ജുറൈസ് പൂതനാരി
യേശുദാസിന്റെ പാട്ട്, ശബ്ദം,വ്യക്തിത്വം, മതേതരത്വം, ആലാപനശെെലി, യേശുദാസ് എന്ന മലയാളി, ഉത്തമ പുരുഷശബ്ദം, തുടങ്ങിയ അതിനൂതനമായ വ്യവഹാരങ്ങളെ ഇഴപിരിച്ച് വിവിധ ട്രാക്കുകളില് അനുഭവവേദ്യമാക്കിത്തന്നിട്ടാണ് എ.എസ്. അജിത് കുമാർ “കേൾക്കാത്ത ശബ്ദങ്ങ പാട്ട്, ശരീരം, ജാതി”, എന്ന പുസ്തകം ആരംഭിക്കുന്നതെങ്കിലും ഈ പുസ്തകത്തിലെ “അടി കൊള്ളാൻ ചെണ്ട: ജാതിയുടെ കീമേൽ കാലങ്ങൾ” എന്ന പ്രസക്തഭാഗം ചർച്ച ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
പാട്ടിന്റെ രാഷ്ട്രീയമാണ് ‘കേൾക്കാത്ത ശബ്ദങ്ങൾ:പാട്ട്, ശരീരം, ജാതി’ എന്ന പുസ്തകത്തിൽ അജിത് കുമാർ എ.എസ് ചർച്ച ചെയ്യുന്നത്. വരേണ്യ ആസ്വാധനത്തിന്റെ തുലാസിലൂടെ മാത്രം സംഗീതത്തെ അളന്ന്, ഒരു ഭാഗത്ത് ശുദ്ധം, ശാസ്ത്രീയം എന്ന് ഗുണപ്പെടുത്തി മഹത്വൽക്കരിക്കുന്നതിനെയും മറുഭാഗത്ത് അശുദ്ധമെന്നും താണതെന്നും പറഞ്ഞ് മാറ്റിനിർത്തുന്നതിനെയും പുസ്തകം വിമർശനാത്മകമായി സമീപിക്കുന്നു. ഇന്റർനെറ്റാനന്തര ടെക്നോളജിയുടെ സാധ്യതകൾ സംഗീതത്തിന്റെ നിർമ്മാണം, വിപണനം, ആസ്വാധനം, അധികാരം പോലോത്ത മേഖലകളെ എങ്ങനെ അപനിർമ്മിക്കുന്നു എന്ന നിരീക്ഷണം ഏറെ പ്രാധാനമാണ്. ജാതിയും ലിംഗപരതയും ശരീരത്തിന്റെ രാഷ്ട്രീയവും സംഗീതത്തിന്റെ ഘടനയെയും പ്രവർത്തനത്തെയും എങ്ങനെ എല്ലാം സ്വാധീനിക്കുന്നു എന്ന ചോദ്യവും പുസ്തകം മുന്നോട്ട് വെക്കുന്നു. ഈയൊരർത്ഥത്തിൽ സംഗീതത്തെ, ശബ്ദത്തെ വിശകലനം ചെയ്യുന്ന മലയാളത്തിലെ ആദ്യത്തെ കൃതിയാണ് ‘കേൾക്കാത്ത ശബ്ദങ്ങൾ.
കലോത്സവങ്ങളിൽ നിന്നും പുറത്താക്കപ്പെട്ട തെക്കൻ ചെണ്ടയും, ക്ഷേത്രങ്ങളിൽ കൊട്ടാൻ അനുവാദമില്ലാത്ത ശിങ്കാരി മേളവും (ശുദ്ധ) സംഗീതത്തിന്റെ സവർണതയെയാണ് കാണിക്കുന്നതെന്ന് അജിത്കുമാർ പറയുന്നു.
കലോത്സവ വേളകളിലും വേദികളിലും ജാതീയ പ്രശ്നങ്ങൾ നടക്കുന്നുണ്ട്. കലോത്സവങ്ങളിലെ രാഷ്ട്രീയത്തെ ചർച്ച ചെയ്യുന്ന ഇതിലെ ലേഖനത്തിൽ എ എസ് അജിത്കുമാർ അനുഭവത്തിന്റെ വെളിച്ചത്തിലൂടെയാണ് കലോത്സവത്തിലെ ജാതിയ പ്രശ്നങ്ങളെ എടുത്ത് കാണിച്ച് സമുദായത്തിന് മനസ്സിലാക്കി കൊടുക്കുന്നത്.
സംഗീതത്തിൽ താരതമ്യേനെ ഉയർച്ചയിൽ നിൽക്കുന്ന സംഗീതമാണ് കർണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവുമെല്ലാം. പക്ഷേ ഇപ്പോൾ സംഗീതം എന്ന് പറഞ്ഞാൽ തന്നെ ഈ ഒരു അർത്ഥത്തിലാണ് അറിയിക്കുന്നത്. സംഗീതം പഠിച്ചിട്ടുണ്ടോ? എന്ന ചോദ്യത്തിലൂടെ കർണാടക/ ഹിന്ദുസ്ഥാനി സംഗീതം പഠിച്ചിട്ടുണ്ടോ എന്നാണ് അർത്ഥമാക്കുന്നത്. തിരുവനന്തപുരത്ത് കർണാടക സംഗീതം അഭ്യസിക്കുന്ന കോളേജിനും ‘സംഗീതകോളേജ്’ എന്നാണ് അർത്ഥമാക്കുന്നത്.
തൃശ്ശൂരിൽ നടന്ന മത്സരത്തിൽ തന്നെ വിജയിച്ചതിൽ നിതീഷും സംഘവും സന്തോഷിക്കുന്നതിന്റെ കാരണം ചെണ്ടയുടെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്. തെക്കൻ ചെണ്ടയും വടക്കൻ ചെണ്ടയുമായി തരം തിരിക്കപ്പെട്ട രാഷ്ട്രീയമാണ് ഇതിൽ കാരണം എന്നും അജിത് കുമാർ പ്രസ്താവിക്കുന്നു. ചെണ്ടയുടെ രംഗത്ത് താണ സ്ഥാനമുള്ള തെക്കൻ ചെണ്ടയെ ഒഴിവാക്കി വടക്കൻ ചെണ്ട ഉപയോഗിച്ചാണ് അവർ അവിടെ ചെണ്ടയുടെ രാഷ്ട്രീയത്തിൽ ഇടപെട്ടതെന്നും തെക്കുനിന്നും ചെണ്ട കൊണ്ടുപോയാൽ പരാജയപ്പെടുമെന്നതുകൊണ്ട് തൃശ്ശൂരിൽനിന്ന് ചെണ്ട സംഘടിപ്പിക്കുകയാണ് അവർ ചെയ്തതെന്നും ഇത് കലോത്സവത്തിലെ മത്സരത്തിലെ ജാതി തുറന്നു കാട്ടുന്നുണ്ട് എന്നും അജിത്ത് കുമാർ തന്റെ ഗ്രന്ഥത്തിലൂടെ അറിയിക്കുന്നു.
ഓരോ ലേഖനത്തിനും നിരവധി റഫറൻസോട് കൂടി തയ്യാറാക്കിയ ഈ പുസ്തകത്തിൽ താൻ തന്നെ ‘ജാതീയ വ്യവസ്ഥകളെ’ എടുത്തുകാട്ടി നിർമ്മിച്ച ചില ഡോക്യുമെന്ററികളും പറഞ്ഞു പുസ്തകത്തിൻറെ വിശ്വാസയോഗ്യത എടുത്തുകാണിക്കുന്നുണ്ട്.
കാഴ്ചയുടെ ശീലങ്ങൾ, പ്രത്യേകിച്ച് സിനിമ, മലയാളത്തിൽ ഒട്ടേറെ ചർച്ച ചെയ്യപ്പെടാറുണ്ട്. എന്നാൽ കേൾവിയുടെ സംസ്കാര രാഷ്ട്രീയത്തെക്കുറിച്ചുള്ള സംവാദങ്ങൾ തീരെ കുറവാണ്. ഈ വിടവിനെയാണ് അജിത് കുമാറിന്റെ എഴുത്ത് സൂക്ഷ്മവും നിശിതവുമായി നേരിടുന്നത്. സാമാന്യബോധവുമായി നമ്മൾ കാണുന്ന -അല്ല കേൾക്കുന്ന- പലതിനെയും ഈ പുസ്തകം വിവിധ ട്രാക്കുകളിൽ അനുഭവവേദ്യമാക്കിത്തരുന്നു.
Author :-Ajith Kumar
Publisher :- other books