ഫാത്വിമ ശബാന ചെറുമുക്ക്
ലൈംഗിക സൂക്ഷമതയെ കൂടുതൽ പാലിക്കേണ്ടത് പെണ്ണാണ്. കാരണം അവളാണ് പ്രേരകം. വ്യക്തിത്വത്തെ നിർണ്ണയിക്കുന്നതിൽ വസ്ത്രത്തിനുള്ള പങ്കുപോലെ പ്രധാനപ്പെട്ടതാണ് വ്യക്തിയെ നിയന്ത്രിക്കുന്നതിനുള്ള മതത്തിന്റെ പങ്ക്. പെണ്ണ് അണിയേണ്ട ഉടയെക്കുറിച്ച് സൃഷ്ടിപ്പിന്റെ കാരണക്കാരന് നിർബന്ധമുണ്ടെങ്കിൽ അതിനെ മാനിക്കുകയാണ് വേണ്ടത്. അല്ലാതെ മേനി നടിച്ച് അതിനെ ചോദ്യം ചെയ്യുകയല്ല വേണ്ടത്. അതാണ് ഇസ്ലാം. അവിടം മുതലാണ് ഇസ്ലാം തുടങ്ങുന്നത്
പണ്ഡിത്യം നടിച്ച് പലരും നിയമങ്ങളെ കയ്യിലെടുക്കുന്ന സമയത്ത് സമുദായത്തിന്റെ ആത്മാവ് മോഷണം പോകുമ്പോൾ കാവൽ നിന്നതിനെ തടയാൻ ഒരാൾപോലുമുണ്ടാവില്ലെന്ന് നാം ഓർക്കുന്നേയില്ല.
ലിബറലിസവും യുക്തി വാദവും അരാജകത്വവും കളം വരച്ചു നിർത്തമാടുന്ന കലികാലത്ത് മുസ്ലിം സ്ത്രീയുടെ വസ്ത്രത്തിന്റെ അളവും വലിപ്പവുമാണ് പലരുടെയും ഉറക്കം കിടത്തുന്നത് ..അത് കൊണ്ടാണല്ലോ പുതിയ സർക്കുലർറുമായി പലരും രംഗത്തിറങ്ങുന്നത്. മുസ്ലിം സ്ത്രീയുടെ നവോത്ഥാനത്തിലും വളർച്ചയിലും ഏറെ പങ്കു വഹിച്ചവർ എന്ന് പ്രസംഗത്തിലും എഴുത്തിലും പറയുന്ന ഒരു സംഘം ഇത്തരം ഒരു നീക്കത്തിന്റെ ഉദ്ദേശ ശുദ്ധി പലരുടെയും ആത്മനിർവൃതിക്ക്‌വേണ്ടിയാവാം.ഹി ജാബ് എന്ത് കൊണ്ട് പലരിലും അസ്വസ്ഥത ഉളവാക്കുന്നു എന്ന് ചോദിച്ചാൽ പലപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യത്തിൽ അത് എത്തി നിൽക്കുന്നു .. വാക്കുകൾ കിട്ടാതെ വരുമ്പോൾ പലരും പറഞ്ഞൊപ്പിക്കുന്നതിങ്ങനെ അതൊരു ആസ്വാതന്ത്രത്തിന്റെ മതിൽകെട്ടാണ്… പറയുന്നവർ വിഡ്ഢികൾ എന്നല്ലാതെ എന്തു പറയാൻ.
ഹിജാബ് ധരിച്ചു സധൈര്യം തന്റെ ഇടങ്ങളിലേക്ക് ചിറക് വിരിച്ചു പറന്ന അനേകം മുസ്ലിം സ്ത്രീകൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു എന്നത് നേട്ടങ്ങളുടെ പൂക്കളാണ്.. എന്നിട്ടും ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് വീണ്ടും ഹിജാബിനെതിരെ, മുഖം മറക്കുന്നതിനെതിരെ ശബ്ദിക്കുന്നവർ നിശബ്ദമായി ഒളിച്ചു കടത്തുന്നത് മുസ്ലിം വിരുദ്ധതയല്ലാതെ മറ്റൊന്നുമല്ല എന്ന് പറയാതെ വയ്യ..
ഖുർആനിൽ പലയിടങ്ങളിലും സ്ത്രീയെയും അവളുടെ സുരക്ഷിതത്ത്വത്തെയും സംരക്ഷണത്തെയും നിരവധി തവണ ചർച്ച ചെയ്തത്, ഇസ്ലാം അവൾക്ക് നൽകുന്ന പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്.. സ്ത്രീകൾ ഏതെങ്കിലും തരത്തിലുള്ള തൊഴിൽ ചെയ്യുന്നതിനെ ഇസ്ലാം നിരുപാധികം വിലക്കുന്നില്ല..വീടിനു പുറത്തിറങ്ങി തൊഴിൽ ചെയ്യുമ്പോൾ ഇസ്ലാമിന്റെ ചിഹ്നങ്ങളെയും വസ്ത്രധാരണത്തെയും കാത്തു സൂക്ഷിക്കുകയാണെങ്കിൽ ഇസ്ലാമിൽ അത് അനുവദനീയമാണ്..
ഹിജാബ് ധരിക്കുന്നവൾ നിരക്ഷരയാണെന്ന വാദം തീർത്തും വിഢിത്തമാണ് .. ഞാൻ കണ്ട മുഖം മറച്ച ഒരുപാട് പെണ്കുട്ടികൾ അതേ വേഷ വിധാനത്തോടെ തന്നെ അവരവരുടെ ജോലികളിൽ തൃപ്തി കണ്ടെത്തുന്നുണ്ട്. വസ്‌ത്രം എന്നത് തീർത്തും ധരിക്കുന്നവരുടെ തൃപ്തിയിലേക്ക് ഉദ്ദേശം മാറിയാൽ യാതൊരു വിധ പ്രശ്നവുമില്ല. അങ്ങനെയല്ലാതാകുമ്പോഴാണ് സമൂഹത്തിൽ പല ചോദ്യങ്ങൾ ഉയർന്ന് വരുന്നതും അതിനെല്ലാം ഉത്തരം നൽകേണ്ടി വരുന്നതും…
ഹിജാബിനെ വിശദീകരിക്കുന്ന ഖുർആൻ സൂക്ത്തിൽ പറയുന്നുണ്ട് “അതിൽ നിങ്ങൾക്ക് സുരക്ഷയുണ്ട് ” ..അതെ മുഖം മറക്കുന്നത് ഒരിക്കലും അവളുടെ ചിന്തകളെയും ആശയങ്ങളെയും കെട്ടിയിടുന്നില്ല .മറിച്ച് ഭയമേതുമില്ലാതെ സമൂഹത്തിന്റെ മുമ്പിൽ നിൽക്കാനുള്ള കരുത്ത് നൽകുകയാണ്.. അവൾ ഹിജാബിൽ കൂടുതൽ കംഫർട്ട് ആകുകയാണ്…
സാംസ്കാരികത എന്നത് ട്രേഡ് യൂണിയൻ സമ്മേളനങ്ങളിൽ ചർച്ച ചെയ്യാനുള്ള വിഷയം മാത്രമായി ചുരുങ്ങിയ കാലത്ത് മലയാളി അവന്റെ ജീവിത പരിസരങ്ങളിലേക്ക് അതൊരു ചർച്ചയായി കൊണ്ടു വരേണ്ടതുണ്ട്. സംസ്കാരത്തിന്റെ പ്രാഥമികമായ അർത്ഥം തന്നെ പെരുമാറ്റ മര്യാദയാണ്. തോന്നിയത് പറയാതിരിക്കുകയും തോന്നാത്തത് പറയുകയും ചെയ്യുക എന്നും സംസ്കാരത്തിന് വിവക്ഷ കൊടുക്കാം. അങ്ങനെ വരുമ്പോൾ ഹിജാബ് ഇടുന്ന മുസ്ലിം സ്ത്രീകൾ കാഴ്ച്ചകൾക്കു ആരോചകമാകുന്ന മനോഭാവത്തേയും , മറുപുറം നോക്കാതെ ചാടിപ്പുറപ്പെടുന്ന ആലോചനകളെയും സ്വാതന്ത്ര്യത്തിന്റെയും അവകാശത്തിന്റെയും മതം എന്താണ് എന്നതിന്റെയും ബാലപാഠം പറയുന്ന ക്ലാസ് മുറികളിലേക്ക് പറഞ്ഞയക്കേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കിലും സമുദായം നന്നാവട്ടെ.
നന്മയെയും തിന്മയെയും വേറിട്ട് കാണാനുള്ള സാമാന്യ ബുദ്ധി പോലും നമ്മിൽ നിന്നും നഷ്ടപ്പെട്ടിരിക്കുന്നുവെന്നു പറയാം..
NB. *ഞങ്ങളുടെ മുഖം കണ്ടാലെ ചിലർക്ക് സന്തോഷം വരൂ എന്ന് ചിന്തിക്കുന്നവർ സ്വന്തം കുടുംബ ജീവിതത്തിൽ സംതൃപ്തരാക്കുക. ഞങ്ങളുടെ മുഖഭംഗി പൊതു സ്വത്തല്ല.. ഞങ്ങളുടെ സ്വകാര്യ സ്വത്താണ്.. ഞങ്ങളുടെ ശരീരത്തിൽ ഏതൊക്കെ മറക്കണം ഏതൊക്കെ തുറക്കണം എന്ന് തീരുമാനിക്കാനും തിരിച്ചറിയാനുമുള്ള പക്വത ഞങ്ങൾക്കുണ്ട്. മതം നിർദേശിച്ചിട്ടുണ്ട്. രാജ്യം സ്വാതന്ത്യം അനുവദിച്ചിട്ടുമുണ്ട്..
നമ്മുടെ രാജ്യം അനുവദിച്ച സ്വാതന്ത്ര്യം തടഞ്ഞ് പൊതുസമ്മതനാകാനുള്ള പാഴ്ശ്രമം ഫാഷിസത്തിന്റെ തുടർചയാണന്ന് പെൺകുട്ടികളായ ഞങ്ങൾക്കറിയാം..