മലിനമായ ഹൃദയത്തെ നമുക്ക് കഴുകിയെടുക്കാം

ലത്തീഫ് ഹുദവി പാലത്തുങ്കര                                 

     
         
      ജീവിത കാലം മുഴുവന്‍ കൊള്ളയും കൊലയും നടത്തിവന്ന ഒരു അക്രമി ഇസ്രായീല്‍കാരിലുണ്ടായിരുന്നു. അയാള്‍ ജീവിതത്തിന്‍റെ സായാഹ്നത്തില്‍ അല്ലാഹുവിങ്കലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. പക്ഷെ, അയാള്‍ക്കൊരു സംശയം. താന്‍ ചെയ്ത അറും കൊലകള്‍ അല്ലാഹു പൊറുക്കുമോ ?. കണക്ക് കൂട്ടി നോക്കുമ്പോള്‍ 99 പേരെ വധിച്ചിട്ടുണ്ടായിരുന്നു.

                അയാള്‍ ഒരു പണ്ഡിത വര്യനെ സമീപിച്ച് സംശയം ചോദിച്ചു. 99 നിരപരാധികളെ കൊന്നവനാണ് ഞാന്‍. ഇപ്പോള്‍ പാശ്ചാത്തപിക്കുന്നു. എനിക്ക് മാപ്പുണ്ടോ ?. പണ്ഡിത വര്യന്‍ ഞെട്ടി. അയാള്‍ ക്രുദ്ധനായി. നിനക്ക് മാപ്പോ ? ഇറങ്ങിപ്പോ ! ഇത് കേട്ട അക്രമി രോഷാകുലനായി. അയാള്‍ തന്‍റെ വാളൂരി ആ പണ്ഡിതന്‍റെ കഴുത്തിന് വെട്ടി. നൂറാമന്‍ നീയാകട്ടെ എന്ന് പറഞ്ഞ് ആ വാളിേന്മേലുള്ള രക്തം വൃത്തിയാക്കി ഉറയിലിട്ടു. രക്തം ചുറ്റു ഭാഗത്തേക്കും ചീറ്റി. ഒരു തുള്ളി അക്രമിയുടെ ദേഹത്തേക്കും തെറിച്ചു. അവന്‍ പറഞ്ഞു : ഛെ ! നാറുന്ന രക്തം, പണ്ഡിതന്‍ പിടഞ്ഞു മരിക്കുന്നത് കണ്ട് ഒരു രക്ത രാക്ഷസിനെപ്പോലെ അയാള്‍ പൊട്ടിച്ചിരിച്ചു. എന്നാല്‍ കോപാഗ്നി കെട്ടടങ്ങിയപ്പോള്‍ പിന്നെയും അയാള്‍ പശ്ചാത്തപിച്ചു. തലയില്‍ മണ്ണ് വാരിയിട്ട് അവിടെ നിന്നോടി. താന്‍ ചെയ്ത മഹാ പാപങ്ങള്‍ക്ക് പ്രായശ്ചിത്തമുണ്ടോ ?. അയാള്‍ പിന്നെയും അന്വേഷിച്ച് നടന്നു.

               100 പേരെ കൊന്ന മഹാ കൊലയാളിയായ തനിക്ക് പ്രായശ്ചിത്തമുണ്ടോ എന്ന് മറ്റൊരു പണ്ഡിതനെ സമീപിച്ച് ചോദിച്ചപ്പോള്‍, ഉണ്ട്, നിങ്ങള്‍ക്ക് പ്രായശ്ചിത്തമുണ്ട്, നിങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന നാട് തിന്മയുടെ നാടാണ്, ആയതിനാല്‍ വിദൂര ദേശത്തുള്ള ഒരു നാട്ടില്‍ പോകണം. അവിടെയുള്ള ജനങ്ങള്‍ അല്ലാഹുവിനെ ആരാധിച്ച് ജീവിക്കുന്നവരാണ്, അവരോടൊപ്പം നീയും അല്ലാഹുവിനെ ആരാധിക്കുക. നീ നിന്‍റെ നാട്ടിലേക്ക് ഒരിക്കലും മടങ്ങരുത്. എന്ന് ആ പണ്ഡിതനില്‍ നിന്നും അയാള്‍ക്ക് വിവരം കിട്ടി. ഇനിയൊരിക്കലും പാപം ചെയ്യുകയില്ലെന്ന് ദൃഢ പ്രതിജ്ഞയെടുത്ത് കൊണ്ട് അയാള്‍ പ്രായാധിക്യം വക വെക്കാതെ പണ്ഡിതന്‍ പറഞ്ഞ ആ നാട്ടിലേക്ക് ദീര്‍ഘ യാത്ര ആരംഭിച്ചു. എന്നാല്‍ അയാള്‍ വഴി മധ്യേ മരിച്ചു വീണു.

             അപ്പോള്‍ അയാളുടെ ആത്മാവ് കൊണ്ട് പോകുന്നതില്‍ രക്ഷയുടേയും ശിക്ഷയുടേയും മലക്കുകള്‍ തര്‍ക്കിച്ചു. രക്ഷയുടെ മലക്കുകള്‍ പറഞ്ഞു : ഇദ്ദേഹം ആത്മാര്‍ത്ഥമായ പ്രായശ്ചിത്തത്തെ ഉദ്ദേശിച്ച് കൊണ്ട് അല്ലാഹുവിലേക്ക് മുന്നിട്ടതാണ്, ആയതിനാല്‍ ഇദ്ദേഹത്തെ നാം സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടു പോകും. ശിക്ഷയുടെ മലക്കുകള്‍ പറഞ്ഞു : ഇദ്ദേഹം ജീവിതത്തില്‍ ഒരൊറ്റ നന്മയും ചെയ്തിട്ടില്ല. 100 പേരെ കൊന്ന മഹാ കൊലയാളിയാള്‍, ആയതിനാല്‍ ഇയാളെ നാം നരകത്തിലേക്ക് കൊണ്ട് പോകും. അവര്‍ പരസ്പരം തര്‍ക്കിക്കുന്നതിനിടയില്‍ മനുഷ്യന്‍റെ രൂപത്തില്‍ ഒരു മലക്ക് വന്ന് അവര്‍ക്കിടയില്‍ മധ്യസ്ഥം വഹിച്ചു. മലക്ക് പറഞ്ഞു : ഇദ്ദേഹം ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്നും ലക്ഷ്യ സ്ഥലത്തേക്കും പുറപ്പെട്ട സ്ഥലത്തേക്കും അളക്കുക. ഏതിനോടാണ് കൂടുതല്‍ അടുത്തത് , അതിന്‍റെ മലക്കുകള്‍ക്ക് ഇദ്ദേഹത്തെ കൊണ്ടു പോകാം. അങ്ങനെ അവര്‍ രണ്ട് ദൂരവും അളന്നപ്പോള്‍ ലക്ഷ്യ സ്ഥാനം അല്‍പം അടുത്തായിരുന്നു. തത്ഫലമായി റഹ്മത്തിന്‍റെ മലക്കുകള്‍ അദ്ദേഹത്തെ കൊണ്ട് പോയി.

      ഇത് കള്ളക്കഥയോ കെട്ട് കഥയോ അല്ല. ശത്രുക്കള്‍ പോലും അല്‍ അമീന്‍ (വിശ്വസ്തന്‍) എന്ന് ഓമനപ്പേരിട്ട് വിളിച്ച മുത്ത് നബി (സ്വ) തന്‍റെ അനുചരന്മാര്‍ക്ക് പറഞ്ഞു കൊടുത്തതായി ഇമാം ബുഖാരിയും മുസ്ലിമും ഒന്നിച്ച് റിപ്പോര്‍ട്ട് ചെയ്തതാണിത്. ഉപര്യുക്ത സംഭവം ആമുഖമായി ഉദ്ദരിച്ചത്, എത്ര വലിയ പാപങ്ങള്‍ ചെയ്തവനും അല്ലാഹുവിങ്കല്‍ പ്രായശ്ചിത്തമുണ്ട് എന്നോര്‍മ്മപ്പെടുത്താനാണ്.

               നാം മനുഷ്യരാണ്, പാപങ്ങള്‍ മനുഷ്യ സഹജമാണ്. തെറ്റു കുറ്റങ്ങളില്‍ നിന്നും പൂര്‍ണ്ണമായും വിമുക്തരാകാന്‍ നാമാരും മഅ്സൂമീങ്ങളോ മഹ്ഫൂളീങ്ങളോ അല്ല. വിശുദ്ധ ഖുര്‍ആന്‍ കൃത്യമായ ഇടവേളകളില്‍ തൗബയെ കുറിച്ചാവര്‍ത്തിച്ചാവര്‍ത്തിച്ചോര്‍മ്മപ്പെടുത്തുന്നത് , മനുഷ്യന് തെറ്റ് കുറ്റങ്ങള്‍ സംഭവിക്കുക സ്വാഭാവികമാണെന്നും, എന്നാല്‍ അതില്‍ നിന്നും തൗബ ചെയ്ത് അല്ലാഹുവിലേക്ക് മടങ്ങുന്നവനാണ് വിജയി എന്നതിലേക്കുമുള്ള സൂചനയാണ്.

               പുണ്യങ്ങളുടെ പൂക്കാലമായി അല്ലാഹു തആല മുഅ്മിനീങ്ങള്‍ക്കായി സമ്മാനിച്ച വിശുദ്ധ റമളാന്‍ , 11 മാസങ്ങളിലായി തങ്ങള്‍ ചെയ്ത പാപങ്ങള്‍ കഴുകിക്കളയാനുള്ള അസുലഭാവസരമായി കാണാനും, സുകൃതങ്ങള്‍ കൊണ്ട് സമ്പന്നമാക്കാനും വിശ്വാസികള്‍ ബദ്ധ ശ്രദ്ധരാവേണ്ടതുണ്ട്. “ആരെങ്കിലും റമളാനിനെ എത്തിക്കുകയും അവന്‍റെ പാപങ്ങള്‍ പൊറുക്കപ്പെടാതിരിക്കുകയും ചെയ്താല്‍ അവനെ അല്ലാഹും ശപിക്കട്ടെ” എന്ന് ജിബ്രീല്‍ (അ) ദുആ ചെയ്തപ്പോള്‍, നബി (സ്വ) ആമീന്‍ പറഞ്ഞതായി ഹദീസ് ഗ്രന്ഥങ്ങളില്‍ നമുക്ക് കാണാവുന്നതാണ്. അബൂ ഹുറൈറ (റ) ഉദ്ദരിക്കുന്നു : “നബി (സ്വ) പറഞ്ഞു : ആരെങ്കിലും വിശ്വസിച്ചും കൂലി പ്രതീക്ഷിച്ചും റമളാനില്‍ നോമ്പനുഷ്ടിച്ചാല്‍ അവന്‍റെ മുന്‍ കഴിഞ്ഞ പാപങ്ങളൊക്കെ പൊറുക്കപ്പെടുന്നതാണ്.” ( ബുഖാരി )

              സല്‍മാന്‍ (റ) സഈദ്ബ്നു മുസയ്യിനെ തൊട്ട് ഉദ്ദരിക്കുന്നു: “ശഅ്ബാന്‍ യാത്ര പറയുന്ന ദിവസം നബി (സ്വ) നമ്മോട് ഒരു പ്രസംഗം ചെയ്തു. മനുഷ്യ വര്‍ഗ്ഗമേ മഹത്തായ ഒരു മാസം നിങ്ങള്‍ക്കിതാ ആഗതമായിരിക്കുന്നു. ആയിരം മാസത്തേക്കാള്‍ ശ്രേഷ്ടമായ ലൈലതുല്‍ ഖദ്റിന്‍റെ രാത്രി അതിലുണ്ട്. പകല്‍ നിങ്ങള്‍ വൃതം അനുഷ്ടിക്കുക, രാത്രിയില്‍ തറാവീഹ് നിസ്കരിക്കുക. ഒരു സല്‍കര്‍മ്മം ചെയ്താല്‍ ഇതര മാസങ്ങളില്‍ 70 ഫര്‍ളുകള്‍ ചെയ്തതിന്‍റെ പ്രതിഫലം. റമളാന്‍ ക്ഷമയുടെ മാസമാണ്. സ്വര്‍ഗ്ഗമാണ് ക്ഷമയുടെ പ്രതിഫലം. പരസ്പര സഹായത്തിന്‍റെ മാസമാണ് റമളാന്‍. ആരെങ്കിലും റമളാനില്‍ നോമ്പ് തുറപ്പിച്ചാല്‍ അവന്‍റെ ദോഷങ്ങള്‍ പൊറുക്കപ്പെടും.”

              അസ്തഗ്ഫിറുള്ളാഹ് എന്ന് ദിവസവും 100 വട്ടം ചൊല്ലിയാല്‍ തൗബ പൂര്‍ണ്ണമായെന്ന് കരുതുന്നത് വിണ്ഡിത്തമാണ്. ചെയ്ത് പോയ പാപങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നത് തന്നെ തൗബ സ്വീകാര്യമായിട്ടില്ലെന്നതിന്‍റെ ഏറ്റവും വലിയ അടയാളമാണ്. എന്നിരുന്നാലും, തൗബ ചെയ്യുന്നതിനനുസരിച്ച് അതൊരു നന്മയായി നമ്മുടെ ഏടില്‍ രേഖപ്പെടുത്തുന്നതാണ്. പ്രായശ്ചിത്തം ഹൃദയത്തില്‍ നിന്നും ഉല്‍ഭൂതമാവേണ്ടതാണ്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ ചെയ്ത് പോയ പാപങ്ങള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കുകയില്ലെന്ന ദൃഢ പ്രതിജ്ഞയോടെ, മനസ്സറിഞ്ഞ് തന്‍റെ നാഥന്‍റെ മുന്നില്‍ ഖേദ പ്രകടനം നടത്തുമ്പോഴാണ് തൗബ അര്‍ത്ഥ പൂര്‍ണ്ണമാവുന്നത്.

             സാഹചര്യങ്ങളും ചുറ്റുപാടുകളുമെല്ലാം നാമറിയാതെത്തന്നെ നമ്മെ ഹറാമിലേക്ക് വലിച്ചു നീക്കുകയാണ്. പിശാച് നമുക്ക് ചുറ്റും ഹറാമിന്‍റെ കെണി വലകള്‍ വിരിച്ചു വെച്ചിരിക്കുകയാണ്. നമ്മുടെ ശരീരമാകട്ടെ തിന്മയിലേക്ക് നമ്മെ നിരന്തരമായി പ്രേരിപ്പിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും നമ്മുടെ ശരീരം നമ്മെ നിരന്തരമായി തിന്മയിലേക്ക് പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നതാണ് എന്നാണ് പ്രവാചകനായ യൂസുഫ് നബി (അ) പോലും പറഞ്ഞത്. ഹറാമ് ചെയ്യാന്‍ അടുക്കുമ്പോഴൊക്കെ തൗബയുടെ വചനങ്ങള്‍ നമ്മുടെ ഹൃദയങ്ങളില്‍ പ്രതിധ്വനി തീര്‍ക്കണം. അവ നമ്മെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതാകണം. അപ്പോള്‍ ലഭിക്കുന്നതാകട്ടെ ഇരട്ടി പ്രതിഫലവും.

               റസൂല്‍ (സ്വ) പറയുന്നു : റമളാന്‍ കഴിഞ്ഞ് കടന്നിട്ടും പാപങ്ങള്‍ പൊറുക്കപ്പെടാത്തവന്‍ മൂക്ക് കുത്തി വീഴട്ടെ !. അതായത് അവന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട നിമിഷങ്ങളാണതെന്നര്‍ത്ഥം. റമള എന്ന പദത്തിനര്‍ത്ഥം തന്നെ കരിച്ചു കളയുക എന്നാണ്. സല്‍കര്‍മ്മങ്ങള്‍ മുഖേനെയും, തൗബയിലൂടെയും പാപങ്ങളെ കരിച്ചു കളയുന്ന മാസമായതിനാലാണ് ഇതിന് റമളാന്‍ എന്ന് പേര് തന്നെ വന്നത്.
   
               റമളാനിന്‍റെ ഓരോ ദിവസവും പവിത്രമേറിയതാണ്. ഓരോ പത്തിനും പലതരം പവിത്രതകളും ശ്രേഷ്ഠതകളും പ്രവാചകര്‍ (സ്വ) പറയുന്നു : റമളാനിന്‍റെ ആദ്യ പത്ത് റഹ്മത്തും രണ്ടാം പത്ത് മഗ്ഫിറത്തും മൂന്നാം പത്ത് നരക മോചനവുമാണ്. വിശുദ്ധ റമളാനിനെ ഇത്തരമൊരു രീതിയില്‍ തരം തിരിച്ചത് തന്നെ മുഅ്മിനീങ്ങള്‍ അതിനെ കൃത്യമായ പദ്ധതികളോടെ ഉപയോഗപ്പെടുത്താന്‍ വേണ്ടിയാണ്.
 ഇബ്നു അബ്ബാസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു : നബി (സ്വ) പറഞ്ഞു : എന്‍റെ സമൂഹം റമളാനിന്‍റെ മഹത്വം അറിഞ്ഞിരുന്നെങ്കില്‍ വര്‍ഷം മുഴുവന്‍ റമളാന്‍ ആവാന്‍ അവര്‍ ആഗ്രഹിച്ചേനേ..

             നമ്മുടെ കര്‍മ്മങ്ങളിലെ ആത്മാര്‍ത്ഥതയുടെ കുറവാണ് നമ്മെ തിന്മയിലേക്ക് വീണ്ടും വീണ്ടും അടുപ്പിക്കുന്നത്. ഇന്ന് കര്‍മ്മങ്ങളേറെയാണ്. ദീനിനും ദീനി സംരംഭങ്ങള്‍ക്കും ലക്ഷങ്ങള്‍ സ്വദഖ ചെയ്യുന്നവര്‍ നമുക്കിടയിലുണ്ട്. ഒരുപാട് നാളായി ആശ വെച്ച് വാങ്ങിച്ച കയ്യിലേയും കഴുത്തിലേയും സ്വര്‍ണ്ണങ്ങള്‍ അങ്ങനെത്തന്നെ ദീനീ സ്ഥാപനങ്ങള്‍ക്കും പള്ളിക്കും വേണ്ടി ഊരിക്കൊടുക്കാന്‍ തയ്യാറുള്ള സ്ത്രീകളും നമുക്കിടയിലുണ്ട്. പക്ഷെ, കര്‍മ്മങ്ങളുടെയെല്ലാം ലക്ഷ്യങ്ങള്‍ അല്ലാഹുവിന്‍റെ തൃപ്തിക്കുമപ്പുറം മറ്റു പലതിലേക്കും ചേക്കേറുമ്പോള്‍ തിന്മകളും നമ്മെ വിട്ടൊഴിയാതെയാവുന്നു.

              മുആദ് (റ) പറയുന്നു : യമനിലെ ന്യായാധിപനായി നിയോഗിച്ചപ്പോള്‍ താന്‍ റസൂല്‍ (സ്വ)യോട് പറഞ്ഞു : അല്ലാഹുവിന്‍റെ ദൂതരേ.. എന്നെ ഉപദേശിച്ചാലും, നബി (സ്വ) പറഞ്ഞു : നിന്‍റെ മതം അല്ലാഹുവിന് വേണ്ടി മാത്രമാക്കുക. എന്നാല്‍ നിനക്ക് കുറഞ്ഞ കര്‍മ്മങ്ങള്‍ മതിയാകും.
               റമളാന്‍ വിചാരപ്പെടലിന്‍റെ നാളുകളാണ്. പ്രായ പൂര്‍ത്തിയായത് മുതല്‍  ചെയ്ത് പോയ പാപങ്ങളില്‍ നിന്നും താന്‍ പൂര്‍ണ്ണമായും മുക്തനായോ ? അതെല്ലാം തന്നെ എത്രവലിയ പാപങ്ങളും പൊറുത്ത് തരുന്ന, തന്‍റെ അടിമയെ ഏറെ സ്നേഹിക്കുന്ന തന്‍റെ നാഥന്‍റെ മുന്നില്‍ ഏറ്റ് പറഞ്ഞുവോ ? തന്‍റെ കര്‍മ്മങ്ങളിലെല്ലാം തന്നെ അല്ലാഹുവിന്‍റെ പ്രീതി പരമ ലക്ഷ്യമാണോ ? തുടങ്ങിയ ചിന്തകളിലുള്ള ആത്മ വിചാരണയുടെ നാളുകള്‍. റമളാന്‍ കഴിഞ്ഞ് കടക്കുന്നതോടെ നമ്മുടെ ഹൃദയം ശുദ്ധിയാകണം. പാപങ്ങളെല്ലാം കഴുകിയെടുത്ത് തെളിഞ്ഞ ഹൃദയവുമായി അല്ലാഹുവിനോട് സംവദിക്കുന്ന ആ ഒരു അനുഭൂതി വിശ്വാസിയുടെ ഏറ്റവും വലിയ സന്തോഷമാണ്. ഈ റമളാന്‍ നമ്മുടെ പാപങ്ങളെല്ലാം കരിച്ചു കളയാനുള്ളതാകട്ടെ !  

3 thoughts on “മലിനമായ ഹൃദയത്തെ നമുക്ക് കഴുകിയെടുക്കാം”

  1. ആയത്തുകളും ഹദിസുകളും അറബിയിലും ചെറിയ ബൈത്തുകളും കൊടുത്താല്‍ ഉപകാരമാവും

Comments are closed.