്തുൽ ഹസന എന്നാണ് പരിചയപ്പെടുത്തിയത്. ഇമാം നവവി (റ) പറയുന്നു.’നബി (സ്വ) യുടെ കാലത്തില്ലാത്ത കാര്യങ്ങള്‍ സ്ഥാപിക്കുന്നതിനെ ബിദ്‌അത്ത് എന്ന് വിളിക്കാം. അത് ഹസനത്ത് (സ്വീകാര്യം), ഖബീഹത്ത് (ദോഷകരം) എന്നിങ്ങനെ രണ്ടണ്ണമുണ്ട്. ഉത്തമ നുറ്റാണ്ടുകള്‍ക്ക് ശേഷം ആരംഭിച്ച നബിദിനാഘോഷം ബിദ്അത്ത് ഹസന എന്ന വിഭാഗത്തിലാണ് ഇമാമുമാര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ‘.
‘ശറഇന്‍റെ വീക്ഷണത്തിൽ ബിദ്അത്ത് എന്ന് പറഞ്ഞാ മതപരമായ കാര്യങ്ങള്‍ക്ക് (നാല് പ്രമാണങ്ങള്‍) നിരക്കാത്തത് എന്നാകുന്നു’ എന്ന് വഹാ ബി നേതാവായ ഇബ്നു തീമിയ്യ തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ എല്ലാ ബിദ്‌അത്തും ളലാലത്താണ് എന്ന് പറഞ്ഞതിന്‍റെ വിവക്ഷ നാല് പ്രമാണങ്ങളിൽ ഏതങ്കിലും എതിരായ ബിദ്അത്തുകള്‍ എന്നാണ്. അല്ലാതെ നബി (സ്വ) യുടെ കാലത്തില്ലാത്തതിനാൽ എല്ലാം പിഴച്ച ബിദ്അത്ത് ആകുന്നില്ല.
നബി (സ്വ) യുടെ മേ ൽ സ്വഹാബാ കിറാമ എന്ത്കൊണ്ട് നബിദിനാഘോഷം കൊണ്ടാടിയില്ല എന്ന സ്വാഭാവിക ചോദ്യത്തിന് സുവ്യക്തമായ മറുപടിയുണ്ട്. ഇസ്ലാമിക ചരിത്രത്തിൽ പുതിയ രീതികള്‍ ഉടലെടുത്തത് പ്രത്യേക സാഹചര്യത്തിലാണെന്ന് ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം, മുസൈലിമത്തുൽ കദ്ദാബുമായി നടന്ന യുദ്ധത്തിൽ ഖുര്‍ആന്‍ മനഃപാഠമാക്കിയ നൂറ് കണക്കിന് സ്വഹാബിമാര്‍ രക്ത സാക്ഷികളായതാണ് ഖുര്‍ആന്‍ ക്രോഡീകരണത്തിന് വഴിയൊരുക്കിയത്. നബി (സ്വ) യുടെ കൂടെ വര്‍ഷങ്ങളോളം ജീവിക്കുകയും അവിടുത്തെ സ്മരണകള്‍ സദാ സ്മരിക്കുകയും ചെയ്ത സ്വഹാബിമാരെ നബി (സ്വ) യുടെ മാഹാത്മ്യം പഠിപ്പിക്കാനും പ്രവാചക സ്നേഹം വളര്‍ത്താനും വര്‍ഷങ്ങളിലൊരിക്കൽ പ്രത്യേക പരിപാടി സംഘടിപ്പിക്കുക എന്നത് തീര്‍ത്തും അപ്രസക്തമാണ്. എന്നാൽ നൂറ്റാണ്ടുകള്‍ പിന്നിട്ട ശേഷം നബി (സ്വ) യുടെ ജീവ ചരിത്രം മുസ്ലീങ്ങളെ ഓര്‍മിപ്പിക്കാനുള്ള സാഹചര്യമായപ്പോള്‍ അവിടത്തെ ജന്മിദാനാഘോഷം പ്രസ്ക്തമായിത്തീര്‍ന്നു. ഈ പ്രസക്തിയാണ് ജന്മദിനാഘോഷത്തില് മുസ്ലീംലോകത്തിന്‍റെ പിന്തുണ നേടിക്കൊടുത്തതും ഇന്ന് കാണുന്ന രീതിയിലേക്ക് രൂപാന്തരപ്പെട്ടതും.
തിരുദൂദരോടുള്ള തങ്ങളുടെ അടങ്ങാത്ത സ്നേഹം പലരൂപങ്ങളിലൂടെയായിരുന്നു സ്വഹാബികള്‍ പ്രകടിപ്പിച്ചിരുന്നത്. ചിലര്‍ നബി (സ്വ) യുടെ വിശുദ്ധ രക്തവും തുപ്പുനീരും കുടിച്ചു. ചിലര്‍ പരിശുദ്ധ വിയര്‍പ്പ് ആദരപൂര്‍വ്വം സൂക്ഷച്ചുവെച്ചു. സ്നേഹപ്രകടനത്തിന്‍റെ ഈ രീതികള്‍ സ്വീകരിക്കാന്‍ ഖുര്‍ആനോ സുന്നത്തോ നിര്‍ദേശിച്ചതായിരുന്നില്ല, അവര്‍ സ്വയം സ്വീകരിക്കുകയായിരുന്നു. അതിനാൽ നബി (സ്വ) യുടെ ജന്മദിനം ആഘോഷിക്കുന്നതിന് ഖുര്‍ആനിലും സുന്നത്തിലും നിരോധനം ഇല്ലാത്തതിനാൽ സ്നേഹ പ്രകടന രീതി എന്ന നിലയിൽ അത് പുണ്യ കര്‍മ്മമാണെന്നതിൽ സന്ദേഹപ്പെടേണ്ടതില്ല.
റബീഉൽ അവ്വൽ എന്നത് പ്രത്യേക സമയത്തേക്ക് നിശ്ചയിച്ചത് കൊണ്ടുമാത്രം അത് അനിസ്ലാമികമായി മാറുമോ ? എങ്കിൽ ഇന്ന് നിസ്തര്‍ക്കം നടന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പ്രബോധന പ്രവര്‍ത്തനങ്ങളെ നമുക്കെങ്ങനെ ന്യായികരിക്കാന്‍ കഴിയും ? . വിദ്യാഭ്യാസവും പ്രബോധനവും സമയക്രമമില്ലാതെയാണ് നബിയും (സ്വ)യും അവിടുത്തെ അനുചര വൃന്ദങ്ങളും നിര്‍വഹിച്ചിരുന്നത്. ഇന്ന് മത വിദ്യാഭ്യാസം പോലും നിശ്ചിത സമയ പരിതി നിര്‍ണയിച്ചുകൊണ്ട് നിര്‍വഹിക്കപ്പെടുന്നു. ജനങ്ങളെ നന്മയിലേക്ക് നയിക്കാന്‍ സമയ ബന്ധിതമായി സമ്മേളനങ്ങളും ക്യാമ്പെയ്നുകളും നടക്കുന്നു. നബി (സ്വ) യും സ്വഹാബിമാരും സമയം നിശ്ചയിക്കാതെ നിര്‍വഹിച്ച കാര്യങ്ങള്‍ക്ക് നാം സമയം നിശ്ചയിക്കുന്നത് തെറ്റാണെങ്കിൽ ഈ വിദ്യാഭ്യാസ പ്രബോധന പ്രവര്‍ത്തനങ്ങള്‍ അന്യായവും തിരു ചര്യക്ക് വിരുദ്ധമാവുകയില്ലേ?.
ലോകം പടക്കാന്‍ കാരണക്കാരനും പ്രബഞ്ച നാഥന്‍റെ അടിമകളിൽ വെച്ച് ഏറ്റവും സ്രേഷ്ടനുമായ തിരു ഹബീബിന്‍റെ മൗലിദ് നാം ആഘോഷിക്കുന്നതിന്‍റെ ആവിശ്യകതയെ ഉപര്യുക്ത ഖണ്ഡികയിൽ നിന്നും ഗ്രഹിച്ചെടുക്കാം. എങ്കിലും നബി (സ്വ) യുടെ ജന്മദിനാഘോഷം മക്കയിലും മദീനയിലും ഒരുകാലത്തും ഉണ്ടായിരുന്നില്ലെന്ന വഹാബി അവകാശ വാദം വ്യാജവും അജ്ഞതയുടെ സൃഷ്ടിയുമാണ്. അതിന് ഉപോ ബലകമേകുന്നതാണ് ഇമാം സഖാവി (റ) വിന്‍റെ വിവരണം. ‘ റബീഉൽ അവ്വൽ പന്ത്രണ്ടിനു നബി (സ്വ) യുടെ ജന്മസ്ഥലം എന്ന നിലയിൽ പ്രസിദ്ധമായ മക്കയിലെ ‘സൂക്കുലൈ ‘ എന്ന സ്ഥലത്ത് പണ്ഡിതന്മാരും പൊതുജനങ്ങളെല്ലാം പ്രത്യേകം സന്ദര്‍ശനം നടത്തിയിരുന്നെന്ന്’ അദ്ദേഹം രേഖപ്പടുത്തിയിട്ടുണ്ട്. ഇമാം ശാഹ് വലിയുല്ലാഹിദ്ദഹ്ലവി (റ) തങ്ങളുടെ ‘ഫുയൂളിൽ ഹറമൈനി ‘ ഇങ്ങനെ പറയുന്നു. ‘അതിനുമുമ്പ് നബി (സ്വ) യുടെ ജന്മദിനത്തിൽ ഞാന്‍ മക്കയിൽ ഉണ്ടായിരുന്നു. ജനങ്ങള്‍ നബി (സ്വ) യുടെ മേൽ സ്വലാത്ത് ചൊല്ലുകയും തങ്ങളുടെ ജന്മസമയത്തും പ്രവാചകത്വത്തിന്‍റെ മുമ്പുമുണ്ടായ സംഭവങ്ങള്‍ സ്മരക്കുകയും ചെയ്യുന്നു’.
നബിദിനാഘോഷത്തെ ശിര്‍ക്കായി പ്രഖ്യാപിക്കന്‍ വേണ്ടി ചടുല നീക്കങ്ങള്‍ നടത്തുന്ന അവാന്തര വിഭാഗക്കാരോട് സ്വാത്വികരായ ഇമാമുമാരുടെ ഇത് സംബന്ധമായ നിലപാടുകള്‍ വ്യക്തമാണ്. ഒപ്പം നബിദിനാഘോഷത്തിന്‍റെ സാധ്യതകളെയും കൂടുതൽ ബോധ്യപ്പെടുത്തുന്നു.

1-ഇമാം അബൂ ശാമാ (റ) (ഹിജ്റ 7ാം നുറ്റാണ്ട്) പറയുന്നു: ‘ഇവയെല്ലാം (മുമ്പു പറയപ്പെട്ട നബിദിനാഘോഷവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍) ദരിദ്രര്ക്ക് ഗുണം ചെയ്യുന്നതോടൊപ്പം തന്നെ ഈ പ്രവര്‍ത്തനം ചെയ്യുന്ന വ്യക്തിയുടെ മനസ്സിലുള്ള നബി (സ്വ) യോടുള്ള സ്നേഹത്തിന്‍റെയും ബഹുമാനത്തിന്‍റെയും പ്രകടനമാണ്. ലോകാനുഗ്രഹമായി റസൂൽ (സ്വ) യെ സൃഷ്ടിച്ചതിലൂടെ അല്ലാഹു ചെയ്ത അനുഗ്രഹത്തിന് നന്ദി പ്രകടനത്തിലുമാണത്. (അൽ ബാഇസു അലാ ഇന്‍കാരി ബിദാഇ വ ഹവാദിസ്)
2-ഹാഫിളു ബ്നു നാസറുദ്ധീന്‍ ദിമശ്ഖി (8ാം നുറ്റാണ്ട്) നബിദിനാഘോഷത്തെക്കുറിച്ച് മൂന്ന് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഒന്ന്, ജാമിഉൽ അസാര്‍ ഫീ മൗലിദി നബിയ്യിൽ മുഖ്താര്‍. രണ്ട്, അല്ലഫ്ളുര്‍റാഇഖ് മൗലിദി ഖൈരി ഖലാഇഖ്. മൂന്ന്, മൗലിദിൽ സാദിഫി മൗലിദിൽ ഹാദി.
3-ഇബ്നു ഹജര്‍ അസ്ഖലാനി (റ) (9ാം നുറ്റാണ്ട്) നബിദിനാഘോഷം സമ്പന്ധിച്ച ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇതായിരുന്നു. ‘ഭദ്രമായൊരു അടിസ്ഥാനത്തിന് മേലിലാണ് നബദിനാഘോഷം സ്ഥപിക്കപ്പെട്ടതെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്’.(ഇമാം സുയുഥി: ഹുസ്നു മഖ്സ്വദ് ഫീ അമലി മൗലിദ്)
4- ഇമാം ഇബ്നു ഹജര്‍ ഹൈത്തമി (10ാം നറ്റാണ്ട്) പറയുന്നു :’നമ്മുടെ സമീപത്ത് നടത്തപ്പെടുന്ന മൗലിദ് പരിപാടികളിലധികവും സ്വദഖ, ദിക്റ്, സ്വലാത്ത്, സലാം എന്നീ നന്മകള്‍ അടങ്ങിയതാണ്.
ഇത്പോലെ പണ്ഡിത വരേണ്യര്‍ നബിദിനാഘോഷത്തെ സാധൂകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നബിദിനാഘോഷത്തെ തള്ളിപ്പറയുകയും പടിക്ക് പുറത്ത് നിര്‍ത്തുകയും ചെയത് മുന്‍മാതൃക ഇല്ലാത്ത ഒട്ടേറെ ആചാരങ്ങള്‍ മതത്തിൽ തുന്നിച്ചേര്‍ക്കുന്നതുമായ വഹാബി നയം മൗഢ്യമാണ്. പല സാമൂഹ്യ പരിഷ്കരണങ്ങളെയും അംഗീരിക്കുന്ന ഇവര്‍ വ്യക്തമായ തെളിവുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നബിദിനാഘോഷത്തെ തള്ളുന്നത് വിരോധാഭാസമാണെന്ന് സാമാന്യ ബുദ്ധി തന്നെ പറയുന്നുണ്ട്. പ്രമുഖ പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ മുതവല്ലി അശ്ശഅറാവി തന്‍റെ ‘മാഇദത്തു ഫിഖ്റി ഇസ്ലാമി’ എന്ന ഗ്രന്ഥത്തിൽ മൗലിദ് വിരോധികളോട് ഇങ്ങനെ ചോദിക്കുന്നുണ്ട് : ‘പ്രവാചകരുടെ ആഗമനത്തിൽ മനുഷ്യനും ജന്തു ജാലകങ്ങളും സസ്യങ്ങളും ജിന്നുകളുമല്ലൊം സന്തോഷിച്ചുവെങ്കിൽ അവിടുത്തെ ജന്മദിനത്തിൽ സന്തോഷിക്കുന്നവരെ നിങ്ങള്‍ എന്തിനു തടയണം’ ?. പ്രവാചകരോടുള്ള സ്നേഹ പ്രകടനത്തിന്‍റെ പ്രധാന മാധ്യമമായ ആഘോഷപ്പരിപാടികളെ അധിക്ഷേപിക്കന്നത് അൽപ്പത്തരമാണെന്ന് വ്യക്തമാക്കുന്നതാണ് പ്രസ്തുത വരികള്‍.
അഹ്ലുസ്സുന്നത്തിനെ വിമര്‍ശിക്കുന്ന ഇത്തരം അവാന്തര വിഭാഗങ്ങളുടെ മുന്‍ഗാമുകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം അത്യാവിശ്യമാണ്. വഹാബി പ്രസ്ഥാനത്തിന്‍റെ ആദ്യകാല നേതാക്കള്‍ വിപുലമായി മൗലിദ് ആഘോഷിക്കുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് അവര്‍ തന്നെ വാമൊഴിയായും വരമൊഴിയായും നിര്‍വഹിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. ആദ്യകാല (സലഫി) മുജാഹിദ് നേതാക്കളെഴുതി : ‘മതത്തിന്‍റെ പ്രബോധകന്‍, പ്രജാവത്സരനായ ഭരണാധികാരി, ദീനദയാലുവായ പ്രഭു, ഉ കൃഷ്ട പരിശീലകനായ ഉത്തമ ഗുരു, ദൈവ സന്ദേശ വാഹി ജനിച്ച മാസമാണ് റബീഉൽ അവ്വൽ . അതിനാൽ ആ മാസത്തെ മുസ്ലീം ലോകം കൊണ്ടാടുന്നു, കൊണ്ടാടേണ്ടതുമാണ്’. അ മുര്‍ഷിദ് വിവരിക്കുന്നു : ‘റബീഉൽ അവ്വൽ മാസം വരുമ്പോള്‍ മുസ്ലീങ്ങളായ നമ്മുടെ മനസ്സിൽ എന്തെന്നില്ലാത്ത ആഹ്ലാദം വരുന്നതിന് കാരണം ലോക ഗുരു മുഹമ്മദ് മുസ്ഥഫാ (സ്വ) ജനിച്ചതാ ഈ മാസത്തിലായത് കൊണ്ടാണ്. റസൂൽ (സ്വ) യെക്കുറിച്ച് അറിയുന്ന ഏതൊരാള്‍ക്കും ഈ മാസം വരുമ്പോള്‍ സന്തോഷിക്കാതിരിക്കാന്‍ സാധിക്കില്ല. എന്ത്കൊണ്ടെന്നാൽ ലോകത്തിന് റഹ്മത്തായിട്ടാണ് അല്ലാഹു തആല മുഹമ്മദ് നബിയെ അറിയിച്ചിട്ടുള്ളത് ‘.(14- ലക്കം 15)
മുര്‍ഷിദ് തന്നെ വീണ്ടും വിവരിക്കുന്നു :’നബിയെ മാതൃകയാക്കി നബിയുടെ ചര്യയെ മനനം ചെയ്ത് അതിനെത്തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ അല്ലാഹുവിനെയും അവസാന ദിനത്തെയും പറ്റി പേടിയുള്ളവനും ജഗനിയന്താവിനെ അധികമായി വിചാരമുള്ളവനുമാണ് ഇത്തരക്കാര്‍. മൗലിദ് യോഗത്തിൽ വന്ന് ചേരുകയും നബി ചര്യകളെ കേട്ടു മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്യും. മൗലിദിന്‍റെ മജ്ലിസ് ഈ കാര്യങ്ങള്‍ സാധിക്കുന്ന ഒരു പുണ്യ സദസ് തന്നെയാണ്. അതി സംബന്ധിക്കാന്‍ തൗഫീഖ് ലഭിക്കുന്നവര്‍ ഭാഗ്യവാന്‍മാരുമാണ്. ഈ മജ്ലിസു മൗലിദി – മൗലിദ് സദസ്സി ദീന്‍ അറിയുന്ന ആലുമുകള്‍ ധാരാളം കൂടിയിരക്കണം. അവരുടെ ഉപദേശങ്ങള്‍ മുറക്ക് നടക്കുകയും വേണം’. (പുസ്തകം 4, ലക്കം 1). ഇവരുടെ പ്രപിതാക്കള്‍ മുന്‍കാലങ്ങളിൽ നബിദിനാഘോഷത്തെ കൊണ്ടാടുകയും പിൽക്കാലത്ത് അവരുടെ പിന്‍ഗാമികള്‍ ഇതിനെ നഖശിഖാന്തം എതിര്‍ക്കുകയും ചെയ്യുന്നു. ഈ കാലാന്തരത്തിലുള്ള സ്വരചേര്‍ച്ചയില്ലായിമയെ വിരോധാഭാസമെന്നേ വിശേഷിപ്പിക്കാന്‍ കഴിയൂ. തങ്ങളുടെ മുന്‍ഗാമികളെപ്പോലും എതിര്‍ക്കുന്നവരായി ബിദഇകള്‍ മാറിയതിൽ അവരുടെ ആശയ പാപ്പരത്തത്തിന്‍റെയും വ്യക്തമായ നിലപാടുകളുടെ അഭാവത്തെയും പക വെളിച്ചംപോലെ ദര്‍ശിക്കാവുന്നതാണ്.
ചുരുക്കത്തിൽ , തിരുദൂദരോടുള്ള സ്നേഹം സ്വമനസ്സാ അംഗീകരിക്കുകയും അത് പ്രകടിപ്പിക്കുകയും വേണം. എന്നാലേ പരിപൂര്‍ണ്ണമായ വിശ്വാസം കരഗതമാക്കാന്‍ സാധിക്കുകയുള്ളു. ‘നിങ്ങളിലൊരാള്‍ക്ക് സ്വന്തം ജീവനോടും മാതാപിതാക്കാളോടും മക്കളോടും എന്നല്ല, മുഴുവന്‍ മനുഷ്യരാഷിയോടുള്ളതിനേക്കാള്‍ സ്നേഹം എന്നോടായിരിക്കുന്നത് വരെ അയാള്‍ യാഥാര്‍ത്ഥ വിശ്വാസിയാകുന്നില്ലെന്ന് ഞാന്‍ എന്‍റെ ജീവന്‍റെ ഉടമസ്ഥന്‍റെ പേരിൽ ആണയിട്ടു പ്രസ്താവിക്കുന്നു’. എന്നാണ് തിരുനബിയുടെ വചനം. റസൂലിന്‍റെ ഈ വചനങ്ങള്‍ നവീന ബിദഇകള്‍ക്കും നബിദിനത്തെ വിമര്‍ഷിക്കുന്നവര്‍ക്കും ഉറക്കെ ചിന്തിക്കേണ്ട തിരുവചനമാണ്. അതല്ലെ കേവലം പ്രസ്ഥാനത്തിന്‍റെ നിലനിൽപിന് വേണ്ടി പ്രമാണങ്ങളെ വളച്ചൊടിച്ച് കണ്ടതിനെയെല്ലാം ശിര്‍ക്കും കുഫ്റുമായി മുദ്രകുത്തിയാൽ അടിവേരറ്റ് പോകുന്ന്ത് സ്വന്തം ഈമാനായിരിക്കുമെന്ന് ബിദഇകള്‍ മനസ്സിലാക്കണം.