മുഹമ്മദ് അജ്മൽ കെ.ടി പാണ്ടിക്കാട്
സമകാലിക ലോകത്ത് കൂടുതൽ ചർവിതചർവങ്ങൾക്ക് വിധേയമായ പദമാണ് നവോത്ഥാനം. യഥാർത്ഥത്തിൽ എന്തിനാണ് നവോത്ഥാനം എന്ന് പറയുന്നത്? സമഗ്രമായ ഉയർത്തെഴുനേൽപ്പെന്ന് അതിനെ ലളിതമായി നിർവചിക്കാമെങ്കിലും ഒരു സമൂഹം അതിനെ ജീർണതകളിൽ നിന്നും നിശ്ചലാവസ്ഥകളിൽ നിന്നും മുക്തിനേടി പുതിയൊരു മുന്നേറ്റത്തിനു വേണ്ടി ഉണരുന്നതിനെ സാമാന്യമായി നമുക്ക് നവോത്ഥാനം എന്ന് നിർവചിക്കാം.
യൂറോപ്യൻ നവോത്ഥാനത്തിലൂടെയാണ് നവോത്ഥാനം എന്ന വിഷയം ചർച്ചക്ക് വരുന്നത് .പതിനാലാം നൂറ്റാണ്ടിൽ ഇറ്റലിയിൽ പ്രത്യക്ഷപ്പെട്ട ഒരു പ്രവണതയും പ്രതിഭാസവുമാണ് യൂറോകേന്ദ്രീകൃത നവോത്ഥാനം. യൂറോപ്യൻ നവോത്ഥാനം ചതിയുടെയും വഞ്ചനയുടെയും കഥയാണ് നമുക്ക് പറഞ്ഞ് തരുന്നത്. ഇസ്ലാമിക രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും രൂപപ്പെട്ടുവന്ന വൈജ്ഞാനിക പാരമ്പര്യങ്ങളെ തങ്ങളുടേതാക്കി മാറ്റുകയാണ് യൂറോപ്യൻ നവോത്ഥകർ ചെയ്തത്.
ഡാന്റയുടെ ഡിവൈൻ കോമഡിയാണ് യൂറോപ്യൻ നവോത്ഥാനത്തിന് വിത്തുപാകിയത്. ആ പുസ്തകം മുഴുവൻ കുടിപ്പകയും വംശീയ വൈരാഗ്യവുമാണ്. ഡിവൈൻ കോമഡി എന്ന ഗ്രന്ഥം പ്രവാചകർ (സ്വ) ക്കെതിരിൽ ആക്ഷേപങ്ങൾ അഴിച്ചുവിട്ടുണ്ട്. നബിതങ്ങളെ ആക്ഷേപിക്കുന്ന പുസ്തകമാണ് യൂറോപ്യൻ നവോത്ഥാനത്തിന് തുടക്കം കുറിച്ചത് എന്ന് ചിന്തിക്കുമ്പോഴാണ് യൂറോപ്യൻ നവോത്ഥാനത്തിന്റെ അവതാനത ബോധ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ നവോത്ഥാനത്തിന്റെ യൂറോപ്യൻ മുഖം വർഗീയതയും കുടിപ്പകയും വംശവൈര്യവും ആധുനികതയോടുള്ള അടങ്ങാത്ത ആഗ്രഹവുമാണ്. മലിനമായ ആശയങ്ങളാണ് യൂറോപ്യൻ നവോത്ഥാനത്തിന്റെ കാതൽ. അതിനാൽതന്നെ യൂറോപ്പിൽ നടന്ന, നവോത്ഥാനം എന്ന് വിളിക്കപ്പെടുന്ന സംഭവവികാസങ്ങൾ നവോത്ഥാനമാണെന്ന് പറയാൻ കഴിയുകയില്ല.അഥവാ
നവോത്ഥാനത്തിന്റെ യൂറോപ്യൻ പതിപ്പ് അസ്വീകാര്യമാണെന്നർത്ഥം.
അവിടെയാണ് വിശുദ്ധ ഇസ്‌ലാമിന്റെ നവോത്ഥാന പ്രക്രിയകൾക്ക് പ്രസക്തിയേറുന്നത്. ഇസ്ലാമികമായി നവോത്ഥാനത്തിനെ വിലയിരുത്തുമ്പോൾ നവോത്ഥാനത്തെ വിശ്വാസപരമായ ഉണർവ്, ആത്മീയവൈജ്ഞാനിക മുന്നേറ്റം, സംഘ ശാക്തീകരണം, വിദ്യാഭ്യാസ,ഭാഷാ പുരോഗതി, ഭരണപങ്കാളിത്തം, സ്വത്വബോധം തുടങ്ങിയവയിലെല്ലാം മുസ്ലിം സമുദായം നേടിയെടുത്ത ഉണർവാണെന്ന് നിർവ്വചിക്കേണ്ടിവരും.
യഥാർഥത്തിൽ വിശുദ്ധ ഇസ്‌ലാം തന്നെ നവോത്ഥാനമാണ്. അന്ധകാരത്തിന്റെ അഴിയാക്കുരുക്കിൽ അകപ്പെട്ട അറേബ്യൻ സമൂഹത്തെ വെളിച്ചത്തിന്റെ വെള്ളിരേഖയിലേക്ക് കൈപിടിച്ച് എഴുന്നേൽപ്പിച്ചത് വിശുദ്ധഇസ്ലാം ആയിരുന്നു. മദ്യ ചഷകങ്ങൾളുടെയും രക്തക്കളങ്ങളുടെയും ഇടയിൽ ജീവിച്ച അറേബ്യൻ ജനതയെ ലോകത്തെ ഏറ്റവും ഉത്തമരായ സമുദായമാക്കിയ വിശുദ്ധ ഇസ്ലാം നവോത്ഥാനമല്ലെങ്കിൽ പിന്നെ എന്താണ് നവോത്ഥാനം?
ഒരൊട്ടകത്തിന്റെ കാര്യത്തിൽ വർഷങ്ങളോളം തർക്കിച്ചവർക്കിടയിൽ സാഹോദര്യത്തിന്റെ സ്തുതിഗീതങ്ങൾ കൊണ്ട് പടപ്പാട്ട് പാടിയത് വിശുദ്ധ ഇസ്ലാമിന്റെ പരിശുദ്ധ ആശയങ്ങളായിരുന്നു.
അരാജകത്വത്തിന്റെ ആഴിയിൽ നിന്ന് പുണ്യപ്രവാചകൻ അറേബ്യൻ ജനതയെ സംസ്കാരസമ്പന്നരാക്കി. വിശുദ്ധ ഖുർആനാണ് ലോകത്തെ ഏറ്റവും വലിയ നവോത്ഥാന ഗ്രന്ഥം .പുണ്യപ്രവാചകർ(സ്വ)യാണ് ലോകത്തെ ഏറ്റവും വലിയ നവോത്ഥാന നായകർ. ലോകത്തെ ഏറ്റവും വലിയ നവോത്ഥാന ഗ്രന്ഥവും ഏറ്റവും വലിയ നവോത്ഥാന നായകരും നടത്തിയ നവോത്ഥാന പ്രക്രിയകൾ അനന്തമാണ്. ആ നവോത്ഥാന പ്രക്രിയകൾ ആയിരത്തിനാനൂറ് വർഷങ്ങൾക്കിപ്പുറവും തുടർന്നുകൊണ്ടിരിക്കുന്നു. അത് അന്ത്യനാൾ വരെ നിലനിൽക്കുകയും ചെയ്യും.
*ഇസ്ലാമിക നവോത്ഥാനം ഒരു ആഗോള വായന*
വിശുദ്ധ ഇസ്ലാം അറേബ്യൻ ഉപഭൂഖണ്ഡത്തിൽ പ്രത്യക്ഷപ്പെട്ട് ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴേക്കും വിശുദ്ധ ഇസ്ലാം ലോകത്തിന്റെ അഷ്ടദിക്കുകളിൽ വ്യാപിച്ചുകഴിഞ്ഞിരുന്നു. സ്പെയിൻ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് ഇസ്ലാമിക രാജ്യങ്ങളായി മാറി. ലോകത്തിന്റെ വിവിധ ദിക്കുകളിൽ ഇസ്ലാം പരന്നതോടെ അവിടെയെല്ലാം ഇസ്ലാമിക നവോത്ഥാനങ്ങൾ തകൃതിയായി അറിഞ്ഞോ അറിയാതെയോ നടക്കുന്നുണ്ടായിരുന്നു. മുസ്ലിം ഖുർതുബയും ബഗ്ദാദുമെല്ലാം നേടിയെടുത്ത വൈജ്ഞാനിക പുരോഗതി ഇസ്ലാമിക ലോകത്തെ നവോത്ഥാന പ്രക്രിയകളായിരുന്നു. ലക്ഷക്കണക്കിന് പുസ്തകങ്ങൾ നിറഞ്ഞ ലൈബ്രറികളായിരുന്നു ഈ നവോത്ഥാന പുരോഗതികൾക്ക് ചുക്കാൻപിടിച്ചത്.
ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ അത്ഭുതങ്ങൾ കാണിച്ച ബനൂമൂസാ ശാക്കിറും ഓപ്പറേഷന് പ്രാഥമിക പാഠങ്ങൾ പഠിപ്പിച്ച ഇമാം റാസിയും ശാസ്ത്രലോകത്ത് വിസ്മയങ്ങൾ തീർത്ത മുസ്ലിം പണ്ഡിതന്മാരായിരുന്നു. വിശ്വവിഖ്യാത ചിന്തകൻ സാൾട്ടൻ ശാസ്ത്രത്തിന് ഒരു മുഖവുര എന്ന ഗ്രന്ഥത്തിൽ പറയുന്നു: മനുഷ്യവർഗ്ഗത്തിന്റെ പ്രധാന നേട്ടങ്ങളെല്ലാം കൈവരിച്ചത് മുസ്ലിങ്ങളാണ് .ഏറ്റവും പ്രഗത്ഭനായ തത്വചിന്തകൻ അൽഫറാബി ഒരു മുസ്ലിമായിരുന്നു .ഏറ്റവും സമർത്ഥരായ ഗണിതശാസ്ത്രജ്ഞന്മാരായിരുന്ന അബൂ കാമിൽ, ഇബ്രാഹിം ബ്നു സിനാൻ എന്നിവരും മുസ്ലിങ്ങളായിരുന്നു. ഏറ്റവും നിപുണരായ ഭൂമിശാസ്ത്രജ്ഞനും കോശനിർമ്മാതാവുമാവുമായ അൽ മസ്ഊദി ഒരു മുസ്ലിമായിരുന്നു .ഏറ്റവും വലിയ ചരിത്രകാരൻ അത്വബ്രിയും മുസ്ലിം തന്നെ .
മധ്യകാല മുസ്ലിംകളുടെ നവോത്ഥാന വിപ്ലവങ്ങളെ കുറിച്ച് ഗുസ്താവോ രേഖപ്പെടുത്തുന്നു: സ്പെയിൻ ഇസ്ലാം കീഴടക്കിയതുപോലെ ഫ്രാൻസും കീഴടക്കിയിരുന്നുവെങ്കിൽ സ്പെയിനിലെതുപോലെ കോർഡോവയും സമർഖന്തും സാംസ്കാരിക സമുച്ചയങ്ങളും വൈജ്ഞാനിക കേന്ദ്രങ്ങളും ശാസ്ത്ര പ്രതിഭകളും ഫ്രാൻസിലും ഉണ്ടാകുമായിരുന്നു. മധ്യകാലനൂറ്റാണ്ടുകളിൽ മുസ്ലിങ്ങൾ നടത്തിയ നവോത്ഥാന വിപ്ലവങ്ങളാണ് ഗുസ്തേവ് ഈ വചനങ്ങളിലൂടെ സൂചിപ്പിക്കുന്നത് . റൈറ്റ് സഹോദരന്മാർ വിമാനം കണ്ടുപിടിക്കുന്നതിനു മുമ്പേ അബ്ബാസ് ഇബ്നു ഫർണസ് വിമാനം കണ്ടുപിടിച്ചിട്ടുണ്ടായിരുന്നു
ഒരുകാലത്ത് മെഡിറ്റേറിയൻ കടൽതീരത്ത് കക്ക പൊറുക്കി നടന്നിരുന്ന പാശ്ചാത്യർക്ക് കണ്ടുപിടുത്തങ്ങളുടെ താക്കോൽക്കൂട്ടം നൽകിയത് മുസ്‌ലിംകളായിരുന്നു. യൂറോപ്യർ ഇന്ന് പിതൃത്വം അവകാശപ്പെടുന്ന വിജ്ഞാനങ്ങളെല്ലാം പൂർവ്വകാലത്ത് മുസ്ലിങ്ങളുടെ സ്വത്തായിരുന്നു. ഒരുകാലത്ത് മുഴുവൻ നിയന്ത്രിച്ചിരുന്നത് അറബി ഭാഷയായിരുന്നു.അറബി ഭാഷയിൽ വിരചിതമായ ഗ്രന്ഥങ്ങളെ അതേപടി അല്ലെങ്കിൽ മാറ്റത്തിരുത്തലുകളോടുകൂടി ഇംഗ്ലീഷിലേക്കും ലാറ്റിനിലേക്കും പരിഭാഷപ്പെടുത്തി തങ്ങളാണ് ഇവിടെ വൈജ്ഞാനിക നവോത്ഥാനം കൊണ്ടുവന്നതെന്ന് സ്ഥാപിക്കാൻ യൂറോപ്യർ ശ്രമിച്ചുക്കൊണ്ടിരിക്കുന്നു എന്നത് നഗ്നസത്യമാണ്. അതുകൊണ്ടാണ് പല മുസ്ലിം പണ്ഡിതന്മാരുടെയും നാമങ്ങൾ ക്രിസ്തുവൽക്കരിക്കാൻ യൂറോപ്യർ ശ്രമിച്ചത്. ഇബ്നു സീനയെ അവിസന്നയായും ഇബ്നുറുശ്ദിനെ എവറോസായും അബൂബക്കർ റാസിയെ രാംസെസായും വായിക്കുന്നതിന്റെ താല്പര്യംവും ഇതുതന്നെ.
വൈദ്യ -ഭൂമി -ഗണിത- ഭൗതിക -സാഹിത്യ – ശാസ്ത്ര മേഖലകളിലെല്ലാം മുസ്ലിങ്ങൾ നടത്തിയ മുന്നേറ്റങ്ങൾ ഇസ്ലാമിക നവോത്ഥാനത്തിന്റെ അനന്തരഫലമാണ് .ഇബ്നുസീനയും ഇബ്നു ഹൈസമും ഹവാറസ്മിയുമെല്ലാം മുസ്ലിം ലോകത്തെ അതികായന്മാരായിരുന്നു. ലോകത്താദ്യമായി ആശുപത്രിപണിതത് അബൂബക്കർ റാസിയെന്ന മുസ്ലിം പണ്ഡിതനായിരുന്നു. വൈദ്യശാസ്ത്രത്തിന്റെയും പ്രകാശശാസ്ത്രത്തിന്റെയും ബാലപാഠങ്ങൾ യൂറോപ്യർ നുകർന്നത് മുസ്ലിങ്ങളിൽ നിന്നായിരുന്നു. പതിനഞ്ച് പതിനാറ് നൂറ്റാണ്ടുകളിൽ ഇസ്ലാം നേടിയ പുരോഗതി കളെല്ലാം നവോത്ഥാനത്തിന്റെ ചരിത്രത്തിൽ തുന്നിച്ചേർക്കപ്പെടേണ്ട ഏടുകളാണ്.
*സൂഫികൾ നവോത്ഥാന നായകന്മാർ*
വിശുദ്ധ ഇസ്ലാമിന്റെ പരിശുദ്ധ ആശയങ്ങളെ സ്വന്തം ജീവിതത്തിൽ മുറപോലെ തുന്നിച്ചേർത്തവരാണ് സൂഫികൾ. പാരിനെക്കാളും പരലോകത്തിനാണ് പടച്ച റബ്ബിനെ മുമ്പിൽ പ്രാമുഖ്യമെന്ന് മനസ്സിലാക്കി പടച്ച തമ്പുരാനിലേക്ക് അടുത്തവരാണ് സൂഫികൾ .ഇസ്ലാമിക നവോത്ഥാന മേഖലയിൽ സൂഫികൾ നൽകിയ പങ്ക് മറക്കാനാകാത്തതാണ്. ഇസ്ലാമിക സമൂഹത്തിൽ നടക്കുന്ന അനാചാരങ്ങളെ എതിർത്തും ഇസ്ലാമിക പ്രബോധനം സ്വജീവിതത്തിലൂടെ വരച്ച് കാട്ടിയും അവർ നവോത്ഥാന പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടി.
ഇസ്ലാമിക നിയമങ്ങൾ പൂർണമായും ജനങ്ങൾ ഉപേക്ഷിച്ച സമയത്താണ് മുഹിയുദ്ദീൻ ശൈഖ് നവോത്ഥാനത്തിന്റെ പടപ്പാട്ടുമായി കടന്നുവന്നത് .ഇസ്ലാമിനെ മറന്നുകൊണ്ട് ജീവിച്ച മുസ്ലിങ്ങൾക്ക് ഉണർവ് നൽകിയും പ്രതാപം അസ്തമിച്ച് മയങ്ങിക്കിടന്നിരുന്ന ഇസ്ലാമിനെ പുനരുജ്ജീവിപ്പിച്ചും മഹാനവർകൾ ഇസ്ലാമിക ലോകത്ത് വമ്പിച്ച നവോത്ഥാനങ്ങൾ സൃഷ്ടിച്ചു. അതുകൊണ്ടുതന്നെയാണ് ലോകം മഹാനവർകളെ ദീനിന്റെസമുദ്ധാരകൻ എന്ന് പേരിട്ട് വിളിച്ചതും.
ഹൃദയം ദുഷിച്ച് പൈശാചിക മാർഗ്ഗത്തിൽ ജീവിച്ച്കൂടിയിരുന്ന പതിനായിരക്കണക്കിനാളുകളുടെ അന്തരംഗങ്ങളെ തസ്വവ്വുഫാകുന്ന വെള്ളം കൊണ്ട് കഴുകി ശുദ്ധിയാക്കി അവരെ അല്ലാഹുവിലേക്ക് അടുപ്പിക്കുകയായിരുന്നു സൂഫികൾ.
രിഫാഈ ശൈഖും ശാദുലി ഇമാമും സുഹ്റവർദി ഇമാമും ഖാജമുഈനുദ്ദീൻ ചിശ്തി തങ്ങളുമെല്ലാം തങ്ങളുടേതായ നവോത്ഥാന വിപ്ലവങ്ങൾ ലോകത്ത് നടത്തിയിട്ടുണ്ട്.
ഖാജാ മുഈനുദ്ദീൻ ചിശ്തി തങ്ങളുടെ നവോത്ഥാന പ്രവർത്തനങ്ങൾ ഇന്ത്യാമഹാരാജ്യത്ത് ഇന്നും പ്രശോഭിച്ചു നിൽക്കുന്നു.
ഖാജാതങ്ങളുടെ മന്ദസ്മിതം പോലും നവോത്ഥാനമായിരുന്നു. ആ പരിശുദ്ധ മുഖം ദർശിച്ച് തൊള്ളൂറ്ലക്ഷം പേരായിരുന്നു ഇസ്ലാമിലേക്ക് കടന്നുവന്നത് .
ഖാജാതങ്ങളെക്കുറിച്ച് കാൾസൻ പ്രഭു എഴുതുന്നു :”ഇന്ത്യ നിയന്ത്രിക്കുന്നത് ഒരു ഖബറാണ് .ആ ഖബറാണ് ഇന്ത്യയുടെ രാജാവ്”.ഏത് രാഷ്ട്രീയ പാർട്ടിക്കാർരാണെങ്കിലും തെരഞ്ഞെടുപ്പിനു മുമ്പോ ശേഷമോ ഖാജതങ്ങളുടെ ഖബറിങ്ങൽ ചെല്ലുമെന്നത്തന്നെയാണ് ഖാജാ തങ്ങൾ സൃഷ്ടിച്ചെടുത്ത നവോത്ഥാനം ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു എന്നതിന്റെഏറ്റവും വലിയ ഉദാഹരണം .
സമൂഹത്തിൽ അടഞ്ഞു കൂടിയിരുന്ന അനാചാരങ്ങൾക്കും അനാശാസ്യങ്ങൾക്കുമെതിരെ സൂഫികൾ എന്നും ശബ്ദിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ നിയമങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവർക്കെതി
ഇസ്ലാമിന്റെ തനതു രൂപത്തെ അത് പോലെ തന്നെ നിലനിർത്തുകയയെന്ന വലിയ ദൗത്യമാണ് സൂഫികൾ നടത്തിയ ഏറ്റവും വലിയ നവോത്ഥാനം.മുസ്ലിം ഉമ്മത്തിന് കരുത്തുപകർന്ന സൂഫി നവോത്ഥാന മുന്നേറ്റങ്ങൾ നവോത്ഥാന ചരിത്രത്തിൽ എക്കാലവും സ്മരിക്കപ്പെടേണ്ടതുണ്ട്.
*ഇസ്ലാമിക നവോത്ഥാനം കേരളത്തിൽ*
ഹിജ്റ ഒന്നാം നൂറ്റാണ്ടിൽ തന്നെ വിശുദ്ധ ഇസ്ലാം കേരള മണ്ണിൽ എത്തിയിട്ടുണ്ട്. മാടായി പള്ളിയിൽ നിന്നും ലഭ്യമായ ശേഖരത്തിലെ സനതഖംസീൻ( അഞ്ചാം വർഷം) എന്ന ലിഖിതവും കാസർകോട് മാലിക് ദീനാർ ജുമാഅത്ത് പള്ളിയിലെ സനത ഇസ്നൈനി വ ഇശ്രീന (ഇരുപത്തിരണ്ടാം വർഷം) എന്ന രേഖയും ഈ വസ്തുതയുടെ നേർസാക്ഷ്യങ്ങളാണ്. അറേബ്യയുമായി അഭേദ്യമായ ബന്ധം കച്ചവടബന്ധം പുലർത്തിയിരുന്ന കേരളത്തിന് ഇസ്ലാമിന്റെ ആഗമനം അനുഗ്രഹമായിരുന്നു. മാലിക് ദീനാർ (റ)വിന്റെയും മാലിക് ബ്നു ഹബീബ് (റ)ശ്രമഫലമായി കേരളത്തിലങ്ങോളം പള്ളികൾ ഉയർന്നുവന്നു. പിന്നീട് പള്ളികൾ കേന്ദ്രീകരിച്ചാണ് വിശുദ്ധ ഇസ്ലാം കേരളത്തിൽ പടർന്നു പന്തലിക്കുന്നത്. കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ പ്രഥമ കണ്ണികളാണ് മാലിക് ദീനാർ (റ)വും മാലിക് ബ്ൻഹബീബ് (റ)വും .
അവരുടെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് പിറകെയാണ് കേരളത്തിൽ ഇസ്ലാമിക നവോത്ഥാനത്തിന്റെ ചടുലമായ മുന്നേറ്റങ്ങളിൽ നടക്കുന്നത്.
*മഖ്ദൂമുമാർ പകർന്ന നവോത്ഥാനം*
മാലിക് ബ്നു ദീനാർ (റ)നും സംഘത്തിനും ശേഷം കേരളത്തിലെ ഇസ്ലാമിക നവോത്ഥാനത്തിന് ചുക്കാൻ പിടിച്ച മഹാന്മാരായിരുന്നു മഖ്ദൂം കുടുംബം. തമിഴ്നാട്ടിലെ കോറമണ്ടൽ തീരത്ത് കുടിയേറിയ കുടുംബമാണ് മഖ്ദൂം കുടുംബം. സിലോണിലേക്ക് കടക്കുന്ന വഴിയായതിനാൽ കോറമണ്ഡൽ എന്ന പ്രദേശത്തെ “കടത്ത്” എന്നർത്ഥമുള്ള “മഅബർ” എന്നായിരുന്നു അറബികൾ വിളിച്ചിരുന്നത്. മഖ്ദൂമുമാരുടെ വേരുകൾ യമനിലാണെന്നാണ് ചരിത്രകാരന്മാർ പറയുന്നത് .
ആദ്യമായി പൊന്നാനിയിലെത്തിയ മഖ്ദൂം കുടുംബാംഗം പതിനഞ്ചാം നൂറ്റാണ്ടിൽ കൊച്ചിയിലെത്തിയ ഇബ്റാഹീം മഅ്ബരിയാണ്. ഇദ്ദേഹത്തിന്റെ സഹോദരനാണ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ എന്നറിയപ്പെടുന്ന അലിയ്യുബ്നു അഹമ്മദ് മഅ്ബരി(റ ). കേരളത്തിൽ ഇസ്ലാമിക നവോത്ഥാനത്തിന്റെ ആദ്യ പ്രവണതകൾ രൂപപ്പെട്ടതും വികസിച്ചതും സൈനുദ്ദീൻ മഖ്ദൂം ഒന്നാമനിലൂടെയാണ്. കേരള മുസ്ലിങ്ങൾക്കിടയിൽ വൈജ്ഞാനികമായും രാഷ്ട്രീയമായും ആത്മീയമായും മഖ്ദൂമുമാർ നവോത്ഥാന വിപ്ലവങ്ങൾ നടത്തിയിട്ടുണ്ട്. സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ നടത്തിയ കൊളോണിയൽ വിരുദ്ധതയുടെ അനന്തരഫലമായാണ് ഇവിടെ അധിനിവേശികൾക്കെതിരിൽ പോരാട്ടങ്ങൾ തുടങ്ങുന്നത് .പോർച്ചുഗൽ അധിനിവേശത്തിനെതിരെ ജനമനസ്സുകളെ സമര സജ്ജരാക്കുന്ന “തഹ്രീളു അഹ് ലിൽ ഈമാൻ അലാ ജിഹാദി അബദത്തി സുൽബാൻ”എന്ന കൃതി മഖ്ദൂം ഒന്നാമൻ ദേശീയ ബോധവും സ്വരാജ്യക്കൂറും പ്രകടിപ്പിക്കുന്നതാണ്. മുർഷിദുത്തുല്ലാബ്,സിറാജുൽ ഖുലൂബ്, ശംസുൽ ഹുദാ ,തുഹ്ഫത്തുൽ അഹിബ്ബ, ഇർശാദുൽ ഖാസ്വിദീൻ, ശുഅബുൽ ഈമാൻ,ഹിദായതുൽ അദ്കിയാ തുടങ്ങീ ഒട്ടനേകം ഗ്രന്ഥങ്ങൾ രചിച്ചുകൊണ്ട് വൈജ്ഞാനികവിപ്ലവം നടത്തിയാണ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ(റ) വഫാത്താകുന്നത്.
മഖ്ദൂം ഒന്നാമന്റെ(റ) വഫാത്തിനുശേഷം അവരുടെ മൂത്ത പുത്രൻ മുഹമ്മദ് ഗസ്സാലിയുടെ മകനായാണ് രണ്ടാം മഖ്ദൂം (റ) ജനിച്ചത് (1531).
മക്കയിൽ പോയി ഇബ്നു ഹജറിനിൽ ഹൈത്തമി(റ)ന്റെ ശിഷ്യത്വം നേടാൻ സൗഭാഗ്യം ലഭിച്ച മഹാൻ നടത്തിയ വൈജ്ഞാനിക വിപ്ലവങ്ങൾ അവിസ്മരണീയമാണ്. ഫത്ഹുൽ മുഈനെന്ന എന്ന കർമ്മശാസ്ത്രഗ്രന്ഥവും തുഹ്ഫത്തുൽ മുജാഹിദീൻ എന്ന അധിനിവേശവിരുദ്ധ ഗ്രന്ഥവും മഹാന്റെ സംഭാവനകളാണ്. ഇർഷാദുൽ ഇബാദ് ,അജ് വിബത്തുത്തുൽ അജീബ, അഹ്കാമുന്നിക്കാഹ്, അൽ മൻഹജുൽവാളിഹ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ് .
ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു കാര്യം മഖ്ദൂമുമാർ കേവലം ഒരു മുദരിസായി ചടഞ്ഞുകൂടി ഇരിക്കുകയായിരുന്നില്ല എന്നതാണ്. മറിച്ച് പോർച്ചുഗീസുകാർക്കെതിരെ ദേശബോധവും മതബോധവും ഉണർത്തി ഹിന്ദുക്കളെയും മുസ്ലിങ്ങളെയും പോർച്ചുഗീസുകാർക്കെതിരെ പ്രതിരോധത്തിനിറക്കാൻ ആ പണ്ഡിത മഹത്തുക്കൾ രംഗത്തുവന്നുവെന്നത് കേരള നവോത്ഥാനത്തിന് മറക്കാൻ കഴിയാത്ത അധ്യായമാണ്.
*ഫത്ഹുൽമുഈൻ നടത്തിയ വൈജ്ഞാനിക നവോത്ഥാനം*
ശാഫിഈ മസ്അലകളിൽ പരമപ്രധാനമായ ഒരു ഗ്രന്ഥമാണ് മലയാളിയായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ രചിച്ച ഫത്ഹുൽമുഈൻ. വിജ്ഞാനത്തിന് മുത്ത്മണികൾ വാരിവിതറി വൈജ്ഞാനിക നവോത്ഥാനം സൃഷ്ടിച്ചെടുത്ത ആഗോളവ്യാപകമായ ഗ്രന്ഥമാണ് ഫത്തഹുൽ മുഈൻ . രചിക്കപ്പെട്ടത് മുതൽ ഇന്നുവരെയായി മലബാറിലെ മിക്ക പണ്ഡിതന്മാരുടെയും കർമ്മശാസ്ത്ര പ്രമാണം ഫത്ഹുൽമുഈനാണ്. കേരളത്തിലെ ഫിഖ്ഹീ പാരമ്പര്യത്തിലെ സുപ്രധാന ഘടകം കൂടിയാണ് ഈ ഗ്രന്ഥം. കേരളത്തിനകത്തും പുറത്തുമായി ഫത്ഹുൽമുഈൻ അടിസ്ഥാനമാക്കി നിരവധി ഗ്രന്ഥങ്ങളും വ്യാഖ്യാനങ്ങളും
ഹാഷിയകളും വിവർത്തനങ്ങളും മറ്റും രചിക്കപ്പെട്ടിട്ടുണ്ട്.
ഒരു മലബാറി പണ്ഡിതന്റെ ആഗോളവ്യാപകമായ ഗ്രന്ഥം എന്ന ഖ്യാതി നേടി എടുത്ത ഫത്ഹുൽ മുഈനിന് മലയാളം, തമിഴ്, കന്നട ,ഇന്ത്യാനേഷ്യൻ എന്നീ ഭാഷകളിൽ വിവർത്തനകൃതികളുണ്ട്. മലേഷ്യയിലും സിറിയയിലും ശ്രീലങ്കയിലും സൊമാലിയയിലും യമനിലെ ദാറുൽ മുസ്തഫയിലും മദ്രസത്തുൽ ഇംദാദിലുമെല്ലാം ഫത്ഹുൽമുഈൻ പഠിപ്പിക്കപ്പെടുന്നുവെന്നറിയു
സൈനുദ്ദീൻ മഖ്ദൂം ലോകത്തിനു സമർപ്പിച്ച ഈ വൈജ്ഞാനിക ഗ്രന്ഥം ഇന്നും അതിന്റെ നവോത്ഥാന പ്രക്രിയകൾ തുടർന്നുക്കൊണ്ടിരിക്കുന്നു.
*ദർസുകൾ നവോത്ഥാനത്തിന്റെ ഉറവിടങ്ങൾ*
നൂറ്റാണ്ടുകൾക്കുമുമ്പ് പ്രവാചകർ(സ്വ)മദീനയിൽ സമാരംഭം കുറിച്ച ഒരു പഠന സംവിധാനമാണ് ദർസ്. മദീന പള്ളിയുടെ ചെരുവിൽ ഇൽമിലും ഇബാദത്തിലും നിരന്തരമായി കഴിഞ്ഞുകൂടിയ സ്വഹാബത്താണ് ദർസീ സംവിധാനത്തിന് നാന്ദികുറിച്ചത് .പള്ളിച്ചെരുവിൽ താമസിച്ചുകൊണ്ട് ദീനി വിജ്ഞാനം കരഗതമാക്കിയ അവർ അഹ്ലുസ്സുഫ എന്നപേരിലാണ് അറിയപ്പെട്ടത് .അറിവ് കൊണ്ട് അജബ് തീർത്ത വരായിരുന്നു അഹ്ലുസ്സുഫയിലെ സ്വഹാബത്തുൽ കിറാം. കേരളത്തിൽ ഇസ്ലാമിക സംസ്കാരത്തിനും മതവൈജ്ഞാനിക ജാഗരണ പ്രക്രിയക്കും തുടക്കമിട്ട മാലിക് ബ്നു ദീനാർ(റ)വും മാലിക് ഹബീബ് (റ) നുംശേഷം ഇസ്‌ലാമിക വിജ്ഞാന പ്രഭയെ പൗരാണിക പാരമ്പര്യ സരണിയിൽ ഉറച്ചുനിന്ന് കെടാതെ സൂക്ഷിച്ചത് പള്ളിദർസുകളായിരുന്നു . മഖ്ദൂമുമാരുടെ കാലഘട്ടത്തിലാണ് പള്ളിദർസുകൾ കേരളത്തിൽ വ്യാപകമാകാൻ തുടങ്ങിയത് .
ഹിജ്റ 677 അബ്ദുല്ലാഹിൽ ഹള്റമി(റ) താനൂരിൽ നിർമിച്ചതാണ് കേരളത്തിൽ ഏറ്റവും പഴക്കംചെന്ന പള്ളിദർസ്.പള്ളിദർസുകൾ ദീനീ വിജ്ഞാനത്തിന്റെ കേന്ദ്രങ്ങളാണ്. വിശുദ്ധ ദീനിന്റെ പരിശുദ്ധ ആശയങ്ങളെ വിശദമായി പഠിച്ചും ആഴത്തിലിറങ്ങി ഗഹനമായ ചർച്ചകൾക്ക് വിധേയമാവുന്നതുംമായ ദീനീ വിജ്ഞാനങ്ങളാണ് പള്ളിദർസുകളിൽ നിന്നും പഠിപ്പിക്കപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടിൽ ശൈഖ് സൈനുദ്ദീൻ മഖ്ദൂം ജാമിഉൽ അസ്ഹർ ന്റെ അതേ മാതൃകയിൽ പൊന്നാനിയിലെ ജുമുഅത്ത് പള്ളിയിൽ വൈജ്ഞാനിക നവോത്ഥാനത്തിന് തിരിതെളിച്ചത് മുതൽ പൊന്നാനിയായിരുന്നു കേരള മുസ്‌ലിംകളുടെ വൈജ്ഞാനിക കേന്ദ്രം. കേരളത്തിന് അകത്തും പുറത്തും പ്രസിദ്ധമായ ഈ ദർസിലേക്ക് സിലോൺ മാലിദ്വീപ് ജാവ സുമാത്ര എന്നിവിടങ്ങളിൽനിന്ന് പഠിതാക്കൾ വന്നിരുന്നു. പൊന്നാനിയിലെ ഈ ദർസ് സിലബസ്സ് അനുസരിച്ചാണ് കേരളത്തിലെ മിക്ക പള്ളി ദർസുകളും ഇന്ന് നിലകൊള്ളുന്നത്. വിദ്യയുടെ വിളക്കത്തിൽ നിന്ന് പുറത്തിറങ്ങിയ പണ്ഡിതന്മാർ ദർസുകൾ സ്ഥാപിച്ചപ്പോൾ ഇവിടെ ഒരു മുസ്ലിം നവോത്ഥാനം തന്നെ പിറവിയെടുക്കുകയായിരുന്നു .പൊന്നാനിക്കും പുറമേ കോഴിക്കോടും താനൂരും നാദാപുരവുമെല്ലാം പ്രോ ജ്വലിച്ച് നിൽക്കുന്ന പള്ളി ദർസുകൾ നടന്നിരുന്ന സ്ഥലങ്ങളാണ്. മലബാർ കലക്ടർ വില്യം ലോഗൻ 1887 തയ്യാറാക്കിയ മലബാർ മാന്വലിൽ പൊന്നാനിയിലെ ഇരുപത്തി ഏഴ് പള്ളികളിൽ ദർസു നടന്നതായി സൂചിപ്പിച്ചിട്ടുണ്ട് .ഒരു സമൂഹത്തെ മുഴുവൻ നേരായ മാർഗ്ഗത്തിൽ എത്തിക്കാനും അവർക്ക് ദിശാബോധം നൽകാനും വിശുദ്ധ ഇസ്ലാമിന്റെ പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പണ്ഡിതന്മാരെ വാർത്തെടുക്കുകയാണ് പള്ളിദർസുകളുടെ ലക്ഷ്യം. ദീനീ വിജ്ഞാനങ്ങളുടെ ഇഴ കീറിയുള്ള ചർച്ചകളും ആവർത്തിച്ചോത്തുമെല്ലാം ഹരം പകരുന്ന ദർസീ വിഭവങ്ങളാണ്. കേരളത്തിലെ ഒട്ടുമിക്ക പണ്ഡിതന്മാരെയും വാർത്തെടുത്തത് പള്ളിദർസുകളായിരുന്നു.അഥവാ പള്ളിദർസുകൾ കൊണ്ടാണ് നമുക്കിവിടെ നവോത്ഥാന പ്രക്രിയ നടത്താൻ സാധ്യമായത്. അതുകൊണ്ടുതന്നെ കേരള മുസ്ലിംനവോത്ഥാനത്തിൽ പള്ളിദർസുകളുടെ പങ്ക് നാം ഒരിക്കലും വിസ്മരിച്ചുകൂടാ. സാമൂഹിക പ്രതിബദ്ധതയും രാജ്യസ്നേഹവും ദീനീ ബോധമുള്ള പതിനായിരങ്ങളെ പള്ളിദർസുകളുടെ വളർത്തിയെടുക്കാൻ സാധിച്ചിട്ടുണ്ട് .ആദബും (മര്യാദ) അറിവും ആത്മീയതയും നിറഞ്ഞ ഒരു പാട് നവോത്ഥാന നായകരെ സംഭാവനചെയ്യാൻ പള്ളിദർസുകൾക്ക് സാധിച്ചിട്ടുണ്ട്. ഇതുകൊണ്ടെല്ലാം തന്നെ പള്ളിദർസുകളെ ഉത്ഥാനങ്ങളുടെ ഉദ്ഘാടനം എന്ന നമുക്ക് വിശേഷിപ്പിക്കാം .
മാത്രമല്ല ,കേരളീയ ഇസ്ലാമിന്റെ നവോത്ഥാനത്തിന് ചുക്കാൻ പിടിച്ചതിൽ മുഖ്യപങ്കും പള്ളിദർസുകൾക്ക് തന്നെയാണ് .പഴഞ്ചൻ എന്ന് മുദ്രകുത്തി പള്ളിദർസുകളെ ആക്ഷേപിച്ചവർ ചരിത്രം ഒരാവർത്തി വായിച്ചു നോക്കുക. പള്ളിദർസുകൾ സൃഷ്ടിച്ച നവോത്ഥാനം എന്തായിരുന്നുവെന്നും പള്ളി ദർസുകളുടെ മഹത്വവും പവറും എന്തായിരുന്നുവെന്നും അപ്പോൾ ബോധ്യപ്പെടും എന്നാൽ ,അപാരമായ സർഗ്ഗാത്മക സാധ്യതകൾ ഉണ്ടായിരുന്ന പാരമ്പര്യ വിദ്യാഭ്യാസ സംവിധാനങ്ങൾ മൗലികമായ അടിസ്ഥാനങ്ങളിൽ ഊന്നി നിന്നുകൊണ്ട് കാലോചിതമായി പുന:ക്രമീകരിക്കാത്തതിന്റെ ദുരന്തങ്ങൾ സമകാലിക പരിസ്ഥിതിയിൽ നാം അനുഭവിക്കുകയാണ്. പള്ളികളുടെ ആത്മീയവും വിശുദ്ധവുമായ അന്തരീക്ഷത്തിൽനിന്ന് ക്യാമ്പസിന്റെ ആഡംബര ത്തിലേക്കുള്ള പരിവർത്തനവും മുറബ്ബിയായ ഗുരുവിൽനിന്നും സ്പെഷ്യലൈസ് ചെയ്ത “സാറി”ലേക്കുള്ള മാറ്റവും ഒരു സമൂഹത്തെയാണ് അപകടപ്പെടുത്തുന്നത്. പണ്ഡിത ബിരുദവുമായി പുറത്തു വരുന്നവർക്ക് പഴയ ഉലമഇന്റെ യാതൊരു മൂല്യവും പ്രദർശിപ്പിക്കാതെ തന്നെ ജനസമൂഹത്തിന്റെ ഇടയനാകാമെന്ന വിധി വൈപരീതമാണ് ഇവിടെ സംഭവിച്ചത്. ചരിത്രപരമായ കാരണങ്ങൾ ഈ മാറ്റത്തെ അനിവാര്യമാക്കുന്നുവെന്ന് പറയാമെങ്കിലും കാരണങ്ങൾ മൗലികമായ അടിസ്ഥാനങ്ങളെ തന്നെ വിസ്മരിച്ചു കളയുന്ന രൂപമാറ്റം ന്യായീകരിക്കാവുന്നതല്ല. അത് കൊണ്ട് തന്നെ നവോത്ഥാനങ്ങളുട ഉറവിടങ്ങളായ പള്ളിദർസുകൾ പ്രോത്സാഹിപ്പിക്കപ്പെടണം.
*പണ്ഡിതന്മാർ നവോത്ഥാനത്തിന്റെ നട്ടെല്ല്*
കേരളത്തിലെ ഇസ്ലാമിക നവോത്ഥാനത്തിന് നേതൃത്വം നൽകിയത് പണ്ഡിതന്മാരായിരുന്നു. മഖ്ദൂമുമാർ മുതൽ ആയിരക്കണക്കിന് പണ്ഡിതന്മാരാണ് ഈ സമൂഹത്തിന് ഊർജ്ജവും ഉത്സാഹവും നൽകി അവരെ ഉയർത്തിക്കൊണ്ടുവന്നത്. ഗ്രന്ഥരചനയും പാതിരാപ്രസംഗകളിലൂടെയും മതപ്രഭാഷണങ്ങളിലൂടെയും പള്ളി പ്രസംഗംങ്ങളിളിലൂടെയും സംസ്കാര സമ്പന്നരായ ഒരു സമുദായത്തെ സൃഷ്ടിച്ചെടുക്കുകയായിരുന്നു പണ്ഡിതന്മാർ ചെയ്തത്. പൊതുജനങ്ങളെ ഇസ്ലാമിന്റെ അടിസ്ഥാന ശിലയിൽ ഉറപ്പിച്ചു നിർത്താനായി
മഖ്ദൂമുമാർ നടത്തിയ പോരാട്ടങ്ങൾ അവിസ്മരണീയമാണ്. അവിസ്മരണീയമാണ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ(റ) അദ്ദേഹത്തിന്റെ പുത്രൻ ശൈഖ് അബ്ദുൽ അസീസ് മഖ്ദൂമും(റ) സൈനുദ്ദീൻ മഖ്ദൂം രണ്ടാമനും(റ) കോഴിക്കോട് ഖാളി കുടുംബത്തിലെ സാത്വികരായ പണ്ഡിതരും ശൈഖ് അബുൽ വഫാ ശംസുദീൻ മുഹമ്മദ് എന്നവർ പോലെയുള്ള ആത്മജ്ഞാനികളായ ഉലമാക്കളും മുസ്ലിം സമൂഹത്തെ ശരിയായ പാതയിലേക്ക് കൈപിടിച്ച് നടത്തി നവോത്ഥാനം സൃഷ്ടിച്ചവരാണ്. കൊളോണിയൽ വിരുദ്ധത ജനങ്ങളിൽ നിറച്ചു നൽകിയത് പണ്ഡിതന്മാരായിരുന്നു. മഖ്ദൂം ഒന്നാമന്റെ (റ) തഹ് രീളും മഖ്ദൂം രണ്ടാമന്റെ (റ) തുഹ്ഫത്തുൽ മുജാഹിദീനും മമ്പുറം തങ്ങളുടെ സൈഫുൽബത്താറും ഖാളി മുഹമ്മദിന്റെ (റ) ഫത്ഹുൽൽ മുബീനുമെല്ലാം അധിനിവേശ ശക്തികൾക്കെതിരെയുള്ള മഷി നിർമ്മിതമായ പട വാളുകളായിരുന്നു.
ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ ഫത്‌വ ഇറക്കിയും ഇംഗ്ലീഷ് ഭാഷയോടുള്ള അവജ്ഞത പ്രകടമാക്കിയും പണ്ഡിതന്മാർ നടത്തിയ നവോത്ഥാന പ്രക്രിയകൾ വിസ്മരിക്കാനാവില്ല.
ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുന്നതിന് മുമ്പേ മമ്പുറം തങ്ങൾ നിസ്സഹകരണ ഫത് വ നൽകിയിരുന്നു. മമ്പുറം തങ്ങളുടെ ഈ ഫത് വയെ വിശദീകരിച്ചു സ്വപുത്രൻ സയ്യിദ് ഫസൽ തങ്ങൾ “ഉംദത്തുൽ ഉമറാഇ വൽ ഹുക്കാം ലി ഇഹാനത്തിൽ കഫറത്തി വ അബദത്തിൽ അസ്നാം” എന്ന ഗ്രന്ഥം രചിച്ചു. അധിനിവേശത്തെ ചെറുക്കാൻ ശക്തമായി ആവശ്യപ്പെടുന്ന ഈ ഗ്രന്ഥം കലക്ടർ കനോലി നിരോധിക്കുകയായിരുന്നു. ആമീൻ ഉമ്മാൻറെ കത്ത് പരീക്കുട്ടി മുസ്ലിയാരുടെ മുഹിമ്മാത്തുൽ മുഅ്മിനീൻ എന്ന പടപ്പാട്ടുകൾ ബ്രിട്ടീഷ് ഗവൺമെന്റി എതിരെയുള്ള ശക്തമായ താക്കീതുകളായിരുന്നു.ഉമർ ഖാളി (റ)വിന്റെ നികുതി നിഷേധ പോരാട്ടങ്ങൾ പണ്ഡിത ലോകത്തെ നവോത്ഥന വിപ്ലവത്തിന്റെ മകുടോദാഹരണമാണ്. ആലി മുസ്ലിയാരെന്ന പ്രഗത്ഭ പണ്ഡിതൻ നടത്തിയ സമരങ്ങളും അധിനിവേഷവിരുദ്ധ പ്രവർത്തനങ്ങളും പണ്ഡിതന്മാരുടെ നവോത്ഥാന പ്രവർത്തനങ്ങളെയാണ് നമുക്ക് കാണിച്ച് തരുന്നത്.ഫത്ഹുമുഈനെഴുതിയ അതേ കരങ്ങൾ തന്നെയാണ് തുഹ്ഫത്തുമുജാഹിനെഴുതിയതെന്നും അദ്കിയയെന്ന ആത്മശുദ്ധീകരണ ഗ്രന്ഥമെഴുതിയ അതേ കരങ്ങൾ തന്നെയാണ് തഹ് രീളെന്ന അധിനിവേഷവിരുദ്ധ ഗ്രന്ഥമെഴുതിയതെന്നും മുഹ്യുദ്ദീൻ മാലാ എഴുതിയ കരങ്ങൾ തന്നെയാണ് ഫത്ഹുൽ മുബീനെഴുതിയതെന്നും ഓർക്കുമ്പോഴാണ് ആത്മീയരംഗത്തും രാഷ്ട്രീയ രംഗത്തും പണ്ഡിതന്മാർ നടത്തിയ നവോത്ഥാന മുന്നേറ്റം മനസ്സിലാവുക.
ജനസമൂഹത്തോടൊപ്പം നിന്ന് അവരുടെ അതിജീവനത്തിനു വേണ്ടിയുള്ള ആദർശ വീര്യം പകർന്ന് നിരന്തരമായി സമരത്തിലേർപ്പെട്ടുക്കൊ രുന്ന പണ്ഡിതന്മാർ, മുസ്ലിങ്ങളിൽ പ്രകടമായിരുന്ന എല്ലാതര സാമൂഹിക ആലസ്യങ്ങളെയും ദൂരീകരിക്കാനുള്ള പ്രവർത്തനത്തിലാണ് ഏർപ്പെട്ടത്.ഇത്തരം പ്രവർത്തനങ്ങളാണ് നവോത്ഥാനത്തിന്റെ പേരിൽ രേഖപ്പെടുത്തി വെക്കേണ്ടത് എന്ന യാഥാർത്ഥ്യം മറന്ന അവരാണ് നിർഭാഗ്യവശാൽ നവോത്ഥാനത്തിന് വക്താക്കളായും അവകാശികളായി രംഗത്ത് വന്നുകൊണ്ടിരിക്കുന്നതെന്നത് ആഭാസമാണ്.
മുസ്ലിംസമൂഹത്തെ ഉയർച്ചയിലേക്ക് കൊണ്ടുവരാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പണ്ഡിതന്മാർ നടത്തിയ പ്രവർത്തനങ്ങൾ ഇവിടെ പരാമർശിക്കപ്പെടേണ്ടതുണ്ട്. അനാചാരങ്ങളിൽനിന്നും അനാശാസ്യങ്ങളിൽ നിന്നും ജനങ്ങളെ മോചിതരാക്കാൻ സമസ്തയുടെ പണ്ഡിതന്മാർ സഹിച്ച ത്യാഗങ്ങൾ ഒട്ടനവധിയുണ്ട്. വരക്കൽ തങ്ങളും പതി ഉസ്താദും ശംസുൽ ഉലമയും നാട്ടിക ഉസ്താദുമെല്ലാം നടത്തിയ നവോത്ഥാന പ്രവർത്തനങ്ങൾ അവിസ്മരണീയമാണ്. വിശുദ്ധ ഇസ്‌ലാമിന്റെ ആശയങ്ങളെ വക്രീകരിക്കാൻ കടന്നുവന്നവർക്ക് ശക്തമായ താക്കീതുകളായിരുന്നു ശംസുൽ ഉലമയുടെയും നാട്ടിക ഉസ്താദിന്റെയും പ്രഭാഷണങ്ങൾ. മുസ്ലിം ഉമ്മത്തിന്റെ ഈമാൻ കവർന്നെടുക്കാൻ വന്ന പാതിരിമാരെ മുട്ടുകുത്തിച്ച ശംസുൽഉലമ ഇരുപതാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായിരുന്നു. ബിദഇകൾക്കെതിരെ സന്ധിയില്ലാ സമരം ചെയ്ത് വിശുദ്ധ ഇസ്ലാമിന്റെ തനതു രൂപം നിലനിർത്താൻ ശ്രമിച്ചവരായിരുന്നു സമസ്തയുടെ നേതാക്കൾ. അതുകൊണ്ട് അവരെല്ലാംതന്നെ നവോത്ഥാന നായകരുമാണ്. നവോത്ഥാന പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കാൻ ഇനിയുമിവിടെ പണ്ഡിതന്മാർ ഉയർന്നുവരേണ്ടതുണ്ട്. കേവലം ഭൗതിക വാദികളായ പണ്ഡിതന്മാരെയല്ല നമുക്കാവശ്യം. മറിച്ച്, ദുനിയാവിന്റെ പ്രലോഭനങ്ങൾക്കു വശംവദരാവാത്ത ദുനിയാവിന്റെ പൊള്ളത്തരങ്ങളെയും പൊലിമകളെയും അറിഞ്ഞ ഉഖ്റവ്വിയായ താല്പര്യങ്ങൾ മാത്രമുള്ള പണ്ഡിതന്മാരെയാണ് നമുക്കാവശ്യം. അത്തരം പണ്ഡിതന്മാരുടെ അഭാവമാണ് നമ്മുടെ വിദ്യാഭ്യാസ കേന്ദ്രങ്ങൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഗ്രന്ഥങ്ങൾ കാണാപ്പാഠം പഠിച്ച പരീക്ഷയെ അഭിമുഖീകരിച്ച് പഠനം പൂർത്തിയാക്കുന്ന സമകാലിക പണ്ഡിതനിൽ നിന്നും വ്യത്യസ്തമായി ആത്മശുദ്ധീകരണത്തിന്റെ സ്വാതിക ശീലങ്ങളിലൂടെ വളർന്നുവന്ന് സൃഷ്ടാവിന്റെ സാമീപ്യത്തിലേക്ക് സദാ വളർന്നുകൊണ്ടിരിക്കുന്ന ഒരു പണ്ഡിതസമൂഹത്തെയാണ് കാലം കാത്തിരിക്കുന്നത്.
*അറബിമലയാളം നവോത്ഥാനത്തിന്റെ ഭാഷ*
കേരള മുസ്ലിംകൾക്കിടയിൽ ഉയർന്ന് വന്ന ഒരു ഭാഷയാണ് അറബി മലയാള ഭാഷ. അറബിഭാഷയും മാതൃഭാഷയായ മലയാളവും തമ്മിൽ കൂടിച്ചേർന്നാണ് അറബി മലയാളം എന്ന ഭാഷ നിലവിൽ വന്നത്. കൃത്യമായി എന്നാണ് അറബി മലയാളം നിലവിൽ വന്നതെന്ന് വ്യക്തമല്ലെങ്കിലും ഏതാണ്ട് 800 വർഷം പഴക്കമുണ്ടെന്നാണ് ചരിത്രം .മുസ്ലിം സമൂഹത്തിൽ ഒട്ടനേകം പുരോഗതികളും നവോത്ഥാന മുന്നേറ്റങ്ങളും അറബി ഭാഷയിലൂടെ സാധിച്ചിട്ടുണ്ട് .ഒരുകാലത്ത് കേരളത്തിലെ മാപ്പിളമാർ മതം പഠിച്ചത് അറബി മലയാളത്തിലൂടെയായിരുന്നു .തഫ്സീറുകളും, കർമ്മശാസ്ത്ര ഗ്രന്ഥങ്ങളും, വിശ്വാസപരമായ ഗ്രന്ഥങ്ങളും, ചരിത്രഗ്രന്ഥങ്ങളും, നോവലുകളും, പത്രമാസികകളുമെല്ലാം അറബി മലയാള ഭാഷയിൽ വിരചിതമായിരുന്നു. മുഹിയുദ്ധീൻ മാല അടക്കമുള്ള മാലപ്പാട്ടുകളും യൂസഫ് നബിയുടെത് അടക്കമുള്ള ഖിസ്സപ്പാട്ടുകളും പടപ്പാട്ടുകളും മാപ്പിളമാർക്ക് നൽകിയ ആവേശം അതിരില്ലാത്തതാണ്. ബ്രിട്ടീഷുകാർക്കെതിരെ സമര രംഗത്ത് സജീവമായി നിലനിർത്താൻ വേണ്ടി രചിക്കപ്പെട്ട പടപ്പാട്ടുകളും നവോത്ഥാനത്തിന്റെ ഒരു ഭാഗമാണ് .ഒരുകാലത്ത് അറബി മലയാളകൃതികൾ സമൂഹത്തിലുണ്ടാക്കിയ ആത്മീയ വിപ്ലവങ്ങളായിരുന്നു ഇന്ന് നാം വായിക്കുന്ന ആവേശ ചരിത്രങ്ങളിൽ അധികവും. മാപ്പിള സംസ്കാരത്തിന്റെ പ്രതിരൂപമായിരുന്നു അറബി മലയാള ഭാഷ. മാപ്പിളമാരെ മതകീയമായും ഭൗതികമായും ആത്മീയമായും രാഷ്ട്രീയമായും വളർത്തിയെടുക്കുന്നതിൽ അറബി മലയാളഭാഷ വഹിച്ച പങ്ക് നിസ്സീമമാണ്. അറബിമലയാളത്തിലെ ഏറ്റവും പഴക്കംചെന്ന കൃതി ഗണിക്കപ്പെടുന്നത് ഖാളി മുഹമ്മദ്(റ)ന്റെ മുഹ്യദ്ദീൻ മാലയാണ്. അയ്യായിരത്തോളം കൃതികൾ അറബി മലയാളത്തിൽ രചിക്കപ്പെട്ടിട്ടുണ്ട്. മുഹിയിദ്ദീൻ മാലയും രിഫായി മാലയും കപ്പ പാട്ടുകളും നൂൽ മാലയുമെല്ലാം മാപ്പിളമാരുടെ മനസാന്തരങ്ങളിൽ നടത്തിയ ആത്മീയ വിപ്ലവങ്ങൾ കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ചുരുക്കത്തിൽ, മുസ്‌ലിംകളുടെ പുരോഗതിയും വളർച്ചയും അറബിമലയാള ഭാഷ വഹിച്ച പങ്ക് അവിസ്മരണീയമാണ്. അതുകൊണ്ടുതന്നെ മുസ്ലിം നവോത്ഥാന മുന്നേറ്റത്തിനും ഈ ഭാഷ ചുക്കാൻ പിടിച്ചിട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം.
*കേരള മുസ്‌ലിം നവോത്ഥാനത്തിലെ തങ്ങൾ സാന്നിധ്യം*
സൂഫികളെയും പണ്ഡിതന്മാരെയും പോലെതന്നെ കേരള മുസ്ലിംകൾക്കിടയിൽ സാംസ്കാരിക രൂപീകരണം നടത്തി ആത്മീയ തണലൊരുക്കാൻ സയ്യിദുമാരും മുൻനിരയിലുണ്ടായിരുന്നു. ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നും ഇസ്‌ലാമിക പ്രചരണത്തിനായി കടൽ കടന്നെത്തിയവരാണ് പല സയ്യിദുമാരും. കേരളത്തിൽ ഏതാണ്ട് 25 മുതൽ 30 വരെ സയ്യിദീ ഖബീലകൾ ഉണ്ടെന്നാണ് ചരിത്രപക്ഷം.
40 ആണെന്നും അഭിപ്രായമുണ്ട് .ജിഫ്രി, ബാഫഖി, ശിഹാബ്, ഹൈദ്രൂസി, ബാഅലവി, മൗലദ്ദവീല, ബുഖാരി, ജമലുല്ലൈലി തുടങ്ങിയ പരമ്പരയിലുള്ള സയ്യിദുമാർ കേരള മുസ്ലിം നവോത്ഥാനത്തിന് ചുക്കാൻ പിടിച്ചിട്ടുണ്ട്. കേരളത്തിലാദ്യമായി എത്തിയ സാദാത്ത് കുടുംബം ബുഖാരിയാണ്. ഹി 928 (എഡി 1521 ) ൽ പഴയ സോവിയറ്റ് റഷ്യയിലെ ബുഖാറയിൽ നിന്നെത്തിയ സയ്യിദ് അഹമ്മദ് ജലാലുദ്ദീൻ ബുഖാരിയാണ് കേരളത്തിൽ ബുഖാരി സാദാത്തിന്റെ ശില്പി .ബുഖാരി സാദാത്തും ബാഅലവി സാദാത്തും കേരളീയ നവോത്ഥാനത്തിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. പുതിയങ്ങാടി പണ്ടുമുതലേ വിജ്ഞാന കേന്ദ്രമായി വളർന്നത് ബാഅലവി സാദാത്തുക്കളുടെ പാടവം മുഖേനയായിരുന്നു. മലബാർ മാന്വലിസ്റ്റ രചനക്കായി കേരള മുസ്ലിം ചരിത്രം വില്യം ലോഗന് വിവരിച്ചു കൊടുത്തത് വരക്കൽ തങ്ങൾളായിരുന്നു. യമനിലെ ഹളർമൗത്തിൽ നിന്നാണ് അധിക സാദാത്തീങ്ങളും കേരളത്തിലെത്തിയത്. അതുകൊണ്ടുതന്നെ കേരളത്തിലെ സാദാത്തീങ്ങൾ ഹള്റമീ സാദാത്തീങ്ങൾ എന്നാണ് അധികവും വിളിക്കപ്പെടാറുള്ളത്. കേരളത്തിലെ ഹള്റമീ സാദാത്തീങ്ങൾ വെറും ആത്മീയ നവോത്ഥാനം മാത്രമല്ല നടത്തിയിരുന്നത്. മറിച്ച് സാമൂഹിക വ്യവസ്ഥകൾക്കെതിരിൽ അവർ ശക്തമായി ശബ്ദിച്ചിട്ടുണ്ട്. ജാതിവ്യവസ്ഥയ്ക്കെതിരെയും തൊട്ടുകൂടായ്മക്കെതിരെയും ഉച്ചനീചത്വങ്ങൾക്കെതിരെയും അവർ നടത്തിയ പോരാട്ടങ്ങൾ അവിസ്മരണീയമാണ്. ഹളറമീസാദാത്തീങ്ങൾ കേരളത്തിലെത്തുമ്പോൾഇസ്ലാം വെറും തീരപ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുകയായിരുന്നു. അതിനുകാരണം കേരളത്തിൽ അധിക പള്ളികളും നിർമ്മിതമായത് തീരപ്രദേശങ്ങളിലായിയിരുന്നുവെന്
ഓരോ ഖബീലകളുടെയും പ്രവർത്തന വ്യത്യസ്ത മേഖലകളായിരുന്നു. ശിഹാബ് ,ബാഅലവീ സാദാത്തുക്കൾ സാധാരണക്കാർക്കിടയിലാണ് ജീവിച്ചത് .ബാഫഖി കുടുംബം സുപ്രധാനമായും കച്ചവട മേഖലയിലായിരുന്നു ശ്രദ്ധകേന്ദ്രീകരിച്ചത്. ബാഫഖി സാദാത്തീങ്ങളുടെ കച്ചവട സത്യസന്ധത കണ്ട് ധാരാളംപേർ മുസ്ലിങ്ങളായിട്ടുണ്ട്. ധാരാളം ചൈനീസ് കച്ചവടക്കാർ ബാഫഖി സയ്യിദുമാർ മുഖേന മുസ്ലിങ്ങളായിട്ടുണ്ടെത്ര!
സയ്യിദ് അലിഎന്ന സയ്യിദ് മീൻപിടുത്തക്കാർക്കിടടയിലായിരു
*മമ്പുറം തങ്ങൾ കേരളം കണ്ട നവോത്ഥാന നായകർ*
കേരളത്തിൽ ഇസ്ലാമിക നവോത്ഥാനങ്ങൾക്ക് ചുക്കാൻപിടിക്കുന്നതിൽ മുഖ്യപങ്കു വഹിച്ചവരാണ് മമ്പുറം തങ്ങൾ .തികഞ്ഞ ആത്മീയജ്ഞാനിയും സ്വരാജ്യ സ്നേഹിമായിരുന്ന തങ്ങൾ മതസൗഹാർദത്തിന്റെയും മാനവ ഐക്യത്തിന്റെയും സന്ദേശങ്ങളാണ് ലോകത്ത് പരത്തിയത്. ജാതിമതഭേദമന്യേ ആയിരങ്ങൾ മമ്പുറം മഖാം സന്ദർശിക്കുന്നത് ഇതിന്റെ പരസ്യമായ തെളിവാണ്. അധിനിവേശങ്ങൾക്കെതിരെ മമ്പുറം തങ്ങൾ നടത്തിയ പോരാട്ടങ്ങൾ സ്മരിക്കപ്പെടേണ്ടത് അനിവാര്യമാണ്. സമൂഹത്തിലെ അരുതായ്മകൾക്കെതിരെ സന്ധിയില്ലാ സമരം ചെയ്ത തങ്ങൾ മദ്യപാനം ചീട്ടുകളി ,കളവ്,ചൂഷണം, എന്നിവ ഇസ്ലാമിന്റെ ആത്മവീര്യം തകർക്കുമെന്ന് മനസ്സിലാക്കി അവകളെ ശക്തമായി എതിർത്തു. സാമൂഹിക നവോത്ഥാനവുമായി മുന്നോട്ടു പോയിരുന്ന മമ്പുറം തങ്ങൾ ആത്മാവ് മറന്നുള്ള മതപരിഷ്കരണങ്ങളെ പിന്താങ്ങിയിരുന്നില്ല . സാമൂഹിക ഉച്ചനീചത്വങ്ങൾക്കെതിരെയും ജന്മി-കുടിയാൻ വ്യവസ്ഥകൾ ശക്തമായ പോരാട്ടങ്ങൾ നടത്തിയ തങ്ങൾ അധിനിവേശശക്തികളോട് യാതൊരു വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ല. അധിനിവേശ ശക്തികൾക്കെതിരെ സൈഫുൽബത്താർ എന്ന കൃതി രചിച്ചിട്ടുണ്ട് .മമ്പുറം തങ്ങൾ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിനായി മുസ്ലിം ജനതയെ സജ്ജമാക്കിയത് തീവ്രതയുടെ തീക്കനലുകൾ ഉലയിലൂതിയായിരുന്നില്ല. മറിച്ച്, ആത്മീയതയുടെയും ആത്മത്യാഗത്തിന്റെയും നിനവുകൾ പകർന്നുകൊണ്ടായിരുന്നു. ഖുത്തുബ്സ്സമാൻ ആയിരിക്കുമ്പോഴും ജനസേവനം മറക്കാതിരുന്ന തങ്ങളവർകൾ കേരളത്തിൽ കൊണ്ടുവന്ന വൈജ്ഞാനിക -ആത്മീയ- രാഷ്ട്രീയ വിപ്ലവങ്ങൾ നിരവധിയാണ്. സാമൂഹിക ഐക്യവും പരസ്പര സാഹോദര്യവും സ്വപ്നം കാണുകയും അതിനായി പ്രയത്നിക്കുകയും ചെയ്തമമ്പുറം തങ്ങളെ നവോത്ഥാന നായകരുടെ പട്ടികയിൽ നിന്ന് പുറത്താക്കാൻ ഒരുകൂട്ടർ ശ്രമിക്കുന്നത് തികച്ചും അനീതിയും അക്രമവുമാണ്.
*ടിപ്പുസുൽത്താനെന്ന നവോത്ഥാന നായകർ*
മൈസൂർ കടുവയെന്ന പേരിലറിയപ്പെടുന്ന ടിപ്പുസുൽത്താൻ ഇന്ന് വർഗീയവാദി അകപ്പെട്ട കൊണ്ടിരിക്കുകയാണ്. തികഞ്ഞ മതേതരവാദിയും സ്വരാജ്യ സ്നേഹിയുമായിരുന്ന ഒരു രാജാവായിരുന്നു ടിപ്പുസുൽത്താൻ. കേരളത്തിൽ ,വിശിഷ്യാ മലബാറിലെ നവോത്ഥാന പ്രക്രിയകളിൽ ടിപ്പുസുൽത്താൻ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മാറുമറക്കാൻ അവകാശമില്ലാതിരുന്ന പിന്നാക്ക വിഭാഗ സ്ത്രീകൾക്ക് മാറുമറക്കാൻ അവകാശം നൽകിയും ബ്രിട്ടീഷുകാരോട് സന്ധിയില്ലാ സമരം നടത്തിയുമെല്ലാം ടിപ്പുസുൽത്താൻ സൃഷ്ടിച്ചെടുത്തതാണ് വിപ്ലവങ്ങൾ നിരവധിയാണ്. പ്രതിഭാസമ്പന്നനും അടങ്ങാത്ത വിപ്ലവ തീഷ്ണതയും തളരാത്ത വിശ്വാസവുമുള്ള നേതാവായിരുന്നു ടിപ്പുസുൽത്താൻ. തികഞ്ഞ മതേതരവാദിയും ദേശസ്നേഹിയും ആയിരുന്ന അദ്ദേഹത്തെ വർഗീയവാദിയാക്കാൻ ചിലർ ധൃതി കൂട്ടുകയാണ്. അദ്ദേഹത്തിന്റെ ചരിത്രം പരിശോധിച്ചാൽ വർഗീയത അദ്ദേഹത്തെ തൊട്ടുതീണ്ടിയില്ല എന്ന് മനസ്സിലാക്കാം. അന്യ മതക്കാർക്ക് കൂടി അവകാശങ്ങൾ നേടിക്കൊടുത്തും അമ്പലങ്ങൾ നിർമ്മിച്ചുകൊടുത്തും ബ്രിട്ടീഷുകാർക്കെതിരെ സന്ധിയില്ലാസമരം ചെയ്യുകയും ചെയ്ത ഒരാൾ എങ്ങനെ വർഗീയവാദിയാകും? മലബാറിലെ മുസ്ലിംകൾക്കിടയിൽ നവോത്ഥാന പ്രക്രിയകൾ നടത്തിയ ടിപ്പുസുൽത്താൻ സയ്യിദ് ജിഫ്രിയുടെ മുരീദു കൂടിയായിരുന്നു. ടിപ്പുവിന്റെ നവോത്ഥാനം വെറും രാഷ്ട്രീയം മാത്രമായിരുന്നില്ലെന്നും ആത്മീയ നവോത്ഥാനവും അദ്ദേഹം നടത്തിയിരുന്നുവെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.
*സമസ്ത നൽകിയ നവോത്ഥാനം*
കേരളത്തിലെ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം മറക്കാൻ കഴിയാത്ത ഒരു നാമമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. 1926 ൽ രൂപീകൃതമാവുകയും പിന്നീടങ്ങോട്ട് ആത്മീയ വിപ്ലവങ്ങൾ നടത്തുകയും ചെയ്ത സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേരള നവോത്ഥാന ചരിത്രത്തിൽ മറക്കാൻ കഴിയാത്ത ഒരു അധ്യായമാണ് തുന്നി ചേർത്തിട്ടുള്ളത്. വൈജ്ഞാനികമായ അടിത്തറയിൽ ഊന്നി വിദ്യാസമ്പന്നരായ ഒരു കൂട്ടം പണ്ഡിതന്മാർ വാർത്തെടുക്കാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ക്ക് സാധിച്ചിട്ടുണ്ട്. എല്ലാതരം ജീർണതകൾക്കെതിരെയും സമസ്ത പോരാടിയിട്ടുണ്ട്. ഇസ്‌ലാമിക സമൂഹത്തിൽ ഉണ്ടാകുന്ന അനാചാരങ്ങൾക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും സമസ്ത ശക്തമായി ശബ്ദിച്ചിട്ടുണ്ട്. ഭീകരവാദവും തീവ്രവാദവും സമുദായത്തിന് വലിയ പരിക്കുകൾ ഉണ്ടാക്കുന്നതാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി ആത്മീയരംഗത്തെ ശോഷണ- ചൂഷണങ്ങൾക്കെതിരെ സമസ്ത പ്രതിരോധം തീർത്തിട്ടുണ്ട് .ചേറ്റൂർ കോരൂർ ,നൂരിഷാ , ആലുവ എന്നീ കള്ള ത്വരീഖത്തുകളെ നഖശികാന്തം എതിർത്തു. അക്കാദമിക് മേഖലയിലും സമസ്ത സജീവമായി ഇടപെട്ടിട്ടുണ്ട്.
കേരളത്തിലെ മുസ്ലിങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ സമസ്ത ത്യാഗങ്ങൾ നിരവധിയാണ് .പട്ടിക്കാട് ജാമിഅയും ദാറുൽഹുദയും നന്തി ദാറുസ്സലാമും വാഫി കോളേജും റഹ്മമാനിയയുമെല്ലാം സമസ്ത സ്ഥാപിച്ച വൈജ്ഞാനിക നവോത്ഥാന കേന്ദ്രങ്ങളാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇവിടങ്ങളിൽ മതത്തെ ആഴത്തിലിറങ്ങി പഠിക്കുന്നു. അപ്രകാരംതന്നെ ഒമ്പതിനായിരത്തോളം മദ്രസകളും ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളും സമസ്തയുടെ വൈജ്ഞാനിക നവോത്ഥാനത്തിന്റെ മകുടോദാഹരണങ്ങളാണ്. സമുദായത്തിനുവേണ്ടി സർവ്വവും സമർപ്പിച്ച പ്രവർത്തകരും നേതാക്കളും സമസ്തയുടെ നവോത്ഥാനത്തിന് ഊർജ്ജവും കരുത്തും നൽകിക്കൊണ്ടിരിക്കുകയാണ് .സമസ്ത നടത്തിയ എല്ലാം നവോത്ഥാന പ്രവർത്തനങ്ങൾളാണ്. അതുകൊണ്ട് തന്നെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് കേരളമുസ്ലിം നവോത്ഥാനത്തിൽ മുഖ്യമായ പങ്കുണ്ട്. സമസ്തയുടെ നവോത്ഥാന പ്രവർത്തനങ്ങൾ ഇന്ന് കേരളത്തിന് പുറത്തേക്ക് വ്യാപിച്ചിട്ടുണ്ടെന്നത് പ്രശംസനീയമാണ്.
*നവോത്ഥാനം: അവകാശികൾ ആര് ?*
നവോത്ഥാനത്തെ കുറിച്ച് നാം ധാരാളം ചർച്ച ചെയ്തു .കേരളത്തിലെ നവോത്ഥാനത്തിന്റെ അവകാശികളാകാൻ ചില പുത്തൻ വാദികൾ ഇന്ന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തീർത്തും ചരിത്രം വക്രീകരിക്കുന്ന ഒരു പ്രവർത്തനമാണത്. കേരളത്തിൽ നവോത്ഥാനം കൊണ്ടുവന്നത് മഖ്ദൂമുമാരും സയ്യിദൻമാരും പണ്ഡിതന്മാരും ആയിരുന്നു .
മദ്രസ്സാ സംവിധാനം ആദ്യമായി തുടങ്ങിയത് തങ്ങളാണെന്ന് പറഞ്ഞു പുത്തൻ വാദികൾ രംഗത്ത് വരാറുണ്ട്. എന്നാൽ 1909 വാഴക്കാട് തൻമിയത്തിൽ ഉലൂമിലാണ് ആധുനികരീതിയിലുള്ള മദ്രസ പഠനം ആരംഭിക്കുന്നത്. ബെഞ്ച്, ഡെസ്ക് ,ചോക്ക്, ബോർഡ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെ തുടങ്ങിയ ഈ മദ്രസക്ക് ചാലിലകത്ത് കുഞ്ഞഹമ്മദാജി ആയിരുന്നു നേതൃത്വംനൽകിയത്. അദ്ദേഹം ഒരു സുന്നി ആയിരുന്നു. പിന്നെയെങ്ങനെ പുത്തൻ വാദികൾക്ക് തങ്ങളാണ് ആദ്യം മദ്രസ തുടങ്ങിയതെന്ന് പറയാൻ കഴിയും ?അപ്രകാരംതന്നെ, 1915ൽ തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്ലാം 1924 താനൂരിൽ ഇസ് ലാഹുൽ ഉലുമും സ്ഥാപിച്ച് മതബോധനത്തിന്റെ ആധുനിക രീതിശാസ്ത്രം കേരളത്തിലെ പണ്ഡിതർ നടപ്പാക്കിയിട്ടുണ്ട് .
1941 ആഗസ്റ്റ് 26നാണ് ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമി രൂപംകൊള്ളുന്നത് തന്നെ.കെ എൻ എമ്മിന്റെ വിദ്യാഭ്യാസ ബോർഡ് നിലവിൽ വരുന്നത് 1956 മാർച്ച് 31നും.1956 മാർച്ച് 31 ന് ചേർന്ന സംയുക്ത കൺവെൻഷനാണ് കേരള നദ്‌വത്തുൽ മുജാഹിദീനു കീഴിൽ വിദ്യാഭ്യാസ ബോർഡ് രൂപീകരിച്ചത്. പിന്നെയെങ്ങനെ കേരളത്തിലെ ആദ്യ മദ്രസാ പ്രസ്ഥാനത്തിന്റെ അവകാശികൾ മുജാഹിദുകൾ ആയിത്തീരും ?
ഇസ്ലാമിനെ വക്രീകരിക്കലല്ല നവോത്ഥാനം .മറിച്ച് ഇസ്ലാമിനെ ഉയർത്തിക്കൊണ്ടുവരലാണ് നവോത്ഥാനം. അതുകൊണ്ടുതന്നെ ഇസ്ലാമിക നിയമങ്ങളെ വക്രീകരിച്ച കെ എം മൗലവിയും ഇ കെ മൗലവി യും വക്കം മൗലവിയുമൊന്നും തന്നെ നവോത്ഥാനനായകന്മാരല്ല .മറിച്ച് അവരൊക്കെ വിശുദ്ധ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാൻ തുനിഞ്ഞവരാണ് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു .
കേരളത്തിൽ ഇസ്ലാമിന്റെ പ്രവർത്തന ങ്ങൾൾകൂടുതൽ നടത്തുന്നത് സമസ്തയാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ ഇസ്‌ലാമിക നവോത്ഥാനത്തിന് ഇന്ന് ചുക്കാൻ സമസ്ത എന്ന മഹിതമായ പ്രസ്ഥാനമാണ് .
അല്ലാഹു ആ സത്യ പ്രസ്ഥാനത്തിനു കീഴിൽ അടിച്ചു ഉറച്ചുനിൽക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ
അവലംബങ്ങൾ:
നവോത്ഥാനം ഒരു പൊളിച്ചെഴുത്ത്
അൽ മുനീർ
സമസ്ത തൊണ്ണൂറാം വാർഷിക സ്മാരക ഗ്രന്ഥം
മമ്പുറം തങ്ങൾ: ജീവിതം ആത്മീയം പോരാട്ടം
നമ്മുടെ പാരമ്പര്യവും അധിനിവേഷവും