മുഹമ്മദ് നബി(സ്വ); വിമര്‍ശനങ്ങള്‍, യാഥാര്‍ത്ഥ്യങ്ങള്‍

മഖ്‌സൂദ് പി.പി നെല്ലിക്കുത്ത്‌



ഇന്ന് ലോകത്ത് ഏറ്റവുമധികം വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന മതം ഇസ്ലാമാണ് എന്ന് പുതിയ കണക്കുകള്‍ സൂജിപ്പിക്കുന്നു.ആയതിനാല്‍ തന്നെ എക്കാലത്തും ഇസ്ലാമിനെ ശത്രുപക്ഷത്ത് നിര്‍ത്തിയിട്ടുളള യൂറോപ്പ് അതിനെ തകര്‍ക്കുന്നതിന് വ്യത്യസ്തപദ്ധതികള്‍ പണ്ട്മുതല്‍ക്കേ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുന്നു.ഇസ്ലാമിനെക്കുറിച്ച് ആഴത്തില്‍ പഠിച്ച് അതിനെ തകര്‍ക്കുവാനുളള പദ്ധതികള്‍ക്ക് രൂപംകൊടുക്കാനായി ‘ഓറിയന്‍റലിസ്റ്റുകളെ’ പോറ്റിവളര്‍ത്തുന്നതും ഇസ്ലാമിന്‍റെ ശത്രുക്കളായ യൂറോപ്പും അമേരിക്കയടങ്ങുന്ന ശക്തിയാണ്.

ഇസ്ലാമിനെ തകര്‍ക്കുക എന്ന ലക്ഷ്യസാഫല്യത്തിനായി ഇക്കൂട്ടര്‍ കൈകൊണ്ടിട്ടുളള ഒരു മാര്‍ഗ്ഗം പരിശുദ്ധ പ്രവാചകനെതിരെ അടിസ്ഥാനരഹിതമായ വിമര്‍ശനങ്ങള്‍ എയ്തുവിടുകയും പരമാവധി പ്രവാചകന്‍റെ വ്യക്തിത്വം വികലമാക്കി ചിത്രീകരിക്കാന്‍ തക്ക നിന്ദ്യമായ നിരവധി കളളക്കഥകള്‍ കെട്ടിച്ചമക്കുകയുമാണ്.തന്‍റെ ജീവിതകാലം മുതല്‍ക്കേ ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വിധേയനായിട്ടുള്ള വ്യക്തിത്വമാണ് പ്രവാചകന്‍റേത്. അതിന്‍റെ മൂര്‍ധന്യദശ ഇക്കാലഘട്ടത്തിലും പ്രകടമാവുന്നു എന്നതാണ് വാസ്തവം. എന്നാല്‍ പ്രവാചകവിമര്‍ശനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പഠനവിധേയമാക്കുമ്പോള്‍ യാഥാര്‍ഥ്യമറിയാന്‍ ശ്രമിക്കാതെ കണ്ണടച്ച് ഇരുട്ടാക്കികൊണ്ട് പലരും നടത്തിയ വെറും ജല്‍പനങ്ങളായി മാത്രമേ നമുക്കവയെ കാണാനാവൂ.

പ്രവാചകനെതിരെയുള്ള പ്രധാന വിമര്‍ശനങ്ങള്‍

 പ്രവാചകനെതിരില്‍ വിമര്‍ശകര്‍ ഉന്നയിക്കുന്ന പ്രധാന വിമര്‍ശനങ്ങളും അതിന്‍റെ യാഥാര്‍ത്ഥ്യവും നമുക്കിവിടെ പരിശോധനവിധേയമാക്കാം.

മുഹമ്മദ് നബി(സ) ഒരു സ്വേച്ഛാധിപതി

      ഈ ഒരു ആരോപണം പ്രവാചകനെതിരില്‍ വിമര്‍ശകര്‍ ഉന്നയിക്കുന്നവയില്‍ പ്രധാനമാണ്.പ്രമുഖ ചരിത്രകാരനും സാമൂഹ്യശാസ്ത്രജ്ഞനുമായ മൈക്കള്‍.എച്ച്.ഹാര്‍ട്ട് കാലംകണ്ട ഏറെ ശ്രദ്ധേയരായ നൂറ് മഹദ്വ്യക്തികളെ തെരഞ്ഞെടുത്ത് അവര്‍ മാനവചരിത്രത്തില്‍ ചെലുത്തിയ സ്വാധീനത്തിന്‍റെ അടിസ്ഥാനത്തില്‍ ക്രമനമ്പര്‍ നല്‍കി അവരെ പരിചയപ്പെടുത്തുന്ന വിഖ്യാത ഗ്രന്ഥമായ The 100- A Ranking of the Most Influential Personalities in History   യേയില്‍ ഒന്നാം സ്ഥാനം പ്രവാചകനാണ്. എന്നാല്‍ ആ ഗ്രന്ഥത്തില്‍ പോലും പ്രവാചകനെക്കുറിച്ച് വിശദീകരിക്കുന്നിടത്ത് മൈക്കള്‍.എച്ച്.ഹാര്‍ട്ട്  ഇങ്ങനെ പറയുന്നുണ്ട്: ‘മക്കയില്‍ അദ്ദേഹത്തിന് ഏതാനും അനുയായികളെ ഉണ്ടായിരുന്നുള്ളു. മദീനയിലാകട്ടെ അനുയായികള്‍ അനവധി.അവിടെ ഒരു സേച്ഛാധികാരിയായി മാറുവാന്‍ മുഹമ്മദിന് ഏറെ നേരം വേണ്ടി വന്നില്ല.

എന്നാല്‍ സ്വേച്ഛാധികാരസ്വഭാവം നബി(സ)യുടെ ജീവിതത്തില്‍ എങ്ങും നമുക്ക് കാണാന്‍ കഴിയുകയില്ല.പകരം വിട്ടുവീഴ്ചയുടെയും, മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും നിര്‍ദേശങ്ങളെയും ഗൗരവപൂര്‍വ്വം പരിഗണിക്കുന്നതിന്‍റെയും ഉത്തമമാതൃക നബി(സ്വ)യുടെ ജീവിതത്തിലുടനീളം പ്രകടമായി നമുക്ക് കാണാം.

കൂടിയാലോചന നടത്തി കാര്യങ്ങളില്‍ തീരുമാനമെടുക്കണമെന്ന വിശുദ്ധഖുര്‍ആന്‍റെ ആഹ്വാനം പ്രവാചകന്‍ പ്രായോഗികമാക്കിയിരുന്നു. ഇതിനുള്ള അനേകം ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ നമുക്ക് കാണാനാവും.  അനുയായികളുടെ അഭിപ്രായം മാനിച്ച് സുപ്രധാന രംഗങ്ങളില്‍ പോലും തന്‍റെ പദ്ധതികളില്‍ പുണ്യ നബി(സ്വ) മാറ്റം വരുത്തിയിരുന്നു.
ബദ്ര്‍ യുദ്ധത്തിന്‍റെ ഏറ്റവും മുഖ്യമായ സന്ദേശങ്ങളിലൊന്ന് നേതാവ് എന്ന നിലക്ക് അനുയായികളുടെ അഭിപ്രായങ്ങളെ സ്വീകരിക്കാനും അവരോട് കൂടിയാലോചിച്ച് കൊണ്ട് തീരുമാനമെടുക്കാനുമുള്ള നബിയുടെ സന്നദ്ധതയാണെന്നും എക്കാലവും മുസ്ലിം നേതൃത്വത്തിന് ഈ മാതൃകയുടെ പിന്തുടര്‍ച്ചയായിരിക്കണം ഉണ്ടായിരിക്കേണ്ടതെന്നും അപ്പോഴാണ് ബദ്ര്‍ പോലെ എല്ലാം അദ്ഭുതകരമെന്നോണം വിജയിക്കുക എന്നും പില്‍ക്കാല പണ്ഡിതന്മാര്‍ ബദ്ര്‍ സംബന്ധമായ പഠനങ്ങളില്‍ പറയുന്നു.

ബദ്റിലെ ഒരു സംഭവം ഇവിടെ വിവരിക്കാം. സംഘടിച്ച് വന്ന ശത്രു വിഭാഗം യുദ്ധത്തിന് ഒരുങ്ങുകയാണെങ്കില്‍ അവര്‍ക്കെതിരെ യുദ്ധം ചെയ്യാമെന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്ന മുസ്ലിംകള്‍ ബദ്റിലെ ജലാശയത്തിനടുത്തേക്ക് കുതിച്ചു. നബി(സ്വ) സൈന്യവുമായി അവിടെ താവളമടിക്കുകയും ചെയ്തു. ആ പ്രദേശത്തെക്കുറിച്ച് നല്ല അറിവുള്ള ഹുബ്ബാബ് ബിന്‍ മുന്‍ദിര്‍ (റ) അപ്പോള്‍ നബിയോട് ചോദിച്ചു’ തിരു ദൂതരേ, അല്ലാഹുവില്‍ നിന്നുള്ള ദിവ്യ സന്ദേശപ്രകാരമാണോ നാമിവിടെ താവളമടിച്ചത്’.അല്ല എന്ന് മറുപടി പറഞ്ഞ പ്രവാചകനോട് ഹുബ്ബാബ് (റ) നിര്‍ദ്ദേശിച്ചു’ തിരു ദൂതരേ, നാമ താവളമടിക്കേണ്ടയിടം ഇതല്ല.

 ശത്രുക്കളോട് ഏറ്റവും അടുത്തുകിടക്കുന്ന ജലാശയത്തിനടുത്തേക്ക് നാം നീങ്ങണം. എന്നിട്ട് ആ ജലാശയം മണലിട്ട് മൂടുകയും അതിന് സമീപം ഒരു കുഴിയുണ്ടാക്കി അതില്‍ വെള്ളം നിറക്കുകയും വേണം.എന്നാല്‍ യുദ്ധവേളയില്‍ നമുക്ക് വേണ്ടത്ര പാനജലം ലഭിക്കും ശത്രുക്കള്‍ക്ക് ലഭിക്കുകയുമില്ല’. തന്‍റെ ഒരു അനുയായിയുടെ ഈ അഭിപ്രായം നബി (സ്വ) സ്വീകരിച്ച് കൊണ്ട് അതു പ്രകാരം പ്രവര്‍ത്തിച്ചു. ഒരു സ്വേച്ഛാധികാരിയില്‍ നിന്നും നമുക്കൊരിക്കലും ഇങ്ങനെയുള്ള സമീപനം പ്രതീക്ഷിക്കാനാവില്ല. അത് കൊണ്ട് തന്നെ ഇതടക്കമുള്ള നിരവധി സംഭവങ്ങള്‍ നിരത്തി മുഹമ്മദ് നബി(സ്വ) ഒരിക്കലും ഒരു സ്വേച്ഛാധികാരിയായിരുന്നില്ലെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും.

അധികാരമോഹമായിരുന്നു മുഹമ്മദ് നബിയുടെ പ്രചോദനം
ഇതും വെറും ആരോപണമായി വിലയിരുത്താനേ നിഷ്പക്ഷമതികള്‍ക്കാവൂ. രാജ്യത്തിന്‍റെ അധികാരം കൈക്കലാക്കി സുഖ സമൃദ്ധമായ ജീവിതം നയിക്കാനുള്ള ആഗ്രഹം എന്നതാണ് അധികാര മോഹത്തിന് ഏറ്റവും അനുയോജ്യമായ വിവക്ഷ. പതിമൂന്ന് വര്‍ഷത്തെ പീഡനങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതത്തിന് ശേഷം പലായനം ചെയ്ത് മദീനയിലെത്തിയ പ്രവാചകരുടെ കരങ്ങളില്‍ അധികാരം ലഭിച്ചുവെന്നത് യാഥാര്‍ഥ്യമാണ്. എന്നാലൊരിക്കലും പ്രവാചകന് അധികാരം സുഖലോലുപതയിലും ആഡംബരത്തിലും ആറാടാനുള്ള മാര്‍ഗമായിരുന്നില്ല. ഭരണാധികാരിയായിരിക്കുമ്പോഴും ഈന്തപ്പനപ്പായയില്‍ അന്തിയുറങ്ങുകയും വസ്ത്രങ്ങള്‍ സ്വയം അലക്കുകയും പാദരക്ഷകള്‍ തുന്നുകയും ആടിനെ കറക്കുകയും ചെയ്യുന്ന ഒരാളെ അധികാരമോഹിയെന്ന് വിശേഷിപ്പിക്കുന്നത് അര്‍ഥശൂന്യമാണ്.

     അധികാരത്തിന്‍റെ പേരില്‍ ജനങ്ങളാല്‍ ആദരിക്കപ്പെടുകയും, അവരില്‍ നിന്ന് ഉയര്‍ന്ന് നില്‍ക്കുകയും വേണം എന്ന ആഗ്രഹമുള്ളവരാണ് അധികാരം മോഹിക്കുക. എന്നാല്‍ പ്രവാചകനാവട്ടെ അതൊട്ടും ആഗ്രഹിച്ചിരുന്നില്ലെന്ന് മാത്രമല്ല ജനങ്ങളെ സേവിച്ച് ജനങ്ങളോടൊപ്പം ജീവിക്കുകയായിരുന്നു പ്രവാചകന്‍. തന്നെ ബഹുമാനിച്ച് കൊണ്ട് ആളുകള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് പോലും അവിടുന്ന് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിലെല്ലാം ഉപരി, തന്‍റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാണെങ്കില്‍, മക്കയിലെ പ്രയാസ പൂര്‍ണമായ ആദ്യനാളുകളില്‍ തന്നെ അധികാരം നല്‍കാമെന്ന് മുഹമ്മദ് നബി(സ്വ)യോട്  വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. താന്‍ ദൈവദൂതനാണെന്ന് വരുത്തിത്തീര്‍ത്ത് അധികാരം കൈക്കലാക്കുകയായിരുന്നു പ്രവാചകന്‍റെ ലക്ഷ്യമെന്ന ആരോപണത്തിന്‍റെ മുനയൊടിക്കുന്നതാണ് ഈ സംഭവം.

ഖുര്‍ആന്‍ മുഹമ്മദ് നബിയുടെ കൃതിയാണ്

 ഖുര്‍ആന്‍ മുഹമ്മദ് നബി(സ്വ) യുടെ മനോവിഭ്രാന്തിയില്‍ നിന്ന് രൂപം കൊണ്ടതാണെന്നും, അത് പ്രവാചകന്‍റെ മായിക ഭ്രമങ്ങളും സങ്കല്‍പ്പങ്ങളും ചുണ്ടിലൂടെ ഉതിര്‍ന്നു വീണതാണെന്നുമൊക്കെ ഖുര്‍ആനെ സംബന്ധിച്ച് പ്രവാചകനെ ലാക്കാക്കി വിമര്‍ശനങ്ങളുണ്ട്. ഈ വക ആരോപണങ്ങളെല്ലാം അവിടുത്തെ ജീവിതകാലത്തു തന്നെ നബിയുടെ പ്രതിയോഗികള്‍ ഉന്നയിച്ചവയായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ അവയ്ക്കെല്ലാം മറുപടി നല്‍കിയിട്ടുമുണ്ട്. മാത്രമല്ല, പ്രസ്തുത ആരോപണങ്ങള്‍ ഉന്നയിച്ചവരില്‍ പലരും പിന്നീട് പ്രവാചകന്‍റെ അനുയായികളും ഖുര്‍ആന്‍റെ പ്രചാരകരുമായി മാറുകയുണ്ടായി.

വിമര്‍ശകര്‍ തന്നെ നബി തിരുമേനിയുടെ എതിരാളി എന്ന് തെളിവുദ്ധരിച്ച് വ്യക്തമാക്കിയിട്ടുള്ള വലീദ് ബിന് മുഗീറ പോലും ഖുര്‍ആന്‍റെ മുമ്പില്‍ വിസ്മയഭരിതനാവുകയാണുണ്ടായത്. ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് കേള്‍ക്കാനിടയായ വലീദ് ബിന് മുഗീറ പറഞ്ഞു ‘ഇതില്‍ എന്തെന്നില്ലാത്ത മാധുര്യമുണ്ട്. പുതുമയുമുണ്ട്. അത്യന്തം ഫലസമൃദ്ധമാണിത്. നിശ്ചയം ഇത് അത്യുന്നതി പ്രാപിക്കും. മറ്റൊന്നും ഇതിനെ കീഴ്പ്പെടുത്തുകയില്ല. ഇതിന് താഴെയുള്ളതിനെ ഇത് തകര്‍ത്ത് തരിപ്പണമാക്കും. ഒരിക്കലും ഒരു മനഷ്യന് ഇങ്ങനെ പറയാന്‍ സാധിക്കുകയില്ല.

 ഖുര്‍ആന്‍ ഒരിക്കലും പ്രവാചകന്‍റെ സൃഷ്ടിയല്ല എന്നതിന് നിരവധി തെളിവുകള്‍ നിരത്താന്‍ സാധിക്കും.  മുഹമ്മദ് നബി(സ്വ) യെ തിരുത്തുന്ന ചില ഖുര്‍ആന്‍ സൂക്തങ്ങളുണ്ട്. ഖുറൈശി പ്രമുഖരുമായി സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ പ്രവാചകന്‍റെ അടുത്തേക്ക് കടന്നു വന്ന അന്ധനായ അബ്ദുല്ലാഹി ബിനു ഉമ്മി മക്തൂമിനെ പ്രസന്നതയോടെ സ്വീകരിക്കാതിരുന്ന പ്രവാചകന്‍റെ നടപടിയെ തിരുത്തിയ സൂക്തങ്ങള്‍ (80:110) സുവിദിതമാണ്. മറ്റൊരു സംഭവം, മുസ്ലിംകള്‍ക്ക് ഏറെ നാശനഷ്ടങ്ങള്‍ വിതച്ച ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകന്‍റെ ശരീരത്തില്‍ ഒരു പാട് മുറിവുകള്‍ ഉണ്ടായി.

യുദ്ധശേഷം അവിടുന്ന് അവിശ്വാസികളില്‍ ചിലരെ ശപിക്കുകയും ‘ തങ്ങളുടെ പ്രവാചകനെ മുറിപ്പെടുത്തിയ സമൂഹം എങ്ങനെയാണ് നന്നാവുകچ എന്ന് ആത്മഗതം നടത്തുകയും ചെയ്തു. ഉടനെ പ്രവാചകനെ തിരുത്തിക്കൊണ്ട് ഖുര്‍ആന്‍ സൂക്തം അവതരിച്ചു. (നബിയേ) കാര്യത്തിന്‍റെ തീരുമാനത്തില്‍  താങ്കള്‍ക്ക് യാതൊരു അവകാശവുമില്ല. അവന്‍ (അല്ലാഹു) ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം അല്ലെങ്കില്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു.(3:128) ഇതൊന്നും പ്രവാചകനില്‍ നിന്ന് ഉണ്ടായ തെറ്റുകളല്ല, മറിച്ച് താന്‍ സ്വീകരിച്ച നിലപാടുകളിലുണ്ടായ ചെറിയ പിശക് മാത്രം. എന്നിട്ടും അവ തിരുത്തുന്ന വചനങ്ങള്‍ ഖുര്‍ആനിലുണ്ടായി.

അതുപോലെ സ്വയംകൃത രചനകള്‍ നടത്തി അത് ദൈവത്തില്‍ ആരോപിക്കുന്നവരെ ഖുര്‍ആന്‍ ശപിക്കുന്നുണ്ട്. ‘ എന്നാല്‍ സ്വന്തം കൈകള്‍  കൊണ്ട് ഗ്രന്ഥമെഴുതി ഉണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവില്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്ക് നാശംچ(2:79). ഖുര്‍ആന്‍ പ്രവാചകന്‍റെ സൃഷ്ടിയാണെന്ന് ഈ ശാപം അവിടുത്തേക്കും ബാധകമാണല്ലോ. സ്വന്തമായി ഒരു രചന നിര്‍വഹിക്കുകയും അതില്‍ സ്വന്തത്തെ തിരുത്തുകയും ശപിക്കുകയും ചെയ്യുക എന്നത് സാധ്യത തീരെ ഇല്ലാത്തതാണ്. ഇതൊരിക്കലും ഖുര്‍ആന്‍ പ്രവാചക സൃഷ്ടിയല്ല എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.

എതിരാളികളെ കൊന്നൊടുക്കിയ പ്രവാചകന്‍

   നബി തിരുമേനിക്കെതിരെ ഉയരുന്ന മറ്റൊരു വിമര്‍ശനം അവിടുന്ന് തന്നെ എതിര്‍ത്തവരെയെല്ലാം ഇല്ലാതാക്കി എന്നതാണ്. തന്നെ എതിര്‍ത്തവരെയും വിമര്‍ശിച്ചവരെയും ഉډൂലനം ചെയ്ത ചരിത്രം പ്രവാചക ജീവിതത്തില്‍ നമുക്ക് കാണാന്‍ സാധിക്കില്ല. ഇസ്ലാമിന്‍റെ നിലനില്‍പിന് വേണ്ടി അനിവാര്യ ഘട്ടങ്ങളില്‍ മാത്രം യുദ്ധം ച്തെു എന്നുള്ളത് യാഥാര്‍ഥ്യമാണ്. യുദ്ധവേളകളില്‍ സ്ത്രീകളെയും കുട്ടികളെയും കൊല്ലരുതെന്ന് വിലക്കിയ പ്രവാചകന്‍ അവിടെ ഉയര്‍ത്തിപ്പിടിച്ചത് മനുഷ്യത്വ മൂല്യമായിരുന്നു.

 പ്രവാചകന്‍റെ എതിരാളികളില്‍ പ്രധാനിയായിരുന്നു അവിടുത്തെ പിതൃവ്യന്‍ അബൂലഹബ്. പ്രവാചകന്‍റെ മുഖത്തേക്ക് തുപ്പുകയും പ്രവാചകന് നേരെ ശാപവാക്കുകള്‍പ്രയോഗിക്കുകയും ചെയ്ത അബൂലഹബിനെ ശക്തമായി അപലപിച്ച് കൊണ്ട് ഖുര്‍ആന്‍ വചനം വരെ അവതരിച്ചിട്ടുണ്ട്. ഖുര്‍ആന്‍റെ നൂറ്റിപ്പതിനൊന്നാം അധ്യായം തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ് ‘അബൂലഹബിന്‍റെ  ഇരുകരങ്ങളും നശിക്കട്ടെ, അവന്‍ നശിച്ചിരിക്കുന്നു’.

 ഈ വചനങ്ങള്‍ അവതരിക്കപ്പെട്ട് ഒന്നരപ്പതിറ്റാണ്ട് കഴിഞ്ഞാണ് അബൂലഹബ് ആളുകളെല്ലാം വെറുക്കുന്ന ഒരു വികൃത രോഗം ബാധിച്ച് മരണപ്പെടുന്നത്. ഒന്നരപ്പതിറ്റാണ്ടിനിടയില്‍ മുസ്ലീംകളെല്ലാം അബൂലഹബിനെ ശപിച്ച് കൊണ്ടുള്ള ഈ ഖുര്‍ആന്‍ സൂക്തങ്ങള്‍ ആവര്‍ത്തിച്ച് പാരായണം ചെയ്തു. അവിടുത്തെ അനുയായികളില്‍ വീരശൂരരായ ഉമര്‍ (റ) വിനെയും അലി(റ) വിനെയും ഹംസ(റ) വിനെയും പോലുള്ളവര്‍ ഉണ്ടായിരുന്നു. സര്‍വ്വ ശക്തന്‍ ഖുര്‍ആനിലൂടെ ശപിച്ച അബൂലഹബിനെ വകവരുത്താന്‍ അവരോടൊന്നും നബി(സ്വ) ആവശ്യപ്പെട്ടിട്ടില്ല. അവരൊന്നും അത് ചെയ്തിട്ടുമില്ല. ഇത് പോലുള്ള ഒരുപാട് സമാന സംഭവങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും അവയില്‍ നിന്നെല്ലാം വ്യക്തമാകുന്നത് ഒരിക്കലും പ്രവാചകന്‍ തന്‍റെ എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ തുനിഞ്ഞില്ല എന്നു തന്നെയാണ്.

സ്ത്രീകള്‍ പ്രവാചകന്‍റെ ദൗര്‍ബല്യമായതിനാല്‍ കണക്കിലേറെ വിവാഹം ചെയ്തു പ്രവാചക വിമര്‍ശകരുടെ എക്കാലത്തെയും മുഖ്യ വിമര്‍ശനം പ്രവാചകന്‍റെ വിവാഹങ്ങളെക്കുറിച്ചായിരുന്നു. അനുയായികള്‍ക്ക് നാല് വിവാഹം എന്ന് പരിമിതപ്പെടുത്തിയ പ്രവാചകന്‍ പത്തിലേറെ വിവാഹം ചെയതത് സ്ത്രീകളോടുള്ള ഭ്രമം കൊണ്ടാണ് എന്നാണ് ഇക്കൂട്ടരുടെ പ്രചരണം.എന്നാല്‍ നബി(സ്വ) യുടെ വിവാഹങ്ങള്‍ പഠന വിധേയമാ്കകുമ്പോള്‍ ബോധ്യപ്പെടുന്ന യാഥാര്‍ഥ്യങ്ങള്‍ സുതാര്യമാണ്. അല്ലാഹുവിന്‍റെ കല്‍പനയനുസരിച്ചാണ് നബി(സ്വ) എല്ലാ വിവാഹവും ചെയ്തത്. ഒരിക്കല്‍ അവിടുന്ന് പറയുകയുണ്ടായി’ അല്ലാഹുവില്‍ നിന്ന് ദിവ്യ സന്ദേശവുമായി ജിബ് രീല്‍ (അ) വന്നിട്ടല്ലാതെ ഞാന്‍ വിവാഹം കഴിക്കുകയോ.. എന്‍റെ സന്താനങ്ങളെ വിവാഹം ചെയ്യിക്കുകയോ ചെയ്തിട്ടില്ല.’ തന്‍റെ പുഷ്കലമായ ജീവിതകാലത്ത് ഏക പത്നീ വ്രതം ആചരിച്ച  നബി(സ്വ) യുടെ വിവാഹ പശ്ചാത്തലങ്ങള്‍ പരിശോധിച്ചാല്‍ അവയിലെല്ലാമുള്ള ഉദ്ദേശ്യലക്ഷ്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.

ലൈംഗിക അരാജകത്വം അരങ്ങ് തകര്‍ത്തിരുന്ന അറേബ്യയിലാണ് മുഹമ്മദ്  നബി(സ്വ) ജനിച്ചത്. ഇരുപത്തിയഞ്ചാം വയസ്സില്‍ അവിടുന്ന് വിവാഹിതനാകുന്നത് വരെ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക വര്‍ത്തനം തിരുനബിയില്‍ നിന്നുണ്ടായതായി കഠിന ശത്രുക്കള്‍ പോലും ആരോപിച്ചിട്ടില്ല. കുലീന കുടുംബത്തിലെ അരോഗ ദൃഢഗാത്രനും സുമുഖനുമായ പ്രവാചകന് മക്കയിലെ ഏതേ സുന്ദരിയെയും വിവാഹം ചെയ്യാമായിരുന്നു. എന്നാല്‍ ഇരുപത്തിയഞ്ചാം വയസ്സില്‍, യുവത്വം മുറ്റി നില്‍ക്കുന്ന പ്രായത്തില്‍ നാല്‍പ്പതുകാരിയും നാലുമക്കളുടെ മാതാവുമായിരുന്ന വിധവയായ ഖദീജ (റ) യെയാണ് അവിടുന്ന് ഇണയായി സ്വീകരിച്ചത്. അറുപത്തിയഞ്ചാം വയസ്സില്‍ അവര്‍ മരണപ്പെടുന്നതിന് മുമ്പ് നബി വേറെ വിവാഹങ്ങളിലൊന്നും ഏര്‍പ്പെടുകയുണ്ടായില്ല.

   നബി(സ്വ)യുടെ വിവാഹങ്ങളില്‍ ഏറെ കോലാഹലങ്ങള്‍ ഉണ്ടാക്കിയ ഒന്നായിരുന്നു തന്‍റെ അമ്മായിയുടെ മകളായ സൈനബ് ബിന്‍ത് ജഹ്ഷുമായുള്ള വിവാഹം. എക്കാലത്തും ശത്രുക്കളാല്‍ വിമര്‍ശിക്കപ്പെട്ടിട്ടുള്ള ഈ വിവാഹം ഇന്നും വിമര്‍ശന വിധേയമായിക്കൊണ്ടിരിക്കുന്നു.പ്രവാചകന്‍(സ്വ)യുടെ ദത്തുപുത്രനായി അറിയപ്പെട്ടിരുന്ന സൈദ് ബിന്‍ ഹാരിഥ(റ)യുടെ ഭാര്യയായിരുന്നു സൈനബ് എന്നതാണ് വിമര്‍ശനത്തിന്‍റെ കാതല്‍. ഇസ്ലാം ദത്തുപുത്രനെ സ്വന്തം പുത്രനായി കാണുന്നതിനെ അംഗീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ ദത്തുപുത്രന്‍റെ ഭാര്യ വളര്‍ത്തുന്നയാള്‍ക്ക് അന്യയാണെന്നാണ് ഇസ്ലാമിക വീക്ഷണം.

യാഥാര്‍ഥ മാതാപിതാക്കളുടെ മക്കളായി തന്നെയാണ് ഓരോരുത്തരും അറിയപ്പെടേണ്ടതെന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. അറബികള്‍ക്കിടയില്‍ നിലനിന്നിരുന്ന മക്കളെയും ദത്തുപുത്രന്മാരെയും ഒരേ പോലെ കാണുന്ന സമ്പ്രദായത്തിന് അറുതിവരുത്താനായി അല്ലാഹുവിന്‍റെ പ്രത്യേകമായ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തന്‍റെ ദത്തുപുത്രനായി അറിയപ്പെട്ടിരുന്ന സൈദ് വിവാഹമോചനം ചെയ്ത സൈനബിനെ പ്രവാചകന്‍ (സ്വ)വിവാഹം ചെയ്തത്.

 മുഹമ്മദ് നബി(സ്വ)യുടെ അമ്മായിയുടെ മകളായിരുന്നു സൈനബ് എന്നും അവരെ സൈദിന് വിവാഹം ചെയ്തുകൊടുക്കാന്‍ ആവശ്യപ്പെടുകയും അതിനാവശ്യമായ സംവിധാനങ്ങളൊരുക്കുകയും ചെയ്തത് നബി (സ്വ) തന്നെയായിരുന്നുവെന്നും സ്വരച്ചേര്‍ച്ചയില്ലായ്മ കാരണം സൈദിന്‍റെയും സൈനബിന്‍റെയും വൈവാഹികജീവിതം ഏറെ നാള്‍ നീണ്ടുനില്‍ക്കാതെ വേര്‍പിരിയുകയാണുണ്ടായതെന്നും അത്തരമൊരു സാഹചര്യത്തിലാണ് അല്ലാഹുവിന്‍റെ നിര്‍ദ്ദേശപ്രകാരം ദത്തുപുത്രസമ്പ്രദായം അവസാനിപ്പിക്കുന്നതിന് മുഹമ്മദ് നബി (സ്വ)തന്നെ മാതൃകയായിത്തീര്‍ന്നതെന്നുമുള്ള വസ്തുതകളെ കാണാന്‍ കൂട്ടാക്കാതെയാണ് ഈ വിവാഹത്തിന്‍റെ പേരില്‍ പ്രവാചകനെ പ്രതിക്കൂട്ടിലാക്കാന്‍ വിമര്‍ശകര്‍ പരിശ്രമിക്കുന്നത്.

സ്വന്തം അമ്മായിയുടെ മകളായിരുന്ന സൈനബിനോടുള്ള പ്രേമവും ലൈംഗികാഭിനിവേശവുമാണ് അവരെ വിവാഹം ചെയ്യാന്‍ നബി(സ്വ)യെ പ്രേരിപ്പിച്ചതെന്ന് പറയുന്നവര്‍ അവരെ മറ്റൊരാളെക്കൊണ്ട് വിവാഹം ചെയ്യിപ്പിച്ചത് പ്രവാചകനായിരുന്നുവെന്നും അവരുമായുള്ള ദാമ്പത്യബന്ധം പരാജയപ്പെടുന്നുവെന്ന് മനസ്സിലാക്കിയപ്പോള്‍ അവരെ യോജിപ്പിച്ച് മുന്നോട്ട് കൊണ്ട് പോകുവാന്‍ പരമാവധി ശ്രമിക്കുകയുണ്ടായി എന്നും അത് പരാജയപ്പെട്ട് വിവാഹമോചനത്തില്‍ കലാശിച്ചതിനുശേഷം മാത്രമാണ് ദൈവനിര്‍ദേശപ്രകാരം മുഹമ്മദ് നബി(സ്വ) അവരെ ഏറ്റെടുത്തതെന്നുമുള്ള വസ്തുതകള്‍ വിസ്മരിക്കുകയാണ് ചെയ്യുന്നത്

അതു പോലെ ഏറെ വിമര്‍ശനവിധേയമായിക്കൊണ്ടിരിക്കുന്ന പ്രവാചകന്‍റെ മറ്റൊരു വിവാഹം ആയിശ (റ) യുമായിട്ടുള്ളതാണ്. തന്‍റെ ഒമ്പതാമത്തെ വയസ്സിലാണ് പ്രവാചകന്‍റെ ആത്മ സുഹൃത്തിന്‍റെ മകളായ ആയിശ (റ) പ്രവാചകനോടൊപ്പം ദാമ്പത്യ ജീവിതമാരംഭിച്ചത് അക്കാലത്ത് അതില്‍ യാതൊരു വിധ അസ്വാഭാവികതയും സമൂഹം കണ്ടിരുന്നില്ല.മുഹമ്മദ് നബി(സ്വ) തന്നേക്കാള്‍ നാല്‍പ്പത് വയസ്സ് പ്രായം കുറഞ്ഞ് കന്യകയെ വിവാഹം ചെയ്തത് പ്രവാചകനെതിരെയുളള ഒരു ധാര്‍മിക ആരോപണമായി സമകാലികരോ പ്രവാചകന് ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ജീവിച്ചവരായ ഇസ്ലാം വിമര്‍ശകരൊന്നും ചൂണ്ടിക്കാണിച്ചിട്ടില്ല. ഈയടുത്ത കാലം വരെ സമൂഹത്തില്‍ സാര്‍വ്വത്രികമായിരുന്നു അത്തരം വിവാഹങ്ങള്‍.പ്രവാചകനെ ഇണയായി ലഭിച്ചതില്‍ സന്തോഷവതിയായിരുന്നു ആയിശ (റ) എന്നും അവരുടെ കുടുംബജീവിതം പൂര്‍ണ്ണമായി സംതൃപ്തമായിരുന്നു എന്നും അവരുടെ തന്നെ വചനങ്ങളില്‍ നിന്ന് വ്യക്തമാണ്.

 പ്രവാചകന് ശേഷം ഏറെക്കാലം ജീവിച്ചിരിക്കുവാന്‍ അവസരം ലഭിച്ചതിനാല്‍ കുടുംബ-ദാമ്പത്യ ജീവിതത്തിലെ ഇസ്ലാമിക നിയമങ്ങള്‍ പ്രവാചകരില്‍ നിന്നും പഠിക്കുവാനും അടുത്ത തലമുറക്ക് പകര്‍ന്നു നല്‍കുവാനും ആയിശ (റ)ക്ക് കഴിയുകയും ചെയ്തു. ഈ വിവാഹത്തിന് പിന്നിലുള്ള ദൈവിക യുക്തി അതായിരിക്കുമെന്ന് പണ്ഡിതന്മാര്‍ക്ക് അഭിപ്രായമുണ്ട്. ഏതായിരുന്നാലും അവരും മാതാപിതാക്കളും സമ്പൂര്‍ണ സംതൃപ്തിയോടെ സ്വീകരിക്കുകയും അവര്‍ ജീവിച്ച സമൂഹം വിമര്‍ശനമേതുമില്ലാതെ അംഗീകരികികുകയും ചെയ്ത പ്രസ്തുത വിവാഹത്തില്‍ മാനവിക വിരുദ്ധമായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് സുതരാം വ്യക്തമാണ്.

അല്ലാഹുവിന്‍റെ തീരുമാന പ്രകാരമായിരുന്നു പ്രവാചകന്‍റെ വിവാഹങ്ങളത്രയും. ചില കാര്യങ്ങള്‍ തിരുനബിക്ക് മാത്രം അനുവദനീയമാക്കപ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായുള്ള വ്രതാനുഷ്ഠാനവും (സൗമുല്‍ വിസ്വാല്‍) വഫാത്തിന് ശേഷം ഭര്‍തൃപദം നിലനില്‍ക്കലും അനന്തര സ്വത്ത് സ്വദഖയാകലും നാലിലേറെ സ്ത്രീകളെ വിവാഹം ചെയ്യലും ഇതില്‍ പെട്ടതാണ്.

അല്ലാഹു തന്‍റെ ഇഷ്ടദാസന് നാലില്‍ കൂടുതല്‍ സ്ത്രീകളെ പരിഗ്രഹിക്കാന്‍ സമ്മതം നല്‍കിയതിലെ താത്പര്യം എന്താണെന്ന് പരിശോധിക്കാം. ഒരിക്കലും അത് കാമപൂര്‍ത്തീകരണത്തിന് വേണ്ടിയായിരുന്നില്ല. പ്രത്യുത പ്രബോധനത്തിന്‍റെ ശീഘ്ര സാഫല്യത്തിനായിരുന്നു. വൈകാരിക കാമനകളുടെ പിറകെ പായുന്നവരായിരുന്നില്ല മുഹമ്മദ് നബി(സ്വ). അവിടുന്ന് പാതിവ്രത്യത്തില്‍ പൂര്‍ണനും ചാരിത്ര്യത്തില്‍ ശ്രേഷ്ഠനുമായിരുന്നു. സ്ത്രീകള്‍ പ്രവാചകന്‍റെ ദൗര്‍ബല്യമാണെന്ന ആരോപണത്തിന് യാതൊരു വിധ അടിസ്ഥാനവുമില്ല. കാരണം തന്‍റെ യൗവ്വന കാലത്ത് ഏക പത്നീ വ്രതം ആചരിച്ച പ്രവാചകന്‍ തന്‍റെ അമ്പത്തിമൂന്നാമത്തെ വയസ്സിന് ശേഷമാണ് മറ്റുള്ള വിവാഹങ്ങളെല്ലാം തന്നെ ചെയ്യുന്നത്. അവയുടെയെല്ലാം താത്പര്യം ഇസ്ലാമിക പ്രബോധനത്തെ ഊര്‍ജ്ജപ്പെടുത്തുക എന്നതായിരുന്നു.

വിമര്‍ശനങ്ങളുടെ പിന്നില്‍

തന്‍റെ അനുയായികളാല്‍ അളവറ്റ് സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഒരു നേതാവിനെ അല്ലെങ്കില്‍ ലോകത്തെ തന്നെ സ്വാധീനിച്ച ഒരു മനുഷ്യ സ്നേഹിയെ പരമാവധി താറടിച്ച് കാണിച്ച് ആ വ്യക്തിയെക്കുറിച്ച് ഒട്ടും ധാരണയില്ലാത്തവരുടെ മനസ്സുകളില്‍ ബീഭത്സവും വികൃതവുമായ ഒരു വ്യക്തിത്വമായി പ്രവാചകനെ ചിത്രീകരിക്കുക എന്നതാണ് പ്രവാചക വിമര്‍ശനത്തിന് പിന്നിലെ ലക്ഷ്യം. ഇസ്ലാമിന്‍റെ ശത്രുക്കളുടെ മതത്തോടുള്ള വിരോധം നേതാവിന്‍റെ നേര്‍ക്കും ഇങ്ങനെ അഴിച്ചുവിടുന്നതിലൂടെ ഇസ്ലാമിനെയും ഒരു പരിധി വരെ വക്രീകരിച്ചു കാണിക്കാന്‍ സാധിക്കും എന്നതും വിമര്‍ശകര്‍ക്ക് ഊര്‍ജം പകരുന്നു

 എന്നാല്‍ അല്ലാഹുവിന്‍റെ മതമായ പരിശുദ്ധ ഇസ്ലാം ഇത്തരത്തിലുള്ള എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് അന്ത്യനാള്‍ വരെ നിലനില്‍ക്കുമെന്ന കാര്യത്തില്‍ സംശയമേതുമില്ല. സമയാസമയങ്ങളില്‍ അതിനുള്ള പ്രാപ്തി മുസ്ലിംകള്‍ക്ക് അല്ലാഹു പല വിധേനയും നല്‍കും എന്നതും വസ്തുതയാണ്. പ്രവാചക വ്യക്തിത്വത്തില്‍ കരിവാരിത്തേക്കാനുള്ള എതിരാളികളുടെ ശ്രമങ്ങള്‍ ഒരിക്കലും ലക്ഷ്യസാഫല്യത്തില്‍ എത്തുച്ചേരുകയില്ല. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസമാണ് എന്നും മുസ്ലിംകളുടെ കൈമുതല്‍. തീര്‍ച്ചയായും അവര്‍ വിജയിക്കുക തന്നെ ചെയ്യും

One thought on “മുഹമ്മദ് നബി(സ്വ); വിമര്‍ശനങ്ങള്‍, യാഥാര്‍ത്ഥ്യങ്ങള്‍”

Comments are closed.