റമളാൻ ക്ഷമയുടെ മാസമാണ്

റഈസുദ്ധീൻ കാളികാവ്
വിശുദ്ധ റമളാൻ മാസത്തിലെ നോമ്പ് ഒരു മാർഗമാണ് അഥവാ തഖ്വയെന്ന ലക്ഷ്യത്തിലെത്തിച്ചേരാനുള്ള മാർഗം. അത്കൊണ്ട് വ്രതം അനുഷ്ടിക്കുന്നതിലെ സൂക്ഷ്മതകൾ മനുഷ്യഹൃദയത്തിൽ തഖ്വയെ സൃഷ്ടിക്കുകയും പാപങ്ങളില്ലാത്ത കറപുരളാത്ത ഹൃദയ പൂർത്തീകരണം സാധ്യമാവുകയും ചെയ്യുന്നു. ജീവിതത്തിന്റെ സമസ്ഥ മേഖലകളിലും നാം കൈവരിക്കേണ്ടതാണ് ക്ഷമ എന്നത്. ഭൗതികതയുടെ അതിപ്രസരണത്തിൽ നമുക്ക് സ്വയം നിയന്ത്രിക്കാനാവാതെ വരുമ്പോൾ ക്ഷമ പലപ്പോഴും പരാജയത്തിന്റെ വഴിവക്കിലെത്തിച്ചേരുന്നു. ക്ഷമയിലൂടെയും പരസ്പര സഹകരണത്തിലൂടയുമാണ് കെട്ടുറപ്പുള്ള സാമൂഹ്യ നന്മ നമുക്ക് സൃഷ്ടിച്ചെടുക്കാനാവൂ. ആ ക്ഷമയുടെ ഉത്തുംഗത കൈവരിക്കുകയാണ് ഈ റമളാനിലൂടെ നാം.
    നോമ്പെന്നാൽ ” ഇമ്സാക് ” എന്നാണ് അഥവാ പിടിച്ചു നിറുത്തൽ. മനുഷ്യന്റെ സർവ്വവിധ വികാരങ്ങളെയും ക്ഷമിച്ച് അടക്കി വെക്കലാണത്. ചുരുക്കത്തിൽ വ്രതമെന്നത് തന്നെ ക്ഷമയുടെ പ്രതീകമായി പരിഗണിക്കപ്പെടുന്നതാണ്. കാരണം എതാർത്ഥ ക്ഷമയുടെ പ്രയോഗിക തലങ്ങളാണ് റമളാൻ മാസത്തിലെ വ്രതാനുഷ്ഠാനത്തിലൂടെ സാധ്യമാകുന്നത്. ഭക്ഷണവും പാനീയങ്ങളും കിട്ടാതെ പട്ടിണി കിടക്കുന്നവനും എന്നാലിതൊക്കെ ലഭ്യമായിട്ടും അതിനെയെല്ലാം ത്യജിച്ച് നോമ്പെടുക്കുന്നവനും വ്യത്യസ്തനാണ്. രണ്ടാമത്തെ വ്യക്തി എതാർത്ഥത്തിൽ ക്ഷമിക്കുകയാണ്. സുലഭമായ ഭക്ഷണ പദാർത്ഥങ്ങളും ദേഹേച്ഛകളും വെടിഞ്ഞ് വ്രതമനുഷ്ടിക്കാനായി തുനിഞ്ഞിറുങ്ങുകയാണവൻ.
       ഇബ്നു റജബ് ഹംബലി (റ) പറയുന്നു:- ക്ഷമയുടെ ഏറ്റവും വലിയ ഇനം എന്ന് പറയുന്നത് വ്രതമാണ്, കാരണം അതിൽ അള്ളാഹു തആലയുടെ മേൽ വഴിപ്പെടുന്നതിനുള്ള ക്ഷമയുണ്ട്, തെറ്റുകളെ തൊട്ട് ശരീരത്തെ തടഞ്ഞ് നിറുത്തുന്നതിനുള്ള ക്ഷമയുമുണ്ട്. അള്ളാഹു വിന്റെ അടിമ അവന്റെ വൈകാരികതയെ തടഞ്ഞ് നിറുത്തുന്ന സമയമാണിത്.[ ജാമിഉൽ ഉലൂം വൽ അഹ്കാം]
അള്ളാഹു തആല പറയുന്നു” നോമ്പെന്നുള്ളത് എനിക്കുള്ളതാണ് അതിന് പ്രതിഫലം നൽകുന്നത് ഞാനാണ്. കാരണം അള്ളാഹു വിന്റെ അടിമ ഭക്ഷണപാനീയങ്ങളേയും വികാരങ്ങളേയും ഒഴിവാക്കുന്ന നേരമാണിത്.
    സാധാരണഗതിയിൽ മനുഷ്യന് നിയന്ത്രിക്കാനാവാത്തതാണ് ദേഷ്യം, കോപം, ക്രോധം എന്നുള്ളതൊക്കെ. ഏതൊരാളായാലും വൈകാരിക നിമിഷങ്ങളിൽ മറ്റുള്ളവരോട് അമർഷത്തോടെ സംസാരിച്ചെന്ന് വന്നേക്കാം.ഇത്തരം കാര്യങ്ങളെല്ലാം വളരെ സൂക്ഷ്മതയോടെയും ക്ഷമയോടെയും കൈകാര്യം ചെയ്യേണ്ട മാസമാണ് റമളാൻ. അന്നപാനീയങ്ങൾ ഉപേക്ഷിക്കലും വികാരങ്ങളെ തടഞ്ഞ് നിറുത്തലുമാത്രമല്ലല്ലോ നോമ്പ് .നേരെ മറിച്ച് കണ്ണിനും, നാവിനും മറ്റു എല്ലാ അവയവങ്ങൾക്കും നോമ്പുണ്ട് എന്നത് സാരം. പ്രത്യേകിച്ച് ബഹുസ്വര സമൂഹത്തിൽ ജീവിക്കുന്നവന് വ്രതമനുഷ്ടിക്കുക എന്നത് സമ്മർദ്ദങ്ങൾക്ക് മേലെയാണ. ഇക്കാലത്ത് പുറത്തേക്കൊന്ന് കാഴ്ച്ചയൂന്നിയാൽ കാണുന്നത് കാത് കൊടുത്താൽ കേൾക്കുന്നത് എല്ലാം അധാർമികതയെ വളർത്തുന്നവയാണ്.ഈ സാമൂഹ്യ സാഹചര്യങ്ങളിൽ ജീവിക്കുമ്പോൾ തന്നെ “ക്ഷമ ” എന്ന രണ്ടക്ഷരമില്ലാതെ നോമ്പെടുക്കുന്നത് ഒരു വിശ്വാസിയെ സംബന്ധിച്ച് അസാധ്യമായ വസ്തുതയാണ്.
    നോമ്പുകാലത്ത് സമയം തള്ളിവിടുന്നതിന്ന് വേണ്ടി സൊറ പറഞ്ഞിരിക്കുന്ന രീതി ചിലയിടങ്ങളിലെല്ലാം കണ്ടു വരുന്നു.എന്നാൽ നാവുകൊണ്ടുള്ള ഇത്തരം ക്രിയാവിക്രയങ്ങളൊക്കെ തന്നെ നോമ്പിന്റെ സുരക്ഷക്കായ് നാം ഒഴിവാക്കേണ്ടതുണ്ട്.
     കഠിനമായ ജോലിഭാരവും, ദീർഘദൂര യത്രയും വ്രതമനുഷ്ടാനത്തിനു മുന്നിൽ വില്ലനാവുമ്പോൾ തഖ്വയെന്ന ലക്ഷ്യത്തെ മുൻ നിറുത്തി ഓരോ വിശ്വാസിയും വ്രതമനുഷ്ടിക്കേണ്ടതുണ്ട്.