അജബ് നിറഞ്ഞ റജബ്

മുഹമ്മദ് അജ്മൽ കെ.ടിപാണ്ടിക്കാട്

റജബ്, അനുഗ്രഹങ്ങളുടെ പേമാരി പെയ്തിറങ്ങുന്ന വിശുദ്ധ മാസം. പുണ്യ റമളാന്റെ പുണ്യം പെയ്തിറങ്ങുന്ന രാപ്പകലുകൾക്കായി  ഖൽബും ശരീരവും ശുദ്ധിയാക്കാനായി റബ്ബ് ഒരുക്കിത്തന്ന പുണ്യമാസമാണ് റജബ്.നിസ്കാരത്തിന്റെ വുജൂബിയ്യത്തിനായി (നിർബന്ധം) റബ്ബ് തെരഞ്ഞെടുത്ത മാസവും വിശുദ്ധ റജബ് തന്നെയായിരുന്നു. യുദ്ധം വിലക്കപ്പെട്ട മാസങ്ങളിലൊന്നായ റജബിലാണ് പ്രവാചകരുടെ ആകാശാരോഹണം യാത്ര നടന്നതെന്നതും റജബിന്റെ പവിത്രതക്ക് മാറ്റുകൂട്ടുന്നു.
“റജബ്” എന്ന നാമം തന്നെ റജബിന്റെ പവിത്രത എത്രത്തോളമുണ്ടെന്ന് നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. ബഹുമാനിക്കൽ, വണ്ണമാക്കൽ എന്നർത്ഥമുള്ള “തർജീബ്” എന്ന പദത്തിൽ നിന്നാണ് റജബ് എന്ന പദത്തിന്റെ ഉത്ഭവം. “റജബ് “മാസത്തിന് റജബ് (ബഹുമാനം) എന്ന് പേരുവരാനുള്ള കാരണം റജബ് മാസത്തെ അറബികൾ മറ്റു മാസങ്ങളെക്കാൾ ബഹുമാനിച്ചിരുന്നു എന്നതാണത്രെ.( ഇആനത്തു ത്വാലിബീൻ: 2/425)
ഇനിയും നിരവധി നാമങ്ങൾ റജബ് മാസത്തിന് ഉണ്ട് .”അസ്വബ്ബ് ” എന്നാണ് ആ നാമങ്ങളിലൊന്ന്. അസ്വബ്ബ് എന്ന പദത്തിന്റെ അർത്ഥം കൂടുതൽ ചൊരിയുന്നത് എന്നാണ്. നിരവധി നന്മകൾ റജബ് മാസത്തിൽ ചൊരിയപ്പെടുന്നത് കൊണ്ടാണത്രേ ആ നാമം വന്നത് .അസ്വമ്മ് (ബധിരത )എന്നും റജബിന് പേരുണ്ട് .ആ പേര് വരാൻ കാരണം റജബ് മാസത്തിൽ വാടുകൾ പരസ്പരം കൂട്ടിമുട്ടുന്ന ശബ്ദം കേൾക്കുകയില്ല എന്നതാണ് .റജ്മ് (ഏറ്)എന്നൊരു നാമം കൂടി ഈ മാസത്തിനുണ്ട്. ഔലിയാക്കളെയും സ്വാലിഹീങ്ങളെയും ബുദ്ധിമുട്ടാ    ക്കാതിരിക്കുന്നവരെ ശത്രുക്കൾക്കും ശൈത്വാന്മാർക്കും ഏറ് കിട്ടുന്നത് കൊണ്ടാണത്രേ ആ നാമം വന്നത് (ഇആനത്തു ത്വാലിബീൻ 2/425)
ചുരുക്കത്തിൽ, വിശുദ്ധമായ റജബിന്ന് പുരാതനകാലം മുതലെ അറബികൾ മഹത്വം കൽപ്പിച്ചിരുന്നു .എന്നാൽ വിശുദ്ധ ഇസ്ലാമിന്റെ ആഗമനത്തോടെ ആ പവിത്രതക്ക് പത്തരമാറ്റ് തങ്കത്തിളക്കം കിട്ടി എന്നതാണ് നേര് .റജബ് പാപമോചനത്തെയും ശഅബാൻ ന്യൂനത മറക്കുന്നതിന്റെയുംറമദാൻ ഹൃദയം പ്രകാശിപ്പിക്കുന്നതിന്റെയും മാസമാണ് .റജബ് പാപമോചനം കൊണ്ടും ശഅബാൻ ശഫാഅത്ത്കൊണ്ടും റമളാൻ ഗുണങ്ങൾ ഇരട്ടിപ്പിക്കുന്നതിന്റെയും മാസമാണെന്നും റജബ് തൗബയുടെയും (തൗബത്ത്) ശഅബാൻ സ്നേഹത്തിന്റെയും (മഹബ്ബത്ത്) റമളാൻ അല്ലാഹുവിലേക്ക് അടുക്കുന്നതിന്റെയും (ഖുർബത്ത്)മാസങ്ങളാണെന്നും അഭിപ്രായമുണ്ട്. (നുസ്ഹത്തുൽ മജാലിസ്: 194)

റജബിന്റെ പ്രത്യേകതകൾ

റജബ് മാസത്തിന് നിരവധി പവിത്രതകളും മഹത്വങ്ങളും വിശുദ്ധ ഇസ്ലാം നൽകിയിട്ടുണ്ട്. നിരവധി ചരിത്ര സംഭവങ്ങളും നബിവചനങ്ങളും റജബിന്റെ പവിത്രതയെ സംബന്ധിച്ച് നമുക്ക് കൃത്യമായ വിവരങ്ങൾ നൽകുന്നുണ്ട്. നബിതങ്ങൾ പറയുന്നു: ഇസ്റാഇന്റെ രാത്രി ഞാൻ ഒരു പുഴ കണ്ടു .അതിലെ വെള്ളം തേനിനേക്കാൾ രുചികരവും ഐസുകട്ടകളെക്കാൾ തണുപ്പും കസ്തൂരിയെക്കാൾ വാസനയുമുള്ളതാണ്. അന്നേരം ഞാൻ ജിബ്രീൽ(അ) ചോദിച്ചു: ആർക്കുള്ളതാണ് ഈ പുഴ? ജിബ് രീൽ (അ) പറഞ്ഞു :റജബ് മാസത്തിൽഅങ്ങയുടെ മേൽ സ്വലാത്ത് ചൊല്ലുന്നവർക്കുള്ളതാണ്. റജബിന്റെ പവിത്രത കുറിക്കുന്ന ഒരു ചരിത്രം ഇങ്ങനെ വായിക്കാം.
ബൈത്തുൽ മുഖദ്ദസിൽ ആരാധനയായി കഴിഞ്ഞിരുന്ന ഒരു സ്ത്രീയുണ്ടായിരുന്നു. പരിശുദ്ധ റജബ് മാസം സമാഗതമായാൽ റജബ് മാസത്തെ ആദരിച്ചുകൊണ്ട് പതിനൊന്ന് സൂറത്തുൽ ഇഖ്ലാസ് ആ സ്ത്രീ ഓതുമായിയിരുന്നു. മാത്രമല്ല ,നല്ല വസ്ത്രങ്ങളെല്ലാം അഴിച്ചു വെക്കുകയും നുരുമ്പിയതും പഴയതുമായ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെ ഒരു റജബ് മാസത്തിൽ ആ സ്ത്രീ രോഗിയായി. ആ തന്റെ സ്ത്രീ മകനോട് തന്നെ നുരുമ്പിയ വസ്ത്രത്തിൽ കഫൻ ചെയ്യാൻ വസിയത്ത് ചെയ്തു .ഒടുവിൽ, ആ സ്ത്രീയുടെ മരണശേഷം മകൻ ഉമ്മയെ ഉയർന്ന തരത്തിലുള്ള വസ്ത്രത്തിൽ മാതാവിനെ കഫൻ ചെയ്തു .ജനങ്ങൾ കാണാൻ വേണ്ടിയായിരുന്നു അയാൾ അങ്ങനെ ചെയ്തത്. അങ്ങനെയിരിക്കെ അദ്ദേഹം ഒരു ദിവസം മതാവിനെ സ്വപ്നത്തിൽ കണ്ടു .മാതാവ് മകനോട് ചോദിച്ചു :മകനെ നീ എന്താണ് എന്റെ വസിയത്ത് നടപ്പാക്കാതിരുന്നത്. ഞാൻ നിന്നെ തൊട്ട് അതൃപ്തയാണ് .പെട്ടെന്ന് മകൻ ഞെട്ടിയുണർന്നു. മാതാവിന്റെ ഖബറിനടുത്തേക്ക് ചെന്നു. ഖബർ മാന്താൻ തുടങ്ങി. പക്ഷേ ഉമ്മയെ കബറിൽ കാണാനില്ല. അത്ഭുതസ്തബ്ധനായ അയാൾ കരയാൻ തുടങ്ങി അപ്പോഴാണ് അയാൾ ഒരു ശബ്ദം മുഴങ്ങിക്കേട്ടത് “ആരെങ്കിലും നമ്മുടെ മാസമായ റജബിനെ ബഹുമാനിച്ചാൽ അവനെ നാം ഖബറിൽ ഏകാന്തനാക്കുയില്ല എന്ന് നീ അറിഞ്ഞില്ലേ ? റജബിന്റെ പവിത്രതയിലേക്കും മഹത്വത്തിലേക്കും വിരചൂണ്ടുന്ന ഈ സംഭവം ഹിജ്റ പതിമൂന്നാം നൂറ്റാണ്ടിലെ പണ്ഡിതനായ ഉസ്മാനുബ്നു ഹസനുബ്നു അഹമ്മദുശ്ശാക്കിർ അൽ ഖൗബരീ എന്നവർ തന്റെ ദുറർത്തുസ്വാലിഹീനിൽ വിവരിച്ചിട്ടുണ്ട്.
നബിതങ്ങൾ പറയുന്നു :നിങ്ങൾ റജബ് മാസത്തെ ബഹുമാനിക്കുക.  എന്നാൽ അല്ലാഹു നിങ്ങളെ ആയിരം ബഹുമതികളെക്കൊണ്ട്  ബഹുമാനിക്കും .
നബി തങ്ങൾ പറയുന്നു:റജബിന് മറ്റു മാസങ്ങളെക്കാൾ ഉള്ള ശ്രേഷ്ഠത ഖുർആനിന് മറ്റുള്ള കലാമുകളെക്കാൾ ഉള്ള ശ്രേഷ്ഠത പോലെയാണ്.

റജബിലെനോമ്പും പവിത്രതകളും

റജബിലെ നോമ്പ് വളരെയധികം  പുണ്യമുള്ളതാണ് .പ്രമുഖ കർമ്മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുൽ മുഈനിൽ സൈനുദ്ദീൻ മഖ്ദൂം (റ) രേഖപ്പെടുത്തുന്നു: റമളാനിനു ശേഷം ഏറ്റവും കൂടുതൽ നോമ്പ് ശ്രേഷ്ഠമായത് യുദ്ധം ഹറാമാക്കപ്പെട്ട മാസങ്ങളിലാണ് .യുദ്ധം ഹറാമക്കപ്പെട്ട മാസങ്ങളിൽ വച്ച് ഏറ്റവും ശ്രേഷ്ടമായ നോമ്പ് മുഹറമിലേതുംപിന്നെ റജബിലേതും പിന്നെ ദുൽഹിജ്ജയിലേതും പിന്നെ ദുൽകഅദയിലേതും  ആകുന്നു .റജബിലെ നോമ്പിന്റെപവിത്രത കുറിക്കുന്ന ധാരാളം ഹദീസുകൾ പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
നബി തങ്ങൾ പറയുന്നു: അറിയുക
നിശ്ചയമായും റജബ് അല്ലാഹുവിന്റെ മാസമാണ്. ശഅബാൻ എന്റെ മാസമാണ്. റമളാൻ എന്റെ ഉമ്മത്തിന്റെ മാസമാണ്. പ്രതിഫലം കാംക്ഷിച്ച് കൊണ്ടും ഈമാൻ കൊണ്ടും ഒരാൾ റജബിലെ ഒരു ദിവസം നോമ്പനുഷ്ഠിച്ചാൽ അവന് അല്ലാഹു വിന്റെ തൃപ്തി നിർബന്ധമായി.
അവനെ അത്യുന്നതമായ ഫിർദൗസിൽ താമസിപ്പിക്കുകയും ചെയ്തു .രണ്ടുദിവസം നോമ്പ് നോറ്റാൽ രണ്ടിരട്ടി പ്രതിഫലമുണ്ട് .ഓരോ ഇരട്ടിയും ദുനിയാവിലെ ഒരു പർവ്വതം പോലെയാണ്. റജബിലെ മൂന്ന് ദിവസം നോമ്പ് നോറ്റാ അവന്റെയും നരകത്തിന്റെയും ഇടയിൽ അല്ലാഹു ഒരു കിടങ്ങ് ഉണ്ടാക്കും. ആ കിടങ്ങിന്റെ വഴിദൂരം ഒരു വർഷത്തെ സഞ്ചാര ദൂരമാണ്.
റജബിലെ നാല് ദിവസം ഒരാൾ നോമ്പ് നോറ്റാൽ അവന് വെള്ളപ്പാണ്ട്, ഭ്രാന്ത് ,കുഷ്ഠം, പരീക്ഷണം, ദജ്ജാലിന്റെ ഫിത് ന   എന്നിവയിൽനിന്ന് അവൻ രക്ഷപ്പെടും. റജബിലെ അഞ്ചു ദിവസം ഒരാൾ നോമ്പനുഷ്ഠിച്ചാൽ അവൻ നരകശിക്ഷയിൽ നിന്ന് നിർഭയനായി .ആറു ദിവസം നോമ്പനുഷ്ഠിച്ചാൽ പതിനാലാം രാവിലെ ചന്ദ്രനേക്കാൾ വലിയ പ്രകാശവുമായി അവൻ ഖബറിൽ നിന്നും പുറപ്പെടും .ഏഴാം ദിവസം നോമ്പനുഷ്ഠിച്ചാൽ അവനെ തൊട്ട് നരകത്തിന്റെ ഏഴ് കവാടങ്ങൾ അടയ്ക്കപ്പെടും. എട്ട് നോമ്പനുഷ്ഠിച്ചാൽ ഓരോ നോമ്പിനും സ്വർഗ്ഗവാതിൽ തുറന്നു കൊടുക്കും. ഒമ്പത് നോമ്പനുഷ്ഠിച്ചാൽ ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറയുന്നവനായി ഖബറിൽ നിന്നും പുറപ്പെടും പത്ത് ദിവസം നോമ്പനുഷ്ഠിച്ചാൽ സിറാത്ത് പാലത്തിലെ ഓരോ മയിലും (ഒരു മൈൽ4000 ചവിട്ടടി ) ഓരോ പുതപ്പുകൾ അല്ലാഹു ഉണ്ടാക്കി കൊടുക്കും .അവയിൽഅവൻ വിശ്രമിക്കും. എത്രത്തോളം മഹത്വമാണ് വിശുദ്ധ റജബിലെ നോമ്പിന് അല്ലാഹു നൽകിയിരിക്കുന്നത് എന്ന് നമുക്ക് ഈ ഹദീസിൽ നിന്നും മനസ്സിലാക്കാം. നാം മുകളിൽ ഉദ്ധരിച്ച ഹദീസിൽ റജബിലെ ഇരുപത് നോമ്പ് വരെയുള്ള പ്രതിഫലങ്ങൾ വ്യക്തമാക്കുന്നുണ്ട് .ആ ഹദീസ് മുഴുവനായും ശൈഖ് മുഹ്യുദ്ദീൻ അബ്ദുൽ ഖാദർ കൈലാനി (റ) തന്റെ ഗുൻയയിൽ രേഖപ്പെടുത്തിട്ടുണ്ട് എന്ന് ശൈഖ് അബ്ദുറഹ്മാൻ അസ്വഫ്വൂരി എന്നവർ തന്റെ നുസ്ഹത്തുൽ മജാലിസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് നുസ്ഹത്തുൽ മജാലിസ് കാണുക.
സൗബാൻ (റ)നെതൊട്ട് നിവേദനം :നബി തങ്ങൾ ഖബറുകളുടെ അരികിലൂടെ നടന്നു പോയി .അവിടുന്ന് കരയുകയും ചെയ്തു. നബിതങ്ങൾ പറഞ്ഞു :ഓ സൗബാനേ ഈ ഖബറിലെ ആളുകൾ ശിക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു . അവർക്ക് ലഘൂകരണം ലഭിക്കാനായി ഞാൻ ദുആ ചെയ്തു .ഓ സൗബാനേ ഇക്കൂട്ടർ റജബിലെ ഒരു ദിവസം നോമ്പ് നോൽക്കുകയും ഒരു രാത്രി നമസ്കരിക്കുകയും ചെയ്തിരുന്നുവെങ്കിൽ അവർ ശിക്ഷിക്കപ്പെടില്ലായിരുന്നു. ഞാൻ നബിയോട് ചോദിച്ചു :നബിയേ ഒരുദിവസത്തെ നോമ്പും ഒരു രാത്രിയിലെ നമസ്കാരവും അവരെ ഖബർ ശിക്ഷയിൽ നിന്നും രക്ഷിക്കുകയോ ? നബി പറഞ്ഞു :അതെ  അല്ലാഹുവാണേ സത്യം റജബിലെ ഒരു രാത്രി നമസ്കരിക്കുകയും ഒരു ദിവസം നോമ്പു നോൽക്കുകയും ചെയ്ത ഒരു മുസ്ലിം സ്ത്രീയോ പുരുഷനോ അള്ളാഹു ഒരു കൊല്ലം പകൽ മുഴുവൻ നോമ്പുനോറ്റ പ്രതിഫലവും ഒരു കൊല്ലം രാത്രി നമസ്കരിച്ച പ്രതിഫലവും നൽകിയിട്ടല്ലാതെയില്ല.(നുസ്ഹത്തുൽ മജാലിസ്: 190)
ഒരിക്കൽ ഈസാനബി പ്രകാശത്താൽ തിളങ്ങുന്ന ഒരു പർവ്വതത്തിന്റെ സമീപത്തിലൂടെ നടന്നുപോയി .ഈസ നബി അല്ലാഹുവിനോട് പറഞ്ഞു: അല്ലാഹുവേ എന്നോട് ഈ പർവ്വതത്തെ നീ സംസാരിപ്പിക്കണേ അന്നേരം ആ പർവ്വതം ഈസാ നബിയോട് ചോദിച്ചു :നിങ്ങൾ എന്താണ് എന്നിൽ നിന്നും പ്രതീക്ഷിക്കുന്നത് ?
ഈസാ നബി പറഞ്ഞു :നീ നിന്റെ കാര്യങ്ങൾ അറിയിച്ചത് തരുക. പർവ്വതം പറഞ്ഞു :എന്റെ ഉള്ളിൽ ഒരു മനുഷ്യനുണ്ട്. ഈസാനബി അള്ളാഹുവിനോട് പറഞ്ഞു :അല്ലാഹുവേ നീ ആ മനുഷ്യനെ പുറത്തുകൊണ്ടുവരണേ ഉടനെ പർവതം പിളർന്നു. സുന്ദരനായ ഒരു വൃദ്ധൻ പുറത്തുവന്നു .അദ്ദേഹം ഈസാ നബിയോട് പറഞ്ഞു: ഞാൻ മൂസാ നബിയുടെ സമുദായ ക്കാരനാണ് മുഹമ്മദ് നബി തങ്ങളുടെ ഉമ്മത്തിലെ ഒരംഗമാവാൻ  വേണ്ടി മുഹമ്മദ് നബിയുടെ കാലം വരെ ജീവിക്കാനായി ഞാൻ അല്ലാഹുവിനോട് ദുആ ചെയ്തു .എനിക്ക് അറുനൂറ് വയസ്സുണ്ട് .ഈ പർവതത്തിനുള്ളിൽ ഞാൻ അല്ലാഹുവിന് ആരാധിച്ചു കൊണ്ടിരിക്കുന്നു. അതുകേട്ട് ഈസാനബി പറഞ്ഞു :അല്ലാഹുവേ ഈ മനുഷ്യനെക്കാൾ മാന്യനായ വല്ല വ്യക്തിയും ഭൂമിക്കു പുറത്തുണ്ടോ. അല്ലാഹു പറഞ്ഞു :ഉണ്ട് നബിയെ ,മുഹമ്മദ്നബി(സ്വ)യുടെ ഉമ്മത്തിൽ നിന്ന് റജബ് മാസത്തിൽ ഒരു ദിവസം നോമ്പ് നോറ്റ വ്യക്തി ഇദ്ദേഹത്തെക്കാൾ  മാന്യനാണ്. (നുസ്ഹത്തുൽ മജാലിസ് )
നബി തങ്ങൾ പറയുന്നു: സ്വർഗ്ഗത്തിൽ ഒരു നദിയുണ്ട് .റജബ് എന്നാണ് ആ നദിയുടെ നാമം .പാലിനെക്കാൾ വെളുത്തതും തേനിനേക്കാൾ മധുരം ഉള്ളതുമായ ആ പുഴയിലെ വെള്ളത്തിൽ നിന്ന് റജബ് മാസത്തിൽ ഒരു ദിവസം നോമ്പുനോറ്റവരെ കുടിപ്പിക്കും.
റജബിലെ ഒരു ദിവസത്തെ നോമ്പിന്റെ പവിത്രതയാണ് ഇതെങ്കിൽ റജബ് മുഴുവൻ നോമ്പനുഷ്ഠിക്കുന്നതിന്റെ മഹത്വം എത്രയായിരിക്കുമെന്ന് ഊഹിക്കാവുന്നതിലും അപ്പുറമാണ് .ആയിഷ ബീവി (റ)തൊട്ട് നിവേദനം: നബി തങ്ങൾ പറയുന്നു: അന്ത്യനാളിൽ പ്രവാചകന്മാരും അവരുടെ അഹ്ലുകാരും റജബ്, ശഅബാൻ, റമളാൻ എന്നീ മാസങ്ങളിലെ നോമ്പുകാരനുമല്ലാത്ത എല്ലാവരും വിശക്കുന്നവരാണ്. നിശ്ചയമായും അവർ (മുകളിൽ പറഞ്ഞവർ) വയറുനിറഞ്ഞവരാണ്. അവർക്ക് ദാഹമോ വിശപ്പോ ഇല്ല .
അബൂ ഖിലാബത്ത് (റ) തൊട്ട് നിവേദനം: റജബിലെ നോമ്പുകാർക്ക് സ്വർഗ്ഗത്തിൽ ഒരു കൊട്ടാരമുണ്ട് .
ഇമാം ബൈഹഖി(റ) പറയുന്നു: നിശ്ചയമായും, ഖുലാബത്ത് (റ) താബിഈങ്ങളിൽ പ്രമുഖരാണ് .അദ്ദേഹത്തെ പോലുള്ള ഒരാൾ നബിയെ തൊട്ട് നിവേദനം ചെയ്തത് അദ്ദേഹത്തിന് മുകളിലുള്ള ആളെ (സ്വഹാബി) തൊട്ട് നിന്ന് നിവേദനം ചെയ്യപ്പെട്ടതായിരിക്കും.(ദുർറത്തുസ്വാലിഹീൻ: 92) മിഅ്‌റാജ് നോമ്പ് പ്രത്യേകം സുന്നത്തുള്ളതാണ്. ഇമാം ഗസ്സാലി(റ) ഇഹ്‌യയില്‍ പത്തൊമ്പത് വാര്‍ഷിക പുണ്യ ദിനങ്ങളെണ്ണിയെതില്‍ റജബ് ഇരുപത്തിയേഴിനേയും എണ്ണിയതായി കാണാം. അന്ന് നോമ്പ് സുന്നത്തുണ്ടെന്ന് സമര്‍ഥിച്ചു കൊണ്ട് നബിയില്‍ നിന്ന് അബൂ ഹുറൈറ(റ)റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് അതില്‍ ഉദ്ധരിച്ചിട്ടുണ്ട്. നബി(സ)പറഞ്ഞു റജബ് ഇരുപത്തിയേഴിന് ആരെങ്കിലും നോമ്പനുഷ്ഠിച്ചാല്‍ 60 മാസം നോമ്പനുഷ്ഠിച്ച പ്രതിഫലം എഴുതപ്പെടും(ഇഹ്‌യ).
റജബ് 27നു പ്രത്യേകം നോമ്പ് സുന്നത്തുണ്ട്. (ബാജൂരി 1:314,ഇആനത്ത് 2:264).
റജബിലെ നോമ്പിന്റെ പവിത്രതയും മഹത്വവുമാണ് ഇത്രയും വിവരിച്ചത്. റജബിലെ നോമ്പിന്റെ പവിത്രത വിവരിക്കുന്ന നിരവധി ഹദീസുകൾ ഉണ്ടെങ്കിലും ദൈർഘ്യം ഭയന്ന് അതൊന്നും ഇവിടെ രേഖപ്പെടുത്തുന്നില്ല.
*ആകാശാരോഹണം വിമർശകരോട്*
ഹിജ്റയുടെ ഒരു വർഷം മുമ്പ് നബി തങ്ങളുടെ അൻപത്തിരണ്ടാം വയസ്സിലാണ് ചരിത്രപ്രസിദ്ധമായ ഇസ് റാഅ മിഅറാജ് നടന്നത്. എന്നാണ് നടന്നത് എന്നതിൽ ഭിന്നാഭിപ്രായമുണ്ടെങ്കിലും റജബ് 27നാണ് എന്നതാണ് പ്രബലമായ പ്രായം. പ്രസ്തുത സംഭവത്തിലേക്ക് വിശുദ്ധ ഖുർആൻ ഇങ്ങനെ വിരൽ ചൂണ്ടുന്നു:ചുറ്റുഭാഗവും അനുഗ്രഹം ചെയ്ത അൽ മസ്ജിദുൽ അഖ്സയിലേക്ക് പരിശുദ്ധ പള്ളിയിൽ നിന്ന് തന്റെ അടിമയെ നമ്മുടെ ദൃഷ്ടാന്തങ്ങൾ കാണിച്ചുകൊടുക്കുവാനായി രാത്രിയുടെ ചുരുക്കം സമയത്ത്  സഞ്ചരിപ്പിച്ചവൻ എത്ര പരിശുദ്ധൻ !നിശ്ചയമായും അവൻ തന്നെയാണ് എല്ലാം കാണുന്നവനും കേൾക്കുന്നവനും (സൂറത്തുൽ ഇസ്റാഅ: 1)ഈ സൂക്തത്തിൽ ഇസ്റാഇലേക്കുള്ള വ്യക്തവും മിഅ്റാജ്ലേക്കുള്ള വഗ്യവുമായ സൂചനയുണ്ട്. അലി (റ) സഹോദരി ഉമ്മുഹാനിഅ ബീവിയുടെ വീട്ടിൽ നിന്നാണ് ഇസ്റാഅ് മിഅ്റാജ് യാത്ര ആരംഭിക്കുന്നത്.ഒരു രാത്രിയിലെ ഏതാനും മണിക്കൂറുകൾകൊണ്ട് ആയിരത്തിനാനൂറോളം (റോഡുമാർഗ്ഗം) കിലോമീറ്റർ അപ്പുറമുള്ള മസ്ജിദുൽ അഖ്സയിലേക്കും അവിടെനിന്ന് ആലമുൽ മലകൂത്തും ആലമുൽ ജബറൂത്തും സിദ്റത്തുൽ മുൻതഹയും കടന്ന് സ്വർഗ്ഗ -നരകങ്ങളുടെ സുഖ -ഭയാനകതകൾ കണ്ട് അഞ്ച് വക്ത് നമസ്കാരം സമ്മാനവുമായി കടന്നുവന്ന നബിതങ്ങളുടെ ഈ മുഅ ജിസത്ത് അല്ലാഹുവിൽ നിന്നുള്ള ഒരു സമാശ്വസിപ്പിക്കലായിരുന്നു. താങ്ങുംതണലുമായി നിന്ന പിതൃവ്യന്റെയും സ്നേഹസമ്പന്നയായ ഭാര്യ ഖദീജ ബീവി(റ)യുടെയും അപ്രതീക്ഷിത വിടവാങ്ങലിനാലും ത്വാഇഫുകാരുടെ ക്രൂരമായ പീഡനങ്ങളാലും മനംനൊന്ത നബിതങ്ങളെ മോചിപ്പിക്കാനായി അല്ലാഹു തെരഞ്ഞെടുത്തതാണ് ഇസ് റാഉം മിഅറാജും.
എന്നാൽ നബിതങ്ങളുടെ മിഅറാജ് യാത്രയെ പരിഹസിക്കുകയും അങ്ങനെയൊരു സംഭവമേ നബി തങ്ങളുടെ ജീവിതത്തിൽ നടന്നിട്ടില്ല എന്ന് ഉദ്ഘോഷിക്കുകയും ചെയ്യുന്നവർ ഹദീസും ഖുർആനും കണ്ണടച്ച് നിഷേധിക്കുകയാണ് .നാം മുകളിൽ പറഞ്ഞ സൂക്തത്തിൽ  بعبده    എന്ന ഒരുപ്രയോഗമുണ്ട് .عبد എന്ന അറബി പദത്തിന്റെ അർത്ഥം അടിമ എന്നാണ്. അടിമയെ രാപ്രയാണം ചെയ്യിച്ചു എന്ന് പറയുമ്പോൾ അത് നബിയുടെ ശരീരവും ആത്മാവുമുൾപ്പെടെയാണെന്ന് വ്യക്തമാണ്. അല്ലാതെ ഉൽപതിഷ്ണുക്കൾ ജൽപ്പിക്കുന്നത് പോലെ ഇസ്റാഅ് മിഅ്റാജ് നടന്നത് സ്വപ്നത്തിലാണ് എന്നതല്ല.ഇസ്റാഅ സൂറത്തിലെ ആദ്യ  ആയത്തിനെ അല്ലാഹു ഒരു സാധാരണ പദപ്രയോഗത്തിലൂടെയല്ല  അവതരിപ്പിച്ചത്. ‘സുബ്ഹാന’ എന്ന പ്രയോഗം സാധാരണ സംഭവങ്ങളുടെ അല്ലങ്കാരമല്ല. മറിച്ച് ‘തഅജുബ് (ആശ്ചര്യ പ്രകടനം)ന്റെ ഒരു അനിശ്ചിത പദമാണിത്. ഒരു സ്വപ്‌നയാത്രയില്‍ ഒരാള്‍ ഈ ഭൂമി ചുറ്റി എന്നതൊരു ആശ്ചര്യമാണോ? അത് പറയാന്‍ ‘സുബ്ഹാന’ എന്ന ആശ്ചര്യ ചിഹ്നം ഉപയോഗിക്കേണ്ടതുണ്ടോ? സാമാന്യ ബുദ്ധി ഉള്ളവര്‍ക്ക് ഇതില്‍ ചിന്തിക്കേണ്ടതില്ല.
സ്വപ്നത്തിൽ കണ്ടതിന് ഒരിക്കലും ഒരാൾക്കും ആശ്ചര്യമുണ്ടാവില്ല. ആശ്ചര്യമുണ്ടാവാൻ അത് യഥാർത്ഥത്തിൽ സംഭവിക്കുക തന്നെ ചെയ്യണം. അതുകൊണ്ടുതന്നെ, ഇസ്റാഅ് മിഅ്റാജ് നടന്നത് ദേഹവും ദേഹിയും ഒരുമിച്ചായിരുന്നു.
മാത്രമല്ല,സിദ്റത്തുൽ മുൻതഹയിൽ വെച്ച് നബിതങ്ങൾ ജിബ് രീൽ (അ)നെ കണ്ടുവെന്ന് അൻപത്തിമൂന്നാം അധ്യായത്തിൽ വിവരിക്കുന്നുണ്ട്. സിദ്റത്തുൽ മുൻതഹാ ഏഴാം ആകാശത്തിലാണെന്ന് ബുഖാരി (റ മുസ്ലിം(റ) തുടങ്ങിയനിരവധി മുഹദ്ദിസുകൾ ഉദ്ധരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മിഅറാജ് സംഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. അമ്പത്തിമൂന്നാം അധ്യായത്തിൽ
مازاع البصر وماطغى
(നബിയുടെ കണ്ണ് ലക്ഷ്യത്തിൽനിന്ന് തെറ്റി പോയിട്ടില്ല അതിക്രമിച്ചു പോയുട്ടുമില്ല)എന്നും കാണാം .മിഅ്റാജിനെ രാത്രി ആകാശലോകത്ത് വച്ച് കണ്ട മഹാത്ഭുതങ്ങൾ കണ്ട സ്ഥിതിയെക്കുറിച്ചാണ് ഈ വിവരണം ബസ്വർ (بصر) എന്നുപറഞ്ഞാൽ ദേഹത്തിൽ കാണുന്ന ബാഹ്യമായ കണ്ണാണ്. ഉണർച്ചയിൽ ജഢത്തോടു കൂടെയായിരുന്നു ഈ മിഅറാജ് എന്ന് ഇത്  വ്യക്തമാക്കുന്നു .ഈ സൂറത്തിൽ തന്നെ അറുപതാം വ്യാക്യത്തിൽ
وماجعلنا الرؤيا التي أريناك إلا فتنة للناس
(നാം താങ്കൾക്കു കാണിച്ചുതന്ന കാഴ്ചയെ ജനങ്ങൾക്ക് ഫിത്ന ആക്കിയിരിക്കുന്നു എന്ന് കാണാം .ഇസ്റാഇന്റെ രാത്രിയിൽ നബി കണ്ടതിനെ കുറിച്ചാണ് ഈ പരാമർശം. നബിയുടെ ഇസ്റാഅ സംഭവം നബി മക്കക്കാരോട് പറഞ്ഞപ്പോൾ അവർ നബിയെ പരിഹസിച്ചു. നുണയാണെന്ന് ശത്രുക്കൾ പ്രചരിപ്പിച്ചു. സത്യവിശ്വാസം ഹൃദയത്തിൽ ശരിക്ക് ഉറച്ചിട്ടില്ല ചില മുസ്ലിങ്ങൾ ഇസ്ലാം ഉപേക്ഷിച്ചു. ഇതാണ് ജനങ്ങൾക്ക് ഫിത്ന ( പരീക്ഷണം )യാക്കി എന്നു പറഞ്ഞത് .നബി തങ്ങൾ കണ്ടത് സ്വപ്നത്തിൽ ആണെങ്കിൽ ജനങ്ങൾ ഫിത്നയിലകപ്പെടാൻ എന്തിരിക്കുന്നു. എത്രയോ അത്ഭുതങ്ങൾ സ്വപ്നം കാണപ്പെടാറുണ്ട്. അതിൽ ആർക്കെങ്കിലും എന്തെങ്കിലും ഫിത്ന ഉണ്ടാകാറില്ലല്ലോ.നബിയുടെ ഇസ്രാഉം മിഅ്റാജും കേവലം സ്വപ്നം ആയിരുന്നുവെങ്കിൽ മക്കക്കാരിൽ ഒരു കോലാഹലവും ഉണ്ടാകുമായിരുന്നില്ല.
പതിമൂന്നാം അധ്യായത്തിലെ 60 സൂക്തത്തെ വ്യാഖ്യാനിച്ച് അബ്ബാസ്(റ) പറയുന്നു: അത് ബാഹ്യമായ കണ്ണുകൊണ്ട് കണ്ടത് തന്നെയാകുന്നു. ഇസ്റാഇന്റെ രാത്രിയാണ് നബിക്കത് കാണിച്ചുകൊടുത്തത്. ആയത്തിൽ പരാമർശിച്ച റുഅയ(رؤية )എന്ന പദത്തിന് രണ്ടർത്ഥമുണ്ട്. ഒന്ന് കണ്ണുകൊണ്ട് കാണൽ. മറ്റൊന്ന് സ്വപ്നത്തിൽ കാണാൽ. ഇവിടെ ഉദ്ദേശിക്കുന്നത് കണ്ണുകൊണ്ടാണ് എന്ന് ഭാഷാപണ്ഡിതർ കൂടിയായ അബ്ബാസ്(റ) വിന്റെ വ്യാഖ്യാനത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാം. ചുരുക്കത്തിൽ ഇസ്രാഉം മിഅ്റാജും നബിയുടെ ആത്മാവും ശരീരവും ഉൾപ്പെടെ ആയിരുന്നു എന്നതാണ് ഖുർആനും ഹദീസുമെല്ലാം പഠിപ്പിക്കുന്നത്. ഖുർആനും ഹദീസും സ്വയം വ്യാഖ്യാനിച്ച് ഇസ്ലാമിനെ വികലമാക്കുന്ന ബിദഇകൾ സ്വയം കണ്ണടച്ച് ഇരുട്ടാക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

റജബിൽ വിട പറഞ്ഞ മഹത്തുക്കൾ

നിരവധി പണ്ഡിതമഹത്തുകളുടെ വിയോഗത്തിന് സാക്ഷിയായ മാസമാണ് റജബ് .പല പ്രമുഖ ഔലിയാക്കളും പണ്ഡിതന്മാരുമെല്ലാം ഈ മാസത്തിൽ വഫാത്തായവരാണ്.
അവരെക്കുറിച്ച് നമുക്കൊന്ന് ഓട്ടപ്രദിക്ഷണം നടത്താം.

1-അബ്ബാസ്(റ): നബിതങ്ങളുടെ പിതൃവ്യനായ അബ്ബാസ് (റ) റജബ് 12-നാണ് വിട പറഞ്ഞത്.റഈസുൽ മുഫസ്സിരീൻ എന്നറിയപ്പെടുന്ന അബ്ദുല്ലാഹ്ബ്നു അബ്ബാസ് (റ)വിന്റെ പിതാവാണ് അബ്ബാസ്(റ).

2-ഇമാം ശാഫിഈ(റ) :- ഹിജ്റ 150 റജബ് അവസാന ദിവസം വെള്ളിയാഴ്ച്ച പകലിൽ ഗസ്സയിലായിരുന്നു ഇമാം ശാഫിഈ(റ)വിന്റെ ജനനം അത്യൽഭുത ബുദ്ധിശക്തിയും ഓർമ്മശക്തിയുമുണ്ടായിരുന്ന ഇമാം ഏഴാം വയസ്സിൽ ഖുർആൻ മന:പാഠമാക്കുകയും പത്താം വയസ്സിൽ മുവത്വ എന്ന ലോക പ്രസിദ്ധ ഹദീസ് ഗ്രന്ഥവും മന:പാoമാക്കി. ഹി – 204 റജബ് അവസാന ദിവസം വെള്ളിയാഴ്ച്ച രാവിൽ ഇശാ നമസ്കാരത്തിന് ശേഷം മഹാനവറുകൾ വഫാത്തായി

3 -ഇമാം മുസ്ലിം (റ): ഹി 204ൽ നൈസാബൂരിയിൽ ജനിച്ചു. ഖുറൈശി കുടുംബത്തിലാണ് ജനനം ലോക പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ സ്വഹീഹ് മുസ്ലിമിന്റെ രചയിതാവാണ് ഇമാം മുസ്ലിം (റ) .മറ്റു പ്രധാന കൃതികൾ: കിതാബുൽ അഖ്റാൻ, ഔഹാമുൽ മുഹദ്ദീസീൻ ,കിതാബുൽ അഫ്റാദ്, കിതാബുൽ അസ്മാഅ. ഹിജ്റ 261 റജബ് 5 തിങ്കളാഴ്ച്ചയായിരുന്നു വഫാത്ത്.

4-ഇമാം തുർമുദി: ഹി 209 ൽ തിർമിദിയിലെ ബൂഗ് എന്ന സ്ഥലത്തായിരുന്നു ജനനം. പ്രസിദ്ധമായ ജാമിഉത്തിർമിദി അടക്കം നിരവധി ഹദീസ് ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഹി 279 റജബ് 13 തിങ്കളാഴ്ച്ച വഫാത്തായി. ശറോബാസ് എന്ന സ്ഥലത്താണ് ഖബർസ്ഥിതി ചെയ്യുന്നത്.

  5-ഖാജാ മുഈനുദ്ദീൻ ചിശ്തി (റ): ഹി – 530 റജബ് 14 ന് മാഹിനൂർ(റ) ഗിയാസുദ്ദീൻ ( റ)എന്നീ
ദമ്പതികളുടെ മകനായി ഖുറാസാനിൽ ജനിച്ചു.
നബി(സ്വ)യുടെ നിർദ്ദേശപ്രകാരം ഇന്ത്യയിലെത്തിയ ഖാജ (റ) സുൽത്താനുൽ ഹിന്ദായാണ് അറിയപ്പെടുന്നത്.ഇന്ത്യ ഭരിക്കുന്നത് ഒരു ഖബറാണെന്ന് കാൾസൺ പ്രഭു എഴുതിയത് ഖാജയെക്കുറിച്ചാണ്. ചിശ്തിത്വരീഖത്തിന്റെ മശാഇഖന്മാരിലൊരാളായ ഖാജ (റ) ഹി 627 റജബ് 6 തിങ്കളാഴ്ച്ച (A.D 1229 മെയ് 1) വഫാത്തായി.

6-ഇബ്നു ഹജറിനിൽ ഹൈതമി(റ): ശാഫിഈ മദ്ഹബിലെ അധികാരിക പണ്ഡിതനാണ് ഇബ്നു ഹജർ(റ). ഹി – 909 ൽ ഈജിപ്തിലെ അബുൽ ഹൈതം എന്ന സ്ഥലത്താണ് ജനനം.നിരവധി ഗ്രന്ഥങ്ങൾ രചിച്ച ഇബ്നു ഹജർ (റ)വിന്റെ മാസ്റ്റർ പീസ് തുഹ്ഫത്തുൽ മുഹ്താജെന്ന ശാഫിഈ മദ്ഹബിലെ അധികാരിക ഗ്രന്ഥമാണ്. മറ്റു പ്രധാന ഗ്രന്ഥങ്ങൾ: ഇംദാദ്, ഫത്ഹുൽ ഇലാഹ്, ഫത്ഹുൽ ജവാദ് ,അൽ ഫതാവൽ കുബറാ, അൽതാവൽ ഹദീസിയ്യ, അശ്റഫുൽവസാഇൽ ഫീഫഹ്മിശ്ശമാഇൽ 64 വർഷത്തെ സംഭവബഹുലമായ ആ ജീവിതം  ഹിജ്റ 974 റജബ് 23 ന് തിങ്കളാഴ്ച്ച അവസാനിച്ചു.

7‌ -ശൈഖ് അലാവുദ്ദീൻ ഹിംസി (റ): കോഴിക്കോട് ഇടിയങ്ങരയിലാണ് ഖബർ.അപ്പവാണിഭ നേർച്ച എന്ന പേരിൽ അറിയപ്പെടുന്നതാണ് ഇവിടുത്തെ നേർച്ച .റജബ് 16നാണ് വഫാത്ത്.

8 -ഉമറലി ശിഹാബ് തങ്ങൾ (ന:മ): ആത്മീയ ലോകത്തെ നിറസാന്നിദ്ധ്യമായിരുന്നു സമസ്ത വൈസ് പ്രസിഡന്റ് കൂടിയായിരുന്ന തങ്ങൾ. കണിശമായ നിലപാടുകളുടെ ഉടമയായ തങ്ങൾ പാണക്കാട്ടെ തങ്ങൾ സാന്നിദ്ധ്യത്തിലെ നിറവസന്തമായിരുന്നു. റജബ് ഒന്നിനാണ് വഫാത്ത്

9 -ഉമർ ബാഫഖി തങ്ങൾ: റജബ് 29-നാണ് വഫാത്ത്

10-കണ്യാല മൗല (റ): അദ്ധ്യാത്മിക ലോകത്തെ നിറസാന്നിദ്ധ്യമായിരുന്ന കണ്ണ്യാല മൗല (റ) റജബ് 10നാണ് വഫാത്തയത്.മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്ത കണ്ണ്യാലയിലാണ് ഖബർ .

11-  നാട്ടിക വി.മൂസ മുസ്ലിയാർ (ന:മ): ബിദഇകൾക്കും വിഘടിതർക്കുമെതിരെ സ്റ്റേജിലും പേജിലും ശബ്ദിച്ച അഹ്ലുസുന്ന: യുടെ പടവാളായിരുന്നു നാട്ടിക ഉസ്താദ് .മേലാറ്റൂർ പഞ്ചായത്തിലെ എടയാറ്റൂരിൽ 1952 ഏപ്രിലിലാണ് ജനനം. വലിയ പ്രഭാഷകനും എഴുത്തുകാരനുമായ ഉസ്താദിന്റെ കരങ്ങളാൽ നിരവധി കൃതികൾ വിരചിതമായിട്ടുണ്ട്. തൗഹീദും ശിർക്കും, സുന്നത്തുജമാഅത്തിനു ഒരു മുഖവുര, മാസപ്പിറവി ,ഖാദിയാനിസം ശരീഅത്ത് എന്നിവ അവയിൽ ചിലത് മാത്രം.2001 ഒക്ടോബർ 4 ( റജബ് 17 ) ന് വഫാത്തായി. എടയാറ്റൂർ ജുമുഅത്ത് പള്ളി ഖബറിസ്ഥാനിലാണ് അന്ത്യവിശ്യമം.

12-കോയക്കുട്ടി മുസ്ലിയാർ (ന:മ) : സമസ്ത പ്രസിഡന്റും ആത്മീയ ലോകത്തെ ജോതിർഗോളവുമായിരുന്നു ശൈഖുന .ആർഭാഢങ്ങളോ ആടമ്പരങ്ങളോ ഇഷ്ടപ്പെടാതെ എളിമയിലും തെളിമയിലും ജീവിച്ച മഹാപണ്ഡിതനായിരന്നു ശൈഖുനാ .വിനയം ജീവിതത്തിന്റെ അലങ്കാരമാക്കിയ ശൈഖുന 1934 ലാണ് ജനിച്ചത്.2016 ഏപ്രിൽ 3 ( റജബ് 26) രാത്രി 9.40നായിരുന്നു വഫാത്ത്.
അല്ലാഹു ഈ മഹാന്മാരോട് കൂടെ അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ. ആമീൻ