ജനപ്പെരുപ്പവും പ്രകൃതി നീതിയും

സലാം റഹ്മാനി കൂട്ടാലുങ്ങല്‍


ഭൗതിക വാദത്തില്‍ കണ്ണുമഞ്ഞളിച്ച് പ്രപഞ്ച സംവിധാനത്തിലെ ദൈവിക സാന്നിധ്യത്തെ നിരാകരിക്കുകയും ഭൂമിയിലെ സകലതും മനുഷ്യകരങ്ങള്‍ക്കുള്ളിലൊതുങ്ങുന്ന വ്യവസ്ഥിതികള്‍ മാത്രമാണ് എന്ന കാഴ്ചപ്പാടിന്‍റെ ഭാഗമായി ജനംസഖ്യാവളര്‍ച്ച പ്രകൃതിക്ക് ദോശം ചെയ്യുന്നതാണെന്ന് ഉച്ചകോടികളും ആഗോള കോണ്‍ഫറന്‍സുകളും വിളിച്ചുകൂട്ടി പ്രഖ്യാപനം നടത്തുകയും ചെയ്ത പലരുമിന്ന് പ്രകൃതി യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ തലകുനിച്ച് നില്‍ക്കുന്ന കാഴ്ചയാണ് നമുക്ക് അനുഭവിക്കാനാകുന്നത്.

ജനസംഖ്യാവര്‍ദ്ധനവ് മൂലം പട്ടിണിയും ക്ഷാമവും രോഗങ്ങളും വര്‍ദ്ധിക്കുമെന്നും  പ്രകൃതി വിഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ജനങ്ങള്‍ക്ക് തികയാതെ വരുമെന്നുമുമ വാദമുയര്‍ത്തി ആദ്യമായി കടന്നുവന്നത് കത്തോലിക്കാ പാതിരിയായ തോമസ് റോബര്‍ട്ട് മാല്‍ത്തൂസ് ആണ്.1798 ജൂണ്‍ ഏഴിന് പുറത്തിറങ്ങിയ An essay on the principles of population എന്ന കൃതിയിലാണ് അദ്ദേഹം തന്‍റെ ആശയങ്ങള്‍ വ്യക്തമാക്കിയത്.മാല്‍ത്തൂസിനെ പിന്തുണച്ച് കടന്നുവന്നവരില്‍ പ്രധാനിയാണ് വാര്‍ട്ടുമില്‍.ജനപ്പെരുപ്പ നിയന്ത്രണങ്ങളുടെ പ്രചാരകനായ ഇദ്ദേഹം യൂട്ടിലിറ്റേറിയനിസമടക്കമുള്ള കൃതികളുടെ കര്‍ത്താവാണ്.തുടര്‍ക്കാലങ്ങളിലും ഈ വാദങ്ങളേറ്റെടുക്കാന്‍ നിരവധിയാളുകള്‍ സാമ്രാജ്യത്വത്തിന്‍റെ അഛാരവും വാങ്ങി രംഗപ്രവേശനം ചെയ്യുകയുണ്ടായി.

ജനസംഖ്യ നിയന്ത്രിച്ചില്ലെങ്കില്‍ ലോകത്ത് വന്‍ അപകടം വരുമെന്ന പ്രചരണം അഴിച്ചുവിട്ട മറ്റൊരു വ്യക്തിയാണ് പോള്‍ ഏര്‍ലിച്ച്.1968 ല്‍ അദ്ദേഹമെഴുതിയ ദ പോപുലേഷന്‍ ബോംബ്  എന്ന കൃതിയില്‍  1985 ആകുമ്പോഴേക്കും ലോകമൊന്നടങ്കം ഭക്ഷ്യക്ഷാമത്തിന്‍റെ പിടിയിലകപ്പെടുമെന്നും സമുദ്രങ്ങള്‍ ഇല്ലാതാകുമെന്നും പാശ്ചാത്യന്‍ നാടുകളില്‍ പലതും മരുഭൂമികളാകുമെന്നും അദ്ദേഹം പ്രവചിക്കുകയുണ്ടായി.പക്ഷെ ഈ പ്രവചനത്തില്‍  എത്രത്തോളം യാഥാര്‍ത്ഥ്യമുണ്ടായിരുന്നെന്ന് നമുക്ക് അനുഭവവേദ്യമായതാണല്ലോ.

മാല്‍ത്തൂസ് ഈ വാദഗതിയുമായി കടന്നുവരുന്ന സമയത്ത് ലോക ജനസംഖ്യ തൊണ്ണൂറ് കോടിയോളം മാത്രമാണ്.ഇന്നത് എഴുന്നൂറ് കോടിയിലെത്തി.ഈ രണ്ട് നൂറ്റാണ്ടുകള്‍ കൊണ്ട് ലോകത്തെ ചിലരുടെ ആശങ്കകള്‍ അസ്ഥാനത്താണെന്ന യാഥാര്‍ത്ഥ്യം സ്ഥിരപ്പെടുകയായിരുന്നല്ലോ ചെയ്തത്.ഈ കാലയളവിലുണ്ടായ ജനസംഖ്യാവര്‍ദ്ധനവ് ലോകത്ത് ക്ഷാമത്തേക്കാളേറെ ക്ഷേമത്തെയാണ് കൊണ്ട് വന്നതെന്ന സത്യം നാമനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

മനുഷ്യരുടെ വര്‍ദ്ധനക്കനുസൃതമായി പുരോഗതിയും വികാസവുമാണ് ലോകത്ത് അനുഭവപ്പെട്ടിട്ടുള്ളത്.പ്രകൃതി ഈ ജനപ്പെരുപ്പത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് അന്വേഷണത്തില്‍ നമുക്ക് ബോധ്യപ്പെടുന്നതാണ്.വ്യവസായ വിപ്ലവത്തിന്‍റെ പരിണതിയായുള്ള ഉല്‍പാദന മേഖലയിലെ ഗണ്യമായ വര്‍ദ്ധനവും ശാസ്ത്രീയ രംഗത്തെ കുതിച്ചു ചാട്ടം വഴിയുളള പുതിയ കണ്ടുപിടുത്തങ്ങളും അത്യാധുനിക ആരോഗ്യസുരക്ഷാ സംവിധാനങ്ങളും ഐ.ടി  രംഗത്തെ അനുസ്യൂത വളര്‍ച്ച വഴിയും ജനസംഖ്യ വര്‍ദ്ധിക്കുന്നതിനനുസരിച്ച് അനുകൂല സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്.

ലോകത്ത് നൂറ് കോടി വീതം ജനങ്ങള്‍ വീതം വര്‍ദ്ധിക്കാനുണ്ടായ കാലയളവ് യു.എന്‍.ഒ യുടെ വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്ടസ് വ്യക്തമാക്കിയിട്ടുണ്ട്.അതനുസരിച്ച് ജനസംഖ്യ നൂറ് കോടിയില്‍ നിന്നും ഇരുന്നൂറിലെത്താന്‍ ഒരു നൂറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു.എന്നാല്‍ ഇരുന്നൂറില്‍ നിന്നും മുന്നൂറിലെത്താന്‍ മുപ്പത് വര്‍ഷമേ വേണ്ടിവന്നുളളൂ.പതിനഞ്ച് വര്‍ഷത്തിന് ശേഷം നാന്നൂറും അടുത്ത ഓരോ പന്ത്രണ്ട് വര്‍ഷത്തിലുമായി അഞ്ഞൂറും അറുനൂറും എഴുനൂറും കോടിയില്‍ ജനസംഖ്യ എത്തുകയുണ്ടായി.

ഇങ്ങനെ ആളുകള്‍ വര്‍ദ്ധിക്കുന്നതിനനുസൃതമായി ഇവിടെ ഭക്ഷ്യോല്‍പാദനമില്ലാതെ ജനങ്ങള്‍ കഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി എന്ന് ഒരു കണക്കും വെച്ച് സ്ഥാപിക്കാനാകില്ല.മാത്രമല്ല ഭക്ഷ്യോല്‍പാദനം ജനപ്പെരുപ്പത്തേക്കാള്‍ കൂടുതലായി വര്‍ദ്ധിക്കുകയാണ് ഉണ്ടായത് എന്നതാണ് ചരിത്രവും വസ്തുതകളും.ഐക്യ രാഷ്ട്ര സഭയുടെ വികസന പ്രൊജക്ടുമായി ബന്ധപ്പെട്ട രേഖയനുസരിച്ച് 1950 ല്‍ 252 കോടി ജനങ്ങളുണ്ടായിരുന്നപ്പോള്‍ ഭക്ഷ്യോല്‍പാദനത്തിന്‍റെ അളവ് 62.4 കോടി ടണ്‍ ആയിരുന്നെങ്കില്‍ 1990 ല്‍ ജനസംഖ്യ 520 കോടിയായപ്പോള്‍ ഭക്ഷ്യോല്‍പാദനം നൂറ്റി എണ്‍പത് കോടിയായി കൂടുകയാണ് ചെയ്തത്.

ജനസംഖ്യ ഇരട്ടിയായപ്പോള്‍ ഭക്ഷ്യോല്‍പാദനം മൂന്നിരട്ടിയായിത്തീര്‍ന്നുവെന്നാണ് ഉദ്ധൃത കണക്കുകള്‍ വ്യക്തമാക്കുന്നത്.ഏറ്റവും പുതിയ കണക്ക് പ്രകാരം ഇപ്പോള്‍ ലോകത്ത് 1150 കോടി ജനങ്ങള്‍ക്കാവശ്യമായ ഭക്ഷണം ഉല്‍പാദിപ്പിക്കുന്നുണ്ട്.രണ്ടായിരത്തിഅന്‍പതോടെ മാത്രമേ ലോക ജനസംഖ്യ തൊള്ളായിരം കോടിയിലെത്തുകയുള്ളൂ എന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.അപ്പോള്‍ ആളുകള്‍ കൂടിയാല്‍ ഭക്ഷ്യവിഭവങ്ങള്‍ തികയാതെ വരും,അടുത്ത തലമുറ പട്ടിണിയിലാകും തുടങ്ങിയ ആശങ്കള്‍ക്ക് അടിസ്ഥാനമില്ലെന്ന് വന്ധ്യംകരണത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ മനസ്സിലാക്കേണ്ടതാണ്.

ആളുകള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഉല്‍പാദനവും വര്‍ദ്ധിക്കുമെന്ന ഇബ്നുഖല്‍ദൂന്‍റെ തത്വം ഇവിടെ ഏറെ പ്രസക്തമാണ്.അതോടൊപ്പം വളരുന്ന മാനവവിഭവ ശേഷിയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയാല്‍ മൂന്നാം ലോക രാഷ്ട്രങ്ങള്‍ സ്വയം പര്യാപ്തത കൈവരിക്കുമോയെന്ന ഉള്‍ഭയം മൂലം സാമ്രാജ്യത്വ ശക്തികള്‍ മെനഞ്ഞുണ്ടാക്കിയതാണ് ജനസംഖ്യാനിയന്ത്രണ വാദമെന്ന നഗ്ന സത്യത്തെക്കുറിച്ചും നാം ഇവിടെ ബോധവാډാരാകേണ്ടതുണ്ട്.

1943 ല്‍ കിഴക്കന്‍ ബംഗാളില്‍ ഭക്ഷ്യക്ഷാമം മൂലം മരണമടഞ്ഞത് പതിനഞ്ച് ലക്ഷത്തോളം മനുഷ്യരാണ്.ഭക്ഷ്യോല്‍പാദനത്തിലുള്ള കുറവായിരുന്നില്ല,മറിച്ച് സാമ്രാജ്യത്വ കളികളുടെ പരിണതിയായി സംഭവിച്ച വിലക്കയറ്റമാണ് ആളുകളുടെ മരണത്തിനിടയാക്കിയതെന്ന് ഡോക്ടര്‍ അമര്‍ത്യാസെന്‍ തന്‍റെ ദാരിദ്ര്യവും ക്ഷാമവും;യോഗ്യതയെയും നഷ്ടത്തെയും കുറിച്ച ഉപന്യാസം എന്ന കൃതിയില്‍ വ്യക്തമാക്കുന്നുണ്ട്.

മനുഷ്യരാശിയുടെ നേര്‍പാതി എങ്ങനെ മരിക്കുന്നു എന്ന വിഷയത്തില്‍ ഗവേഷണം നടത്തിയ അമേരിക്കന്‍ സാമൂഹ്യ ശാസ്ത്രജ്ഞനായ സൂസന്‍ജോര്‍ജ്ജ് പറയുന്നത് കാണുക; പാശ്ചാത്യരാജ്യങ്ങളുടെ വികലവും സ്വാര്‍ത്ഥ താല്‍പ്പര്യത്തിലധിഷ്ടിതവുമായ ഭക്ഷ്യനയങ്ങളുമാണ് ദാരിദ്ര്യത്തിനും പട്ടിണി മരണങ്ങള്‍ പോലോത്ത പ്രതിസന്ധികള്‍ക്കുമുത്തരവാദി.ദാരിദ്ര്യം ഇല്ലായ്മ ചെയ്യാന്‍ ജന സംഖ്യാ നിയന്ത്രണവും ഹരിതവിപ്ലവവുമൊന്നും  പരിഹാരമല്ല.

ദ എന്‍ഡ് ഓഫ് പോവര്‍ട്ടി;എകണോമിക് പോസിബിലിറ്റീസ് ഓഫ് അവര്‍ ടൈം (ദാരിദ്ര്യത്തിന്‍റെ അന്ത്യം;നമ്മുടെ കാലത്തെ സാമ്പത്തിക സാധ്യതകള്‍)എന്ന കൊളംമ്പിയ യൂണിവേഴ്സ്റ്റിയിലെ എര്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായ ജെഫ്രി ഡേവിഡ് നാകസ് എഴുതിയ ഗ്രന്ഥത്തില്‍   ഒന്നാം ലോക രാഷ്ട്രങ്ങള്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ലക്ഷ്യത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും പരമ ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് കടത്തില്‍ ഇളവ് അനുവദിക്കുകയും  ചെയ്താല്‍ 2050 ആകുമ്പോഴേക്കും ലോകത്ത് നിന്ന് ദാരിദ്ര്യം പാടെ ഇല്ലായ്മ ചെയ്യാനാകുമെന്ന് വ്യക്തമാക്കുകയും അതിനുള്ള മാര്‍ഗങ്ങള്‍ മുന്നോട്ട് വെക്കുകയും ചെയ്യുന്നുണ്ട്.

സാമ്രാജ്യത്വ ശക്തികളുടെയും വന്‍ കിട രാഷ്ട്രങ്ങളുടെയും കുത്തക കമ്പനികളുടെയും ഇടപെടലുകളില്‍ നീതിബോധം അസ്തമിച്ചതാണ് ഇവിടെ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാന്‍ കാരണമായത്.ലോക ജനസംഖ്യയുടെ ഇരുപത് ശതമാനത്തില്‍ താഴെ വരുന്നവരാണ് ലോകത്തെ മൊത്തം സമ്പത്തിന്‍റെ എണ്‍പത് ശതമാനവും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.സാമ്പത്തിക രംഗത്തെ ക്രമവിരുദ്ധമായ ഈ കേന്ദ്രീകരണവും പട്ടിണിക്കും ദാരിദ്ര്യത്തിനും ഇടവരുത്തുന്നുണ്ട്.
ഈ വസ്തുതകളെല്ലാം മുന്നിറുത്തി കുടുംബാസ്ത്രൂണത്തിന്‍റെ പേരില്‍ ഇനിയും ഇവിടെ വന്ധ്യംകരണവും ഭ്രൂണഹത്യകളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്.

വളരുന്ന ഭ്രൂണഹത്യകള്‍ ഭൗതിക വികാസത്തോടൊപ്പം മാനുഷിക മൂല്യങ്ങള്‍ക്ക് ഇടിവ് സംഭവിക്കുന്നതിന്‍റെ നേര്‍ ചിത്രങ്ങളായാണ് നമുക്ക് പരിഗണിക്കാനാകുക.കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ ലിംഗനിര്‍ണ്ണയത്തിലൂടെ പത്ത് മില്യണ്‍ പെണ്‍കുഞ്ഞുങ്ങള്‍ ഭ്രൂണഹത്യ ചെയ്യപ്പെട്ടതായി ബി.ബി.സി ഈയിടെ നടത്തിയ പഠനം വ്യക്തമാക്കുകയുണ്ടായി.യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നൂറ് കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ നൂറ്റി അഞ്ച് അബോര്‍ഷന്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്.

ഗര്‍ഭ ചിദ്രത്തെയും വന്ധ്യംകരണത്തെയും പ്രകൃതി മതത്തിന്‍റെ അളവ് കോലുകള്‍ വെച്ചുനോക്കുമ്പോള്‍ ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കുകയില്ല.ബീജ സങ്കലനം നടക്കാതിരിക്കാന്‍ സ്ഖലനത്തിന് മുമ്പ് സംയോഗത്തില്‍ നിന്നും വിരമിക്കുന്നത് പോലും നല്ലതല്ലെന്നാണ് പണ്ഡിതാഭിപ്രായം.അപ്രകാരം തന്നെ ഗര്‍ഭാശയത്തില്‍ പ്രവേശിച്ച പുരുഷബീജം സ്ത്രീയുടെ അണ്ഡവുമായി കൂടിച്ചേര്‍ന്നതിന് ശേഷം അതിനെ നശിപ്പിക്കുന്നത് കുറ്റകരമാണെന്ന് ഇമാം ഗസ്സാലി തന്‍റെ ഇഹ്യാഉലുമിദ്ദീന്‍ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്.

ഇമാം ഗസ്സാലിയെ ഉദ്ധരിച്ചുകൊണ്ട് ഇമാം റംലി പറയുന്നത് കാണുക;ഭ്രൂണത്തെ വിവിധ ഘട്ടങ്ങളിലൂടെ ഇല്ലാതാക്കാറുണ്ട്.ഗര്‍ഭാശയത്തിലെത്തിയ പുരുഷ ബീജം സ്ത്രീയുടെ അണ്ഡവുമായി കൂടിക്കലര്‍ന്ന ശേഷം അതിനെ ഇല്ലാതാക്കുന്നതും നശിപ്പിക്കുന്നതും കുറ്റകരമാണ്.ഇനി ആ ഭ്രൂണം രക്തക്കട്ടയോ മാംസപിണ്ഢമോ ആയ ശേഷം നശിപ്പിക്കുകയാണെങ്കില്‍ അത് നേരത്തെ പറഞ്ഞതിനേക്കാള്‍ മോശമായ അവസ്ഥയാണ്.അപ്രകാരം അതില്‍ ആത്മാവ് ഊതപ്പെട്ട ശേഷം ആവശ്യമില്ലാതെ അലസിപ്പിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്(നിഹായ;2/22)

ചുരുക്കത്തില്‍ മനുഷ്യ ജന്മത്തിന് തടയിട്ട് പുരോഗതി കൈവരിക്കാമെന്ന ധാരണ മൗഢ്യവും അപരിഷ്കൃതവുമാണ്.കുടുംബങ്ങളുടെ കൃത്യമായ നടത്തിപ്പിന് എല്ലാ നിലയിലുമുള്ള നീതിപൂര്‍വ്വകമായ ഇടപെടലിലൂടെ തന്നെ സാധിക്കുന്നതാണ്.നീതി സൂര്യന്‍ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തില്‍  നിന്നും അസ്തമിക്കുമ്പോഴാണ് കുടുംബങ്ങള്‍ക്കുള്ളില്‍ ഇരുട്ടുകള്‍ വ്യാപിക്കുന്നത്.അതിന് പരിഹാരമായി ഭ്രൂണഹത്യയും വന്ധ്യംകരണവും ജനസംഖ്യാനിയന്ത്രണവുമെല്ലാം നിര്‍ദേശിക്കുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല.മനുഷ്യവിഭവ ശേഷിയെ സക്രിയമായി ഉപയോഗപ്പെടുത്തിയാണ് പുരോഗതിയിലേക്കുള്ള പാതകള്‍ വെട്ടേണ്ടത്.അതിന് നമുക്ക് കൂട്ടമായി പരിശ്രമിക്കാം.

One thought on “ജനപ്പെരുപ്പവും പ്രകൃതി നീതിയും”

Comments are closed.