പ്രാര്‍ത്ഥന മുഅ്മിനിന്‍റെ രക്ഷാകവചം

അനസ് റഹ്മാനി അതിരുമട

 

വിളിക്കുക, ചോദിക്കുക, ആവശ്യപ്പെടുക എന്നീ അര്‍ത്ഥമുള്ള അറബി പദമാണ് ‘ദുആ’. അല്ലാഹുവിനോട് സഹായം തേടുന്നതിനെയും ദുആ എന്നാണ് പറയുക. പ്രാര്‍ത്ഥനക്ക് മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. പ്രപഞ്ചത്തിലെ എല്ലാ മതങ്ങളിലും പ്രാര്‍ത്ഥനയുണ്ട്. ഹസ്റത്ത് ആദം നബി(അ)ന്‍റെയും മറ്റു ചില പ്രവാചകന്മാരുടെയും പ്രാര്‍ത്ഥനകള്‍ വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പരിശുദ്ധ ഇസ്ലാം മതം പ്രാര്‍ത്ഥനക്ക് വളരെയേറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ആരാധനകളില്‍ ഏറ്റവും ശ്രേഷ്ഠമായ നിസ്കാരത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ പ്രാര്‍ത്ഥന നിറഞ്ഞുനില്‍ക്കുന്നു.

പ്രാര്‍ത്ഥന ആരാധനയുടെ മജ്ജയാണ്. പ്രാര്‍ത്ഥന തന്നെയാണ് ആരാധന (ഹദീസ്). മനുഷ്യന്‍ അല്ലാഹു അല്ലാത്തവരില്‍ നിന്ന് എല്ലാ പ്രതീക്ഷകളും വെടിഞ്ഞ്, അവനെ മാത്രം വിളിക്കുന്ന പ്രവര്‍ത്തനമാണ് പ്രാര്‍ത്ഥന. ഇതുതന്നെയാണ് തൗഹീദിന്‍റെയും ഇഖ് ലാസിന്‍റെയും സത്ത. അതിലുമുയര്‍ന്ന മറ്റൊരു ആരാധനയുമില്ല. എല്ലിനകത്തെ മജ്ജയില്‍ നിന്നാണ് ശാരീരിക അവയവങ്ങള്‍ ശക്തി നേടുന്നത്. അതുപോലെ ആരാധനക്ക് ശക്തി പകരുന്ന മജ്ജയാണ് പ്രാര്‍ത്ഥന എന്ന് മുഹ് യുദ്ദീന്‍ ഇബ്നു അറബി വിശദീകരിക്കുന്നു.ഖുര്‍ആന്‍ സൂക്തങ്ങളുടെ വെളിച്ചത്തില്‍ പ്രാര്‍ത്ഥന തന്നെയാണ് ആരാധന എന്നും തിരുനബി (സ്വ) അരുളിയിട്ടുണ്ട്.

സത്യവിശ്വാസിയുടെ ജീവിതത്തിന്‍റെ നിഖില മേഖലകളിലും പ്രാര്‍ത്ഥന അനിവാര്യമാണ്. അവന്‍റെ ഭക്ഷണം, മലമൂത്ര വിസര്‍ജനം, ശുചീകരണം, ഉറക്കം, ഉണര്‍വ് എന്ന് വേണ്ട എന്തെല്ലാം പ്രവര്‍ത്തനങ്ങളുണ്ടോ, അവയിലെല്ലാം പ്രാര്‍ത്ഥനയുണ്ട്. പ്രപഞ്ച സൃഷ്ടാവ് അവന്‍റെ ഗ്രന്ഥത്തില്‍ നിരവധി നിയമങ്ങളും കല്‍പ്പനകളും പ്രതിപാധിച്ചതുപോലെ പ്രാര്‍ത്ഥനയെക്കുറിച്ച് ഉദ്ബോധിപ്പിച്ചിട്ടുണ്ട്.

അല്ലാഹുവിനോട് മാത്രമെ മനുഷ്യന്‍ പ്രാര്‍ത്ഥിക്കുകയും സഹായം ചെയ്യുകയും ചെയ്യാവൂ എന്ന് അവന്‍ കല്‍പ്പിക്കുന്നു. കാരണം, സകലതും അവന്‍റെ കരങ്ങളിലാണ്. ഒരില പോലും അവന്‍റെ നിയന്ത്രണത്തിലല്ലാതെ കൊഴിയുന്നില്ല. മാത്രമല്ല, ലോകത്തെ എല്ലാ ജീവജാലങ്ങളുടെയും ഓരോ ചലനവും അവന്‍റെ നിശ്ചയത്തിലാണ്. പ്രാര്‍ത്ഥന ആരാധന ആയതിനാല്‍ തന്നെ അത് മറ്റുള്ളവരോട് നടത്തുക എന്നത് സാധ്യമല്ല. പ്രാര്‍ത്ഥനാവേളയിലാണ് ഒരു മനുഷ്യന്‍ അവന്‍റെ സൃഷ്ടാവുമായി ഏറ്റവും അടുക്കുന്നത്.

എന്താണ് പ്രാര്‍ത്ഥന, ആരോടാണ് പ്രാര്‍ത്ഥിക്കേണ്ടത്, എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത് എന്നുള്ള എല്ലാ കാര്യങ്ങളും മനസ്സിലാക്കിയിട്ടാകണം പ്രാര്‍ത്ഥിക്കേണ്ടത്.അല്ലാതിരുന്നാല്‍ ഫലം മറിച്ചാകും. പ്രാര്‍ത്ഥിച്ച് പുണ്യം നേടിയവര്‍ അവരുടെ കൂട്ടത്തില്‍ ധാരാളം കാണാന്‍ കഴിയും. സര്‍വതും നല്‍കുന്നവനും, എല്ലാറ്റിനും കഴിവുള്ളവനുമായ അല്ലാഹുവാണ് പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കുക. സ്വീകരിക്കപ്പെടുന്ന പ്രാര്‍ത്ഥനക്ക് എന്തിനേക്കാളും ശക്തിയുണ്ടാകും. മിന്നല്‍ വേഗതയിലാണ് അതിന്‍റെ ഫലം അനുഭവപ്പെടുക. ഇത്തരം ഒരു പ്രാര്‍ത്ഥനയെക്കുറിച്ച് പ്രതിപാധിക്കുന്നത് ഹദീസിന്‍റെ ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും.

മൂന്നു യുവാക്കള്‍ ഒരു വനപ്രദേശത്തുകൂടി സഞ്ചരിച്ചുകൊണ്ടിരിക്കെ പ്രകൃതിക്ഷോഭമുണ്ടായി. ശക്തമായ പേമാരിയും കാറ്റും നേരിട്ട അവര്‍ ഒരു ഗുഹയില്‍ അഭയം പ്രാപിച്ചു. ശക്തമായ ഉരുള്‍പൊട്ടല്‍ കാരണമായി ഒരു വലിയ പാറക്കല്ല് വന്ന് ഗുഹയുടെ മുഖം മൂടിക്കളഞ്ഞു. സര്‍വ ശക്തിയും ഉപയോഗിച്ച് തള്ളി നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍, ഓരോരുത്തരും അവരവരുടെ ജീവിതത്തില്‍ പ്രവര്‍ത്തിച്ച സല്‍കര്‍മ്മങ്ങളോരോന്നായി എടുത്ത് പറഞ്ഞ് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുവാന്‍ തീരുമാനിച്ചു. പ്രാര്‍ത്ഥന കാരണമായി ആ ഭീമമായ പാറക്കല്ല് നീങ്ങുകയും, രക്ഷപ്പെടുകയും ചെയ്തു.

പ്രാര്‍ത്തിക്കപ്പെടുന്ന പ്രത്യേക സ്ഥലങ്ങളും സമയങ്ങളുമുണ്ട് . പുണ്യ ദിനങ്ങള്‍, ചില പ്രത്യേക സ്ഥലങ്ങള്‍, ഫര്‍ള് നിസ്കാരാനന്തരം,അര്‍ദ്ദരാത്രിക്കു ശേഷം, മഴ  പെയ്യുന്ന സമയം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ നടത്തുന്ന പ്രാര്‍ത്ഥന സ്വീകരിക്കുമെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. ഒരു സത്യവിശ്വാസി ഒരു കാര്യം മുന്‍നിര്‍ത്തി പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ മൂന്നാലൊരു കാര്യം ലഭിക്കുമെന്ന് ഉറപ്പാണ് . എന്താണോ ചോദിച്ചത് അത് കിട്ടുക, പാപം പൊറുക്കുക, അതുമല്ലങ്കില്‍ ചോദിച്ചത് സ്വര്‍ഗ്ഗത്തില്‍ വച്ച് സഫലമാകുക  

നബി(സ) അനുചരന്‍മാരോട് പ്രാര്‍ത്ഥന വര്‍ധിപ്പിക്കാന്‍ നിരന്തരം ആവശ്യപ്പെടാറുണ്ടായിരുന്നു. അബൂഹുറൈറ(റ)നബി(സ്വ) അരുളിയതായി അറിയിക്കുന്നു:  സുജൂദിന്‍റെ വേളയിലാണ് മനുഷ്യന്‍ അവന്‍റെ രക്ഷിതാവുമായി കൂടുതല്‍അടുക്കുക. അതിനാല്‍,  ആ സമയത്ത് കൂടതലായി പ്രാര്‍ത്ഥിക്കുവിന്‍ “(രിയാളുസ്സ്വാലിഹീന്‍) മറ്റൊരിക്കല്‍ പ്രാര്‍ത്ഥനയുടെ മഹത്വം വിശദീകരിക്കവെ ചിലസ്വഹാബാക്കാള്‍ ചോദിച്ചു; ‘അപ്പോള്‍ ഞങ്ങള്‍ ധാരാളമായി പ്രാര്‍ത്ഥിക്കണമെന്നാണോ അവിടുത്തെ നിര്‍ദേശം” ?പ്രാവാചകന്‍ മറുപടി പറഞ്ഞത് ഇങ്ങനെ ‘അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങളുടെ പ്രാര്‍ത്ഥനയെക്കാളും വര്‍ധിച്ചതാണ്.അഥവാ.അവന്‍റെ ഖജനാവ് അനന്തമാണ് നിങ്ങളുടെ വര്‍ധിച്ച പ്രാര്‍ത്ഥനകള്‍ സ്വീകരിച്ചാലും അതില്‍കുറവ് വരില്ലڈ

പ്രാര്‍ത്ഥന വര്‍ധിപ്പിക്കുവാനുള്ള ഹൃദ്യമായ പ്രേരണ ഈ ഹദീസിലുണ്ട്.

പ്രാര്‍ത്ഥന കൊണ്ട് പ്രാര്‍ത്ഥിക്കുന്നവന്‍റെ പദവി ഉയരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അബൂഹുറൈറ(റ) പ്രവാചകന്‍റെ വാക്കുകള്‍ ഉദ്ധരിക്കുന്നു:  “അല്ലാഹു അടിമകളുടെ പദവികള്‍ ഉയര്‍ത്തുമ്പോള്‍ ആശ്ചര്യത്തോടെ അവന്‍ ചോദിക്കും: ‘എനിക്ക് ഈ മഹത്വം എവിടുന്നു കിട്ടി?  അല്ലാഹു പറയും: നിന്‍റെ സന്താനങ്ങള്‍  നിനക്ക് വേണ്ടി പ്രാര്‍ത്ഥിച്ചതിന്‍റെ ഫലം.” (ജംഉല്‍ ഫവാഇദ്) പ്രാര്‍ത്ഥന കോണ്ട് മാതാപിതക്കളുടെ പദവി ഉന്നതിയലെത്തുമെങ്കില്‍ പ്രാര്‍ത്ഥിക്കുന്ന സന്താനങ്ങളുടെ പദവി ഉയരാതിരിക്കുമോ?

ഇതുവരെ വിവരിച്ചതില്‍നിന്ന് പ്രാര്‍ത്ഥനയ്ക്ക് ദീനിലുള്ള പ്രധാന്യങ്ങള്‍ വിളിച്ചോതുന്നു. മാത്രമല്ല, പ്രാര്‍ത്ഥനയെ അവഗണിക്കുന്നത് അല്ലാഹുവിന് ഇഷ്ട്മില്ലാത്ത ഒന്നാണെന്നും മനസ്സിലാകുന്നു. എല്ലാ ആരാധനകള്‍ക്കും ചില മര്യാദകളും നിബന്ധനകളും ഉണ്ടെന്ന് ഖുര്ആനിലൂടെയും ഹദീസുകളിലൂടെയും നമുക്ക് മനസ്സിലാക്കാനാവും. ഈ മര്യാദകളും നിബന്ധനകളും പാലിച്ചുള്ള പ്രാര്‍ത്ഥനയ്ക്കാണ് യഥാര്‍ത്ഥ ഫലം ലഭിക്കുന്നത്. രണ്ടു കൈകളും നെഞ്ചിനു സമാന്തരമായി ഉയര്‍ത്തിപ്പിടിക്കുകയും പ്രാര്‍ത്ഥിക്കുകയും പ്രാര്‍ത്ഥന കഴഞ്ഞ ശേഷം മുഖത്തു തടവുകയും ചെയ്യുന്ന രീതിയാണ് പ്രാര്‍ത്ഥനയുട യഥാര്ത്ഥ രൂപം.

പ്രാര്‍ത്ഥിക്കുവാന്‍ വുളൂഅ് എടുക്കുകയും ഖിബ്ലക്ക് മുന്നിടുകയും ചെയ്യല്‍ പ്രാര്‍ത്ഥനയ്ക്ക് മുമ്പ് അല്ലാഹുവിനെ സ്തുതിക്കുകയും പ്രവാചകന് ആശംസകള്‍ അര്‍പ്പിക്കുകയും വേണം.പ്രാര്‍ത്ഥനയ്ക്കു ശേഷം  ആമീന്‍ പറയണം .പ്രാര്‍ത്ഥനയുടെ ഈ രീതി ഹദീസില്‍ നിന്നും സ്ഥരപ്പെട്ടതാണ് .അഞ്ചു  തവണയുള്ള നിസ്ക്കാര സമയം പ്രര്‍ത്ഥനക്ക് പ്രത്യേക സമയം നിക്ഷയിച്ചിട്ടില്ല . അത് ഏതു സമയത്തുമാകാം .

എന്നാല്‍ അതിനു പ്രത്യേക സമയവും സാഹചര്യവും ഖുര്‍ആനിലൂടെയും ഹദീസിലൂടെയും നമുക്ക് ദര്‍ശിക്കാനാവും .അറഫ ദിനം , റമളാന്‍ മാസം , ലൈലത്തുല്‍ ഖദ്റ് , വെള്ളിയായിച്ച രാവും പകലും , ജുമുഅയുടെ രണ്ട് ഖുത്തുബക്കിടയിലുള്ള സമയം, സൂര്യാസ്തമയത്തിനു മുമ്പ്, രാത്രിയുടെ അവസാന സമയം, നിര്‍ബന്ധ നിസ്കാരത്തിനു ശേഷം, വാങ്കിന്‍റെയും ഇകാമത്തിന്‍റെയും ഇടയില്‍ , സുജൂദ് വേള, മഴ വര്‍ഷിക്കുമ്പോള്‍ നോമ്പ് കാരന് നോമ്പ് തുറക്കുന്ന സമയം , യാത്രക്കാരന് പുറപ്പെടുമ്പോള്‍, യാത്രവേള , പരിശ്രമ ഘട്ടം എന്നിവ പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടാന്‍ കൂടുതല്‍ സാധ്യതയുള്ള സന്ദര്‍ഭങ്ങളാണ്. പ്രാര്‍ത്ഥന സ്വീകരിക്കുവാന്‍ പാലിക്കേണ്ട ഒരു നിര്‍ബന്ധ നിബന്ധനകൂടി ബാക്കിയുണ്ട്. പ്രാര്‍ത്ഥനാന്തരം ഉത്തരം ലഭിക്കാന്‍ ധൃതിവെക്കരുത് എന്നതാണ്.

അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം: നബി(സ്വ) ഒരാള്‍ പ്രാര്‍ത്ഥിച്ച ശേഷം തന്‍റെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടില്ല എന്ന് പറഞ്ഞ്  ധൃതി കൂട്ടിയാല്‍ ആ തോട്ടം നിരസിക്കപ്പെടും. ഉത്തരം ലഭിക്കാന്‍ തിടുക്കം കൂട്ടാതിരിക്കപ്പെടുമ്പോഴേ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുകയുള്ളൂ (ബുഖാരി, മുസ്ലിം)

നമ്മില്‍ മിക്കവരുടെയും പ്രാര്‍ത്ഥന മേല്‍പറഞ്ഞ രൂപത്തിലാകാറുണ്ടോ?നാം സ്വയം ചോദിച്ചറിയുക.അശ്രദ്ധരായി കൈ രണ്ടും താടിക്കു കൊടുത്തോ തുടകളില്‍ വച്ചോ ആയിരിക്കും പലപ്പോഴും ചിലരുടെ പ്രാര്‍ത്ഥന.ആര്‍ക്കോ വേണ്ടി നടക്കുന്ന പ്രവര്‍ത്തനമായി ചിലരുടെ പ്രാര്‍ത്ഥന കാണുമ്പോള്‍. ഇങ്ങനെയുള്ള പ്രാര്‍ത്ഥന അല്ലാഹു എങ്ങനെ സ്വീകരിക്കും? ഈ അവസ്ഥ മാറണം. എങ്കിലേ നമുക്കും നമ്മുടെ സമുദായത്തിനും പുരോഗതി ഉണ്ടാകൂ.നമ്മുടെ പ്രാര്‍ത്ഥന പാഴ്വേലയാകാതിരിക്കട്ടെ!