ബദ്ര്‍: പറഞ്ഞാലും തീരാത്ത പോരിശകള്‍

ശിഹാബ് ടിപി മഞ്ഞളുങ്ങൽ
ബദ്റില്‍ കേട്ടൊരു മുദ്രവാക്യം ലാ ഇലാഹ ഇല്ലള്ളാഹ്.
ഈ മുദ്രവാക്യം കേട്ട് വളരാത്തവര്‍ കേരള മുസ്ലിം പരിസരങ്ങളില്‍ കുറവായിരിക്കും. നബിദിന ഘോഷയാത്രകളിലും മറ്റും അര്‍പ്പണ ബോധമുള്ളവരും ആവേശഭരിതരുമാവാന്‍ മുസ്ലിം സമാജം അന്നും ഇന്നും ചെയ്യുന്ന പതിവ് ബദ്രീങ്ങളെ സ്മരിക്കലാണ്. ബദ്ര്‍ ശുഹദാക്കളുടെ പ്രാധാന്യം മനസ്സിലാക്കാന്‍ ഈയൊരൊറ്റ കാര്യം തന്നെ മതി.
പക്ഷെ, ഇസ്ലാമിക വിശ്വാസത്തിലെ ഇദംപ്രഥമമായ തൗഹീദിന്‍റെ വചനം ഉയര്‍ന്നതിനാലല്ല ബദ്ര്‍ ഇത്ര ഓര്‍ക്കപ്പെടുന്നത്. മുമ്പേ ഉയര്‍ന്നുകേട്ട ഈ മഹത്വചനം ശേഷവും നിലനില്‍ക്കാന്‍ പ്രവാചകര്‍(സ്വ) നടത്തിയ കരളലിയിപ്പിക്കുന്ന പ്രാര്‍ത്ഥനയും അതിലേക്ക് നയിച്ച കാരണങ്ങളുമാണ് ബദ്റിനെ ഇത്രമേല്‍ ചിരസ്മരണീയമാക്കിയത്. മുസ്ലിംകള്‍ ശത്രുക്കളുമായി നടത്തിയ ഈ പ്രഥമ യുദ്ധത്തില്‍ നബി(സ്വ) ഇങ്ങനെ ദുആ ചെയ്തു: ڇഅല്ലാഹുവേ, ഈ സംഘം പരാജയപ്പെടുകയാണെങ്കില്‍ നിന്നെ ആരാധിക്കാന്‍ ഈ ഭൂമുഖത്ത് ആരും തന്നെ അവശേഷിക്കുകയില്ലڈ. ലോകത്ത് ഇസ്ലാമിന്‍റെയും പ്രവാചകര്‍(സ്വ)യുടെയും നിലനില്‍പ്പിന് നിദാനമായ, നിര്‍ണായക ഫലമുളവാക്കിയ യുദ്ധമാണ് ബദ്ര്‍ യുദ്ധം. ഹിജ്റ വര്‍ഷം 2 റമദാന്‍ മാസം 17 (അഉ 624 ജനുവരി) നാണ് യുദ്ധം അരങ്ങേറിയത്.
പടയൊരുക്കത്തിന്‍റെ പിന്നാമ്പുറം.
മക്കക്കാരായ അബൂസുഫിയാന്‍, മഹ്റമ ബിന്‍ നൗഫല്‍, അംറ് ബിന്‍ ആസ്വ് എന്നിവരടങ്ങിയ സംഘം ശാമില്‍ നിന്ന് കച്ചവടം കഴിഞ്ഞ് വന്‍ ലാഭവിഹിതവുമായി മക്കയിലേക്ക് മടക്കമാരംഭിച്ചെന്ന വിവരം നബി(സ്വ) അറിഞ്ഞു. തങ്ങള്‍ മക്കയില്‍ നിന്ന് ഉപേക്ഷിച്ചു പോയ മുതലും അതില്‍ ഉണ്ടായിരുന്നു. ഈ ഘട്ടത്തില്‍ അവരെ നേരിട്ടാല്‍ അവര്‍ക്കത് സാമ്പത്തികമായും രാഷ്ട്രീയമായും സൈനികമായുമുള്ള ഒരു കനത്ത തിരിച്ചടിയായിരിക്കും. വലിയൊരു യുദ്ധം മുന്നില്‍ കണ്ടിരുന്നില്ലെങ്കിലും തങ്ങളുടെ സമ്പത്തു മുഴുവന്‍ കൊള്ളയടിച്ച, സര്‍വസ്വവും വെടിഞ്ഞുപോയിട്ടും സ്വൈര്യം തരാത്ത ഖുറൈശികള്‍ക്ക് ഒരു നഷ്ടം വരുത്തിവെക്കുക മാത്രമായിരുന്നു മുസ്ലിംകളുടെ ഉദ്ദേശ്യം.
നബി(സ്വ)യും സ്വഹാബികളും തങ്ങളുടെ നേരെ വരുന്നുണ്ടെന്ന വിവരം മണത്തറിഞ്ഞ അബൂസുഫിയാന്‍ ഒരു സഹായ സംഘത്തെ അയക്കാന്‍ ളംളം ബിന്‍ ഉമര്‍ അല്‍ഗിഫാരിയെ ദൂദുമായി മക്കയിലേക്ക് അയച്ചു. മക്കയിലെത്തിയ ളംളമിന്‍റെ വികാര തീവ്രമായ വിവരണം കേട്ട ഖുറൈശികള്‍ ഇളകിവശായി. അവര്‍ ആയിരത്തോളം വരുന്ന ആയുധവിഭൂഷിതരായ സൈന്യവുമായി മദീന ലക്ഷ്യമാക്കി പുറപ്പെട്ടു. അവരില്‍ നൂറു പേര്‍ അശ്വാരൂഢരായിരുന്നു.
എന്നാല്‍ വളരെ ശ്രദ്ധയോടെ കരുക്കള്‍ നീക്കിയ അബൂസുഫിയാന്‍ മുസ്ലിംകള്‍ കാണാതെ കടല്‍തീരത്തിലൂടെ സുരക്ഷിത സ്ഥാനത്തെത്തി. ഒരു യുദ്ധ സാഹചര്യം ഒഴിവായ ഘട്ടത്തില്‍ മടങ്ങിപ്പൊയ്ക്കൊള്ളാന്‍ ഖുറൈശികള്‍ക്ക് സന്ദേശം നല്‍കുകയും ചെയ്തു. സന്ദേശം ലഭിച്ച അവര്‍ തിരിച്ചു പോകാന്‍ സന്നദ്ധമായെങ്കിലും അബൂജഹല്‍ വിസമ്മതിച്ചു. മുസ്ലിംകളോട് കൊടിയ പകയുമായി നടക്കുന്ന അയാള്‍ ബദ്റില്‍ പോയി മൂന്നു ദിവസം വിജയം ആഘോഷിച്ച് മടങ്ങാമെന്ന് പറഞ്ഞു. ഭൂരിപക്ഷവും ഈ തീരുമാനത്തെ അംഗീകരിച്ചു. അങ്ങനെ അവര്‍ ബദ്റിലേക്ക് പുറപ്പെട്ടു.
മക്കാ ഖുറൈശികള്‍ യുദ്ധത്തിന് പുറപ്പെട്ട വിവരം പ്രവാചകര്‍ (സ്വ) ക്ക് ലഭിച്ചു. സ്വഹാബികളെ വിളിച്ചുകൂട്ടി ഒരു യുദ്ധത്തിന് തയ്യാറാവുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്തു. മുഹാജിറുകളെല്ലാവരും പരിപൂര്‍ണ പിന്തുണ നല്‍കി. എന്നാല്‍ നബി(സ്വ)ക്ക് അറിയേണ്ടിയിരുന്നത്, തങ്ങള്‍ക്ക് രാഷ്ട്രീയമായി അഭയം നല്‍കിയ അന്‍സ്വാറുകള്‍ സൈനികമായും പിന്തുണക്കുമോ എന്നതായിരുന്നു. അത് മനസ്സിലാക്കിയ അന്‍സ്വാറുകളുടെ നേതാവ് സഅദ് ബ്നു മുആദ്(റ) എഴുന്നേറ്റു നിന്ന് പറഞ്ഞു: ڇപ്രവാചകരെ, അങ്ങ് ഉദ്ധേശിക്കുന്നത് ചെയ്യുക; പോകാനുദ്ദേശിക്കുന്നിടത്ത് പോവുക; നിശ്ചയം ഞങ്ങള്‍ അന്‍സ്വാറുകള്‍ അങ്ങയോടൊപ്പം ഉണ്ടായിരിക്കും. അങ്ങ് ആവശ്യമുള്ളത് ചോദിക്കുക; ഞങ്ങള്‍ കയ്യില്‍ വെക്കുന്നതിനേക്കാള്‍ ഇഷ്ടപ്പെടുന്നത് അങ്ങേക്കു സമര്‍പ്പിക്കാനാണ്. അങ്ങ് ഞങ്ങളോട് ഒരു നദിയില്‍ ചാടാന്‍ പറഞ്ഞാലും സംശയിച്ച് നില്‍ക്കാതെ ഞങ്ങളതിന് തയ്യാറാണ്. മിഖ്ദാദ് (റ) പറഞ്ഞു. ڇനബിയേ, പണ്ട്, മൂസ നബി(അ)മിനോട് തങ്ങളുടെ അനുയായികള്‍ പറഞ്ഞതുപോലെ, നീയും നിന്‍റെ ദൈവവും പോയി യുദ്ധം ചെയ്യുക ഞങ്ങള്‍ ഇവിടെ വിശ്രമിക്കാം എന്ന് ഞങ്ങള്‍ പറയുന്നതല്ലڈ. സ്വഹാബികളുടെ പ്രതികരണം കേട്ട നബി(സ്വ)ക്ക് സന്തോഷമായി. ഒരു യുദ്ധസാഹചര്യം വന്നാല്‍ നേരിടാന്‍ തന്നെ തങ്ങള്‍ തീരുമാനിച്ചു.
നൂറു കുതിരപ്പടയാളികളും അറുനൂറ് അങ്കികളും അനവധി ഒട്ടകങ്ങളുമുള്ള ഖുറൈശി സൈന്യം മുസ്ലിംകളുടെ മൂന്നിരട്ടിയുണ്ടായിരുന്നു. ആ വന്‍ സന്നാഹത്തെ നേരിടാന്‍ ആയുധങ്ങളും വാഹനങ്ങളും തുലോം തുഛമായ കേവലം മുന്നൂറ്റിപ്പതിമൂന്ന് പേര്‍ മാത്രം. അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസമായിരുന്നു അവരുടെ ശക്തി.
രണാങ്കണത്തില്‍.
എന്തും സംഭവിക്കാമെന്ന പ്രതീതിയില്‍ മുസ്ലിംകളും മുശ്രിക്കുകളും മുഖാമുഖം നിന്നു. പടക്കളത്തിനരികില്‍ നബി(സ്വ)ക്ക് നില്‍ക്കാനായി ഒരു കൂടാരം തയ്യാറാക്കപ്പെട്ടു. സൈന്യത്തെ ശരിപ്പെടുത്തിയ ശേഷം സിദ്ദീഖ് (റ) വിനൊപ്പം കൂടാരത്തില്‍ കയറിയ പ്രവാചകര്‍(സ്വ) ഇരു കരങ്ങളും ആകാശത്തേക്കുയര്‍ത്തി പ്രാര്‍ത്ഥനയില്‍ മുഴുകി. ആ പ്രാര്‍ത്ഥനയെ പറ്റിയാണ് മുകളില്‍ പരാമര്‍ശിച്ചത്. സിദ്ദീഖ് (റ) നബിയെ ആശ്വസിപ്പിച്ചുകൊണ്ടേയിരുന്നു.
ആരംഭത്തില്‍, ഖുറൈശി പ്രമുഖരായ ഉത്ബയും, ശൈബയും, വലീദും രംഗത്ത് വന്നു. തങ്ങളോട് ദ്വന്ദയുദ്ധത്തിന് തയ്യാറുള്ളവര്‍ ആരെന്ന് വെല്ലുവിളിച്ചു. അന്‍സ്വാറുകളില്‍ നിന്നും മൂന്നുപേര്‍ ഉത്തരം നല്‍കി. പോരാടാന്‍ തങ്ങളുടെ തറവാട്ടുകാര്‍ തന്നെ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.. ഉടനെ ഉബൈദത്ത് ബിന്‍ ഹാരിസ്, ഹംസ, അലി(റ) എന്നിവര്‍ മുന്നോട്ടു വന്നു. ദ്വന്ദയുദ്ധം ആരംഭിച്ചു. ഉബൈദ(റ) ഉത്ബയെയും, ഹംസ(റ) ശൈബയെയും, അലി (റ) വലീദിനെയും നേരിട്ടു. ഹംസ(റ) വും അലി(റ) വും തങ്ങളുടെ എതിരാളികളെ വേഗത്തില്‍ വെട്ടിവീഴ്ത്തി. തുടര്‍ന്ന് ഉബൈദ (റ) വുമായി ഘോരമായി യുദ്ധം ചെയ്യുന്ന ഉത്ബക്കു നേരെ ചാടിവീണ് അയാളെ വകവരുത്തി. ഉബൈദ (റ) വിന് മാരകമായി മുറിവേറ്റിരുന്നു. വൈകാതെ അദ്ധേഹം  ശഹീദാവുകയും ചെയ്തു.
തുടര്‍ന്ന്, മുസ്ലിംകള്‍ക്കും മുശ്രിക്കുകള്‍ക്കുമിടയില്‍ ശക്തമായ യുദ്ധം ആരംഭിച്ചു. സര്‍വ്വശക്തനായ അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് ശത്രുക്കള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയ വിശ്വാസികളെ കണ്ട് അവര്‍ അമ്പരന്നു. വാനലോകത്തു നിന്നുള്ള മലക്കുകളുടെ സഹായം മുസ്ലിംകളുടെ ശക്തിയും ആവേശവും വര്‍ദ്ധിപ്പിച്ചു. പിടിച്ചുനില്‍ക്കാനാവില്ലെന്ന് കണ്ടപ്പോള്‍ അവര്‍ പരാജയം സമ്മതിച്ച് പിന്തിരിഞ്ഞോടി. അസത്യത്തിനു മേല്‍ സത്യം വിജയിച്ചു. വിജയശ്രീലാളിതരായ മുസ്ലിംകള്‍ അല്ലാഹുവിനെ വാഴ്ത്തി.
യുദ്ധത്തില്‍ പതിനാല് സത്യവിശ്വാസികള്‍ രക്തസാക്ഷികളായി. ശത്രുക്കളുടെ ഭാഗത്തു നിന്നും എഴുപത് പേര്‍ വധിക്കപ്പെടുകയും അത്രതന്നെ പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തു. അബൂജഹല്‍, ഉത്ബ, ശൈബ, റബീ്അ മുതലായ ഒരുപാട് ഖുറൈശി പ്രമുഖര്‍ യുദ്ധത്തില്‍ വധിക്കപ്പെട്ടു. അംഗബലം കുറവാണെങ്കിലും മുസ്ലിംകളുടെ ശക്തി ശത്രുക്കള്‍ തിരിച്ചറിഞ്ഞു.
ഒരു പതിറ്റാണ്ടിലധികം തങ്ങളെ ക്രൂരമായി പീഢിപ്പിച്ചവരായിരുന്നിട്ടും, ബദ്റില്‍ വിജയിച്ച സത്യവിശ്വാസികള്‍ യുദ്ധത്തടവുകാരായ ഖുറൈശികളോടു കാണിച്ച സമീപനം മാതൃകാപരമായിരുന്നു. മോചനദ്രവ്യം സ്വീകരിച്ച് വിട്ടയക്കുക, മോചനദ്രവ്യം നല്‍കാന്‍ കഴിവില്ലെങ്കില്‍ പത്തു പേര്‍ക്ക് എഴുത്തും വായനയും പഠിപ്പിച്ചാല്‍ അവരെയും വിട്ടയയ്ക്കും. ഇതായിരുന്നു മുസ്ലിംകള്‍ സ്വീകരിച്ച നിലപാട്.
ആദരവേറെ നേടിയ ബദ്ര്‍ പോരാളികള്‍.
ബദ്റില്‍ പങ്കെടുത്ത സ്വഹാബികള്‍ തങ്ങളുടെ ജീവിതകാലത്തും പില്‍ക്കാലത്തും മുസ്ലിം സമൂഹത്തിനിടയില്‍ ഒന്നാം നിരക്കാരും സര്‍വ്വാദരണീയരുമാണ്. അവര്‍ക്ക് ലഭിച്ച ബഹുമാനാദരവുകള്‍ക്ക് സമാനമായ ഒരു വിശിഷ്ട സമീപനം ഈ സമുദായത്തില്‍ മറ്റാര്‍ക്കും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, അവര്‍ മുഴുവനാളുകളുടെയും പേരു വിവരങ്ങള്‍ കൃത്യമായും കണിശമായും സൂക്ഷിക്കപ്പെട്ടു.
നബി(സ്വ) ബദ്രീങ്ങള്‍ക്ക് പ്രത്യേക സ്ഥാനം നല്‍കി ആദരിച്ചിരുന്നു. ഒരിക്കല്‍ പ്രമുഖ സ്വഹാബിയായ ഖാലിദ് ബിന്‍ വലീദ്(റ) അബ്ദുറഹ്മാനു ബിന്‍ ഔഫ് (റ) നെ കുറിച്ച് നബി(സ്വ) യോട് പരാതിപ്പെട്ടു. അപ്പോള്‍ പ്രവാചകര്‍ (സ്വ) പറഞ്ഞു. ഓ ഖാലിദ്, ബദര്‍ പോരാളികളില്‍ പെട്ട ഒരു മാന്യനെ നിങ്ങള്‍ വിഷമിപ്പിക്കുകയാണോ?. അറിയുക, ഉഹ്ദ് മലയോളം സ്വര്‍ണ്ണം ചെലവഴി്ച്ചാലും ബദ്രീങ്ങള്‍ അന്ന് ചെയ്ത പുണ്യം കരസ്ഥമാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല.
ഉമര്‍(റ) വിന്‍റെ ഭരണകാലത്ത് മുസ്ലിംകള്‍ക്കിടയില്‍ ധനവിതരണത്തിന്‍റെ പട്ടിക തയ്യാറാക്കി. ഓരോ ബദ്രീങ്ങള്‍ക്കും അയ്യായിരം സ്വര്‍ണനാണയം വീതം നല്‍കാന്‍ അദ്ധേഹം കല്‍പ്പിച്ചു. എന്നിട്ട് പ്രഖ്യാപിച്ചു: ബദ്രീങ്ങളെ ഞാന്‍ മറ്റുള്ളവരേക്കാള്‍ പരിഗണിക്കുക തന്നെ ചെയ്യും. നശിച്ചവരെല്ലാം നശിച്ചത് ബദ്രീങ്ങളോട് കളിച്ചതുകൊണ്ടാണ് എന്ന് അദ്ധേഹം ഇടയ്ക്കിടെ പറയുമായിരുന്നു.
സ്വഹീഹുല്‍ ബുഖാരിയിലെ ഒരു അധ്യായത്തിന്‍റെ നാമം തന്നെ ബദ്റില്‍ പങ്കെടുത്തവരുടെ മഹത്വം എന്നാണ്. നബി(സ്വ) ഒരിക്കല്‍ മദീനയിലെ ഒരു കല്യാണവീട്ടിലേക്ക് കടന്നുചെന്നു. അവിടെ ചില പെണ്‍കുട്ടികള്‍ ദഫ് മുട്ടി ബദര്‍ ശുഹദാക്കളുടെ അപദാനങ്ങള്‍ പാടിക്കൊണ്ടിരിക്കുകയായിരുന്നു. പ്രവാചകര്‍(സ്വ) യെ കണ്ടപ്പോള്‍ കുട്ടികളുടെ പ്രകീര്‍ത്തന ഗാന വിഷയവും മാറി. സ്വാഭാവികമായും അവര്‍ നബി(സ്വ)യെ പുകഴ്ത്തി പാടാന്‍ തുടങ്ങി. എന്നാല്‍ നബി(സ്വ) ഇത് വിലക്കുകയും ആദ്യം പാടിയത് തുടരുവാന്‍ കല്‍പ്പിക്കുകയും ചെയ്തു.
ഈ മാതൃകയാണ് പിന്‍ഗാമികളായ മഹത്തുക്കളും നമുക്ക് കാണിച്ചു തന്നത്. ബദ്രീങ്ങളുടെ നാമങ്ങള്‍ പാരായണം ചെയ്യുന്നതിലും എഴുതിവെക്കുന്നതിലും പുണ്യമുണ്ടെന്നും അവര്‍ പഠിപ്പിച്ചു.
ലോക മുസ്ലിംകള്‍ ഇന്നും ബദ്ര്‍ ശുഹദാക്കളെ സ്മരിക്കുന്നവരാണ്. പാട്ടുകളിലും, ബൈത്തുകളിലും, മാലകളിലും, മൗലിദുകളിലുമായി അവര്‍ ബദ്രീങ്ങളെ ഓര്‍ക്കുന്നു. റമദാന്‍ പതിനേഴിന് ആണ്ടു കഴിക്കുന്നു. അവരുടെ പേരില്‍ നേര്‍ച്ച നേരുന്നു. നാം നടത്തുന്ന മജലിസുന്നൂര്‍ ആത്മീയ സദസ്സുകളുടെ  ഉദ്ദേശവും മറ്റൊന്നല്ല. ഒരാള്‍ ആരെ ഇഷ്ടപ്പെട്ടു, അന്ത്യനാളില്‍ അവരോടുകൂടെയായിരിക്കും എന്ന നബിവചനവും ഇതിനോടു കൂടെ നാം കൂട്ടിവായിക്കണം.
അല്ലാഹു(സു) നമുക്ക് ഇരുലോകത്തും ബദ്രീങ്ങളുടെ കാവല്‍ നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍