ജഫിന് കൊടുവള്ളി
കേരള മുസ്ലിം നവോത്ഥാനചരിത്രത്തിലെ വിസ്മരിക്കപ്പെടാനാകാത്ത ഏടുകളാണ് ഉലമാക്കള്‍. മതപരവും സാംസ്കാരികവുമായ മൂല്യങ്ങള്‍ സമ്മാനിക്കുകയും അതിജീവനത്തിന് നേതൃത്വം നല്‍കുകയും ചെയ്യുന്നതിലൂടെ സമൂഹസമുദ്ധാരണമായിരുന്നു അവരുടെ മുമ്പില്‍. അസാധാരണമാം വിധമുള്ള അവരുടെ പ്രവര്‍ത്തികളാണ് യഥാര്‍ത്ഥത്തില്‍ ചൈതന്യവാഹിയായ ഒരു ഇസ്ലാമികാന്തരീക്ഷം കേരളത്തില്‍ സൃഷ്ടിച്ചെടുത്തത്. നിരര്‍ത്ഥക ഇസ്ലാമികതയെ പ്രതിരോധിക്കുവാനും സാമൂഹികോന്നതിക്ക് ഫലപ്രദ ഔഷധമേകുവാനും ഉലമാക്കള്‍ കാണിച്ച വ്യഗ്രത മാപ്പിളചരിത്രത്തില്‍ ഏറെ നിര്‍ണ്ണായകമായിരുന്നു.
സമൂഹത്തിലേക്കിറങ്ങിയുള്ള സകലതല സ്പര്‍ശിയായ ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളുടെ വ്യാപനത്തോടെയാണ് കേരളത്തില്‍ ഉലമാക്കളുടെ വേരോട്ടവും സ്വാധീനവും സാധ്യമായത്.
വിഭിന്ന ദേശ-നാഗരികതകളില്‍നിന്ന് തങ്ങളാവാഹിച്ച ഉത്തമമൂല്യങ്ങളെ സമര്‍പ്പിക്കുന്നതിലൂടെയും ആത്മീയ-ധാര്‍മ്മികമൂല്യങ്ങളെ ജനമനസ്സുകളില്‍ സന്നിവേശിപ്പിക്കുന്നതിലൂടെയും പണ്ഡിതധര്മ്മത്തിന്റെ യഥാമുഖത്തെ സാധൂകരിക്കുകയും ചെയ്തു ഉലമാക്കള്‍.
നവോത്ഥാന ശില്‍പ്പികള്‍
വക്കം മൗലവിയെപ്പോലുള്ളവര്‍ നവോത്ഥാനനായകരും, ദൈവീകവചനങ്ങളെ വക്രീകരിക്കുന്ന സ്വയംതത്പ്പര വ്യാഖ്യാനങ്ങളുടെ സൃഷ്ടാക്കള്‍ മാപ്പിളനേതൃത്വവുമായി അവരോധിതരാകുമ്പോഴാണ് യഥാര്‍ത്ഥ നവോത്ഥാനശില്‍പ്പികള്‍ വിലയിരുത്തപ്പെടേണ്ടത്. കൊളോണിയല്‍ ആധുനികതയുടെ പിന്നാമ്പുറ സംരംഭമായ “പുരോഗമനാത്മക”വും മാപ്പിളപാരമ്പര്യത്തിന് വിരുദ്ധവുമായ പ്രവര്‍ത്തികളാണ് അവകാശവാദികളുടേതെന്നത് ഏറെ പ്രാമുഖ്യമര്‍ഹിക്കുന്നു. ഫസ്ല് പൂക്കോയ തങ്ങള്‍ നാടുകടത്തപ്പെട്ടശേഷം ഉമര്‍ ഖാസിയുടെയും പാണക്കാട് ആറ്റക്കോയ തങ്ങളുടെയും ഹ്രസ്വകാലനേതൃത്വാനന്തരം 1860 മുതല്‍ 1920 വരെ ആറുപതിറ്റാണ്ടുകാലത്തോളം മുസ്ലിം സമൂഹം നേതൃത്വമില്ലാതലഞ്ഞപ്പോഴാണ്, മതപ്രാമാണികതയെ വിസ്മരിക്കുംവിധം സിയാഉദ്ദീന്‍ മക്തിതങ്ങളെപ്പോലുള്ളവര് സമൂഹത്തിലുയരുന്നത്.
സ്വന്തം കാഴ്ച്ചപ്പാടുകളിലൂടെ മതത്തെ വ്യാഖ്യാനിക്കുകയും ഇന്നേവരെ സമുദായം അനിഷേധ്യം അംഗീകരിച്ച വസ്തുതകളെ പുത്തനാശയങ്ങളെന്ന് ചിത്രീകരിക്കുകയുംചെയ്ത റശീദ് രിളയുടെ അല്‍ മനാറില്നിന്ന് മതമുള്ക്കൊണ്ട തിരുവനന്തപുരത്തെ വക്കം മൗലവിയും മലബാറിലെ മക്തിതങ്ങള്‍, കെ.എം മൗലവി എന്നിവരും ഊതിവീര്‍പ്പിച്ചത് മത-ഉലമാവിരുദ്ധ അജണ്ടകളായിരുന്നു. നവോത്ഥാനശില്‍പ്പികള്‍ സ്മരിക്കപ്പെടേണ്ടതിവിടെയാണ്.
നവോത്ഥാനചരിത്രം അപഗ്രഥിക്കുന്നതില്‍ ആദ്യകാലത്ത് മുഖ്യമായും വഹാബീ ചിന്താഗതിക്കാരാണ് പ്രവര്‍ത്തിച്ചത് എന്നതിനാല്‍ നവോത്ഥാനത്തിന്റെ യഥാര്‍ത്ഥമുഖം അജ്ഞാതമാകുകയും മതവക്രീകരണവക്താക്കള് മതനേതൃത്വമായി മുദ്രകുത്തപ്പെടുകയും ചെയ്തുവെന്നതാണ് യാഥാര്‍ത്ഥ്യം. ശേഷം മര്‍ഹൂം പി.പി മുഹമ്മദ് ഫൈസിയെ പോലുള്ള സുന്നി ചരിത്രാന്വേഷികളുടെ ഉദയമാണിവയെയും നവോത്ഥാനത്തിന്റെ ഉലമാപ്രാതിനിധ്യത്തെയും വിശകലനം ചെയ്യാന്‍ ഹേതുവായത്.
ഉലമാ ശബ്ദങ്ങളുടെ ആധികാരികത
മുഖ്യമായും രചനാമേഖലയില്‍ വ്യാപരിച്ച ആഗോള പണ്ഡിതവ്യൂഹത്തില്നിന്ന് വിഭിന്നമായി കേരളത്തിലെ ഉലമാക്കള്‍ സമൂഹമധ്യേ പ്രവര്‍ത്തിക്കാനായിരുന്നു താത്പര്യപ്പെട്ടത്. ഉലമാസമൂഹം സജീവ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുവെന്ന ഖാസിം സമാന്റെ നിരീക്ഷണംപോലെ മാപ്പിള ഉലമാക്കളും പുരോഗമനാത്മക മാറ്റങ്ങളുള്ക്കൊള്ളുന്നവരായിരുന്നു. പക്ഷെ, അവയെല്ലാം മതബിന്ദുവില് അധിഷ്ഠിതമായിരുന്നു. ബിദഇകളില്നിന്ന് ഉലമാക്കളെ വ്യത്യസ്തമാക്കുന്ന ഘടകവുമിതുതന്നെ. അന്ന് ജനങ്ങള്‍ അവര്‍ക്കേകിയ പ്രാധാന്യവും അവരുടെ ശബ്ദങ്ങളുടെ ആധികാരികതയും നിലപാടുകളുടെ മതകീയതയിലേക്ക് വിരല്‍ചൂണ്ടുന്നു.
യമനടക്കമുള്ള പ്രദേശങ്ങളില്‍നിന്ന് കേരളക്കരയിലണഞ്ഞ പണ്ഡിതന്മാര്ക്കൊക്കെയും സമൂഹമേകിയ സ്വീകാര്യത ആദിമപ്രബോധനസംഘം മുതല്‍ വ്യക്തമായിരുന്നു. അവരുടെ ആജ്ഞകള്‍ നെഞ്ചിലേറ്റാനുള്ള സമൂഹാഭിവാജ്ഞ ഏറെ പ്രസ്താവ്യവുമാണ്.
രാജാക്കന്മാരടങ്ങുന്ന ഇതരമതസ്ഥരുടെ ആദരവ് ഇതേറെ തെളിയിക്കുന്നു. യുദ്ധമടങ്ങുന്ന സകലമേഖലകളിലുമവരുടെ വചനങ്ങളേറെ പ്രാധാന്യമര്‍ഹിച്ചിരുന്നു. മന്ഖൂസ് മൗലിദ് മുതല്‍ മജ്ലിസുന്നൂര് അടക്കം, സാമൂഹികവിഭ്രാന്തികളിലെ സമൂഹത്തിന്റെ ഉലമാ അവലംബത്തെയാണ് അടയാളപ്പെടുത്തുന്നത്.
ഉലമാ രചനകളുടെ സ്വാധീനവും ഇതിലേക്ക് വിരല്‍ചൂണ്ടുന്നു. അറബി ഭാഷയിലാണെങ്കിലും തഹ്രീളും അദ്കിയായും നേടിയെടുത്ത പ്രചാരവും തുഹ്ഫയിലെ കഥകളുടെ വ്യാപനവും ഇതടയാളപ്പെടുത്തുന്നു. ഇവയില്‍ ഫത്ഹുല്‍ മുഈന്‍ മുഖ്യസ്ഥാനമര്ഹിക്കുന്നു.
മാപ്പിളമാരെ ഇസ്ലാമിക പരിജ്ഞാനമുള്ളവരാക്കുന്നതിലും മഹത്തരമായൊരു സംസ്കാരത്തെ പരമ്പരാഗത കൈമാറ്റത്തിലൂടെ സര്‍വ്വ കാലത്തും നിലനില്ക്കുംതരത്തില് മാപ്പിളസംസ്കാരത്തിന്റെ ഭാഗമാക്കുന്നതിലും ഫത്ഹുല്‍ മുഈന്‍ വഹിച്ച സാരഥ്യം അനിഷേധ്യമാണ്. ബ്രിട്ടീഷ് റെക്കോര്‍ഡ്സ് പോലും ഇത് തെളിയിക്കുന്നു. റോളണ്ട് മില്ലറുടെയും വില്യം ലോഗന്റെയും കൃതികളും ഉലമാസ്വാധീനത്തെ പ്രസ്താവിക്കുന്നുണ്ട്. സമൂഹസമക്ഷം സമുന്നതരായി എന്നതുതന്നെയാണ് ഉലമാക്കളുടെ യഥാര്‍ത്ഥ ആക്ടിവിസത്തെ പ്രതിനിധീകരിക്കുന്നത്.
വൈജ്ഞാനിക സമ്പര്‍ക്കത്തിന് നിര്‍മിതമായ അറബിമലയാളവും ഉലമാ രൂപീകരണങ്ങളില്‍ മുഖ്യമായിരുന്നു.
അറബിമലയാള രൂപവത്കരണം
അറബിമലയാളമെന്ന ഒരു ലിപിസംവിധാനത്തിന്റെ നിര്‍മിതി ഉലമാക്കളുടെ ആഴമേറിയ ചിന്തയില്നിന്നുത്ഭവിക്കുന്നതാണ്. കേരളത്തിലങ്ങേയറ്റം ജാതിവ്യവസ്ഥയും തൊട്ടുകൂടായ്മയും നിലനില്ക്കുകയും വിവേകാനന്ദനടക്കം അനേകമാളുകളുടെ വിമര്ശനത്തിനിരയാകുകയും ചെയ്ത 1500-1600 കാലഘട്ടത്തില്‍, താഴ്ന്ന ജാതിക്കാര്‍ക്ക് സൈനിക പ്രവേശനം നിഷേധിക്കപ്പെട്ടപ്പോഴും മുസ്ലിംകള് ബ്രാഹ്മണരെപ്പോലെ സാമൂതിരിയടക്കമുള്ളവരുടെയടുത്ത് ആദരിക്കപ്പെട്ടിരുന്നു. അത്തരമൊരിടത്ത് കൂട്ടമതപരിവര്ത്തനങ്ങളുണ്ടായി. ഉലമാക്കളുടെ സൂക്ഷ്മജ്ഞാനവും വിചിന്തനാത്മക നിലപാടുകളും, നാവികസേന റിക്രൂട്ട്മെന്റിന്റെ ഭാഗമായി സാമൂതിരിയുടെ മതംമാറ്റ നിശ്കര്ഷനവുമായിരുന്നു ജാതീയതയുടെ ഇരകളുടെ കൂട്ടമതപരിവര്ത്തനത്തിന്റെ മുഖ്യകാരണങ്ങള്‍.
ഇത്തരം മതപരിവര്‍ത്തിത വിഭാഗങ്ങള്‍ക്ക് സുഗ്രാഹ്യമായൊരു ഭാഷാസംവിധാനമെന്ന നിലയിലാണ് ഇസ്ലാമിക പരിജ്ഞാനത്തിനേറ്റവുമുചിതമായ അറബിമലയാള രൂപീകരണം. അറബി ഭാഷയിലെ ഫത്ഹുല്‍ മുഈനും അദ്കിയയും പ്രചാരത്തിലുള്ളൊരു ജനതക്കുമുമ്പിലെ നവഭാഷാവതരണം മുഖ്യമായും ലക്ഷീകരിക്കുന്നത് മതപരിവര്‍ത്തിത പൊതുജനങ്ങളെയാണ്. പ്രമുഖ ദേശീയ സാഹിത്യകാരന് തോപ്പില്‍ മീരാന്‍ പോലുള്ളവര്‍ വിശകലനത്തിന് തുനിഞ്ഞ അറബിത്തമിഴും(അര്‍വി) അറബിപ്പഞ്ചാബിയും അറബിഗുജറാത്തിയുമെല്ലാം, സ്വദേശഭാഷയുടെ അറബി ലിപിയാവിഷ്കരണത്തിന്റെ ഇതരമാതൃകകളാണ്.
ഭാഷാ വര്‍ത്തമാനം
ഭാഷാപരമായി അനേകം മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ സംഭവമായിരുന്നു അച്ചടിയുടെ മുഖ്യധാരാപ്രവേശനം. 1800 കളിലെ അച്ചടിയുടെ കേരളാഗമനത്തിലും ഉലമാക്കളേറെ ജാഗരൂഗരായാണതിനെ സമീപിച്ചത്. 1868ലെ ആദ്യ അച്ചടിശാലയിലൂടെ കൃതികളുടെ ഒഴുക്ക് അതീവശക്തിയാര്ജിച്ചു. അതോടെ ഇന്നുവരെ പണ്ഡിതരിലേക്ക് മാത്രമാശ്രയിച്ച് ഉലമാക്കളെ മുന്‍നിര്‍ത്തിയുള്ള സമൂഹത്തിന്റെ നീക്കുപോക്കുകള്‍ പുസ്തകാവലംബങ്ങളായപ്പോള്, കാവ്യരീതികളെ ശക്തിപ്പെടുത്തുന്നതില്‍ ഉലമാക്കള്‍ കാര്യമായ ശ്രദ്ധചെലുത്തി.
ഉമര്ഖാസിയെപ്പോലുള്ള പണ്ഡിതരെല്ലാം അവ ആദ്ധ്യാത്മികജ്ഞാനത്തിന്റെ പ്രസരണകേന്ദ്രമെന്ന് വിലയിരുത്തി. അതിന്റെ ഫലമെന്നോണമാണ് കേരളമുസ്ലിംകളില്‍ സുപരിചിതമായ അനേകം കാവ്യരചനകളുടലെടുത്തത്. അറബിമലയാളത്തില്‍ പൂര്ണ്ണസാക്ഷരത കൈവരിച്ച സമൂഹത്തിലാണ് ഇവയെന്നത് ശ്രദ്ധേയമാണ്. 1868-1920 കാലങ്ങളില്‍ ആയിരക്കണക്കിന് അറബിമലയാള രചനകള്‍ വിരചിതമായി എന്നതാണ് യാഥാര്‍ത്ഥ്യം.
വിഭിന്ന ഭാഷാസംസ്കൃതി നിലമൊരുക്കിയ നാട് എന്ന നിലയില്‍ അച്ചടിയുടെ ആഗമനസമയത്ത് ഭാഷകളുടെ വൈവിധ്യഭൂമിയായിരുന്നു കേരളം. അവയുടെ ധ്വംസനമായിരുന്നു ക്രിസ്ത്യാനികള്‍ സുരിയാനിയിലും ഹൈന്ദവര്‍ സംസ്കൃതത്തിലും മുസ്ലിംകള് അറബിയിലും ലിപികളാവിഷ്കരിച്ച ഭാഷാസംസ്കൃതിയിലെ അച്ചടി ആഗമനം നിര്‍മിച്ചെടുത്ത ഭാഷാഏകീകരണം. തങ്ങളോട് ചായ്വും പിന്തുണയും കാണിച്ച ബ്രാഹ്മണന്മാരെ ബ്രിട്ടീഷുകാര്‍ അതിനായി ക്ഷണിക്കുന്നതിലൂടെ മലയാളം ഹൈന്ദവ ലിപിയിലധിഷ്ടിതമാകുകയും മലയാളത്തിന്റെ എണ്‍പത് ശതമാനവും സംസ്കൃതവത്കരിക്കപ്പെടുകയും ക്രൈസ്തവ-മുസ്ലിം തലങ്ങള്‍ സര്‍വ്വാത്മനാ അവഗണിക്കപ്പെടുകയും ചെയ്തു.
എങ്കിലും സുരിയാനിയില്‍ നിന്നെല്ലാം വിഭിന്നമായുള്ള അറബിമലയാളത്തിന്റെ നിലവിലുള്ള പ്രചാരവും നിലനില്‍പ്പും അന്നത്തെ ഉലമാ ചെയ്തികളുടെ ഫലങ്ങളാണ്.
അറബിമലയാളത്തിന്റെ മുഖ്യസംഭാവനകളാണ്, ജനമനസ്സുകളിലേറെ വൈശിഷ്ട്യമേറിയതും തവസ്സുല്‍ അടക്കമുള്ളവയുടെ പരമ്പരാഗത യാഥാസ്ഥികത തെളിയിക്കുന്നതുമായ മാലകള്‍. അറബിമലയാളത്തിലെ പ്രഥമകൃതി മുഹ്യിദ്ദീന്‍മാല(1607) മുതല്‍ കുഞ്ഞായിന്‍ മുസ്ലിയാരുടെ നൂല്‍മദ്ഹും നൂല്‍മാലയും അടങ്ങുന്ന കൃതികള്ക്കേറെ വേരോട്ടമുണ്ടാകുന്നതും ആത്മീയതയുടെ സ്വരങ്ങളായവ ഉത്ഭവിക്കുന്നതും ഇവയുടെ സ്വാധീനത്തെ അറിയിക്കുന്നു.
അതേസമയം, മാലമൗലിദുകള്‍ മുസ്ലിം വീടുകളില്‍ സൃഷ്ടിച്ചെടുത്ത നവോത്ഥാനവും പ്രാമുഖ്യവത്കരിക്കപ്പെടേണ്ടതാണ്. സിനിമ, മദ്യം, ചൂഷണമോഷണങ്ങള് തുടങ്ങിയവയും ക്രൈസ്തവഗ്രന്ഥങ്ങള്‍ പോലും അവയിലെ പ്രതിപാദ്യവിഷയമായിരുന്നു. ഇത്തരത്തിലുള്ള അറബിമലയാളത്തിലെ മാലമൗലിദുകള്‍ സൃഷ്ടിച്ചെടുത്ത സാംസ്കാരികവും മതപരവുമായ നവോത്ഥാനം കേരളസമൂഹത്തില്‍ വിപ്ലവാത്മക മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. പൊതുജനത്തിന്റെ സംസ്കാരരൂപീകരണത്തിന്റെ അവലംബങ്ങളായി അവ അനുവര്‍ത്തിച്ചു.
ഉലമാപ്രാതിനിധ്യത്തിന്റെ പൊന്നാനി സ്പര്‍ശം
മഖ്ദൂമീ പണ്ഡിതമഹത്തുക്കളുടെ ധീരസരണിയാണ് കേരള മുസ്ലിം നവോത്ഥാനത്തിന്റെ ആദിമസ്പര്ശമായുള്ള ചരിത്രപ്രസ്താവ്യം.
മഖ്ദൂമുമാരില്നിന്നാണ് കേരള മുസ്ലിംചരിത്രം പ്രാമുഖ്യത്തോടെ അവതീര്‍ണ്ണമാകുന്നത് എന്നതാണ് ഇതിന് നിദാനം. സര്വ്വസമയങ്ങളിലും സൂഫിസമാണ് കേരളത്തെ നയിച്ചത്. കൃതികള്‍ സര്‍വ്വതിലും എന്തെങ്കിലുമൊരു സൂഫീസ്പര്ശം നമുക്ക് വീക്ഷിക്കാനാകും. കര്‍മ്മശാസ്ത്ര രചയിതാക്കള്‍ തന്നെ മുഹ്യിദ്ദീന് ശൈഖിനെയും രിഫാഈ ശൈഖിനെയും പ്രതിഷ്ടിച്ചത് സൂഫീപൈതൃകത്തെ അടയാളപ്പെടുത്തുന്നു. ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖുമാരായ ഇമാം ജീലി(റ), ഫരീദ് ഔലിയ(റ) തുടങ്ങിയവരെല്ലാമാവാഹിച്ചതുപ്രകാരം തന്നെയാണ് പൊന്നാനിയിലെ സൂഫീചൈതന്യവും നിര്മിതമായത്. മഖ്ദൂമീ ആദ്ധ്യാത്മികസരണി പ്രാധാന്യമര്ഹിക്കുന്നതുമിവിടെയാണ്.
കൊണ്ടോട്ടിക്കൈ ക്കെതിരെയുള്ള പ്രതിരോധവും ഉലമാ പ്രവര്ത്തനമണ്ഡലങ്ങളിലേറെ പ്രാമുഖ്യമര്‍ഹിക്കുന്നു.
1717 നോടടുത്ത് കേരളത്തിലണഞ്ഞ അഹ്മദ്ശാ തങ്ങളുടെ പിന്‍ഗാമികളായ കൊണ്ടോട്ടിക്കൈ ഇസ്ലാമിക വിരുദ്ധവും ബ്രിട്ടീഷ് അനുകൂലവുമായ നിലപാടുകളാണ് സ്വീകരിച്ചത്.
അവരില്‍നിന്ന് കൈരളിയെ രക്ഷിക്കുവാനും അവ തകര്‍ത്തെറിയുവാനും ഉലമാക്കള്‍ കൃത്യമായ കോട്ടകെട്ടി. ശൈഖ് ജിഫ്രിയും മമ്പുറം തങ്ങളും ശുജായി മൊയ്തു മുസ്ലിയാരും ഇവയുടെ മുഖ്യപ്രതിരോധ കക്ഷികളാണ്. പൊന്നാനിക്കൈ എന്ന അഹ്ലുസ്സുന്നയുടെ സമക്ഷംകൊണ്ടോട്ടിക്കൈ ലയിക്കുവാന്‍ നിമിത്തമായതും ഇത്തരം ഉലമാ ഫത്വകളും നിഷ്കര്ശനങ്ങളുമായിരുന്നു.
രിഹ്ലത്തുല് മുലൂക്ക് തുടങ്ങിയ കൃതികളെല്ലാം പ്രസ്താവിക്കുന്നതുപോലെ ആകര്‍ഷണീയ ജീവിതവും സ്വഭാവവിശുദ്ധിയുമായിരുന്നു മഖ്ദൂമുമാരുടെ സ്വാധീനത്തിന്റെ മുഖ്യകാരണമെന്നത് വ്യക്തം. പരിഹാരതേട്ടങ്ങളുമായി മഖ്ദൂമിലണയുന്ന സാഹചര്യവും പൊന്നാനിയിലെ ജ്ഞാനവിളക്കില് നിന്നുത്ഭവിക്കുന്ന വൈജ്ഞാനികപ്രസരണവും മഖ്ദൂമി നിര്മിതികളിലുള്ക്കൊള്ളുന്നു.
വൈദേശികാധിപതികള്ക്കെതിരെ
ചരിത്രത്തില്‍ ഉലമാക്കള്‍ മുഖ്യമായും അടയാളപ്പെടുത്തപ്പെട്ട ഇടമാണ് അധിനിവേശവിരുദ്ധ പ്രക്ഷോഭങ്ങള്‍. 1498ലെ ഗാമയുടെ ആഗമനം മുതല്‍ ബ്രിട്ടീഷ് ശക്തികള്‍വരെ സര്‍വ്വ അനൈതിക കക്ഷികള്‍ക്കും അധിനിവേശതത്പരര്ക്കുമെതിരെ നേതൃത്വമേകുകയും പോരടിക്കുകയും ചെയ്ത പാരമ്പര്യമാണ് മാപ്പിളപണ്ഡിതരുടേത്. മായന്‍കുട്ടി ഒറ്റപ്പിലാക്കലിന്റെ ഇന്ത്യന്‍ കൊളോണിയല്‍ വിരുദ്ധസമരങ്ങളിലെ പണ്ഡിതസാന്നിധ്യം എന്ന ഡോക്ടറേറ്റ് പ്രബന്ധം ഇവ വിശദമായി പ്രതിപാദിക്കുന്നു.
മലബാറിലെ ഉലമാക്കള്‍ എന്ന മൂന്നാമധ്യായത്തില്‍ അവരുടെ ഇതര പ്രവര്ത്തനങ്ങള്ക്കൂടി സ്ഥാനാവരോധിക്കപ്പെടുന്നുണ്ട്. മുസ്ലിംകളെ കൊലചെയ്യല്‍ വിശുദ്ധമെന്ന് വിശ്വസിച്ച കരാളഹസ്തങ്ങളില്‍നിന്ന് ഒരു വംശമൊന്നടങ്കം ഉന്മൂലനം ചെയ്യപ്പെടുമെന്ന അവസ്ഥയില്‍പോലും മാപ്പിളമുസ്ലിംകള്ക്ക് വ്യക്തമായ മാര്‍ഗദര്‍ശനമേകിയ പണ്ഡിതദര്ശനങ്ങള്തന്നെയാണ് യഥാര്‍ത്ഥ നവോത്ഥാനസംരംഭങ്ങള്‍.
അധിനിവേശ വിരുദ്ധതയുടെ പ്രഥമസ്പര്ശമെന്നോണമായിരുന്നു ഉലമാക്കളുടെ രചനകള്‍. അറബികളെ കേരളത്തില്‍ നിന്ന് പുറന്തള്ളാനും മുസ്ലിംകളോടും ഹജ്ജ് അടക്കമുള്ള തീര്‍ത്ഥാടനാവശ്യാര്‍ത്ഥം സഞ്ചരിച്ചിരുന്നവരോടുമുള്ള മനുഷ്യത്വഹീനവും മൃഗീയവും ക്രൗര്യമേറിയതുമായ പറങ്കിപ്രവര്ത്തികള്ക്കെതിരെയു മുള്ള പ്രഥമ മാനിഫെസ്റ്റോയായ മഖ്ദൂം ഒന്നാമന്റെ തഹ്രീള് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
നാമമുരത്തുന്നത് പോലെ കുരിശുപടക്കെതിരെ പോരാടുന്നതിന്റെ പ്രതിഫലങ്ങളും ജിഹാദീമുഖങ്ങളും സൂചിപ്പിക്കുയാണ് മഖ്ദൂം(റ). മഖ്ദൂം കേരളമുസ്ലിംകള്‍ക്ക് ധാര്‍മ്മികവും ധൈഷണികവുമായ നേതൃത്വമേകിക്കൊണ്ടിരിക്കെയാണ് പറങ്കികളുടെ ആഗമനം. അതേസമയം ദൈവീകവും ആത്മീയവുമായ പ്രേരകങ്ങളില്നിന്ന് മാപ്പിളമാര്‍ക്ക് സമരാവേശമേകാന് ഉലമാക്കള്‍ രംഗത്തിറങ്ങി. അതിലൂടെ ഒരു ജനതയുടെ അതിജീവനത്തിന് തുല്യതയില്ലാത്ത നേതൃത്വമേകിയ ഉലമാക്കള്‍ യഥാജ്ഞാനികളെന്ന വിതാനത്തിലാണണഞ്ഞത്. മഖ്ദൂം രണ്ടാമന്റെ തുഹ്ഫതുല്‍ മുജാഹിദീനും മറ്റൊരു രൂപത്തെയായിരുന്നില്ല പ്രതിനിധീകരിച്ചിരുന്നത്.
ഇവയാണ് മഖ്ദൂമുമാരുടെ ആഗോളസ്വാധീനത്തിന്റെ മുഖ്യഹേതു. ഖാളി മുഹമ്മദിന്റെ ഫത്ഹുല്‍ മുബീന് ചാലിയം കോട്ടവിജയത്തിന്റെ പേരില്‍ രചിക്കപ്പെട്ടതാണ്. ഇത്തരത്തില്‍ മാപ്പിളമാരെ സാമൂഹികവും സാംസ്കാരികവുമായ അവബോധമുള്ള പൗരന്മാരാക്കിത്തീര്ക്കുന്നതിലും അതിജീവനം പഠിപ്പിക്കുന്നതിലും അവരുടെ പങ്ക് അനിഷേധ്യമാണ്.
വെള്ളക്കാര്ക്കുമുമ്പിലെ പണ്ഡിതക്കവചം
പോര്‍ച്ചുഗീസ് പതനാനന്തരം ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയെത്തിയപ്പോഴും സമരമുന്നണിയില്‍ ഉലമാക്കളായിരുന്നു. ഉണ്ണിമൂസ മൂപ്പനെയും മരക്കാര്‍മാരെയും നിര്‍മിച്ചെടുത്തതും ഉലമാനേതൃത്വങ്ങളായിരുന്നു.
പണ്ഡിതസമ്പര്ക്കങ്ങള് നേതൃരംഗത്ത് മാത്രമൊതുങ്ങാതെ പോര്‍ക്കളത്തിലും പ്രതിഫലിക്കുന്നവയായിരുന്നു.
ചേറൂര് യുദ്ധമടക്കമുള്ള സമരങ്ങളിലെ പങ്കാളിയും കാലത്തിന്റെ ഖുത്ബും ജാതി-മതഭേദമന്യേ സര്‍വ്വരാലും അംഗീകൃതനായ നേതാവുമായിരുന്നു മമ്പുറം സയ്യിദ് അലവി തങ്ങള്‍(മ;1845). തങ്ങളുടെയും മകന് ഫസ്ല് പൂക്കോയ തങ്ങളുടെയും സ്വീകാര്യതയും ആജ്ഞാനുസൃത സമൂഹപ്രവര്ത്തികളും കാരണമായി അവരുടെ പ്രസ്താവനകളാണ് കലാപനിദാനങ്ങളെന്ന് മലബാര്‍ മാന്വല്‍ പോലുളള ബ്രിട്ടീഷ് ഗ്രന്ഥങ്ങള്‍ പ്രസ്താവിക്കുന്നു. മമ്പുറം തങ്ങളെ അറസ്റ്റ് ചെയ്തപ്പോള്‍ ഉടനെ മോചിതരാക്കുകയായിരുന്നുവെന്നും തിരൂരങ്ങാടിയില്‍ തങ്ങളുടെ നേതൃത്വത്തിലനേകം ചര്‍ച്ചകള്‍ അരങ്ങേറിയിരുന്നുവെന്നുമാണ് ബ്രിട്ടീഷ് റിപ്പോര്‍ട്ടുകള്‍.
പിതാവിന്റെ മരണാനന്തരം യുവാവായ ഫസ്ല് പൂക്കോയ തങ്ങളുടെ സ്വാധീനവും സമരനേതൃത്വവും കാരണമായി ജനങ്ങളെ വഞ്ചിച്ച് അദ്ദേഹത്തെ നാടുകടത്തുകയായിരുന്നു വെള്ളക്കാര്‍.
ടിപ്പുവിന്റെ കാലത്തോടടുത്ത് 1741ല്‍ കൊയിലാണ്ടിയിലണഞ്ഞ ശൈഖ് ജിഫ്രിയും 1754ലെത്തിയ ഹസന് ജിഫ്രിയുമെല്ലാം നടത്തിയ ഇടപെടലുകള്‍ ഈ മേഖലയില്‍ മുഖ്യവും പരമവും സമരങ്ങളുടെ ഉത്തേജക കേന്ദ്രങ്ങളുമായിരുന്നു. മമ്പുറം തങ്ങളുടെ ഫത്വ, സൈഫുല്‍ ബത്താര്‍ സമരപ്രകടന പത്രികകളില്‍ മുഖ്യമായിരുന്നു. ബ്രിട്ടീഷുകാരെക്കുറിച്ച് നസാറാ(ക്രിസ്ത്യാനികള്‍) എന്നായിരുന്നു പണ്ഡിതപ്രയോഗം. അതേസമയം, ഫസ്ല് പൂക്കോയ തങ്ങളുടെ ഉദ്ദത്തുല്‍ ഉമറാ ലോകപ്രസിദ്ധ അധിനിവേശവിരുദ്ധ കൃതിയുമാണ്.
1852ല്‍ നാടുകടത്തപ്പെട്ട ശേഷം 1856ല്‍ ഈജിപ്തില്‍ ഉദ്ദഃ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള് സൈഫുല്‍ ബത്താര്‍ അതിലുള്‍പ്പെടുകയും ഓരോ പേജിന് മുകളിലും ഉസ്മാനിയ്യ ഖിലാഫത്തിലേറെ പ്രാമുഖ്യമര്ഹിച്ച കൃതി എന്ന നിലയില്‍ അവര്‍ക്കായി പ്രാര്ത്ഥനാവാക്യവുമുണ്ടായിരുന്നു. ചേറൂര്, മലപ്പുറം പടപ്പാട്ടുകളിലും ഓമാനൂര്‍ പടയിലുമെല്ലാം ഇവരേറെ പ്രാമുഖ്യവത്കരിക്കപ്പെട്ടിരുന്നു. ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്ലിയാരുടെ(മ;1942) ബ്രിട്ടീഷ് നിരോധിതകൃതി മുഹിമ്മാത്തുല്‍ മുഅ്മിനീ’നും ഈ ഗണത്തിലെ പരമപ്രസ്താവ്യമാണ്.
1921ലെ മലബാര്‍ കലാപത്തിലൂടെയാണ് രണ്ടാമതൊരു മുഖ്യധാര ഉലമാ സമരങ്ങള്‍ക്ക് വേദിയൊരുങ്ങുന്നത്. ഉലമാക്കള്‍ മുഖ്യമായും വിസ്തരിക്കപ്പെടുകയും വിശകലനം ചെയ്യപ്പെടുകയും ചെയ്തത് 1921 ലെ മാപ്പിള ലഹളയിലൂടെയാണ്. അതോടൊപ്പം പലരും വിസ്മരിക്കപ്പെട്ടുപോകുകയും ചെയ്തു. അവിടെയും സൂഫീ സാന്നിധ്യങ്ങളായ ഉലമാക്കളിലായിരുന്നു സമരനായകത്വം.
ആലി മുസ്ലിയാരും വാരിയന്‍കുന്നത്തും പാങ്ങിലുസ്താദും കൊന്നാര് തങ്ങളുമെല്ലാം ഇതിലെ ജ്വലനപ്രതീകങ്ങളായിരുന്നു. മഖ്ദൂം രണ്ടാമന്, സൈനി ദഹ്ലാന്, ഹിബത്തുല്ലാ മക്കി തുടങ്ങി അനേകം പണ്ഡിതരുടെ ശിഷ്യനും അല്ലഫല്‍ അലിഫ് വ്യഖ്യാനമടക്കം അനേകം രചനകളുടെ കര്‍ത്താവുമായ ആലി മുസ്ലിയാര് സൂഫീജ്ഞാനി കൂടിയായിരുന്നു. ഇത്തരത്തിലനേകങ്ങളുടെ ഉയര്‍ച്ചയും മാപ്പിള സമൂഹമൊന്നടങ്കം അണിനിരന്ന മുന്നണിയും ഇതിലൂടെ നിര്മിതിയാര്ജ്ജിച്ചു.
പാലക്കാംതൊടിക അബൂബക്കര്‍ മുസ്ലിയാര്
1921ന്റെ വിസ്മരിക്കപ്പെട്ട ഏടുകളിലെ വീരസേനാനിയാണ് പാലക്കാംതൊടിക അബൂബക്കര്‍ മുസ്ലിയാര്. മലബാര്‍ സമരത്തില്‍ ഏറനാടും വള്ളുവനാടും മാത്രം അടയാളപ്പെടുത്തപ്പെട്ടപ്പോള്‍ സൂഫീവര്യനും പ്രദേശത്തെ ഇരുപത്തിരണ്ടിലധികം മഹല്ലുകളുടെ ഖാസിയുമായിരുന്ന പാലക്കാംതൊടിക അബൂബക്കര്‍ മുസ്ലിയാരുടെ പ്രക്ഷോഭങ്ങളും കോഴിക്കോട്ടെ ചെറുത്തുനില്‍പ്പും വിസ്മരിക്കപ്പെട്ടു. ഹിച്ച്കോക്കും ഗംഗാധരനുമടക്കമുള്ളവര് സൂചനകളേകുന്നുവെങ്കിലും ഡോ.മോയിന്‍ മലയമ്മയുടെ മലബാര്‍ സമരം; കോഴിക്കോട് താലൂക്കിലെ ചെറുത്തുനില്‍പ്പും പാലക്കാംതൊടിക അബൂബക്കര്‍ മുസ്ലിയാരു’മെന്ന ഗ്രന്ഥമാണ് നവവിശകലനങ്ങള്ക്കിടം നല്‍കുന്നത്. ഏറനാട്-വള്ളുവനാടിനേക്കാളുപരി പ്രാമുഖ്യവത്കരിക്കപ്പെടേണ്ട ചരിത്രത്തെ ഹ്രസ്വവത്കൃത ചിത്രത്തില്‍ നിന്നുണര്ത്തുന്നതാണ് പ്രസ്തുത ഗ്രന്ഥം. ശംസുല്‍ ഉലമാ(റ), സി.എം മടവൂര്‍ അടക്കം പില്ക്കാല മുഖ്യധാരാ പണ്ഡിതരുടെ ഗുരുവര്യനും സമസ്ത വൈസ്പ്രസിഡന്റുമായിരുന്ന മലയമ്മ അബൂബക്കര്‍ മുസ്ലിയാരെക്കുറിച്ചുള്ള തന്റെ മുന്‍ഗ്രന്ഥത്തില്‍ ഇവയിലേക്ക് ചെറുസൂചനകളേകിയിരുന്നു ഗ്രന്ഥകര്‍ത്താവ്.
നാലുപതിറ്റാണ്ടോളം പി.സി കുഞ്ഞാലന്‍കുട്ടി മുസ്ലിയാര് ദര്‍സ് നടത്തുകയും അദ്ദേഹം മറവ് ചെയ്യപ്പെടുകയും ചെയ്ത പുതിയോത്തെ പാലക്കാംതൊടിക അബൂബക്കര്‍ മുസ്ലിയാരുടെ ദര്‍സ് ഏറെപ്രസിദ്ധമായിരുന്നു. ശംസുല്‍ ഉലമാ(റ), സി.എം മടവൂര്‍ പോലുള്ളവരുടെ പിതാക്കള്‍ ശിഷ്യന്മാരായിരുന്നു. അതിനിടയിലെ കൊന്നാര് തങ്ങളുടെ കത്താണ് 1874ല്‍ ജനിച്ച അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണ്ണായക ചൂണ്ടുപലക. പുത്തൂര്‍ ഖിലാഫത്ത് പ്രസിഡന്റായാണരങ്ങേറ്റം. ഒരു മാസത്തോളം ബ്രിട്ടീഷുകാര്‍ക്ക് പ്രവേശനമനുവദിക്കാതെ മനുഷ്യക്കോട്ട നിര്‍മിക്കാന്‍ പുത്തൂരിനെ പ്രാപ്തമാക്കി അദ്ദേഹം. ഏറനാട്-വള്ളുവനാട് ദേശങ്ങളില്‍ കലാപമടങ്ങിയപ്പോഴും ഇവിടെ സമരദേശങ്ങളായിരുന്നു. ഒടുവില്‍ താമരശ്ശേരി മലനിരകളിലൊളിക്കുകയും, വിവരമറിഞ്ഞ ബ്രിട്ടീഷ് റെയ്ഡില്‍ അനുയായികള്‍ മിക്കവരും പിടിക്കപ്പെട്ടു. ശേഷം അദ്ദേഹം മലയിറങ്ങി സ്വന്തം നാട്ടിലൂടെ കോഴിക്കോട്ടെത്തിയപ്പോള്‍ വിവരമറിഞ്ഞ ബ്രിട്ടീഷ്കരങ്ങളില് 1922 ജൂണില്‍ ചെറുവത്തൂര്‍ റെയില്‍വേസ്റ്റേഷനില്‍വെച്ച് അകപ്പെടുകയും കോയമ്പത്തൂരിലെ വധശിക്ഷക്കുമുമ്പ് രണ്ട് റക്അത്ത് നമസ്ക്കാരമദ്ധ്യേ മരണപ്പെടുകയുമാണ് ചെയ്തത്.
അദ്ദേഹത്തിന്റെ പ്രാര്ത്ഥനാഫലമെന്നോണം മഴയെത്തിയതും വീട്ടിലേക്കയച്ച രണ്ടുകത്തുകളും ജനമനസ്സുകളിലെ അവശേഷിപ്പുകളാണ്. വൈജ്ഞാനിക മേഖലക്കപ്പുറം അവര്‍ വ്യാപരിച്ച വഴികളതീവ പ്രാധാന്യമേറിയതും കേരള മുസ്ലിം ചരിത്രത്തിന്റെ പരമവും നിര്‍ണ്ണായകവുമായ വസ്തുതകളുമായിരുന്നു. വിസ്മൃത ചരിത്രങ്ങളുടെ ഉത്തമോദാഹരണമാണ് അദ്ദേഹത്തിന്റേത്.
സാമൂഹികോന്നതിയില് ആഹ്ലാദവും ആനന്ദവും കണ്ടെത്തിയ കേരള മുസ്ലിം നായകരുടെ ചരിത്രം സദാഓര്മിക്കപ്പെടേണ്ടതാണ്.
സമകാലിക സാഹചര്യത്തിലെ പണ്ഡിത ഇടം
പള്ളിദര്‍സുകളും മതപ്രഭാഷണ വേദികളും വ്യാപകമായി നിലനില്‍ക്കുന്ന വൈജ്ഞാനിക പരിസരത്തില്‍ അവയുടെയെല്ലാം സൃഷ്ടാക്കളായ ഉലമാചെയ്തികളേറെ അത്യുന്നതമാണ്. രജീന്ദര്‍ സച്ചാറിന്റെ സച്ചാര്‍ റിപ്പോര്‍ട്ടിലടക്കം ഖാന്‍ഖാഹുകളുടെയും മഖ്ബറകളുടെയും കേന്ദ്രങ്ങളായ ഇതരസംസ്ഥാനങ്ങളെക്കാളുപരി കൈരളിയെ ഇസ്ലാമിക കേന്ദ്രമാക്കിയത് മുന്‍കാല ഉലമാഇടപെടലുകളായിരുന്നു. അവരുടെ പ്രവര്‍ത്തനഫലങ്ങള്‍ ചിലത് കളങ്കപ്പെടുത്തപ്പെട്ടെങ്കിലും അവര്‍ തന്നെയാണ് മാപ്പിള പ്രതാപത്തിന്റെ മുഖ്യസ്രോതസ്സുകള്‍.
1921ലെ ഐക്യസംഘത്തിലൂടെ വഹാബീ ചിന്തകളുയര്ന്നപ്പോള് 1926 ജൂണ്‍ 26ലെ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തിലെ സമസ്ത രൂപീകരണത്തോടെ ഉലമാക്കള്‍ വഹാബിസത്തിന്റെ സ്വാധീനം പിഴുതെറിഞ്ഞു. ഉലമാകൂട്ടായ്മ കേരളത്തില്‍ സൃഷ്ടിച്ചെടുത്ത പുത്തനുണര്‍വ്വ് ഇസ്ലാമികനവോത്ഥാനത്തെ സൈനുദ്ദീന്‍ മന്ദലാംകുന്നിനെപ്പോലുള്ളവര് വിലയിരുത്തുന്നതുപോലെത്തന്നെ മതപ്രമാണങ്ങളിലൂന്നിയുള്ളതും ഹ്രസ്വവത്കരണം അസാധ്യമായതുമായിരുന്നു. സാഹചര്യത്തോടൊത്ത് ജമാഅത്തെ ഇസ്ലാമി, ഖാദിയാനിസം, വ്യാജത്വരീഖത്തുകള്‍, തബ്ലീഗ് ജമാഅത്ത് തുടങ്ങിയ പുത്തന്ചിന്തകളെയെല്ലാം പ്രതിരോധിക്കുവാനും അത്തരം ആത്മീയശൂന്യതളില്നിന്ന് കേരളമുസ്ലിംകളെ രക്ഷിക്കുവാനും സന്ദര്‍ഭോചിത ആദര്ശസമ്മേളനങ്ങളിലൂടെയും ഖണ്ഡനപ്രഭാഷണങ്ങളിലൂടെയും ശംസുല്‍ ഉലമ(റ)യെപ്പോലുള്ള ഉന്നതശീര്‍ഷരായ ഉലമാക്കളാല്‍ സാധ്യമായി. നിലമ്പൂരിലെ ക്രിസ്തുമത പ്രവര്‍ത്തനകാലത്ത് ശംസുല്‍ ഉലമയുടെ വാക്ധോരണികളും സംവാദങ്ങളുമൊരിക്കലും മറക്കാനാകില്ല.
ആധുനികവിദ്യാഭ്യാസത്തിന്റെ സര്‍വ്വതും വര്ജ്ജിക്കുന്നവരായിരുന്നില്ല ഉലമാക്കള്‍. മതാധിഷ്ഠിതമായുള്ള വിദ്യാരംഗത്തും പണ്ഡിതനിലപാടുകളേറെ നിര്‍ണ്ണായകമായിരുന്നു. ബ്രിട്ടീഷ്കാലത്തെ അറബിക് പാഠ്യപദ്ധതിയും മാപ്പിള സ്കൂളുകളും അവയിലെ മതവിദ്യാഭ്യാസവും വ്യാപിച്ചതിലെ മുഖ്യസാന്നിധ്യം 1889ല്‍ രൂപീകൃതമായ പുതിയമാളിയേക്കല്‍ മുത്തുക്കോയ തങ്ങളുടെ ഹിമായത്തുല്‍ ഇസ്ലാം സഭയായിരുന്നു. സ്വാതന്ത്ര്യാനന്തരം സ്കൂളുകളില്‍നിന്ന് മതവിദ്യാഭ്യാസം മാറ്റിനിര്‍ത്തപ്പെട്ടപ്പോള്‍ ഉലമാക്കള്‍ മദ്റസ സംവിധാനത്തെക്കുറിച്ച് സുഗ്രാഹ്യമായി ചിന്തിക്കുകയും 1951ലെ സമസ്ത സമ്മേളനത്തില്‍ വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കപ്പെടുകയും ബാഫഖി തങ്ങളടക്കമുള്ളവരുടെ പ്രവര്‍ത്തിഫലമായി നാടുനീളെ മദ്റസകള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു.
കീഴ്ഘടക രൂപവത്കരണങ്ങളും അറബിക് കോളേജുകളുടെയും സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിര്‍മാണവും സമസ്തയുടെ സമയാധിഷ്ഠിത ഉലമാ പ്രവര്‍ത്തികളാണ്. ഇവയുടെ ഫലമായി ഉത്തരേന്ത്യയില്‍പോലും ചൈതന്യാന്തരീക്ഷം സൃഷ്ടിക്കാന്‍ സാധ്യമായി എന്നതാണ് സത്യം.
രാജ്യമുടനീളം ഫാസിസ്റ്റ് അജണ്ടകള്‍ വ്യാപിക്കുമ്പോഴും അനീതിവിരുദ്ധ പാരമ്പര്യത്തെ നിലനിര്‍ത്തിയ പണ്ഡിതപിന്ഗാമികളുടെ ബോധ്യത്തോടെയുള്ള നിലനില്‍പ്പാണ് കാവിവത്കരണത്തില്‍നിന്ന് കൈരളിയെ പ്രതിരോധിക്കുന്നത്. പ്രഥമ പ്രാമാണിക ചരിത്രഗ്രന്ഥം തുഹ്ഫത്തുല്‍ മുജാഹിദീനും ഫത്ഹുല്‍ മുബീനും മരക്കാര്‍മാരും പാ ഠപുസ്തകങ്ങളില്നിന്നൊഴിവാക്കുന്ന നടപടി പരാജയപ്പെടാനും ഹേതുവായത് (ഉത്തര്‍പ്രദേശടക്കമുള്ള സംസ്ഥാനങ്ങള്‍ ഇത്തരം പുസ്തകൃത്രിമത്വത്തിന്റെ കേന്ദ്രങ്ങളായിരിക്കെ) ഉലമാ സംവിധാനത്തിന്റെ പ്രതിരൂപത്തെ പ്രതിഫലിപ്പിക്കുന്നു.
മുത്വലാഖ്, ശരീഅത്ത് വിരുദ്ധ നിലപാടുകള്‍, ജെ.ജെ ആക്ട് എന്നിവിടങ്ങളിലെയും ഉലമാ ഇടപെടലുകള്‍ അതിമനോഹരമായിരുന്നു.
ആധുനിക പരിപ്രേക്ഷ്യത്തിന്റെ വ്യാപനത്തിലും, വ്യതിരിക്തവും സമയോചിതവും ക്രിയാത്മകവുമായ നിലപാടുകളിലൂടെയും സദാ സമൂഹസമുദ്ധാരണ വിചിന്തനങ്ങളിലൂടെയും സമൂഹമധ്യേ ജ്വലിച്ചുനിന്ന മഖ്ദൂം മുതല്‍ സമസ്തയുടെ ഉലമാക്കള്‍ വരെയും മാപ്പിളകേന്ദ്രബിന്ദു പൊന്നാനി മുതല്‍ സമസ്ത വരെയും നിര്‍മിച്ചെടുത്ത ഉലമാ ആക്ടിവിസത്തിന്റെയും പൈതൃകത്തിന്റെയും രൂപങ്ങളാണ് യഥാര്‍ത്ഥ നവോത്ഥാനസൃഷ്ടികള്.
ചൈതന്യവാഹിയായ ഒരു ഇസ്ലാമികാന്തരീക്ഷനിര്മിതിയായിരുന്നു ഇത്തരം പണ്ഡിതപ്രവര്ത്തികളുടെ പരിണിതഫലം. ഇവയുടെ പുനരാവര്ത്തികളാണ് മുസ്ലിംകൈരളിയുടെ നവആവശ്യകത.
ജഫിന് കൊടുവള്ളി