ഇഅ്‌തികാഫ് നാഥനിലേക്കുള്ള സൽസരണി

മുഹമ്മദ് റഹൂഫ് .കെ കൊണ്ടോട്ടി
        പ്രപഞ്ചനാഥനിലേക്ക് അടുക്കാൻ വേണ്ടി റബ്ബിന്റെ പ്രീതിയും സാമീപ്യവും കൊതിച്ച് ഭക്തിപൂർവ്വം പള്ളിയിൽ ഭജനമിരിക്കലാണ് ഇഅ്‌തികാഫ്.ഒരു കാര്യത്തിൽ നിരതമാകുക, ഭജനമിരിക്കുക എന്നെല്ലാമാണ്  ഇഅ്‌തികാഫ്  എന്ന വാക്കിന്റെ അർത്ഥം.’ ഈ പള്ളിയിൽ ഇഅ്‌തികാഫിരിക്കാൻ ഞാൻ കരുതി ‘ എന്ന് നിയ്യത് ചെയ്തുകൊണ്ട് പള്ളിയിൽ കഴിഞ്ഞുകൂടുന്നത് ഏറെ പുണ്യമർഹിക്കുന്ന കാര്യമാണ്. അത് നബി(സ)യുടെ ചര്യയിൽ പെട്ടതുമാണ്
    അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് പളളിയിൽ ഇരിക്കുകയാണെന്ന ഉദ്ദേശ്യം അഥവാ നിയ്യത് ഉണ്ടാവുക, അൽപമെങ്കിലും താമസിക്കൽ, പള്ളിയിലായിരിക്കൽ, കുളി നിർബന്ധമാകുന്ന തരത്തിലുള്ള വലിയ അശുദ്ധി ഇല്ലാതിരിക്കൽ എന്നീ നിബന്ധനകളാണ് ഇഅ്‌തികാഫിനുള്ളത്.
    എന്നാൽ പള്ളിയിൽ നിന്ന് അത്യാവശ്യകാര്യങ്ങൾക്ക് വേണ്ടി പുറത്ത് പോകാവുന്നതാണ്. ശുദ്ധീകരിക്കുവാൻ, കൊണ്ടുവരാൻ ആളില്ലാത്ത അവസ്ഥയിൽ ഭക്ഷണം കഴിക്കാൻ, മലമൂത്ര വിസർജനത്തിന്, രോഗിയെ സന്ദർശിക്കുമെന്ന് നിബന്ധന വെച്ചിട്ടുണ്ടെങ്കിൽ രോഗ സന്ദർശനത്തിന് തുടങ്ങിയ അത്യാവശ്യകാര്യങ്ങൾക്ക് പുറത്തു പോകൽ അനുവദനീയമാണ്.
      ഇഅ്‌തികാഫ് രണ്ടുതരമുണ്ട് വാജിബും (നിർബന്ധം) സുന്നത്തും ( ഐച്ഛികം). ഇഅ്‌തികാഫിനെ നേർച്ചയാക്കിയാൽ അതാണ് നിർബന്ധമായ ഇഅ്‌തികാഫ്.എത്ര കാലമാണോ ഇഅ്‌തികാഫിനെ നേർച്ചയാക്കിയത് അത്രയും കാലം അതനുഷ്ഠിക്കൽ നേർച്ചയാക്കിയവന്റെ മേൽ നിർബന്ധമാണ്. അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് ഇഅ്‌തികാഫ് അനുഷ്ഠിക്കുന്നതാണ് സുന്നത്ത്.ഇതിന് നിശ്ചിത സമയമില്ല.ജനാബത്ത്, ആർത്തവം, പ്രസവം, പ്രസവരക്തം എന്നിവയിൽ നിന്നെല്ലാം ശുദ്ധിയായ വിവേക പ്രായമെത്തിയ മുസ്ലിമായ ഏതൊരു പുരുഷനും സ്ത്രീക്കും ഇഅ്‌തികാഫ് അനുഷ്ഠിക്കാം.
     ഒരാൾ എപ്പോഴാണോ ഇഅ്‌തികാഫ് ഇരിക്കാൻ ഉദ്ധേശിക്കുന്നത് അപ്പോൾ തന്നെ അയാൾക്ക് ഇരിക്കാവുന്നതാണ്. എപ്പോഴാണോ അവസാനിപ്പിക്കാൻ  ഉദ്ധേശിക്കുന്നത് അപ്പോൾ അവസാനിപ്പിക്കുകയുമാകാം.എന്നാൽ നിശ്ചയിച്ച സമയം മുഴുവനും ഇഅ്‌തികാഫിന്റെ മര്യാദകൾ പാലിച്ചുകൊണ്ട് വേണം ഇരിക്കൽ എന്നു മാത്രം
       പള്ളിയിൽ പ്രപഞ്ചനാഥന്റെ സാമീപ്യം കൊതിച്ച് ഇഅ്‌തികാഫ് ഇരിക്കുന്നവന് വളരെയേറെ പ്രത്യേകതകൾ തന്നെയുണ്ട് .ഇഅ്‌തികാഫ് ഇരിക്കുന്നവന്റെയും നരകത്തിന്റെയും ഇടയിൽ മൂന്ന് കിടങ്ങുകൾ സ്ഥാപിക്കപ്പെടും അതിൽ ഓരോ കിടങ്ങും അതിനേക്കാൾ വലിയ വിദൂരമായിരിക്കുമെന്ന് അബ്ദിൽഅസീസ് ബ്നു അബൂദാവൂദ്(റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം.
   ആരെങ്കിലും പള്ളിയോടടുത്താൽ അല്ലാഹു അവനോടുമടുക്കുമെന്നതാണ് പരമാർത്ഥം. മാത്രവുമല്ല പള്ളിയിൽ പതിവായി ഇരിക്കുന്നവനോടൊത്ത് മലക്കുകൾ ഇരിക്കുകയും അവൻ പോയാൽ മലക്കുകൾ സങ്കടപ്പെടുകയും അവൻ രോഗിയായാൽ മലക്കുകൾ പ്രാർത്ഥിക്കുകയും അവന്റെ ആവശ്യങ്ങൾ നിറവേറ്റികൊടുക്കുകയും ചെയ്യുമെന്നതാണ് പ്രവാചകാദ്ധ്യാപനം.
    ഇതര ദിനരാത്രങ്ങളെ അപേക്ഷിച്ച് മറ്റുള്ള കർമ്മങ്ങളെപ്പോലെത്തന്നെ വിശുദ്ധ റമളാനിലും ഇഅ്‌തികാഫ് ഇരിക്കൽ വളരെയധികം പുണ്യമുള്ള കർമ്മമാണ്. പ്രത്യേകിച്ച്, അവസാനപത്തിൽ പള്ളികളിൽ ഇഅ്‌തികാഫ് ഇരിക്കുന്നത് സർവ്വസാധാരണവുമാണ്. അബൂഹുറൈറ(റ) നിവേദനം ചെയ്ത ഹദീസിൽ കാണാം:- “നബി(സ) എല്ലാ റമളാനിലും പത്ത് ദിവസം ഇഅ്‌തികാഫ് ഇരിക്കാറുണ്ടായിരുന്നു നബി (സ) വഫാത്തായ വർഷമാകട്ടെ ഇരുപത് ദിവസം ഇഅ്‌തികാഫിരുന്നു” (ബുഖാരി).